Prabodhanm Weekly

Pages

Search

2015 നവംബര്‍ 20

ഇ-നാല്‍ക്കവലയിലെ ജമാഅത്ത് വിമര്‍ശനങ്ങള്‍

ഹമീദ് മലപ്പുറം /പ്രതികരണം

         ഉദ്‌ഘോഷിക്കുന്ന ആദര്‍ശത്തിന്റെ മഹിമകൊണ്ടും മഹിതമായ മാനവിക സേവനങ്ങള്‍കൊണ്ടും പ്രവിശാലമായ നമ്മുടെ രാജ്യത്തിന്റെ മൂക്കുമുലകളില്‍ കൊച്ചുപ്രതിനിധാനങ്ങളെങ്കിലും തീര്‍ത്ത പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. കല്‍തുറങ്കിലും ക്ലീന്‍ ഇമേജ് ഉയര്‍ത്തിപ്പിടിച്ച പ്രസ്ഥാനത്തിനു പൈതൃകമായി കിട്ടിയ കരുത്തുണ്ട്. അതുകൊണ്ടുതന്നെ വിമര്‍ശനങ്ങളെ അത് ധീരതയോടെ അഭിമുഖീകരിക്കുന്നു. വിമര്‍ശനം പ്രത്യക്ഷത്തില്‍ അപ്രിയമായി തോന്നാമെങ്കിലും, രചനാത്മകമായ ഒരു മറുവശമുണ്ട്. സംവാദങ്ങളിലേക്കും അവിടന്നങ്ങോട്ട് പരിഷ്‌കരണങ്ങളിലേക്കുമുള്ള ഉമ്മറപ്പടിയാണത്. വിമര്‍ശകര്‍ക്കും വിമര്‍ശിക്കപ്പെടുന്നവര്‍ക്കും ഒരു പോലെ മാറ്റത്തിനുള്ള അവസരം വിമര്‍ശനങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ആത്യന്തിക നന്മയായിരിക്കണം എല്ലാറ്റിലും അവസാന വാക്ക് എന്ന നിഷ്‌കര്‍ഷയുള്ള പ്രസ്ഥാനത്തിന് നന്മയിലേക്കുള്ള വിളിയാളങ്ങള്‍ ആരില്‍ നിന്നായാലും സ്വീകാര്യമാണ്. അധര്‍മങ്ങളോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിരിക്കുന്ന പ്രസ്ഥാനത്തിന് ശത്രുക്കളായി മനുഷ്യരാരുമില്ല എന്നത് ചരിത്ര സത്യമാണ്. വ്യക്തികളെ മാനിച്ചും മനുഷ്യത്വത്തെ ആദരിച്ചുമാണ് മനുഷ്യ പ്രകൃതത്തിനു വിരുദ്ധമായ ആശയങ്ങളോട് അതേറ്റുമുട്ടുന്നത്.

വാക്കുകളും വരകളുമായി പ്രസിദ്ധീകരണങ്ങളിലും പ്രഭാഷണങ്ങളിലും പ്രക്ഷേപണനിലയങ്ങളിലും പ്രതിദ്ധ്വനിച്ചിരുന്ന പ്രസ്ഥാന വിമര്‍ശനങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ നാല്‍ക്കവലകളിലാണ് അരങ്ങുതകര്‍ത്തുകൊണ്ടിരിക്കുന്നത്. പ്രസ്ഥാന സംവിധാനങ്ങളുടെ വെബ്‌സൈറ്റുകളും വെബ്‌പോര്‍ട്ടലുകളും ലൈവാക്കി നിലനിര്‍ത്തുന്നതിനു പുറമെ സംഭവലോകത്തെ പ്രസ്ഥാനത്തിന്റെ അടയാളപ്പെടുത്തലുകള്‍ മീഡിയ എന്ന നിലയില്‍ ഇ-നാല്‍ക്കവലകളില്‍ വിളംബരം ചെയ്യപ്പെടാറുണ്ട്. ആശയാവിഷ്‌കാരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനുള്ള മെഗാഫോണ്‍ എന്നതിലുപരി സോഷ്യല്‍ മീഡിയയെ പ്രസ്ഥാനം ഔദ്യോഗികതലത്തില്‍ ഒരു സംവാദവേദിയായി സ്വീകരിച്ചിട്ടില്ല. അര്‍ഥപൂര്‍ണവും അച്ചടക്കപൂര്‍ണവുമായ സംവാദങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയുടെ നിലവിലുള്ള ഘടന കൂറേക്കൂടി പാകപ്പെട്ടുവരേണ്ടതുണ്ടാകാം. എന്നാല്‍ നാലാള്‍ കൂടുന്നിടത്ത് പ്രാസ്ഥാനിക വര്‍ത്തമാനങ്ങളും ചര്‍ച്ചകളും ഉണ്ടാവുക സ്വാഭാവികമാണ്. ആ നിലക്ക് സംഘടനയുടെ അഭ്യുദയകാംക്ഷികളും വിമര്‍ശകരുമാണ് പ്രസ്ഥാനത്തിന്റെ വെര്‍ച്ച്വല്‍ ഇടങ്ങളെ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്ന് പറയാം.

ഇ-നാല്‍ക്കവലകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രസ്ഥാനവിമര്‍ശങ്ങളെ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കലും അവക്ക് അക്കമിട്ട് മറുപടി നല്‍കലും ഈ എഴുത്തിന്റെ ഉദ്ദേശ്യമല്ല. ഇന്റര്‍നെറ്റ് തെരുവുകളില്‍ മുഴങ്ങുന്ന പ്രസ്ഥാന ശബ്ദങ്ങളെക്കുറിച്ച പൊതു വായന മാത്രമാണിത്. മൂന്ന് തരത്തിലുള്ള വിമര്‍ശങ്ങളാണ് മുഖ്യമായും കവലകളിലുള്ളത്. ആശയപരം, പ്രവര്‍ത്തനപരം, വ്യക്തിഗതം എന്നിങ്ങനെ. 

ആശയപരം

ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശ-ലക്ഷ്യങ്ങളോട് ആശയതലത്തില്‍ വിയോജിക്കുന്നവരുടെ വാദങ്ങളാണ് സോഷ്യല്‍ മീഡിയയുടെ ചുമരുകളെയും പോസ്റ്ററുകളെയും നിറയ്ക്കുന്ന ഒന്ന്. എഴുന്നള്ളിക്കപ്പെടുന്ന വാദങ്ങള്‍ അവയുടെ പഴക്കത്താല്‍ കാലഹരണപ്പെടേണ്ടതാണെങ്കിലും തെറ്റിദ്ധരിച്ചോ ബോധപൂര്‍വമോ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പൊതുവെ പുതുമ സൃഷ്ടിക്കാറുള്ള പുതുതലമുറ പോലും വൃദ്ധവാദങ്ങളെയാണ് ജമാഅത്താശയങ്ങളോടേറ്റുമുട്ടുമ്പോള്‍ ആശ്രയിക്കുന്നത്. ദേശീയ തലത്തില്‍ തീവ്ര ഹൈന്ദവ ഫാഷിസവുമായുള്ള സമീകരണം, ദേശത്തിനു പുറത്ത് ആഗോളഭീകരതയുടെ പിതൃത്വം, അന്താരാഷ്ട്രതലത്തില്‍ മതരാഷ്ട്രവാദത്തിന്റെ ഹോള്‍സെയില്‍-റീടെയ്ല്‍ ഡീലര്‍ തുടങ്ങി ഒരു കൊച്ചു പ്രസ്ഥാനം അര്‍ഹിക്കാത്ത അനേകം 'പദവികള്‍' നല്‍കി 'ആദരിക്കാന്‍' ന്യൂജെന്‍ മാധ്യമങ്ങളും തിടുക്കത്തിലാണ്. എടുത്താല്‍ പൊങ്ങാത്ത ഈ ഭാരങ്ങളത്രയും വഹിപ്പാന്‍ ഈ പ്രസ്ഥാനത്തിന് കഴിയുമോ എന്ന ചോദ്യത്തിനുള്ള പ്രതികരണം രസാവഹമാണ്. ദുര്‍ബലമെന്ന് തോന്നിപ്പിക്കുന്ന ജമാഅത്ത് ശരീരം സിക്‌സ്പാക്കുകൊണ്ട് പേക്ക് ചെയ്തതാണത്രെ! അയഞ്ഞ വസ്ത്രത്തിനകത്ത് ഒളിപ്പിച്ചുവെച്ചിരിക്കുന്ന മസിലുകള്‍ തക്കം വരുമ്പോള്‍ പുറത്തെടുക്കും. പുറമെ അനുഭവിപ്പിക്കുന്ന സ്‌നേഹ വശ്യപ്രകടനങ്ങള്‍ കാപട്യം മാത്രം! ഭരണം കിട്ടിയാല്‍ ജമാഅത്ത് അതിന്റെ തനിനിറം കാണിക്കുമെന്ന് കട്ടായം!!! 

ഫലിതങ്ങള്‍ക്കപ്പുറം, എന്തുകൊണ്ട് ജമാഅത്ത് വിമര്‍ശിക്കപ്പെടുന്നു എന്ന സത്യസന്ധവും ഗൗരവപൂര്‍ണവുമായ അന്വേഷണമാണ് ആവശ്യം. വിമര്‍ശിക്കപ്പെടാനും എതിര്‍ക്കപ്പെടാനും ജമാഅത്തെ ഇസ്‌ലാമിക്ക് ചരിത്രപരമായി തന്നെ നിരവധി കാരണങ്ങളുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രപരത ആരംഭിക്കുന്നത് ഒരു പ്രസ്ഥാനം എന്ന നിലക്ക് അതിന്റെ ആവിര്‍ഭാവകാലം തൊട്ടല്ല. മറിച്ച് മനുഷ്യാരംഭം മുതല്‍ വിവിധ സന്ദര്‍ഭങ്ങളിലായി മനുഷ്യസമൂഹങ്ങളിലേക്ക് ദൈവിക വെളിപാടുകളുമായി വന്ന പ്രവാചകന്മാരുടെ കാലങ്ങളിലേക്കാണത് നീണ്ട് കിടക്കുന്നത്. പ്രവാചകന്മാരാകട്ടെ പ്രതിഷേധ പ്രളയങ്ങള്‍ക്ക് നടുവിലൂടെയായിരുന്നു തങ്ങളുടെ ദൗത്യനൗകയെ മുന്നോട്ട് ചലിപ്പിച്ചിരുന്നത്. ചരിത്രപരമായ ഈ വസ്തുത തിരിച്ചറിയുന്നവര്‍ക്ക് എതിര്‍പ്പുകളിലോ വിമര്‍ശനങ്ങളിലോ ആശ്ചര്യമൊന്നുമില്ല. 

മതപൗരോഹിത്യം, അധികാര രാഷ്ട്രീയ ശക്തികള്‍, പ്രമാണിവര്‍ഗം, നിര്‍മത നിരീശ്വര പ്രസ്ഥാനങ്ങള്‍ ഇവയുടെയൊക്കെ കണ്ണിലെ കരടാകണമെങ്കില്‍ ദൈവപ്രോക്തമായ ഒരാദര്‍ശത്തിന്റെ ധ്വജവാഹകരാകണം. ദൈവിക പ്രകാശശോഭയില്‍ മനുഷ്യരെ വഴിനടത്താനും അവരുടെ സകല പ്രശ്‌നങ്ങളുടെയും പരിഹാരമാകാനും സാധിക്കണം. പകരം പഴയതും പുതിയതുമായ ജാഹിലിയ്യത്തുകളോട് ഒത്തുതീര്‍പ്പിലെത്തിയാല്‍ നടേപറയപ്പെട്ടവരെല്ലാം കണ്ണിലെ ക്യഷ്ണമണിപോലെ ഈ സംഘത്തെ കാത്തു സൂക്ഷിക്കും. പക്ഷേ അത്തരമൊരു സംഘത്തിനു നിലനില്‍ക്കാന്‍ ധാര്‍മികമായ ഒരു യോഗ്യതയുമുണ്ടാവില്ല.

പ്രസ്ഥാനത്തിന്റെ ആദര്‍ശ ലക്ഷ്യങ്ങള്‍ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും അംഗീകരിക്കുന്നവരോട് അവയെ പ്രമാണങ്ങളാക്കിയും അല്ലാത്തവരോട് ഇന്ത്യന്‍ സാഹചര്യ സവിശേഷതകളെ അധികരിച്ചുമാണ് വിശദീകരിക്കപ്പെടാറുള്ളത്. നിഗൂഢതകളോ ദുരൂഹതകളോ ഇല്ലാത്ത, തികച്ചും സ്ഫടിക സമാനമായ പ്രസ്ഥാന വിഷനും മിഷനും യുക്തിഭദ്രമായ നിലയില്‍ മനസ്സിലാകുന്ന ഭാഷയില്‍ മനുഷ്യര്‍ക്ക് ലഭ്യമാക്കാന്‍ പ്രസ്ഥാനത്തിനു വിപുലമായ സംവിധാനങ്ങളുണ്ട്. ഈ വിഷയത്തില്‍ തയാറാക്കപ്പെട്ട പ്രസ്ഥാനത്തിന്റെ എണ്ണമറ്റ പുസ്തകങ്ങളും പ്രഭാഷണങ്ങളും വിമര്‍ശകര്‍ക്കും എത്തിച്ചുകൊടുക്കാറുണ്ട്. പ്രാദേശിക തലം മുതല്‍ അഖിലേന്ത്യാ തലം വരെയുള്ള നേതൃത്വങ്ങളുമായി നേരിട്ട് സംശയനിവാരണത്തിനും സംവിധാനമുണ്ട്. 

പ്രസ്ഥാന പഠനത്തിനു നിരവധി പേരെ സന്നദ്ധമാക്കുന്നു എന്നത് വിമര്‍ശങ്ങളുടെ സാധ്യതയാണ്. മുന്‍വിധികളുടെയും അജ്ഞതയുടെയും മറനീങ്ങുമ്പോള്‍ മൗനത്തില്‍ അഭയം തേടുന്ന വിമര്‍ശകരുമുണ്ട്. എന്നാല്‍ ജമാഅത്തിന്റെ ഇതഃപര്യന്തമുള്ള ചരിത്രം പരിശോധിച്ചാല്‍ ആത്മാര്‍ഥമായി പ്രസ്ഥാനത്തെ വിമര്‍ശിച്ചവരാണ് പിന്നീടതിന്റെ മുന്നണിപ്പോരാളികളായി മാറിയിട്ടുള്ളത് എന്ന് മനസ്സിലാക്കാം. നിക്ഷിപ്തതാല്‍പര്യത്തോടെ പ്രസ്ഥാനത്തെ എതിര്‍ക്കുന്നവരിലാണ് വസ്തുതാ വിവരണങ്ങള്‍ നിരര്‍ഥകമാകാറുള്ളത്.

പ്രവര്‍ത്തന തലം

ആദര്‍ശ ലക്ഷ്യങ്ങളോട് പ്രത്യേക മമതയോ എതിര്‍പ്പോ പ്രകടിപ്പിക്കാറില്ലെങ്കിലും അവയുടെ പ്രാപ്തിക്കായി പ്രസ്ഥാനം സ്വീകരിച്ചുവരുന്ന വിവിധങ്ങളായ പ്രവര്‍ത്തന മാര്‍ഗങ്ങളോട് വിയോജിപ്പുള്ളവര്‍ ഉയര്‍ത്താറുള്ള വാദങ്ങളാണ് നവമാധ്യമങ്ങളില്‍ നിറയുന്ന മറ്റൊന്ന്. ലക്ഷ്യം നിര്‍ണയിച്ചിട്ടുള്ള ഏത് പ്രസ്ഥാനത്തിനും നിര്‍ദിഷ്ട ലക്ഷ്യത്തിലെത്തണമെങ്കില്‍  പ്രവര്‍ത്തന പരിപാടികള്‍ വേണം. ഏതൊക്കെ പ്രവര്‍ത്തനങ്ങള്‍ എപ്പോള്‍ എങ്ങനെയൊക്കെ ആകാമെന്ന കാര്യത്തില്‍ വിഭിന്ന നിലപാടുകള്‍ സ്വാഭാവികമാണ്. ഒന്നിലധികം അഭിപ്രായങ്ങളില്‍ നിന്ന് ഏറ്റവും അനുയോജ്യമായവ സമന്വയത്തിലൂടെ കണ്ടെത്തുന്നതാണ് ജനകീയ രീതി.

ധര്‍മ സംസ്ഥാപനം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമിക്ക് സമഗ്രതലങ്ങളെയും സ്പര്‍ശിച്ചേ പോളിസി-പ്രോഗ്രാമുകള്‍ തയാറാക്കാനാവൂ. ഒരാദര്‍ശ സമൂഹത്തിന്റെ നിര്‍മിതി, ന്യൂനപക്ഷ പിന്നാക്ക സമുദായം എന്ന നിലയില്‍ മുസ്‌ലിം സമുദായത്തിന്റെ പരിരക്ഷ, അധഃസ്ഥിതരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും സാമ്പത്തികവും സാമൂഹികവുമായ ഉയിര്‍ത്തെഴുന്നേല്‍പ്പ്, ജനദ്രോഹപരമായ രാഷ്ട്രീയ ഭൂമികയെ ജനക്ഷേമപരവും മാനവികവുമായ പ്രതലത്തിലേക്ക് കൊണ്ടുവരാനുള്ള പ്രായോഗിക കാല്‍വെപ്പുകള്‍, ബഹുസ്വരതയുടെ അടിവേരറുത്ത് തിടം വെച്ച് വളര്‍ന്നുകൊണ്ടിരിക്കുന്ന ഫാഷിസത്തെ തളക്കാനുള്ള തന്ത്രങ്ങള്‍, ഒരു ജനതയുടെ കണ്ണും കാതും മാത്രമല്ല മസ്തിഷ്‌കവും കവര്‍ന്നുകൊണ്ടിരിക്കുന്ന മാധ്യമ സാംസ്‌കാരിക ഇടങ്ങളില്‍ രചനാത്മകമായ ഇടപെടല്‍ തുടങ്ങിയ ഘടകങ്ങളെയൊക്കെ പരിഗണിച്ചുകൊണ്ടുള്ളതായിരിക്കും അത്. 

ഓരോ ചതുര്‍വര്‍ഷത്തേക്കുമാണ് നയപരിപാടികള്‍ ആവിഷ്‌കരിക്കപ്പെടുന്നത്. ഒരോ കാലയളവിലും പ്രത്യേക അജണ്ടകള്‍ക്ക് മുന്തിയ പരിഗണന നല്‍കപ്പെടുന്നത് ആ കാലയളവിന്റെ സാഹചര്യ സവിശേഷതകളെ അടിസ്ഥാനമാക്കിയാണ്. പ്രവര്‍ത്തകര്‍, സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രമുഖര്‍, പണ്ഡിതര്‍ തുടങ്ങിയവരൊക്കെ പ്രസ്ഥാനത്തിന്റെ നയപരിപാടികള്‍ നിശ്ചയിക്കുന്നതില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കുന്നു. കൂടിയാലോചനകള്‍ക്കും സമവായത്തിനും ശേഷമാണ് പരിപാടികള്‍ക്ക് അന്തിമരൂപമാകുന്നത്. സംഘടനാ വ്യവസ്ഥകള്‍ സംഘടനയുടെ ആഭ്യന്തരകാര്യമാണ്. അതുകൊണ്ട് തന്നെ ജമാഅത്ത് പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാനും അഭിപ്രായം പറയാനുമുള്ള പൊതുസമൂഹത്തിന്റെ സ്വാതന്ത്ര്യം പ്രസ്ഥാനം അംഗീകരിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയയുടെ ഡിസ്‌കഷന്‍ ഫോറങ്ങളെ ജീവസ്സുറ്റതാക്കുന്നതാണ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നയനിലപാടുകളെക്കുറിച്ച വാ തോരാത്ത സംസാരങ്ങള്‍. രാഷ്ട്രീയത്തില്‍ പ്രായോഗിക സമീപനങ്ങളും നടപടികളുമായി മൂന്നോട്ട് പോകുന്ന പ്രസ്ഥാനം സ്വാഭാവികമായും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടും. എന്നാല്‍ നല്ല നാടിനുവേണ്ടിയുള്ള ഉള്ളുതുറന്ന ചര്‍ച്ചകള്‍ക്ക് പകരം പല തവണ ആവര്‍ത്തിക്കപ്പെട്ട സത്യവിരുദ്ധമായ വാദങ്ങളാണ് മിക്ക വിമര്‍ശകരുടേതുമെന്നത് നിരാശാജനകമാണ്. 

വ്യക്തിഗതം

വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരിലുള്ള വിമര്‍ശനങ്ങളും വര്‍ത്തമാനങ്ങളും ജനാധിപത്യത്തിന്റെ അഞ്ചാം തൂണായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകാറുണ്ട്. രണ്ട് തലങ്ങളില്‍ നിന്നാണ് ഇത്തരം പരാമര്‍ശങ്ങള്‍ വരുന്നത്. പ്രസ്ഥാനത്തിലോ അതിന്റെ വേദികളിലോ പ്രവര്‍ത്തിച്ച്, പിന്നീട് വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ട് നില്‍ക്കുന്നവരോ മാറ്റിനിര്‍ത്തപ്പെട്ടവരോ ആയ വ്യക്തികളില്‍ നിന്നുള്ളതാണ് ഒന്നാമത്തേത്. പ്രസ്ഥാനത്തെ ടാര്‍ഗറ്റ് ചെയ്തുകൊണ്ട് പ്രവര്‍ത്തകരെക്കുറിച്ച പുറത്തുള്ളവരുടെ സംസാരങ്ങളാണ് രണ്ടാമത്തേത്. സോഷ്യല്‍ മീഡിയാ അക്കൗണ്ട് ഓണര്‍ഷിപ്പ് വ്യക്തികളുടെ പേരിലാണ്.  അവയുടെ ഉപയോഗത്തെ നിര്‍ണയിക്കുന്നതും വ്യക്തികള്‍ തന്നെ. വ്യക്തികളുടെ സ്വയം പ്രകാശന, പ്രകടന, പ്രക്ഷേപണ, പ്രതികരണ, പ്രതിരോധ, പ്രതികാര വ്യവഹാരങ്ങള്‍ക്കൊക്കെ ഈ മീഡിയ ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായ സമത്വത്തിന്റെയും പേരില്‍ സ്വന്തത്തെയും അപരനെയും വലിച്ചിഴക്കുമ്പോള്‍ അതുണ്ടാക്കുന്ന മുറിപ്പാടുകള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. സൂക്ഷ്മതയും ഔചിത്യബോധവും കൈമോശം വരുമ്പോള്‍ നാറുന്നത് വ്യക്തികള്‍ മാത്രമായിരിക്കില്ല സാമൂഹിക പരിസരം കൂടിയാണ്. ശരിപ്പെടുത്തലാണ് ലക്ഷ്യമെങ്കില്‍ അതിനും ഒരു രീതിശാസ്്രതമുണ്ടല്ലോ.

എല്ലാതരം വര്‍ഗീകരണങ്ങള്‍ക്കും വിഭാഗീയതകള്‍ക്കും ഉപരിയായി മനുഷ്യനെന്ന നിലയില്‍ വ്യക്തികളെ ആദരിക്കുകയും അവരുടെ അഭിമാനം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന സംസ്‌കാരം ഇനിയും സോഷ്യല്‍ മീഡിയ കൈക്കൊണ്ടിട്ടുവേണം. വ്യക്തിയുടെ ഈഗോകള്‍, ദൗര്‍ബല്യങ്ങള്‍ എന്നിവ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ  തളര്‍ത്തുന്നുവെങ്കില്‍ അതിനെതിരെ ജാഗ്രത കൈക്കൊള്ളേണ്ടത് വ്യക്തികള്‍ തന്നെയാണ്.

ക്രിയാത്മക സംവാദങ്ങള്‍ തുടരട്ടെ

ബുദ്ധിയും ചിന്തയും ആര്‍ക്കും പണയം വെക്കാതെ സ്വതന്ത്രമായ നിലയില്‍ ജമാഅത്തെ ഇസ്‌ലാമിയെ പഠിക്കാനുള്ള ശ്രമങ്ങള്‍ തുടരണം. നന്മയും തിന്മയും സമമാവുകയില്ല, വര്‍ഗീയത ഉല്‍പാദിപ്പിക്കുന്നവരും മാനവികത ഊട്ടുന്നവരും ഒരേ നാണയത്തിന്റെ ഇരുവശങ്ങളല്ല, കൊന്നൊടുക്കുന്നവരും ജീവിപ്പിക്കുന്നവരും ഒരാലയില്‍ ബന്ധിക്കപ്പെടേണ്ടവരല്ല, നീതി നിഷേധിക്കുന്നവരും നീതിക്ക് വേണ്ടി പോരാടുന്നവരും ഒരേ ലിസ്റ്റില്‍ ഉള്‍പ്പെടേണ്ടവരല്ല തുടങ്ങിയ കാര്യങ്ങളെങ്കിലും ബോധ്യപ്പെടാന്‍ അത് സഹായിക്കും.

നന്മകള്‍ പരന്നൊഴുകാനുള്ളതാണ്. വിലകുറഞ്ഞ വിമര്‍ശനങ്ങള്‍ കൊണ്ടും അന്ധമായ എതിര്‍പ്പ് കൊണ്ടും നന്മയുടെ പ്രസരണത്തെ പ്രഹരിക്കാതിരിക്കുക. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /24-26
എ.വൈ.ആര്‍