അറബ് ലോക പ്രതിസന്ധി: കാരണവും പരിഹാരവും
അറബ് ലോകം ഒരു രോഗിയെ പോലെ ദുര്‍ബലമായിത്തീര്‍ന്ന വര്‍ത്തമാനകാല സാഹചര്യം, പ്രതിസന്ധിയുടെ മൂല കാരണങ്ങളുടെ പരിശോധനയും പരിഹാര നിര്‍ദേശവും അനിവാര്യമാക്കുന്നുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ഉഥ്മാനി ഭരണകൂടത്തിന്റെ തകര്‍ച്ചയെ കുറിക്കാന്‍ രാഷ്ട്രാന്തരീയ തലത്തില്‍ 'പൗരസ്ത്യചോദ്യം' (Eastern Question) എന്നൊരു പ്രയോഗമുണ്ടായിരുന്നു. ചരമമടുത്ത ഉഥ്മാനി സാമ്രാജ്യത്തെ പരിഹസിക്കാനും അതിന്റെ ശക്തിക്ഷയത്തെ സൂചിപ്പിക്കാനും ഉപയോഗിച്ച ഇത്തരം വിശേഷണങ്ങളില്‍ മറ്റൊന്നായിരുന്നു 'യൂറോപ്പിന്റെ രോഗി' എന്നത്. ബ്രിട്ടനിലെ പഞ്ച് (Punch) എന്ന ആക്ഷേപ-ഹാസ്യ മാഗസിന്‍ 1896-ല്‍ ഇതുമായി ബന്ധപ്പെട്ട ഒരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഉഥ്മാനി ഭരണാധികാരി സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്‍ ഒരുപത്രിക വായിക്കുന്നതാണ് രംഗം. 'ഓട്ടോമന്‍ കമ്പനി ലിമിറ്റഡിന്റെ പുന:സംഘാടനം, മൂലധനം 50 മില്യണ്‍ പൗണ്ട്, ഡയറക്ടര്‍മാര്‍: റഷ്യ, ഫ്രാന്‍സ്, ഇംഗ്ലണ്ട്' എന്നൊക്കെയാണ് പത്രികയിലെ വാചകങ്ങള്‍. ചിത്രത്തിനു താഴെ സുല്‍ത്താന്റെ ആത്മഗതം ഇങ്ങനെ വായിക്കാം: 'ബിസ്മില്ലാഹ്, അവരെന്നെ ലിമിറ്റഡ് കമ്പനിയാക്കിയോ? ഓഹരി വിഭജനത്തിനു ശേഷം ഡയറക്ടര്‍ ബോര്‍ഡില്‍ ചേരാന്‍ അവരെന്നെ അനുവദിക്കുമോ?' ഉഥ്മാനിയ സാമ്രാജ്യത്തിന്റെ തകര്‍ച്ചക്ക് വലിയ ചരിത്രമുണ്ട്. അത് പഠനവിധേയമാക്കിയ ഗവേഷകരും ചരിത്രകാരന്‍മാരും ഒരുപോലെ എത്തിച്ചേര്‍ന്ന ഒരു നിഗമനമുണ്ട്. 1774- ല്‍ റഷ്യയും ഉഥ്മാനിയ ഭരണകൂടവും തമ്മില്‍ ഒപ്പുവെച്ച സമാധാനക്കരാറാണ് അതിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടിയത് എന്ന വസ്തുതയാണത്. കരാര്‍ ഒപ്പുവെച്ച നാടിന്റെ പേരിലേക്ക് ചേര്‍ത്ത് കൊണ്ട് കുശുക് കൈനാര്‍ക്ക കരാര്‍ (Treaty of Kucuk Kaynarca) എന്ന പേരിലത് അറിയപ്പെടുന്നു. കരാര്‍ പ്രകാരം ക്രിമിയന്‍ ഖാനൈറ്റ് (Crimean Khanate) ഉഥ്മാനി സാമ്രാജ്യത്തില്‍ നിന്ന് വേര്‍പെട്ട് സ്വതന്ത്രമായി. കരാറിലെ മറ്റൊരു വ്യവസ്ഥ പ്രകാരം ഉഥ്മാനി രാജ്യത്ത് താമസിക്കുന്ന ഓര്‍ത്തൊഡോക്‌സ് ക്രിസ്ത്യാനികളുടെ സംരക്ഷണാവകാശം റഷ്യ ഏറ്റെടുത്തു.
ദുര്‍ബലമായ ഉഥ്മാനി സാമ്രാജ്യം അന്താരാഷ്ട്ര മേല്‍നോട്ടത്തിലാണ് അവസാനം മുന്നോട്ടുപോയതെങ്കില്‍, അറബ് ലോകത്തിന്റെ നിലവിലെ അവസ്ഥയും അധികമൊന്നും വ്യത്യസ്തമല്ല. പഴയ രോഗിയെയും ലിമിറ്റഡ് കമ്പനിയെയും ഓര്‍മിപ്പിക്കും വിധമാണ് കാര്യങ്ങള്‍. ഡയറക്ടര്‍ ബോര്‍ഡിലേക്ക് അമേരിക്ക കൂടി കടന്നുവന്നു എന്ന് മാത്രം. പരിഹാസവും പരിതാപവും അന്നും ഇന്നുമുണ്ട്.
പുതിയ രോഗിയായ അറബ് ലോകത്തിന്റെ പതിതാവാസ്ഥയുടെ വിവരണം ഇവിടെ ആവശ്യമില്ല. ശൈഥില്യം, ആഭ്യന്തര- വംശീയ യുദ്ധങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍, മുസ്‌ലിം ലോകത്തിന്റെ മുഖ്യശത്രുവിന്റെ പിന്തുണയോടെ ജനഹിതത്തെ അട്ടിമറിക്കല്‍ തുടങ്ങി അറബ് ലോകത്ത് നടക്കുന്ന സംഭവ യാഥാര്‍ഥ്യങ്ങളുടെ വിവരണമല്ല, അതിന്റെ വിശകലനമാണ് ഇനി വേണ്ടത്. അമേരിക്കയുടെ മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹെന്റി കിസിഞ്ജര്‍ നല്‍കുന്ന ഒരു സാക്ഷ്യപത്രം ഇവിടെ പ്രസക്തമാണ്. കഴിഞ്ഞ ഒക്‌ടോബര്‍ 16-ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ലേഖനത്തിലത് വായിക്കാം. 1973 മുതല്‍ അറബ് ലോകത്ത് അതിന്റെ സുസ്ഥിരതയുടെ ഗ്യാരണ്ടിയായി ഉണ്ടായിരുന്ന അമേരിക്കന്‍ സാന്നിധ്യം നഷ്ടപ്പെട്ടതാണ് മേഖലയെ ബാധിച്ച അരക്ഷിതാവസ്ഥയുടെ കാരണമായി അദ്ദേഹം കണ്ടെത്തുന്നത്. ''ആ വര്‍ഷം നടന്ന അറബ്- ഇസ്രയേല്‍ യുദ്ധത്തെ തുടര്‍ന്നാണ് മേഖലയിലെ അമേരിക്കയുടെ സാന്നിധ്യം സജീവമാകുന്നത്. ഈജിപ്ത് സോവിയറ്റ് യൂണിയനുമായുള്ള ബന്ധം വിഛേദിച്ചതിനെ തുടര്‍ന്ന് യു.എസ് നയിച്ച ചര്‍ച്ചകളില്‍ ഈജിപ്ത് ചേരുകയാണുണ്ടായത്. ഇസ്രയേല്‍, ഈജിപ്തുമായും ജോര്‍ദാനുമായും ഒപ്പുവെക്കുന്ന സമാധാനക്കരാറിലേക്കാണ് അത് ചെന്നെത്തിയത്. അന്താരാഷ്ട്ര മേല്‍നോട്ടത്തില്‍ സിറിയയും ഇസ്രയേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറും അതോടെ സംഭവിച്ചു.'' കിസിഞ്ജര്‍ തുടരുന്നു: ''മേല്‍ കരാറുകള്‍ നാലു പതിറ്റാണ്ടിലധികം ശക്തമായി തന്നെ നിലകൊണ്ടു. സദ്ദാംഹുസൈന്‍ കുവൈത്ത് അധിനിവേശം നടത്തിയപ്പോള്‍ അമേരിക്ക നയിച്ച ആഗോള സഖ്യമാണ് അതിനെ പരാജയപ്പെടുത്തിയത്. ഇറാഖിലും അഫ്ഗാനിലും ഭീകരതക്കെതിരെ അമേരിക്കയുടെ യുദ്ധവും അപ്രകാരം തന്നെ. ഇതിലൊക്കെ അറബ് രാജ്യങ്ങള്‍ അമേരിക്കുടെ നീക്കങ്ങള്‍ക്കൊപ്പം നിന്നു. അതോടെ അറബ് ലോകത്ത് നിന്ന് റഷ്യയെ പുറത്താക്കാനും സാധിച്ചു.''
അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, മേഖലയിലെ അമേരിക്കയുടെ അസാന്നിധ്യമാണ് നിലവിലെ ശൈഥില്യത്തിലേക്കും അരാജകത്വത്തിലേക്കും നയിച്ചത്. പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ അമേരിക്കക്ക് പുതിയ സ്ട്രാറ്റജി അനിവാര്യമാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ഐ.എസിനെ കീഴ്‌പ്പെടുത്തല്‍ അനിവാര്യമാണെന്നും, അവരില്‍ നിന്ന് തിരിച്ചുപിടിക്കുന്ന പ്രദേശങ്ങള്‍ മിതവാദി സുന്നിവിഭാഗങ്ങളെ ഏല്‍പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ''ചുറ്റുമുള്ള രാഷ്ട്രങ്ങളുടെ ഒത്തുതീര്‍പ്പോടെയും തുര്‍ക്കിയുടെ സഹായത്തോടെയുമാണ് ഇത് നടക്കേണ്ടത്. അത് സംഭവിച്ചില്ലെങ്കില്‍, സിറിയയുടെ പരിണതി പഠിക്കണം. അലവികളും സുന്നികളും ചേര്‍ന്നുള്ള ഫെഡറല്‍ സംവിധാനമാണ് സിറിയക്ക് അദ്ദേഹം നിര്‍ദേശിക്കുന്നത്. ഈ ഘട്ടത്തില്‍ ഇറാന്റെ സജീവ പങ്ക് വിസ്മരിക്കാവതല്ല. കാരണം ഇറാനുമായുള്ള ധാരണ അനിവാര്യമാണ്. പരമ്പരാഗത സുന്നി രാഷ്ട്രങ്ങള്‍ക്കുള്ള സൈനിക പിന്തുണയാണ് ഈ ഘട്ടത്തിലെ അമേരിക്കയുടെ റോള്‍.''
അറബ് മീഡിയയില്‍ പ്രചരിക്കുന്നതും പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്നതുമായ മറ്റു പല നിരീക്ഷണങ്ങളും ഈ വിഷയത്തിലുണ്ട്. അത്പ്രകാരം, മേഖലയിലെ നിലവിലെ പ്രതിസന്ധിയുടെ കാരണം അറബ് വസന്തമാണ്. സര്‍വാംഗീകൃതമായ അഭിപ്രായമായി ഈ കാഴ്ചപാട് മാറിക്കൊണ്ടിരിക്കുന്നു. ഏകാധിപത്യ ഭരണകാലത്തെ 'നല്ലകാല'മായി ഓര്‍ക്കുന്നവരുണ്ടെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. ലിബിയയില്‍ കേണല്‍ ഗദ്ദാഫിയുടെ ഭരണത്തെ നഷ്ടബോധത്തോടെ ഓര്‍ക്കുന്നവരുണ്ടത്രേ. സിറിയയിലെ ബഅസ് പാര്‍ട്ടിയുടെ ഭരണകാലത്തെ 'സുസ്ഥിരത'യെ ഗൃഹാതുരത്വത്തോടെ കാണുന്നവരുമുണ്ട്. ഇറാഖില്‍ സദ്ദാം കാലഘട്ടം സുവര്‍ണ കാലമായിരുന്നതായി ചിലര്‍ പറയുന്നു (സദ്ദാം ഭരണം തകര്‍ന്നത് 2003 ലും അറബ് വസന്തം അണപൊട്ടിയത് 2011 ലുമാണെന്ന വൈരുധ്യം അതിലുണ്ടെങ്കിലും). ചുരുക്കത്തില്‍, അറബ് വസന്തം നല്ല അനുഭവമായിട്ടല്ല, മറിച്ച് അതൊരു അറബ് നശീകരണമായാണ് ഇപ്പോള്‍ സ്മരിക്കപ്പെടുന്നത്. ഈജിപ്തില്‍ അതിനെ ഒരു ഗൂഢാലോചനയായും ജനങ്ങള്‍ നയിച്ച പ്രക്ഷോഭമായും ഒക്കെ വിശേഷിപ്പിക്കുന്നവരുണ്ട്. ചുരുക്കത്തില്‍, പ്രത്യക്ഷമായോ പരോക്ഷമായോ അതിലടങ്ങിയ സന്ദേശമിതാണ്: വസന്തത്തിനു മുമ്പുള്ള അറബ് ലോകം നിലവിലേതിനേക്കാള്‍ എത്രയോ മെച്ചവും സുസ്ഥിരവും പ്രത്യശാ പൂര്‍ണവുമായിരുന്നു. ഇടക്കിടെ ആവര്‍ത്തിക്കുന്ന ഈ പല്ലവി ശക്തമായി ഉന്നയിച്ചത് കഴിഞ്ഞദിവസം ശര്‍ഖുല്‍ ഔസത്വ് പത്രം പ്രസിദ്ധീകരിച്ച ഡോ. അബ്ദുല്‍ മുന്‍ഇം സഈദിന്റെ ലേഖനമാണ്. 'നാമെങ്ങനെ ഇവിടെയെത്തി' എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. നിലവിലെ പ്രതിസന്ധിയുടെ മൂലകാരണം അദ്ദേഹം കണ്ടെത്തുന്നത് അറബ് വസന്തത്തിലാണ്: ''രാഷ്ട്രീയ അസ്വസ്ഥതയില്‍ നിന്ന് ഉടലെടുത്ത സാമ്പത്തികവും സാമൂഹികവുമായ മാനങ്ങളൂള്ള പ്രക്ഷോഭങ്ങളായിരുന്നു അത്. രണ്ട് ഫലങ്ങളാണ് അതിനുണ്ടായത്. ഒന്ന്, സുരക്ഷാപരവും സാമ്പത്തികവുമായ തകര്‍ച്ചയെ പ്രതിരോധിക്കാനുള്ള രാഷ്ട്രങ്ങളുടെ ശേഷിയെ അത് ദുര്‍ബലപ്പെടുത്തി. രണ്ട്, ഇഖ്‌വാന്‍ മുതല്‍ ഐ.എസ് വരെ പല പേരുകളില്‍ അറിയപ്പെടുന്ന രാഷ്ട്രീയ ഇസ്‌ലാമിന് അധികാരത്തിലെത്താന്‍ അത് വഴിയൊരുക്കി.''
മേഖലയുടെ തകര്‍ച്ചയുടെ ഉത്തരവാദിത്തം അറബ് വസന്തത്തില്‍ ചാര്‍ത്തുകയും ഐ.എസിനെ രാഷ്ട്രീയ ഇസ്‌ലാമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതിനു ശേഷം ഒരു തിരിച്ചറിവ് നേടിയ പോലെ അദ്ദേഹം തുടരുന്നു: ''പ്രശ്‌നങ്ങളുടെ കാരണം ചിലപ്പോള്‍ അമേരിക്കയുടെ ഇറാഖ് അധിനിവേശമാകാം. കേവല അധിനിവേശവുമല്ല പ്രശ്‌നം. കാരണം, വിവിധതരം വൈദേശികാധിനിവേശങ്ങളെ മേഖല അനുഭവിച്ചിട്ടുണ്ട്. എന്നാല്‍, ഇറാഖിനെ വിനാശകരമായ വിഭജനത്തിലേക്ക് കൊണ്ടെത്തിക്കുന്ന പദ്ധതി ഉള്‍ക്കൊള്ളുന്നതായിരുന്നു അമേരിക്കയുടെ കടന്നുകയറ്റം. അമേരിക്കന്‍ അധിനിവേശത്തിലോ അതിന്റെ അനന്തരഫലങ്ങളിലോ മാത്രമല്ല, അവരുടെ പിന്‍മാറ്റത്തിന്റെ രീതിയിലും അവര്‍ വിട്ടേച്ചുപോയ ലജ്ജാകരമായ സംവിധാനങ്ങളിലും ഇറാഖിന്റെ തകര്‍ച്ച പ്രകടമാണ്. യു.എസ് വിട്ടുപോയ നയതന്ത്ര വിടവാണ് ഇറാഖില്‍ ഇടപെടാനും മേഖലയില്‍ തങ്ങളുടെ ശക്തി വിന്യസിക്കാനും ഇറാന്‍ ഉപയോഗപ്പെടുത്തിയത്.''
രണ്ട് വാദങ്ങളും തള്ളപ്പെടേണ്ടതാണ്. യു.എസ് രക്ഷാകര്‍തൃത്വം തിരിച്ചു പിടിക്കല്‍ നമ്മുടെ ചര്‍ച്ചാവിഷയമല്ല. കാരണം, അത് ഏതോ അളവില്‍ എല്ലാ നാട്ടിലുമുണ്ട്. എന്നാല്‍ അറബ് വസന്തത്തിന്റെ മുഖം വികൃതമാക്കുകയും സ്വാതന്ത്ര്യവും നീതിയൂം ആവശ്യപ്പെട്ടുകൊണ്ട് അക്രമ ഭരണങ്ങള്‍ക്കെതിരെ പ്രക്ഷോഭം നയിച്ച സമൂഹങ്ങളെ അപമാനിക്കുകയും ചെയ്യുന്ന അഭിപ്രായ പ്രകടനം പ്രതിവിപ്ലവത്തിന്റെ ആളുകളില്‍ നിന്ന് വരുന്നതില്‍ അത്ഭുതപ്പെടാനില്ല; അറബ് മീഡിയയില്‍ നിരന്തരം ഉയരുന്ന ശബ്ദം അവരുടേതായിരിക്കേ വിശേഷിച്ചും. രണ്ടഭിപ്രായങ്ങളില്‍ ഏതെങ്കിലുമൊന്ന് ചര്‍ച്ച ചെയ്യാനോ മറുവാദം ഉന്നയിക്കാനോ ഞാനുദ്ദേശിക്കുന്നില്ല. മറിച്ച്, അറബ് ലോകം എത്തിച്ചേര്‍ന്ന പ്രതിസന്ധിയെ വിശകലനം ചെയ്യുന്ന മറ്റൊരു നിരീക്ഷണം മുന്നോട്ടു വെക്കാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ആ പ്രതിസന്ധികളില്‍ അതിനെ ബാധിച്ച അരാജകത്വവും നഷ്ടബോധവും അനാഥത്വവുമൊക്കെയുണ്ട്. അറബ് ലോകത്തിന്റെ തകര്‍ച്ചയുടെ യഥാര്‍ഥ കാരണം 1979- ലെ ഇസ്രയേലുമായുള്ള സമാധാന കരാറാണ്. വലിയ തകര്‍ച്ചയുടെയും, ഇന്ന് അറബ് ലോകമെത്തിച്ചേര്‍ന്ന ദുരാവസ്ഥയുടെയും തുടക്കമായിരുന്നു അത്. രണ്ട് നൂറ്റാണ്ടുമുമ്പ് ഉഥ്മാനി ഭരണകൂടവും റഷ്യയും തമ്മില്‍ ഒപ്പുവെച്ച കൈനാര്‍ക്ക കരാര്‍ പോലെ ഇസ്രയേലുമായി ഈജിപ്ത് ഒപ്പു വെച്ച കരാറാണ് അറബ് ലോകത്തിന്റെ തകര്‍ച്ചയുടെ സൂചകമെന്ന് നിഷ്പക്ഷ ചരിത്ര വിശകലനത്തില്‍ ബോധ്യമാവും. റഷ്യയുമായുള്ള കരാറിനുമുമ്പേ ഉഥ്മാനി ഭരണകൂടത്തിന് സൈനികവും രാഷ്്രടീയപരവുമായ ദൗര്‍ബല്യങ്ങളുണ്ടായിരുന്നു എന്നത് ശരി തന്നെ. ആ ദൗര്‍ബല്യങ്ങള്‍ കാരണമായി ഉഥ്മാനി ഭരണകൂടം റഷ്യക്ക് തങ്ങളുടെ രാഷ്്രടത്തില്‍ ഇടപെടാനുള്ള അനുമതി നല്‍കി. മാത്രമല്ല, ചരിത്രത്തിലാദ്യമായി യുദ്ധ നഷ്ടപരിഹാരമായി റഷ്യക്ക് അവര്‍ 15 സഞ്ചി നിറയെ സ്വര്‍ണം നല്‍കുകയുമുണ്ടായി. സമാധാനക്കരാര്‍ ഒപ്പിട്ടതോടെ പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യംവരെ നീണ്ടുനിന്ന ദീര്‍ഘമായ പതനത്തിന്റെ കവാടംതുറന്നു.
സമാനമായി ഈജിപ്തിനും അതിന്റേതായ പ്രശ്‌നങ്ങളുണ്ടായിരുന്നു. 1967- ലെ പരാജയം ഒരിക്കലും മറക്കാനാവാത്തതാണ്. ഒരല്‍പം പ്രതാപം വീണ്ടെടുത്ത് 1973-ലെ യുദ്ധവിജയം നേടിയതിനുശേഷം 1979-ല്‍ ഒപ്പിട്ട സമാധാനകരാര്‍ രാഷ്ട്രീയ പിന്നോട്ടടി പോലെയായിരുന്നു. അന്നത്തെ പ്രസിഡന്റ് അന്‍വര്‍ സാദാത്ത് വിചാരിച്ചത്, അതിലൂടെ തങ്ങള്‍ 1973-ലെ യുദ്ധവിജയത്തിന്റെ ഫലം കൊയ്യുകയാണെന്നാണ്. ശത്രുവുമായി സഖ്യമാവുകയും മുസ്‌ലിം ലോകത്തിന്റെ മുഖ്യ പ്രശ്‌നങ്ങളെ അവഗണിച്ച് അറബ് നിരയില്‍ നിന്ന് തെറ്റുകയും ചെയ്യുക വഴി ഇസ്രയേല്‍ എന്ന തെമ്മാടി രാജ്യത്തിന് രംഗം ഒഴിഞ്ഞു കൊടുക്കുകയാണ് ഈജിപ്ത് ഒരു ഭാഗത്ത് ചെയ്തത്. ഈജിപ്ത് എന്ന ഒന്നാം കോട്ട അറബ് ലോകത്തിന്റെ ചരിത്ര, നയതന്ത്ര ശത്രുവായ ഇസ്രയേലിനോട് സന്ധിചെയ്തതോടെ അറബ് ലോകത്തിന് അതിന്റെ നേതൃത്വവും ഗാംഭീര്യവുമാണ് നഷ്ടപ്പെട്ടത്.
1979 മാര്‍ച്ച് 24-നാണ് കരാര്‍ ഒപ്പിടുന്നത്. അതേവര്‍ഷം ഡിസംബറിലാണ് സോവിയറ്റ് യൂനിയന്റെ അഫ്ഗാന്‍ അധിനിവേശം നടക്കുന്നത്. തുടര്‍ന്നങ്ങോട്ട് അധിനിവേശങ്ങളുടെ നീണ്ടനിര തന്നെയായിരുന്നു. 1982-ല്‍ ഇസ്രയേല്‍ സേന ബൈറൂത്തിലെത്തി. 1986-ല്‍ അമേരിക്ക ലിബിയയില്‍ ബോംബ് വര്‍ഷിച്ചു. ഇറാഖ് കുവൈത്തില്‍ 1990-ലും അമേരിക്ക ഇറാഖില്‍ 2003-ലും കടന്നുകയറ്റം നടത്തി. തുടര്‍ വര്‍ഷങ്ങളില്‍ ദക്ഷിണ-ഉത്തര സുഡാനുകളുടെ വിഭജനവും നടന്നു. ഇറാന്റെ ശക്തി ലബനാനിലും സിറിയയിലും ഇറാഖിലും യമനിലുമെത്തി. പിന്നീട് ഇസ്രയേലിന്റെ ഗസ്സ ഉപരോധവും. അടുത്തിടെ രംഗത്ത് വന്ന ഐ.എസ് സിറിയയിലെയും ഇറാഖിലെയും ചില പ്രദേശങ്ങള്‍ അധീനപ്പെടുത്തി. അങ്ങനെ പലവിധ സംഭവങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ഒരു ചോദ്യം ബാക്കിയാവും. ഈജിപ്ത് അതിന്റെ പ്രതാപത്തിലും നേതൃറോളിലും നിലനിന്നിരുന്നെങ്കില്‍ ഇതൊക്കെ സംഭവിക്കുമായിരുന്നോ? പലപ്പോഴായി ഞാന്‍ കണ്ടുമുട്ടുന്ന അറബ് രാഷ്ട്രീയ നിരീക്ഷകര്‍ നിരന്തരം ഉന്നയിക്കുന്ന ചോദ്യമാണിത്. കയ്‌റോയില്‍ നിന്ന് വരുന്ന ഒരാളെ കണ്ടാല്‍ അവര്‍ ചോദിക്കും. ഈജിപ്‌തെവിടെ? അതെപ്പോള്‍ തിരിച്ചു വരും?
ഒന്നിന്റെയും പങ്കിനെ ഇവിടെ ചെറുതായി കാണുന്നില്ല. ഒരോ രാജ്യത്തിനും അതിന്റേതായ സ്ഥാനവും ആദരവുമുണ്ട്. ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ ഘടകങ്ങള്‍ നേതൃപരമായ വലിയൊരു സ്ഥാനം ഈജിപ്തിനു നല്‍കിയിരിക്കുന്നു. നേതൃതാല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ അത് പരാജയപ്പെട്ടപ്പോള്‍ ഈജിപ്തിന് ആ സ്ഥാനം നഷ്ടപ്പെട്ടു. എന്നിട്ടത് ഒരു രോഗിയെപ്പോലെ ചെറിയ ഇടത്തിലൊതുങ്ങി.കഴിഞ്ഞ നാലു പതിറ്റാണ്ടായി ആരും വിടവ് നികത്താനില്ലാതെ ആ പദവി ഒഴിഞ്ഞു തന്നെ കിടക്കുന്നു. അതിനാല്‍ അറബ് ലോകത്തിന്റെ പ്രശ്‌നവും പരിഹാരവും ഈജിപ്താണെന്ന് പറയാം. കുഴക്കുന്ന ഒരു ചോദ്യവും അതോടൊപ്പമുണ്ട്: ഈജിപ്ത് എന്നാണ് അതിന്റെ തിരിച്ചുവരവിന്റെ ഉപാധികള്‍ പൂര്‍ത്തീകരിക്കുക?
വിവ: നാജി ദോഹ
Comments