Prabodhanm Weekly

Pages

Search

2015 ജനുവരി 09

വീടകം/ ലാളിത്യം കൊണ്ട് <br> അകം തൊട്ട 'പ്രബോധനം'

കെ.പി ഫാത്വിമ ഉളിയില്‍, കണ്ണൂര്‍

വീടകം/ ലാളിത്യം കൊണ്ട് 
അകം തൊട്ട 'പ്രബോധനം'

'വീടകം' (ലക്കം 2880) ശ്രദ്ധേയമായി. അടുത്തകാലത്തായി പ്രബോധനത്തിന്റെ ഉള്ളടക്കം ലളിതമായ രീതിയിലേക്ക് മാറിയത് സാധാരണക്കാര്‍ക്ക് വളരെ ഉപകാരപ്രദമാണ്. 'വീടകങ്ങളിലെ എഴുത്തും വായനയും ചില വിചാരങ്ങള്‍' എന്ന കെ.പി സല്‍വയുടെ ലേഖനം വായിച്ചപ്പോഴാണ് ഇങ്ങനെ എഴുതിയെങ്കിലും പ്രബോധനത്തോട് നന്ദി പ്രകടിപ്പിക്കണം എന്നു തോന്നിയത്.

'ഒരു രൂപം പോലും ആകാതിരുന്ന കാലത്ത് ഈ ലോകത്തേക്ക് വരുന്നതിന് മുമ്പ് നമ്മെ സ്‌നേഹിക്കുകയും കാത്തിരിക്കുകയും ചെയ്തവരാണ് ഉപ്പയും ഉമ്മയും' എന്ന പി.എം.എ ഗഫൂറിന്റെ വാക്കുകള്‍ ഒരുപാട് ചിന്തിപ്പിച്ചു. സാംസ്‌കാരിക അധിനിവേശത്തിന്റെ ഈ പുതിയ കാലത്ത് കുടുംബബന്ധത്തിന്റെ പവിത്രത ലളിതമായ രീതിയില്‍ മനസ്സിലാക്കിത്തന്ന പ്രബോധനത്തിന് നന്ദി.

കെ.പി ഫാത്വിമ ഉളിയില്‍, കണ്ണൂര്‍

വീടല്ല, അവര്‍ പൊങ്ങച്ചം കെട്ടുകയാണ്

ക്യപ്പെട്ട് നിന്നാല്‍ സമുദായത്തിന്റെ നഷ്ടപ്പെട്ട സര്‍ഗാത്മകത തിരിച്ചുപിടിക്കാന്‍ കഴിയുമെന്നതിന്റെ മികച്ച തെളിവാണ് വിവാഹ ധൂര്‍ത്തിനെതിരെയുള്ള നീക്കങ്ങള്‍. 

സമുദായ നേതൃത്വം ഇനി ശബ്ദിക്കേണ്ടത് ഭവന ധൂര്‍ത്തിനെതിരെയാണ്. വിശിഷ്യ മലബാര്‍ ഭാഗത്ത് വീടു നിര്‍മാണം തികഞ്ഞ ദുര്‍വ്യയവും പൊങ്ങച്ചവുമാണ്. നാട്ടില്‍ കൊള്ളാത്ത വീടുകള്‍ പെരുകുന്നു. പലപ്പോഴും ലക്ഷങ്ങളുടെ പലിശാധിഷ്ഠിത ലോണുകള്‍ തരപ്പെടുത്തിയാണ് ഇത്തരം സാഹസങ്ങള്‍ക്ക് പലരും മുതിരുന്നത്. ഒടുവില്‍ വീട് 'മെയിന്റനന്‍സ്' താങ്ങാനാവാതെ ഗൃഹനാഥന്മാര്‍ വീണ്ടും വെള്ളം കുടിക്കുന്നു. കൂറ്റന്‍ വീടുകള്‍ വരുത്തിവെക്കുന്ന പരിസ്ഥിതി നാശവും ചില്ലറയല്ല. ഒപ്പം വീടില്ലാത്ത പതിനായിരങ്ങള്‍ നമ്മുടെ നാട്ടിലുണ്ടെന്നതും വിസ്മരിക്കാവതല്ല.

അതിനാല്‍ ഭവന ധൂര്‍ത്തിനെതിരെ മുസ്‌ലിം സംഘടനകള്‍ ഐക്യപ്പെട്ട് ഒരു ബോധവത്കരണ കാമ്പയിന്‍ നടത്തുന്നത് ഫലപ്രദമായിരിക്കും.

എം. അശ്‌റഫ് ഫൈസി കാവനൂര്‍

ചുറ്റുവട്ടത്തെ അറിഞ്ഞ സംസാരമായിരുന്നു മുനവ്വറലി തങ്ങളുടേത്

പാണക്കാട് മുനവ്വറലി തങ്ങളുമായി ബഷീര്‍ തൃപ്പനച്ചി നടത്തിയ അഭിമുഖം (2879) സമുദായത്തിന്റെ പ്രശ്‌നങ്ങളും അതിനുള്ള പ്രതിവിധികളും മനസ്സിലാക്കിയ, പക്വത നേടിയ ഒരു യുവനേതാവിനെയാണ് വരച്ചുകാണിക്കുന്നത്. കേവലം ഒരു ജനകീയ രാഷ്ട്രീയ സംഘടനയുടെ മാത്രമല്ല ജനകീയ സാമുദായിക സംഘടനയുടെയും യുവജനനേതൃത്വത്തിന്റെയും മുന്‍നിരയിലാണ് അദ്ദേഹം. അവിടെയാണ് നാം ചുറ്റുമുള്ള സാമൂഹിക ജീവിതത്തിലെ ജീര്‍ണതക്കെതിരിലുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ പ്രസക്തി മനസ്സിലാക്കേണ്ടത്. ആ ജീര്‍ണതകളില്‍ ഒട്ടുമുക്കാലും പുതിയ തലമുറയില്‍ തുടങ്ങുകയും അവരുടെ ഭ്രാന്തമായ ആവേശത്തില്‍ വളരുകയും ചെയ്തതാണ്. മുതിര്‍ന്നവര്‍ സ്‌നേഹ വാത്സല്യത്താല്‍ അവരെ പ്രോത്സാഹിപ്പിച്ചു.

താരതമ്യേന ഉയര്‍ന്ന വരുമാനവും സിനിമാ-ടിവി സ്വാധീനവുമാണ് സമൂഹത്തെ ധൂര്‍ത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്. പുതുപണക്കാരുടെ ഒരു സ്വഭാവവുമാണത്. ഭൂതകാലത്തെ സാമ്പത്തിക ദുരിതങ്ങള്‍ മറക്കാന്‍ അവരുടെ ഉപബോധ മനസ്സ് പ്രേരിപ്പിക്കുന്നതുമാവാം അത്. ആര്‍ഭാടവും പളപ്പും ഇഷ്ടപ്പെടുന്ന മധ്യവര്‍ഗവും, ഗംഭീര സദ്യകള്‍ കിട്ടുന്നതിനാല്‍ പാവങ്ങളായ കുടുംബങ്ങളും അവര്‍ക്ക് പ്രോത്സാഹനം നല്‍കി. ഈ അവസ്ഥ എളുപ്പത്തില്‍ മാറ്റിയെടുക്കാന്‍ പറ്റില്ല. മതപണ്ഡിതന്മാര്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അതിന്നെതിരില്‍ ബോധവത്കരണം തുടങ്ങിയിട്ടുണ്ടെങ്കിലും ഒരു ഫലവുമുണ്ടായില്ല.

ഇസ്‌ലാം എന്നാല്‍, ഉഗ്രന്‍ ബഫേകളും ബിരിയാണിയും കബാബും അമ്മായി അപ്പങ്ങളും കസവു തട്ടങ്ങളും പട്ടുറുമാലുകളും എന്ന പൊതുധാരണ മാറണം. നമ്മുടെ മുതിര്‍ന്ന നേതാക്കള്‍ അവരുടെ സംഘടനാ സമിതികള്‍ ചേരുമ്പോള്‍ വിഭവ സമൃദ്ധമായ ഭക്ഷണം ഒഴിവാക്കി ലാളിത്യം പുലര്‍ത്തണം. അതേപോലെ ഭക്ഷണത്തിന് നക്ഷത്ര ഹോട്ടലുകള്‍ ഒഴിവാക്കി ചെറിയ ഹോട്ടലുകള്‍ തെരഞ്ഞെടുക്കട്ടെ. സാധാരണ പ്രവര്‍ത്തകരുടെ വീടുകളില്‍ താമസിക്കുന്നതും ശീലമാക്കണം. Charity begins at home എന്നാണല്ലോ.

റഹീം കരിപ്പോടി, കാസര്‍കോട്

ഈ മാതൃകക്ക്  അഭിനന്ദനം

വീടകം പ്രമേയമായി ഇറങ്ങിയ പ്രബോധനം (ലക്കം 2880) അവസരോചിതമായി. സമരാഭാസങ്ങളുടെ ഈ കാലത്ത് നാം മറക്കുന്ന മൂല്യങ്ങളെ മുഖ്യധാരയുടെ സവിശേഷ ശ്രദ്ധയില്‍ കൊണ്ടുവരികയായിരുന്നു 'വീടകം'. മാതൃത്വം വീണ്ടും വീണ്ടും അരികിലേക്ക് മാറ്റിനിര്‍ത്തപ്പെട്ടുകൊണ്ടേയിരിക്കുന്നു. സിനിമാ പ്രമേയങ്ങളും സാഹിത്യ രചനകളും ആനുകാലിക പ്രസിദ്ധീകരണങ്ങളും പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. നവംബര്‍ രണ്ടിന് ശേഷം ഇറങ്ങിയ  ആനുകാലികങ്ങളുടെ പേജുകള്‍ പരസ്യ ചുംബനത്തിനുള്ള പച്ചക്കൊടിയായിരുന്നു. അരാജകത്വം അരങ്ങുവാഴുന്നത് കണ്ട് ആനന്ദിക്കുന്നവരാണ് നമ്മുടെ സാഹിത്യകാരന്മാരും അവര്‍ക്ക് പേജുകള്‍ ഒരുക്കുന്ന പത്രമേലാളന്മാരും. ഈ സന്ദര്‍ഭത്തില്‍ സമരാനുകൂലികള്‍ക്കെതിരെ ശക്തമായ ചോദ്യശരങ്ങള്‍ ഉതിര്‍ത്തും, യഥാര്‍ഥത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയം ചൂണ്ടിക്കാണിച്ചും മാതൃകയാവുകയാണ് പ്രബോധനം.

അബ്ദുര്‍റസാഖ് പുലാപ്പറ്റ

എല്ലാവരെയും സ്‌നേഹിക്കുന്ന മനസ്സ്, അതായിരുന്നു കൃഷ്ണയ്യര്‍

തേതര ചിന്തയുടെയും മത സൗഹാര്‍ദത്തിന്റെയും നീതിനിര്‍വഹണത്തിന്റെയും മാതൃകയായിരുന്നു ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍.

സ്വാമി വിവേകാനന്ദന്റെ മതദര്‍ശനവും ഇസ്‌ലാമിന്റെ സവിശേഷതകളും അനുസ്മരിച്ചുകൊണ്ട് 1999-ല്‍ പെരിന്തല്‍മണ്ണയില്‍ പൂന്താനം ദിനാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് കൃഷ്ണയ്യര്‍ പറഞ്ഞ വാക്കുകള്‍ ചിന്തനീയമാണ്. ''അന്യ മതങ്ങളെ ബഹുമാനിക്കാന്‍ കഴിയുന്ന മനസ്സാണ് നമുക്കുണ്ടാവേണ്ടത്. ഏക ലോക സിദ്ധാന്തമെന്ന ദര്‍ശനം ഭാരതത്തിന് നല്‍കിയത് ഹൈന്ദവ മതവും ഉപനിഷത്തുകളുമാണെങ്കില്‍, സഹാനുഭൂതിയും സര്‍വ സാഹോദര്യവും നിലനിര്‍ത്തുന്നതിലും ഊട്ടിയുറപ്പിക്കുന്നതിലും വിജയിച്ചത് ഇസ്‌ലാം മാത്രമാണെന്ന സ്വാമി വിവേകാനന്ദന്റെ അഭിപ്രായം, അന്യമത ബഹുമാനത്തിന്റെ മകുടോദാഹരണാണ്'' (മാധ്യമം 16.2.1999).

ന്യൂനപക്ഷത്തെ തഴഞ്ഞുകൊണ്ടുള്ള ഭൂരിപക്ഷ മേധാവിത്തം ഏകാധിപത്യത്തിലേക്ക് നയിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്ന കൃഷ്ണയ്യരുടെ താക്കീത്, അദ്ദേഹത്തിന്റെ അവര്‍ഗീയ സമീപനത്തിലെ ജാഗ്രതയെയാണ് പ്രതിഫലിപ്പിക്കുന്നത്. ഭാരതത്തിലെ ഏത് സംസ്ഥാനത്തും ഭൂരിപക്ഷ സമുദായത്തിന് ക്യാബിനറ്റിലും നിയമസഭയിലും കോടതിയിലും ഭൂരിപക്ഷ പ്രാതിനിധ്യം പ്രത്യേക ആനുകൂല്യങ്ങളില്ലാതെ തന്നെ, സ്വയം ശക്തി കൊണ്ട് നിലനിര്‍ത്താന്‍ കഴിയുന്നു. അതുകൊണ്ടാണ് ജനാധിപത്യ സംസ്‌കാരത്തില്‍ പ്രത്യേക സംരക്ഷണ വ്യവസ്ഥകള്‍ ന്യൂനപക്ഷത്തിന് വേണ്ടി എഴുതിച്ചേര്‍ക്കുന്നത്. സര്‍വ സമത്വ സംസ്‌കാരം ഭൂരിപക്ഷത്തെ കാത്തുസൂക്ഷിക്കുന്നു. ന്യൂനപക്ഷമാകട്ടെ സംഖ്യാബലം ഇല്ലാത്തത് കൊണ്ട്, ഭരണചക്രത്തില്‍ വേണ്ടത്ര പ്രാതിനിധ്യമില്ലാത്തത് കൊണ്ട് പ്രത്യേക സംരക്ഷണ വ്യവസ്ഥയില്ലെങ്കില്‍ സമത്വ സുന്ദരമായി വികസിക്കാന്‍ പരിതസ്ഥിതി അനുവദിക്കാത്ത നിലയില്‍ കഷ്ടപ്പെടുന്നു. ഭൂരിപക്ഷ മേധാവിത്തം ഭരണചക്രം ഉപയോഗിച്ചുകൊണ്ട് നടമാടുകയാണെങ്കില്‍ നമ്മള്‍ എത്തിച്ചേരുന്നത് ഏകാധിപത്യത്തിലേക്കാണ്''(വി.ആര്‍. കൃഷ്ണയ്യര്‍ മാതൃഭൂമി 29-4-2002).

റഹ്മാന്‍ മധുരക്കുഴി

ശരി തന്നെ, സീരിയല്‍ കൊണ്ട് വീടുകള്‍ നമുക്ക് മലിനമാക്കാതിരിക്കാം

സീരിയലുകളുടെ ഭവിഷ്യത്തുകള്‍ (ലൈക്ക് പേജ് ലക്കം 2880) വായിച്ചു. വീട്ടില്‍ സ്ത്രീകള്‍ സീരിയലുകള്‍ക്കും, പുരുഷന്മാര്‍ ബാറുകള്‍ക്കും മുന്നില്‍ ക്യൂ നില്‍ക്കുന്നതാണ് കേരളത്തിന്റെ വര്‍ത്തമാനം. സീരിയലില്‍ കാണുന്നതെല്ലാം യാഥാര്‍ഥ്യമാണെന്നാണ് മിക്ക സ്ത്രീകളും കരുതിയിരിക്കുന്നത്. ഇതുമൂലം ടെന്‍ഷനും വിഷാദരോഗങ്ങളും വര്‍ധിക്കുന്നു. സ്ത്രീകള്‍ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതുപോലും സീരിയലിന്റെ ഇടവേളകളിലാണ്. ഇടക്കിടെ ഇത്തരം ലേഖനങ്ങള്‍ പ്രബോധനത്തില്‍ പ്രസിദ്ധീകരിക്കണം. മജീദ് കുട്ടമ്പൂരിന് നന്ദി.

ആര്‍.എ മുഹമ്മദ് ഷബീര്‍, വാടാനപ്പള്ളി

ദൗത്യവും ഭാവിയും, അതുതന്നെ മുഖ്യവിഷയം

'മുസ്‌ലിം ഉമ്മത്ത് ദൗത്യം, ഐക്യം, ഭാവി' എന്ന ശീര്‍ഷകത്തില്‍ ആലുവ അസ്ഹറുല്‍ ഉലൂമില്‍ നടന്ന പണ്ഡിതസംഗമത്തില്‍ കേരളത്തിലെ പ്രമുഖ മതസംഘടനകളിലെ നേതാക്കള്‍ പങ്കെടുക്കുകയുണ്ടായി. അതിലെ പ്രസക്തമായ പ്രഭാഷണങ്ങള്‍ പ്രബോധനം (ലക്കം 2879) പ്രസിദ്ധീകരിച്ചതു നന്നായി. ആമുഖ പ്രഭാഷണത്തില്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍, ഇന്ത്യയില്‍ മാറിവന്ന രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. മുസ്‌ലിം ഉമ്മത്തിന്റെ ദൗത്യവും ഭാവിയുമായി ബന്ധപ്പെട്ട വര്‍ത്തമാനകാല സാഹചര്യങ്ങളും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ മുസ്‌ലിം ഐക്യത്തെക്കുറിച്ച് സംസാരിച്ച നേതാക്കള്‍ മുസ്‌ലിം ഉമ്മത്തിന്റെ 'ദൗത്യവും ഭാവിയും' എന്ന മുഖ്യവിഷയം കാര്യമായി സ്പര്‍ശിക്കാതെയാണ് കടന്നുപോയത്. ഐക്യത്തെക്കുറിച്ച ചര്‍ച്ച ഉമ്മത്ത് ആവര്‍ത്തിച്ചുകേട്ടു കൊണ്ടിരിക്കുന്നതാണ്. മുസ്‌ലിം ഐക്യത്തിന് ബലമുള്ള അടിത്തറ ഉണ്ടാകണമെങ്കില്‍ 'ദൗത്യവും ഭാവിയും' ഉള്‍ചേര്‍ത്ത ഒരു കര്‍മരൂപം ഉണ്ടാകേണ്ടതുണ്ട്. അതു ഉണ്ടാകാതെ പോയി എന്നതൊഴിച്ചാല്‍ എന്തുകൊണ്ടും ഫലപ്രദവും ഗുണകരവുമായ സംരംഭമാണ് അസ്ഹറുല്‍ ഉലൂമില്‍ നടന്നത്.

മുഹമ്മദ് വെട്ടത്ത്, പെരുമ്പാവൂര്‍

അബുല്‍ ബശാഇര്‍ മുഹമ്മദലി ശര്‍ഖി

2014 സെപ്റ്റംബര്‍ 30-ന് അല്ലാഹുവിലേക്ക് യാത്രയായ പ്രഗത്ഭ പണ്ഡിതന്‍ അബുല്‍ ബശാഇര്‍ മുഹമ്മദലി ശര്‍ഖിയെക്കുറിച്ച് വന്ന അനുസ്മരണം (ലക്കം 2876) ആ വ്യക്തിത്വത്തിന്റെ വിവിധ വശങ്ങളിലേക്ക് വെളിച്ചം വീശാനുതകുന്നതായിരുന്നു. അദ്ദേഹത്തിന്റെ അധ്യാപന ജീവിതത്തില്‍ ഏറ്റവും ദീര്‍ഘമായ കാലം ചെലവഴിച്ചത് ആലത്തൂരായിരുന്നു.

1996-ല്‍ ആലത്തൂര്‍ ഇസ്‌ലാമിയാ കോളേജ് തുടങ്ങുമ്പോള്‍ കഴിവുള്ള അധ്യാപകരെ തേടുന്നതിന്റെ ഭാഗമായാണ് ശര്‍ഖി സാഹിബുമായി ബന്ധപ്പെടുന്നത്. ആലത്തൂര്‍ ഇസ്‌ലാമിയാ കോളേജില്‍ അധ്യാപന ചുമതല ഏറ്റെടുക്കാന്‍ സന്തോഷപൂര്‍വം തയാറായ ശര്‍ഖി സാഹിബ് 1996-ല്‍ കോളേജിന്റെ തുടക്കം മുതല്‍ 2014 ആരംഭത്തില്‍ അവസാന ബാച്ച് പൂര്‍ത്തിയാവുന്നതുവരെ ഏതാണ്ട് 18 വര്‍ഷം ഇവിടെ തുടര്‍ന്നു. ഇടക്ക് ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ്യയില്‍ ചേരാന്‍ ക്ഷണം ലഭിച്ചപ്പോള്‍ ആലത്തൂര്‍ ഇസ്‌ലാമിയാ കോളേജിന്റെ ചുമതല വഹിക്കുന്ന ഇശാഅത്തുല്‍ ഇസ്‌ലാം സൊസൈറ്റി ഭാരവാഹികളുടെ സമ്മതത്തോടെ രണ്ടു വര്‍ഷക്കാലം മാത്രമാണ് ഇവിടെ നിന്ന് മാറിനിന്നത്. ഒരു വര്‍ഷം ശാന്തപുരത്തും തുടര്‍ന്ന് രണ്ടു വര്‍ഷം ചേന്ദമംഗല്ലൂരിലും അധ്യാപക സേവനം അനുഷ്ഠിച്ചശേഷം ആലത്തൂര്‍ ഇസ്‌ലാമിയാ കോളേജിലേക്ക് തിരിച്ചുവരികയും ചെയ്തു.

കോളേജില്‍ അറബിഭാഷാ വ്യാകരണം തുടക്കം മുതല്‍ പഠിപ്പിച്ചിരുന്നത് ശര്‍ഖി സാഹിബായിരുന്നു. സാധാരണഗതിയില്‍ പ്രാഥമിക ഘട്ടത്തിലെ വിദ്യാര്‍ഥികള്‍ കാമ്പ് മനസ്സിലാക്കാതെ നിയമങ്ങള്‍ പഠിച്ചുപോകുന്ന വ്യാകരണം തന്റെ വിദ്യാര്‍ഥികള്‍ക്ക് വ്യക്തമായ ബോധ്യം ഉണ്ടാകുന്ന തരത്തില്‍ പഠിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ആദ്യ ഘട്ടത്തില്‍ എ.ഐ.സി ഹയര്‍ സെക്കന്ററിയിലും പിന്നീട് അഫ്ദലുല്‍ ഉലമ പ്രിലിമിനറിക്കും ശര്‍ഖി സാഹിബില്‍ നിന്ന് നഹ്‌വും സ്വര്‍ഫും പഠിച്ച ശേഷം മറ്റു പ്രമുഖ ഇസ്‌ലാമിയാ കോളേജുകളില്‍ ബിരുദ ക്ലാസില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത്ര നന്നായി അറബി വ്യാകരണം അറിയുന്നതെങ്ങനെയെന്ന് അവിടങ്ങളിലെ ഗുരുനാഥന്മാര്‍ അത്ഭുതപ്പെട്ടിരുന്നുവെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

വ്യാകരണത്തിനു പുറമെ മറ്റധ്യാപകര്‍ ഏറ്റെടുക്കാന്‍ മടിച്ചിരുന്ന, പാഠ്യപദ്ധതിയിലെ പുതിയ/സങ്കീര്‍ണ വിഷയങ്ങളും ശര്‍ഖി സാഹിബ് ഏറ്റെടുക്കുമായിരുന്നു. ഇടക്ക് വിശ്രമമില്ലാതെ തുടര്‍ച്ചയായ പിരിയേഡുകള്‍ ക്ലാസ്സെടുക്കുന്നതും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.

കിഴക്കനാട് എന്ന പിതാവിന്റെ കുടുംബപ്പേര്‍ ശര്‍ഖി എന്ന് അറബീകരിച്ചതും മക്കളായ ബശീര്‍, ബുശൈര്‍, ബിശ്‌റുദ്ദീന്‍, മുബശ്ശിര്‍ തുടങ്ങിയവരുടെയെല്ലാം പേരുകളിലെ അടിസ്ഥാന ധാതുവായ ബിശ്‌റിലേക്കുള്ള സൂചനയായി അബുല്‍ ബശാഇര്‍ എന്ന കുന്‍യത്ത് പേരിനോടൊപ്പം ചേര്‍ത്തതും അദ്ദേഹത്തിന്റെ അറബിഭാഷയിലുള്ള താല്‍പര്യത്തിനും ഭാവനാശേഷിക്കും ദൃഷ്ടാന്തമാണ്. കോളേജ് അധ്യാപകനായിരിക്കെ നീണ്ട വര്‍ഷങ്ങളോളം ഇശാഅത്തുല്‍ ഇസ്‌ലാം ജുമുഅ മസ്ജിദില്‍ ഖത്വീബായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്ക് വ്യക്തമായും ലളിതമായും ദീനീ വിഷയങ്ങള്‍ മനസ്സിലാക്കി കൊടുക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ ഖുത്വ്ബകള്‍. നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം ആലത്തൂര്‍ ജുമുഅ മസ്ജിദിലെ ഖുത്വ്ബ അവസാനിപ്പിക്കേണ്ടിവന്നെങ്കിലും അദ്ദേഹത്തിന്റെ ഖുത്വ്ബ ശ്രവിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ ഇവിടെ നിരവധിയാണ്. ആലത്തൂര്‍ നിവാസികള്‍ക്ക് എളുപ്പത്തിലൊന്നും മറക്കാന്‍ കഴിയാത്ത ഗാഢബന്ധമാണ് ശര്‍ഖി സാഹിബുമായി ഉണ്ടായിരുന്നത്.

അറബി കവിതാ രചനയിലുള്ള താല്‍പര്യമാണ് അദ്ദേഹത്തിന്റെ പ്രത്യേകതകളിലൊന്ന്. പലപ്പോഴും താന്‍ രചിച്ച ഖസീദകളുടെ കോപ്പി നേരിട്ടുതന്ന് അവയുടെ ഉള്ളടക്കവും രചനാ ശൈലിയുമൊക്കെയായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദീര്‍ഘമായി ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. പ്രബോധനത്തിലെ അനുസ്മരണത്തില്‍ സൂചിപ്പിച്ച, ശാന്തപുരം അല്‍ജാമിഅയിലെ ഒത്തുചേരലില്‍ അവതരിപ്പിക്കാന്‍ വേണ്ടി തയാറാക്കിയ കാവ്യം അറബി അധ്യാപികയായ അദ്ദേഹത്തിന്റെ ഭാര്യയെ കൊണ്ട് പകര്‍ത്തിയെഴുതിച്ച് നേരില്‍ കാണിക്കുകയുണ്ടായി. അതിലെ ചില പദങ്ങളില്‍ ആവശ്യമാണെന്നു തോന്നിയ ഏതാനും തിരുത്തലുകള്‍ ചൂണ്ടിക്കാണിച്ചത് സസന്തോഷം അംഗീകരിക്കുകയും ചെയ്തു.

താന്‍ പഠിച്ചതും പഠിപ്പിക്കുന്നതുമായ വിഷയങ്ങളില്‍ തഹ്ഖീഖ് (സൂക്ഷ്മജ്ഞാനം) ഉള്ള പണ്ഡിതനായിരുന്നു ശര്‍ഖി സാഹിബ്. ശര്‍ഖി സാഹിബിന്റെ വിയോഗം മൂലം ഇസ്‌ലാമികാധ്യാപന രംഗത്തുണ്ടായ വിടവ് നികത്തുന്നതിന് അല്ലാഹുവിന്റെ അനുഗ്രഹത്തിനായി പ്രാര്‍ഥിക്കുന്നു.

മുഹമ്മദലി എ.

ഈ സമരത്തെ ഏതു കളത്തില്‍ കൊള്ളിക്കും?

കേരള ജനത പലതരം സമരമുറകളും പരീക്ഷിച്ചുവരികയാണ്. അത് ചുംബന സമരം വരെയെത്തി. എന്തിനെന്നോ ഏതിനെന്നോ നിശ്ചയമില്ലാതെ, ഉപഭോക്താക്കളാരെന്നോ, ഒളി അജണ്ടകളെന്തെന്നോ അറിയാതെ കുറെ സാധാരണക്കാരും, എല്ലാം അറിയുന്ന ചില രാഷ്ട്രീയ പാര്‍ട്ടികളും ചില സാംസ്‌കാരിക നേതാക്കളും അതിനെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുന്നു. പിതാവിന് മകളെയും സഹോദരന് സഹോദരിയെയും എന്തുകൊണ്ട് ചുംബിച്ചുകൂടാ എന്ന് ചിലര്‍ വീരവാദം മുഴക്കുന്നു. ഇങ്ങനെയുള്ള സ്‌നേഹ ചുംബനങ്ങള്‍ക്ക് മറൈന്‍ ഡ്രൈവ് പോലുള്ള പൊതു സ്ഥലങ്ങളും പത്രസമ്മേളനവും പോലീസ് കാവലും ആവശ്യമുണ്ടെന്ന് തെറ്റിദ്ധരിക്കാന്‍ മാത്രം വിഡ്ഢികളാണോ കേരള ജനത? പോലീസ് ലാത്തിയടിയേറ്റ് മറൈന്‍ ഡ്രൈവില്‍ നിലത്ത് വീണ് കിടന്നതും പോലീസ് വാഹനത്തില്‍ പോലും സമരമുറ തുടര്‍ന്നിരുന്നതും സഹോദരനും സഹോദരിയുമായിരുന്നോ, പിതാവും മകളുമായിരുന്നോ? കേരളത്തില്‍ ഒരുപാട് ജനകീയ സമരങ്ങള്‍ നടന്നിട്ടുണ്ട്; ത്യാഗപൂര്‍ണമായ സമരങ്ങള്‍, മണ്ണിനു വേണ്ടി, നാടിനു വേണ്ടി, ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി... ത്യാഗോജ്ജ്വലമായ സമരമുറകള്‍. ചുംബന സമരം ഏത് വിഭാഗത്തില്‍ പെടും?

സൗദാബി, നാഷ്‌നല്‍ ഹുദ സ്‌കൂള്‍ ചാവക്കാട്

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/82
എ.വൈ.ആര്‍