ഇസ്‌ലാമിന്റെ വസ്ത്ര സംസ്‌കാരം

പശ്ചിമ ബംഗാളില്‍, മുര്‍ഷിദാബാദ് ജില്ലയിലെ സുലീത്തല ഗ്രാമത്തില്‍ മലയാളി സഹോദരന്‍ നിര്‍മിച്ച 'മസ്ജിദുര്‍റഹ്മ'യുടെ ഉദ്ഘാടനത്തില്‍ ജുമുഅ ഖുത്വ്ബ നിര്‍വഹിക്കാന്‍ അവസരം ലഭിക്കുകയുണ്ടായി. ജുമുഅക്ക് എത്തിയ 300-ല്‍ പരം വരുന്ന സ്ത്രീകള്‍, വ്യത്യസ്ത രീതിയിലുള്ള ബഹുവര്‍ണ വസ്ത്രങ്ങള്‍ ഇസ്‌ലാമിക മര്യാദകള്‍ പാലിച്ചുകൊണ്ട് ധരിച്ചവരായിരുന്നു. പല നിറങ്ങളിലുള്ള വലിയ ഷാളുകള്‍ കൊണ്ട് തലയും മാറിടവും ചുറ്റി പൊതിഞ്ഞിരിക്കുന്നു. എന്തുകൊണ്ടും മാന്യവും കുലീനവുമായ വസ്ത്രധാരണം. തദ്ദേശീയ വസ്ത്രരീതികള്‍ തീര്‍ത്തും നിരാകരിക്കാതെ, അതില്‍ ഇസ്‌ലാമിക നിര്‍ദേശങ്ങള്‍ക്കനുസൃതമായി മാറ്റം വരുത്തുകയാണ് അവര്‍ ചെയ്തത്. ആ സ്ത്രീ സഞ്ചയത്തില്‍ കറുത്ത പര്‍ദ ധരിച്ചവര്‍ തീരെ കുറവായിരുന്നു. 'നിഖാബ്' അണിഞ്ഞ് മുഖം മറച്ചതാകട്ടെ ലഖ്‌നൗവില്‍ നിന്ന് വന്ന ഒരു സ്ത്രീ മാത്രം!
രാജസ്ഥാനില്‍ ബാഡ്മിര്‍ മരുഭൂമിയിലെ സിന്ധി മുസ്‌ലിം സ്ത്രീകളുടെ വസ്ത്രവും വ്യത്യസ്ത നിറങ്ങളിലുള്ളതും പാരമ്പര്യ രൂപത്തിലുള്ളതുമാണ്. കറുത്ത പര്‍ദയും നിഖാബും ധരിച്ചവരെ അവര്‍ക്കിടയില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. മുസ്‌ലിംകളല്ലാത്ത സിന്ധി സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ തന്നെ, ഇസ്‌ലാമികമായ മാറ്റങ്ങളോടെ സ്വീകരിക്കുകയാണ് നൂറ്റാണ്ടുകളായി അവര്‍ ചെയ്തുവരുന്നത്. മുഹമ്മദ് ബ്‌നു ഖാസിമിന്റെ സിന്ധ് ആഗമനത്തോടെ ഇസ്‌ലാം സ്വീകരിച്ച അവര്‍, ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ആദിമ മുസ്‌ലിംകളില്‍ പെട്ടവരാണെന്ന് ഓര്‍ക്കണം. അക്കാലം മുതല്‍ അവര്‍ ഇതേ വസ്ത്രമാണ് ധരിക്കുന്നത്. ബ്ലൗസിന്റെ ഇറക്കം, കൈകളുടെ നീളം എന്നിവയിലേ സിന്ധി മുസ്‌ലിം-അമുസ്‌ലിം സ്ത്രീകള്‍ തമ്മില്‍ വ്യത്യാസങ്ങളുള്ളൂ. മുസ്‌ലിംകളും ഇതരരും സിന്ധി രീതിയില്‍ തലയും മുഖവും മറക്കുകയും ചെയ്യുന്നു. ഇതൊന്നും ഇസ്‌ലാമിക വസ്ത്രമല്ല എന്ന് മതപണ്ഡിതര്‍ ഫത്‌വ നല്‍കിയതായി അറിയാന്‍ കഴിഞ്ഞിട്ടില്ല.
എന്നാല്‍, ഉത്തരേന്ത്യയിലെ ചില മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും ദക്ഷിണേന്ത്യയില്‍ കര്‍ണാടകയിലും കേരളത്തിലും -വിശേഷിച്ചും മലബാറില്‍- മുസ്‌ലിം സ്ത്രീകളുടെ വേഷം കറുത്ത പര്‍ദയിലേക്ക് പരിമിതപ്പെട്ടുവരികയാണ്. മതചടങ്ങുകളില്‍ മാത്രമല്ല, മറ്റു സന്ദര്‍ഭങ്ങളിലും പര്‍ദ - വിശേഷിച്ചും കറുത്ത പര്‍ദ- തെരഞ്ഞെടുക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. സമീപകാലത്താകട്ടെ, മുഖം മറക്കുന്ന 'നിഖാബും' കൈകളില്‍ കറുത്ത ഗ്ലൗസ്സും കാലില്‍ കറുത്ത സോക്‌സും ഉയോഗിക്കുന്ന രീതി, മദ്‌റസ-കോളേജ് വിദ്യാര്‍ഥിനികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ കണ്ടുതുടങ്ങിയിരിക്കുന്നു. ഇസ്‌ലാം സ്ത്രീകള്‍ക്ക് നിശ്ചയിച്ച യൂനിഫോമാണെന്ന് തെറ്റിദ്ധരിപ്പിക്കുംവിധം മുസ്‌ലിം പെണ്ണിന്റെ വേഷം കറുത്ത പര്‍ദയിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നത് അഭിലഷണീയമാണോ? ഇസ്‌ലാം അംഗീകരിച്ച വൈവിധ്യത്തെ നിരാകരിക്കുകയും നിയമങ്ങള്‍ക്കകത്ത് അനുവദിച്ച പ്രാദേശിക ആവിഷ്‌കാരങ്ങളെ റദ്ദ് ചെയ്യുകയുമല്ലേ ഇതിലൂടെ സംഭവിക്കുന്നത്.
ഇസ്‌ലാമിക നവോത്ഥാനം സാധിച്ച മൂല്യവത്കരണം സ്ത്രീയുടെ വേഷത്തിലും ഗുണകരമായ പരിവര്‍ത്തനങ്ങള്‍ വരുത്തിയിട്ടുണ്ടെന്നത് അഭിമാനകരമാണ്. പക്ഷേ, ആ രംഗത്ത് പിന്നീട് അഭിലഷണീയമല്ലാത്ത പ്രവണതകള്‍ പ്രത്യക്ഷപ്പെട്ടതിന്റെയോ സന്തുലിതത്വം നഷ്ടപ്പെടുന്നതിന്റെയോ അടയാളങ്ങളിലൊന്നായി കറുത്ത പര്‍ദയുടെ അതിപ്രസരത്തെ കാണാവുന്നതല്ലേ? നിഷ്പക്ഷ ബുദ്ധിയോടെ വിഷയം വിശകലനം ചെയ്യാനും ആവശ്യമെങ്കില്‍ തിരുത്തലുകള്‍ വരുത്താനും ജാഗ്രതയുണ്ടാവണം. ഇപ്പോള്‍ മലബാറില്‍ പടര്‍ന്നു പിടിക്കുന്ന 'കുഴിമന്തി' എന്ന ഭക്ഷണം ഉള്‍പ്പെടെയുള്ള അറേബ്യന്‍ രീതികളുടെ അമിതമായ കുടിയേറ്റം, പര്‍ദ കമ്പനികളുടെ കച്ചവട താല്‍പര്യം, മത തീവ്രവാദം, ഇസ്‌ലാമിന്റെ വൈവിധ്യതകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതില്‍ വന്ന ജാഗ്രതക്കുറവ് തുടങ്ങിയവ ചില പരിമിതികള്‍ക്കും വീഴ്ച്ചകള്‍ക്കും കാരണമാകുന്നുണ്ട്. അതിലൊന്നാണ് കറുത്ത പര്‍ദയും മുഖംമൂടിയും വ്യാപകമാകുന്നത്.
ഇഷ്ടമുള്ള വസ്ത്രം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ജനാധിപത്യപരമായ മൗലികാവകാശമാണ്. ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിക്കാനും പാതി മാത്രം മറയുന്നത് അണിയാനും സ്വാതന്ത്ര്യമുണ്ട്. ഈ രണ്ട് വസ്ത്രരീതിയെയും മാന്യമായി വിമര്‍ശിക്കാനും ഇതേ സ്വാതന്ത്ര്യം നല്‍കുന്നതാണ് ജനാധിപത്യ മര്യാദ. അവകാശത്തിനു വേണ്ടി വീറോടെ വാദിക്കുകയും വിമര്‍ശനങ്ങള്‍ക്കു നേരെ അസഹിഷ്ണുത പ്രകടിപ്പിക്കുകയും ചെയ്യുന്നത് നീതിയല്ലല്ലോ. രണ്ടു കാര്യങ്ങള്‍ ഇവിടെ പ്രസക്തമാണ്. ഒന്ന്, വംശവെറിയുടെയും ഇസ്‌ലാമോഫോബിയയുടെയും ഭാഗമായി മുസ്‌ലിം സ്ത്രീയുടെ വേഷത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ ശക്തമായി പ്രതിരോധിക്കാനായിട്ടുണ്ട്. അത് അനിവാര്യവും അഭിനന്ദനാര്‍ഹവുമാണ്. പക്ഷേ, പര്‍ദ മാത്രമാണ് ശരി എന്ന് തോന്നും വിധത്തിലായിപ്പോയോ തങ്ങളുടെ അവതരണം എന്നു കൂടി ആത്മപരിശോധന നടത്തേണ്ടതുണ്ട്. വിമര്‍ശകവാദങ്ങളുടെ മറുവശം ചൂണ്ടിക്കാണിച്ച് മൗലികാവകാശവും ഹിജാബിന്റെ നന്മകളും ഊന്നിപ്പറയുമ്പോള്‍ തന്നെ, മുസ്‌ലിം സമുദായത്തെ അഭിമുഖീകരിച്ച് ഇസ്‌ലാമിന്റെ സന്തുലിത നിലപാട് പഠിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഒരേ വിഷയത്തില്‍, പ്രബോധിത സമൂഹത്തെയും മുസ്‌ലിം ഉമ്മത്തിനെയും അനുയോജ്യമായ വിധത്തില്‍ അഭിസംബോധന ചെയ്യാന്‍ സാധിക്കണം. രണ്ടാമത്, ഏതു ജനവിഭാഗത്തിന്റെയും സാമൂഹിക പ്രതിനിധാനം അവരുടെ ആശയങ്ങളുടെ പ്രകടനങ്ങള്‍ കൂടിയാണ്. ആദര്‍ശ പ്രബോധക സംഘം എന്ന നിലയില്‍ മുസ്‌ലിം ഉമ്മത്തിന്റെ ഏതൊരു സാമൂഹിക പ്രതിനിധാനവും പ്രബോധിത സമൂഹത്തെ കൂടി പരിഗണിച്ചുകൊണ്ടാകേണ്ടത് ഇസ്‌ലാമിന്റെ വിശാല താല്‍പര്യത്തില്‍ പെടുന്നു. അതുകൊണ്ട് വ്യക്തി-സമുദായ അവകാശങ്ങളുമായി മാത്രം ബന്ധപ്പെടുത്തിയല്ല, ഇസ്‌ലാമിക ദര്‍ശനത്തിന്റെ സൗന്ദര്യാത്മക അവതരണം കൂടി പരിഗണിച്ചാകണം ഇത്തരം വിഷയങ്ങളെ സമീപിക്കേണ്ടത്.
പര്‍ദ മാത്രമാണോ?
മനുഷ്യപ്രകൃതത്തെ പരിഗണിച്ചുകൊണ്ട് നിയമനിര്‍ദേശങ്ങള്‍ നല്‍കിയപ്പോള്‍ അടിസ്ഥാന തത്ത്വങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് സാധ്യമാകുന്നേടത്തോളം വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ ഇസ്‌ലാം ശ്രദ്ധിച്ചിട്ടുണ്ട്. മനുഷ്യാഭിരുചികളുടെ വൈജാത്യങ്ങളും പ്രാദേശികതകളുടെ വ്യത്യസ്തകളും ആവിഷ്‌കരിക്കാന്‍ നിയമത്തിനകത്ത് നല്‍കപ്പെട്ട സ്വാതന്ത്ര്യം ഇതിന്റെ ഭാഗമാണ്. ഖുര്‍ആന്‍ അവതരിച്ചത് അറബിയിലായതിനാലും മുഹമ്മദ് നബി ജീവിച്ചത് അറബ് നാട്ടിലായതിനാലും അറേബ്യയുടെ തനത് സംസ്‌കൃതി ലോകത്തെമ്പാടുമുള്ള മുസ്‌ലിംകള്‍ സ്വീകരിക്കണമെന്ന് ഒരു വിധത്തിലുള്ള ശാസനയും നിര്‍ദേശവും നല്‍കപ്പെട്ടതായി അറിയില്ല. വസ്ത്രം, ഭക്ഷണം തുടങ്ങിയവ ഇതില്‍ പ്രധാനമാണ്.
മുസ്‌ലിം സ്ത്രീയോ പുരുഷനോ, പ്രത്യേക രൂപത്തിലോ ഇനത്തിലോ നിറത്തിലോ ഉള്ള വസ്ത്രം ധരിക്കണമെന്ന് വിശുദ്ധ ഖുര്‍ആനോ പ്രവാചക ചര്യയോ നിര്‍ദേശിച്ചിട്ടില്ല. പ്രവാചക ശിഷ്യരോ പില്‍ക്കാല പണ്ഡിതരോ മുസ്‌ലിംകള്‍ക്ക് സവിശേഷ രീതിയിലുള്ള വസ്ത്രം നിശ്ചയിച്ചിട്ടേ ഇല്ല. സ്ത്രീകളോട്, സ്വാഭാവികമായി പുറത്ത് കാണുന്ന ഭാഗങ്ങള്‍ ഒഴികെ, ശരീരം മറക്കുന്നതും ആകാര ഭംഗി നിഴലിച്ചുകാണാത്ത വിധം കട്ടിയും വിശാലതയും ഉള്ളതുമാകണം വസ്ത്രം എന്നാണ് ഇസ്‌ലാം നിര്‍ദേശിച്ചത്. എന്നാല്‍, മാറിടത്തിലേക്ക് വസ്ത്രം താഴ്ത്തിയിടണമെന്ന ഖുര്‍ആനിക ശാസനയാണ് സ്ത്രീ വസ്ത്രധാരണവുമായി ബന്ധപ്പെട്ട സവിശേഷ നിര്‍ദേശം. തലമറക്കുന്നതില്‍ കണിശത പുലര്‍ത്തുന്നവര്‍ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നതാണ് ഈ കല്‍പന. മാത്രമല്ല, മാറിടം മറക്കാനുള്ള ഖുര്‍ആനിക നിര്‍ദേശവും മാറു തുറന്നിടാന്‍ കേരളത്തിലെ മേല്‍ജാതിക്കാര്‍ താഴ്ന്ന ജാതി സ്ത്രീകളെ നിര്‍ബന്ധിച്ചതും അതിനെതിരെ മാറു മറക്കല്‍ സമരം നടന്നതും ചേര്‍ത്തു വായിക്കേണ്ടതാണ്. ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്ന ഏതു വസ്ത്രവും അണിയാം. ഇന്ന് 'പര്‍ദ' എന്ന് വിളിക്കപ്പെടുന്ന പ്രത്യേക വസ്ത്രം മാത്രമാണ് മുസ്‌ലിം സ്ത്രീയുടെ വേഷമാകേണ്ടത് എന്ന് ഖുര്‍ആനോ നബിചര്യയോ പഠിപ്പിച്ചിട്ടില്ല.
സ്ത്രീ വേഷം സംബന്ധിച്ച ഖുര്‍ആനിക നിര്‍ദേശങ്ങള്‍ അവതരിക്കുന്ന കാലത്ത് പ്രവാചകനോടൊപ്പം ജീവിച്ച പത്‌നിമാരും പെണ്‍മക്കളും മുസ്‌ലിം സ്ത്രീകളും വിവിധ നിറത്തിലും രൂപത്തിലുമുള്ള വസ്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. തുന്നാത്ത പട്ടു വസ്ത്രം, പട്ടുസാരി, തുണി പോലുള്ള ഒറ്റ വസ്ത്രം, ഉടുതുണി, കുപ്പായം, മുഖമക്കന തുടങ്ങിയവയാണ് അവര്‍ ധരിച്ചിരുന്നത് എന്ന് ഹദീസുകളില്‍ കാണാം.
1. 'ഒറ്റ വസ്ത്രം ധരിച്ച് സ്ത്രീകള്‍ നമസ്‌കരിക്കുന്നത് സംബന്ധിച്ച' അധ്യായത്തില്‍ ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസ്: നബിപത്‌നി ആഇശ(റ) നിവേദനം ചെയ്യുന്നു: ''പട്ടുസാരി ധരിച്ച സ്ത്രീകള്‍ നബിയുടെ കൂടെ സുബ്ഹ് നമസ്‌കാരത്തില്‍ പങ്കെടുത്ത് മടങ്ങി പോയിരുന്നു'' (ബുഖാരി, മുസ്‌ലിം). ഹദീസില്‍ മിര്‍ത്വ് എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. പട്ട്, കമ്പിളി, ചണ (ലിനന്‍) എന്നിവ കൊണ്ടുള്ള തുണിയായി ഉപയോഗിക്കുന്ന തുന്നാത്ത ഒറ്റ വസ്ത്രമാണ് മിര്‍ത്വ് (അല്‍ മുഅ്ജമുല്‍ വസീത്വ്, പേജ് 901, കയ്‌റോ- 1972 മെയ്). തുണിയായോ അരക്കച്ചയായോ ഉപയോഗിക്കുന്ന വസ്ത്രം (ഇസാര്‍) എന്നാണ് മുഅ്ജമുല്‍ വസീത്വിന്റെ വിവരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. അല്‍ മന്‍ഹല്‍ അറബി മലയാളം നിഘണ്ടുവില്‍ മിര്‍ത്വിന് നല്‍കിയ ഒന്നാമത്തെ അര്‍ഥം 'തുന്നാത്ത വസ്ത്രം' എന്നാണ്. രോമവസ്ത്രം, പട്ടു വസ്ത്രം, സാരി എന്നിവയാണ് മറ്റു അര്‍ഥങ്ങള്‍ (പേജ് 661, എഡിഷന്‍ 11, നവംബര്‍ 2003). പ്രസിദ്ധ അറബി ഡിക്ഷനറി ലിസാനുല്‍ അറബില്‍ പട്ടിന്റെ പുതപ്പും തുന്നാത്ത എല്ലാ വസ്ത്രവുമാണ് മിര്‍ത്വ് എന്നു പറയുന്നു (13).
'തുന്നാത്ത വസ്ത്രം' എന്ന ഹദീസിലെ പ്രയോഗത്തില്‍ നിന്ന് ഇന്ന് 'പര്‍ദ'യെന്ന് വിളിക്കുന്ന വസ്ത്രമായിരുന്നില്ല നബി പത്‌നിമാരും സ്വഹാബി വനിതകളും ധരിച്ചിരുന്നത് എന്ന് വ്യക്തം.
2. ഉമ്മു സലമയില്‍ നിന്ന് അബൂദാവൂദ് ഉദ്ധരിച്ച ഹദീസ്: ഉമ്മ സലമ നബിയോട് ചോദിച്ചു: ''പെണ്‍കുപ്പായവും (ഖമീസ്വ്) മുഖമക്കനയും (ഖിമാര്‍) ധരിച്ച് സ്ത്രീകള്‍ക്ക് നമസ്‌കരിക്കാമോ?'' 'കാല്‍പാദങ്ങള്‍ മറയുമെങ്കില്‍ അനുവദനീയമാണെന്ന്' നബി മറുപടി പറഞ്ഞു. നീളക്കുപ്പായം, പെണ്‍കുപ്പായം, ഗൗണ്‍ എന്നൊക്കെയാണ് ഖമീസ്വിന്റെ അര്‍ഥം.ഖമീസ്വിനെ വിശദീകരിക്കാന്‍ ഉപയോഗിച്ച 'ദിര്‍അ്' എന്ന പദത്തിനാകട്ടെ സ്ത്രീകള്‍ വീട്ടില്‍ ധരിക്കുന്ന വസ്ത്രം, സ്ത്രീകളുടെ അടിയുടുപ്പ് എന്നൊക്കെയാണ് അര്‍ഥം (അല്‍മന്‍ഹല്‍). അല്‍ മുഅ്ജമുല്‍ വസിത്വീല്‍ ഖമീസ്വിന് നല്‍കിയിരിക്കുന്ന അര്‍ഥങ്ങള്‍ മേല്‍ വസ്ത്രത്തിന് (ദിസാര്‍) താഴെ ഉപയോഗിക്കുന്ന അടിവസ്ത്രം (ശിആര്‍), മേല്‍ വസ്ത്രം-മേല്‍കുപ്പായം- മൂടുപുടവ (ജില്‍ബാബ്), ശരീരം മറയുന്ന കോട്ടിന് (സുത്‌റ) താഴെ ധരിക്കുന്ന നേര്‍ത്ത വസ്ത്രം എന്നൊക്കെയാണ്. മേല്‍ വസ്ത്രം ധരിക്കാതെ, വീട്ടില്‍ സാധാരണ ധരിക്കുന്ന നേര്‍ത്ത വസ്ത്രത്തില്‍ നമസ്‌കരിക്കാമോ എന്ന ഉമ്മു സലമയുടെ ചോദ്യവും നബിയുടെ മറുപടിയും ശ്രദ്ധിച്ചാല്‍ ഖമീസ് എന്നതും ഇന്നത്തെ പര്‍ദയെക്കുറിക്കുന്ന പ്രയോഗമല്ല എന്നാണ് മനസ്സിലാകുന്നത്.
3. നബി പുത്രി ഉമ്മു കുല്‍സുമിനെ കഫന്‍ ചെയ്തതു സംബന്ധിച്ച് ഉമ്മു അത്വിയ്യയില്‍ നിന്ന് അബൂദാവൂദ് ഉദ്ധരിച്ചത് കാണുക: ''നബിയുടെ മകള്‍ ഉമ്മു കുത്സൂമിനെ ഉടുതുണി, കുപ്പായം, മുഖമക്കന, ചുറ്റിപൊതിയുന്ന രണ്ടു കഷ്ണം വസ്ത്രം എന്നിവയിലാണ് കഫന്‍ ചെയ്തത്'' (അബൂദാവൂദ്). രണ്ട് ആശയങ്ങള്‍ ഈ ഹദീസില്‍ നിന്ന് ലഭിക്കുന്നു. ഒന്ന്, ജീവിച്ചിരിക്കെ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കഫന്‍ ചെയ്യാനും ഉപയോഗിച്ചു. രണ്ട്, തുണിയും കുപ്പായവും മുഖമക്കനയും ധരിക്കുന്ന സമ്പ്രദായം നബിയുടെ കാലത്ത് മകള്‍ ഉള്‍പ്പെടെ മുസ്‌ലിം സ്ത്രീകള്‍ക്ക് ഉണ്ടായിരുന്നു.
ജില്‍ബാബ് പര്‍ദയാണോ?
സ്ത്രീ വസ്ത്രവുമായി ബന്ധപ്പെട്ട് ഖുര്‍ആനിലും ഹദീസിലും ഉപയോഗിച്ചിട്ടുള്ള പദമാണ് ജില്‍ബാബ്. ''പ്രവാചകരേ, താങ്കളുടെ ഭാര്യമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും തങ്ങളുടെ ജില്‍ബാബ് ശരീരത്തില്‍ താഴ്ത്തിടയിടണമെന്ന് കല്‍പിക്കുക'' (അല്‍അഹ്‌സാബ് 59). ഉമ്മു അത്വിയ്യ നിവേദനം ചെയ്യുന്നു: ''ഒരു സ്ത്രീ നബിയോട് ചോദിച്ചു: ഞങ്ങളിലൊരാള്‍ക്ക് ജില്‍ബാബ് ഇല്ലെങ്കില്‍ എന്തു ചെയ്യണം? അവള്‍ക്ക് സഹോദരിയുടെ ജില്‍ബാബില്‍ നിന്ന് ഒന്ന് ധരിക്കാന്‍ കൊടുക്കട്ടെ എന്ന് നബി നിര്‍ദേശിച്ചു'' (സ്വഹീഹുല്‍ ബുഖാരി).
പ്രത്യേക രൂപത്തിലുള്ള ഒരു ഇനം വസ്ത്രമല്ല ജില്‍ബാബ്. ഇസ്‌ലാം നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ഏതു രൂപത്തിലുള്ള വസ്ത്രത്തെയും ഉള്‍ക്കൊള്ളാവുന്ന പ്രയോഗമാണത്. അറബി ഭാഷയിലെ ആധികാരിക നിഘണ്ടുവായി പരിഗണിക്കപ്പെടുന്ന ലിസാനുല്‍ അറബ്, കുപ്പായം (ഖമീസ്), വിശാലമായതും രിദാഇന് താഴെ ധരിക്കുന്നതും സ്ത്രീകള്‍ തലയും മാറിടവും മറക്കുന്നതുമായ വസ്ത്രം എന്നീ അര്‍ഥങ്ങളാണ് ജില്‍ബാബിന് നല്‍കിയത്. ''സ്ത്രീകള്‍ ധരിക്കുന്ന വിശാലതയുള്ള വസ്ത്രം, തണുപ്പിന് ഉപയോഗിക്കുന്ന വസ്ത്രം (മില്‍ഹഫ) പോലെ സ്ത്രീകള്‍ മുകളില്‍ ഉപയോഗിക്കുന്ന വസ്ത്രം, മുഖമക്കന എന്നൊക്കെ പറയപ്പെടുന്നു'' എന്നും ഇബ്‌നു മന്‍ദ്വൂര്‍ ഉദ്ധരിക്കുന്നു. 'ജില്‍ബാബ് ഇല്ലാത്തവള്‍ക്ക് കൂട്ടുകാരി ഒന്ന് നല്‍കട്ടെ' എന്ന ഉമ്മു അത്വിയ്യ നിവേദനം ചെയ്ത ഹദീസ് ഉദ്ധരിച്ചുകൊണ്ട് ജില്‍ബാബ് എന്നാല്‍ 'തുണി' (ഇസാര്‍) ആണെന്നും ലിസാനുല്‍ അറബില്‍ പറയുന്നു. 'അവര്‍ തങ്ങളുടെ ജില്‍ബാബുകള്‍ താഴ്ത്തിയിടട്ടെ' എന്ന ആയത്ത് ഉദ്ധരിച്ചുകൊണ്ട് ഇബ്‌നു സകീതിന്റെയും ആമിരിയ്യയുടെയും അഭിപ്രായത്തില്‍ ജില്‍ബാബ് എന്നാല്‍ 'ഖിമാര്‍' ആണെന്നും ഇബ്‌നു മന്‍ദ്വൂര്‍ വ്യക്തമാക്കുന്നു (ലിസാനുല്‍ അറബ്- അല്ലാമ അബുല്‍ ഫദ്ല്‍ ജമാലുദ്ദീന്‍ മുഹമ്മദ് ബ്‌നു മന്‍ദൂര്‍ മിസ്വ്‌രി, 1/272-273, ദാറുബൈറൂത്ത്, 1968).
കുപ്പായം (ഖമീസ്വ്), ശരീരം മുഴുവന്‍ മറയുന്ന വസ്ത്രം, മുഖമക്കന (ഖിമാര്‍), വസ്ത്രത്തിനു (സൗബ്) മുകളില്‍ ധരിക്കുന്ന കോട്ട് (മില്‍ഹഫ) പോലുള്ളത്, മേലാട (മുലാഅ) എന്നിങ്ങനെയാണ് യഥാക്രമം അല്‍ മുഅ്ജമുല്‍ വസീത്വില്‍ ജില്‍ബാബിന് നല്‍കുന്ന അര്‍ഥങ്ങള്‍ (1-2/ പേജ് 149). 'കുപ്പായം, മുഖമക്കന' എന്നാണ് ഖാമുസില്‍ നല്‍കിയിട്ടുള്ളത് (1/817). മുഖമക്കനയെക്കാള്‍ വലിയ വസ്ത്രം എന്നാണ് ഖുര്‍ത്വുബി ജില്‍ബാബിന് നല്‍കുന്ന വിശദീകരണം (അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍- 7/13,14 പേജ് 243, ദാറുല്‍ കുതുബ്, കയ്‌റോ- 1967). 'ഇബ്‌നു അബ്ബാസും ഇബ്‌നു മസ്ഊദും തട്ടം (രിദാഅ്) എന്നാണ് പറഞ്ഞിരിക്കുന്നത്. മുഖം മറക്കുന്നത് എന്നും പറയപ്പെട്ടിട്ടുണ്ട്. എന്നാല്‍ ശരീരം മുഴുവന്‍ മറയുന്ന വസ്ത്രമാണ് ജില്‍ബാബ്' എന്നൊക്കെ ഖുര്‍ത്വുബി വിശദീകരിച്ചിട്ടുണ്ട് (അതേ പുസ്തകം).
ഇബ്‌നു കസീര്‍ ഈ സൂക്തത്തിന് നല്‍കിയ വിശദീകരണത്തില്‍ ജില്‍ബാബിനെ നിര്‍വചിച്ചിരിക്കുന്നത് ഇപ്രകാരമാണ്: മുഖമക്കനക്ക് മുകളില്‍ ധരിക്കുന്ന തട്ടം (രിദാഅ്) ആണ് ജില്‍ബാബ്. ഇബ്‌നു മസ്ഊദ്, ഉബൈദ, ഖതാദ, ഹസനുല്‍ ബസ്വരി സഈദ്ബ്‌നു ജുബൈര്‍, ഇബ്‌റാഹീമുന്നഖഈ, അത്വാഅ്, ഖുറാസാനി തുടങ്ങിയവരും ഇതേ അര്‍ഥമാണ് നല്‍കിയിട്ടുള്ളത്. ഇന്ന് (അരയുടുപ്പ്, അരക്കച്ചി, പുതപ്പ്, ശരീരമം മറക്കാനുപയോഗിക്കുന്ന വസ്ത്രം എന്നൊക്കെ അര്‍ഥം പറയുന്ന) ഇസാര്‍ ആണ് ജില്‍ബാബ് കൊണ്ട് ഉദ്ദേശിക്കുന്നത് (തബ്‌സീറു ഇബ്‌നു കസീര്‍ 3/518, 519).
ഇസ്‌ലാം സ്ത്രീകള്‍ക്ക് ഒരു ഇനം വസ്ത്രം മാത്രം നിര്‍ദേശിക്കുന്നില്ലെന്നും മുസ്‌ലിം സ്ത്രീകള്‍ നബിയുടെ കാലത്ത് വൈവിധ്യമാര്‍ന്ന വസ്ത്രധാരണ രീതി സ്വീകരിച്ചിരുന്നുവെന്നും ഖുര്‍ആന്‍, ഹദീസ് വിവരണങ്ങളില്‍ നിന്ന് വ്യക്തമാണ്. ഒരേയൊരു രൂപത്തിലും നിറത്തിലുമുള്ള വസ്ത്രമേ ഉപയോഗിക്കാവൂ എന്ന് നിര്‍ദേശിക്കാന്‍ മാത്രം അരസികനായിരുന്നില്ല പ്രവാചകന്‍. സാധ്യമാകുന്ന മേഖലകളില്‍ വൈവിധ്യതകളെ നിലനിര്‍ത്താനാണ് അനുഷ്ഠാനങ്ങളുടെ വിശദാംശങ്ങളില്‍ വരെ നബി ശ്രദ്ധിച്ചത്. വൈധ്യത്തിലെ സൗന്ദര്യത്തെ ഇത്രമേല്‍ അംഗീകരിച്ച ഇസ്‌ലാമിക ദര്‍ശനത്തെ സ്ത്രീവേഷത്തിലെ കറുപ്പില്‍ മുക്കിക്കളയുന്നത് അനീതിയാണ്.
നിലവിലുള്ള തദ്ദേശീയ വസ്ത്ര രീതി മാറ്റാതെ അതിനെത്തന്നെ ഇസ്‌ലാമികവത്കരിക്കുകയാണ് ഖുര്‍ആന്‍ ചെയ്തത്. അറബികള്‍ 'തട്ടം' തലയില്‍ ചുറ്റി പുറകിലേക്ക് ഇടുകയായിരുന്നു പതിവ്. അത് മാറ്റി, തട്ടം മാറിടത്തിലേക്ക് വലിച്ചിടണം എന്ന് ഖുര്‍ആന്‍ നിര്‍ദേശിച്ചു. പ്രാദേശികതയെ ഉടച്ചുവാര്‍ക്കുകയല്ല, ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തുകയാണ് ചെയ്തത്. ഇത് മറ്റു പല വസ്ത്രങ്ങളിലും ചെയ്യാവുന്നതും മുസ്‌ലിം ലോകം പുരാതനകാലം മുതലേ അനുവര്‍ത്തിച്ചു വന്നിട്ടുള്ളതുമാണ്. സാരിയും ബ്ലൗസും ഉദാഹരണം. ഹാഫ് ബ്ലൗസ് ധരിച്ച്, സാരിയുടെ മുന്താണി മടക്കി ചുമലിലൂടെ താഴോട്ടിടുന്നതാണ് അമുസ്‌ലിം സ്ത്രീകളുടെ രീതി. മുസ്‌ലിം സ്ത്രീകള്‍, ഇറക്കം കൂടിയ ബ്ലൗസ് ഉപയോഗിച്ചു, സാരി തലപ്പ് നിവര്‍ത്തി ചുമലിലൂടെ മാറിടത്തിലേക്ക് ചുറ്റി പൊതിഞ്ഞു, മഫ്തയും അധികമായി ധരിച്ചു- ഇങ്ങനെ 'സാരി' ഉടുക്കുന്ന രീതി പരിഷ്‌കരിച്ച് ഇസ്‌ലാമികമായി ഉപയോഗിക്കുകയാണ് ചെയ്തത്. ചുരിദാറിലും ഇതു കാണാം. അമുസ്‌ലിം സ്ത്രീകള്‍ ചുരിദാറിന് കഴുത്തിന്റെ ഭാഗത്ത് എംബ്രോയ്ഡറി ചെയ്യുന്നു, ഷാള്‍ ചുമലിലൂടെ താഴോട്ട് ഇടുന്നു, അല്ലെങ്കില്‍ കഴുത്തിലൂടെ ചുറ്റിയിടുന്നു. അതേസമയം, ഇതേ ചുരിദാര്‍ തന്നെ മുസ്‌ലിം സ്ത്രീകള്‍ ചെറിയ വ്യത്യാസത്തോടെയാണ് ധരിക്കുന്നത്. കഴുത്തിനു പകരം താഴ് ഭാഗത്ത് എംബ്രോയ്ഡറി ചെയ്യുന്നു, മഫ്ത ധരിക്കുന്നു, ഷാള്‍ കൊണ്ട് മാറിടത്തിലൂടെ പുതക്കുന്നു. ഇതിനു സമാനമായിരുന്നില്ലേ ഖുര്‍ആന്‍ അറേബ്യന്‍ വസ്ത്രത്തില്‍ വരുത്തിയ പരിഷ്‌കാരം!
പര്‍ദയും ഹിജാബും
'പര്‍ദ' എന്ന് വിളിക്കപ്പെടുന്ന വസ്ത്രം അറേബ്യയില്‍ നിലവിലുണ്ടായിരുന്നതോ, നബിയുടെ കാലത്ത് മുസ്‌ലിം സ്ത്രീകള്‍ ഉപയോഗിച്ചിരുന്നതോ അല്ല. 'പര്‍ദ' എന്ന പദം തന്നെ പേര്‍ഷ്യന്‍ ഭാഷയാണ്. 'മറ' എന്നാണ് അതിനര്‍ഥം. സമാനാര്‍ഥത്തിലുള്ള അറബി പദമാണ് 'ഹിജാബ്'. ഒരു പ്രത്യേക വസ്ത്രത്തിന്റെ പേരായോ, സ്ത്രീവസ്ത്രം എന്ന അര്‍ഥത്തിലോ 'ഹിജാബ്' എന്ന പദം ഖുര്‍ആനും ഹദീസും ഉപയോഗിച്ചിട്ടില്ല. യഥാര്‍ഥത്തില്‍ ഇസ്‌ലാമിന് മുമ്പേ പേര്‍ഷ്യന്‍ മജൂസി സ്ത്രീകളുടെ വസ്ത്രമായിരുന്നു കറുത്ത പര്‍ദ. ഇസ്‌ലാം സ്വീകരിച്ച ശേഷവും അവര്‍ അതേ കറുത്ത പര്‍ദ തന്നെ തുടര്‍ന്നു. അതേസമയം അറേബ്യയില്‍ മറ്റു പല വസ്ത്രങ്ങളുമാണ് സ്ത്രീകള്‍ ഉപയോഗിച്ചിരുന്നതെന്ന് മുന്‍ വിവരണങ്ങളില്‍ നിന്ന് വ്യക്തമാണല്ലോ. വെളുപ്പ്, പച്ച,ചുകപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍ നബി(സ) ഉപയോഗിച്ചിരുന്നു. വെള്ളവസ്ത്രം നബി പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ സ്ത്രീ-പുരുഷ വ്യത്യാസമില്ല. കേരളത്തിലും മുമ്പ് വെളുത്തതും ഇളം നീല നിറമുള്ളതുമായ ബുര്‍ഖകളാണ് ഉപയോഗിച്ചിരുന്നത്. സ്ത്രീവസ്ത്രത്തില്‍ കറുപ്പിന് പ്രത്യേകമായ പരിഗണന ഇസ്‌ലാം നല്‍കിയിട്ടില്ല. പേര്‍ഷ്യന്‍ വസ്ത്രവും കറുത്ത നിറവും പിന്നീട് അറേബ്യന്‍ സ്ത്രീ വേഷമായി മാറുകയാണുണ്ടായത്. അതിന് രാഷ്ട്രീയമായ കാരണങ്ങള്‍ കൂടി ഉണ്ടായിരുന്നുവെന്നാണ് മനസ്സിലാകുന്നത്. അമവികള്‍ക്ക് ശേഷം ശീഈ-പേര്‍ഷ്യന്‍ സ്വാധീനമുള്ള അബ്ബാസികളുടെ ഭരണം വന്നു. അവര്‍ കറുത്ത കൊടിയും കഅ്ബയില്‍ കറുത്ത കില്ലയും ഉപയോഗിച്ചു. അങ്ങനെ കറുത്ത പര്‍ദയും പേര്‍ഷ്യക്കാരില്‍ നിന്ന് അറേബ്യയില്‍ എത്തി. ഈ 'പര്‍ദ'ക്ക് രൂപമാറ്റം വരുത്തി പിന്നീട് ഉപയോഗിച്ചു തുടങ്ങിയതാകാം 'അബായ' എന്ന പേര്!
എന്നാല്‍, ഇസ്‌ലാം അനുശാസിക്കുന്ന വസ്ത്ര സംസ്‌കാരത്തെ നന്നായി പ്രതിനിധാനം ചെയ്യുന്ന വസ്ത്രങ്ങളില്‍ ഒന്നാണ് പര്‍ദ. അയഞ്ഞു തൂങ്ങിയ, ശരീരം മുഴുവന്‍ മറക്കുന്ന അതിന്റെ രൂപം മാതൃകാപരമാണ്. സ്ത്രീകള്‍ക്ക് ഏതവസരത്തിലും എളുപ്പത്തില്‍ ധരിക്കാനും പ്രയാസരഹിതമായി ഉപയോഗിക്കാനും കഴിയുന്നത് പര്‍ദയുടെ ഗുണങ്ങളില്‍ പെടുന്നു. പര്‍ദ ധരിക്കുമ്പോള്‍ സുരക്ഷിതത്വബോധം അനുഭവപ്പെടുന്നുവെന്ന് വ്യത്യസ്ത മതക്കാര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ ഗുണവശങ്ങള്‍ എല്ലാം ഉണ്ടായിരിക്കെത്തന്നെ ഇസ്‌ലാമിക മാനങ്ങള്‍ പൂര്‍ത്തിയാക്കുന്ന വസ്ത്ര രൂപങ്ങളില്‍ ഒന്നു മാത്രമാണ് പര്‍ദ എന്ന് മനസ്സിലാക്കേണ്ടതുണ്ട്. മാത്രമല്ല, ബോഡിഷേപ്പ് വരുത്തി ശരീരത്തിന്റെ അംഗലാവണ്യം പ്രോജക്ട് ചെയ്യപ്പെടുംവിധം വികൃതമാക്കിയും പര്‍ദ അണിയുന്ന രീതി ഇന്ന് വ്യാപകമാണെന്ന് കച്ചവടക്കാര്‍ തന്നെ പറയുന്നു. ഇറുകിയ വസ്ത്രം ധരിക്കുന്നത് പ്രവാചകന്‍ വിലക്കിയിരിക്കെ ബോഡിഷെയ്പ്പ്, ടൈറ്റ്ഫിറ്റ് പര്‍ദകള്‍ എന്ന സങ്കല്‍പം ഇസ്‌ലാമിക മാനദണ്ഡങ്ങളുടെ ലംഘനമായിത്തീരുന്നു.
മറുഭാഗത്ത് പര്‍ദക്ക് പ്രത്യേകമായൊരു അപ്രമാദിത്വം കല്‍പിക്കുകയും മറ്റു വസ്ത്രങ്ങള്‍ പൂര്‍ണ ഇസ്‌ലാമിക സ്വഭാവത്തില്‍ ധരിച്ചാലും അതൊരു കുറച്ചിലായി ഗണിക്കപ്പെടുകയും പര്‍ദ ധാരിണികള്‍ക്കിടയില്‍ ഇതര വസ്ത്രമണിഞ്ഞവര്‍ അവജ്ഞയോടെ വീക്ഷിക്കപ്പെടുകയും ചെയ്യാവതല്ല.
Comments