ഖുര്‍ആനിലുള്ളത് നിഖാബോ ബുര്‍ഖയോ അല്ല

ഇന്ന് നമുക്കിടയില്‍ പ്രചാരത്തിലുള്ള ഹിജാബ് (സ്ത്രീ വീട്ടില്‍ തന്നെ ഇരിക്കണം, പുറത്തിറങ്ങരുത്, പുറത്തിറങ്ങുകയല്ലാതെ നിവൃത്തിയില്ലെന്ന് വന്നാല്‍ മുഖം ഉള്‍പ്പെടെ മറച്ചുകൊണ്ടുള്ള ബുര്‍ഖ ധരിച്ചുകൊണ്ടാവണം എന്ന നിലപാട്) ഇസ്‌ലാമിക ശരീഅത്തിലെ ഖണ്ഡിത പ്രമാണമാണെങ്കില്‍ ആ വിഷയം ഞാന്‍ ചര്‍ച്ചക്കെടുക്കാന്‍ പാടില്ലാത്തതാണ്. പ്രത്യക്ഷത്തില്‍ ഉപദ്രവകരമാണെന്ന് തോന്നിച്ചാലും ആ പ്രമാണത്തിനെതിരെ ഞാനൊരക്ഷരം എഴുതുകയുമരുത്. കാരണം, അന്വേഷണമോ ചര്‍ച്ചയോ കൂടാതെ എല്ലാ ദൈവകല്‍പനകള്‍ക്കും നാമെല്ലാവരും വഴിപ്പെടേണ്ടവരാണ്. പക്ഷേ, ഇപ്പറഞ്ഞ രീതിയിലുള്ള ഹിജാബിനെ പിന്തുണക്കുന്ന പ്രമാണ പാഠങ്ങളൊന്നും നാം ശരീഅത്തില്‍ കാണുന്നില്ല. മുഖം മറച്ചുള്ള ഈ വസ്ത്രധാരണ രീതി യഥാര്‍ഥത്തില്‍ മറ്റു ചില സമൂഹങ്ങളില്‍ നിലനിന്നിരുന്നതും അവരുമായുള്ള ഇടപഴക്കത്തിലൂടെ മുസ്‌ലിംകളില്‍ ചിലര്‍ കടം കൊണ്ടതുമാണ്. ആ വസ്ത്രധാരണത്തില്‍ അവര്‍ അതിരു കവിഞ്ഞ നിഷ്ഠ പുലര്‍ത്തുകയും ചെയ്തു. എന്നിട്ടതിനെ ദീനിന്റെ വസ്ത്രമണിയിച്ചു. ദീനിന്റെ ഉടുപ്പണിയിക്കപ്പെട്ട ഹാനികരമായ അത്തരം പല ആചാരങ്ങളും നാം കാണുന്നുണ്ടല്ലോ. ദീനുമായി അതിന് ബന്ധമില്ല എന്നതാണ് സത്യം.
അതിനാല്‍ ഈ വിഷയം ചര്‍ച്ചക്കെടുക്കുന്നതിന് യാതൊരു തടസ്സവുമില്ല. എന്നല്ല, ആ വിഷയം ചര്‍ച്ചക്കെടുക്കുക തന്നെ വേണം. അക്കാര്യത്തില്‍ ശരീഅത്ത് എന്തു പറയുന്നു എന്ന് വ്യക്തമാക്കണം. അത്തരം ആചാരങ്ങള്‍ ജനങ്ങള്‍ മാറ്റേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും വേണം.
അല്ലാഹു പറയുന്നു: ''താങ്കള്‍ സത്യവിശ്വാസികളോട് പറയുക: അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കട്ടെ. ഗുഹ്യ ഭാഗങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ. അതാണവരുടെ പരിശുദ്ധിക്ക് ഏറ്റവും പറ്റിയത്. സംശയം വേണ്ട; അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയെല്ലാം നന്നായി അറിയുന്നവനാണ്. താങ്കള്‍ സത്യവിശ്വാസിനികളോട് പറയണം. അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം. തങ്ങളുടെ ശരീര സൗന്ദര്യം വെളിപ്പെടുത്തരുത്; സ്വയം വെളിവായതൊഴികെ. ശിരോവസ്ത്രം മാറിടത്തിന് മീതെ താഴ്ത്തിയിടണം. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍, പിതാക്കള്‍, ഭര്‍തൃ പിതാക്കള്‍, പുത്രന്മാര്‍, ഭര്‍തൃപുത്രന്മാര്‍, സഹോദരങ്ങള്‍, സഹോദര പുത്രന്മാര്‍, സഹോദരീ പുത്രന്മാര്‍, തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, വലം കൈ ഉടമപ്പെടുത്തിയവര്‍, ലൈംഗികാസക്തിയില്ലാത്ത പുരുഷ പരിചാരകര്‍, സ്‌ത്രൈണ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ എന്നിവരുടെ മുന്നിലൊഴികെ അവര്‍ തങ്ങളുടെ ശരീര ഭംഗി വെളിവാക്കരുത്. മറച്ചുവെക്കുന്ന സൗന്ദര്യത്തിലേക്ക് ശ്രദ്ധ തിരിക്കാനായി കാലുകള്‍ നിലത്തടിച്ച് നടക്കരുത്'' (അന്നൂര്‍ 30,31).
ഈ ഖുര്‍ആനിക സൂക്തങ്ങളിലൂടെ ഒരു സ്ത്രീക്ക് തന്റെ ശരീരത്തിന്റെ ചില ഭാഗങ്ങള്‍ വെളിപ്പെടുത്താന്‍ ശരീഅത്ത് അനുവാദം നല്‍കുന്നു. ആ ഭാഗങ്ങള്‍ ഏതെന്ന് ഈ സൂക്തങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. ഈ സൂക്തങ്ങള്‍ ഇറങ്ങുന്ന കാലത്തുള്ള സമ്പ്രദായമനുസരിച്ച് ആ ഭാഗങ്ങള്‍ ഏതൊക്കെയെന്ന് നിര്‍ണയിക്കാമെന്നാണ് പണ്ഡിതന്മാരുടെ പക്ഷം. 'സ്വയം വെളിവായ' ഭാഗങ്ങള്‍ മുഖവും മുന്‍കൈകളുമാണെന്ന കാര്യത്തില്‍ അവര്‍ ഏകോപിക്കുകയും ചെയ്തിരിക്കുന്നു. കണങ്കൈകള്‍ പെടുമോ, കാല്‍പാദങ്ങള്‍ പെടുമോ എന്നീ കാര്യങ്ങളാണ് അവര്‍ക്ക് അഭിപ്രായ ഭിന്നതയുള്ളത്.
ശാഫിഈ മദ്ഹബിലെ ഗ്രന്ഥമായ അര്‍റൗദില്‍ ഇപ്രകാരം പറയുന്നു: ''അപകടം ഭയക്കുന്നില്ലെങ്കില്‍ പുരുഷന് സ്ത്രീയുടെ മുഖവും മുന്‍കൈകളും കാണാന്‍ അനുവാദമുണ്ട്; നേരെ തിരിച്ചും. ഇടപാടുകളിലേര്‍പ്പെടുമ്പോഴും സാക്ഷി പറയുമ്പോഴും സ്ത്രീയുടെ മുഖത്തേക്ക് നോക്കാവുന്നതാണ്.'' കന്‍സുദ്ദഖാഇഖ് എന്ന ഗ്രന്ഥത്തിന്റെ വ്യാഖ്യാനമായ തബ്‌യീനുല്‍ ഹഖാഇഖില്‍ ഉസ്മാനുബ്‌നു അലി സൈലഇ എഴുതുന്നു: ''സത്രീശരീരം ഔറത്താണ്, മറക്കപ്പെടേണ്ടതാണ്. അവളുടെ മുഖവും മുന്‍കൈകളും ഒഴികെ. 'അവര്‍ ശരീര സൗന്ദര്യം വെളിപ്പെടുത്തരുത്, സ്വയം വെളിവാകുന്നതൊഴികെ' എന്നതിന്റെ ആശയം അതാണ്. ഇബ്‌നു അബ്ബാസും ഇബ്‌നു ഉമറും അങ്ങനെ പറഞ്ഞിട്ടുണ്ട്.'' മുഖവും മുന്‍കൈകളും ഔറത്തല്ല എന്നത് മാലികി-ഹമ്പലി മദ്ഹബുകളിലെ അറിയപ്പെട്ട അഭിപ്രായമാണ്. ഹസ്രത്ത് ആഇശ(റ) ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നു: ''എന്റെ സഹോദരി അസ്മ ഒരിക്കല്‍ പ്രവാചക സന്നിധിയില്‍ വന്നു. നേരിയ വസ്ത്രങ്ങളാണ് അസ്മ അണിഞ്ഞിരുന്നത്. പ്രവാചകന്‍ പറഞ്ഞു: അസ്മാ, പെണ്‍കുട്ടി പ്രായപൂര്‍ത്തിയെത്തിയാല്‍ പിന്നെ അവളുടെ ഇതും ഇതും (പ്രവാചകന്‍ സ്വന്തം മുഖത്തേക്കും മുന്‍കൈകളിലേക്കും വിരല്‍ ചൂണ്ടിക്കൊണ്ട്) മാത്രമേ വെളിയില്‍ കാണാന്‍ പാടുള്ളൂ.''
മുഹമ്മദ് സിദ്ദീഖ് ഹസന്‍ ഖാന്‍ ബഹാദൂര്‍ തന്റെ ഹുസ്‌നുല്‍ ഉസ്‌വ എന്ന കൃതിയില്‍ എഴുതുന്നു: ''സ്ത്രീക്ക് ഇങ്ങനെ ഇളവ് നല്‍കിയതിന് കാരണമുണ്ട്. സ്ത്രീ സാധനങ്ങള്‍ എടുക്കുകയോ കൈകാര്യം നടത്തുകയോ ഒക്കെ ചെയ്യുമ്പോള്‍ മുന്‍കൈ വെളിയില്‍ കാണാന്‍ സാധ്യതയുണ്ട്. സാക്ഷി പറയാനും കോടതി വ്യവഹാരത്തിനും വിവാഹത്തിനും അവളുടെ മുഖം വെളിപ്പെടുത്തേണ്ടിവരും. സ്ത്രീക്ക് വഴികളിലൂടെ നടക്കേണ്ടതായും വരുമല്ലോ. അപ്പോള്‍ കാല്‍പാദങ്ങളും പുറത്തേക്ക് കണ്ടേക്കാം; അവര്‍ ദരിദ്രരാണെങ്കില്‍ പ്രത്യേകിച്ചും.''
പുരുഷനെന്നപോലെ സ്ത്രീക്കും ഇസ്‌ലാം അവകാശങ്ങള്‍ നല്‍കുന്നുണ്ട്. സ്ത്രീക്ക് ലഭിക്കുന്ന സ്വത്തുക്കളുടെ ക്രയവിക്രയാവകാശം അവള്‍ക്ക് തന്നെയാണ്. അപ്പോള്‍, തന്റെ മുമ്പിലുള്ള സ്ത്രീ ആരാണെന്ന് ഉറപ്പാക്കാതെയും സ്ഥിരീകരിക്കാതെയും എങ്ങനെയാണ് ഒരു പുരുഷന് സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടത്താനാവുക? കോടതി വ്യവഹാരങ്ങളില്‍ വഞ്ചനക്കും ആള്‍മാറാട്ടത്തിനും ശരീരഭാഗങ്ങള്‍ മുഴുവന്‍ മറച്ചുള്ള വസ്ത്രധാരണം വഴിയൊരുക്കില്ലേ? ഈ വസ്ത്രധാരണ രീതി സ്വീകരിച്ചുകൊണ്ട് എങ്ങനെയാണ് നിരാലംബയും ദരിദ്രയുമായ ഒരു സ്ത്രീക്ക് കൃഷിയിലോ കച്ചവടത്തിലോ മറ്റു തൊഴിലുകളിലോ ഏര്‍പ്പെടാന്‍ കഴിയുക? പുരുഷന്മാരുള്ള വീട്ടില്‍ മുഖം മറച്ചുകൊണ്ട് ഒരു പരിചാരികക്ക് ജോലി ചെയ്യാന്‍ കഴിയുമോ? കേസില്‍ വാദിയോ പ്രതിയോ സാക്ഷിയോ ഒക്കെയായി വിസ്തരിക്കപ്പെടുന്ന സ്ത്രീ മുഖം മറച്ചിട്ടുണ്ടെങ്കില്‍ അത് നിര്‍ദിഷ്ട വ്യക്തി തന്നെയെന്ന് ജഡ്ജിക്ക് എങ്ങനെയാണ് ഉറപ്പിക്കാനാവുക? മുഖവും മുന്‍കൈകളും വെളിവാക്കാന്‍ അനുവാദമുണ്ട് എന്നതിന് തന്നെയാണ് ശരീഅത്തില്‍ തെളിവുകളുള്ളത്. അന്‍സ്വാരികളില്‍ പെട്ട ഒരാള്‍ ഒരു സ്ത്രീയെ വിവാഹം ചെയ്യാന്‍ ആലോചിച്ചപ്പോള്‍ പ്രവാചകന്‍ അദ്ദേഹത്തോട് 'നീ അവളെ കണ്ടിട്ടുണ്ടോ' എന്ന് ചോദിച്ചു. ഇല്ല എന്ന് മറുപടി കിട്ടിയപ്പോള്‍ 'എന്നാല്‍ കാണണം' എന്നായിരുന്നു പ്രവാചകന്റെ മറുപടി. ഇങ്ങനെ പ്രവാചക ചര്യയും പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും പരിശോധിക്കുമ്പോള്‍ മുഖവും മുന്‍കൈകളും വെളിപ്പെടുത്തുന്നതിന് അനുവാദമുണ്ട് എന്ന നിശ്ചയത്തില്‍ തന്നെയാണ് നാം എത്തിച്ചേരുന്നത്. അതിന്റെ യുക്തി എന്തെന്ന് കണ്ടെത്താന്‍ ബുദ്ധിയുള്ള ആര്‍ക്കും പ്രയാസവുമില്ല.
ശരീഅത്ത് എന്നാല്‍ മുഴുവന്‍ എളുപ്പമാണ്; ആരെയുമത് ബുദ്ധിമുട്ടിക്കുന്നില്ല. പുരുഷനെന്ന പോലെ സ്ത്രീക്കും ബാധകമാണ് ഈ തത്ത്വങ്ങള്‍. മതനിയമങ്ങള്‍ പാലിക്കുന്നതില്‍ മാത്രമല്ല, ഉപജീവന മാര്‍ഗങ്ങള്‍ തേടുന്നതിലും പ്രയാസങ്ങള്‍ ഉണ്ടാവരുത് എന്നതാണ് ശരീഅത്തിന്റെ താല്‍പര്യം.
മുഖം മറയ്ക്കുന്നത് സ്ത്രീയുടെ 'അദബി'(മര്യാദ)ന്റെ ഭാഗമാണെന്ന് ചിലര്‍ പറയുന്നു. സ്ത്രീകള്‍ മുഖം മറയ്ക്കുന്നതും മറയ്ക്കാതിരിക്കുന്നതും, അദബും തമ്മില്‍ എന്താണ് ബന്ധം? അദബിന് സ്ത്രീ പുരുഷ വ്യത്യാസമുണ്ടോ? സ്ത്രീക്കും പുരുഷനും ഒരേപോലെ ബാധകമല്ലേ അത്? 'ഫിത്‌ന ഭയന്ന്' എന്നതാണ് മറ്റൊരു ന്യായം. പുരുഷ ഹൃദയങ്ങളിലെ ഭയത്തെക്കുറിച്ചാണ് പറയുന്നത്. അത് സ്ത്രീക്കും ബാധകമല്ലേ? ഖുര്‍ആന്‍ രണ്ട് കൂട്ടരെയും വെവ്വേറെത്തന്നെ പേരെടുത്ത് പറഞ്ഞിട്ടില്ലേ? അതായത് ഫിത്‌ന ഭയക്കുന്നുവെങ്കില്‍ പുരുഷന്‍ മാത്രമല്ല സ്ത്രീയും കണ്ണുകള്‍ താഴ്ത്തണം എന്നാണ് ഖുര്‍ആന്‍ പറഞ്ഞിരിക്കുന്നത്. എങ്കില്‍ അതിന്റെ പേരില്‍ സ്ത്രീ മാത്രമാണോ മുഖം മറയ്‌ക്കേണ്ടത്, പുരുഷനും മറയ്‌ക്കേണ്ടേ? പക്ഷേ ഫിത്‌ന ഭയന്ന് പുരുഷന്‍ ബുര്‍ഖ ധരിക്കണം എന്ന് ആരും പറഞ്ഞ് കാണുന്നില്ല. സ്ത്രീക്ക് തന്റെ മനോവികാരങ്ങളെ നിയന്ത്രിക്കാന്‍ നല്ല കെല്‍പ്പുണ്ടെന്നും പുരുഷന്‍ അക്കാര്യത്തില്‍ വളരെ ദുര്‍ബലനാണെന്നും അല്ലേ ഇതിനര്‍ഥം?
നിഖാബാകട്ടെ ബുര്‍ഖയാകട്ടെ അതിന് ഇസ്‌ലാമിക പ്രമാണങ്ങളുടെ പിന്‍ബലമില്ല എന്നാണ് പറഞ്ഞുവന്നതിന്റെ ചുരുക്കം. മിക്ക മുസ്‌ലിം നാടുകളിലും ഇങ്ങനെയൊരു ആചാരം നിലവിലുണ്ടായിരുന്നില്ല എന്നത് തന്നെ അതിനുള്ള തെളിവ്. 'ശിരോവസ്ത്രം മാറിടത്തിന് മീതെ താഴ്ത്തിയിടുക' (ദര്‍ബുല്‍ ഖുമുര്‍ അലല്‍ ജുയൂബ്) എന്നതാണ് ഇസ്‌ലാമിന്റെ പ്രമാണ പാഠം. ഇത് ബുര്‍ഖയോ നിഖാബോ അല്ല തന്നെ.
(ഈജിപ്ഷ്യന്‍ പണ്ഡിതനായ മുഹമ്മദ് അബ്ദു (1849-1905) എഴുതിയ 'ഹിജാബുന്നിസാഅ് മിനല്‍ ജിഹത്തിദ്ദീനിയ്യ' എന്ന ലേഖനത്തില്‍ നിന്ന്)
Comments