അഹ്മദ് ദാവൂദ് ഒഗ്‌ലു <br> ഉസ്മാനിയാ ഖിലാഫത്തിന്റെ പിന്തുടര്‍ച്ചക്കാരന്‍

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ തുര്‍ക്കിയില്‍ തുടര്‍ച്ചയായി അരങ്ങേറിയിട്ടും പൗരന്മാരുടെ വിശ്വാസവും പാര്‍ട്ടി പ്രതിബദ്ധതയും ചോര്‍ന്നുപോയിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു കൊന്‍യയിലെ സെന്‍ട്രല്‍ അനാതോലിയന്‍ സിറ്റിയില്‍ ജനലക്ഷങ്ങളെ സാക്ഷി നിര്‍ത്തി ഡിസംബര്‍ 27-ന് നടന്ന എ.കെ.പിയുടെ പാര്‍ട്ടി കോണ്‍ഗ്രസ്.
പാര്‍ട്ടി പ്രവര്‍ത്തകരെ ആകാംക്ഷാഭരിതരാക്കിയാണ് കൊന്‍യ മുനിസിപ്പല്‍ സ്‌പോര്‍ട്‌സ് ഗ്രൗണ്ടിലേക്ക് തുര്‍ക്കി പ്രധാനമന്ത്രിയും എ.കെ.പി അധ്യക്ഷനുമായ അഹ്മദ് ദാവൂദ് ഒഗ്‌ലുവിന്റെ കൈപിടിച്ചുകൊണ്ട് ഹമാസിന്റെ മുതിര്‍ന്ന നേതാവും ഫലസ്ത്വീന്‍ സ്വാതന്ത്ര്യ പോരാളിയുമായ ഖാലിദ് മിശ്അലിന്റെ വരവ്. 'അല്ലാഹു അക്ബര്‍' മുഴക്കിക്കൊണ്ടാണ് ഖാലിദ് മിശ്അലിനെ സദസ്സ് സ്വീകരിച്ചത്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഖാലിദ് മിശ്അലിന്റെ തുര്‍ക്കി സന്ദര്‍ശനമെങ്കിലും മുന്‍ തീരുമാനപ്രകാരമായിരുന്നു അതെന്നാണ് ദാവൂദ് ഒഗ്‌ലു പറഞ്ഞത്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുര്‍സിയുടെ തുര്‍ക്കി സന്ദര്‍ശനത്തിനുശേഷം ഇസ്രയേല്‍ പത്രങ്ങളടക്കം കൂടുതല്‍ വാര്‍ത്താ പ്രാധാന്യത്തോടെയാണ് ഹമാസ് നേതാവിന്റെ ഈ വരവ് റിപ്പോര്‍ട്ട് ചെയ്തത്.
''ശക്തമായ തുര്‍ക്കി എന്നാല്‍ ശക്തമായ ഫലസ്ത്വീന്‍ എന്നാണ്. വിജയത്തിന്റെ പാതയില്‍ അല്ലാഹു ഞങ്ങളുടെയും നിങ്ങളുടെയും കൂടെയാണ്. ജനാധിപത്യപരമായി സുസ്ഥിരവും വികസിതവുമായ തുര്‍ക്കി ലോക മുസ്‌ലിംകള്‍ക്ക് ശക്തികേന്ദ്രമാണ്. കൊന്‍യ ചരിത്രത്തില്‍ ഒട്ടേറെ നേതാക്കള്‍ക്ക് ജന്മം കൊടുത്ത നാടാണ്. ദാവൂദ് ഒഗ്‌ലു അടക്കമുള്ള നേതാക്കള്‍ക്ക് കൊന്‍യ വീണ്ടും ജന്മം കൊടുത്തിരിക്കുന്നു. അഹ്മദ് ദാവൂദ് ഒഗ്‌ലുവും പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും നിങ്ങളുടെ നേതാക്കളായതിനാല്‍ തുര്‍ക്കി ജനതയെ ഞാന്‍ പ്രശംസിക്കുന്നു. കൊന്‍യയിലെ ജനങ്ങള്‍ ഈ നഗരവീഥികളില്‍ ഇസ്രയേലിനെതിരെ സമരം ചെയ്തത് ചരിത്ര താളുകളില്‍ കാണാം. നമ്മുടെ പതാക ലോകത്തിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെ ചിഹ്നമാണ്. ഇന്‍ശാ അല്ലാഹ്, ഭാവിയില്‍ വീണ്ടും നമ്മള്‍ ഫലസ്ത്വീനും ജറുസലേമും സ്വതന്ത്രമാക്കിയിരിക്കും.'' ഇസ്രയേല്‍ തകരട്ടെ എന്ന മുദ്രാവാക്യത്തോടെയാണ് തുര്‍ക്കിയുടെയും ഫലസ്ത്വീനിന്റെയും പതാകകള്‍ കൈയിലേന്തിയ ജനസഞ്ചയത്തെ സാക്ഷിനിര്‍ത്തി ഖാലിദ് മിശ്അല്‍ പ്രസംഗം അവസാനിപ്പിച്ചത്.
ജറുസലേം സ്വതന്ത്രമാക്കാന്‍ ശബ്ദിക്കുന്ന എല്ലാ ജനങ്ങളെയും അഭിവാദ്യം ചെയ്തുകൊണ്ടുള്ള പാര്‍ട്ടി അധ്യക്ഷന്‍ അഹ്മദ് ദാവൂദ് ഒഗ്‌ലുവിന്റെ പ്രസംഗം വേറിട്ട അനുഭവമായിരുന്നു. തുര്‍ക്കിയില്‍ 2015 ജൂണില്‍ നടക്കുന്ന ജനറല്‍ ഇലക്ഷനോടനുബന്ധിച്ച് പുറത്തിറങ്ങാന്‍ പോകുന്ന ഗാനത്തില്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാനു ശേഷം എ.കെ പാര്‍ട്ടിയെ നയിക്കുന്ന അഹ്മദ് ദാവൂദ് ഒഗ്‌ലുവിനെ 'ഉസ്മാനിയ്യ ഖിലാഫത്തിന്റെ പിന്തുടര്‍ച്ചക്കാരന്‍' എന്നാണ് വിശേഷിപ്പിക്കുന്നത്. തുര്‍ക്കിയെ ഖാലിദ് മിശ്അല്‍ വിശേഷിപ്പിച്ചതുപോലെ മുസ്‌ലിം രാഷ്ട്രങ്ങളുടെ ശക്തി കേന്ദ്രമായാണ് ലോകം ഉറ്റുനോക്കുന്നത്. സെക്യുലരിസം ഉള്‍ക്കൊള്ളുന്നതോടൊപ്പം രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന മുസ്‌ലിംകളുടെ വികാരത്തെയും, ലോക മുസ്‌ലിംകള്‍ ഒരൊറ്റ ഉമ്മത്ത് എന്ന ആദര്‍ശത്തെയും ഏറ്റുപിടിക്കുന്ന സമീപനമാണ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ കീഴിലുള്ള ഗവണ്‍മെന്റിന്റേത്. ഇത് അമേരിക്കയുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന അറബ് രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. ഉര്‍ദുഗാന്റെ ഈ സമീപനം കാരണം പല പത്രങ്ങളും അദ്ദേഹത്തെ 'സുല്‍ത്താന്‍ റജബ് തയ്യിബ് ഉര്‍ദുഗാന്‍' എന്നാണ് വിശേഷിപ്പിക്കുന്നത്.
യൂനിവേഴ്‌സിറ്റി പ്രഫസറായിരുന്ന അഹ്മദ് ദാവൂദ് ഒഗ്‌ലു തുര്‍ക്കിയില്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാനു ശേഷം പകരം വെക്കാന്‍ പറ്റുന്ന നേതാവാണ്. 2015-ലെ പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു വരുംനാളുകളില്‍ അറബ് ലോകവുമായി ബന്ധപ്പെട്ട നയതന്ത്ര ഇടപെടലുകളില്‍ കൂടുതല്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഖത്തര്‍ അടക്കമുള്ള രാഷ്ട്ര നേതാക്കളുടെ തുര്‍ക്കി സന്ദര്‍ശനം ഈ മാറ്റത്തിന്റെ സൂചനയാണ്.
Comments