കരുത്തനും ദൃഢചിത്തനുമായ ഖലീഫാ ഉസ്മാന്‍ (റ)
ഇസ്‌ലാമിക ചരിത്രത്തിലെ ഉജ്ജ്വല വ്യക്തിത്വമാണ് മൂന്നാം ഖലീഫ ഉസ്മാനുബ്‌നു അഫ്ഫാന്‍ (റ). ഖേദകരമെന്ന് പറയട്ടെ, ചരിത്രത്തില്‍ യഥാര്‍ഥമായ നീതി നിഷേധിക്കപ്പെട്ട ഖലീഫയാണ് അദ്ദേഹം. ഉസ്മാനെ (റ) കുറിച്ച് വിരചിതമായ ചരിത്രങ്ങള്‍ മൂന്നു തലങ്ങളിലുള്ളവയാണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. പാശ്ചാത്യ ചിന്തയുടെ മടിത്തട്ടില്‍ വളര്‍ന്നുവന്നവരുടെ കൃതികളാണ് ഒരിനം. ഇസ്‌ലാമിനോട് തന്നെയുള്ള വെറുപ്പും അജ്ഞതയുമാണ് അവരുടെ കൈമുതല്‍. ഇസ്‌ലാമിന്റെ പ്രതിയോഗികളുടെ കൈകൡല കളിപ്പാവകളാണിവര്‍. ഇസ്‌ലാമിക ചരിത്രത്തിന്റെ നന്മകളിലെല്ലാം അവര്‍ കരിമഷിയൊഴിച്ചു. അത് ഏറ്റവും കറുപ്പിച്ചത് ഉസ്മാന്‍ (റ) എന്ന വ്യക്തിത്വത്തെയും. രണ്ടാമത്തെയിനം ഇസ്‌ലാമിക പണ്ഡിതരുടെ തന്നെ രചനകളാണ്. എന്നാല്‍ ഉസ്മാന്റെ ഭരണ കാലം വിലയിരുത്തുന്നതില്‍ ഇവര്‍ വേണ്ടത്ര സൂക്ഷ്മത പാലിച്ചില്ല. ഉസ്മാന്‍ മാത്രമല്ല ഉമവീ ഭരണാധികാരികളഖിലവും പ്രശംസനീയമായ ഒരു കാര്യവും ചെയ്യാത്തപോലെയാണ് ഇവരുടെ നിരൂപണം.
മൂന്നാമത്തെയിനം രചനകള്‍ ഉസ്മാന്റെ കാലഘട്ടത്തെ സസൂക്ഷ്മം പഠനം നടത്തി നീതി യുക്തമായ നിഗമനങ്ങളിലെത്തിയ പണ്ഡിതന്മാരുടെതാണ്. അവരില്‍ അഗ്രേസരനാണ് ഡോ. അലി മുഹമ്മദ് സ്വല്ലാബി (ലിബിയ). ഇസ്‌ലാമിക വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ സ്വല്ലാബി ചെറുതും വലുതുമായ 250-ഓളം ഉപാദാനങ്ങളെ അവലംബിച്ചു തയാറാക്കിയ 'ഉസ്മാനുബ്‌നു അഫ്ഫാന്‍: ശഖ്‌സിയ്യതുഹു വ അസ്വ്‌റുഹു' എന്ന വിഖ്യാത ഗ്രന്ഥത്തെ മുഖ്യമായും ആസ്പദിച്ചുകൊണ്ടാണ് പ്രഫ. കെ.പി കമാലുദ്ദീന്‍ ഖലീഫ ഉസ്മാന്‍ എന്ന ഈ കൃതി രചിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഉസ്മാ(റ)നെ കുറിച്ച അത്യുക്തികളെയും ആരോപണങ്ങളെയും നിശിതമായ വിചാരണക്ക് വിധേയമാക്കുകയും, ഇസ്‌ലാമിക ലോകത്തെ വിപുലപ്പെടുത്തുന്നതില്‍ അനിതര സാധാരണമായ പങ്കുവഹിച്ച ഖലീഫ ഉസ്മാന്റെ തേജോമയമായ യഥാര്‍ഥ ചിത്രം നമുക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുന്നു ഈ പുസ്തകം.
ഒത്ത ശരീരവും ഇളം ചുവപ്പ് നിറവുമുള്ള സുമുഖനായിരുന്നു ഉസ്മാന്‍ (റ). തന്റെ മുന്‍ഗാമിയായ ഉമറി(റ)നെ കുറിച്ച് നാം കേള്‍ക്കുന്നത് നിറഞ്ഞ പരിത്യാഗ ജീവിതമാണെങ്കില്‍ ഉസ്മാന്‍ (റ) അതില്‍ നിന്ന് ഭിന്നമായി യുവത്വത്തില്‍ തന്നെ സുഖജീവിതം നയിച്ചു വന്ന ആളായിരുന്നു. നല്ല ഭക്ഷണവും വില കൂടിയ വസ്ത്രവുമായിരുന്നു ശീലം. സ്വര്‍ണപ്പല്ലുകളായിരുന്നു അദ്ദേഹത്തിന്. അതീവ സമ്പന്നനായിരുന്നു അദ്ദേഹം. എന്നാല്‍ ജീവിത വിശുദ്ധിയുടെ കാര്യത്തില്‍ എല്ലാ വിധ നിരൂപണങ്ങള്‍ക്കും അപ്പുറത്താണ് അദ്ദേഹത്തിന്റെ സ്ഥാനം. തന്റെ രണ്ടു പെണ്‍മക്കളെ വിവാഹം ചെയ്തുകൊടുക്കുക വഴി പ്രവാചകന്‍ തന്നെ ഉസ്മാന്റെ ധാര്‍മിക ജീവിതത്തിന് അടിവരയിട്ടു. സമ്പന്നനും സുന്ദരനുമായ ഉസ്മാനില്‍ കണ്ണുവെച്ച നിരവധി യുവതികള്‍ അന്നുണ്ടായിരുന്നു. പക്ഷെ വിവാഹത്തിന് മുമ്പ്, ജാഹിലിയ്യാ കാലഘട്ടത്തിന്റെ കൊടുംതമസ്സില്‍ പോലും ഉസ്മാന്‍ ഒരന്യ സ്ത്രീയെയും സ്പര്‍ശിച്ചില്ല. ജീവിതത്തിലൊരിക്കലും മദ്യം ഉപയോഗിച്ചില്ല. വ്യാപാരത്തില്‍ തികഞ്ഞ ധര്‍മനിഷ്ഠ പുലര്‍ത്തി. കഅ്ബയിലെ വിഗ്രഹങ്ങളാവട്ടെ ഒരിക്കലും അദ്ദേഹത്തെ ആകര്‍ഷിച്ചില്ല. ഉസ്മാന്റെ വിശുദ്ധ ജീവിതത്തെ പറ്റി ഒരിക്കല്‍ സഹപ്രവര്‍ത്തകനായ അബൂബക്‌റിനോട് ഉമര്‍ ഇങ്ങനെ പറയുന്നുണ്ട്: ''അല്ലാഹുവാണ, അദ്ദേഹത്തിന്റെ രഹസ്യജീവിതം പരസ്യജീവിതത്തെക്കാള്‍ ഉത്തമമാണ്. അദ്ദേഹത്തെപ്പോലൊരാള്‍ നമ്മുടെ കൂട്ടത്തിലില്ല.''
ഉസ്മാന്റെ അനിതര സാധാരണമായ ദാനശീലത്തെ പറ്റി നമുക്കറിയാം. അബൂബക്‌റിന്റെ ഭരണകാലത്തുണ്ടായ ഒരു ക്ഷാമ വേളയില്‍ ജനങ്ങളുടെ ദുരിതം പരിഹരിക്കുന്നതില്‍ ഉസ്മാന്‍ നിര്‍വഹിച്ച പങ്ക് ഗ്രന്ഥത്തില്‍ ഇങ്ങനെ വിവരിക്കുന്നു:
''അബൂബക്‌റിന്റെ ഭരണകാലത്തൊരിക്കല്‍ ക്ഷാമവും വരള്‍ച്ചയുമുണ്ടായി. ജനം അബൂബക്‌റിനെ സമീപിച്ച് പരാതിപ്പെട്ടു. 'പോകൂ, ക്ഷമ കൈക്കൊള്ളൂ. ഇന്ന് സായാഹ്‌നമാകും മുമ്പ് അല്ലാഹു ഒരു സഹായം നല്‍കിയെന്നിരിക്കും.' ഖലീഫ അവരെ സമാശ്വസിപ്പിച്ചു. അധികം വൈകിയില്ല. സിറിയയില്‍ നിന്ന് ഉസ്മാന്റെ കച്ചവടസംഘം ചരക്കുമായി എത്തി-നൂറ് ഒട്ടകങ്ങള്‍. 'കച്ചവടക്കാരേ ശാമില്‍ നിന്ന് ഞാന്‍ കൊണ്ടുവന്ന ഈ ചരക്കിന് നിങ്ങള്‍ എന്ത് ലാഭം തരും?' ഉസ്മാന്‍ ചോദിച്ചു. വ്യാപാരികള്‍ പറഞ്ഞു: 'പത്തിനു പന്ത്രണ്ട്.' ഉസ്മാന്‍: 'പോരാ!' വ്യാപാരികള്‍: 'അല്ലയോ അബൂ അംറ്, മദീനയില്‍ ഞങ്ങളല്ലാതെ വേറെ വ്യാപാരികള്‍ ഇല്ല. ഇതില്‍ കൂടുതല്‍ ലാഭം തരാന്‍ ആരുണ്ട്?' ഉസ്മാന്‍: 'അല്ലാഹു! അവന്‍ എനിക്ക് ഒന്നിന് പത്ത് തരാം എന്ന് ഏറ്റിട്ടുണ്ട്. കൂടുതല്‍ തരാന്‍ നിങ്ങളില്‍ ആളുണ്ടോ?' വ്യാപാരികള്‍: 'പടച്ചവനാണ, ഇല്ല.' 'അല്ലാഹുവില്‍ സാക്ഷി നിര്‍ത്തി ഞാനിതാ ഈ ഭക്ഷ്യവസ്തുക്കള്‍ ദരിദ്രര്‍ക്ക് ദാനമായി നല്‍കിയിരിക്കുന്നു.' ഉസ്മാന്‍ പ്രഖ്യാപിച്ചു.''
ഉസ്മാന്റെ നേതൃപാടവം സാക്ഷാല്‍ പ്രവാചകന്‍ തന്നെ അംഗീകരിച്ചതായിരുന്നു. നബി (സ) മദീന വിട്ടു പുറത്തു പോകുമ്പോള്‍ മദീനയില്‍ തന്റെ പ്രതിനിധിയായി പലപ്പോഴും നിശ്ചയിച്ചിരുന്നത് ഉസ്മാനെയായിരുന്നു. 400 പേരടങ്ങുന്ന സംഘവുമായി ഗത്വ്ഫാന്‍ ഗോത്രത്തിന്റെ ധിക്കാരം ഒതുക്കാന്‍ പതിനൊന്നു ദിവസവും, പിന്നീട് ഇതേ ഗത്വ്ഫാന്‍ ഗോത്രത്തെ നേരിടാന്‍ ദാതുര്‍റിഖാഇലേക്ക് പോയപ്പോള്‍ പതിനഞ്ചു ദിവസവും മദീനയില്‍ നബി പ്രതിനിധിയായി നിശ്ചയിച്ചത് ഉസ്മാനെയായിരുന്നു.
ഉയര്‍ന്ന ചിന്തയുടെ ഉടമയായിരുന്നു ഉസ്മാന്‍. ഇസ്‌ലാമിക ചരിത്രത്തില്‍ 'കണക്കു വിഭാഗം' (ദീവാന്‍) ആരംഭിച്ചത് ഉമര്‍ (റ) ആണെങ്കില്‍ അത് നിര്‍ദേശിച്ചത് ഉസ്മാന്‍ (റ) ആയിരുന്നു. ഹിജ്‌റ വര്‍ഷത്തിന്റെ പ്രഥമ മാസം ഏതായിരിക്കണമെന്ന ചര്‍ച്ചയില്‍ സ്വീകരിക്കപ്പെട്ടതും ഉസ്മാന്റെ അഭിപ്രായമായിരുന്നു. ഉമര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ സ്വഹാബികളുമായി ഉസ്മാന്‍ ഇടഞ്ഞ ചില സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. അവയില്‍ പക്ഷെ ഒടുവില്‍ സ്വീകാര്യമായത് ഉസ്മാന്റെ അഭിപ്രായങ്ങളായിരുന്നു. ഉമറിന്റെ ജറുസലം യാത്രയും അംറുബ്‌നുല്‍ ആസ്വിന്റെ ഈജിപ്ത് വിമോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഏറ്റവും ദൂരക്കാഴ്ചയുള്ള നിലപാടെടുത്ത സ്വഹാബി പ്രമുഖന്‍ ഉസ്മാന്‍ ആയിരുന്നു.
ലോകത്തിന് ഉസ്മാന്‍ നല്‍കിയ ഏറ്റവും വലിയ സംഭാവന 'മുസ്ഹഫു ഉസ്മാന്‍' ആണെന്ന് ഈ കൃതി വ്യക്തമാക്കുന്നു. അത് സംബന്ധിച്ച് ഒരധ്യായം ഈ കൃതിയിലുണ്ട്. വിശുദ്ധ ഖുര്‍ആനെ അതിന്റെ തനിമയോടെ സംരക്ഷിക്കുന്നതില്‍ ഖലീഫ ഉസ്മാന്‍ കാണിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടു കാരണം മുസ്‌ലിം ലോകം മുഴുവന്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ഉസ്മാന്‍ ലോകത്തിന് നല്‍കിയ അതുല്യമായ മറ്റൊരു സംഭാവന ഇസ്‌ലാമിക ലോകത്തിന്റെ വ്യാപനമാണ്. അതെക്കുറിച്ച് രാഷ്ട്രവികസനം എന്ന ഒരധ്യായം ഇതിലുണ്ട്. സൈപ്രസ്, സ്‌പെയിന്‍, ആദര്‍ബൈജാന്‍, പേര്‍ഷ്യയുടെയും അര്‍മീനിയയുടെ ഉള്‍ഭാഗങ്ങള്‍, സിജിസ്താന്‍, ത്വബരിസ്താന്‍, ഖുറാസാന്‍, ദാതുസ്സ്വവാരി.. എന്നിങ്ങനെ ഒട്ടേറെ രാജ്യങ്ങള്‍ ഉസ്മാന്റെ കാലത്ത് മോചിപ്പിക്കപ്പെട്ടു. ഇസ്‌ലാമിക രാഷ്ട്ര വ്യാപനത്തില്‍ നിര്‍ണായക പങ്കു വഹിച്ച കപ്പല്‍ പട സജ്ജീകരിച്ചത് ഖലീഫ ഉസ്മാന്‍ ആയിരുന്നു. മധ്യധരണ്യാഴിയെ റോമന്‍ ജലാശയമല്ലാതാക്കിത്തീര്‍ക്കും വിധം ഇസ്‌ലാമിന്റെ കപ്പല്‍പ്പട അവിടങ്ങളില്‍ വിജയകാഹളം മുഴക്കി.
മലയാളത്തിലും അബൂബക്ര്‍, ഉമര്‍ എന്നിവരെ പോലെ ഖലീഫ ഉസ്മാനും അലിയ്യുബ്‌നു അബീത്വാലിബും എഴുതപ്പെട്ടിട്ടില്ല എന്നത് ഒരു സത്യമാണ് (അലിയെകുറിച്ച് അടുത്തിടെ മുഫക്കിറുല്‍ ഇസ്‌ലാം ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ, അബുല്‍ ഹസന്‍ അലി നദ്‌വി എഴുതി കെ.ടി ഹുസൈന്‍ വിവര്‍ത്തനം ചെയ്ത ഒരു രചന വന്നിട്ടുണ്ട്). ആ ശൂന്യത നികത്താന്‍ ഐ.പി.എച്ച് നടത്തിയ ഈ ശ്രമം ഏറെ ശ്ലാഘനീയമാണെന്ന് പറയാതെ വയ്യ. കൃതഹസ്തനായ കെ.പി കമാലുദ്ദീന്റെ ദുര്‍ഗ്രഹമല്ലാത്ത ശൈലി ഗ്രന്ഥത്തെ ഏറെ സ്വീകാര്യമാക്കുന്നുമുണ്ട്. പതിനൊന്ന് തലക്കെട്ടുകളും ഒരനുബന്ധവും പ്രൗഢമായ ഒരാമുഖവും ചേര്‍ന്ന ഈ കൃതി വായിച്ചു കഴിഞ്ഞാല്‍ ആരുടെ മനസ്സിലും ഉസ്മാനെ(റ) കുറിച്ച് കൂടുതല്‍ തെളിവാര്‍ന്ന, മികവുറ്റ ഒരു ചിത്രം പതിയും എന്ന കാര്യത്തില്‍ അശേഷം സംശയമില്ല.
Comments