Prabodhanm Weekly

Pages

Search

2015 ജനുവരി 09

എം.എ കുഞ്ഞുമുഹമ്മദ്

എ.എം അബൂബക്കര്‍

എം.എ കുഞ്ഞുമുഹമ്മദ്

തൃശൂര്‍ കൊച്ചനൂര്‍ സ്വദേശിയും ഏറെക്കാലം മലേഷ്യയില്‍ ബിസിനസുകാരനും ജമാഅത്തെ ഇസ്‌ലാമി അംഗവുമായിരുന്നു എം.എ കുഞ്ഞുമുഹമ്മദ് സാഹിബ്.

ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും അറബി ഭാഷയിലും അഗാധ പണ്ഡിതനും അറിയപ്പെട്ട അറബിക്കവിയുമായിരുന്ന പരതേനായ കൊച്ചനൂര്‍ അലി മൗലവിയുടെ എട്ടു മക്കളില്‍ മൂത്തയാളായിരുന്നു കുഞ്ഞുമുഹമ്മദ് സാഹിബ്. നാട്ടുകാരും സുഹൃത്തുക്കളും സ്‌നേഹപൂര്‍വം എം.എ എന്നുവിളിച്ചിരുന്ന അദ്ദേഹം തന്റെ മലേഷ്യന്‍ ജീവിത കാലത്ത് പ്രബോധനത്തില്‍ എഴുതിവന്ന ''മലേഷ്യന്‍ കത്തിലൂടെ'' വായനക്കാര്‍ക്ക് സുപരിചിതനാണ്.

2013 ഡിസംബര്‍ 23, 24 തീയതികളില്‍ കോഴിക്കോട്, ജെ.ഡി.റ്റി ഇസ്‌ലാം കാമ്പസില്‍ നടത്തപ്പെട്ട കേരള ഹിസ്റ്ററി കോണ്‍ഫറന്‍സില്‍ ''മലബാര്‍ മുസ്‌ലിംകളുടെ മലേഷ്യയിലേക്കുള്ള കുടിയേറ്റം'' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുകയുണ്ടായി.

മുന്‍ മലേഷ്യന്‍ മന്ത്രിയും പിന്നീട് പ്രതിപക്ഷ നേതാവുമായിരുന്നു ഡോ. അന്‍വര്‍ ഇബ്‌റാഹീം അടക്കമുള്ള മത-രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍ പ്രശസ്തരായ പല വ്യക്തിത്വങ്ങളുമായി വളരെ അടുത്ത ബന്ധമാണ് എം.എക്കുണ്ടായിരുന്നത്.

അദ്ദേഹത്തിന്റെ പരിശ്രമ ഫലമായിട്ടാണ് പ്രമുഖ പാശ്ചാത്യ ചിന്തകനായ എറിക് വിംഗിളിനെ എസ്.ഐ.ഒ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുപ്പിക്കാനായത്.

മധ്യേഷ്യയില്‍ നടന്ന ഇന്റര്‍നാഷ്ണല്‍ റിലീജിയസ് കോണ്‍ഫറന്‍സില്‍ 'ഇസ്‌ലാമിക് പേഴ്‌സ്‌പെക്ടീവ്‌സ്' എന്ന വിഷയത്തില്‍ അദ്ദേഹം പ്രബന്ധമവതരിപ്പിക്കുകയുണ്ടായി.

വായന ഒരു വികാരമായി കൊണ്ടുനടന്ന എം.എ പല ദേശീയ-അന്തര്‍ദേശീയ ആനുകാലികങ്ങളും വായിക്കുക മാത്രമല്ല; സുഹൃത്തുക്കള്‍ക്ക് അവ സ്വന്തം ചെലവില്‍ എത്തിച്ചുകൊടുക്കുകയും പതിവായിരുന്നു. ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന Impact International, ദല്‍ഹിയില്‍ നിന്നുള്ള Radiance, കുവൈത്തിലെ 'അല്‍അറബി', അല്‍മുജ്ത്തമഃ എന്നിവ ഇവയില്‍ ചിലതാണ്. പല സുഹൃത്തുക്കള്‍ക്കും ഇത്തരം പ്രസിദ്ധീകരണങ്ങള്‍ കിട്ടിക്കൊണ്ടിരുന്നെങ്കിലും എം.എയാണ് തങ്ങള്‍ക്ക് ഇവ അയച്ചുതരുന്നതെന്ന് പലരും അറിഞ്ഞിരുന്നില്ലെന്ന് എം.എയുടെ അനുസ്മരണ യോഗത്തില്‍ ആരോ സൂചിപ്പിക്കുകയുണ്ടായി.

ഏതാനും മാസങ്ങള്‍ക്കുമുമ്പ് മാത്രം പ്രകാശനം ചെയ്ത, ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി സാഹിബിന്റെ ''നിലപാടുള്ള പ്രസ്ഥാനം'' എന്ന പുസ്തകം രോഗശയ്യതില്‍ കിടന്നുകൊണ്ടു തന്നെ അദ്ദേഹം തന്റെ പല സുഹൃത്തുക്കള്‍ക്കും എത്തിച്ചുകൊടുത്തിരുന്നു.

1960 മുതല്‍ക്കുള്ള പ്രബോധനം പ്രസിദ്ധീകരണങ്ങള്‍ വളരെ സൂക്ഷ്മമായി ക്രമീകരിച്ചു, നന്നായി ബൈന്‍ഡു ചെയ്തു സൂക്ഷിച്ചുവെച്ചിരിക്കുന്നു. കടുത്ത ശാരീരിക അസ്വസ്ഥതകള്‍ക്കിടയിലും പ്രദേശത്തെ ഇസ്‌ലാമിക് സര്‍വീസ് ട്രസ്റ്റിന്റെ ചെയര്‍മാന്‍ എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്തം അദ്ദേഹം ഭംഗിയായി നിര്‍വഹിച്ചുപോന്നു.

എം.എയുടെ കര്‍മചടുലത യുവതലമറുക്ക് മാതൃകയാണ്. ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ കേരള മുസ്‌ലിം സമൂഹത്തില്‍ ഇന്നുള്ള രീതിയില്‍ സ്വീകാര്യത നേടുന്നതിനു മുമ്പുതന്നെ, സമീപ പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി, കൊച്ചനൂരില്‍ അവയുടെ ശബ്ദവും വെളിച്ചവും എത്തിക്കഴിഞ്ഞിരുന്നു. എം.എയുടെ പിതാവ് പരേതനായ അലി മൗലവിയുടെ അശ്രാന്ത പരിശ്രമമായിരുന്നു അതിനു പിന്നില്‍.

കൊച്ചനൂര്‍ മഹല്ല് ജുമാ മസ്ജിദില്‍, ഒരേ സമയം മുകളിലും താഴെയുമായി അറബിയിലും മലയാളത്തിലും രണ്ടു ഖുത്വുബകള്‍ നടക്കുന്ന കാലം. കോടതി വിധി പ്രകാരം, പുരോഗമന പ്രസ്ഥാനങ്ങള്‍ സ്വന്തം പള്ളി നിര്‍മിക്കാന്‍ നിര്‍ബന്ധിതരായി. സ്ഥലം വഖ്ഫായി ലഭിച്ചെങ്കിലും നിര്‍മാണത്തിനാവശ്യമായ പണം കണ്ടെത്താനായില്ല. അന്നത്തെ, യുവത്വത്തിന്റെ ചോരത്തിളപ്പില്‍ എം.എ തന്റെ മനസ്സിലെ ആശയം വെളിപ്പെടുത്തി. ''നമുക്ക് എന്തുകൊണ്ട് ശ്രമദാനത്തിലൂടെ പള്ളിപ്പണി തുടങ്ങിക്കൂടാ?'' ചുറ്റുംകൂടി നിന്നവര്‍ പരസ്പരം നോക്കി. എം.എയുടെ പിതാവ് മകനോട് പറഞ്ഞു: ''നിനക്കെന്താ വട്ടുണ്ടോ? ഇത് പൊതുവഴി നിര്‍മാണമല്ല; മനുഷ്യര്‍ക്ക് അകത്ത് ഇരുന്ന് പ്രാര്‍ഥിക്കാനുള്ളതാണ്.'' പക്ഷേ, എം.എ അപ്പോഴേക്കും വസ്ത്രം മാറി കല്ലും മണ്ണും ചുമന്നുകഴിഞ്ഞിരുന്നു.

പ്രാസ്ഥാനികാവേശം അഗ്‌നിയായി കൊണ്ടുനടന്ന എം.എ അവസാന നിമിഷം വരെയും അതണയാതെ സൂക്ഷിച്ചു. സ്ഥലത്തെ ''തര്‍ബിയത്തുല്‍ ഇസ്‌ലാം സംഘ''മായിരുന്നു അന്നു ആ മനംനിറയെ. സ്വന്തം വിയര്‍പ്പൊഴുക്കി പണിതുയര്‍ത്തിയ ''മനാറുല്‍ ഹുദാ''യുടെ പടിയിറങ്ങുമ്പോള്‍ എം.എ യുടെയും സുഹൃത്തുക്കളുടെയും മനസ്സും കീശയും കാലിയായിരുന്നു. പക്ഷേ എം.എ മാത്രം തളര്‍ന്നില്ല. മലേഷ്യയിലെ തന്റെ കച്ചവട സ്ഥാപനത്തിലിരുന്നു കൊണ്ടു അദ്ദേഹം നാട്ടിലും ഗള്‍ഫിലുമുണ്ടായിരുന്ന മുഴുവന്‍ സുഹൃത്തുക്കള്‍ക്കും എഴുതി. തുടര്‍ന്ന് എം.എ കുവൈത്തിലെത്തി. അവിടുത്തെ ഔഖാഫ് മന്ത്രാലയത്തിന്റെയും പല ഉദാരമതികളുടെയും സഹായത്തോടെ കൊച്ചനൂര്‍ ഇസ്‌ലാമിക് സര്‍വീസ് ട്രസ്റ്റ് രൂപീകൃതമായി. KIST-എന്നും മനസ്സില്‍ ഒരു നൊമ്പരമായി എം.എ കൊണ്ടുനടന്നു. പ്രിയപത്‌നിയുടെ വേര്‍പാടോ, സ്വന്തം ശാരീരിക അസ്വസ്ഥതകളോ അല്ല ഇസ്‌ലാമിക് ട്രസ്റ്റിന്റെ ഭാവിയായിരുന്നു ആ നൊമ്പരത്തിനു നിദാനം.

ആഴ്ചകള്‍ക്ക് മുമ്പ് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായി കിടക്കുമ്പോഴും എം.എ തന്റെ മനോവ്യഥ പങ്കുവെച്ചു. 'സമകാലീനര്‍ ഓരോരുത്തരായി രംഗം ഒഴിയുമ്പോഴും ഞാനുണ്ടല്ലോ എന്നതായിരുന്നു ആശ്വാസം!'

ബ്രസീലില്‍ നാഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് റിസര്‍ച്ച് മേധാവിയായി വിരമിച്ച ഡോ. എം.എ അബ്ദു, യു.എ.ഇ മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷനില്‍ സെന്‍സര്‍ഷിപ്പ് ഓഫീസറായി വിരമിച്ച മുന്‍ ഫാറൂഖ് കോളേജ് പ്രഫസര്‍ എം.എ ഫരീദ്, ബ്രസീല്‍ എയറോനോട്ടിക് ടെക്‌നോളജി ഗവേഷകനായി സേവനമനുഷ്ഠിക്കെ അകാല ചരമം പ്രാപിച്ച ഡോ. വി. അബ്ദുര്‍റഹ്മാന്‍ എന്നിവര്‍ സഹോദരന്മാരാണ്.

എ.എം അബൂബക്കര്‍

പി.എ അബ്ദുല്‍ സലീം

തുടര്‍ച്ചയായി മൂന്ന് മീഖാത്തുകളില്‍ ജമാഅത്തിന്റെ പെരുമ്പാവൂര്‍ ഏരിയാ ഓര്‍ഗനൈസറായിരുന്ന പുത്തന്‍പീടികയില്‍ അബ്ദുല്‍ സലീം സാഹിബ് 50-ാം വയസ്സിലാണ് അല്ലാഹുവിലേക്ക് യാത്രയായത്.

സ്വതസിദ്ധമായ പുഞ്ചിരിയും ആകര്‍ഷകമായ പെരുമാറ്റവും സംസാരത്തിലും വേഷത്തിലും പ്രകടമായ ലാളിത്യവും എളിമയും സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന് പ്രസ്ഥാനവും പ്രവര്‍ത്തകരും പ്രസിദ്ധീകരണങ്ങളും എന്നും ആവേശമായിരുന്നു. 

പല അര്‍ഥത്തിലും മാതൃകാ വ്യക്തിത്വമായിരുന്ന സലീം സാഹിബ് ഹല്‍ഖാ സന്ദര്‍ശനവേളകളില്‍ നടത്താറുള്ള ഖുര്‍ആന്‍ ക്ലാസ്സുകള്‍ പ്രവര്‍ത്തകരുടെ തര്‍ബിയത്തിന് ഊന്നല്‍ നല്‍കുന്നതായിരുന്നു. തങ്ങള്‍ അല്ലാഹുവിന്റെ എളിയ ദാസരാണെന്ന ചിന്ത പ്രസ്ഥാനത്തിലേക്ക് പുതുതായി കടന്നുവരുന്ന പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താനും, നിഷ്‌കളങ്കവും  നിസ്വാര്‍ഥവുമായ ഇടപെടലുകളിലൂടെ ജനഹൃദയങ്ങളില്‍ ഇടംനേടാനും പ്രദേശത്തെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള വിവിധ രാഷ്ട്രീയ, സാമൂഹിക, സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായി  നല്ലബന്ധം സ്ഥാപിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇവരെയെല്ലാം ഉള്‍പ്പെടുത്തി നിരവധി പൊതുപരിപാടികളും സംഘടിപ്പിച്ചിരുന്നു. പ്രസ്ഥാന പരിപാടികള്‍ രണ്ടും മൂന്നും പ്രാവശ്യം വിളിച്ചറിയിച്ച് പ്രവര്‍ത്തകരുടെ സാന്നിധ്യം ഉറപ്പുവരുത്തും. ഇടക്കിടെ ഉണ്ടാകുന്ന ദേഹാസ്വാസ്ഥ്യവും ക്ഷീണവും വകവെക്കാതെ കര്‍മനിരതനായിരുന്ന സലീം സാഹിബ് തീരെ വയ്യാതിരുന്നിട്ടും ഇക്കഴിഞ്ഞ ബലിപെരുന്നാളിന് തൊട്ടുമുമ്പ് വെള്ളിയാഴ്ച സഹോദരന്‍ സിദ്ദിഖിനോടൊപ്പം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് മസ്ജിദില്‍ എത്തുകയും ഖുത്വ്ബ നിര്‍വഹിക്കുകയും ചെയ്തു. അവസാനമായി പങ്കെടുത്ത പൊതുപരിപാടി ബലിപെരുന്നാള്‍ ദിനത്തില്‍ സാഹിര്‍ മെമ്മോറിയല്‍ ഗ്രൗണ്ടില്‍ നടന്ന ഈദ് സുഹൃദ് സംഗമമായിരുന്നു. 

രോഗം ഗുരുതരാവസ്ഥയിലായ ഘട്ടത്തില്‍പോലും തന്നോടൊപ്പം ഏറ്റവും കൂടുതല്‍ സഹവസിച്ചിട്ടുള്ള സഹോദരന്‍ സിദ്ദീഖിനെ പ്രസ്ഥാന പരിപാടികളില്‍ പങ്കെടുക്കാന്‍  അയക്കുമായിരുന്നു. തനിക്ക് ബാധിച്ച രോഗമല്ല, പ്രസ്ഥാന പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതാണ് അദ്ദേഹത്തിന് വേദനയുണ്ടാക്കിയിരുന്നത് 

ആശുപത്രിയിലും, മരണശേഷം വസതിയിലും പൊതുദര്‍ശനത്തിനുവെച്ച റയോണ്‍പുരം മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസയിലും, സൗത്ത്‌വല്ലം ജുമാമസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിലും, ഖബ്‌റടക്കത്തിന് ശേഷം മസ്ജിദ് അങ്കണത്തില്‍നടന്ന അനുസ്മരണ യോഗത്തിലും പ്രദേശവാസികള്‍, പ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, ജനപ്രതിനിധികള്‍, മഹല്ലു ഭാരവാഹികള്‍, പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വന്‍ ജനാവലിയുടെ നിറസാന്നിധ്യം അദ്ദേഹത്തോടുള്ള ആത്മാര്‍ഥമായ സ്‌നേഹത്തിന് നേര്‍സാക്ഷ്യമായിരുന്നു.  ജനാസ നമസ്‌കാരത്തിന് ഹല്‍ഖാ അമീര്‍ ടി. ആരിഫലി നേതൃത്വം നല്‍കി. അനുസ്മരണ സമ്മേളനത്തില്‍ അമീര്‍ മുഖ്യപ്രഭാഷണം നടത്തി. 

മദ്‌റസ, സ്‌കൂള്‍, ദര്‍സ് പഠനത്തിനുശേഷം കോഴിക്കോട് ഫറോക്ക് റൗദത്തൂല്‍ ഉലൂം അറബിക് കോളേജില്‍ പഠനം പൂര്‍ത്തിയാക്കി. കുറച്ചുകാലത്തെ അധ്യാപകസേവനത്തിന് ശേഷം പിതാവിനോടൊപ്പം ബിസിനസ്സിലേക്ക് തിരിഞ്ഞു. വല്ലം മസ്ജിദുസ്സലാമിന് കീഴിലെ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയില്‍ നാലു വര്‍ഷത്തോളം പ്രധാന അധ്യാപകനായിരുന്നു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കോ ഓര്‍ഡിനേറ്ററായിരുന്ന കാലത്ത് പ്രദേശത്ത് നിരവധി സ്റ്റഡി സെന്ററുകള്‍ തുടങ്ങാനും കൂടുതല്‍ പഠിതാക്കളെ ആകര്‍ഷിക്കാനും കഴിഞ്ഞു.  സ്ത്രീകളും കുട്ടികളും  ഉള്‍പ്പെടെ വലിയൊരു ശിഷ്യഗണം അദ്ദേഹത്തിനുണ്ടായിരുന്നു. മക്കാ മസ്ജിദ്, അല്‍ഇഹ്‌സാന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, ഫ്രൈഡെ ക്ലബ്ബ്, തണല്‍ ആന്റ് പാലിയേറ്റീവ് സെന്റര്‍ എന്നിവയില്‍ കമ്മിറ്റി അംഗമായും മദ്‌റസത്തു മക്കയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 

കളമശ്ശേരി പാണാട്ടില്‍ കുടുംബാംഗം ഷംലയാണ് ഭാര്യ. ദുല്‍ഖര്‍ സല്‍മാന്‍, ഫാത്വിമ മക്കളാണ്.

ഹൈദ്രോസ് ഓണംപിള്ളി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/82
എ.വൈ.ആര്‍