Prabodhanm Weekly

Pages

Search

2015 നവംബര്‍ 20

പാഠം ഒന്ന്: മഴുവും മരവും

ഡോ. ജാസിമുല്‍ മുത്വവ്വ /കുടുംബം

         നബി(സ)യുമായി ബന്ധപ്പെട്ട ഒരു സംഭവം എന്റെ പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു. നബി(സ) സ്വീകരിച്ച പ്രത്യേക ശിക്ഷണ-പരിശീലന രീതിയാണ് ആ സംഭവത്തിന്റെ സവിശേഷത. തൊഴിലില്ലാതെ നടന്ന ഒരു സ്വഹാബി സാമ്പത്തിക സഹായം തേടി പ്രവാചകനെ സമീപിച്ചതാണ്. തന്റെ കഴിവും നൈപുണിയും കണ്ടെത്തി സ്വയം പര്യാപ്തത കൈവരിക്കാന്‍ ആ സ്വഹാബിവര്യനെ നബി(സ) പഠിപ്പിച്ചു, പരിശീലിപ്പിച്ചു. അയാളുടെ ജീവിതാവശ്യങ്ങള്‍ക്കുള്ള വിഭവങ്ങള്‍ സ്വയംതൊഴിലിലൂടെ കണ്ടെത്താന്‍ പ്രേരിപ്പിച്ച നബി(സ) അയാളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തനാക്കി. പതിനഞ്ച് ദിവസം നീണ്ട പരിശീലനത്തിന്റെ ഘട്ടങ്ങളില്‍ നബി(സ)യുടെ മേല്‍നോട്ടവും നിര്‍ദേശങ്ങളും ഞാന്‍ അപഗ്രഥിച്ചു. അവയെല്ലാം അക്ഷരംപ്രതി ചെവിക്കൊണ്ടു നടപ്പിലാക്കിയത് കൊണ്ട് അയാള്‍ക്കുണ്ടായ നേട്ടത്തിലും വിജയത്തിലും നബി(സ) ആഹ്ലാദിച്ചു. 

സംഭവത്തിന്റെ വിശദീകരണം നല്‍കുന്നത് നബി(സ)യുടെ പരിചാരകനും സന്തത സഹചാരിയുമായ അനസുബ്‌നു മാലിക്(റ). അന്‍സ്വാറുകളില്‍ പെട്ട ദരിദ്രനായ ഒരാള്‍ നബി(സ)യുടെ അടുത്ത് സഹായം ചോദിച്ചുവന്നു. നബി(സ) അയാളോട്: ''നിങ്ങളുടെ വീട്ടില്‍ ഒന്നുമില്ലേ?''

അയാള്‍: ''റസൂലേ, ഉണ്ട്. ഉടുക്കാനും വിരിക്കാനും ഉപയോഗിക്കുന്ന തുകല്‍ പായ. വെള്ളം കുടിക്കുന്ന ഒരു പാത്രവും.''

നബി(സ): ''അവ രണ്ടും ഇവിടെ കൊണ്ടു വരൂ.''

അയാള്‍ അവ കൊണ്ടുവന്നപ്പോള്‍ പായയും പാത്രവും കൈകളിലേന്തി റസൂല്‍: ''ഇവ രണ്ടും ആരാണ് വാങ്ങുക?''

''റസൂലേ, അവ ഒരു ദിര്‍ഹമിന് ഞാന്‍ വാങ്ങിക്കൊള്ളാം.''

നബി(സ): ''ഒരു ദിര്‍ഹമില്‍ കൂടുതല്‍ തരാന്‍ ആരെങ്കിലുമുണ്ടോ?'' രണ്ടോ മൂന്നോ വട്ടം ചോദ്യം ആവര്‍ത്തിച്ചത് കേട്ട മറ്റൊരാള്‍: ''റസൂലേ! ഞാനവ രണ്ട് ദിര്‍ഹമിന് വാങ്ങിക്കൊള്ളാം.''

രണ്ടു ദിര്‍ഹമും അന്‍സ്വാരിയുടെ കൈയില്‍ കൊടുത്ത് റസൂല്‍(സ): ''ഇതില്‍ ഒരു ദിര്‍ഹം കൊണ്ട് ആഹാര സാധനങ്ങള്‍ വാങ്ങി കുടുംബത്തിന് നല്‍കുക. മറ്റേ ദിര്‍ഹം കൊടുത്ത് ഒരു മഴു വാങ്ങി അതുമായി എന്റെ അടുത്ത് വരിക.''

മഴുവുമായി അയാള്‍ എത്തി. നബി(സ) തന്നെ അതിന് മരത്തിന്റെ പിടിയിട്ടുകൊടുത്തിട്ട് അയാളോട്: ''നീ പോയി ഈ മഴു കൊണ്ട് വിറക് വെട്ടി വില്‍ക്കുക. പതിനഞ്ച് ദിവസത്തേക്ക് നിന്നെ ഞാന്‍ ഇവിടെ കാണരുത്.''

വിറക് വെട്ടി വില്‍പന നടത്തി രണ്ടാഴ്ച കഴിഞ്ഞെത്തിയ അയാളുടെ കൈയില്‍ പത്ത് ദിര്‍ഹമുണ്ടായിരുന്നു. അയാള്‍ അത് കൊണ്ട് വസ്ത്രവും ആഹാരവുമൊക്കെ വാങ്ങി. നബി(സ) അയാളോട്: ''അന്ത്യനാളില്‍ യാചനയുടെ അടയാളമായി മുഖത്തൊരു കറുത്ത പുള്ളിയുമായി പ്രത്യക്ഷപ്പെടുന്നതിനേക്കാള്‍ നല്ലതല്ലേ ഇത്?''

പതിനഞ്ച് ദിവസം നീണ്ട ഈ പരിശീലന പരിപാടിയെക്കുറിച്ച് ആഴത്തില്‍ ആലോചിച്ചാല്‍ ആ സ്വഹാബിയില്‍ ഉണ്ടായിരുന്ന ഏഴ് ശീലങ്ങളെയാണ് നബി(സ) മാറ്റിയെടുത്തതെന്ന് കാണാം. സ്വന്തത്തെ ആശ്രയിക്കുന്നതും പരസഹായം തേടുന്നതും തമ്മിലെ വ്യത്യാസം അയാളെ ബോധ്യപ്പെടുത്തി. മറ്റുള്ളവരുടെ പടിവാതില്‍ക്കല്‍ ചെല്ലാതെ സ്വന്തത്തെ ആശ്രയിച്ച് ജീവിക്കാന്‍ അയാളെ പഠിപ്പിച്ചു. സമ്പത്തിനെക്കുറിച്ച സങ്കല്‍പം മാറ്റി. സമ്പത്തെന്നാല്‍ പണം ആവണമെന്നില്ല, വസ്തുക്കളും ആവാമെന്ന തിരിച്ചറിവുണ്ടാക്കി. തൊഴിലില്ലാതെ ജീവിക്കുന്ന അവസ്ഥക്ക് പകരം തൊഴിലെടുത്ത് ജീവിക്കുന്നതാണ് അന്തസ്സെന്ന് ഉണര്‍ത്തി. പ്രയോജനമൊന്നുമില്ലാതെ വീടിന്റെ മൂലയില്‍ ഇട്ട പഴയ സാധനങ്ങള്‍ വിറ്റ് കാശാക്കി ഉപകാരപ്രദമായ തുറകളില്‍ ചെലവഴിക്കാമെന്ന് പഠിപ്പിച്ചു കൊടുത്തു. ജീവിതത്തിന് ഒരു ലക്ഷ്യം വേണമെന്നും സമയബന്ധിതമായി അത് നടപ്പിലാക്കാനുള്ള ആസൂത്രണ വൈഭവത്തിലാണ് വിജയമെന്നും ബോധ്യപ്പെടുത്തി. പതിനഞ്ച് ദിവസം നിര്‍ദേശിച്ചു കൊടുത്തത് ഇത് മനസ്സില്‍ വെച്ചാണ്. താന്‍ ദുര്‍ബലനും കഴിവുകെട്ടവനുമാണെന്ന അപകര്‍ഷബോധം അയാളില്‍ നിന്ന് പറിച്ചെറിഞ്ഞ് അയാളില്‍ അന്തര്‍ലീനമായ കഴിവുകളും നൈപുണിയും മനസ്സിലാക്കി കൊടുത്തു. താന്‍ മറ്റുള്ളവരെ ആശ്രയിച്ച് കാലം കഴിക്കേണ്ടവനല്ലെന്നും സ്വന്തം കാലില്‍ നില്‍പ്പുറപ്പിച്ച് ജീവിച്ചു മുന്നേറേണ്ടവനാണെന്നുമുള്ള ചിന്തയും ഉല്‍ക്കര്‍ഷബോധവും അയാളില്‍ അങ്കുരിപ്പിച്ചു. തന്റെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഉന്നമനത്തിന് ഉപയോഗപ്പെടുത്തേണ്ടതാണ് തന്റെ കഴിവുകളും സിദ്ധികളുമെന്ന പുതിയ പാഠം അയാള്‍ പഠിച്ചു. ആഹാരത്തെക്കുറിച്ചുള്ള അയാളുടെ കാഴ്ചപ്പാട് മാറ്റി. അന്നദാതാവ് അല്ലാഹുവാണെന്നും, ഓരോ വ്യക്തിക്കും ജീവിക്കാനാവശ്യമായ വിഭവങ്ങള്‍ അവന്‍ തന്നരുളുന്നുണ്ടെന്നും അനുഭവത്തിലൂടെ അറിയാന്‍ അയാള്‍ക്ക് സാധിച്ചു. പക്ഷേ, അധികമാളുകളും തങ്ങളുടെ കഴിവുകള്‍ ഉപയോഗപ്പെടുത്താതെ മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്.

നബി(സ) അയാള്‍ക്കൊരു ഉപദേശം ചൊല്ലിക്കൊടുക്കുകയായിരുന്നില്ല. തൊഴില്‍ പരിശീലനശാലയില്‍ പ്രവേശിച്ചു തൊഴില്‍ വൈദഗ്ധ്യം ഉണ്ടാക്കി കൊടുക്കുകയായിരുന്നു. അതുമൂലം അന്തസ്സായി ജീവിതം പുലര്‍ത്താന്‍ അയാള്‍ക്കും കുടുംബത്തിനുമായി. സമൂഹത്തിന് ആകമാനം അതിന്റെ പ്രയോജനവും ലഭിച്ചു. മാനവ വിഭവശേഷിയല്ലാതെ ഒന്നും കൈവശമില്ലാതിരുന്ന കൊറിയയും ചെയ്തത് അതാണ്. ആദ്യമാദ്യം മറ്റു രാജ്യങ്ങളുടെ ഉല്‍പന്നങ്ങള്‍ അനുകരിച്ചാണെങ്കിലും വ്യവസായ രംഗത്ത് മുന്നേറിയ ആ രാജ്യം ഇന്ന് വ്യാവസായികോപകരണങ്ങളുടെ ഉല്‍പാദന മേഖലയില്‍ ഒന്നാം നിരയില്‍ എത്തി നില്‍ക്കുന്നു. നബി(സ)യുടെ നിര്‍ദേശം നമ്മുടെ വീട്ടിലും നാട്ടിലും പ്രാവര്‍ത്തികമാക്കിയിരുന്നെങ്കില്‍ എന്ന് വെറുതെ മോഹിച്ചുപോകുന്നു; വെറുതെ ഒരു മോഹം. 

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /24-26
എ.വൈ.ആര്‍