സാമൂഹിക സാഹചര്യങ്ങള്‍

നമ്മുടെയോ മറ്റേതെങ്കിലും വിഭാഗത്തിന്റെയോ പ്രവര്‍ത്തന ഫലമായി ഉയര്‍ന്നുവന്നിട്ടുള്ളതല്ല ലോകത്ത് ഇന്ന് കാണുന്ന ബഹുസ്വര സമൂഹങ്ങള്‍ എന്ന് നാം തുടക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആധുനിക ലോക ഘടനയിലുണ്ടായ അപ്രതിരോധ്യമായ ചില സംഭവവികാസങ്ങളുടെ സൃഷ്ടിയാണത്. മാറ്റങ്ങളോട് സക്രിയമായി പ്രതികരിക്കുന്നവരാണെങ്കില്‍ പോലും, ലോക മുസ്‌ലിം സമൂഹത്തിന് ഇത്തരം മാറ്റങ്ങളെ തങ്ങളുടെ അഭീഷ്ടത്തിനൊത്ത് മാത്രമായി രൂപപ്പെടുത്താനാവില്ല. ലോകത്തിന്റെ പല ഭാഗത്തും മുസ്‌ലിംകള്‍ ന്യൂനപക്ഷവുമാണല്ലോ. അവിടെയുള്ള വ്യത്യസ്ത മത-സാംസ്‌കാരിക വിഭാഗങ്ങളുമായി ഇടപഴകിക്കൊണ്ടും, മനുഷ്യരെന്ന നിലക്ക് അവരുടെയെല്ലാം ജീവിതാവസ്ഥകള്‍ മെച്ചപ്പെടുത്താനുള്ള യത്‌നങ്ങളില്‍ പങ്കാളിത്തം വഹിച്ചുകൊണ്ടുമല്ലാതെ മുസ്‌ലിംകള്‍ക്ക് ജീവിക്കാനാവില്ല.
അതേസമയം മുസ്‌ലിംകള്‍ തനതായ മൂല്യവ്യവസ്ഥ കാത്തുസൂക്ഷിക്കുന്ന ഒരു വിഭാഗവുമാണ്. ഇടകലര്‍ന്നുള്ള ഈ ജീവിതവും മൂല്യവ്യവസ്ഥയുടെ സംരക്ഷണവും എങ്ങനെ ഒപ്പം സാധ്യമാകും? ഈ ചോദ്യത്തിന് ഉത്തരം കാണാന്‍ ഖുര്‍ആനിലേക്കും നബിചര്യയിലേക്കും ശ്രദ്ധതിരിക്കുകയാണ് വേണ്ടത്. ഈ രണ്ട് സ്രോതസ്സുകളില്‍നിന്ന് ഏത് കാലത്തും പ്രസക്തമായ മാര്‍ഗദര്‍ശനം ഇക്കാര്യത്തില്‍ അവര്‍ക്ക് ലഭിക്കുമെന്ന് ഉറപ്പാണ്. അതിവേഗം മാറുന്ന കാലമോ ജീവിതാവസ്ഥകളോ ഒന്നും തന്നെ ആ മാര്‍ഗദര്‍ശനത്തെ പഴഞ്ചനോ കാലഹരണപ്പെട്ടതോ ആക്കുന്നില്ല. കാരണം, ഖുര്‍ആനിലായാലും നബിചര്യയിലായാലും നാം കാണുന്നത് ഏത് മനുഷ്യാവസ്ഥയിലും പ്രസക്തമായ പൊതുതത്ത്വങ്ങളാണ്. ഏത് സാമൂഹിക സാഹചര്യത്തിലേക്കും ഫിറ്റാക്കാന്‍ പറ്റുന്ന വിധത്തില്‍ വഴക്കമുള്ളതാണ് ഈ പൊതുതത്ത്വങ്ങളെന്ന് ഇസ്‌ലാമിക നിയമങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നു.
ഇസ്‌ലാമിക ചരിത്രം പരിശോധിച്ച് നോക്കൂ. യുക്തിചിന്തക്കും സാമൂഹിക സാഹചര്യങ്ങള്‍ക്കും ഇസ്‌ലാമിക നിയമനിര്‍ധാരണ യത്‌നങ്ങളില്‍ വേണ്ടത്ര ഇടം ലഭിച്ചിരുന്നതായി കാണാം. ഇസ്‌ലാമിക നിയമജ്ഞരെല്ലാം ഊന്നിപ്പറഞ്ഞ ഒരു കാര്യമുണ്ട്: 'ഞങ്ങള്‍ മനുഷ്യരാണ്. അതിനാല്‍ ഞങ്ങളുടെ ശ്രമങ്ങള്‍ക്ക് കാലത്തിന്റെ പരിധിയും പരിമിതിയുമുണ്ട്.' ഖുര്‍ആന്‍, നബിചര്യ എന്നീ മൗലിക പ്രമാണങ്ങള്‍ക്ക് പുറമെ അവര്‍ അവലംബിച്ചിരുന്നത് ഉര്‍ഫ് (പൊതുവെ സ്വാഗതം ചെയ്യപ്പെടുന്ന രീതികള്‍), മസ്വാലിഹ് (പൊതുതാല്‍പര്യങ്ങള്‍), ഇസ്തിഹ്‌സാന്‍ (പൊതു നന്മ പ്രോത്സാഹിപ്പിക്കല്‍) എന്നിവയെ ആയിരുന്നു; ഇവയൊന്നും ഖുര്‍ആന്നും ഹദീസിനും എതിരാവരുത് എന്ന നിബന്ധനയോടെ. ഇസ്‌ലാമിലെ വിവിധ ചിന്താസരണികള്‍ ഇത്തരം കാര്യങ്ങള്‍ക്ക് നല്‍കുന്ന ഊന്നലുകളില്‍ വ്യത്യാസമുണ്ടെങ്കിലും, സാമൂഹികാവസ്ഥകള്‍ മാറുമ്പോള്‍ മതകീയ വിഷയങ്ങളിലെ അഭിപ്രായങ്ങളും മാറ്റേണ്ടിവരും എന്ന വിഷയത്തില്‍ അവര്‍ ഏകാഭിപ്രായക്കാരാണ്. 'സാമൂഹിക മാറ്റങ്ങള്‍ക്കനുസരിച്ച് ഫത്‌വകളും മാറും' എന്നത് നിയമനിര്‍ധാരണത്തിലെ പൊതുതത്ത്വമാണല്ലോ. 'മഖാസിദുശ്ശരീഅ' എന്ന പഠനശാഖ ചര്‍ച്ച ചെയ്യുന്നതും മറ്റൊന്നല്ല. ഏതൊരു നിയമനിര്‍ധാരണത്തിന്റെയും അടിസ്ഥാനം നന്മ കൈവരുത്തലും തിന്മ തടുക്കലുമാണെന്ന് ആ പഠനശാഖ സിദ്ധാന്തിക്കുന്നു. മൂലപ്രമാണങ്ങളായ ഖുര്‍ആനും നബിചര്യയും ശാശ്വത പ്രസക്തങ്ങളായി തുടരുമ്പോള്‍ തന്നെ, അവക്ക് നല്‍കപ്പെടുന്ന ഏത് വ്യാഖ്യാനവും കാലാതീതമല്ല എന്ന ഉറച്ച പ്രഖ്യാപനമാണ് ഈ പഠനങ്ങളില്‍ നിന്നെല്ലാം നാം വായിച്ചെടുക്കുന്നത്.
ആധുനിക സാമൂഹിക ചുറ്റുപാടുകളെപ്പറ്റി നാം പറഞ്ഞു. വലിയ മാറ്റങ്ങളാണ് സാമൂഹിക രംഗത്ത് ഉണ്ടായിരിക്കുന്നത്. ഈ മാറ്റങ്ങളെ മുമ്പാര്‍ക്കും പ്രവചിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ഇസ്‌ലാമിക നിയമജ്ഞരും ഇത് മുന്‍കൂട്ടി കണ്ടിട്ടില്ല. പുതുതായി ജന്മം കൊണ്ട ബഹുസ്വര സമൂഹങ്ങള്‍ സൃഷ്ടിച്ച് വിട്ട മാറ്റങ്ങളുടെ പരമ്പരയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഏകശിലാ സമൂഹങ്ങളും സംസ്‌കാരങ്ങളും ഇപ്പോള്‍ ഇല്ല എന്ന് തന്നെ പറയണം. അത്തരമൊരു സാമൂഹിക ചുറ്റുപാടിലാണ് മുസ്‌ലിംകളുടെയും ജീവിതം. യൂറോപ്പ്, അമേരിക്ക, ആസ്‌ട്രേലിയ, ചൈന ഇവിടങ്ങളിലൊക്കെയും അത്തരം സമൂഹങ്ങളാണ്. ആ സമൂഹങ്ങളുടെയൊന്നും ഗതി നിര്‍ണയിക്കുന്നതില്‍ മുസ്‌ലിംകള്‍ക്ക് കാര്യമായ പങ്കൊന്നുമില്ല. സാമ്പത്തിക കാരണങ്ങളാലാണ് ഇവിടങ്ങളിലൊക്കെയും ബഹുസ്വര സമൂഹങ്ങള്‍ രൂപപ്പെട്ടത്. ഇന്ത്യയെ പോലുള്ള നാടുകളിലാകട്ടെ ബഹുസ്വരത പരമ്പരാഗതമായി നിലനില്‍ക്കുന്നുമുണ്ട്. പുതിയ ബഹുസ്വര സമൂഹങ്ങളില്‍ എല്ലാ വിഭാഗത്തിന്റെയും സാമ്പത്തിക പ്രവര്‍ത്തന പങ്കാളിത്തം വളരെ മര്‍മപ്രധാനമാണ്. സാമ്പത്തിക കാരണങ്ങളാലാണല്ലോ യൂറോപ്പിലും അമേരിക്കയിലും മറ്റും ഇതര സമൂഹങ്ങള്‍ കുടിയേറിയത്.
സാമ്പത്തിക പ്രവര്‍ത്തനങ്ങളിലുള്ള ഈ പങ്കാളിത്തത്തിന്റെ ഫലമാണ് നവ ബഹുസ്വര സമൂഹങ്ങളിലെ സാമൂഹിക ഇടപഴക്കങ്ങള്‍. അത്തരം ഇടപഴക്കങ്ങള്‍ മുന്‍കാലങ്ങളില്‍ ഒരു പരിധിക്കപ്പുറം പോയിരുന്നില്ല. ഇപ്പോഴാവട്ടെ, അവ പാരമ്പര്യങ്ങളെയും ആചാരങ്ങളെയും കലയെയും ഭാഷയെയും സാഹിത്യത്തെയുമെല്ലാം വലിയ തോതില്‍ മാറ്റിമറിച്ചിരിക്കുന്നു. സാമൂഹിക സമ്പര്‍ക്കം രണ്ട് നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നുമോര്‍ക്കണം. സാംസ്‌കാരികമായ കൊടുക്കല്‍ വാങ്ങലുകളാണ് അതിലൊന്ന്. വളരെ നിര്‍മാണാത്മകം. സാമൂഹിക താളപ്പൊരുത്തത്തിന്റെ ഇഴകളെ അത് തുന്നിച്ചേര്‍ക്കുന്നു. സമൂഹങ്ങള്‍ തമ്മില്‍ പകയും വിദ്വേഷവും സൃഷ്ടിക്കപ്പെടാനും ഈ സമ്പര്‍ക്കം ഇടവരുത്തുന്നുണ്ടെന്നത് മാറ്റത്തിന്റെ നിഷേധാത്മക വശമാണ്. ഇങ്ങനെ രണ്ട് വിരുദ്ധ ശക്തികള്‍ ഒരേസമയം ഇവിടെ പ്രവര്‍ത്തന ക്ഷമമാവുന്നുണ്ട്.
മറ്റൊരു പ്രധാന സംഭവവികാസം ആഗോളവല്‍ക്കരണമാണ്. വിവരസാങ്കേതിക വിദ്യ ഒരാളുടെ ജീവിതത്തിന്റെ സകലതും മുഴുലോകത്തിനും ലഭ്യമാക്കിയിരിക്കുന്നു. അപ്പോള്‍ സ്വാഭാവികമായും, മുസ്‌ലിംകളുടെ സംസാരവും അവര്‍ ഉപയോഗിക്കുന്ന സംജ്ഞകളും പ്രചരിപ്പിക്കുന്ന തത്ത്വശാസ്ത്രവും അവരുടെ ലക്ഷ്യങ്ങളും ആഗ്രഹങ്ങളുമെല്ലാം ഇനിമേല്‍ അവരുടെ മാത്രം സ്വകാര്യ വൃത്തങ്ങളില്‍ കറങ്ങുകയില്ല. അത്തരം വിവരങ്ങളൊക്കെ സമുദായത്തിന്റെ പുറത്തുള്ളവര്‍ക്കും ലഭ്യമാണ്. അവയെ അവര്‍ നിരീക്ഷിക്കുകയും അഭിപ്രായം പറയുകയും ചെയ്യും. മറ്റുള്ളവരെ മുസ്‌ലിംകള്‍ക്കും ഇമ്മട്ടില്‍ സ്വാധീനിക്കാവുന്നതാണ്. സ്വാധീനം അങ്ങോട്ടെന്നപോലെ ഇങ്ങോട്ടും ഉണ്ടാവുമെന്നര്‍ഥം.
Comments