പ്രാദേശിക വസ്ത്ര വൈവിധ്യങ്ങളോടെന്തിന് <br> മുസ്‌ലിം പെണ്ണ് ഇടഞ്ഞു നില്‍ക്കണം?

മനുഷ്യ നാഗരികതയുടെ ചരിത്രം അവന്റെ അടിസ്ഥാന ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന്റേത് കൂടിയാണ്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവക്കാവശ്യമായ തൊഴിലുകളിലാണ് മനുഷ്യന്‍ ആദ്യം ഏര്‍പ്പെട്ടത്. ആദം(അ) കര്‍ഷകനും ഇദ്‌രീസ്(അ) തുന്നല്‍ പണിക്കാരനും നൂഹ്(അ) ആശാരിയുമായിരുന്നുവെന്ന നബിവചനം ഇതിനെ അടയാളപ്പെടുത്തുന്നു. വസ്ത്രവുമായി ബന്ധപ്പെട്ട ആലോചനകള്‍ക്ക് മാനവചരിത്രത്തോളം പഴക്കമുണ്ടെന്ന് സാരം.
വസ്ത്രത്തിന് പ്രധാനമായും മൂന്ന് ധര്‍മങ്ങളാണുള്ളത്. 1. നഗ്‌നത മറയ്ക്കുക. 2. പ്രതികൂല കാലാവസ്ഥകളില്‍ ശരീരത്തെ സംരക്ഷിക്കുക. 3. അലങ്കാരമായി വര്‍ത്തിക്കുക. ഇവ മൂന്നും നിറവേറ്റപ്പെടുമ്പോഴാണ് വസ്ത്രധാരണം അര്‍ഥവത്താകുന്നത്.
വസ്ത്രത്തിന്റെ ആധാരമായി വര്‍ത്തിക്കേണ്ട ഈ ധര്‍മങ്ങളില്‍ സംഭവിച്ച അട്ടിമറിയാണ് പുതിയ കാലത്ത് ഇതുമായി ബന്ധപ്പെട്ട ഏതു പ്രശ്‌നത്തിന്റെയും മുഖ്യഹേതു. നഗ്‌നത മറയ്ക്കുകയെന്ന പ്രഥമ ധര്‍മം വിസ്മരിക്കപ്പെടുകയോ, അല്ലെങ്കില്‍ ഏറ്റവുമവസാനം പരിഗണിക്കേണ്ട ഒന്നുമാത്രമായി പരിണമിക്കുകയോ ചെയ്തു. തദ്ഫലമായി, 'ഉടുത്തിട്ടും ഉടുക്കാത്തവര്‍' എന്ന് നബി വിശേഷിപ്പിച്ചവര്‍ വര്‍ധിച്ചു. അലങ്കാരത്തിനാണ് പ്രഥമ പരിഗണന. അതാണ് മുഖ്യ ധര്‍മം എന്ന് കരുതുന്നവര്‍ ഏറെയാണ്. ദുര്‍ഗുണങ്ങളിലേക്കുള്ള കടത്തുപാലമാണ് ഈ അലങ്കാര ഭ്രമം. അത് ആദ്യം ധൂര്‍ത്തിലേക്കും ധൂര്‍ത്ത് അഹങ്കാരത്തിലേക്കും നയിക്കുന്നു. അഹങ്കാരമാകട്ടെ ഫലത്തില്‍ മനുഷ്യത്വത്തെ തന്നെ റദ്ദ് ചെയ്യും. ശരീരത്തിന്റെയും ജീവിതത്തിന്റെയും മേലുള്ള ദൈവത്തിന്റെ പരമാധികാരമാണ് പുതിയ വസ്ത്ര ബോധത്തിന്റെ മറവില്‍ ചോദ്യം ചെയ്യപ്പെടുന്നത്. ശരീരത്തിന്റെ പൂര്‍ണമായ ഉടമത്തം തനിക്കാണെന്നും, അതിനാല്‍ എന്തു തിന്നണം, എന്തുടുക്കണം, ശരീര കാമനകളെ എങ്ങനെ തൃപ്തിപ്പെടുത്തണം ഇത്യാദി കാര്യങ്ങള്‍ തീരുമാനിക്കാനുള്ള പരമമായ അവകാശം വ്യക്തിനിഷ്ഠമാണെന്നുമുള്ള വാദമാണ് ഇതിന്റെ കാതല്‍.
നഗ്‌നത മറയ്ക്കുക, അലങ്കാരങ്ങളണിയുക, ശരീരം സംരക്ഷിക്കുക തുടങ്ങിയ മൗലിക ആവശ്യങ്ങള്‍ ഏറ്റവും നല്ല രീതിയില്‍ എങ്ങനെ പൂര്‍ത്തീകരിക്കാമെന്ന് കൃത്യപ്പെടുത്തിയിട്ടുണ്ട് ഇസ്‌ലാമിക ശരീഅത്ത്. ഉടയാടകളെക്കുറിച്ച ഏത് ആലോചനകള്‍ക്കും അടിയാധാരമാകേണ്ട മൗലിക നിര്‍ദേശങ്ങള്‍ ശരീഅത്തിന്റെ പ്രഥമ സ്രോതസ്സായ ഖുര്‍ആനിലുണ്ട്. അതാരംഭിക്കുന്നത് ഇപ്രകാരമാണ്:
''അല്ലയോ ആദം സന്തതികളേ, ശരീരത്തിന്റെ നഗ്‌നത മറയ്ക്കാനും രക്ഷാകവചമായും അലങ്കാരമായും നാം നിങ്ങള്‍ക്ക് വസ്ത്രം ഇറക്കിത്തന്നിരിക്കുന്നു. എന്നാല്‍ ധര്‍മബോധമാകുന്ന വസ്ത്രമുണ്ടല്ലോ, അതാണ് ഏറെ വിശിഷ്ടമായത്. ദൈവിക ദൃഷ്ടാന്തങ്ങളിലൊന്നത്രെ അത്. ജനം ഉദ്ബുദ്ധരായെങ്കിലോ'' (അല്‍അഅ്‌റാഫ് 26).
പ്രകൃത സൂക്തം വിശദീകരിച്ചുകൊണ്ട് മൗലാനാ മൗദൂദി എഴുതുന്നു: ''ഈ ഖുര്‍ആന്‍ വാക്യങ്ങളില്‍നിന്ന് ശ്രദ്ധേയമായ ചില യാഥാര്‍ഥ്യങ്ങള്‍ തെളിഞ്ഞുവരുന്നു. ഒന്ന്, മനുഷ്യനെ സംബന്ധിച്ചേടത്തോളം വസ്ത്രധാരണം ഒരു കൃത്രിമ സ്വഭാവമല്ല; പ്രകൃതിയുടെ മുഖ്യതാല്‍പര്യമാണ്. ജന്തുവര്‍ഗങ്ങളെ പോലെ, മനുഷ്യശരീരത്തില്‍ പ്രകൃത്യായുള്ള ഒരാവരണം അല്ലാഹു ഉണ്ടാക്കിയിട്ടില്ല. മറിച്ച് മനുഷ്യന്റെ പ്രകൃതിയില്‍ നാണത്തിന്റെയും ലജ്ജാശീലത്തിന്റെയും ബീജം നിക്ഷേപിക്കുകയാണ് ചെയ്തിരിക്കുന്നത്. മനുഷ്യനെ സംബന്ധിച്ചേടത്തോളം ജനനേന്ദ്രിയത്തെ കേവലം ജനനേന്ദ്രിയമായല്ല, 'സൗഅത്ത്' കൂടിയായാണ് വെച്ചിരിക്കുന്നത്. വെളിവാക്കുന്നത് മനുഷ്യര്‍ ചീത്തയായി കരുതുന്ന വസ്തുവിനാണ് അറബിയില്‍ 'സൗഅത്ത്' എന്നു പറയുന്നത്. സഹജമായ ഈ നാണത്തിന്റെയും ലജ്ജാശീലത്തിന്റെയും താല്‍പര്യത്തെ പൂര്‍ത്തീകരിക്കാന്‍ തക്ക നൈസര്‍ഗികാവരണം മനുഷ്യന് അല്ലാഹു നല്‍കിയതുമില്ല. മറിച്ച്, അവന്റെ പ്രകൃതിയില്‍ വസ്ത്രധാരണബോധം നിക്ഷേപിക്കുകയാണ് ചെയ്തത്. അതിനാല്‍ മനുഷ്യന്‍ സ്വന്തം ബുദ്ധിശക്തിയുപയോഗിച്ച് തന്റെ പ്രകൃതിയിലടങ്ങിയ ഈ ആവശ്യം മനസ്സിലാക്കുകയും അല്ലാഹു സൃഷ്ടിച്ചുതന്ന പദാര്‍ഥങ്ങള്‍ ഉപയോഗിച്ചുകൊണ്ട് വസ്ത്രാവരണം നിര്‍മിക്കുകയുമാണ് വേണ്ടത്. രണ്ട്, മേല്‍പ്പറഞ്ഞ സഹജബോധപ്രകാരം വസ്ത്രത്തിന്റെ ധാര്‍മിക താല്‍പര്യമാണ് മനുഷ്യപ്രകൃതിയെ സംബന്ധിച്ചേടത്തോളം മുന്‍പന്തിയില്‍ നില്‍ക്കുന്നത്. അഥവാ നാണം മറയ്ക്കുകയെന്നതിനാണ് പ്രഥമ സ്ഥാനം. അതിന്റെ ശാരീരിക താല്‍പര്യങ്ങള്‍ക്ക്-അലങ്കാരത്തിനും കാലാവസ്ഥയുടെ പ്രത്യാഘാതങ്ങളില്‍നിന്നുള്ള സംരക്ഷണത്തിനും-രണ്ടാം സ്ഥാനമേയുള്ളൂ. ഈ വിഷയത്തില്‍ ജന്തുവര്‍ഗങ്ങളില്‍നിന്ന് പ്രകൃത്യാ വ്യത്യസ്തനാണ് മനുഷ്യന്‍. ജന്തുക്കളെ സംബന്ധിച്ചേടത്തോളം ആവരണത്തിന്റെ സാക്ഷാല്‍ ആവശ്യം ശാരീരികമാണ്. അഥവാ 'രീശ്' (ശരീരത്തിന്റെ അലങ്കാരത്തിനും ശീതോഷ്ണങ്ങളില്‍നിന്നു രക്ഷപ്പെടാനുമുള്ള ഉപാധി) എന്നതാണ്. നാണം മറയ്ക്കുന്ന കാര്യമാണെങ്കില്‍, ജന്തുപ്രകൃതിയില്‍ അങ്ങനെയൊരു നാണമേയില്ല. അതിനാല്‍ ആ 'പ്രകൃതിതാല്‍പര്യം' പൂര്‍ത്തീകരിക്കേണ്ടതിനായി അവയുടെ ശരീരത്തില്‍ ഒരു വസ്ത്രാവരണം സൃഷ്ടിക്കേണ്ടിവന്നുമില്ല. അവയുടെ ജനനേന്ദ്രിയത്തെ കേവലം ജനനേന്ദ്രിയമായിട്ടാണ് അല്ലാഹു വെച്ചിരിക്കുന്നത്; സൗഅത്തായിട്ടല്ല. എന്നാല്‍ മനുഷ്യന്‍ പിശാചിന്റെ മാര്‍ഗദര്‍ശനം സ്വീകരിച്ചതോടെ സംഗതി അട്ടിമറിഞ്ഞു. പിശാച് അതിന്റെ ശിഷ്യഗണങ്ങളെ പഠിപ്പിച്ചുവിട്ടിരിക്കയാണ്: ജന്തുക്കള്‍ക്ക് രോമവും തൂവലും മറ്റും എന്തിനാണോ, അതേ ആവശ്യത്തിനാണ് മനുഷ്യന് വസ്ത്രാവരണം. അല്ലാതെ നാണം മറയ്ക്കുകയെന്നതിന് അര്‍ഥമൊന്നുമില്ല. ജന്തുക്കളുടെ അവയവങ്ങള്‍ നഗ്‌നത (സൗഅത്ത്)യല്ലാത്തതുപോലെ നിങ്ങളുടെ ഈ ലൈംഗികാവയവങ്ങളും യഥാര്‍ഥത്തില്‍ നഗ്‌നതയല്ല, കേവലം ജനനേന്ദ്രിയങ്ങള്‍ മാത്രമാണ്!?'' (തഫ്ഹീമുല്‍ ഖുര്‍ആന്‍ വാള്യം: 2 അല്‍അഅ്‌റാഫ് 16-ാം വ്യാഖ്യാനക്കുറിപ്പ്).
ജീവിതവുമായി ബന്ധപ്പെട്ട നിയമനിര്‍ദേശങ്ങള്‍ സമര്‍ഥിക്കുമ്പോള്‍ സവിശേഷമായ ശൈലികള്‍ ഖുര്‍ആന്‍ സ്വീകരിക്കാറുണ്ട്. ആരെ അഭിസംബോധന ചെയ്യുന്നുവെന്നത് അതില്‍ പ്രധാനമാണ്. ഉദാഹരണത്തിന്, വിശ്വാസികള്‍ പൊതുവില്‍ പാലിക്കേണ്ട നിയമങ്ങള്‍ പറയുന്നിടത്ത്, 'അല്ലയോ വിശ്വാസികളേ' എന്നാണ് അഭിസംബോധന ചെയ്യുക. പ്രവാചകന്മാരോടാണെങ്കില്‍ 'ദൂതന്മാരേ' എന്നും, മുഹമ്മദ് നബിയോടാണെങ്കില്‍ 'ദൂതരേ' എന്നും, പ്രവാചക പത്‌നിമാരെ ഉദ്ദേശിച്ചാണെങ്കില്‍ 'നബി പത്‌നിമാരേ' എന്നും സംബോധന ചെയ്യാറുണ്ട്. ഇതിനര്‍ഥം പ്രസ്തുത നിയമം അവര്‍ക്ക് മാത്രം ബാധകമാണെന്നല്ല, മറിച്ച് അവരാണ് ആ നിയമങ്ങള്‍ പാലിക്കാന്‍ ഏറ്റവും കടപ്പെട്ടവര്‍ എന്നര്‍ഥത്തിലാണ്. ഇതില്‍നിന്ന് ഭിന്നമായി 'മനുഷ്യ സന്തതികളേ' എന്ന് അഞ്ചിടങ്ങളില്‍ ഖുര്‍ആന്‍ അഭിസംബോധന ചെയ്യുന്നുണ്ട്. ഇതില്‍ മൂന്നും വസ്ത്ര ധാരണവുമായി ബന്ധപ്പെട്ട മര്യാദകള്‍ പ്രതിപാദിക്കുന്നിടത്താണ്. മൗലികമായ ഒരാശയം ഈ സംബോധനകള്‍ ധ്വനിപ്പിക്കുന്നുണ്ട്. നഗ്‌നത മറയ്ക്കുകയെന്നത് ഏതെങ്കിലും മതവിഭാഗമോ ദൈവവിശ്വാസിയോ പാലിക്കേണ്ടതല്ല. പ്രത്യുത, ഈശ്വരവാദിയും നിരീശ്വരവാദിയും മതമുള്ളവനും ഇല്ലാത്തവനും ആണും പെണ്ണും വെളുത്തവനും കറുത്തവനുമുള്‍പ്പെടെ മനുഷ്യകുലമൊന്നാകെ പാലിക്കേണ്ട ധര്‍മമത്രേ. ഒരുവന്‍/ഒരുവള്‍ നഗ്‌നനായി/ന്ഗനയായി സമൂഹ മധ്യത്തിലിറങ്ങിയാല്‍ അത് അവനെ/അവളെ മാത്രം ബാധിക്കുന്ന പ്രശ്‌നമാവില്ല. മറിച്ച് അത് കാണാനിടവരുന്ന മുഴുവരെയും ബാധിക്കും. ചുരുക്കത്തില്‍, വിശ്വാസിയെയും അവിശ്വാസിയെയും വേര്‍തിരിക്കുന്നതല്ല വസ്ത്ര ധാരണം, മറിച്ച് മനുഷ്യനെയും മൃഗത്തെയും വേര്‍തിരിക്കുന്ന അതിര്‍ വരമ്പാണ്.
വസ്ത്രധാരണത്തെക്കുറിച്ച് ഇസ്‌ലാം എന്തുപറയുന്നു? ഈ ചോദ്യത്തിന് കൃത്യമായ മറുപടി ലഭിച്ചാല്‍ സമീപ കാലത്ത് ഇതു സംബന്ധിച്ച് ഉയര്‍ന്നുവന്ന പല സന്ദേഹങ്ങളും വിവാദങ്ങളും അടിസ്ഥാന രഹിതമാണെന്ന് ബോധ്യപ്പെടും.
ഇസ്‌ലാമിക നിയമസംഹിതയുടെ ചില അടിസ്ഥാനങ്ങള്‍ ഓര്‍മയിലുണ്ടാവുന്നത് വസ്ത്രധാരണവുമായി ബന്ധപ്പെട്ട ദീനീനിര്‍ദേശങ്ങള്‍ മനസ്സിലാക്കുന്നതിന് സഹായകമാണ്. മനുഷ്യന്റെ കര്‍മമണ്ഡലവുമായി ബന്ധപ്പെട്ട നിയമങ്ങളെ പ്രധാനമായും രണ്ട് തരത്തിലാണ് ശരീഅത്ത് ക്രോഡീകരിക്കുന്നത്.
1. ആരാധനാ കര്‍മങ്ങള്‍ (ഇബാദത്തുകള്‍)
സ്രഷ്ടാവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ സംസ്‌കരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ആരാധനാ നിയമങ്ങളാണ് ഈ ഗണത്തില്‍ പെടുന്നത്. ഉദാഹരണത്തിന് നമസ്‌കാരം, സകാത്ത്, നോമ്പ്, ദിക്‌റ്, പ്രാര്‍ഥനകള്‍ തുടങ്ങിയവ.
2. വ്യവഹാരങ്ങള്‍ (മുആമലാത്ത്)
മനുഷ്യനെയും ചുറ്റുപാടുമായുള്ള അവന്റെ ബന്ധത്തെയും സംസ്‌കരിക്കുകയും ആരോഗ്യകരമാക്കുകയും ചെയ്യുന്നതിനാണ് ഈ നിയമങ്ങള്‍. മനുഷ്യര്‍ പരസ്പരവും, മനുഷ്യനും പ്രകൃതിയും, മനുഷ്യനും ഇതര ജീവജാലങ്ങളും തമ്മിലുള്ള ഇടപഴക്കങ്ങളും വ്യവഹാരങ്ങളുമാണ് ഈ ഗണത്തില്‍ പെടുക. ഉദാഹരണമായി ഭക്ഷണം, വസ്ത്രം, ഉപചാര മര്യാദകള്‍, സാമ്പത്തിക ക്രയവിക്രയങ്ങള്‍, സാമൂഹിക ഇടപാടുകള്‍, വിവാഹം, സിവില്‍-ക്രിമിനല്‍ നിയമങ്ങള്‍, നീതിനിര്‍വഹണം തുടങ്ങിയവ.
ഈ രണ്ട് ഗണത്തിലുംപെട്ട നിയമങ്ങള്‍ക്ക് സുപ്രധാനമായ ചില അടിത്തറകള്‍ ശരീഅത്ത് നിശ്ചയിച്ചിട്ടുണ്ട്. അതിലേറ്റവും പ്രധാനമാണ് ആരാധനാ മേഖലയിലെ, ഖുര്‍ആനിലും നബിചര്യയിലെയും ഖണ്ഡിത പ്രമാണങ്ങളില്ലാത്ത ഏത് പുതിയ ആവിഷ്‌കാരവും നിഷിദ്ധമാണെന്നത്. ആരാധനകളുടെ വിഷയത്തില്‍ ഇസ്‌ലാം വരച്ചുകാണിച്ച രീതിയിലോ രൂപത്തിലോ എണ്ണത്തിലോ മാറ്റം വരുത്താവതല്ല എന്നര്‍ഥം. ഇതാണ്, 'ആരാധനകളുടെ അടിസ്ഥാനം–അതിലെ ഏത് നവീന ആവിഷ്‌കാരവും നിഷിദ്ധമാകുന്നു' എന്ന തത്ത്വം. ആരാധനകളില്‍ പൊതുവെ പാലിക്കപ്പെടേണ്ട നിര്‍ദേശങ്ങള്‍ മുറുകെപ്പിടിച്ചാലും ഒരു പുതിയ ആവിഷ്‌കാരത്തിന് ഈ മേഖലയില്‍ നിയമ സാധുതയില്ല. മാത്രമല്ല, ബിദ്അത്ത് എന്ന് നിര്‍വചിക്കപ്പെട്ട-അനിവാര്യമായി വര്‍ജിക്കേണ്ട-കാര്യമായി അത് പരിഗണിക്കപ്പെടും. ഉദാഹരണത്തിന്, നിയ്യത്തും ഖിബ്‌ലക്ക് നേരെ തിരിയലും, ദിക്‌റുകള്‍, ഖുര്‍ആന്‍ പാരായണം, സുജൂദ്, റുകൂഅ് തുടങ്ങിയ എല്ലാ വ്യവസ്ഥകളും കൃത്യമായാലും ഒരു പുതിയ നമസ്‌കാരം ഫജ്‌റിനും ദുഹ്‌റിനുമിടയിലോ, ഇശാഇനും ഫജ്‌റിനും ഇടയിലോ കൊണ്ടുവന്നാല്‍ അത് അസാധുവും ബിദ്അത്തും ആണ്. നിലവിലുള്ള ആരാധനകളുടെ നിര്‍ദിഷ്ട രൂപത്തിലോ നിബന്ധനകളിലോ മാറ്റം വരുത്തിയാലും അങ്ങനെത്തന്നെ.
ഇതില്‍നിന്ന് ഭിന്നമായി മുആമലാത്തിന്റെ (വ്യവഹാരങ്ങളുടെ) അടിസ്ഥാനം അനുവദനീയം-'അല്‍ അസ്വ്‌ലു ഫില്‍മുആമിലാത്തി അല്‍ ഇബാഹ'-ആണ്. അതായത് വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശര്‍അ് പഠിപ്പിക്കുന്ന അടിസ്ഥാനങ്ങള്‍ മുറുകെപ്പിടിച്ചാല്‍ പ്രസ്തുത മേഖലയില്‍ പുതിയ ആവിഷ്‌കാരങ്ങള്‍ അനുവദനീയമാണെന്നര്‍ഥം. ഉദാഹരണത്തിന്: പലിശ, ഗര്‍റ് (വഞ്ചന, അനിശ്ചിതത്വം), ബാത്വില്‍ (അന്യന്റെ അവകാശം കവരുക, നിഷിദ്ധ വസ്തുക്കള്‍ ഉണ്ടാവുക) തുടങ്ങിയ കാര്യങ്ങള്‍ വര്‍ജിക്കുകയും ഇടപാടുകാര്‍ക്കിടയില്‍ പരസ്പര തൃപ്തി ഉണ്ടാവുകയും ചെയ്യുക തുടങ്ങി കച്ചവടത്തില്‍ ശ്രദ്ധിക്കേണ്ട പൊതു നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടാല്‍ ഏത് പുതിയ കച്ചവടരീതിയും ആവിഷ്‌കരിക്കാവുന്നതാണ്.
ഇടപാടുകളുടെയും വ്യവഹാരങ്ങളുടെയും വിഷയത്തില്‍ വിശദാംശങ്ങള്‍ ഒഴിവാക്കി പൊതുതത്ത്വങ്ങള്‍ മാത്രം ശര്‍അ് ആവിഷ്‌കരിക്കാന്‍ കാരണം ഇവകള്‍ സ്ഥലകാല ഭേദമനുസിച്ച് മാറ്റമുണ്ടാവുന്നതും നാട്ടുനടപ്പനുസരിച്ച് (ഉര്‍ഫ്) രൂപപ്പെടുന്നതുമാണ് എന്നതാണ്. വിശുദ്ധ ഖുര്‍ആനിലും നബിചര്യയിലും ആരാധനാ മേഖലയുമായി ബന്ധപ്പെട്ട നിയമങ്ങളുടെ വിശദാംശങ്ങള്‍ വരെ ചര്‍ച്ച ചെയ്യുന്നതും, വ്യവഹാരങ്ങളുടെ കാര്യത്തില്‍ തത്ത്വങ്ങള്‍ മാത്രം അവതരിപ്പിക്കുന്നതും അതുകൊണ്ടാണ്.
'മുആമലാത്ത്' എന്ന ഗണത്തില്‍ പെടുന്നതാണ് വസ്ത്രധാരണം. അതിനാല്‍ തന്നെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട പൊതുതത്ത്വങ്ങള്‍ പാലിക്കുകയെന്നതാണ് ഇവ്വിഷയകമായ വിശ്വാസിയുടെ ബാധ്യത. പലരും തെറ്റിദ്ധരിച്ചപോലെ ഇസ്‌ലാമിന്റേതെന്ന് ബ്രാന്റ് ചെയ്യപ്പെട്ട ഒരു വസ്ത്രം ശരീഅത്ത് നിര്‍ണയിച്ചിട്ടില്ല. വസ്ത്രധാരണത്തില്‍ പാലിക്കേണ്ട പൊതുനിര്‍ദേശങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ടാല്‍ ഏത് വസ്ത്രവും-അത് സാരിയോ ചുരിദാറോ പാന്റ്‌സോ, ഏതുമാകട്ടെ-ഇസ്‌ലാമികമായ വസ്ത്രമാകും. ദീനീ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാത്ത വസ്ത്രം-അതിന് ഹിജാബെന്നോ പര്‍ദയെന്നോ പേരിട്ടാലും ശരി-അത് ഇസ്‌ലാമികമല്ല.
ഭക്ഷണം, വസ്ത്രം തുടങ്ങിയ കാര്യങ്ങളില്‍, താന്‍ ജീവിക്കുന്ന നാടിനോടും ചുറ്റുപാടിനോടും ചേര്‍ന്ന് നില്‍ക്കുകയെന്നതാണ് മുസ്‌ലിം സമൂഹത്തിന് കരണീയമായിട്ടുള്ളത്. മുആദുബ്‌നു ജബലിനെയും അബൂ മൂസല്‍ അശ്അരിയെയും ഗവര്‍ണര്‍ പദവിയില്‍ നിശ്ചയിക്കുമ്പോള്‍ നബി(സ) നല്‍കിയ നിര്‍ദേശങ്ങളില്‍ പ്രധാനമായ ഒന്ന് 'തദ്ദേശവാസികളോട് ചേര്‍ന്ന് നില്‍ക്കണം, ഭിന്നിച്ച് നില്‍ക്കരുത്' എന്നായിരുന്നു. പ്രവാചകന്‍ തന്നെ പ്രസ്തുത വിഷയങ്ങളില്‍ ദീനീ നിര്‍ദേശങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട്, ജീവിച്ച നാടിനും ചുറ്റുപാടിനും ചേര്‍ന്ന ഭക്ഷണ രീതികളും വസ്ത്രധാരണ രീതികളുമാണ് സ്വീകരിച്ചതെന്നതില്‍ സംശയമില്ല. യഥാര്‍ഥത്തില്‍ പ്രവാചകചര്യയെ മുറുകെപ്പിടിക്കുന്നവര്‍ നബി(സ) ചെയ്ത പോലെ വസ്ത്രധാരണത്തിലെ ദീനീ നിര്‍ദേശങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് തദ്ദേശവാസികളുടെ വസ്ത്രധാരണരീതി സ്വീകരിക്കുകയാണ് വേണ്ടത്, അതാണ് സുന്നത്തും.
പ്രസിദ്ധ കര്‍മശാസ്ത്ര പണ്ഡിതന്‍ ഇമാം അഹ്മദുബ്‌നു ഹമ്പല്‍(റ) വെളുപ്പും കറുപ്പും തുണികള്‍ ചേര്‍ത്ത് തുന്നിയ വസ്ത്രം ധരിച്ച ഒരാളെ കാണാനിടയായി. അദ്ദേഹം അയാളോട് പറഞ്ഞു: ''താങ്കള്‍ ഈ വസ്ത്രം ഉപേക്ഷിക്കുക, താങ്കളുടെ നാട്ടുകാര്‍ ധരിക്കുന്ന വസ്ത്രം ധരിക്കുക. ഈ വസ്ത്രം നിഷിദ്ധമായതുകൊണ്ടല്ല, താങ്കള്‍ മക്കയിലോ മദീനയിലോ താമസിക്കുന്നവനാണെങ്കില്‍ ഞാനിത് പറയുമായിരുന്നില്ല.'' മക്കയിലെയും മദീനയിലെയും വസ്ത്രം മറ്റൊരു നാട്ടില്‍ ധരിക്കുന്നതിന്റെ അനൗചിത്യമാണ് ഇമാം സൂചിപ്പിച്ചത്.
ഓരോ പ്രദേശത്തെയും തദ്ദേശീയര്‍ ധരിക്കുന്ന വസ്ത്രം ധരിക്കാനും പ്രദേശവാസികളുടെ സമ്പ്രദായം പിന്തുടരാനുമാണ് നബി(സ) നിര്‍ദേശിച്ചിട്ടുള്ളത്. ഇബ്‌നു തൈമിയ്യ പറയുന്നു: ''മറ്റുള്ള പുരുഷന്മാര്‍ ധരിക്കുന്നതുപോലുള്ള വസ്ത്രം ധരിക്കുക, തദ്ദേശവാസികള്‍ കഴിക്കുന്ന ആഹാരം തന്നെ കഴിക്കുക എന്നതൊക്കെയായിരുന്നു നബി(സ)യുടെ രീതി. ഇത്തരം കാര്യങ്ങളെല്ലാം നാടുമാറുന്നതിനനുസരിച്ച് വ്യത്യാസപ്പെടുന്നതാണ്.''
അബ്ദുല്‍ വലീദ് അല്‍ബാജി പറയുന്നു: ''പ്രസിദ്ധിയുടെ വസ്ത്രം ധരിക്കുന്നതും, പൊതുസമ്പ്രദായത്തില്‍ നിന്നു വ്യത്യസ്തമായ വസ്ത്രം ധരിക്കുന്നതും നബി(സ) വെറുത്തിരുന്നു.''
അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) പറയുന്നു: തന്റെ നാട്ടുകാരുടെയും ബന്ധുക്കളുടെയും സമ്പ്രദായത്തില്‍നിന്ന് വ്യതിചലിച്ചുകൊണ്ട് അവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കേണ്ടതാണ്. അവര്‍ ധരിക്കുന്നതുതന്നെ ധരിക്കുകയാണ് വേണ്ടത്. അല്ലാത്തപക്ഷം ജനം അവനിലേക്ക് വിരല്‍ ചൂണ്ടും. തന്നെക്കുറിച്ച് പരദൂഷണം പറയാന്‍ അവരില്‍ പ്രേരണ സൃഷ്ടിക്കലും അവരെ ആ പാപത്തില്‍ പങ്കുചേര്‍ക്കലുമാണത്.
അബ്ദുല്ലാഹിബ്‌നു ഉമര്‍ പറഞ്ഞു: ''നിനക്ക് രുചികരമായി തോന്നുന്ന ഭക്ഷണം കഴിക്കുക. ജനം നല്ലതായി കാണുന്ന വസ്ത്രം ധരിക്കുക'' (ഉദ്ധരണം: ഫത്‌വകള്‍, ഈജിപ്ഷ്യന്‍ ഫത്‌വാ സമിതി/ഇസ്‌ലാം ഓണ്‍ലൈവ്).
ലിബാസുത്തഖ്‌വ” (ധര്‍മബോധത്താല്‍ പ്രചോദിതമായ വസ്ത്രം)-മനുഷ്യന്‍ അണിയേണ്ട വസ്ത്രത്തിന് വിശുദ്ധ വേദം നല്‍കിയ പേരാണിത്. ഇത് ഏതെങ്കിലും ഒരു പ്രത്യേക ഉടയാടയുടെ പേരല്ല. വസ്ത്ര ധാരണവുമായി ബന്ധപ്പെട്ട് ശരീഅത്ത് അനുശാസിക്കുന്ന പൊതുനിര്‍ദേശങ്ങള്‍ ഒത്തുചേര്‍ന്ന ഏതൊരു വസ്ത്രവും 'ലിബാസുത്തഖ്‌വ'യായി മാറും.
ഉടയാടകള്‍ തെരഞ്ഞെടുക്കുമ്പോഴും അണിയുമ്പോഴും പാലിക്കേണ്ട ശരീഅത്തിന്റെ ശാസനകള്‍ ഇങ്ങനെ സംഗ്രഹിക്കാം:
1. നഗ്‌നത മറയ്ക്കുക: വസ്ത്രത്തിന്റെ പ്രഥമവും പ്രധാനവുമായ ധര്‍മമാണിത്. 'ഔറത്ത്' എന്നാണ് നഗ്‌നതയെ കുറിക്കുന്ന ശരീഅത്തിന്റെ സാങ്കേതിക ശബ്ദം.
നഗ്‌നത മറയ്ക്കാന്‍ മാത്രമല്ല, ശരീരത്തെ അലങ്കരിക്കാന്‍ കൂടിയുള്ളതാണ് വസ്ത്രം. കുറഞ്ഞ അളവിലുള്ള വസ്ത്രം ധരിച്ചുകൊണ്ട് ഒരാള്‍ക്ക് നഗ്‌നത മറയ്ക്കാനായേക്കും. പക്ഷേ അത് ശരീരത്തിന് അലങ്കാരമോ സൗന്ദര്യമോ ആയിക്കൊള്ളണമെന്നില്ല. മറിച്ച് ഒരാളുടെ പ്രകൃതത്തിന് തെളിവായി ഈ വസ്ത്രധാരണം മനസ്സിലാക്കപ്പെടാനും സാധ്യതയുണ്ട്. ഇതുകൊണ്ടാണ് നാണം മറയ്ക്കുക എന്നതിനോട് 'അലങ്കാര'ത്തെ കുറിച്ചും 'ശരീര സുരക്ഷ'യെക്കുറിച്ചുമുള്ള നിര്‍ദേശങ്ങള്‍ ഖുര്‍ആന്‍ ചേര്‍ത്ത് വെച്ചത്. വസ്ത്രം 'രീശ്' ആവണമെന്നാണ് ഖുര്‍ആന്റെ ശാസന. പക്ഷികളുടെ തൂവല്‍, രക്ഷാകവചം, അലങ്കാരവസ്ത്രം എന്നൊക്കെ ഈ പദത്തിന് അര്‍ഥമുണ്ട്. ഒരു പറവക്ക് തൂവല്‍ നഗ്‌നതയുടെ മേലുള്ള ആവരണം മാത്രമല്ല, അലങ്കാരവും സുരക്ഷാ കവചവും കൂടിയാണ്. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ 'രീശ്' എന്ന പദത്തിന് അലങ്കാരം എന്ന അര്‍ഥം നല്‍കാന്‍ ഇതാണ് കാരണം.
വസ്ത്രം അലങ്കരിക്കുന്നതിന് ഇസ്‌ലാം എതിരല്ല, എന്നല്ല ആളുകളൊത്തുകൂടുന്ന പൊതുഇടങ്ങളില്‍, വിശേഷിച്ചും ആരാധനാലയങ്ങളില്‍ അലങ്കാരം അണിയണമെന്നും നിര്‍ദേശിക്കുന്നുണ്ട് ഖുര്‍ആന്‍.
''മനുഷ്യപുത്രന്മാരേ, എല്ലാ ആരാധനാ സന്ദര്‍ഭങ്ങളിലും അലങ്കാരങ്ങളണിഞ്ഞുകൊള്ളുവിന്‍. തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുവിന്‍. ധൂര്‍ത്തടിക്കാതിരിക്കുവിന്‍. ധൂര്‍ത്തന്മാരെ അല്ലാഹു സ്‌നേഹിക്കുന്നില്ല. ''പ്രവാചകന്‍, അവരോടു ചോദിക്കുക: അല്ലാഹു അവന്റെ ദാസന്മാര്‍ക്കായി ഉല്‍പാദിപ്പിച്ച അലങ്കാരങ്ങളെയും ദൈവികദാനമായ ഉത്തമ വിഭവങ്ങളെയും വിലക്കിയവനാര്‍? പറയുക: ഈ വിഭവങ്ങളെല്ലാം ഭൗതികജീവിതത്തില്‍ വിശ്വാസികള്‍ക്കുള്ളതാകുന്നു. അന്ത്യനാളിലോ, അതവര്‍ക്കു മാത്രമുള്ളതായിരിക്കും...'' (അല്‍അഅ്‌റാഫ്: 31, 32).
അഹങ്കാരത്തിലേക്കും ധൂര്‍ത്തിലേക്കും നയിക്കാത്ത അലങ്കാരങ്ങളാണ് വേണ്ടത്. അഹങ്കാരത്തോടെ വസ്ത്രം നിലത്ത് വലിച്ചിഴക്കുന്നവനില്‍ അല്ലാഹു കടാക്ഷിക്കുകയില്ലെന്ന പ്രവാചക വചനം (ബുഖാരി, മുസ്‌ലിം) വിലക്കുന്നതും ധൂര്‍ത്തും അഹങ്കാരവുമെന്ന ഈ രണ്ട് ദുര്‍ഗുണങ്ങളെയാണ്.
2. വ്യക്തിത്വത്തെ പ്രകാശിപ്പിക്കുന്നതാവുക: ഉടയാടകള്‍ ഉടലിനെ അലങ്കരിക്കുക മാത്രമല്ല വ്യക്തിത്വത്തെ പ്രകാശിപ്പിക്കുന്നുമുണ്ട്. ഓരോ മനുഷ്യന്റെയും സ്വത്വത്തെയും (Identity) വ്യക്തിത്വത്തെയും (Personality) ഏറെ വിലമതിക്കുന്നുണ്ട് ഇസ്‌ലാം.
സ്ത്രീയുടെയും പുരുഷന്റെയും വ്യക്തിത്വങ്ങള്‍ ഭിന്നമാണ്. അതുകൊണ്ട് തന്നെ അവര്‍ ഇരുവരുടെയും ഉടയാടകളും ഭിന്നമാണ്. പുരുഷവേഷം ധരിക്കുന്ന സ്ത്രീകളും സ്ത്രീ വേഷം ധരിക്കുന്ന പരുഷന്മാരും അഭിശപ്തരാണെന്ന പ്രവാചകാധ്യാപനത്തിന്റെ പൊരുള്‍ മറ്റൊന്നല്ല. തന്റെ ജീവിത ചുറ്റുപാടും സാമൂഹിക സ്ഥിതിയും മാനിക്കുന്ന, എന്നാല്‍ ദീന്‍ നിര്‍ദേശിക്കുന്ന പൊതുമര്യാദകള്‍ ലംഘിക്കാത്ത വസ്ത്രമാണ് അണിയേണ്ടത്. ഒരുവന്റെ/ഒരുവളുടെ വ്യക്തിത്വം ഏറ്റവുമധികം പ്രതിഫലിക്കുന്ന ശരീര ഭാഗമാണ് മുഖം. അതിനാല്‍ മുഖം മറയ്ക്കാന്‍ ശരീഅത്ത് നിര്‍ദേശിക്കില്ല എന്ന പണ്ഡിതരുടെ വീക്ഷണവും ഇതോട് ചേര്‍ത്ത് വായിക്കാവുന്നതാണ്.
3. ധൂര്‍ത്തും അഹങ്കാരവും വര്‍ജിക്കുക: നബി(സ) പറഞ്ഞു: ''നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളൂ, ദാനം ചെയ്യുകയും വസ്ത്രം ധരിക്കുകയും ചെയ്തുകൊള്ളൂ. ധൂര്‍ത്തും അഹങ്കാരവും കൂടാതെ'' (ഇമാം നസാഈ, ഇബ്‌നുമാജഃ).
4. ശരീര ഭാഗങ്ങളെ മുഴപ്പിച്ച് കാണിക്കുന്നതോ ശരീര വടിവ് വെളിപ്പെടുത്തുംവിധം സുതാര്യമോ ആവാതിരിക്കുക: നഗ്‌നത മറയ്ക്കുക എന്നതിന്റെ ഉദ്ദേശ്യം ശരീരത്തില്‍ നിന്ന് വെളിപ്പെടാന്‍ പാടില്ലാത്തത് ദൃഷ്ടിക്ക് ഗോചരമാകരുത് എന്ന അര്‍ഥത്തിലാണ്. അതേസമയം ലോലമായ വസ്ത്രം ധരിക്കുന്നതിലൂടെയും ഇറുകിപ്പിടിച്ച വസ്ത്രം ധരിക്കുന്നതിലൂടെയും നഗ്‌നത വെളിപ്പെടാനുള്ള സാധ്യതയെ ഇല്ലാതാക്കുന്നതിനാണ് ഇങ്ങനെയൊരു നിര്‍ദേശം.
5. വസ്ത്രം വൃത്തിയുള്ളതാവുക: അകവും പുറവും ഒരുപോലെ വൃത്തിയായി സൂക്ഷിക്കാന്‍ ബാധ്യസ്ഥനാണ് വിശ്വാസി. വൃത്തിയുള്ള വസ്ത്രം ഈമാനിനെക്കൂടി പ്രതിഫലിപ്പിക്കുന്നു. പ്രവാചകത്വം ലഭിച്ച ഉടനെ നബിക്ക് ലഭിച്ച ആദ്യ ദിവ്യബോധനങ്ങളില്‍ ഒന്ന് വസ്ത്രം ശുദ്ധീകരിക്കുക എന്നതായിരുന്നു (അല്‍മുദ്ദസ്സിര്‍:4). നബിയുടെ സദസ്സില്‍ മുഷിഞ്ഞുനാറിയ വസ്ത്രം ധരിച്ചെത്തിയവനെ ശാസിച്ചതും വസ്ത്രം കഴുകി വൃത്തായാക്കാന്‍ നിര്‍ദേശിച്ചതും സ്മരണീയമാണ്.
(അല്‍ജാമിഅ ശാന്തപുരം ശരീഅഃ ഫാക്കല്‍റ്റി ഡീന്‍ ആണ് ലേഖകന്‍)
Comments