Prabodhanm Weekly

Pages

Search

2015 ജനുവരി 09

തട്ടത്തിനുള്ളില്‍ എങ്ങനെ?

ശെലീനാ സഹ്‌റ ജാന്‍ മുഹമ്മദ് /കവര്‍സ്‌റ്റോറി

''തട്ടമിടാന്‍ നിന്റെ ഭര്‍ത്താവ് നിന്നെ നിര്‍ബന്ധിക്കുന്നുണ്ടോ?'' 

ഞാന്‍ ആഗ്രഹചിന്തയോടെ തേങ്ങി: ''എനിക്കൊരു ഭര്‍ത്താവുണ്ടായിരുന്നെങ്കില്‍.'' ഒരു മുസ്‌ലിം സ്ത്രീ എന്ന നിലയില്‍ ഞാന്‍ ഭര്‍ത്താവിന്റെ ചൊല്‍പ്പടിയിലാണ് എന്നത്രെ എല്ലാവരുടെയും ധാരണ. ഇതിലെ ഏറ്റവും വലിയ വിരോധാഭാസമാകട്ടെ എനിക്കിതുവരെ ഒരു ഭര്‍ത്താവിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതും.

ആരെങ്കിലും ഈ മട്ടില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ ഞാന്‍ പറയും, 'തലയില്‍ തട്ടമിടാന്‍ എന്റെ പിതാവ് നിര്‍ബ്ബന്ധിച്ചിട്ടുമില്ല.'

മുസ്‌ലിം സ്ത്രീകള്‍ ശിരോവസ്ത്രമണിയുക വഴി ഇരട്ട പൊല്ലാപ്പിലാണ് ചെന്നു പെടുന്നത്. വികാരങ്ങളെ അത് തീവ്രമായി ഭിന്നധ്രുവങ്ങളിലാക്കുന്നു. ഇസ്‌ലാമിനെ സംരക്ഷിക്കുന്നതിനു വേണ്ടി മുസ്‌ലിം സ്ത്രീകള്‍ ശിരോവസ്ത്രമണിയണമെന്ന് പാരമ്പര്യ മുസ്‌ലിംകള്‍ അഭിപ്രായപ്പെടുന്നു. മുസ്‌ലിംകളെ ഇരുണ്ട കാലഘട്ടത്തിലെ-ഹിംസാത്മക-ഭീകര യുഗത്തില്‍ നിര്‍ത്തും എന്ന് ഭയക്കുന്നതിനാല്‍ മുസ്‌ലിം സ്ത്രീകള്‍ ശിരോവസ്ത്രം അണിയേണ്ടതില്ല എന്ന് മീഡിയയിലെ അഭിപ്രായ പ്രകടനങ്ങള്‍ സൂചിപ്പിക്കുന്നു.

''ദയവായി, ഞാനൊരഭിപ്രായം പറഞ്ഞോട്ടെ?'', ഞാന്‍ ചിന്തിച്ചു.

സംസാരിക്കുന്നതിനായി ഞാന്‍ വായ തുറന്നപ്പോള്‍ ഒരു മുസ്‌ലിം പുരുഷന്‍ കടന്നുവന്നു എന്നെ പ്രതിരോധിച്ചു. ''നിങ്ങള്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് ഒരവകാശം എന്ന നിലയിലാണ് ഇസ്‌ലാം ശിരോവസ്ത്രം തന്നത്. ആളുകള്‍ക്ക് അത് മനസ്സിലാവുന്നില്ലേ? തീര്‍ച്ചയായും നിങ്ങള്‍ വിമോചിതരാണ് എന്നതില്‍ നിങ്ങള്‍ അഭിമാനിക്കണം.'' അവന്റെ പ്രസ്താവനയോടു ഞാന്‍ യോജിച്ചു. പക്ഷെ, മുസ്‌ലിം സ്ത്രീ എന്ന നിലയില്‍ സ്വയം പ്രതിരോധിക്കാനുള്ള എന്റെ അവകാശം തട്ടിയെടുക്കപ്പെട്ടതില്‍ എനിക്കു വിഷമം തോന്നി.

''എനിക്കുവേണ്ടി സംസാരിക്കാന്‍ സത്യമായും ഞാന്‍ ആഗ്രഹിക്കുന്നു,'' ഞാന്‍ വീണ്ടും ചിന്തിച്ചു.

ഒരിക്കല്‍കൂടി, എനിക്കു സംസാരിക്കാന്‍ സാധിക്കുന്നതിനു മുമ്പേ എന്റെ അവസരം തട്ടിയെടുക്കപ്പെട്ടു. ''മുസ്‌ലിം സ്ത്രീകള്‍ മസ്തിഷ്‌ക പ്രക്ഷാളനത്തിന് ഇരയായിരിക്കുകയാണ്. മുസ്‌ലിം സ്ത്രീകള്‍ അതു ധരിക്കണമെന്ന് നിങ്ങളുടെ മതനേതാക്കള്‍ പറയുന്നതു കൊണ്ടാണ് നിങ്ങള്‍ക്കത് നല്ലതായി തോന്നുന്നത്. നിങ്ങളെ അടിമയാക്കുന്നതില്‍ നിങ്ങളും പങ്കുചേര്‍ന്നിരിക്കുകയാണ്.''

''എന്നെ അടിമയാക്കുന്നതില്‍ ഞാന്‍ പങ്കുചേര്‍ന്നിരിക്കുകയോ?'' ഞാന്‍ ആലോചിച്ചു. അത് സങ്കീര്‍ണവും ഇത്തിരി വിചിത്രവുമായി തോന്നി.

എനിക്കു ദേഷ്യം വന്നു. എനിക്കു വേണ്ടി സംസാരിക്കാന്‍ മറ്റുള്ളവര്‍ക്കെന്താണ് അധികാരം? ഇസ്‌ലാം എന്നെ മുഴുവന്‍ അവകാശങ്ങളുമുള്ള ഒരു പൂര്‍ണ മനുഷ്യനാക്കി വിമോചിപ്പിച്ചിട്ടുണ്ടെങ്കില്‍ എനിക്കു വേണ്ടി സംസാരിക്കാനുള്ള സ്വാതന്ത്ര്യവും അതെനിക്കു നല്‍കുന്നുണ്ട്. ഞാന്‍ അടിച്ചമര്‍ത്തപ്പെട്ടവളാണ് എന്നാണ് നിങ്ങള്‍ വിചാരിക്കുന്നതെങ്കില്‍ ഞാനെന്താണ് ചിന്തിക്കേണ്ടതും പറയേണ്ടതും എന്നോതിത്തന്ന് എന്നെ വീണ്ടും അടിച്ചമര്‍ത്താതിരിക്കുക.

എങ്ങനെ വസ്ത്രം ധരിക്കണമെന്നും എനിക്കു ചുറ്റുമുള്ള ലോകം എങ്ങനെയാവണം എന്നെ കാണേണ്ടത് എന്നും ആലോചിച്ച് ഞാന്‍ ഏറെ സമയം ചെലവഴിച്ചിട്ടുണ്ട്. ശിരോവസ്ത്രമണിയുക എളുപ്പമുള്ള സംഗതി ആയിരുന്നില്ല. എന്റെ ചുറ്റുമുള്ളവരില്‍ നിന്ന് എന്നെ അത് വേറിട്ടു കാണിക്കും. കലുഷമായ സാമൂഹിക, രാഷ്ട്രീയ കാലാവസ്ഥയില്‍ അതെന്നെ കൂടുതല്‍ പ്രയാസത്തിലും ഭീതിയിലും അകപ്പെടുത്തി. തലയില്‍ തട്ടമിടുക എന്നതിനര്‍ത്ഥം ഈ അവസ്ഥകളെ അഭിമുഖീകരിക്കാന്‍ സന്നദ്ധയാവുക എന്നതായിരുന്നു. എന്റെ വിശ്വാസം ആചരിക്കുന്നതിനുവേണ്ടി പ്രയാസങ്ങള്‍ സഹിക്കുന്നത് ധാര്‍മികമായി മൂല്യവത്തായ സംഗതിയത്രെ. സ്ത്രീകളെ സംബന്ധിച്ച്, പ്രത്യേകിച്ച് മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന പതിവു വിചാരശീലങ്ങളെ വെല്ലുവിളിച്ച് ധാരണകള്‍ തിരുത്തുന്നതിന് അതുപകരിക്കുകയും ചെയ്യും. സ്ത്രീ എന്ന നിലയില്‍ ഞാന്‍ എന്തു ധരിക്കണമെന്നതിനെക്കുറിച്ച് എനിക്ക് ഒരു തീരുമാനമുണ്ട്. എന്റെ ആ തീരുമാനാധികാരം ഞാന്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തി. അത് എന്റെ തീരുമാനമായിരുന്നു.

എന്റെ സ്വന്തം തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുക വഴി ഏതു മതത്തിന്റെ പേരിലും അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീകളുടെ ജീവിതത്തെ മാറ്റുന്നതിനുള്ള ആഹ്വാനങ്ങളിലേക്ക് എന്റെ ചെറിയ ശബ്ദംകൂടി കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്റെ തീരുമാനങ്ങളെല്ലാം എന്റെ സ്വന്തമായിരുന്നു. എന്നാല്‍ ഒരു പ്രത്യേക രീതിയില്‍ വസ്ത്രം ധരിക്കാനും പ്രവര്‍ത്തിക്കാനും നിര്‍ബന്ധിതരായ മുസ്‌ലിം സ്ത്രീകളുണ്ടായിരുന്നു. അത് തെറ്റായിരുന്നു. ചിലര്‍ നിര്‍ബന്ധപൂര്‍വം കല്യാണം കഴിപ്പിക്കപ്പെട്ടു. അതും തെറ്റായിരുന്നു. മറ്റു ചിലര്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യ പരിചരണം, ജോലി ചെയ്യാനുള്ള അവകാശം എന്നിവ നിഷേധിക്കപ്പെട്ടു. ഹിംസാത്മകമായ സാംസ്‌കാരികാചാരങ്ങള്‍ അവരുടെ മേല്‍ അടിച്ചേല്‍പിക്കപ്പെട്ടു. അവയെക്കുറിച്ചെല്ലാം പറയാനുള്ളത് ഒന്നുതന്നെ: തെറ്റ്, തെറ്റ്, തെറ്റ്. ഏതെങ്കിലും വിധത്തിലുള്ള നിര്‍ബന്ധം ചെലുത്തല്‍ ഇസ്‌ലാമിന്റെ ചൈതന്യത്തിന് വിരുദ്ധവും നിരോധിക്കപ്പെട്ടതുമാണ്. അത്തരം ഭീകരപ്രവൃത്തികള്‍ ആരു ചെയ്താലും അതിന്റെ പിറകിലെ യഥാര്‍ത്ഥ താല്‍പര്യം തുറന്നു കാണിക്കപ്പെടേണ്ടതുണ്ട്: അധികാരമുറപ്പിക്കാനും എല്ലാവരെയും തങ്ങളുടെ വരുതിയില്‍ നിര്‍ത്താനുമുളള ത്വരയാണ് അതിനുപിന്നില്‍. സ്ത്രീകളുടേയോ ഇസ്‌ലാമിന്റേയോ മാനവികതയുടേയോ താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്ന അവകാശവാദത്തിന്റെ പിന്നില്‍ ഒളിച്ചു നില്‍ക്കാന്‍ അവരെ അനുവദിക്കരുത്. ഒരു മുസ്‌ലിമിന്റെ പ്രവൃത്തികള്‍ എപ്പോഴും സ്വന്തം ഇഷ്ടപ്രകാരമുള്ളതായിരിക്കണം. അല്ലെങ്കില്‍ അതിന് യാതൊരര്‍ത്ഥവുമില്ല. ഖുര്‍ആന്‍ വളരെ വ്യക്തമായി ഇതു പറയുന്നുണ്ട്: 'മതത്തില്‍ നിര്‍ബന്ധമില്ല.' ഒരാളെ അയാള്‍ക്കിഷ്ടമില്ലാത്തത് ചെയ്യിക്കാന്‍ നിങ്ങള്‍ക്കാവില്ല. അതു പാടുമില്ല.

'ചൂടെടുക്കില്ലേ?'

അടി മുതല്‍ മുടിവരെ കറുപ്പില്‍ പൊതിഞ്ഞതാണ് മുസ്‌ലിം സ്ത്രീയെക്കുറിച്ചു നിലവിലുള്ള ചിത്രം. നീണ്ട, കറുത്ത, താഴോട്ട് ഒഴുകിയിറങ്ങുന്ന തുണിയാണ് ശിരോവസ്ത്രം. നീണ്ട, കറുത്ത മുഴം കുപ്പായത്തിലേക്ക് ഞാത്തിയിടുകയാണതു പതിവ്. ചിലപ്പോള്‍, മുഖം മൂടുന്ന നിഖാബ് (മൂടുപടം) ഉണ്ടാവും. അതും കറുത്തതു തന്നെ. പാശ്ചാത്യ നയനങ്ങള്‍ക്ക് അപരിചിതമായ, മനുഷ്യന്റേതല്ലാത്ത ഒരു ഭയാനക ചിത്രം ഒരുക്കുന്നതിനുവേണ്ടിയാണ് സ്ത്രീകളുടെ ഈ ഫോട്ടോകള്‍ എടുക്കുന്നത്. പക്ഷേ, ഓരോ കറുത്ത മൂടുപടത്തിനു മുകളിലും ഒരു ജീവിതം, ഒരു കഥ, ഒരു ഹൃദയം ഉണ്ട്. കറുപ്പണിഞ്ഞ ഒരു ഭൂതം മാത്രമായി അവരെ കാണുന്നവര്‍ ഇതു കാണുന്നില്ല. അവരെ അജ്ഞാത ജീവികളായി കാണുന്നവര്‍, അവരെ ഒരേ മട്ടിലുള്ള വസ്ത്രം ധരിപ്പിച്ച് അജ്ഞാതരാക്കാന്‍ ശ്രമിക്കുന്നവരെ സഹായിക്കുകയാണ്. സ്ത്രീകള്‍-മുസ്‌ലിംകളാവട്ടെ അല്ലാതിരിക്കട്ടെ-ഒരേ മട്ടിലുള്ള വസ്ത്രം ധരിച്ചു കാണുമ്പോള്‍ എനിക്ക് വല്ലായ്മ തോന്നാറുണ്ട്.

'കറുത്ത ചെറുവസ്ത്ര'മോ മീഡിയയിലെ കുഴഞ്ഞാട്ടക്കാരുടെ കറുപ്പുടുപ്പോ മുസ്‌ലിം സ്ത്രീകളുടെ നീളക്കുപ്പായമോ ഏതായാലും കറുപ്പു നിറം ആണ് ആവര്‍ത്തിക്കുന്ന പ്രമേയം എന്നതു വിചിത്രം തന്നെ!

ആകൃതിയില്ലാത്ത ഈ നീണ്ട കറുത്ത വസ്ത്രം പല മുസ്‌ലിം സ്ത്രീകളും തങ്ങളുടെ ശരീര വടിവ് വെളിപ്പെടുത്താതിരിക്കുന്നതിനായി ബോധപൂര്‍വം തെരഞ്ഞെടുത്ത വേഷവിധാനമാണ്. പെണ്ണുടലിനെക്കുറിച്ചു നമുക്കു ചുറ്റും കാണുന്ന സങ്കല്‍പങ്ങളില്‍ മനം മടുത്തവരാണവര്‍: മെലിഞ്ഞ്, കിളരം കൂടിയ, സുവര്‍ണ്ണമുടിയുള്ള മനോഹരി; ഇടതൂര്‍ന്ന മുടി, അഴകാര്‍ന്ന മേനി, സമ്പൂര്‍ണ ചമയം. പെണ്ണുങ്ങള്‍ ഇങ്ങനെ ആയിരിക്കണമെന്നാണ് ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. തങ്ങള്‍ എങ്ങനെയായിരിക്കണമെന്ന അന്യരുടെ സങ്കല്‍പത്തെ നിഷേധിക്കുന്നതിനുള്ള മാര്‍ഗമാണ് മുസ്‌ലിം സ്ത്രീകള്‍ക്ക് കറുത്ത വസ്ത്രം.

എല്ലാ സ്ത്രീകളും ആ വേഷം ഇഷ്ടപ്പെടുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിത്വവും സൗന്ദര്യ സങ്കല്‍പവും പ്രധാനമാണ്. ''ദൈവം സുന്ദരനാണ്. ദൈവം സൗന്ദര്യം ഇഷ്ടപ്പെടുന്നു.'' ഇത് പ്രധാനപ്പെട്ട ഒരിസ്‌ലാമിക വചനമാണ്. മാന്യതയുടെ പൂരകമായി സൗന്ദര്യത്തെ വസ്ത്രത്തിലേക്ക് ഇതുള്‍ച്ചേര്‍ക്കുന്നുവെന്ന് ഞാന്‍ വിചാരിക്കുന്നു. എന്തു തന്നെയായാലും മാന്യത എന്ന ഇസ്‌ലാമിക മൂല്യമാണ് ചര്‍ച്ചയുടെ മര്‍മം. ശിരോവസ്ത്രം അതിലെ ഒരു ഘടകം മാത്രം.

എതിര്‍ലിംഗത്തില്‍പ്പെട്ട ആളെ കാണുമ്പോള്‍ 'ദൃഷ്ടി താഴ്ത്തുക' എന്നതാണ് മാന്യതയിലേക്കുള്ള പ്രഥമ പടിയായി ഖുര്‍ആന്‍ വിശ്വാസികളെയും വിശ്വാസിനികളെയും ഉപദേശിക്കുന്നത്. ഈ വാക്കുകള്‍ പ്രത്യക്ഷമായോ പരോക്ഷമായോ സൂചിപ്പിക്കുന്നത് അന്യോന്യം ലൈംഗികമായി നോക്കാതിരിക്കാനുള്ള പരസ്പര ബഹുമാനം കാണിക്കണമെന്നാണ്. ആ ഘടകം ഒഴിവാക്കിയാല്‍ സാമൂഹിക ബന്ധങ്ങള്‍ അയത്‌ന ലളിതവും സുഗമവുമാവും. ആളുകള്‍ ആഗ്രഹിക്കുന്നത് തങ്ങള്‍ എന്താണോ അതിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തപ്പെടണം എന്നാണ്, കാഴ്ചക്കെങ്ങനെയുണ്ട് എന്ന് നോക്കിയാവരുത്. രൂപഭംഗിയുടെയും ലൈംഗികതയുടെയും അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകള്‍ക്ക് വിധേയരാവുന്നത് സ്ത്രീകളാണ്. 

മാന്യമായ പെരുമാറ്റത്തോടൊപ്പം മാന്യമായ വസ്ത്രധാരണവും ആവശ്യമാണ്. സ്ത്രീയെ സംബന്ധിച്ചിടത്തോളം അത് കൈകളുടെ മണികണ്ഠം വരെയും കാലുകളുടെ ഞെരിയാണി വരെയും മറയുന്ന അയഞ്ഞ വസ്ത്രമാണ്. മിക്ക മുസ്‌ലിംകളും- എല്ലാവരുമല്ല- വിശ്വസിക്കുന്നത് അതില്‍ തലമുടിയും ഉള്‍പ്പെടുമെന്നാണ്. വളരെ ചുരുക്കം പേര്‍ മുഖവും മറക്കേണ്ടതാണെന്നു കരുതുന്നു.

പൊതു ഇടങ്ങളില്‍ മാന്യമായ പെരുമാറ്റവും മാന്യമായ വേഷവിധാനവും അവതരിപ്പിക്കുകവഴി ജീവിതം സുഗമമാക്കുകയാണ് ഇസ്‌ലാം ലക്ഷ്യമാക്കിയത്. സമ്മര്‍ദം കുറഞ്ഞതും ആരും ആരെയും വിധിക്കാത്തതുമായ ജീവിതസാഹചര്യം  സമൂഹത്തെ കൂടുതല്‍ സന്തോഷകരമായി ജീവിക്കാന്‍ പറ്റുന്ന ഒരിടമാക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടെങ്കില്‍ എന്റെ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും ശിരോവസ്ത്രം അണിയുന്നതിലും ഞാന്‍ കൂടുതല്‍ ശ്രദ്ധയും സമയവും ചെലവഴിക്കേണ്ടതുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അത് വിശ്വാസത്തിന്റെ പ്രശ്‌നമായിരുന്നു. ഞങ്ങള്‍ ജീവിക്കുന്ന സമൂഹത്തെ മെച്ചപ്പെടുത്തുന്നതിന് എന്നാലാവുന്ന സംഭാവനകള്‍ ചെയ്യുന്നതിനും ഞാനാഗ്രഹിച്ചു. എപ്പോഴും കാണാവുന്ന ശിരോവസ്ത്രം ഞാന്‍ തെരഞ്ഞെടുത്ത വേഷത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു. ചിലപ്പോള്‍ ഇത്തിരി ഉഷ്ണം ഉണ്ടായേക്കാം. പക്ഷേ, അതിന് അതിന്റേതായ ഗുണം ഉണ്ടായിരുന്നു.

പുരുഷന്മാര്‍, ഹിജാബ് എന്ന വിഷയം ചര്‍ച്ചയ്ക്കു വന്നപ്പോഴൊക്കെ എന്നെ ദേഷ്യം പിടിപ്പിച്ച ഒരു സംഗതി ഉണ്ടായിരുന്നു. പുരുഷന്മാരുടെ അനിയന്ത്രിതമായ കാമത്തില്‍നിന്ന് രക്ഷയരുളുന്നതിനാണ് ഹിജാബ് ധരിക്കുന്നത് എന്ന് ചില മുസ്‌ലിംകള്‍ പറയുന്നു. സ്ത്രീകള്‍ ഹിജാബ് ധരിച്ചിട്ടില്ലെങ്കില്‍ വന്യവികാരങ്ങളാല്‍ നയിക്കപ്പെടുന്ന പാവം പുരുഷന്‍മാരാല്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുമെന്ന്. പുരുഷന്മാര്‍ കാമാസക്തരായ രാക്ഷസന്മാരാണെന്ന ആശയം എന്നെ വേദനിപ്പിച്ചു. പുരുഷന്മാരെ നിയന്ത്രിക്കേണ്ടത് സ്ത്രീകളല്ല. പുരുഷന്മാര്‍ വന്യമൃഗങ്ങളല്ല. സദാചാരവും ധാര്‍മിക ബോധവുമുള്ളവരാണവര്‍. സ്ത്രീകളെ പരിപൂര്‍ണ ബഹുമാനാദരങ്ങളോടെ കാണാന്‍ അവര്‍ക്കു സാധിക്കും. മാന്യമായ പെരുമാറ്റവും വേഷവിധാനവും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ആവശ്യമാണ്. എങ്കിലേ പരസ്പരം ബഹുമാനിക്കുന്ന, സുഖകരമായ സാമൂഹികാന്തരീക്ഷം സാദ്ധ്യമാവുകയുള്ളൂ. രണ്ടു കൂട്ടരെയും വിലയിരുത്തേണ്ടത് രൂപം നോക്കിയാവരുത്, മറിച്ച് അവര്‍ ആരാണെന്ന് നോക്കിയാവണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/82
എ.വൈ.ആര്‍