വാര്‍പ്പ് മാതൃക തകര്‍ത്ത് മുറാദ് അഞ്ചാമന്റെ ചെറുമകള്‍

വാര്‍പ്പ് മാതൃക തകര്‍ത്ത് മുറാദ് അഞ്ചാമന്റെ ചെറുമകള്‍
93 ദിവസം മാത്രം ഭരണം നടത്തിയ തുര്‍ക്കിയിലെ ഉസ്മാനി ഖലീഫയാണ് മുറാദ് അഞ്ചാമന്‍ (1840-1904). സുഖലോലുപന്‍ എന്നല്ലാതെ മറ്റൊന്നും അദ്ദേഹത്തെക്കുറിച്ച് പറയാനില്ല. പക്ഷേ അദ്ദേഹത്തിന്റെ പേര് ഇപ്പോള്‍ ഇടക്കിടെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് കെനിസ് മുറാദ് എന്ന എഴുത്തുകാരിയുടെ അപ്പൂപ്പന്‍ എന്ന നിലക്കാണ്. ഏറെ ജനശ്രദ്ധ പിടിച്ച് പറ്റിയ അവരുടെ നോവലാണ് In the City of Gold and Silver. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇന്ത്യയിലെ കൊളോണിയല്‍ ഭരണത്തെ ശക്തമായി നേരിട്ട ബീഗം ഹസ്‌റത്ത് മഹലാണ് ഇതിലെ കേന്ദ്ര കഥാപാത്രം. ബീഗം ഒരു അനാഥയായാണ് വളര്‍ന്നത്. കവിതകളെഴുതിയിരുന്നു. അവധ് ഭരണാധികാരി നവാബ് വാജിദ് അലിഷാ അവരെ വിവാഹം ചെയ്തു. 1857-ല്‍ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ അവര്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ കലാപക്കൊടി ഉയര്‍ത്തി. ബ്രീട്ടീഷുകാര്‍ അവരുടെ ഭര്‍ത്താവിനെ കല്‍ക്കത്തയിലേക്ക് നാട് കടത്തിയപ്പോള്‍ ഭരണമേറ്റെടുത്ത് ബീഗം ബ്രിട്ടീഷുകാരോട് പോരാട്ടം തുടര്‍ന്നു. സമരം പരാജയപ്പെട്ടതോടെ അവര്‍ക്ക് നേപ്പാളില്‍ അഭയം തേടേണ്ടിവന്നു. 1879-ല്‍ അവിടെ വെച്ച് മരിക്കുകയും ചെയ്തു.
എന്തുകൊണ്ട് താന്‍ ഈ സംഭവകഥ നോവലിന് പ്രമേയമാക്കി? കെനിസ് മുറാദിന് വ്യക്തമായ ഉത്തരമുണ്ട്: ''കിഴക്കന്‍ നാടുകളിലെ സ്ത്രീകളെക്കുറിച്ച് വളരെ തെറ്റായ ധാരണകളാണ് ഓറിയന്റലിസ്റ്റുകള്‍ സൃഷ്ടിച്ച് വെച്ചിരിക്കുന്നത്. വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നു അവരുടെ ജീവിതം എന്നാണ് ഓറിയന്റലിസ്റ്റ് പ്രചാരണം. ഇന്ത്യയിലെ സ്ത്രീകള്‍ പാശ്ചാത്യ സ്ത്രീകളേക്കാള്‍ ശക്തരായിരുന്നു എന്ന് സ്ഥാപിക്കുകയാണ് ഞാന്‍ ഈ നോവലിലൂടെ. ഒരു താര്‍ത്താരി പഴഞ്ചൊല്ലുണ്ട്. പുരുഷന്‍ തലയാണ്, സ്ത്രീ കഴുത്തും. കഴുത്ത് എങ്ങോട്ടാണ് പോകാന്‍ ഉദ്ദേശിക്കുന്നത് അങ്ങോട്ടാണ് തല പോവുക. മിക്ക കിഴക്കന്‍ രാജ്യങ്ങളിലും സ്ത്രീകളുടെ സ്ഥാനം അതാണ്. ഇന്ത്യയിലും അങ്ങനെയായിരുന്നു.''
പാരീസിലാണ് കെനിസ് മുറാദ് വളര്‍ന്നത്. അവരുടെ പ്രശസ്ത നോവലായ Regards From the Dead Princess മൂന്ന് മില്യന്‍ കോപ്പികളാണ് ഫ്രാന്‍സില്‍ മാത്രം വിറ്റഴിഞ്ഞത്. 30 ഭാഷകളിലേക്ക് അത് പരിഭാഷപ്പെടുത്തപ്പെടുകയും ചെയ്തു. തന്റെ മാതാവായ സല്‍മയുടെ കണ്ണിലൂടെ ഉസ്മാനി സാമ്രാജ്യത്തിന്റെ തകര്‍ച്ച വിവരിക്കുകയാണ് ഈ നോവലില്‍ കെനിസ് മുറാദ്.
ന്യൂ ഇംഗ്ലണ്ടിലെ പള്ളിക്ക് അമ്പത് വര്‍ഷം
അമേരിക്കന്‍ ഐക്യനാടുകളുടെ (യു.എസ്.എ) വടക്ക് കിഴക്കന്‍ അറ്റത്ത് സ്ഥിതി ചെയ്യുന്ന അഞ്ച് സ്റ്റേറ്റുകള്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ന്യൂഇംഗ്ലണ്ട്. അവിടത്തെ ഏറ്റവും പഴക്കമുള്ള പള്ളിക്ക് കഴിഞ്ഞ നവംബര്‍ 22-ന് അമ്പത് വര്‍ഷം തികഞ്ഞു. 1964-ല്‍ ക്വിന്‍സിയിലാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത്. ഒപ്പം ഒരു ഇസ്‌ലാമിക് സെന്ററും പ്രവര്‍ത്തനക്ഷമമായി. പാട്രിക് റോനന്‍ റിപ്പോര്‍ട്ട് പ്രകാരം, ഈ പള്ളി സ്ഥാപിച്ചത് ലബനാനില്‍ നിന്നെത്തിയ അബ്രഹാംസ്, അലൈസ്, അമീന്‍സ്, ഡര്‍ബീസ്, അല്‍ദീബ്‌സ്, ഹസന്‍സ്, ഒമര്‍സ് എന്നീ ഏഴ് കുടുംബങ്ങളാണ്. ഇപ്പോഴിവിടെ ആയിരത്തിലധികം മുസ്‌ലിം കുടുംബങ്ങളുണ്ട്. അവര്‍ 36 രാജ്യങ്ങളില്‍ നിന്ന് എത്തിയവരുമാണ്. ഷാരോണ്‍ എന്ന സ്ഥലത്തും പള്ളിയും ഇസ്‌ലാമിക് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. ക്വിന്‍സിയിലുള്ള പള്ളിയും ഇസ്‌ലാമിക് സെന്ററും വികസിപ്പിക്കാനുള്ള ഒന്നര മില്യന്‍ ഡോളറിന്റെ ഒരു പ്രോജക്ട് അവിടത്തെ മുസ്‌ലിം സമൂഹം മുന്നോട്ട് വെച്ചിട്ടുണ്ട്. ആറ് മില്യന്‍ ഡോളറിന്റെ പ്രോജക്ടാണ് ഷാരോണ്‍ പള്ളിക്ക് വേണ്ടി തയാറാക്കിയരിക്കുന്നത്. ഇവയുടെ പൂര്‍ത്തീകരണത്തിന് മുസ്‌ലിം ലോകത്തിന്റെ സഹായം ഇവര്‍ പ്രതീക്ഷിക്കുന്നുണ്ട്.
Comments