ചോദ്യോത്തരം

വിവാഹത്തിനു വേണ്ടിയുള്ള മതം മാറ്റം
ന്യൂദല്‍ഹി: ഇസ്‌ലാമിനെക്കുറിച്ച് അറിയുകയും വിശ്വസിക്കുകയും ചെയ്യാതെ മുസ്‌ലിം യുവാവിനെ വിവാഹം കഴിക്കാന്‍ വേണ്ടി മാത്രമായി ഇതര മതക്കാരായ യുവതികള്‍ ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം നടത്തുന്നത് സാധുവല്ലെന്ന് അലഹബാദ് ഹൈക്കോടതി. യു.പിയിലെ വിവിധ ജില്ലകളിലെ അഞ്ചു ദമ്പതികള്‍ വിവിധ ഘട്ടങ്ങളില്‍ നല്‍കിയ ഹരജികള്‍ ഒന്നിച്ച് പരിഗണിച്ചാണ് ജസ്റ്റിസ് സൂര്യപ്രകാശ് കേശര്‍വാണയുടെ വിധി.
ഹരജിക്കാരില്‍ ഭര്‍ത്താക്കന്മാര്‍ എല്ലാവരും മുസ്‌ലിംകളും ഭാര്യമാര്‍ ഹിന്ദുവിഭാഗത്തില്‍ പെട്ടവരുമാണ്. വിവാഹവേളയില്‍ യുവതികള്‍ ഇസ്‌ലാം സ്വീകരിച്ചു. വിവാഹിതരായ സാഹചര്യത്തില്‍ ഒന്നിച്ചു ജീവിക്കാന്‍ നിയമസംരക്ഷണം വേണമെന്നാണ് ഹരജിയിലെ ആവശ്യം. എന്നാല്‍ ഹരജിക്കാരുടെ വിവാഹം ഖുര്‍ആനിലെ രണ്ടാം അധ്യായം 221-ാം വാക്യത്തിന് വിരുദ്ധമാണെന്ന് കോടതിവിധിയില്‍ വ്യക്തമാക്കി. 'വിശ്വാസിയല്ലാത്ത സ്ത്രീയെ അവര്‍ വിശ്വാസം സ്വീകരിക്കുന്നതുവരെ വിവാഹം ചെയ്യരുത്. നിങ്ങളുടെ പെണ്‍കുട്ടികളെ അവിശ്വാസികള്‍ക്ക് അവര്‍ വിശ്വാസം സ്വീകരിക്കുന്നതുവരെ വിവാഹം ചെയ്തു കൊടുക്കാനും പാടില്ല' എന്നാണ് ഖുര്‍ആന്‍ വാക്യം.
ഹരജിക്കാരായ സ്ത്രീകള്‍ തങ്ങള്‍ക്ക് ഇസ്‌ലാമിനെ കുറിച്ച് അറിയില്ലെന്നാണ് മൊഴിയിലും കോടതിയിലെ വിസ്താരത്തിലും പറഞ്ഞത്. വിവാഹത്തിനു വേണ്ടി യുവാവിന്റെ മതത്തിലേക്ക് മാറിയതാണെന്നും സമ്മതിച്ചിട്ടുണ്ട്. മതപരിവര്‍ത്തനത്തില്‍ ശരിയായ മനംമാറ്റവും പുതിയ മതത്തിന്റെ യഥാര്‍ഥ പ്രമാണങ്ങളില്‍ ദൃഢവിശ്വാസവും ഉണ്ടാകണം. ദൈവത്തിന്റെ ഏകത്വത്തിലും പ്രവാചകന്‍ മുഹമ്മദിലും വിശ്വാസമില്ലാതെ ഇസ്‌ലാം സ്വീകരിച്ചെന്ന് പറയുന്നത് സത്യസന്ധമായി കണക്കാക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. യുവാവിന്റെ പ്രേരണയാല്‍ മാത്രമുള്ള മതംമാറ്റം മുസ്‌ലിം വ്യക്തിനിയമം അനുസരിച്ച് നിലനില്‍ക്കില്ലെന്നും അവര്‍ക്ക് ദമ്പതികള്‍ എന്ന നിലക്കുള്ള സംരക്ഷണം ലഭിക്കില്ലെന്നുമുള്ള യു.പി സര്‍ക്കാറിന്റെ വാദത്തോടും കോടതി യോജിച്ചു. യഥാര്‍ഥത്തില്‍ വിശ്വാസം മാറാതെ വിവാഹത്തിന് വേണ്ടി മാത്രമായി ഇസ്‌ലാം സ്വീകരിക്കുന്നത് നിരര്‍ഥകമാണെന്ന് 2000-ല്‍ സുപ്രീംകോടതി വിധിച്ചിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി (മാധ്യമം 20-12-2014). പ്രതികരണം?
പി.വി.സി. മുഹമ്മദ് പൊന്നാനി
രണ്ട് കാര്യങ്ങളാണ് അലഹാബാദ് ഹൈക്കോടതി വിധിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഒന്ന്, വിശ്വാസിയല്ലാത്തവരെ വിവാഹം ചെയ്യാന്‍ ഇസ്‌ലാം അനുവദിച്ചിട്ടില്ല. രണ്ട്,വിവാഹത്തിന് വേണ്ടിയുള്ള മതംമാറ്റം യഥാര്‍ഥ മതംമാറ്റമായി അംഗീകരിക്കാനാവില്ല. രണ്ടു നിരീക്ഷണങ്ങളും പ്രസക്തവും ഇസ്‌ലാമിന്റെ വീക്ഷണത്തില്‍ തന്നെ ശരിയുമാണെന്ന് സമ്മതിക്കണം. ബഹുദൈവാരാധകരെ വിവാഹം ചെയ്യരുതെന്ന വിശുദ്ധ ഖുര്‍ആന്‍ രണ്ടാം അധ്യായം 221-ാം നമ്പര്‍ സൂക്തമാണ് കോടതി വിധിക്കാധാരമായി ഉദ്ധരിക്കപ്പെട്ട തെളിവുകളിലൊന്ന്. സൂറഃ അല്‍ബഖറയിലെ പ്രസ്തുത സൂക്തം വിഗ്രഹാരാധകരായ സ്ത്രീ പുരുഷന്മാരെ വിവാഹം ചെയ്യുന്നത് മുസ്‌ലിംകള്‍ക്ക് വ്യക്തമായി വിലക്കുന്നതാണ്. സൂറഃ അന്നൂറിലുമുണ്ട് അതേ ആശയത്തിലുള്ള സൂക്തം. കാരണം വ്യക്തമാണ്. ഉത്തമ ആദര്‍ശ സമുദായത്തിന്റെ സൃഷ്ടിയാണ് കുടുംബജീവിതത്തിലൂടെ ഇസ്‌ലാം ലക്ഷ്യമിടുന്നത്. ദമ്പതികളിലൊരാള്‍ ഏകദൈവവിശ്വാസിയല്ലെങ്കില്‍ ബഹുദൈവത്വപരമായ ആദര്‍ശത്തിലൂടെയാവും സന്താനങ്ങള്‍ വളര്‍ത്തപ്പെടുക. പുറമെ, ഗൃഹാന്തരീക്ഷം ഇസ്‌ലാമികമാവുന്നതിനും അത് തടസ്സമാണ്. അതിനാല്‍ ആദര്‍ശം ബലികഴിച്ചുള്ള ദാമ്പത്യ ജീവിതം ഇസ്‌ലാം അംഗീകരിക്കുന്നില്ല. അത് രണ്ടിലൊരാള്‍ നാസ്തികനോ യുക്തിവാദിയോ മതനിഷേധിയോ ആയ മുസ്‌ലിം നാമധാരിയാണെങ്കിലും ശരി. കേവലം പ്രണയത്തിന്റെ പേരില്‍ നടക്കുന്ന മിശ്ര വിവാഹങ്ങള്‍ക്ക് ആദര്‍ശപരമായ സാധൂകരണമില്ല. അത്തരം വിവാഹങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് ആദര്‍ശം പ്രശ്‌നവുമല്ല. മിശ്ര വിവാഹം എന്ന് സാങ്കേതികമായി പറയാമെന്നേയുള്ളൂ. ആദര്‍ശ നിഷ്ഠമായ ജീവിതം നയിക്കണമെന്ന് നിര്‍ബന്ധമുള്ള സ്ത്രീയും പുരുഷനും വിവാഹത്തിലും അതിനായിരിക്കും പ്രഥമ പരിഗണന നല്‍കുക.
രണ്ടാമത്തെ കാര്യം വിവാഹത്തിനായുള്ള മതംമാറ്റമാണ്. വിഖ്യാതവും അനിഷേധ്യവുമായ നബിവചനം ഇക്കാര്യത്തില്‍ മാര്‍ഗദര്‍ശനം ചെയ്യുന്നുണ്ട്. ''നിശ്ചയമായും കര്‍മങ്ങള്‍ ഉദ്ദേശ്യമനുസരിച്ചിരിക്കും. ഒരാള്‍ ഹിജ്‌റ പോവുന്നത് ഭൗതിക നേട്ടങ്ങള്‍ക്ക് വേണ്ടിയോ ഒരു സ്ത്രീയെ വിവാഹം ചെയ്യുന്നതിനോ ആണെങ്കില്‍ അയാളുടെ ഹിജ്‌റ അതിനു വേണ്ടിതന്നെയാവും അടയാളപ്പെടുത്തുക. ഒരാളുടെ ഹിജ്‌റ അല്ലാഹുവിനും അവന്റെ ദൂതനും വേണ്ടിയാണെങ്കില്‍ അതും ആ ഉദ്ദേശ്യത്തിനുവേണ്ടിതന്നെയുള്ളതായാണ് പരിഗണിക്കുക'' (ബുഖാരി, മുസ്‌ലിം). അപ്പോള്‍ ഒരാള്‍ ഏക ദൈവത്വവും പ്രവാചകത്വവും മരണാനന്തര ജീവിതവും മൗലികാദര്‍ശങ്ങളായി അംഗീകരിച്ച് തീര്‍ത്തും നിസ്വാര്‍ഥമായും സ്വതന്ത്രമായും ഇസ്‌ലാം സ്വീകരിക്കുന്നുവെങ്കില്‍ മാത്രമേ യഥാര്‍ഥ മുസ്‌ലിമായി അയാളെ അംഗീകരിക്കേണ്ടതുള്ളൂ. ഇസ്‌ലാമിനെക്കുറിച്ച് ഒന്നും പഠിക്കാതെയും അറിയാതെയും പ്രലോഭനങ്ങള്‍ക്കോ ഭീഷണികള്‍ക്കോ വഴങ്ങി വിവാഹം പോലുള്ള താല്‍പര്യങ്ങള്‍ക്കായി ഇസ്‌ലാം സ്വീകരിക്കുന്നത് ശരിയല്ല, പ്രോത്സാഹിപ്പിക്കേണ്ടതുമല്ല. എന്നാല്‍ അടിസ്ഥാനപരമായി അല്ലാഹുവിലും വേദഗ്രന്ഥങ്ങളിലും വിശ്വസിക്കുന്ന യഹൂദ, ക്രൈസ്തവ സമുദായക്കാരികളെ, ജീവിത സംശുദ്ധി നിലനിര്‍ത്തുന്നവരാണെങ്കില്‍ മുസ്‌ലിം പുരുഷന്മാര്‍ക്ക് വിവാഹം ചെയ്യാന്‍ ഖുര്‍ആന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ഇസ്‌ലാമിക രാഷ്ട്രം തീവ്രവാദത്തിലേക്ക് നയിക്കും?
'ഇന്ത്യ പോലുള്ള ഒരു ബഹുസ്വര രാജ്യത്ത് ഇസ്‌ലാമിക രാഷ്ട്രം എന്ന ആശയം തീവ്രവാദത്തിലേക്ക് നയിക്കുന്ന ഒന്നല്ലേ? ഇന്ത്യയില്‍ ഇസ്‌ലാം അനുസരിച്ച് ജീവിക്കുന്നതിനും അത് പ്രബോധനം ചെയ്യുന്നതിനും യാതൊരു തടസ്സവും ഇല്ലാത്ത നിലക്ക് അങ്ങനെ ഒരു രാഷ്ട്രത്തിന്റെ ആവശ്യമുണ്ടോ?
ഫര്‍ഹാന്‍ അബ്ദുസ്സമദ്
വിശ്വമാനവികതയിലും നീതിയിലും ധാര്‍മികതയിലും അധിഷ്ഠിതമായ, ദൈവിക പരമാധികാരം അംഗീകരിക്കുന്ന സ്റ്റേറ്റാണ് ഇസ്‌ലാമിക രാഷ്ട്രം. ഇന്ത്യയിലെന്നല്ല ലോകത്തെല്ലായിടത്തും മനുഷ്യനിര്‍മിത രാഷ്ട്രീയ സാമൂഹിക വ്യവസ്ഥകളുടെ പീഡനങ്ങളില്‍ നിന്നും തിന്മകളില്‍ നിന്നും മനുഷ്യര്‍ക്ക് മോചനം ലഭിക്കണമെങ്കില്‍ ദൈവിക സന്മാര്‍ഗം അംഗീകരിച്ച് നടപ്പാക്കിയേ തീരൂ. അത് മതരാഷ്ട്രവാദമോ തീവ്രവാദമോ അല്ല, രണ്ടിനെയും പാടെ നിരാകരിക്കുന്ന യഥാര്‍ഥ ജനാധിപത്യ വ്യവസ്ഥയാണ്. ഇത്തരമൊരു വ്യവസ്ഥയുടെ പ്രബോധകരും പ്രചാരകരുമാവേണ്ട മുസ്‌ലിംകള്‍ അഥവാ ഖുര്‍ആന്റെ ദൃഷ്ടിയില്‍ ഉത്തമ സമുദായം കേവലം ആരാധനാചാരങ്ങളില്‍ ഒതുങ്ങുന്ന മതത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും വക്താക്കളാവാന്‍ പാടില്ല. ജനാധിപത്യ ഇന്ത്യയില്‍ മറ്റെല്ലാ മനുഷ്യ നിര്‍മിത പ്രത്യയശാസ്ത്രങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാമെങ്കില്‍ ദൈവിക ജീവിത ദര്‍ശനത്തിനു വേണ്ടിയും പ്രവര്‍ത്തിക്കാം. ഏതാദര്‍ശവും ബലപ്രയോഗത്തിലൂടെയും ഹിംസയിലൂടെയും നടപ്പാക്കാന്‍ ശ്രമിച്ചാല്‍ തീവ്രവാദവും ഭീകരതയുമാവും. അതൊരിക്കലും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നയമോ അജണ്ടയോ അല്ല.
ഗുഹാവാസികള്‍ ക്രിസ്ത്യാനികളോ?
''റോമാ സാമ്രാജ്യത്തിലെ അഫ്‌യൂസ് പട്ടണത്തിലെ ഏതാനും ചെറുപ്പക്കാര്‍ ക്രിസ്തുമതം സ്വീകരിച്ചു. പഴയ മതത്തിലേക്ക് തിരിച്ചുപോകാന്‍ നിര്‍ബന്ധിതരായേക്കും എന്ന ആശങ്കയുണ്ടായപ്പോള്‍ അവര്‍ ഒരു ഗുഹയില്‍ അഭയം തേടി'' (ഗുഹാവാസികള്‍, ഇസ്‌ലാമിക വിജ്ഞാനകോശം 7: 631). ചോദ്യം ഇതാണ്: എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്തത് ദൈവാനുസരണം(ഇസ്‌ലാം) ആയിരിക്കെ ഗുഹാവാസികള്‍ ക്രിസ്ത്യാനികളാണെന്ന് പറയുന്നതിന്റെ പൊരുളെന്താണ്?
മുഹമ്മദ് അബ്ദുല്ല കണ്ണൂര്‍
തടവുന്നവന്‍ എന്നര്‍ഥമുള്ള മസീഹാ എന്ന ഹീബ്രു വാക്കിന്റെ ഗ്രീക്ക് ഭാഷാന്തരമാണ് ക്രിസ്റ്റോസ് എന്ന് വിക്കി പീഡിയയില്‍ കാണുന്നു. യേശുവിന്റെ കാലത്ത് അദ്ദേഹം ക്രിസ്തു എന്ന പേരില്‍ അറിയപ്പെട്ടിരുന്നില്ല. പൗലോസ് പുണ്യവാളനാണ് യേശുവിനെ ക്രിസ്തു എന്ന് വിളിച്ചതത്രെ. ആദ്യകാലത്ത് യേശുവിന്റെ അനുയായികളും നസ്രേത്തില്‍ പിറന്ന യേശുവിലേക്ക് ചേര്‍ത്തുകൊണ്ട് നസ്രാണികള്‍ (അറബിയില്‍ നസാറാ) എന്ന പേരിലാണറിയപ്പെട്ടിരുന്നത് (മലയാളത്തിലെ ആദ്യ പത്രമായി കരുതപ്പെടുന്ന നസ്രാണി ദീപിക ഓര്‍ക്കാവുന്നതാണ്). ഏതായാലും ക്രിസ്തു യഥാര്‍ഥ പേരല്ല, ബഹുമാനപ്പേരാണ്.
ഗുഹാവാസികളെക്കുറിച്ച് ക്രിസ്തീയ ചരിത്രത്തിലും ഖുര്‍ആനിലും പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍, കാലഘട്ടത്തെക്കുറിച്ചോ എണ്ണത്തെക്കുറിച്ചോ കൃത്യവും കണിശവുമായ രേഖകളില്ല. ബഹുദൈവാരാധനക്ക് നിര്‍ബന്ധിച്ച കാലഘട്ടത്തിലെ രാജാവില്‍ നിന്ന് രക്ഷ തേടി ഗുഹയില്‍ അഭയം തേടിയ യഥാര്‍ഥ ഏകദൈവവിശ്വാസികള്‍ എന്നാണ് ഖുര്‍ആന്‍ അവരെ പരിചയപ്പെടുത്തുന്നത്. ഈസാ നബി(അ)യുടെ സത്യസന്ധരായ അനുയായികളായിരിക്കണം അവരെന്ന് കരുതപ്പെടുന്നു. എന്നാല്‍, അവരെപ്പറ്റി ക്രിസ്ത്യാനികള്‍ എന്ന പ്രയോഗം കണിശമോ സൂക്ഷ്മമോ അല്ല.
പരസ്യ ലൈംഗികത പെണ്ണവകാശം?
''മത ശാസനങ്ങളുടെ ഒറ്റ വഴിയിലൂടെ കോഴിക്കോടിന്റെ സ്വഭാവം വഴിമാറുന്നതില്‍ എനിക്ക് വേദനയുണ്ട്. പരസ്യമായി ഒരു സ്ത്രീ പുരുഷനെ ചുംബിക്കുന്നത് അത് ഭര്‍ത്താവിനെ ആയാലും സമൂഹം അംഗീകരിക്കില്ലെന്നാണല്ലോ പറയുന്നത്. ഭാര്യ ഭര്‍ത്താവിനെ പരസ്യമായി ചുംബിക്കുന്നതിനെ ഇവര്‍ അംഗീകരിക്കുന്ന ഒരു സമയമുണ്ട്. പക്ഷേ, ഭര്‍ത്താവ് മൃതദേഹമായിരിക്കണമെന്നു മാത്രം. പക്ഷേ, ജീവനോടെ ഭര്‍ത്താവിനെ പരസ്യമായി ചുംബിക്കാന്‍ ഭാര്യക്ക് അവകാശമില്ലെന്നാണ് ഇപ്പോഴത്തെ ശാഠ്യം'' - കോഴിക്കോട്ടെ ചുംബന സമരത്തിന് നേതൃത്വം നല്‍കിയ ദീദി ദാമോദരന്റെ വാക്കുകള്‍ (കലാകൗമുദി ഡിസംബര്‍ 2014). പുരുഷ മേല്‍ക്കോയ്മയുള്ള മൂല്യവ്യവസ്ഥയാണ് ഇവിടെ നിലനില്‍ക്കുന്നതെന്നും ചുംബന സമരം സ്ത്രീ ലൈംഗികതയുടെ ആവിഷ്‌കാരമാണെന്നും സെക്‌സ് ഇരുട്ടത്ത് നടക്കേണ്ട ഒരു പ്രക്രിയ അല്ലെന്നും ദീദി പറയുന്നു. പ്രതികരണം?
സമദ് കല്ലടിക്കോട്
മതങ്ങള്‍ മാത്രമല്ല മതമില്ലാത്തവരും മതനിഷേധികളുമായ എല്ലാ മനുഷ്യരും എല്ലാ കാലങ്ങളിലും സ്വകാര്യതകള്‍ സ്വകാര്യതകളായിത്തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. പരസ്യമായ ലൈംഗിക ചേഷ്ടികളെ മൃഗതുല്യരായ ഇരുകാലികള്‍ മാത്രമേ ന്യായീകരിക്കൂ. മരണാനന്തരമല്ല ജീവിച്ചിരിക്കുമ്പോള്‍ തന്നെ സന്തോഷത്തിന്റെയോ സന്താപത്തിന്റെയോ പ്രകടനമായി ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലും ചിലപ്പോള്‍ ചുംബിച്ചുവെന്ന് വരാം. അത് പക്ഷേ, ലൈംഗികതയുടെ പരസ്യ പ്രകടനമോ സ്ത്രീയുടെ അവകാശ പ്രഖ്യാപനമോ ഒന്നുമല്ല. എന്തിലും ഏതിനും സ്ത്രീസ്വാതന്ത്ര്യ പ്രശ്‌നം കടത്തിക്കൊണ്ടുവരാനുള്ള ശ്രമം അപകര്‍ഷബോധത്തില്‍ നിന്നുണ്ടാവുന്ന അതിവൈകാരികതയുടെ ഫലമാണ്. ഒരു സമര രീതി എന്ന നിലയില്‍ ചുംബനം ന്യായീകരിക്കത്തക്കതാണോ എന്നതാണിപ്പോഴത്തെ പ്രശ്‌നം. പിറന്നപടി ഓട്ട പ്രതിഷേധം നടത്തുന്ന പുരുഷന്മാരുടെ ചെയ്തി പോലെത്തന്നെ അമാന്യവും അഹിതകരവുമായിട്ടാണ് ചുംബന സമരത്തെയും മതവിശ്വാസികള്‍ മാത്രമല്ല, സിനിമാ നടി ഷീല മുതല്‍ പിറണായി വിജയന്‍ വരെയുള്ളവര്‍ കാണുന്നത്.
ദേശീയ ദൃശ്യ മാധ്യമത്തിന്റെ പ്രാധാന്യം
'മലയാളികളായ മുസ്‌ലിംകള്‍ ഏറെ അഭിമാനത്തോടെയാണ് മാധ്യമത്തെയും മീഡിയാ വണ്ണിനെയും കാണുന്നത്. മലയാളികള്‍ ജാതി മത ഭേദമന്യേ മാധ്യമത്തെയും മീഡിയാ വണ്ണിനെയും ഇഷ്ടപ്പെടുന്നതിന്റെ സൂചനയാണ് മാധ്യമത്തിന്റെയും മീഡിയാ വണ്ണിന്റെയും വളര്‍ച്ച. എന്നിരുന്നാലും ദേശീയതലത്തില്‍ നോക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് നേരിന്റെയും നന്മയുടെയും വെളിച്ചമെത്തിക്കാന്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ ജമാഅത്തെ ഇസ്‌ലാമി ഒരു ദൃശ്യ മാധ്യമത്തിന് വേണ്ടി (ഇംഗ്ലീഷ്, ഹിന്ദി) ശ്രമം നടത്തുന്നുണ്ടോ?
ഡോ: അസ്‌ലം വടകര
ദേശീയ തലത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് നിലവാരമുള്ള ഇംഗ്ലീഷ്, ഹിന്ദി പത്രങ്ങളോ ചാനലുകളോ ഇല്ലെന്നത് വലിയ പോരായ്മയും നഷ്ടവും തന്നെയാണ്. അവരുടെ വികാര വിചാരങ്ങളും ആവശ്യങ്ങളും കാഴ്ചപ്പാടും വേണ്ടവിധം ജനങ്ങളെ അറിയിക്കാന്‍ സാധിക്കാതെ പോവുന്നു.ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച ദുഷ്പ്രചാരണങ്ങള്‍ മാധ്യമങ്ങളിലൂടെ നിരന്തരം തുടരുകയും ചെയ്യുന്നു. വര്‍ത്തമാനകാലത്ത് മീഡിയയുടെ പ്രാധാന്യം കണ്ടില്ലെന്ന് വെക്കാന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സമുദായത്തിനും സാധ്യമല്ല. വിവിധ സംഘടനകളും സ്ഥാപനങ്ങളും ആവശ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൂട്ടായി യത്‌നിച്ചാല്‍ ഇതത്ര അസാധ്യമായ കാര്യമല്ല. കാലഘട്ടത്തിലെ ജിഹാദ് തന്നെ മീഡിയയിലൂടെ നടക്കേണ്ടതാണ്. മീഡിയാ വണ്ണിന്റെ ഭാവി അജണ്ടയില്‍ ഇംഗ്ലീഷ്, ഹിന്ദി ചാനലുകളും ഉള്‍പ്പെടുന്നു എന്നാണറിവ്.
Comments