ഇനി ഘട്ടം ഘട്ടം <br> സമ്പൂര്‍ണ മദ്യവത്കരണം

കേരളം പത്തുവര്‍ഷം കൊണ്ട് സമ്പൂര്‍ണ മദ്യനിരോധത്തിലേക്കു പോകുമെന്നു പ്രഖ്യാപിച്ച് ആഗസ്റ്റില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം ഡിസംബറാകുമ്പോഴേക്കും അട്ടത്തു വച്ചു പൂട്ടി മദ്യമൊഴുക്കാനുള്ള എല്ലാ വഴികളും തുറന്നുകഴിഞ്ഞു. കേരളം ഭരിക്കുന്നത് അബ്കാരികളുടെ റിമോട്ട് കണ്‍ട്രോളില്‍ ചലിക്കുന്ന പാവസര്‍ക്കാറാണെന്നാണ്, ഡ്രൈഡേ പിന്‍വലിക്കാനും പൂട്ടിയ ബാറുകള്‍ക്ക് ബീര്‍-വൈന്‍പാര്‍ലര്‍ ലൈസന്‍സ് നല്‍കാനുമുള്ള മന്ത്രിസഭാ തീരുമാനം തെളിയിച്ചത്. 'ഞായറാഴ്ച' ഒരു ദിവസം പോലും മദ്യം വില്‍ക്കാതിരിക്കുന്നത് പ്രായോഗികമല്ല എന്നു പറയുന്ന മുഖ്യമന്ത്രി എങ്ങനെയാണ് സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കുക?!
സര്‍ക്കാര്‍ സമ്പൂര്‍ണ മദ്യനിരോധം പത്തു വര്‍ഷം കൊണ്ട് നടപ്പാക്കുമെന്നു ഒറ്റരാത്രി വെളുക്കുന്നതിനിടയില്‍ ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചപ്പോള്‍ പലരും ഞെട്ടിയെങ്കിലും ഞെട്ടാത്ത ഒരുകൂട്ടര്‍ മദ്യലോബി മാത്രമായിരുന്നു. അവരുടെ കീശയുടെ കനത്തില്‍ ഏതു സര്‍ക്കാരിനെയും വിലക്കെടുക്കാമെന്നവര്‍ക്കുറപ്പുണ്ടായിരുന്നു. അതു തെളിയിക്കപ്പെടുകയും ചെയ്തു. പൂട്ടിയ ബാറുകള്‍ തുറക്കാതിരിക്കാനും മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കാനും അതുവഴി ജനപ്രീതി ഉയര്‍ത്തിനിര്‍ത്താനും കഴിഞ്ഞ കെ.പി.സി.സി പ്രസിഡന്റിനെ നിശബ്ദനാക്കാന്‍ ഉമ്മന്‍ ചാണ്ടി കണ്ടെത്തിയ മാര്‍ഗമായിരുന്നു സമ്പൂര്‍ണ മദ്യനിരോധത്തിലേക്കു നീങ്ങുന്ന മദ്യനയം. അതിലാകട്ടെ, കോടതിയിലെത്തിയാല്‍ പൊട്ടാന്‍ പരുവത്തില്‍ ഫൈവ്സ്റ്റാര്‍ പ്രശ്‌നം തിരുകിക്കയറ്റിയത് മുന്നൊരുക്കത്തോടെ ഉമ്മന്‍ ചാണ്ടി നടത്തിയ നീക്കമായിരുന്നു. സര്‍ക്കാര്‍ വക്കീലന്മാരാകട്ടെ കോടതിയില്‍ കേസുതോല്‍ക്കുന്നതില്‍ മത്സരിച്ച് സര്‍വകാല റിക്കോഡിട്ടുകൊണ്ടിരിക്കുന്ന കാലവും.
ഇതര സംസ്ഥാന ലോട്ടറിക്കേസില്‍ തോറ്റു, മുല്ലപ്പെരിയാറില്‍ തോറ്റു, മൂന്നാറില്‍ തോറ്റു... പട്ടിക നീണ്ടുകൊണ്ടിരിക്കുമ്പോഴാണ് മദ്യനയത്തിനെതിരെ ബാറുടമകള്‍ കോടതിയിലേക്കു പോകുന്നത്. ഘട്ടം ഘട്ടമായി കേസില്‍ മദ്യമുതലാളിമാര്‍ ജയിക്കുന്നതാണ് പിന്നീട് കണ്ടത്. ആദ്യം ഫോര്‍സ്റ്റാറിന്റെ ബാര്‍ലൈസന്‍സ് വിലക്കു എടുത്തുകളയാന്‍ കോടതി നിര്‍ദേശിച്ചു. ത്രീസ്റ്റാറുകള്‍ വെറും രണ്ടു ദിവസത്തെ മിനുക്കുപണികൊണ്ട് ഫോര്‍സ്റ്റാറാക്കാമെന്നിരിക്കെ ത്രീസ്റ്റാറിലും മദ്യശാല തുറക്കാനുള്ള വഴിയായി. ബാറുകള്‍ അടക്കാനുള്ള തീയതി കോടതി നീട്ടിക്കൊടുത്തുകൊണ്ടിരുന്നു. അതിലൊന്നും സമയോചിതമായി അപ്പീല്‍ പോകാന്‍പോലും സര്‍ക്കാര്‍ തയാറായില്ല. ഇതിനിടയില്‍ ദേശീയപാതയോരത്തെ ബിവറേജസ് മദ്യശാലകള്‍ പൂട്ടണമെന്ന വിധിവന്നപ്പോള്‍ സര്‍ക്കാര്‍ അന്നുതന്നെ എതിരെ അപ്പീല്‍ നല്‍കി. സമ്പൂര്‍ണ മദ്യനിരോധനമാണ് സര്‍ക്കാര്‍ ലക്ഷ്യമെങ്കില്‍ കിട്ടിയ അവസരം ഉപയോഗിച്ച് പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള നടപടിയാണ് എടുക്കേണ്ടിയിരുന്നത്.
ഇതിനിടയിലാണ് മാണിക്കെതിരെ ബാര്‍കോഴ വിവാദം വരുന്നത്. മാണിക്ക് ഒരുകോടി രൂപ കൈമാറിയെന്നാണ് ബാറുടമകളുടെ സംഘടനാ നേതാവ് പരസ്യമായി പറഞ്ഞത്. മുഖ്യമന്ത്രിക്ക് ഇതിലൂടെ മാണി മറുകണ്ടം ചാടുമെന്ന പേടി പോകുകയും മദ്യനയം അട്ടിമറിക്കാന്‍ പിടിവള്ളി കിട്ടുകയുമായിരുന്നു. 20 കോടി സ്വരൂപിച്ചെന്നു ബാറുടമകള്‍ പറയുന്നു. ബാക്കി പണം കിട്ടിയവര്‍ തങ്ങളുടെ പേരുവരാതിരിക്കാന്‍ നിശ്ശബ്ദരാകുമെന്നും മാണിയെ ഒതുക്കാമെന്നും രണ്ടുകാര്യങ്ങള്‍ മുഖ്യമന്ത്രിക്ക് തുറന്നുകിട്ടി.
മദ്യം കുടിക്കുന്നതും വിതരണം ചെയ്യുന്നതും കുടിപ്പിക്കുന്നതുമാണ് പ്രായോഗികം, അല്ലാത്തതെല്ലാം അപ്രായോഗികമാണ് എന്നത്രെ മുഖ്യമന്ത്രിയുടെ പക്ഷം. കേരളത്തിലെ രാഷ്ട്രീയ നേതൃത്വം മദ്യവിഷയത്തില്‍ പുലര്‍ത്തുന്ന ശുദ്ധകാപട്യം തെളിയിക്കുന്നതാണ് സംഭവങ്ങള്‍. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള വടികളായ ബാര്‍കോഴയും മദ്യനയ അട്ടിമറിയും കൈയില്‍ കിട്ടിയിട്ടും പ്രതിപക്ഷത്തിന് മിണ്ടാന്‍ പോലും കഴിയുന്നില്ല. പരസ്പരം അടിക്കുകയാണ് സി.പി.ഐ, സി.പിഎം കക്ഷികള്‍. അല്ലെങ്കിലും പണ്ടുമുതല്‍ തന്നെ മദ്യകാര്യത്തില്‍ തൊഴിലാളിസ്‌നേഹമെന്ന മറപിടിച്ച് മദ്യലോബിക്കൊപ്പം നില്‍ക്കാനാണ് അവര്‍ക്കു താല്‍പര്യം. കോണ്‍ഗ്രസ്സിലാകട്ടെ 40 എം.എല്‍.എമാരില്‍ ടി.എന്‍ പ്രതാപനൊഴികെ മറ്റ് 39 പേരും മദ്യമൊഴുക്കുന്നതിനുള്ള പരസ്യ പിന്തുണ പ്രഖ്യാപിക്കുകയാണ് ചെയ്തത്. മുസ്‌ലിം ലീഗാകട്ടെ, 1967 മുതലുള്ള തങ്ങളുടെ പതിവ് ശൈലിയില്‍ 'അതൃപ്തി രേഖപ്പെടുത്തി' സാമൂഹിക തിന്മകള്‍ക്കെതിരെ മിണ്ടാതിരുന്ന് പിന്തുണ നല്‍കുക എന്ന നാടകം തന്നെ തുടര്‍ന്നു. മുഖ്യമന്ത്രിയെക്കൊണ്ട് ലീഗിന്റെ അതൃപ്തി പറയിപ്പിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാമെന്നാണ് ലീഗ് കരുതുന്നത്.
കേരളത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും, സ്വസ്ഥ ജീവിതം കാംക്ഷിക്കുന്ന ജനങ്ങളുടെയും മനസ്സില്‍ കനല്‍ വാരിയിട്ടുകൊണ്ട് മദ്യനിരോധം എന്ന പ്രതീക്ഷ അകലങ്ങളിലായി. ഘട്ടം ഘട്ടമായി സമ്പൂര്‍ണ മദ്യവത്കരണം എന്നത് സര്‍ക്കാരിന്റെ മദ്രാവാക്യമാകുമോ എന്നേ ഇനിയറിയാനുള്ളൂ. കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കേണ്ട മദ്യനയം ഗര്‍ഭപാത്രത്തില്‍വെച്ചു തന്നെ നശിപ്പിക്കുന്നത് കണ്ട് നെടുവീര്‍പ്പിടാന്‍ മാത്രമേ നമുക്കാകൂ എന്നിടത്താണ് മദ്യലോബിയുടെ ശക്തി. അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍ എന്നുപറഞ്ഞപോലെ മദ്യഗന്ധം അടിക്കാത്തവരായി ഭരണ-പ്രതിപക്ഷ കക്ഷികളില്‍ ആരുമില്ലെന്നു വന്നതോടെ ജനങ്ങള്‍ നേരിട്ടുതന്നെ പോരാട്ടത്തിനിറങ്ങേണ്ട സ്ഥിതിയാണ്. മദ്യനയത്തെ അബ്കാരികള്‍ക്കു മുന്നില്‍ അടിയറവെച്ച് കേരള ജനതയുടെ പ്രതീക്ഷയെ തല്ലിക്കെടുത്തിയ മദ്യദാസന്മാരുടെ ഭരണത്തിന് നേതൃത്വം നല്‍കിയ ഉമ്മന്‍ചാണ്ടിയും മന്ത്രിസഭയിലെ ഓരോ അംഗവും കാലത്തിന്റെ വിചാരണക്കു വിധയേരാവുക തന്നെ ചെയ്യും.
Comments