Prabodhanm Weekly

Pages

Search

2015 നവംബര്‍ 20

മുസ്‌ലിം ന്യൂനപക്ഷ ആക്ടിവിസത്തിന്റെ ശ്രീലങ്കന്‍ മാതൃക

ശൈഖ് മുഹമ്മദ് കാരകുന്ന് /യാത്ര

         കേരളത്തോട് ഏറ്റവും അടുത്ത രാജ്യം ശ്രീലങ്കയാണ്. നെടുമ്പാശ്ശേരിയില്‍ നിന്ന് കൊളംബോവിലെ ബണ്ഡാര നായകെ ഇന്റര്‍നാഷ്‌നല്‍ എയര്‍പോര്‍ട്ടിലേക്ക് ഒരു മണിക്കൂറില്‍ കുറഞ്ഞ യാത്രാ ദൂരമേയുള്ളൂ. വിസ കിട്ടാന്‍ ഒട്ടും പ്രയാസമില്ല. എന്നിട്ടും അവിടം സന്ദര്‍ശിക്കാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ശ്രീലങ്കന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ 63-ാം ജനറല്‍ ബോഡി മീററിംഗിലേക്ക് ക്ഷണം ലഭിച്ചപ്പോള്‍ സന്തോഷപൂര്‍വം സ്വീകരിച്ചു.

ഭൂപ്രകൃതിയിലും കാലാവസ്ഥയിലും കേരളവും ശ്രീലങ്കയും തമ്മില്‍ കാര്യമായ വ്യത്യാസമില്ല. എന്നാല്‍, പ്രകൃതിയുടെ നേരെയുള്ള കൈയേറ്റം കേരളത്തെ അപേക്ഷിച്ച് വളരെ കുറവാണ്. കാടുകള്‍ നശിപ്പിച്ചിട്ടില്ല. മരങ്ങള്‍ മുറിച്ചു മാറ്റിയിട്ടുമില്ല. അതുകൊണ്ടുതന്നെ മഴ ധാരാളമായി ലഭിക്കുന്നു. ചൂട് കുറവാണ്. എവിടെ നോക്കിയാലും കണ്ണിനു കുളിര്‍മയേകുന്ന മനോഹര കാഴ്ചകള്‍.

ശ്രീലങ്കയിലെ തമിഴ് വംശജരും കേരളീയരും തമ്മില്‍ പ്രകൃതിയിലും പെരുമാറ്റത്തിലും ഭക്ഷണ ക്രമത്തിലുമൊന്നും കാര്യമായ മാറ്റമില്ല. ഒരുകാലത്ത് ശ്രീലങ്കയില്‍ ധാരാളം മലയാളികളുണ്ടായിരുന്നു. ബീഡി തെറുപ്പും ചായക്കട നടത്തലുമായിരുന്നു പ്രധാന തൊഴില്‍. എന്നാല്‍ ഇപ്പോള്‍ മലയാളികള്‍ നാമമാത്രമായേ ഉള്ളൂ. അഞ്ചു ദിവസം ശ്രീലങ്കയില്‍ പലയിടങ്ങളിലും സഞ്ചരിച്ചിട്ടും ഒരൊറ്റ മലയാളിയെ പോലും കാണാന്‍ കഴിഞ്ഞില്ല. ശ്രീലങ്കന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല പ്രവര്‍ത്തകരിലേറെയും മലയാളികളായിരുന്നുവെങ്കിലും ഇപ്പോള്‍ ജമാഅത്തില്‍ ഒരൊറ്റ മലയാളി പോലുമില്ല.

മികച്ച ന്യൂനപക്ഷം

മുസ്‌ലിംകള്‍ ന്യൂനപക്ഷമായ പല നാടുകളിലും അവര്‍ കൊടിയ പീഡനങ്ങള്‍ക്കും അവകാശ നിഷേധങ്ങള്‍ക്കും ഇരയാകുന്നു. ഇത്തരം പ്രയാസങ്ങള്‍ അഭിമുഖീകരിക്കാത്ത നാടുകളിലെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ മറ്റുള്ളവരെ അപേക്ഷിച്ച് എല്ലാ രംഗത്തും ഏറെ പിറകിലാണ്. അതുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും മികച്ച മുസ്‌ലിം ന്യൂനപക്ഷമുള്ളത് ശ്രീലങ്കയിലാണെന്നു പറയാം. ഇക്കാര്യത്തില്‍ അവിടത്തെ മുസ്‌ലിം നേതാക്കള്‍ ഏറെ സംതൃപ്തരും ഒട്ടൊക്കെ അഭിമാനമുള്ളവരുമാണെന്നും അവരുമായുള്ള സംഭാഷണത്തില്‍ ബോധ്യമായി.

വിദ്യാഭ്യാസ രംഗത്തും രാഷ്ട്രീയ മേഖലയിലും വ്യാപാര കാര്യങ്ങളിലും മുസ്‌ലിം സാന്നിധ്യവും പ്രാതിനിധ്യവും തൃപ്തികരമാണ്. സാമ്പത്തിക സ്ഥിതി പൊതുവെ മോശമല്ല. ഇതിന് അപവാദമായുള്ളത് എല്‍.ടി.ടി.ഇയുടെ അതിക്രമകാലത്ത് പുറന്തള്ളപ്പെട്ട മുസ്‌ലിംകളാണ്. അവരില്‍ നല്ലൊരു ശതമാനത്തിന് ഇതേവരെയും തിരിച്ചുപോക്കും പുനരധിവാസവും സാധ്യമായിട്ടില്ല. പുനരധിവാസ പ്രശ്‌നം സാങ്കേതികതയില്‍ കുടുങ്ങിക്കിടക്കുകയാണ്.

ഭരണപങ്കാളിത്തം

ശ്രീലങ്കയില്‍ ആകെ ഇരുപത്തഞ്ചു ജില്ലകളാണുള്ളത്. അതില്‍ ഹംപാറ എന്നറിയപ്പെടുന്ന ദിഗാമെഡുലുല്ല മുസ്‌ലിം ഭൂരിപക്ഷ ജില്ലയാണ്. തിങ്കുമല, ബേടികലോ ജില്ലകളില്‍ മുസ്‌ലിംകള്‍ അമ്പതു ശതമാനമാണ്. പല മുനിസിപ്പാലിറ്റികളിലും മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുണ്ട്. അവിടങ്ങളിലെല്ലാം മേയര്‍മാര്‍ മുസ്‌ലിംകളാണ്. തലസ്ഥാനമായ കൊളംബോവും പ്രധാന പ്രദേശമായ പുട്‌ലവുമൊക്കെ ഇതിലുള്‍പ്പെടുന്നു. കൊളംബോയിലെ മേയര്‍ മുഹമ്മദ് മുസ്സമിലാണ്.

ശ്രീലങ്കയില്‍ ഒമ്പത് പ്രൊവിന്‍സുകളാണുള്ളത്. കിഴക്കന്‍ പ്രൊവിന്‍സ് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണ്. ഹാഫിസ് നസീര്‍ അഹ്മദാണ് അവിടത്തെ മുഖ്യമന്ത്രി. ഈ പ്രൊവിന്‍സില്‍ മാത്രം മൂന്ന് മുനിസിപ്പല്‍ മേയര്‍മാര്‍ മുസ്‌ലിംകളാണ്.

ശ്രീലങ്കയിലെ ജനസംഖ്യ രണ്ട് കോടിയാണ്. മുസ്‌ലിംകള്‍ ഏകദേശം ഇരുപതു ലക്ഷത്തോളം വരും- 9.7 ശതമാനം. കഴിഞ്ഞ ആഗസ്റ്റില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച 225 പേരില്‍ 21 പേര്‍ മുസ്‌ലിം എം.പിമാരാണ്. ഓരോ കക്ഷിക്കും ലഭിക്കുന്ന വോട്ടിന്റെ തോതനുസരിച്ചാണ് എം.പിമാരുണ്ടാവുക.

പുതിയ 56 അംഗ മന്ത്രിസഭയിലെ നാലു കാബിനറ്റു മന്ത്രിമാരും നാലു ഡെപ്യൂട്ടി മന്ത്രിമാരും രണ്ട് സ്റ്റേറ്റ് മന്ത്രിമാരും മുസ്‌ലിംകളാണ്. 56 മന്ത്രിമാരില്‍ പത്തു പേരും മുസ്‌ലിംകളാണെന്നര്‍ഥം. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ഇതു വളരെ കൂടുതലാണ്. മുസ്‌ലിം മന്ത്രിമാരുടെ വകുപ്പുകളും മികച്ചതാണ്. വ്യവസായ-വ്യാപാര മന്ത്രി റിഷാദ് ബദീഉദ്ദീനെ നേരില്‍ കാണാനും ദീര്‍ഘമായി സംസാരിക്കാനും അവസരം ലഭിച്ചു.

ശ്രീലങ്കയില്‍ ഇരുപതിലേറെ പാര്‍ട്ടികളുണ്ട്. അവയില്‍ പ്രധാനം ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി(എസ്.എല്‍.എഫ്.പി)യും യുനൈറ്റഡ് നാഷ്‌നല്‍ പാര്‍ട്ടിയുമാണ്. എസ്.ഡബ്ലിയു.ആര്‍.ഡി ബന്ധാരനായകെയാണ് നാഷ്‌നല്‍ പാര്‍ട്ടി സ്ഥാപിച്ചത്. സ്വതന്ത്ര ശ്രീലങ്കയുടെ പ്രഥമ പ്രധാനമന്ത്രിയും അദ്ദേഹം തന്നെയാണ്. അദ്ദേഹത്തിന്റെ മരണ ശേഷം സിരിമാവോ ബണ്ഡാര നായകെ പ്രധാനമന്ത്രിയായി. പിന്നീട് മകള്‍ ചന്ദ്രികയും. നാഷ്‌നല്‍ പാര്‍ട്ടിയുടെ രൂപീകരണത്തില്‍ മുഖ്യ പങ്കുവഹിച്ച ബദീഉദ്ദീന്‍ മഹ്മൂദ് സ്വതന്ത്ര ശ്രീലങ്കയിലെ ആദ്യ വിദ്യാഭ്യാസമന്ത്രിയാണ്. ചന്ദ്രിക ഇസ്രയേല്‍ വിരുദ്ധയും ഫലസ്ത്വീന്‍ അനുകൂലിയുമായിരുന്നു. 1978-ലാണ് പ്രസിഡന്‍ഷ്യല്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയത്.

പ്രധാന മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രീലങ്കന്‍ മുസ്‌ലിം കോണ്‍ഗ്രസും പീപ്പ്ള്‍സ് കോണ്‍ഗ്രസ്സുമാണ്. നിലവിലെ പാര്‍ലമെന്റില്‍ മുസ്‌ലിം കോണ്‍ഗ്രസ്സിന് ആറു എം.പിമാരും പീപ്പ്ള്‍സ് കോണ്‍ഗ്രസിന് അഞ്ച് എം.പിമാരുമാണുള്ളത്. മുസ്‌ലിംകള്‍ പൊതുവെ പിന്തുണക്കുന്നത് നാഷ്‌നല്‍ പാര്‍ട്ടിയെയാണ്. ശ്രീലങ്കയുടെ ചരിത്രത്തിലെ ആദ്യത്തെ ബഹുകക്ഷി മന്ത്രിസഭയാണ് ഇപ്പോഴുള്ളത്.

വ്യാപാര-വ്യവസായ മന്ത്രി റിഷാദ് ബദീഉദ്ദീന്‍ ഉള്‍പ്പെടെ മുസ്‌ലിം മന്ത്രിമാരെല്ലാം മതനിഷ്ഠയുള്ളവരാണ്. പൊതുവെ ശ്രീലങ്കന്‍ മുസ്‌ലിംകള്‍ മതാനുഷ്ഠാനത്തില്‍ തൃപ്തികരമായ അവസ്ഥയിലാണ്.

തൊട്ടു മുമ്പുണ്ടായിരുന്ന രാജപക്‌ഷേയുടെ ഗവണ്‍മെന്റ് മുസ്‌ലിംവിരുദ്ധമായാണ് വിലയിരുത്തപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ 2015 ജനുവരിയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുസ്‌ലിംകള്‍ ഭരണമാറ്റത്തിന് കൂട്ടായി ശ്രമിക്കുകയും അത് വിജയിക്കുകയും ചെയ്തു. ഇപ്പോഴത്തെ പ്രസിഡന്റ് മൈത്രി പാലസിരിസേനയും പ്രധാനമന്ത്രി  റണില്‍ വിക്രം സിംഗ്‌ഹെയും മുസ്‌ലിംകളോട് വളരെ നല്ല സമീപനം സ്വീകരിക്കുന്നവരാണ്. കഴിഞ്ഞ സര്‍ക്കാറിലെ പ്രധാനമന്ത്രി ഡി.എം ജയരന്തയും രാജപക്‌ഷേയുടെ സമീപനം തന്നെയാണ് മുസ്‌ലിംകളോട് സ്വീകരിച്ചിരുന്നത്.

നിലവിലുള്ള ഭരണകൂടത്തിലെ മികച്ച പങ്കാളിത്തവും സ്വാധീനവും മുസ്‌ലിം സമൂഹത്തിന് വമ്പിച്ച ആത്മവിശ്വാസവും അഭിമാനബോധവും നല്‍കുന്നു. തങ്ങളുടെ മന്ത്രിമാര്‍ ഇസ്‌ലാമിക കാര്യങ്ങളില്‍ തല്‍പരരാണെന്നതും അവര്‍ക്ക് ആശ്വാസമേകുന്നു. ചരിത്രത്തിലൊരിക്കലും ഇവിടെ മുസ്‌ലിം എം.പിമാര്‍ അഞ്ചു ശതമാനത്തില്‍ കുറഞ്ഞിട്ടില്ല.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വംശീയവും സാമുദായികവുമായ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോഴത്തെ പ്രധാന പ്രതിപക്ഷം തമിഴ് നാഷ്‌നല്‍ അലയന്‍സാണ്. പതിനെട്ട് എം.പിമാരാണ് അലയന്‍സിനുള്ളത്. നാലഞ്ചു തമിഴ് പാര്‍ട്ടികളുടെ സഖ്യമാണിത്.

വിദ്യാഭ്യാസ രംഗം

ശ്രീലങ്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തൊണ്ണൂറ്റൊമ്പത് ശതമാനവും സര്‍ക്കാര്‍ തലത്തിലാണ്. വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമാണ്. ഹൈസ്‌കൂള്‍ തലത്തിലുള്‍പ്പെടെ ടെക്സ്റ്റ് ബുക്കുകളും യൂനിഫോമുകളും സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നു. കോളേജ് തലത്തില്‍ മിക്ക യൂനിവേഴ്‌സിറ്റികളും വിദ്യാര്‍ഥികള്‍ക്ക് മാസം തോറും അയ്യായിരം രൂപ വീതം സ്റ്റൈപന്റ് നല്‍കുന്നു.

ശ്രീലങ്കയില്‍ പതിനായിരത്തോളം സ്‌കൂളുകളാണുള്ളത്. ബുദ്ധന്മാര്‍, ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, മുസ്‌ലിംകള്‍, തമിഴര്‍, സിംഹളര്‍ തുടങ്ങിയവര്‍ക്കെല്ലാം വ്യത്യസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളാണുള്ളത്. മുസ്‌ലിംകള്‍ക്ക് 750 സ്‌കൂളുകളുണ്ട്. മറ്റുള്ളവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അപേക്ഷിച്ച് മുസ്‌ലിംകളുടേത് നിലവാരം കുറവാണ്. അതുകൊണ്ടുതന്നെ മുസ്‌ലിംകള്‍ സ്വകാര്യ മേഖലയില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ സ്ഥാപിച്ച് നടത്തിവരുന്നു. വിദ്യാഭ്യാസ രംഗത്ത് ഇവ്വിധം ശ്രദ്ധിക്കുന്നതിനാല്‍ മുസ്‌ലിംകളുടെ വിദ്യാഭ്യാസ നിലവാരം ദേശീയ നിലവാരത്തെക്കാള്‍ ഒട്ടും താഴെയല്ല.

ശ്രീലങ്ക ബുദ്ധമത രാജ്യമായിരുന്നിട്ടും മുസ്‌ലിം സ്‌കൂളുകള്‍ക്ക് റമദാനിലും പെരുന്നാളുകള്‍ക്കും മറ്റു വിശിഷ്ട ദിവസങ്ങള്‍ക്കും അവധി നല്‍കുന്നു. വെള്ളിയാഴ്ചയില്‍ സമയ ക്രമീകരണം വരുത്തിയിരിക്കുന്നു. 

ശ്രീലങ്കയില്‍ ഒമ്പത് സര്‍വകലാശാലകളുണ്ട്. എല്ലാം സര്‍ക്കാറിന്റെ കീഴിലാണ്. ഇവയില്‍ ഏറ്റവും പഴയത് 1947-ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് സ്ഥാപിച്ച പേരാധനി യൂനിവേഴ്‌സിറ്റിയാണ്. 600 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ സര്‍വകലാശാലയില്‍ ഒമ്പത് ഫാക്കല്‍റ്റിയും പന്തീരായിരം വിദ്യാര്‍ഥികളുമുണ്ട്. അറബി ഭാഷക്കും ഇസ്‌ലാമിക ചരിത്രത്തിനുമായി പ്രത്യേകം ഫാക്കല്‍റ്റിയുണ്ട്. അതിന്റെ ഡീന്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനാണ്. ശ്രീലങ്കയിലെ ഏറ്റവും പ്രശസ്തവും പഴയതുമായ ഈ യൂനിവേഴ്‌സിറ്റി അവിടത്തെ അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡീന്‍ എം.ഐ മുഹമ്മദ് മൗജൂദിന്റെ കൂടെ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. അദ്ദേഹം ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിലുള്ള ഹ്യൂമണ്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കൂടിയാണ്. ഈ യൂനിവേഴ്‌സിറ്റിയുടെ കെട്ടിടം ഉണ്ടാക്കിയത് നൂറുക്കണക്കിന് കരിങ്കല്‍ തൂണുകളിന്മേലാണ്. എല്ലാം പ്രത്യേകം കൊത്തിയുണ്ടാക്കിയ കല്ലുകളാണ്. യൂനിവേഴ്‌സിറ്റിയോടനുബന്ധിച്ച് ഹിന്ദു, മുസ്‌ലിം, ബുദ്ധ, ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ സര്‍വകലാശാലയുടെ തന്നെ ഭാഗമായുണ്ട്.

ശ്രീലങ്കയില്‍ ആറ് മെഡിക്കല്‍ കോളേജുകളുണ്ട്. എല്ലാം ഗവണ്‍മെന്റ് നടത്തുന്നവയാണ്. മുസ്‌ലിം വിദ്യാര്‍ഥികള്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് മേഖലകളാണ് കൂടുതലായും തെരഞ്ഞെടുക്കുന്നത്. അതോടൊപ്പം അന്താരാഷ്ട്ര തലത്തില്‍ നടത്തപ്പെടുന്ന ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് അക്കൗണ്ടന്‍സിയില്‍ ചേര്‍ന്ന് പഠിച്ച് പാസായി അക്കൗണ്ടന്റുമാരായി ജോലി ചെയ്യുന്നവര്‍ നിരവധിയാണ്. ഗള്‍ഫ് നാടുകളിലും പാശ്ചാത്യ രാജ്യങ്ങളിലും ജോലി ചെയ്യുന്ന ശ്രീലങ്കന്‍ മുസ്‌ലിംകളില്‍ ഏറെ പേരും അക്കൗണ്ടന്റുമാരാണ്. കമ്പ്യൂട്ടര്‍ പഠനത്തിലും നിയമ ബിരുദ വിദ്യാഭ്യാസത്തിലും മുസ്‌ലിംകള്‍ മറ്റുള്ളവരെക്കാള്‍ മുന്നിലാണ്. അതുകൊണ്ടുതന്നെ ശ്രീലങ്കന്‍ പ്രസിഡന്റിന്റെ നിയമോപദേഷ്ടാവ് വരെ മുസ്‌ലിമാണ്. വിദേശത്ത് പോയി പഠിക്കുന്നവരിലും മുസ്‌ലിംകള്‍ ആപേക്ഷികമായി വളരെ കൂടുതലാണ്. ശ്രീലങ്കക്കാര്‍ പൊതുവെ നൂറു ശതമാനം സാക്ഷരരാണ്.

മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മ

ശ്രീലങ്കയുടെ ഔദ്യോഗിക മതം ബുദ്ധമതമാണ്. ഔദ്യോഗിക ഭാഷ സിംഹളയും. രാജ്യത്തെ 72 ശതമാനം സിംഹളരും, 28 ശതമാനം തമിഴരുമാണ്. 9.7 ശതമാനം മുസ്‌ലിംകളും, 8 ശതമാനം കത്തോലിക്കരും, 18 ശതമാനം ഹിന്ദുക്കളും, ബാക്കിയുള്ളവര്‍ ബുദ്ധ മതക്കാരുമാണ്. മതം മാറ്റം നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും നേരിയ തോതില്‍ കത്തോലിക്കരും തമിഴരും ഇസ്‌ലാം സ്വീകരിക്കാറുണ്ട്.

രാഷ്ട്ര മതം ബുദ്ധ മതമാണെങ്കിലും ഏതൊരു മതേതര രാജ്യത്തെക്കാളുമേറെ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മതപരമായ കാര്യങ്ങള്‍ നിര്‍വഹിക്കാനും മതം പഠിക്കാനും പഠിപ്പിക്കാനും അനുവാദമുണ്ട്. വിവാഹം, വിവാഹ മോചനം, ബഹുഭാര്യാത്വം, അനന്തരാവകാശം പോലുള്ള വ്യക്തിനിയമങ്ങളിലെല്ലാം മുസ്‌ലിംകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. മുസ്‌ലിംകള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ അവ പരിഹരിക്കാന്‍ ഖാദിമാരുടെ കോടതികള്‍ക്ക് നിയമപരമായിത്തന്നെ അധികാരമുണ്ട്. ഇത്തരം മതപരമായ കാര്യങ്ങളിലൊന്നും ഭരണകൂടമോ കോടതികളോ ഇടപെടുകയില്ല.

മുസ്‌ലിംകള്‍ക്ക് ബഹുഭാര്യാത്വം നിയമപരമായി അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും രണ്ടാം വിവാഹം കഴിക്കുന്നവര്‍ വളരെ വിരളമാണ്. ബുദ്ധമതക്കാര്‍ക്ക് ബഹുഭാര്യാത്വം വിലക്കപ്പെട്ടിരിക്കുന്നു. അഥവാ ആരെങ്കിലും രണ്ടാം വിവാഹം കഴിക്കുകയാണെങ്കില്‍ ആദ്യ ഭാര്യ ഇസ്‌ലാം സ്വീകരിക്കണം. രണ്ടാമത്തെ ഭാര്യ മുസ്‌ലിമായിരിക്കുകയും വേണം. ഈ വ്യവസ്ഥ മാറ്റാന്‍ സുപ്രീംകോടതി താല്‍പര്യപ്പെടാറുണ്ടെങ്കിലും ഇപ്പോഴും ഈ നിയമം നിലനില്‍ക്കുന്നു.

മറ്റുള്ളവര്‍ക്കിടയിലെന്ന പോലെ മുസ്‌ലിംകള്‍ക്കിടയിലും വിവാഹമോചനം വര്‍ധിക്കുകയാണ്. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെക്കാള്‍ വിദ്യാഭ്യാസപരമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതാണ് ഇതിനു കാരണമായി പറയപ്പെടുന്നത്. ഏതായാലും ബിരുദ പഠനരംഗത്ത് 60 ശതമാനവും ബിരുദാനന്തര ബിരുദ പഠനത്തില്‍ അതിനെക്കാള്‍ കൂടുതലും പെണ്‍കുട്ടികളാണ്.

എല്ലാ വിശേഷ ദിവസങ്ങളിലും ഗവണ്‍മെന്റ് റേഡിയോയിലും ചാനലിലും മുസ്‌ലികള്‍ക്ക് പ്രത്യേകം പരിപാടികള്‍ നടത്താന്‍ അനുവാദം നല്‍കപ്പെടാറുണ്ട്. പത്രങ്ങള്‍ നടത്തുന്നതിന് നിയന്ത്രണങ്ങളൊന്നുമില്ല.

ശ്രീലങ്കയിലെ പ്രധാന നഗരങ്ങളിലെല്ലാം പള്ളികളുണ്ട്. പള്ളി നിര്‍മാണത്തില്‍ നിയമ തടസ്സമൊന്നുമില്ല. കൊളംബോ പട്ടണത്തില്‍ മാത്രം അമ്പതിലേറെ പള്ളികളുണ്ട്. ശ്രീലങ്കയില്‍ ജമാഅത്തെ ഇസ്‌ലാമിയെ കൂടാതെ തബ്‌ലീഗ് ജമാഅത്ത്, ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ ഭാഗമായുള്ള ജമാഅത്തുസ്സലാമ, ശാദുലിയ, ഖാദ്‌രിയ്യ, നഖ്ശബന്തിയ തുടങ്ങിയ വിവിധ ത്വരീഖത്തുകള്‍, പത്തോളം സലഫി ഗ്രൂപ്പുകള്‍ എന്നിങ്ങനെ നിരവധി സംഘടനകള്‍ പ്രവര്‍ത്തിച്ചുവരുന്നു. അന്‍സാറുസ്സുന്നയും ശ്രീലങ്കന്‍ തൗഹീദ് പാര്‍ട്ടിയുമാണ് പ്രമുഖ സലഫി സംഘടനകള്‍. എന്നാല്‍ അന്‍സാറുസ്സുന്ന തന്നെ മൂന്നോ നാലോ ഗ്രൂപ്പുകളായി മാറിയിട്ടുണ്ട്. വളരെ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയും ജമാഅത്തുസ്സലാമയും തബ്‌ലീഗ് ജമാഅത്തുമാണ്. ഇവയില്‍ തന്നെ അംഗസംഖ്യ കൊണ്ട് ശക്തം തബ്‌ലീഗ് ജമാഅത്താണ്. എന്നാല്‍ ആ സംഘടനയില്‍ യുവാക്കള്‍ കുറവാണ്.

തീവ്ര സലഫി ഗ്രൂപ്പുകളൊഴിച്ചുള്ള മുസ്‌ലിം സംഘടനകളെല്ലാം പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. 18 മുസ്‌ലിം സംഘടനകള്‍ ചേര്‍ന്നുള്ള നാഷ്‌നല്‍ ശൂറാ കൗണ്‍സില്‍ മുസ്‌ലിം സമുദായം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനങ്ങളെടുക്കുകയും സമുദായ പുരോഗതിക്കാവശ്യമായ പരിപാടികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നു. ഇതര സമൂഹങ്ങളുമായി സഹവര്‍ത്തിക്കേണ്ടത് എങ്ങനെയെന്ന കാര്യത്തില്‍ നാഷ്‌നല്‍ ശൂറാ മാര്‍ഗദര്‍ശനം നല്‍കുന്നു. നാഷ്‌നല്‍ ശൂറാ കൗണ്‍സില്‍ പ്രസിഡന്റ് താരീഖ് മഹ്മൂദ് ആണ്. എല്ലാ മാസവും ഒത്തുകൂടുന്ന ഈ പൊതു വേദി ഒരു ന്യൂസ് ബുള്ളറ്റിന്‍ നടത്തുന്നു. സ്വന്തമായി വെബ് സൈറ്റുണ്ട്. പ്രമുഖരായ അമുസ്‌ലിംകളെ പങ്കെടുപ്പിച്ച് പൊതു പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കാറുമുണ്ട്. അതോടൊപ്പ എം.പിമാരെ മാസാന്ത യോഗത്തിലേക്ക് ക്ഷണിച്ചുവരുത്തി പാര്‍ലമെന്റില്‍ അവതരിപ്പിക്കേണ്ട മുഖ്യ പ്രശ്‌നങ്ങള്‍ അവരുടെ ശ്രദ്ധയില്‍ പെടുത്തുന്നു. ഈ കൂട്ടായ്മയാണ് ശ്രീലങ്കന്‍ മുസ്‌ലിംകളുടെ ശാക്തീകരണത്തില്‍ പ്രധാന പങ്കുവഹിക്കുന്നത്. ചിലപ്പോള്‍ മാസത്തില്‍ രണ്ടു തവണയും ഒത്തുകൂടാറുള്ള ഈ പൊതുവേദി രൂപം കൊണ്ടത് 2011-ലാണ്. ഇതിന്റെ യോഗങ്ങളില്‍ മുസ്‌ലിം മന്ത്രിമാരും പങ്കെടുക്കാറുണ്ട്.

1924 മുതല്‍ക്കുതന്നെ ശ്രീലങ്കയില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചുവരുന്ന മുസ്‌ലിം പണ്ഡിത കൂട്ടായ്മയുണ്ട്. എല്ലാ മത സംഘടനകളിലെയും പണ്ഡിതന്മാരെ ഒരുമിച്ചു കൂട്ടുന്ന ഈ വേദി ഓള്‍ സിലോണ്‍ ജംഇയ്യത്തുല്‍ ഉലമയാണ്. ഓള്‍ സിലോണ്‍ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ശൈഖ് മുഫ്തി റിസ്‌വി ആണ്. ഗവണ്‍മെന്റിന്റെ മുന്നില്‍ മുസ്‌ലിം പ്രശ്‌നങ്ങള്‍ കൊണ്ടുവരുന്നതില്‍ ജംഇയ്യത്തുല്‍ ഉലമായും ചെറുതല്ലാത്ത പങ്കുവഹിക്കുന്നു. ഇതിന്റെ വൈസ് പ്രസിഡന്റ് ജമാഅത്തെ ഇസ്‌ലാമിയുടെ ഡെപ്യൂട്ടി അമീറും ശ്രീലങ്കയിലെ പ്രമുഖ ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനമായ ജാമിഅ നളീമിയ്യയുടെ വൈസ് ചെയര്‍മാനുമായ ആഗാര്‍ മുഹമ്മദാണ്. ശ്രീലങ്കന്‍ മുസ്‌ലിംകളുടെ ഈ രണ്ട് കൂട്ടായ്മകളും ലോകമെങ്ങുമുള്ള മുസ്‌ലിംകള്‍ക്ക് പൊതുവിലും മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകിച്ചും മാതൃകയാക്കാവുന്നവയാണ്. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /24-26
എ.വൈ.ആര്‍