Prabodhanm Weekly

Pages

Search

2015 നവംബര്‍ 20

പ്രസംഗ ചാതുരി

അബ്ദുല്‍ ജബ്ബാര്‍, കൂരാരി /ചിന്താ വിഷയം

         നല്ല പ്രസംഗങ്ങള്‍ ആരെയും ആകര്‍ഷിക്കുന്നു. ഏത് രംഗത്തും- വിശേഷിച്ച് നേതൃരംഗത്ത്- വിജയം കൈവരിക്കാന്‍ ശക്തിയേറിയ ആയുധം പ്രസംഗ ചാതുരി തന്നെ. വ്യക്തികളെയും സമൂഹങ്ങളെയും രാഷ്ട്രങ്ങളെത്തന്നെയും ഇളക്കി മറിക്കാന്‍ തോക്ക് വേണ്ട, വാക്ക് മതി. ജീവിത സന്ധാരണത്തിന് അമേരിക്കയില്‍ ഇരുപതിനായിരത്തിലധികം മാര്‍ഗങ്ങളുണ്ടെന്നും അവയില്‍ ഏതില്‍ വിജയിക്കണമെങ്കിലും പ്രസംഗചാതുരി അനുപേക്ഷണീയമാണെന്നും ഒരു മഹാന്‍ പറഞ്ഞതിന്റെ പൊരുളും അതാണ്.

ലോകത്തെ കിടുകിട വിറപ്പിച്ച വിപ്ലവകാരികളില്‍ പലരും മികച്ച വാഗ്മികളാണ്. ഇന്ത്യയിലെ ജനകോടികളെ ബ്രിട്ടീഷുകാര്‍ക്കെതിരെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളാക്കിയതില്‍ ഗാന്ധിജി, നെഹ്‌റു, ആസാദ് തുടങ്ങിയവരുടെ പ്രസംഗങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഹിജ്‌റ 10-ല്‍ പ്രവാചകന്‍ അറഫയില്‍ ലക്ഷക്കണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്തു നടത്തിയ 'വിടവാങ്ങല്‍ പ്രസംഗം' ഇന്നും പ്രതിധ്വനിക്കുന്നുണ്ട്. പ്രസംഗത്തിന്റെ വശീകരണ ശക്തി വിളിച്ചോതുന്ന ഒന്നായിരുന്നു അത്. 

സ്റ്റേജില്‍ കയറി നാലാളുകളുടെ മുമ്പില്‍ നാവ് വരളാതെ നാലക്ഷരം പറയുക എളുപ്പമല്ല. അതിന് കഠിനമായ അധ്വാനവും ദീര്‍ഘകാല പരിശീലനവും വേണം. ജന്മവാസന ഇതിന്റെ പ്രധാന ഘടകമാണ്. ലോകത്ത് അറിയപ്പെടുന്ന വാഗ്മികളെല്ലാം വിയര്‍പ്പൊഴുക്കി പരിശീലനം നേടിയവരാണ്. ഉദാത്തമായ ആശയങ്ങളെ ശ്രോതാക്കളിലേക്ക് യുക്തമായി അവതരിപ്പിക്കാന്‍ ഓരോ പ്രസംഗകനും ചില മുന്‍കരുതലുകള്‍ എടുക്കണം. പ്രസംഗത്തിന്റെ തുടക്കം സദസ്യരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ സഹായിക്കുന്നതാണെങ്കില്‍ പ്രഭാഷകന്‍ പകുതി വിജയിച്ചു എന്ന് പറയാം. രസകരമായ സംഭവങ്ങളും ഉദ്ധരണികളും പ്രസംഗത്തിന് തുടക്കം കുറിക്കാന്‍ പറ്റിയവ തന്നെ.

പ്രസംഗിക്കുന്ന വിഷയങ്ങള്‍ നന്നായി പഠിക്കണം. അറിയാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ പരിഹാസ്യനാകും. ലക്ഷ്യബോധവും യുക്തമായ കാഴ്ചപ്പാടുമാണ് പ്രസംഗകന് വേണ്ട് മറ്റു ഗുണങ്ങള്‍. 

ശുദ്ധവും ലളിതവുമായി വിഷയങ്ങള്‍ അവതരിപ്പിക്കുന്ന ഭാഷയാണ് പ്രസംഗകന്റെ ഉദ്യമം വിജയിക്കാന്‍ വേണ്ട മറ്റൊരു പ്രധാന ഘടകം. ഒപ്പം നല്ല ഉച്ചാരണ ശുദ്ധിയും വേണം. സന്ദര്‍ഭാനുസാരം നര്‍മത്തിന്റെ മധുരവും ചേര്‍ക്കണം. ഉപമകളും പഴഞ്ചൊല്ലുകളും ശ്രോതാക്കളുടെ വിരസതയകറ്റാന്‍ നല്ലതാണ്. സ്വന്തമായൊരു പ്രസംഗ ശൈലി സ്വായത്തമാക്കാന്‍ ശ്രമിക്കുന്നത് നല്ലതാണ്. പരന്ന വായനയിലൂടെ ഇത് നേടാം. സദസ്സറിഞ്ഞ് സംസാരിക്കുകയാണ് വേണ്ടത്. 

തയാറെടുപ്പില്ലാതെ പ്രസംഗിക്കാന്‍ മുതിരരുത്. അരമണിക്കൂറാണ് പ്രസംഗമെങ്കില്‍ ഒരു മണിക്കൂറിനുള്ള ആശയങ്ങള്‍ കരുതണം. സ്വന്തം ജീവിതത്തില്‍ പകര്‍ത്താനാവാത്ത ആശയങ്ങള്‍ പ്രസംഗത്തിലൂടെ സദസ്യരെ ഉപദേശിക്കുന്നത് നല്ല പ്രസംഗകന്റെ യോഗ്യതയും സ്ഥാനവും ഇടിക്കാനേ സഹായിക്കൂ. സമയബോധം പ്രസംഗകന് കൂടിയേ തീരൂ. 'ഇയാള്‍ക്ക് നിര്‍ത്താറായില്ലേ' എന്ന് സദസ്യര്‍ക്ക് തോന്നിത്തുടങ്ങുന്നതിന് മുമ്പ് പ്രസംഗം നിര്‍ത്തണം. ശ്രോതാക്കളെ മുഴുവന്‍ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് പ്രസംഗത്തിന് വിരാമമിടാന്‍ കഴിഞ്ഞാല്‍ അത് വന്‍വിജയമായിരിക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /24-26
എ.വൈ.ആര്‍