മുസ്‌ലിമയും വസ്ത്രസന്ദേഹങ്ങളും

ലോകത്തിന്റെ ഏതൊരു ഭാഗത്തും മുസ്‌ലിം സ്ത്രീകളുടെ തട്ടത്തിലും ഉടുതുണിയിലും പൗരോഹിത്യവും അതിലുമധികം മതേതരരും മതരഹിതരും മേഞ്ഞുകൊണ്ടിരിക്കും. യൂറോപ്യന്‍ മുസ്‌ലിം ബ്ലോഗുകളിലും ഏഷ്യന്‍ സ്ത്രീകളുടെ ഓണ്‍ലൈന്‍ ഇടപെടലുകളിലും എന്തിനു കേരളത്തിലെ മുസ്‌ലിം പെണ്‍കുട്ടികളുടെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ വരെ ഈ അനാവശ്യ ഇടപെടലുകളാലുള്ള അസ്വസ്ഥതകള്‍ കാണാനാകും. തന്റെ ഈമാന്റെ (വിശ്വാസം) അളവുകോലനുസരിച്ച് വസ്ത്രത്തിലെവിടെയോ ഒരു പിഴവുള്ള പെണ്‍കുട്ടി വല്ല ഫോട്ടോയോ മറ്റോ ഇട്ടാല്‍ 'മോളേ, നിനക്ക് മരിച്ചു പോവണ്ടേ... സ്വര്‍ഗത്തിന്റെ പരിമളം പോലും നിനക്ക് കിട്ടൂല' എന്നുള്ള ഫത്‌വ പോസ്റ്റുകള്‍ മുതല്‍, ശിരോവസ്ത്രമണിഞ്ഞ പെണ്ണിനെ കാണുമ്പോള്‍ അസഹിഷ്ണുത പുലര്‍ത്തുന്നവര്‍ വരെ ഒരു പോലെ വിലസുന്നുണ്ട് ഈ ഭൂഗോളത്തില്‍. ഏറ്റവും നല്ല മുസ്‌ലിം ബ്ലോഗിനുള്ള അവാര്‍ഡ് ലഭിച്ച, ലോക മുസ്‌ലിം സ്ത്രീകള്‍ക്കിടയില്‍ ഏറെ ജനകീയമായ ഐ ഗോട്ട് ഇറ്റ് കവേട് ബ്ലോഗ് വരെ ഈയൊരു വിഷയം മാത്രം കൈകാര്യം ചെയ്യുന്നതാണ്.
പലപ്പോഴായി പലവിധത്തില്‍ പൊട്ടിമുളച്ചുകൊണ്ടേയിരിക്കുന്ന മുസ്‌ലിം സ്ത്രീ വസ്ത്രധാരണ വിവാദങ്ങള്‍ കൊണ്ട് മുസ്‌ലിം സ്ത്രീകള്‍ക്ക് കൈവന്ന ഏക ഗുണം ഫാഷന്‍ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളേക്കാള്‍ തങ്ങളുടെ വസ്ത്രധാരണത്തെ കുറിച്ചും അത് മറ്റുള്ളവരില്‍ ഉണ്ടാക്കിയേക്കാവുന്ന പ്രതികരണങ്ങളെ കുറിച്ചും ഏറെ ചിന്താധീനരാവാന്‍ പറ്റി എന്നത് മാത്രമാണ്. വസ്ത്രം ധരിച്ചാല്‍ കൈവരുന്ന സ്വാതന്ത്ര്യത്തിന്റെ പ്രാഥമിക ഗുണങ്ങളെ തന്നെ ഹനിക്കുന്നതാണത്. വസ്ത്രം ധരിക്കുക വഴി ഒരുപാടു സ്വാതന്ത്ര്യങ്ങള്‍ വന്നു ചേരുന്നുണ്ടല്ലോ; അതിലൊന്ന് തന്റെ ശരീരത്തെക്കുറിച്ച് പിന്നെ ചിന്തിക്കേണ്ടതില്ല എന്നതാണ്. നേരാംവണ്ണം മറഞ്ഞുവെന്നും ആളുകളുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ ശരീരത്തെക്കുറിച്ചോ, അതെങ്ങനെ ഇരിക്കുന്നു എന്നതിനെക്കുറിച്ചോ ഉള്ള അസ്വസ്ഥതകളില്‍ നിന്ന് മോചിതരാണെന്നുമുള്ള ആശ്വാസം. ഇത് മറ്റു വസ്ത്രങ്ങളെ പോലെ ഹിജാബിനു നല്‍കാനാകും. എന്നാലിന്ന് ഹിജാബ് ധരിക്കുമ്പോഴാണ് ഏറ്റവും ചിന്തിക്കേണ്ടിവരുന്നതെന്ന് പറഞ്ഞാല്‍ തെറ്റില്ല. അടിച്ചേല്‍പ്പിക്കപ്പെട്ട എന്തോ ഒന്ന് പോലെയാണ് പുറംലോകം ഹിജാബെന്ന തുണിക്കഷ്ണത്തെ കാണുന്നത്. അതിനാല്‍ ഞാന്‍ അത്രയൊന്നും 'ഹിജാബി' അല്ല എന്നു തെളിയിക്കാന്‍ വേണ്ടി വസ്ത്രധാരണത്തില്‍ നിരന്തര പരിഷ്‌കാരങ്ങള്‍ വരുത്താന്‍ സ്ത്രീകളെ തന്റെ ചുറ്റുവട്ടങ്ങള്‍ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു; അവള്‍ അതു ആഗ്രഹിക്കുന്നില്ലെങ്കിലും. പര്‍ദയിലും ശിരോവസ്ത്രങ്ങളിലും വരുന്ന 'ഭീകര'മായ പരിഷ്‌കാരങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ? മുസ്‌ലിമാണെങ്കിലും ഞാനുമൊരു പരിഷ്‌കാരി എന്നാണ് ഈ വസ്ത്രങ്ങള്‍ വിളംബരം ചെയ്യുന്നത്. പൊതു ഇടത്തിലെ അവളുടെ മറ്റെല്ലാ ആവിഷ്‌കാരങ്ങളില്‍ നിന്ന് ഈ കടമ്പ അവളുടെ ശ്രദ്ധയെ അല്‍പമെങ്കിലും പിന്‍വലിപ്പിക്കുന്നുണ്ട്. തന്നെ തുറിച്ചു നോക്കിക്കൊണ്ടേയിരിക്കുന്ന ആളുകള്‍ക്ക് മുമ്പില്‍ ആദ്യം അവതരണയോഗ്യമായ വസ്ത്രത്തില്‍ പ്രത്യക്ഷപ്പെടുക എന്നായിത്തീര്‍ന്നിട്ടുണ്ട് അവളുടെ പ്രാഥമികവും ഭാരിച്ചതുമായ ഉത്തരവാദിത്തം.
സത്യത്തില്‍ എന്താണ് മുസ്‌ലിം സ്ത്രീയുടെ വസ്ത്രം? അത് മുഖം മുഴുവന്‍ മറയ്ക്കുന്നതാണോ? അതോ ജീന്‍സും ടോപ്പും ശിരോവസ്ത്രവും ധരിക്കുന്നതോ? അല്ലാഹുവും പ്രവാചകനും നിര്‍ദേശിച്ച ഒരു പ്രത്യേക വസ്ത്രം ഇല്ലെന്നാണ് സത്യം. പക്ഷേ ഒരു മാന്യമായ രീതി ഉണ്ട് താനും. അത് അവളുടെ സാമൂഹിക ഇടപെടലുകള്‍ സുഖകരമാക്കാനും ആദരവ് നല്‍കാനുമാണ്. അവളുടെ പുറംയാത്രകള്‍ സുഗമമാക്കാന്‍ വന്ന ഒരു സംവിധാനം എല്ലാവരും ചേര്‍ന്ന് ഇപ്പോള്‍ അവള്‍ക്കും ലോകത്തിനുമിടക്കുള്ള ഒരു മറയാക്കി തീര്‍ത്തത് വിരോധാഭാസം തന്നെ.
ലോകത്തിന്റെ പല കോണിലുമുള്ള മുസ്‌ലിം സ്ത്രീകള്‍ക്ക് പല വിധത്തിലാണ് വസ്ത്രം എന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യയിലെ സ്ത്രീകളെപ്പോലെയല്ല അഫ്ഗാന്‍ സ്ത്രീകളുടെ വസ്ത്രധാരണം. അവരെപ്പോലെ ഒട്ടുമല്ല തുനീഷ്യയിലെയോ ഇന്തോനേഷ്യയിലെയോ തുര്‍ക്കിയിലെയോ സ്ത്രീകളുടെ വസ്ത്രം. പരമ്പരാഗത ഉത്തരേന്ത്യന്‍ പാകിസ്താനി മുസ്‌ലിം സ്ത്രീകളുടെ വസ്ത്രം സല്‍വാര്‍ കമീസ് ആണ്. മലേഷ്യയിലേത് ചുരിദാര്‍ ടോപ്പും അടിയില്‍ തുണിപോലത്തെ സ്‌കേര്‍ട്ടും ഉള്ള ബാജു കുറുന്‍ഗ് എന്ന വസ്ത്രമാണ്. മുനിസകും പരാഞ്ചയും ഏഷ്യയിലെ മുസ്‌ലിം സ്ത്രീകളുടെ പരമ്പരാഗത വസ്ത്രങ്ങളില്‍ മുന്‍പന്തിയിലായിരുന്നു. പരാഞ്ച ഇന്നത്തെ അഫ്ഗാന്‍ വസ്ത്രത്തെ അനുസ്മരിപ്പിക്കുന്ന 'ആകെ മൂടുന്ന' പാളിക്കുമേല്‍ പാളിയായിക്കിടക്കുന്ന വസ്ത്രമാണ്. പക്ഷേ, അന്നവര്‍ അതു ധരിച്ചിരുന്നത് അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടത് കൊണ്ടല്ല, അപകടകരമായ സില്‍ക്ക് റൂട്ടിന്റെ് സാമീപ്യം കൊണ്ടായിരുന്നു. അതുവഴി നിരന്തരം സഞ്ചരിച്ചിരുന്ന കൊള്ളക്കാരില്‍ നിന്നും അക്രമികളില്‍ നിന്നും രക്ഷനേടാനുള്ള, തിരിച്ചറിയാതിരിക്കാനുള്ള ഒരു സൂത്രമായിരുന്നു അത്. ഈജിപ്തില്‍ മുസ്‌ലിം സ്ത്രീകളുടെ വേഷം അയഞ്ഞതും ലളിതവും മങ്ങിയ നിറത്തിലുള്ളതുമായ, ശരീരം മുഴുവന്‍ മൂടുന്ന ജലാബിയ വസ്ത്രമായിരുന്നു. മൊറോക്കോയിലും ഏതാണ്ടിതുപോലെതന്നെയുള്ള ജിലാബ എന്ന വസ്ത്രമായിരുന്നു. ആണിനും പെണ്ണിനും ധരിക്കാവുന്ന അതിന്മേല്‍ ശിരോവസ്ത്രം പോലെ ഒരു ഹൂഡും ഉണ്ടാകും.
എന്നാല്‍ ഇന്ന് ഇത്തരം സാമുദായിക-സാമ്പ്രദായിക വസ്ത്ര വൈവിധ്യങ്ങള്‍ക്ക് മീതെ പര്‍ദ മാത്രമാണ് മുസ്‌ലിം സ്ത്രീയുടെ വസ്ത്രമായി പൊതു രംഗത്ത് പ്രത്യക്ഷപ്പെടുന്നത്. അവള്‍ ധരിക്കുന്നതും അത് തന്നെ. ആളുകള്‍ അവളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതും അതില്‍ നിന്ന് തന്നെ.
മുസ്‌ലിം സ്ത്രീക്കെന്ന പേരില്‍ പര്‍ദയല്ലാത്ത മറ്റു വസ്ത്രങ്ങള്‍ ഇറങ്ങാത്ത സാഹചര്യത്തില്‍ പൊതു വിപണിയില്‍ നിന്ന് തങ്ങളുടെ മാന്യതക്ക് അനുസരിച്ച വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് തന്നെ അവര്‍ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്.
ചിലരുടെ ഉത്കണ്ഠ തന്റെ ചുറ്റുപാടുകളില്‍ എങ്ങനെ 'അന്യഗ്രഹ ജീവി' അല്ലാതിരിക്കാമെന്നാണെങ്കില്‍, മറ്റു ചിലരുടേത് തങ്ങളുടെ വസ്ത്രധാരണത്താല്‍ മാത്രം മുഖം വികൃതമായി പോയേക്കാവുന്ന തന്റെ മതത്തെക്കുറിച്ചുള്ള ആശങ്കകളാണ്. എവിടെയാണതിരുകള്‍ എന്നതിനെക്കുറിച്ച് തര്‍ക്കങ്ങളല്ലാതെ, അഭിപ്രായങ്ങള്‍ അധികം കേള്‍ക്കാറില്ല. ചിലയിടങ്ങളിലെങ്കിലും പ്രാദേശികമായ വാശികളും നിലനില്‍ക്കുന്നുണ്ട്. ഉദാഹരണം, കേരളത്തില്‍ പ്രത്യേകിച്ച് മലബാറിലെ മുസ്‌ലിം സമൂഹത്തില്‍ സല്‍വാര്‍ ഖമീസില്‍ സ്ലിറ്റ് സഭ്യമല്ലാത്ത ഒരു കാര്യമായാണ് കണ്ടിരുന്നത്. ബസ് യാത്രകളിലും മറ്റും അതങ്ങനെത്തന്നെയാണും താനും. എന്നാല്‍, വസ്ത്രവിപണി എപ്പോഴും പുതുമകള്‍ക്ക് പിറകെയാണല്ലോ. ഇപ്പോള്‍ സര്‍വാര്‍ ഖമീസില്‍ പുതുമ ഞെരിയാണിയോളം എത്തുന്ന നീണ്ട കറാച്ചി വസ്ത്രങ്ങളാണ്. അവ സ്വതവേ തുന്നല്‍ പണിയാല്‍ ഭാരം കൂടിയവയും കാറ്റത്ത് പാറാത്തവയും, ഇടണമെങ്കില്‍ വശങ്ങളില്‍ സ്ലിറ്റ് നിര്‍ബന്ധമുള്ളവയും ആണ്. അപ്പോള്‍ സ്ലിറ്റ് 'ഹറാമ'ല്ലേ എന്നും സ്ലിറ്റ് ഇട്ടില്ലെങ്കില്‍ മൂക്കടിച്ച് വീഴില്ലേ എന്നും രണ്ടു സംശയങ്ങള്‍. പലപ്പോഴും നമുക്ക് പോലും തീര്‍ച്ചയില്ലാത്ത വാര്‍പ്പു മാതൃകകളില്‍ കുടുങ്ങി വീര്‍പ്പുമുട്ടി യാഥാര്‍ഥ്യം വിസ്മരിക്കുകയാണ് പതിവ്. ഇതു പ്രാദേശികമായ ഒരു കാര്യം. ഇത്തരം മറ്റു പല കടുംപിടുത്തങ്ങള്‍ക്കും ആശയക്കുഴപ്പത്തിനും ഒക്കെ ഇടയിലാണ് പെണ്‍കുട്ടികള്‍ സ്വന്തം വസ്ത്രവും അതിനെക്കുറിച്ചുള്ള അഭിപ്രായവും നിര്‍ണയിക്കേണ്ടത് എന്നതാണ് പ്രധാന കാര്യം.
എങ്ങനെയാണ് ഈ പ്രയാസങ്ങളെ അവള്‍ തരണം ചെയ്യുന്നത്? ദേശഭാഷകള്‍ക്കപ്പുറം ഇത്തരം ആശയക്കുഴപ്പങ്ങള്‍ എല്ലാവര്‍ക്കുമുണ്ടെന്നു വേണം കരുതാന്‍. പലയിടത്തും ഇതിനു ഉത്തരം പല രീതിയിലാണ് ആവിഷ്‌കരിക്കപ്പെടുന്നതെന്നു മാത്രം. വസ്ത്ര നിര്‍ണയങ്ങളുടെ കാര്യമെടുക്കാം. നമ്മുടെ നാട്ടില്‍ ഇറങ്ങുന്ന ശിരോവസ്ത്രങ്ങളിലെ പൂവും പുള്ളിയും ചിത്രങ്ങളും ഇത്തരം ഉത്തരംതേടലുകളുടെ അനന്തരഫലമാണ്. പൊതു ഇടത്തില്‍ പുതുമയില്‍ പ്രത്യക്ഷപ്പെടാന്‍ ഇത്തരം പരീക്ഷണങ്ങള്‍ സഹായിക്കുന്നു. ചിലരാവട്ടെ, തങ്ങള്‍ക്ക് അനുഗുണമെന്നു തോന്നുന്ന തരത്തിലുള്ള മാതൃകയില്‍ വിപണിയില്‍ നിന്ന് തുണിയെടുത്ത് തയ്പ്പിക്കുന്നു. അത് ചിലപ്പോള്‍ വിജയവും ഒട്ടുമിക്കപ്പോഴും പരാജയവും ആവും. എങ്ങനെ പറഞ്ഞാലും വിപണിയുടെ സ്വാധീനത്താല്‍ 'എെന്തങ്കിലുമൊരു പരിഷ്‌കാരമില്ലാഞ്ഞാല്‍ എങ്ങനെ' എന്ന് തയ്ക്കുന്ന ആള്‍ക്ക് തോന്നുന്നതിനാലാണ് ഇത്. ഇസ്‌ലാമോഫോബിയ അതിന്റെ ശക്തമായ രൂപത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന പടിഞ്ഞാറ് ഇപ്പോള്‍ പക്ഷേ ഇത്തരം വസ്ത്രനിര്‍ണയങ്ങളില്‍ കൂട്ടായ്മാ സ്വഭാവമുണ്ട്. അവിടെയുള്ള പല മുസ്‌ലിം സ്ത്രീകളും ഇപ്പോള്‍ സ്വന്തമായി ബുടീക്കുകള്‍ (തെരഞ്ഞെടുത്ത മേത്തരം വസ്ത്രങ്ങള്‍ വില്‍ക്കുന്ന ചെറിയ കടകള്‍) തുറക്കുന്നു. പടിഞ്ഞാറും, ചിലപ്പോള്‍ മിഡില്‍ ഈസ്റ്റ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒട്ടനവധി ഓണ്‍ലൈന്‍ കടകളും ഇതിന് ഉദാഹരണങ്ങളാണ്. ശുക്ര് ക്ലോത്തിംഗ്, അന്നഹരിരി, ഐ ലവ് മോഡസ്റ്റി, ആര്‍ടിസാര, മിഡില്‍ ഈസ്‌റ്റെണ്‍ മാള്‍, കിസ്മത് ബസാര്‍, പ്രൈമോമോഡ, മൊഹജബെയ്ബ്‌സ്, ഇനായ കളക്ഷന്‍സ് തുടങ്ങിയ ഇത്തരം ഓണ്‍ലൈന്‍ കടകള്‍ ശ്രദ്ധിക്കേണ്ടതും മാറിവരുന്ന മുസ്‌ലിം വസ്ത്രധാരണത്തെ കുറിച്ച് പഠിക്കാന്‍ സമീപിക്കേണ്ടവയുമാണ്. ഇറാനിലെ വനിതാ സംവിധായകരുടെ സിനിമകള്‍ പോലെയാണ് ഇവരുടെ വസ്ത്ര മാതൃകകളും. പരിമിതികള്‍ക്കിടയില്‍ നിന്ന് നെയ്ത പൂര്‍ണതകള്‍. ഇപ്പോളില്ലെങ്കിലും ലോകം ഒരു കൊച്ചു ഗ്രാമമായി മാറുന്ന സാങ്കേതികവിദ്യയുടെ കാലത്ത് നമ്മുടെ നാട്ടിലേക്കും പെട്ടെന്ന് വ്യാപിച്ചേക്കാവുന്ന ഇത്തരം ഉത്തരം തേടലുകള്‍ പ്രതീക്ഷാജനകമാണ്.
വസ്ത്ര നിര്‍ണയത്തിനു ശേഷം അവള്‍ പ്രതിനിധാനം ചെയ്യുന്ന വസ്ത്രത്തെ കുറിച്ചുള്ള വിവാദങ്ങളില്‍ എന്താണവളുടെ നിലപാട്? വിശ്വാസം അത്രയൊന്നും ആഴമായി ഹൃദയത്തില്‍ പ്രവേശിച്ചിട്ടില്ലാത്തവരിലും അവയെക്കുറിച്ച അറിവില്ലാത്തവരിലും, ഉണ്ട് ഒരുപാട് ഹിജാബ് ധരിക്കുന്നവരും മതനിയമങ്ങള്‍ പിന്‍പിറ്റുന്നവരും. ഏതേതു സാഹചര്യങ്ങളില്‍ നിന്നു വരുന്നവരാണെങ്കിലും തന്റെ വസ്ത്രധാരണത്താല്‍ തന്റെ മതം അവഹേളിക്കപ്പെടുന്നുണ്ടെന്നു മനസ്സിലാക്കപ്പെടുന്നത് തീര്‍ച്ചയായും വേദനാജനകമാണ് ഓരോരുത്തര്‍ക്കും. അവിടെ ആ മുഖം സംരക്ഷിക്കേണ്ടത് അവളുടെ ബാധ്യതയായി സ്വയം ഏറ്റെടുത്തും വസ്ത്രവിധാനത്തില്‍ പരിഷ്‌കരണം, പലപ്പോഴും അപഹാസ്യമാവുന്ന രീതിയില്‍ പോലും നടത്തിയും ആളുകളോട് അതിനെക്കുറിച്ച് വിശദീകരിച്ചും ഒരു ഹിജാബ് വക്താവായി അവള്‍ക്കു നടക്കേണ്ടിവരുന്നുണ്ട്. അതിനുമപ്പുറം നിരന്തരം തന്നെക്കുറിച്ച്, അഥവാ മുസ്‌ലിം സ്ത്രീയെ കുറിച്ച് ലോകം മുഴുവന്‍ ചര്‍ച്ചിച്ച് തുപ്പുന്നത് കേള്‍ക്കേണ്ടിവരുന്നു. തന്റെ അഭിപ്രായങ്ങള്‍ ആര്‍ക്കും ആവശ്യമില്ലെന്നും മനസ്സിലാവുന്നു. പുതുതായി വരുന്ന മതമേലാള മതേതര ഫത്‌വകളില്‍ പെട്ട് ഉഴലുകയും ചെയ്യുന്നു. ഇതിനിടയില്‍ ശിരോവസ്ത്രത്തിന്റെ ഭാരത്താല്‍’അതുപേക്ഷിച്ചവരെയും കാണുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഒട്ടുമിക്ക മുസ്‌ലിം സ്ത്രീകളും ഈ ഭാരം താങ്ങാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതായിട്ടുതന്നെയാണ് നാം കാണുന്നത്. അവരുടെ ഇത്തരം പ്രതിസന്ധിഘട്ടങ്ങള്‍ ഈ കാലത്ത് തുടര്‍ന്നുകൊണ്ടേയിരിക്കുമെങ്കിലും. പക്ഷേ, ഇത്തരം ചര്‍ച്ചകള്‍ രംഗത്ത് വരുമ്പോള്‍, അവരുമായി യാതൊരു ബന്ധവുമില്ലാത്ത ഒരുപാട് പേര്‍ അഭിപ്രായം പറയുന്നത് കാണുമ്പോള്‍, സാറാ ജോസഫിന്റെ മാറ്റാത്തിയില്‍ ലൂസിക്ക് തോന്നിയതൊക്കെ പലര്‍ക്കും തോന്നുന്നുണ്ടാവണം.
ലൂസി വളര്‍ത്തിയ അമ്മിണിപ്പശുവിന്റെ പേറെടുക്കാന്‍ വന്നിരിക്കുകയാണ് ചക്കന്‍. വകയിലെ ഒരമ്മായിയും അവള്‍ വേല ചെയ്യുന്ന വീടിന്റെ ഉടമയും പ്രസവിക്കാത്തവളുമായ ബ്രിജിത്ത ലൂസിയെ അവിടെ നിന്നും ഓടിച്ചു വിടുന്നു. തന്റെ അമ്മിണിയായതിനാല്‍ അത് കാണാന്‍ തനിക്കും അവകാശമുണ്ടെന്നു ശഠിച്ച ലൂസി രഹസ്യമായി തൊഴുത്തിനു പിന്നില്‍ മറഞ്ഞിരിക്കുന്നു. ശേഷം നോവലില്‍ നിന്നു തന്നെ വായിക്കാം..
ചക്കന്‍ അമ്മിണിയെ പാറോത്തിന്റെ ഇല തീറ്റിച്ചു. പാറോത്തിന്റെ ഇല കൊടുത്താല്‍ മറുകുട്ടി വേഗം വീഴും. ചക്കന്റെ കയ്യും കൂടി കടിച്ചു തിന്നാനുള്ള ആര്‍ത്തി കാണിച്ചു അമ്മിണി.'പെറ്റ വയറണെ, ആനേന്യാ തിന്നാള്ള വെശ്പ്പ്ണ്ടാവും'- ചക്കന്‍ ബ്രിജിത്തയോട് പറഞ്ഞു, ബ്രിജിത്ത ശെരി വച്ചു.’
ലൂസി വിചാരിച്ചു, 'ഇവര്‍ക്ക് രണ്ടാള്‍ക്കും എങ്ങനയാണാവോ പെറ്റ വയറിന്റെ“വിശപ്പര്‍യാ?'
Comments