സമുദായത്തിന് സ്വന്തമായ <br> കര്മപരിപാടികള് വേണം
ബാബരി മസ്ജിദ് ധ്വംസനം മുതല് 'ഘര് വാപസി'വരെയുള്ള സങ്കീര്ണമായ നിരവധി പ്രശ്നങ്ങളുടെ ചുഴിയിലാണ് ഇന്ത്യന് മുസ്ലിംകള്. ഈ പ്രശ്നങ്ങളൊന്നും ഇന്നോ ഇന്നലെയോ പൊട്ടി വീണതല്ല. സ്വാതന്ത്ര്യ പുലരി തൊട്ടേ ഓരോന്നോരോന്നായി അപ്പപ്പോള് പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മഹാനായ മതേതര ജനാധിപത്യവാദി ജവഹര്ലാല് നെഹ്റു പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് നൂറ്റാണ്ടുകളായി മുസ്ലിംകള് നമസ്കരിച്ചുവന്ന ബാബരി മസ്ജിദില് വിഗ്രഹങ്ങള് സ്ഥാപിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ പൗത്രന് പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് മസ്ജിദ് ഹിന്ദുത്വ ഫാഷിസ്റ്റുകള്ക്ക് തുറന്നു കൊടുത്തതും അതിന്റെ മുറ്റത്ത് രാമക്ഷേത്രത്തിന് ശിലാന്യാസം അനുവദിച്ചതും. ഒടുവില് വര്ഗീയകോമരങ്ങള് ആ മസ്ജിദ് തകര്ത്തെറിയുമ്പോള് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നത് കോണ്ഗ്രസ്സുകാരനായ നരസിംഹറാവു ആയിരുന്നു. ബാബരി മസ്ജിദ് മുസ്ലിം പള്ളിയല്ലെന്നോ ഹിന്ദുക്കളുടെ രാമക്ഷേത്രമാണെന്നോ അതവര്ക്ക് വിട്ടുകൊടുക്കണമെന്നോ കോണ്ഗ്രസ്സും അതിന്റെ ഗവണ്മെന്റുകളും ഒരു കാലത്തും പറഞ്ഞിട്ടില്ല. പക്ഷേ, കോണ്ഗ്രസ് ഭരണകാലത്തുതന്നെ പള്ളി തകര്ക്കപ്പെടുകയും അവിടെ താല്ക്കാലിക ക്ഷേത്രമുയരുകയും അതില് പൂജ തുടങ്ങുകയും ചെയ്തു. ബാബരി ഒരു ഉദാഹരണം മാത്രമാണ്. മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്-അത് വര്ഗീയകലാപമായാലും വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും നേരിടുന്ന വിവേചനമായാലും, ഭീകരതയുടെ പേരില് നിരപരാധികളായ മുസ്ലിം യുവാക്കളെ ജയിലിലടക്കുന്നതായാലുമെല്ലാം കേന്ദ്ര -സംസ്ഥാന സര്ക്കാറുകളുടെ നിലപാട് ഇതുതന്നെയാണ്.
മൃദുഹിന്ദുത്വത്തിന്റെ ന്യൂനപക്ഷാവകാശ ധ്വംസനങ്ങള്ക്ക് മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മറയുണ്ടാകും. ഈ മറകള് മുസ്ലിം സമുദായത്തിനുള്ള ഒരു സാന്ത്വനമാണ്. അവരതിനെ രക്ഷാകവചമായി കാണുകയും ചെയ്യുന്നു. നിഷ്പക്ഷമായി നടപ്പാക്കപ്പെടുകയാണെങ്കില് അതങ്ങനെ തന്നെയാണ് താനും. പക്ഷേ തല്പരകക്ഷികളുടെ അജണ്ടകള് നടപ്പാക്കാനുള്ള മറയായപ്പോള് സമുദായം വഞ്ചിക്കപ്പെടുകയായിരുന്നു. തങ്ങളഭിമുഖീകരിക്കുന്ന പ്രയാസങ്ങളെല്ലാം മതേതര ജനാധിപത്യത്തിന്റെ ചട്ടക്കൂടിനകത്ത് പരിഹരിക്കപ്പെടുമെന്നും, വേണ്ടതെല്ലാം സര്ക്കാര് തരുമെന്നും അവര് വ്യാമോഹിച്ചു. സമൂഹത്തിന്റെയും സര്ക്കാറിന്റെയും അടിയൊഴുക്കുകള് കാണാനോ സൂക്ഷ്മഗതി മനസ്സിലാക്കാനോ ശ്രമിച്ചില്ല. അക്രമങ്ങളും അവകാശലംഘനങ്ങളുമുണ്ടാകുമ്പോള് ക്ഷുഭിതരായി പ്രതിഷേധിക്കുക, മുറവിളി കൂട്ടുക, പ്രതീക്ഷയോടെ, പ്രാര്ഥനയോടെ ഭരണകൂടങ്ങളിലേക്ക് ഉറ്റുനോക്കുക; അത്ര തന്നെ. പീഡനങ്ങള് നിലനില്ക്കണമെന്നാഗ്രഹിക്കുന്ന ശക്തികളോടു തന്നെയാണ് തങ്ങള് പ്രാര്ഥിക്കുന്നതെന്ന് സമുദായം ഓര്ക്കാറില്ല; അല്ല, അറിയാറില്ല.
മൃദുഹിന്ദുത്വത്തിന്റെ കരങ്ങളില് നിന്ന് അധികാരം ഘോര ഹിന്ദുത്വത്തിന്റെ കരങ്ങളിലേക്ക് മാറിയിരിക്കുകയാണ്. ഇനി ഫാഷിസ്റ്റ് അജണ്ടകള് നടപ്പിലാക്കാന് മറകളുടെ ആവശ്യമില്ല. ഇന്ത്യക്കാരെല്ലാം ഹിന്ദുക്കളാണെന്ന് ആര്.എസ്.എസ്സ് നേതൃത്വം പ്രഖ്യാപിച്ചുകഴിഞ്ഞു. ഇന്ത്യാ രാജ്യം ഹിന്ദുക്കളുടേതു മാത്രമാണ് എന്ന ആശയത്തിന്റെ മറ്റൊരു ഭാഷ്യം മാത്രമാണത്. ഈ ലക്ഷ്യം പ്രാപിക്കാന് അന്യമതസ്ഥരെ ഹിന്ദുമതക്കാരാക്കി മാറ്റാനുള്ള 'ഘര്വാപസി' പ്രസ്ഥാനം പ്രവര്ത്തിച്ചു തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തില് മുസ്ലിം ന്യൂനപക്ഷം കുറെക്കൂടി ഗൗരവത്തോടെ സ്വന്തം ഭാവിയെക്കുറിച്ചാലോചിച്ചേ തീരൂ. അതിക്രമങ്ങളും അവകാശ ലംഘനങ്ങളും നേരിടുമ്പോള് രോഷം കൊള്ളുക, പരിഹാരമാവശ്യപ്പെട്ടുകൊണ്ട് അധികാരികളോട് മുറവിളി കൂട്ടുക, കാലക്രമത്തില് നിശ്ശബ്ദതയിലേക്ക് തിരിച്ചുപോവുക ഇതാണ് സമുദായം തുടരുന്ന സമ്പ്രദായം. ആദ്യമൊക്കെ പ്രതിഷേധങ്ങള് ആത്മാര്ഥവും ആവേശോജ്ജ്വലവുമായിരിക്കും. പിന്നീടതിന്റെ ചൂടും ചുണയുമൊക്കെ അപ്രത്യക്ഷമാകുന്നു. ഒടുവില് പ്രതിഷേധങ്ങള് ഒരു ചടങ്ങു മാത്രമായിത്തീരും. പ്രശ്നങ്ങളെല്ലാം പഴയപടി തുടരുകയും ചെയ്യും.
സമുദായത്തിന്റെ ആവശ്യങ്ങളും അവകാശങ്ങളും മറ്റുള്ളവര് തളികയില് വെച്ചു കൊണ്ടുവന്നുതരേണ്ടതല്ല; സമുദായം സ്വയം നേടിയെടുക്കേണ്ടതാണ്. അവകാശങ്ങള് വകവെച്ചു കിട്ടാനും വേണം അതിന്റേതായ യോഗ്യതയും പരിശ്രമവും. തങ്ങള്ക്ക് എന്തെല്ലാം അവകാശങ്ങളുണ്ട്, ഏതെല്ലാം അവകാശങ്ങള് എങ്ങനെയൊക്കെ ഹനിക്കപ്പെടുന്നു എന്നു പോലും അറിയാത്തവര്ക്ക് വിധിക്കപ്പെട്ടത് അവകാശ നഷ്ടങ്ങള് തന്നെയാണ്. ഭരണഘടനയുടെ അനുശാസനങ്ങള്ക്കുപരി ഉല്ബുദ്ധതയും വിദ്യാഭ്യാസവുമാണ് ജനാധിപത്യ വ്യവസ്ഥയില് അവകാശങ്ങള് ഉറപ്പു നല്കുന്ന ഘടകങ്ങള്.
ഏതെങ്കിലും പ്രത്യേക വിഭാഗത്തെ മാത്രം ബാധിക്കുന്നതല്ല സമുദായം നേരിടുന്ന പ്രശ്നങ്ങള്. അവ സുന്നികള്ക്കും ശീഈകള്ക്കും ബോറകള്ക്കും ബറേല്വികള്ക്കും സലഫികള്ക്കും ജമാഅത്തിനുമെല്ലാം ഒരുപോലെ ബാധകമാണ്. സമുദായം ഒന്നിച്ചു നിന്നുവേണം അവയെ നേരിടാന്. അതേപ്പറ്റി ഇന്ത്യന് മുസ്ലിംകള് ചിന്തിക്കാതെയല്ല. വര്ഗീയ കലാപങ്ങള് രൂക്ഷമായപ്പോള് മുസ്ലിം മജ്ലിസെ മുശാവറയുണ്ടായി. പിന്നെ പേഴ്സണല് ലോ ബോര്ഡുണ്ടായി. ബാബരി മസ്ജിദ് സംരക്ഷണ സമിതിയുണ്ടായി. എല്ലാം ദേശീയ കൂട്ടായ്മകളാണെന്നാണ് സങ്കല്പം. വലിയ ഒച്ചപ്പാടോടെ രംഗത്തു വരിക, പിന്നെ മെല്ലെ കെട്ടടങ്ങി നിര്ജീവമാവുക. ഇതാണ് മിക്ക കൂട്ടായ്മകളുടെയും സ്വഭാവം, തങ്ങള്ക്കിങ്ങനെ ചില ദേശീയ നേതൃത്വങ്ങളുണ്ടെന്നു പോലും സമുദായത്തിലെ സാമാന്യ ജനം അറിയുന്നില്ല എന്നതാണ് വസ്തുത. സമുദായത്തെ പൊതുവായി പ്രതിനിധീകരിക്കാനോ ക്രിയാത്മകമായ പ്രവര്ത്തന പരിപാടികളാവിഷ്കരിക്കാനോ കഴിയാത്തതാണ് പ്രധാന കാരണം. യോഗം ചേര്ന്ന് പ്രമേയങ്ങള് പാസ്സാക്കിയതുകൊണ്ട് സമുദായത്തിന്റെ അവശതകള് പരിഹരിക്കപ്പെടുകയില്ല. എല്ലാം പരിഹരിച്ചുതരണേയെന്ന് സര്ക്കാറിനോടാവശ്യപ്പെട്ട് കുത്തിയിരുന്നിട്ടും കാര്യമില്ല. ആവശ്യങ്ങളും ആവലാതികളും സര്ക്കാറിന്റെ മുന്നിലവതരിപ്പിക്കുന്നതോടൊപ്പം സ്വന്തമായ കര്മ പരിപാടികളാവിഷ്കരിക്കുകയും നടപ്പാക്കാന് ശ്രമിക്കുകയും വേണം. സുരക്ഷക്കും ക്ഷേമത്തിനും ബാഹ്യശക്തികളുടെ ഔദാര്യം കാത്തുനില്ക്കാതെ ആഭ്യന്തര വിഭവങ്ങളും സാധ്യതകളും സര്ഗാത്മകമായി ഉപയോഗപ്പെടുത്തി മുന്നേറുന്ന സമുദായത്തെ തടഞ്ഞുനിര്ത്താനോ അവരുടെ അവകാശങ്ങള് കവരാനോ അത്ര എളുപ്പത്തിലൊന്നും മറ്റുള്ളവര്ക്ക് സാധിക്കുകയില്ല. മുസ്ലിം സമുദായത്തിലാകട്ടെ, അതിന്റെ എല്ലാ അവശതകളോടൊപ്പം തന്നെ അതിനെ ഒരു ക്ഷേമ സമൂഹമായി മാറ്റിപ്പണിയാന് പര്യാപ്തമായ ആത്മീയ-ഭൗതിക വിഭവങ്ങള് ഉണ്ട് താനും. അത് കണ്ടെത്താനും പ്രവര്ത്തനക്ഷമമാക്കാനുമുള്ള ആസൂത്രിതമായ പരിപാടികളാണില്ലാത്തത്. അടുത്തകാലത്ത് രൂപം കൊണ്ട 'വിഷന് 2016' ദേശീയതലത്തില് നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ-ദുരിതാശ്വാസ പ്രവര്ത്തനങ്ങള് സമുദായം അതിന്റെ വഴി സ്വയം കണ്ടെത്തേണ്ടതിന്റെ ആവശ്യകതയോടൊപ്പം വിജയ സാധ്യതയും വിളിച്ചോതുന്നു. രാജ്യത്തുളവായ പുതിയ രാഷ്ട്രീയ, സാമൂഹിക സാഹചര്യം ഇത്തരം സംരംഭങ്ങളുടെ പ്രസക്തിയും പ്രാധാന്യവും കൂടുതല് വര്ധിപ്പിച്ചിരിക്കുകയാണ്.
Comments