ഇസ്‌ലാമിക പ്രബോധനവും സംഭാഷണ കലയും
മുഹമ്മദ് നബി(സ)യുടെ കാലം മുതല്‍ ഇതുവരേയും ലോകത്താകമാനം ഇസ്‌ലാമിക സംസ്‌കൃതി വ്യാപിക്കുവാനും പ്രചരിക്കുവാനുമുണ്ടായ സുപ്രധാന കാരണം ഇസ്‌ലാം നന്മയിലധിഷ്ഠിതമായ ഒരു ചിന്താ കര്‍മപദ്ധതിയാണ് എന്നതിന് പുറമെ പ്രബോധന പ്രവര്‍ത്തനങ്ങളോടുള്ള മുസ്‌ലിംകളുടെ ചിരന്തനമായ പ്രതിബദ്ധതയുമാണ്. ഈ രണ്ട് കാര്യങ്ങളാണ് ഇസ്‌ലാമിനെ ചടുലവും സജീവവുമായ പ്രസ്ഥാനമായി നിലനിര്‍ത്തുന്നത്. അത്‌കൊണ്ടാണ് അല്ലാഹുവും പ്രവാചകനും ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രധാന്യവും പ്രതിഫലവും നിശ്ചയിച്ചിട്ടുളളത്. ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനം നിര്‍വ്വഹിക്കാന്‍ പ്രവാചകനോടും ശേഷം അനുയായികളോടും അല്ലാഹു നല്‍കുന്ന കല്‍പന ഖുര്‍ആനില്‍ ഇങ്ങനെ വായിക്കാം: ''അതിനാല്‍ നീ ഉദ്‌ബോധിപ്പിക്കുക. നീ ഒരുദ്‌ബോധകന്‍ മാത്രമാണ്. നീ അവരുടെ മേല്‍ നിര്‍ബന്ധം ചെലുത്തുന്നവനല്ല'' (88:21,22).
ഉദ്‌ബോധനത്തിലൂടെ ജനങ്ങളെ സദ്പന്ഥാവിലേക്ക് ക്ഷണിക്കുക. ദുര്‍മാര്‍ഗം തെരെഞ്ഞെടുത്താലുള്ള ദുഷ്പരിണതിയും സന്മാര്‍ഗം സ്വീകരിച്ചാലുള്ള സദ്പരിണതിയും വിവരിച്ച് കൊടുക്കുകയെന്ന, പ്രവാചകന് ശേഷം മുസ്‌ലിം സമൂഹം നിര്‍വ്വഹിക്കേണ്ട മഹത്തായ ദൗത്യമാണ് ഈ ചെറു സൂക്തങ്ങള്‍ നമ്മെ ഉണര്‍ത്തുന്നത്. ഇസ്‌ലാമിക പ്രബോധനം നിര്‍വഹിക്കാന്‍ കാലം മാറുന്നതിനനുസരിച്ച് അനേകം മാര്‍ഗങ്ങള്‍ ഉണ്ടാവാമെങ്കിലും കാലദേശ വ്യത്യാസമില്ലാതെ ജനങ്ങളുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരു രീതിയാണ് സംഭാഷണം. സംഭാഷണത്തില്‍ ഉപയോഗിക്കുന്ന ഭാഷ ശ്രോതാവിന്റെ ബോധമണ്ഡലത്തെ സ്വാധീനിക്കുകയും തദനുസൃതമായി പ്രവര്‍ത്തിക്കുവാനുള്ള പ്രചോദനമാവുകയും ചെയ്യുന്നതോടെയാണ് ഒരാളുടെ മനസ്സില്‍ മാറ്റത്തിന്റെ നാമ്പിടുന്നത്.
ഒരു വ്യക്തി വിവരം നല്‍കുകയും അപരന്‍ അത് കേള്‍ക്കുകയും ചെയ്യുന്ന പ്രക്രിയയാണല്ലോ സംഭാഷണം. ഇതിലൂടെ കൈമാറുന്ന വിവരങ്ങള്‍ ഇസ്‌ലാമുമായി ബന്ധപ്പെട്ടതാവുമ്പോള്‍ അത് സംസാരത്തിലൂടെയുള്ള ഇസ്‌ലാമിക പ്രബോധനമായി മാറുന്നു. വ്യക്തിയെ കേന്ദ്രീകരിച്ച് ഇസ്‌ലാമിക കാര്യങ്ങള്‍ ആശയ വിനിമയം ചെയ്യുന്നതാണ് വ്യക്തിഗത ഇസ്‌ലാമിക പ്രബോധനം. ഇസ്‌ലാമിക നവജാഗരണത്തെ തടയിടാന്‍ പ്രതിയോഗികള്‍ ആസൂത്രിതമായി ഒന്നടങ്കം അണിനിരന്നിരിക്കുന്ന കരാള കാലഘട്ടമാണിത്. ഇസ്‌ലാമിന്റെ വിജയം അവരുടെ ആധിപത്യത്തിന് വിരാമമിടും എന്ന് അവര്‍ ഭയപ്പെടുന്നു. ഇസ്‌ലാമിന് നേരെയുള്ള ഇത്തരം കടന്നാക്രമണങ്ങളെ ചെറുത്ത് തോല്‍പിക്കാന്‍ കെല്‍പ്പുറ്റ മഹത്തായ ആയുധമാണ് വ്യക്തിഗത ഇസ്‌ലാമിക പ്രബോധനം-അഥവാ ഇസ്‌ലാമിനെ കുറിച്ച് രണ്ട് വ്യക്തികള്‍ തമ്മിലുള്ള ആശയ വിനിമയം. ഓരോ വിഭാഗവും സ്വന്തം തുരുത്തിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സംഭാഷണത്തിന്റെ പ്രസക്തി മുമ്പെന്നത്തേക്കാളും വര്‍ധിച്ചിരിക്കുകയാണ്.
നമ്മുടെ രാജ്യത്ത് വ്യക്തിഗത ഇസ്‌ലാമിക പ്രബോധനത്തിന്റെ അനന്ത സാധ്യതകള്‍ പരിഗണിക്കുമ്പോള്‍ സംഭാഷണ കലയെ എത്രമാത്രം ശാസ്ത്രീയമായി ഉപയോഗപ്പെടുത്താന്‍ കഴിയുമോ അതിനനുസരിച്ച് പ്രബോധന പ്രവര്‍ത്തനങ്ങള്‍ വിജയം കാണുമെന്നതില്‍ സംശയമില്ല. ദിനേന നമ്മള്‍ പുറംതള്ളുന്നത് ശതകോടി ബൈറ്റുകളുള്ള സംസാരമാണ്. അതില്‍ അല്ലാഹുവുമായി ബന്ധപ്പെട്ടത് വിരലിലെണ്ണാവുന്നവ മാത്രം. നാം സംസാരിക്കുന്നതില്‍ ഏറ്റവും ഉത്തമമായത് സംസാരം ഇസ്‌ലാമിലേക്കുള്ള ക്ഷണമാണെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി നമ്മെ പഠിപ്പിക്കുന്നുണ്ട്. സംസാരത്തെ ശാസ്ത്രീയമായും ഫലപ്രദമായും സഹാനുഭൂതിയോടെയും ഉപയോഗപ്പെടുത്തി പ്രബോധിത ഹൃദയങ്ങളിലേക്കിറങ്ങി ചെല്ലേണ്ടത് ഇസ്‌ലാമിനെ സ്‌നേഹിക്കുന്നവരുടെ ബാധ്യതയാണ്.
ഏതൊരു ഉല്‍പന്നത്തിന്റെയും വില്‍പന അതിന്റെ വില്‍പനക്കാരന്റെവാക്ചാതുരിയെ ആശ്രയിച്ചാണല്ലോ നിലകൊള്ളുന്നത്. കച്ചവടത്തില്‍ ഇതിനെ മാര്‍ക്കറ്റിംഗ് തന്ത്രം എന്ന് പറയാം. അത്‌പോലെ ഒരു ആശയത്തിന്റെ പ്രചാരണത്തില്‍ അതിന്റെ പ്രബോധകര്‍ക്കുള്ള വാക്ചാതുരി തന്നെയാണ് ആ ആശയത്തിന്റെ പ്രചാരണത്തിന് നിമിത്തമാകുന്നത്. മനസ്സിലുള്ള ഇസ്‌ലാമിനെ അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ച് മറ്റൊരാളിലേക്ക് പകരുന്നതിനുള്ള മാര്‍ഗമാണ് സംസാരം. അതൊരു കലയും ശാസ്ത്രവുമാണ്. ഏത് കലയെയും സ്ഫുടം ചെയ്‌തെടുക്കുന്നത് പോലെ സംസാരത്തെയും സ്ഫുടം ചെയ്‌തെടുത്താല്‍ മാത്രമേ മറ്റുള്ളവര്‍ക്ക് അത് ആകര്‍ഷകമായി അനുഭവപ്പെടുകയുളളൂ.
തന്റെ സംസാര സ്ഫുടതയിലെ ആത്മവിശ്വാസക്കുറവായിരുന്നുവല്ലോ മൂസാ നബിയുടെ പരിഭവം. അക്കാര്യം ഖുര്‍ആന്‍ വ്യക്തമാക്കുന്നത് ഇങ്ങനെ: ''എന്റെ സഹോദരന്‍ ഹാറൂന്‍ എന്നെക്കാള്‍ സ്ഫുടമായി സംസാരിക്കാന്‍ കഴിയുന്നവനാണ്. അതിനാല്‍ അവനെ എന്നോടൊപ്പം എനിക്കൊരു സഹായിയായി അയച്ചുതരിക. അവന്‍ എന്റെ സത്യത ബോധ്യപ്പെടുത്തിക്കൊള്ളും. അവരെന്നെ തള്ളിപ്പറയുമോ എന്നു ഞാന്‍ ആശങ്കിക്കുന്നു'' (അല്‍ ഖസ്വസ്വ്: 34).
കൃത്യതയില്ലാത്ത പാതയിലൂടെ ഒരു വാഹനത്തിന് ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കുകയില്ല. അത്‌പോലെയാണ് നമ്മുടെ സംസാരവും. അതിനെ സ്ഫുടം ചെയ്‌തെടുത്തെങ്കില്‍ മാത്രമേ പ്രബോധിത മനസ്സിന് ബോധ്യപ്പെടുന്ന വിധം ഇസ്‌ലാമിക സന്ദേശം പകര്‍ന്ന് നല്‍കാന്‍ സാധിക്കുകയുള്ളൂ. പഠിക്കാന്‍ സമര്‍ഥനല്ലാത്ത വിദ്യാര്‍ഥിയെ അധ്യാപകന്‍ പഴിചാരിയപ്പോള്‍ ആ വിദ്യാര്‍ഥിയുടെ പരിഭവം ഇങ്ങനെ: ''എനിക്ക് താങ്കള്‍ പഠിപ്പിക്കുന്നത് മനസ്സിലാവുന്നില്ല എന്നത് ശരി. എങ്കില്‍ എനിക്ക് മനസ്സിലാവുന്ന രൂപത്തില്‍ താങ്കള്‍ക്ക് അത് പഠിപ്പിച്ച് കൂടേ?'' ഇന്ത്യന്‍ സമൂഹവുമായുള്ള നമ്മുടെ സംവേദനത്തില്‍ ദുര്‍ഗ്രാഹ്യത നിലനില്‍ക്കുന്നുണ്ടോ എന്ന സംശയം ന്യായമാണ്. ജാതീയ പീഡനത്തില്‍ നിന്നുള്ള മോചനമെന്ന നിലക്കെങ്കിലും ഇസ്‌ലാമിനെ ലളിതമായി പരിചയപ്പെടുത്താന്‍ നമുക്ക് സാധിക്കേണ്ടതല്ലേ? അതിന് സഹായകമാവുന്ന ഏതാനും കാര്യങ്ങളാണ് ചുവടെ:
ആരോട് സംസാരിക്കണം?
ആരോടാണ് സംസാരിക്കുന്നതെന്ന് ശരിക്ക് ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ പ്രബോധനപരമായ സംസാരത്തിന് പ്രസക്തിയുള്ളൂ. സംസാരിക്കുന്നവരുടെ മാനസികാവസ്ഥ, വൈജ്ഞാനിക അടിത്തറ, സാമൂഹിക പശ്ചാത്തലം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കാതെ സംസാരിച്ചാല്‍ അതില്‍ സഹാനുഭൂതിയുടെ സ്‌നേഹ സ്പര്‍ശം ഉണ്ടായിക്കൊള്ളണമെന്നില്ല. ഒരു വഴിപാട് എന്നതിനപ്പുറം അത്തരം പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഫലം കാണുകയുമില്ല.
എന്ത് പറയണം?
ഒരു ബഹുസ്വര സമൂഹത്തില്‍ പ്രബോധനം ചെയ്യുമ്പോള്‍ ഓരോ വാക്കും വളരെ സൂക്ഷിച്ച് മാത്രമേ ഉപയോഗിക്കാവൂ. വായില്‍ നിന്ന് പുറത്തേക്ക് ചാടിയ വാക്കുകള്‍ ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയുകയില്ല. അത്‌കൊണ്ട് എന്താണ് സംസാരിക്കുന്നത് എന്ന്, സംസാരിക്കുന്ന വ്യക്തിക്ക് കൃത്യമായി ബോധ്യമുണ്ടായിരിക്കണം. ദിഗന്തങ്ങളെ വിറപ്പിച്ച സന്ദേശമാണ് ഇസ്‌ലാമിക പ്രബോധനത്തിലൂടെ കൈമാറുന്നത്. മതമുള്ളവനോടാണോ മതമില്ലാത്തവനോടാണോ താന്‍ സംസാരിക്കുന്നത് എന്ന കൃത്യമായ ധാരണ പ്രബോധകന് ഉണ്ടായിരിക്കണം. എന്ത് പറയണം എന്നത് പോലെ തന്നെ പ്രധാനമാണ് എന്ത് പറയരുത് എന്നതും. അക്കാര്യം ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നത് ഇങ്ങനെ:
''അല്ലാഹുവെ വിട്ട് അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെ നിങ്ങള്‍ ശകാരിക്കരുത്. അങ്ങനെ ചെയ്താല്‍ അവര്‍ തങ്ങളുടെ അറിവില്ലായ്മയാല്‍ അല്ലാഹുവെയും അന്യായമായി ശകാരിക്കും'' (6:108).
എങ്ങനെ പറയണം?
ഒരു കാര്യം തന്നെ നമുക്ക് പല രീതിയില്‍ പറയാന്‍ കഴിയും. വിവേകം ഉള്‍ച്ചേര്‍ന്ന സൗമ്യതയോടെ സംസാരിക്കലാണ് ഏറ്റവും കരണീയം. ഖുര്‍ആന്‍ പറയുന്നു: ''ഇരുവരും ഫറവോന്റെ അടുക്കലേക്കു പോകുവിന്‍. അവന്‍ ധിക്കാരിയായിരിക്കുന്നു. അവനോട് മയത്തില്‍ സംസാരിക്കണം. അവന്‍ ഉപദേശം സ്വീകരിക്കുകയോ ഭയപ്പെടുകയോ ചെയ്‌തെങ്കിലോ'' (20:43,44).
ലോകം കണ്ട കടുത്ത ധിക്കാരിയായ സ്വേഛാധിപതിയുടെ അടുക്കലേക്ക് മൂസയോടും ഹാറൂനിനോടും പ്രബോധന ദൗത്യവുമായി പോകാന്‍ കല്‍പിക്കുമ്പോള്‍ പോലും സൗമ്യമായി സംസാരിക്കാനാണ് അല്ലാഹു നിര്‍ദേശിക്കുന്നത്. വിഭവ സമൃദ്ധമായ സദ്യ പോലെയാണ് നല്ല സംസാരമെങ്കില്‍, അത് വിളമ്പുന്ന രീതിയിലും ചാരുത വേണ്ടതില്ലേ? സംവാദത്തില്‍ സ്വീകരിക്കേണ്ട പൊതു നിലപാടിനെ കുറിച്ച് ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെ:
''ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ വേദക്കാരുമായി സംവാദത്തിലേര്‍പ്പെടരുത്; അവരിലെ അതിക്രമികളോടൊഴികെ. നിങ്ങള്‍ പറയൂ: ഞങ്ങള്‍ക്ക് ഇറക്കിത്തന്നതിലും നിങ്ങള്‍ക്ക് ഇറക്കിത്തന്നതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒന്നുതന്നെ. ഞങ്ങള്‍ അവനെ മാത്രം അനുസരിക്കുന്നവരാണ്'' (29:46).
എപ്പോള്‍ പറയണം?
പലതരം വ്യക്തികള്‍ അടങ്ങിയതാണ് നമ്മുടെ സമൂഹം. ബഹുദൈവ വിശ്വാസികള്‍, നിഷേധികള്‍, മുതിര്‍ന്നവര്‍, കുട്ടികള്‍, സ്ത്രീകള്‍ അങ്ങനെ മൊത്തം മനുഷ്യരെ പല ഗണങ്ങളാക്കി തിരിക്കാവുന്നതാണ്. ഇവരില്‍ ആരും തന്നെ ഇസ്‌ലാമിക പ്രബോധനത്തിന്റെ പരിധിയില്‍ നിന്ന് പുറത്തല്ല. ആളും സന്ദര്‍ഭവുമനുസരിച്ചായിരിക്കണം ഇസ്‌ലാമിക സന്ദേശം കൈമാറേണ്ടത്. കുട്ടിയായിരിക്കെ തന്നെ അലി(റ)യും, വിധവയായിരിക്കെ തന്നെ ഖദീജ(റ)യും, വേലക്കാരനായിരിക്കെ അനസും, സ്ത്രീയായിരിക്കെ സുമയ്യയും എങ്ങനെയാണ് ഇസ്‌ലാം സ്വീകരിച്ചത്? അവര്‍ക്ക് ഗ്രാഹ്യമാവുന്ന രൂപത്തില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തി കൊടുക്കാന്‍ പ്രവാചകന് സാധിച്ചു എന്നതാണ് കാര്യം. അതില്‍ ഏറ്റവും പ്രധാന ഘടകം സഹാനുഭൂതിയോടെയുള്ള സംസാരം തന്നെ. ആ സംസാരത്തെ അസംസ്‌കൃത രൂപത്തില്‍ ഉപയോഗിക്കുന്നതിന് പകരം നിരവധി തവണ സ്ഫുടം ചെയ്‌തെടുത്ത് കലാപരമായും അങ്ങേയറ്റത്തെ ഗുണകാംക്ഷയോടെയും ഉപയോഗിച്ചാല്‍ ഇസ്‌ലാമിക പ്രബോധന മേഖലയില്‍ വമ്പിച്ച മുന്നേറ്റത്തിന് വഴിതെളിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നിരന്തരമായ പഠനവും പരിശീനവുമല്ലാതെ അതിന് മറ്റ് കുറുക്ക് വഴികളില്ല.
കേള്‍വിയും പ്രധാനം
ഫലപ്രദമായ ആശയവിനിമയത്തിന് ഒരു നല്ല ശ്രോതാവാകുക എന്നത് സുപ്രധാനമാണ്. സത്യ സന്ദേശമുള്‍ക്കൊണ്ടവരുടെ അടിസ്ഥാന ഗുണമായി വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ്:
''വചനങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും എന്നിട്ടവയിലേറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യന്നവരാണവര്‍. അവരെത്തന്നെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയത്. ബുദ്ധിശാലികളും അവര്‍ തന്നെ'' (അസ്സുമര്‍:18).
തന്റെ മനസ്സില്‍ വിങ്ങിപ്പൊട്ടുന്ന നൂറുകൂട്ടം ആശയങ്ങള്‍ ചൊരിയാനുള്ള ഒരു ഒഴിഞ്ഞ പാത്രമാണ് പ്രബോധിതരുടെ മനസ്സ് എന്ന ബോധമാണ് പ്രബോധകന്‍ ആദ്യം തിരുത്തേണ്ടത്. അവരുടെ പ്രയാസങ്ങളോടും വേദനകളോടും അനുകമ്പാപൂര്‍ണ്ണമായ സമീപനം സ്വീകരിക്കുന്നതിന്റെ ആദ്യ പടിയാണ് ശ്രദ്ധയോടെ കേള്‍ക്കല്‍. അതോടെ ആശയവിനിമയത്തിനുള്ള പാലം നിങ്ങള്‍ പണിത് കഴിഞ്ഞു. ഇനി നിങ്ങള്‍ക്ക് ആ വ്യക്തിയുമായി ആശയ വിനിമയം നടത്തുന്നതിന് ഒന്നും തടസ്സമാവുന്നില്ല. നിങ്ങള്‍ അദ്ദേഹത്തിന് ചെവികൊടുത്ത സ്ഥിതിക്ക് അദ്ദേഹവും നിങ്ങള്‍ക്ക് ചെവി തരാതിരിക്കുമോ?
ആളും അവസരവും സാഹചര്യവും നോക്കി മാത്രമേ ആശയ സംവാദത്തില്‍ ഏര്‍പ്പെടാവൂ. വൈകാരികമായ അനുഭൂതിക്ക് വേണ്ടിയോ, എതിരാളിയെ അടിച്ചിരുത്താനുദ്ദേശിച്ചോ ആയിരിക്കരുത് പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് പുറപ്പെടുന്നത്.
Comments