പുനഃസൃഷ്ടിക്കാനാവും നീതിയുടെ ആ ലോകം
ഖലീഫ ഉമറി(റ)നെക്കുറിച്ച് ചരിത്രത്തിലിങ്ങനെ രേഖപ്പെട്ടു കിടക്കുന്നു: ''താങ്കള്‍ ഭരിച്ചു, നീതി പുലര്‍ത്തി, മനസ്സമാധാനം സ്വായത്തമാക്കി, അങ്ങനെ നിദ്രയിലാണ്ടു.'' പേര്‍ഷ്യന്‍ രാജാവ് കിസ്‌റ പറഞ്ഞയച്ച ദൂതന്റെ വാക്കുകളാണിത്. ഖലീഫ ഉമറിന്റെ അടുക്കലേക്ക് കിസ്‌റയുടെ ദൂതന്‍ വരികയാണ്. മദീനയിലെത്തിയ ദൂതന്‍ ഖലീഫയെ അന്വേഷിച്ചു. ആളുകള്‍ അദ്ദേഹത്തെ കാണാറുള്ള സ്ഥലം പറഞ്ഞുകൊടുത്തു. ഉമറിനെ അന്വേഷിച്ചു ദൂതന്‍ പുറപ്പെട്ടു. ഒരു മരത്തണലില്‍ ചെരിപ്പ് തലയണയാക്കി ഖലീഫ ഉമര്‍ ഉറങ്ങുന്നതായി കണ്ടു. അപ്പോഴാണ് കിസ്‌റയുടെ ദൂതന്‍ മുകളിലുദ്ധരിച്ച പ്രസിദ്ധമായ വാക്കുകള്‍ പറഞ്ഞു പോയത്. ഖലീഫ ഉമര്‍ പ്രജകളോട് പൂര്‍ണമായും നീതിപാലിച്ചിരിക്കുന്നുവെന്നും അതില്‍ മനസ്സമാധാനം പൂണ്ട് കണ്‍കുളിര്‍മയോടെ ഉറങ്ങിയതാണെന്നും കിസ്‌റയുടെ ദൂതന് നന്നായി ബോധ്യമായി. പ്രജകളോട് പൂര്‍ണമായും നീതിപുലര്‍ത്തിയ ഭരണാധികാരികള്‍ക്ക് മാത്രമേ ഉമറിനെ പോലെ ആത്മസംതൃപ്തിയും മനസ്സമാധാനവും കൈവരൂ. യാതൊരു സുരക്ഷാ വലയവുമില്ലാതെ ജനങ്ങളില്‍ ഒരുവനായി ജീവിക്കാന്‍ അപ്പോള്‍ മാത്രമേ സാധിക്കൂ. അനീതിയും അഴിമതിയും അക്രമവും അസ്ഥിരതയും വാഴുന്ന ഇക്കാലത്ത് ഖലീഫ ഉമറിനെക്കുറിച്ച പേര്‍ഷ്യന്‍ ദൂതന്റെ വാക്കുകള്‍ വളരെ ശ്രദ്ധേയമാണ്. നീതിനിഷേധത്തിന്റെയും അഴിമതിയുടെയും നാറുന്ന വാര്‍ത്തകളാണ് ദിവസവും നാം കേട്ടുകൊണ്ടിരിക്കുന്നത്. ഇവിടെയാണ് ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന നീതിബോധത്തിന്റെ മഹത്വം പ്രകടമാകുന്നത്.
അല്ലാഹു ഇഷ്ടപ്പെടുന്ന, സൃഷ്ടികള്‍ക്കുണ്ടായിരിക്കേണ്ട സ്വഭാവഗുണങ്ങളില്‍ അതിവിശിഷ്ടമായ ഒന്നാണ് നീതിബോധം. ഇസ്‌ലാമിക കാഴ്ചപ്പാടില്‍ നീതി ഒരോരുത്തര്‍ക്കും അവരുടെ അവകാശം ഏറ്റക്കുറച്ചിലുകളില്ലാതെ തുല്യമായി വകവെച്ചുകൊടുക്കലാണ്. വിശുദ്ധ ഖുര്‍ആനും സുന്നത്തുമനുസരിച്ച് കാര്യങ്ങളില്‍ തീരുമാനമെടുക്കലാണ് നീതിയെന്നും ചിലര്‍ പറഞ്ഞിട്ടുണ്ട്. ഇസ്‌ലാമിക ശരീഅത്തില്‍ നീതിക്ക് മഹത്തായ സ്ഥാനവും പ്രധാന്യവുമുണ്ട്. വിശ്വാസത്തിന്റെ ഭാഗമായി അതിനെ നിശ്ചയിച്ചിരിക്കുന്നു. അല്ലാഹുവിന്റെ വിശിഷ്ടനാമങ്ങളില്‍ പെട്ടതാണ് നീതിമാന്‍ എന്നത്. ഐഹിക ജീവിതത്തില്‍ ക്ഷേമവും സമാധാനവും കളിയാടാനും കാര്യങ്ങള്‍ വ്യവസ്ഥാപിതവും സന്തുലിതവുമാക്കാനും നീതി (അദ്ല്‍) പുലര്‍ത്തണം. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നീതി നിര്‍ബന്ധമായും മുറുകെ പിടിക്കാന്‍ അല്ലാഹു വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്: ''പറയുക, എന്റെ രക്ഷിതാവ് നീതി പാലിക്കാനാണ് കല്‍പിച്ചിട്ടുള്ളത്'' (അല്‍അഅ്‌റാഫ് 29), ''നീതി പാലിക്കുക, നന്മ ചെയ്യുക, അടുത്ത ബന്ധുക്കള്‍ക്ക് ചെലവഴിക്കുക ഇതെല്ലാമാണ് അല്ലാഹു ആജഞാപിക്കുന്നത്'' (അന്നഹ്ല്‍ 90), ''നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ നീതി പാലിക്കുക, അതൊരു ബന്ധുവിന്റെ കാര്യത്തിലായിരുന്നാല്‍ പോലും'' (അല്‍അന്‍ആം 152), ''അല്ലയോ സത്യവിശ്വാസികളെ, നീതിയുടെ ധ്വജവാഹകരും അല്ലാഹുവിനു വേണ്ടി സാക്ഷ്യം വഹിക്കുന്നവരും ആയിരിക്കുവിന്‍''(അന്നിസാഅ് 135).
നീതിമാന്മാര്‍ അല്ലാഹുവിന്റെ കല്‍പനകള്‍ ജനങ്ങള്‍ക്കിടയില്‍ നടപ്പിലാക്കുന്നവരാണ്. അല്ലാഹുവിന്റെ ഇഷ്ടദാസന്മാരാണവര്‍. ''നീതിപാലിക്കുന്നവരെ അല്ലാഹു ഇഷ്ടപെടുന്നു'' എന്ന് വിശുദ്ധ ഖുര്‍ആനില്‍ (അല്‍മാഇദ 42, അല്‍മുംതഹിന 8, അല്‍ഹുജുറാത്ത് 9) മൂന്ന് സ്ഥലങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇതില്‍ രണ്ട് സ്ഥലങ്ങളില്‍ (അല്‍മുംതഹിന 8, അല്‍മാഇദ 42) വിശ്വാസികളല്ലാത്തവരോട് നീതികാണിക്കുന്നതിനെപ്പറ്റിയാണ് പറയുന്നത്. വിശ്വാസി മറ്റൊരു വിശ്വാസിയുമായി നീതിപൂര്‍വം പൊറുമാറുക എന്നത് സ്വഭാവികവും എളുപ്പവുമാണ്. അവരുടെ വിശ്വാസവും ചിന്തകളും വികാരവിചാരങ്ങളുമെല്ലാം പരസ്പരം ബന്ധപ്പെട്ട് നില്‍ക്കുന്നതാണല്ലോ. എന്നാല്‍ വിശ്വാസികള്‍, അവിശ്വാസികള്‍ എന്ന വിവേചനമില്ലാതെ എല്ലാവരോടും നീതിപൂര്‍വം പൊരുമാറുക അല്‍പം പ്രയാസമേറിയ കാര്യമാണ്. അതുകൊണ്ടാണ് അല്ലാഹു വിശ്വാസി-അവിശ്വാസി ഭേദമന്യേ ആരോടും നീതി ചെയ്യുന്നവനെ ഇഷ്ടപ്പെടുന്നുവെന്ന് ആവര്‍ത്തിച്ച് പറഞ്ഞിരിക്കുന്നത്. ''മതകാര്യങ്ങളില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചേടത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതികാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു'' (അല്‍മുംതഹിന 8).
ഇസ്‌ലാമിലെ നീതി വിശാലാര്‍ഥത്തിലുള്ളതാണ്. പ്രശ്‌നങ്ങളില്‍ തീര്‍പ്പ് കല്‍പിക്കുന്നതില്‍ മാത്രം അത് പരിമിതമല്ല. ''ഒരോ വിശ്വാസിയും തന്റെ കീഴിലുള്ളവരോട് നീതിപൂര്‍വം വര്‍ത്തിക്കേണ്ടതുണ്ട്. അതവന്റെ ഉത്തരവാദിത്തമായി നിശ്ചയിച്ചിട്ടുണ്ട് നിങ്ങള്‍ ഒരോരുത്തരും ഭരണാധികാരികളാണ്. തന്റെ പ്രജകളെക്കുറിച്ച് നിങ്ങള്‍ ഒരോരുത്തരും ചോദ്യം ചെയ്യപ്പെടുന്നവരാണ്.'' (ബുഖാരി, മുസ്‌ലിം). എത്ര വലുതും ചെറുതുമായ ഉത്തരവാദിത്തമാണെങ്കിലും അതില്‍ വീഴ്ച വരുത്തുന്നവനെ പരലോകത്ത് കാത്തിരിക്കുന്നത് നിന്ദ്യതയാണ്. അബൂദര്‍റി(റ)ല്‍ നിന്ന് നിവേദനം: ''ഞാന്‍ ചോദിച്ചു. പ്രവാചകരേ, എന്നെ ഒരു ഉദ്യോഗസ്ഥനാക്കി നിയമിച്ചുകൂടെ?. അന്നേരം അവിടുന്ന് എന്റെ ചുമലില്‍ കൈ തട്ടിക്കൊണ്ട് പറഞ്ഞു: അബൂദര്‍റേ, നീ ബലഹീനനാണ്. അതൊരു അമാനത്താണ്. അര്‍ഹിക്കുംവിധം കൈകാര്യം ചെയ്യാത്തവന് അന്ത്യദിനത്തില്‍ നിന്ദ്യതക്കും ഖേദത്തിനും അതു കാരണമായിത്തീരും'' (മുസ്‌ലിം).
നിതീ നിര്‍വഹണ രംഗത്ത് പ്രവാചകന്‍ മുഹമ്മദ്(സ) കാണിച്ചു തന്ന ഉദാത്തമായ ചര്യ എക്കാലത്തെയും മനുഷ്യര്‍ക്ക് മാതൃകയാണ്. ദൈവികമായ കല്‍പനകളും നിര്‍ദേശങ്ങളും നടപ്പിലാക്കുന്നതില്‍ പ്രവാചകന്‍ ഒരിക്കലും പക്ഷപാതിത്വമോ വിവേചനമോ കാണിച്ചിരുന്നില്ല. ഒരിക്കല്‍ മഖ്‌സൂമിയ്യ ഗോത്രത്തിലെ ഒരു സ്ത്രീ കളവ് നടത്തിയപ്പോള്‍ പ്രവാചകന്‍ അവളുടെ കൈ വെട്ടാന്‍ വിധിച്ചു. ആ സമയത്ത് ഖുറൈശികളുടെ നിര്‍ദേശ പ്രകാരം ഉസാമത്ത് ബ്‌നു സൈദ് ശിപാര്‍ശയുമായി പ്രവാചകനെ സമീപിച്ചു. പ്രവാചകന്‍ ഉസാമയോട് ക്ഷുഭിതനായി. അവിടുന്ന് പറഞ്ഞു. ''അല്ലാഹുവിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ ശിപാര്‍ശയോ?'' അവിടുന്ന് തുടര്‍ന്നു: ''നിങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന ആളുകള്‍ നശിച്ചതിന് കാരണമുണ്ട്. അവരില്‍ പ്രധാനികളില്‍ ഒരാളാണ്് കളവ് നടത്തിയതെങ്കില്‍ അവര്‍ അവനെ വെറുതെ വിടും. അബലനാണ് കളവ് നടത്തിയതെങ്കില്‍ അവനെ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹുവാണ സത്യം, മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ് കളവ് നടത്തിയതെങ്കില്‍ പോലും ഞാന്‍ അവളുടെ കൈ വെട്ടും'' (ബുഖാരി, മുസ്‌ലിം).
ഒരിക്കല്‍ അലി(റ)യുടെ ഒരു പടയങ്കി കളവ് പോയി. അതെടുത്തുവെന്ന് ആരോപണവിധേയനായ ജൂതനും അലി(റ)യും ന്യായാധിപന്റെ മുമ്പില്‍ ഹാജറായി. ന്യായാധിപന്‍ ശുറൈഹ് ജൂതനെതിരെ തെളിവ് നല്‍കാന്‍ ആവശ്യപ്പെട്ടു. അലി(റ)ക്ക് വ്യക്തമായ തെളിവുകള്‍ ഹാജറാക്കാനായില്ല. ന്യായാധിപന്‍ ജൂതനനുകൂലമായി വിധിയെഴുതി. ഇവിടെ ഭരണാധികാരിയായ അലി(റ)യുടെ സ്ഥാനമോ ഔന്നത്യമോ ഒന്നും തെളിവ് ആവശ്യപ്പെടാതിരിക്കാനുള്ള ന്യായമായി ന്യായാധിപന്‍ കണ്ടില്ല.
ശരിയായ നീതിപാലനത്തിലൂടെ സമൂഹത്തിലുണ്ടാകുന്ന ഫലങ്ങള്‍ നിരവധിയാണ്. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടും. ജീവനും സ്വത്തിനും അഭിമാനത്തിനും സംരക്ഷണം ലഭിക്കും. സമാധാനവും സുസ്ഥിരതയും സംജാതമാകും. സംഘബോധവും സ്‌നേഹവും ഐക്യവും ഊട്ടിയുറപ്പിക്കപ്പെടും. സാമൂഹിക ദദ്രതക്കും കെട്ടുറപ്പിനും ശക്തി പകരും. കര്‍മങ്ങള്‍ക്ക് പ്രേരണ നല്‍കും. ഉല്‍പാദനം വര്‍ധിക്കും. പട്ടിണിയും ദാരിദ്ര്യവുമകലാനിടവരും. ഖലീഫ ഉമര്‍ ബ്ന്‍ അബ്ദില്‍ അസീസി(റ)ന്റെ ഭരണകാലം ക്ഷേമവും ഐശ്വര്യവും സമാധാനവും എങ്ങും പരിലസിച്ചിരുന്നു എന്നത് ചരിത്രം. ആളുകള്‍ക്കിടയില്‍ സമ്പത്ത് ഒഴുകുകയായിരുന്നു. സക്കാത്ത് വാങ്ങാനാളില്ലാത്ത കാലം. മനുഷ്യര്‍ക്ക് മാത്രമല്ല, പക്ഷിമൃഗാദികള്‍ക്കുവരെ സുഭിക്ഷതയുടെ നാളുകള്‍. ജനങ്ങളുമായുള്ള ഇടപാടുകളിലും പെരുമാറ്റങ്ങളിലും നീതി മുറുകെ പിടിച്ചാല്‍ ഇത്തരം അത്ഭുതങ്ങള്‍ ഇനിയും സൃഷ്ടിക്കാനാവും.
Comments