തദ്ദേശ തെരഞ്ഞെടുപ്പ് ജയപരാജയങ്ങളെ വകതിരിക്കുമ്പോള്‍
കേരളത്തിലെ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളിലേക്കും കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റികളിലേക്കുമുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ സെമി ഫൈനല്‍ പൂര്‍ത്തിയായി. ഇനി ഫൈനല്‍ മത്സരത്തിനു വേണ്ടി അഥവാ നിയമസഭാ ഇലക്ഷനുവേണ്ടി രാഷ്ട്രീയ കേരളം തയാറെടുക്കുകയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുഖ്യമന്ത്രി പറഞ്ഞ പോലെ ഭരണത്തെ വിലയിരുത്തി അഭിപ്രായം പറയാനുള്ള കേരളീയന്റെ അവസരമായി കാണുകയാണെങ്കില്‍ യു.ഡി.എഫ് ഭരണത്തിന് പാസ്മാര്‍ക്ക് കേരളം നല്‍കിയിട്ടില്ല എന്നാണ് നമുക്ക് വിലയിരുത്താനാവുക. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സൂചനയായി എല്‍.ഡി.എഫ് ഇതിനെ മനസ്സിലാക്കുമ്പോള്‍ അവര്‍ക്ക് അല്‍പം ആശ്വാസം തോന്നുന്നുണ്ടാകും. ഏറെക്കാലത്തിനിടക്ക് പിണറായി - വി.എസ് ചക്കളത്തിപ്പോര് ഉയര്‍ന്നുവരാത്ത തെരഞ്ഞെടുപ്പായിരുന്നല്ലോ ഇത്. ഇതിനകം കേരളത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ലോക്‌സഭ ഇലക്ഷനിലുമൊക്കെ ഈ പോരിന്റെ അലയൊലികള്‍ ദൃശ്യമായിരുന്നു.
2005-ലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 700 ഓളം പഞ്ചായത്തുകളും യു.ഡി.എഫ് 270 പഞ്ചായത്തുകളുമാണ് ഭരിച്ചത്. ഒരു പരിധിയോളം ഗ്രാമപഞ്ചായത്തുകളുടെ സാരഥ്യം ഇടത് കൈകളിലായിരുന്നു എന്ന വിലയിരുത്തലും മുമ്പ് ഉണ്ടായിരുന്നു. എന്നാല്‍ 2010-ല്‍ ആ അവസ്ഥക്ക് മാറ്റം വന്നു. യു.ഡി.എഫ് 579 പഞ്ചായത്തുകളിലും എല്‍.ഡി.എഫ് 386 പഞ്ചായത്തുകളിലും ഭരണ സാരഥ്യമേറ്റു. അന്നത്തെ എല്‍.ഡി.എഫ് ഭരണത്തിനെതിരായ ജനകീയ വിധിയെഴുത്തായാണത് വിലയിരുത്തപ്പെട്ടത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ 941 പഞ്ചായത്തുകളില്‍ 551 എല്‍.ഡി.എഫിനും 362 യു.ഡി.എഫിനും എന്ന നിലയിലേക്ക് മാറി. 152 ബ്ലോക് പഞ്ചായത്തുകളില്‍ 89 എല്‍.ഡി.എഫും 62 യു.ഡി.എഫും നേടി. മുനിസിപ്പാലിറ്റികളില്‍ 44 എല്‍.ഡി.എഫിനും 41 യു.ഡി.എഫിനും ഒന്ന് ബി.ജെ.പിക്കുമാണ്.
ജില്ലാ പഞ്ചായത്തുകളില്‍ ഏഴില്‍ എല്‍.ഡി.എഫും ആറില്‍ യു.ഡി.എഫും ജയിച്ചു. കാസര്‍കോട് ആര്‍ക്കും ഭൂരിപക്ഷമില്ല. കോഴിക്കോട്, കൊല്ലം കോര്‍പ്പറേഷനുകള്‍ എല്‍.ഡി.എഫ് ഉം കൊച്ചി യു.ഡി.എഫും നേടി. തൃശൂരും തിരുവനന്തപുരവും എല്‍.ഡി.എഫ് ഭരിക്കാനാണ് സാധ്യത. കണ്ണൂര്‍ 27 വീതം എല്‍.ഡി.എഫും യു.ഡി.എഫും നേടിയപ്പോള്‍ വിമതനെയും കൂട്ടി യു.ഡി.എഫ് ഭരിക്കാനാണ് സാധ്യത. ഭരിക്കുന്ന കക്ഷികളുടെ നയങ്ങളോടുള്ള തങ്ങളുടെ പ്രതികരണം അറിയിക്കാനുള്ള അവസരമായി ജനം പോളിംഗിനെ ഉപയോഗപ്പെടുത്തും എന്നത് വസ്തുതയാണ്. കാരണം ഇരു മുന്നണികളും കേരളത്തില്‍ ഭരണത്തിലെത്തുമ്പോള്‍ പലപ്പോഴും കടുത്ത ജനവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കാറുണ്ട്. ഭരണം സമം ജനവിരുദ്ധത എന്ന സമവാക്യം വരെ കേരളത്തില്‍ ശരിയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഈ തെരഞ്ഞെടുപ്പില്‍ ഗ്രാമ വികസനവും സാധാരണക്കാരന്റെ ജീവിത പ്രശ്‌നങ്ങളും ചര്‍ച്ചയാകുന്നതിന് പകരം ദേശീയ രാഷ്ട്രീയവും കേരളത്തിലെ യു.ഡി.എഫ് ഭരണവും ചര്‍ച്ചയായി എന്നത് ശ്രദ്ധേയമാണ്. ബി.ജെ.പി- എസ്.എന്‍.ഡി.പി കൂട്ടുകെട്ടിനെതിരെ പ്രത്യേകമായും, ഇന്ത്യന്‍ ഗ്രാമതലങ്ങളില്‍ വരെ വിഭാഗീയതയുടെ വിഷ വിത്ത് പാകി മുളപ്പിക്കാനുള്ള സംഘ്പരിവാര്‍ ശ്രമങ്ങള്‍ക്കെതിരെ പൊതുവായും എല്‍.ഡി.എഫ് നടത്തിയ കടന്നാക്രമണങ്ങളാണ് രംഗം കൊഴുപ്പിച്ചത്. മോദി അധികാരത്തില്‍ വന്നതു മുതല്‍ കേരളത്തെ പ്രത്യേകം നോട്ടമിട്ട് അമിത്ഷാ രംഗത്തുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ഷന്‍ മുന്നില്‍ കണ്ടുതന്നെ അമിത്ഷാ രണ്ട് തവണ കേരളം സന്ദര്‍ശിച്ചു. വെള്ളാപ്പള്ളി നടേശനെ പോലുള്ളവരെ ദല്‍ഹിയില്‍ കൊണ്ടുപോയി ബി.ജെ.പിയുടെ ആലയില്‍ കെട്ടാന്‍ കൊണ്ടുപിടിച്ച ശ്രമമാണ് കേരള ഘടകം നടത്തിയത്. മാട്ടിറച്ചി നിരോധനം, ദലിത് പീഡനം, നരേന്ദ്ര മോദിയുടെ ന്യൂനപക്ഷ - ദലിത് വിരുദ്ധത തുടങ്ങി എല്‍.ഡി.എഫ് ഉയര്‍ത്തിപ്പിടിച്ച ഒട്ടനവധി വിഷയങ്ങള്‍ അവരുടെ മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. ഈഴവ ജനവിഭാഗത്തെ ബി.ജെ.പി അനുകൂലികളാക്കി മാറ്റാന്‍ വെള്ളാപ്പള്ളി നടേശന് കഴിയുമെന്ന വ്യാമോഹത്തെയാണ് സി.പി.എമ്മിന്റെ പ്രചാരണ തന്ത്രം തല്ലിക്കെടുത്തിയത്. ഈഴവ വിഭാഗം വെള്ളാപ്പള്ളി നടേശന്റെ തറവാട് സ്വത്തല്ല എന്ന് തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് ഫലത്തിന് കഴിഞ്ഞു. എല്‍.ഡി.എഫ് ആകെ 7551 വാര്‍ഡുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ യു.ഡി.എഫ് 6270 കേന്ദ്രങ്ങളിലാണ് ജയിച്ചുവന്നത്.
ബി.ജെ.പിയുടെ വളര്‍ച്ച ഉയര്‍ത്തുന്ന ആശങ്ക
പ്രതീക്ഷിച്ച വലിയ അനുകൂല മുന്നേറ്റം ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും 2010-ലേതിനേക്കാള്‍ വളര്‍ച്ച നേടാന്‍ അവര്‍ക്ക് സാധ്യമായിട്ടുണ്ട്. 2010-ല്‍ 341 ഇടങ്ങളില്‍ നേടിയ വിജയം 933 ഇടങ്ങളിലാക്കി ഉയര്‍ത്താന്‍ ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും സാധിച്ചു. 14 ഗ്രാമ പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും ഭരിക്കാനും ബി.ജെ.പിക്ക് സാധിക്കും. 7 മുനിസിപ്പാലിറ്റികളില്‍ രണ്ടാം സ്ഥാനവുമുണ്ട്. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയും ബി.ജെ.പിയാണ്. 2010-ല്‍ 79 മുനിസിപ്പാലിറ്റി വാര്‍ഡുകള്‍ ഉണ്ടായിരുന്ന ബി.ജെ.പി 236 കൗണ്‍സിലര്‍മാരെ വിജയിപ്പിച്ചെടുത്തു. ബ്ലോക് ഡിവിഷനുകളില്‍ 2010-ല്‍ ഉണ്ടായിരുന്ന 7 സ്ഥാനങ്ങള്‍ 21 ആയി വര്‍ധിപ്പിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു. കോര്‍പ്പറേഷന്‍ ഡിവിഷനുകളില്‍ 51 എണ്ണം ബി.ജെ.പിക്ക് ലഭിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രണ്ടാം കക്ഷിയും ബി.ജെ.പിയാണ്. കേരളത്തില്‍ ഉത്തരേന്ത്യന്‍ മോഡല്‍ വിദ്വേഷ രാഷ്ട്രീയത്തിന്റെ വിഷ വിത്ത് പാകാന്‍ ശ്രമിച്ച പ്രദേശങ്ങളാണ് താനൂര്‍, കൊടുങ്ങല്ലൂര്‍, ബേപ്പൂര്‍ എന്നിവ. ഇവിടങ്ങളില്‍ പ്രാദേശികമായ പല പ്രശ്‌നങ്ങളിലും സംഘ് നടപടികള്‍ വലിയ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ചിട്ടുണ്ട്. ചെറിയ രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ഇവിടങ്ങളില്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്. ബി.ജെ.പിയുടെ മുന്നേറ്റം ഏറ്റവുമധികം പ്രതിസന്ധിയിലാക്കിയത് യു.ഡി.എഫിനെയാണ് എന്നത് കൃത്യമായ ദിശാ സൂചനയാണ്. എല്‍.ഡി.എഫ് വോട്ട് ബാങ്കിലും ചെറിയ അളവില്‍ അവര്‍ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്. ബി.ജെ.പി ജയിച്ച പലയിടങ്ങളിലും യു.ഡി.എഫ് ഏറെ പിറകില്‍ പോയി എന്നത് ഗൗരവപ്പെട്ട വിഷയമാണ്. ഉദാഹരണത്തിന്, തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 54 ഡിവിഷനുകളില്‍ യു.ഡി.എഫ് മൂന്നാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തുള്ളവരില്‍ 47 പേരും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുമാണ്.
അരുവിക്കരയില്‍ നിന്ന് വ്യത്യസ്തമായി ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താന്‍ എല്‍.ഡി.എഫിന് സാധിച്ചു എന്നതിനാലാകാം ബി.ജെ.പിയുടെ വിജയം ഇടതു പക്ഷത്തെ വല്ലാതെ ബാധിക്കാതിരുന്നത്. വളരെ കരുത്തോടെ അവര്‍ നടത്തിയ ഫാഷിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളും അതിജീവനത്തിന് സഹായകമായിട്ടുണ്ട്. എങ്കിലും ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം മുന്‍നിര്‍ത്തി മതേതര വിശാല സഖ്യം രൂപപ്പെടുത്താന്‍ കേരളത്തിന് സാധ്യമായിട്ടില്ലെങ്കില്‍ സമീപ ഭാവിയിലല്ലെങ്കിലും ബി.ജെ.പി ഫാക്ടര്‍ കേരളത്തിന്റെ മതേതര രാഷ്ട്രീയത്തിന് ഭീഷണിയുയര്‍ത്തും. നേരത്തെ വോട്ട് വില്‍പനയില്‍ പേരെടുത്ത ബി.ജെ.പിക്ക് പുതിയ മോദി-അമിത്ഷാ കോര്‍പ്പറേറ്റ് കാലത്ത് കാശ് ആവശ്യമില്ല. പകരം സീറ്റുകളാണ് വേണ്ടത്. അത്തരം രഹസ്യ നീക്കങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ നടന്നിട്ടുണ്ട് എന്ന് ന്യായമായും സംശയിക്കാവുന്ന വോട്ട് ചോര്‍ച്ച കേരളത്തിലെ പല വാര്‍ഡുകളിലും ഉണ്ടായിട്ടുണ്ട്. ചോര്‍ന്നത് മുഖ്യമായും യു.ഡി.എഫിന്റെ വോട്ടുകളും. ഇത് തീക്കൊള്ളി കൊണ്ട് തല ചൊറിയലാണെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കുന്നത് നന്ന്.
പുതുപാര്‍ട്ടികളും തെരഞ്ഞെടുപ്പും
ഈ തെരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധേയമായത് കേരളത്തിലെ പുതുപാര്‍ട്ടികളുടെ മുന്നേറ്റമാണ്. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ എന്നിവക്ക് അവരുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ സാധ്യമായിട്ടുണ്ട്. ആര്‍.എം.പി, പി.ഡി.പി കക്ഷികള്‍ക്ക് അവരുടെ സ്വാധീന മേഖലയില്‍ നേട്ടമുണ്ടാക്കി. ഐ.എന്‍.എല്‍, എല്‍.ഡി.എഫ് സഹകരണത്തോടെ അവരുടെ ശക്തികേന്ദ്രങ്ങളില്‍ വിജയിച്ചു. ഇടതുപക്ഷം വേണ്ടവിധം പരിഗണന ഐ.എന്‍.എല്ലിന് നല്‍കിയിരുന്നുവെങ്കില്‍ ഇതിനേക്കാള്‍ ഉയര്‍ന്ന വിജയം നേടാന്‍ ആ പാര്‍ട്ടിക്ക് കഴിയുമായിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയും ഭൂസമരം ഉള്‍പ്പെടെയുള്ള സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തും കഴിഞ്ഞ നാലു വര്‍ഷം കേരളത്തില്‍ നടത്തിയ സമര പോരാട്ടങ്ങളുടെ വിജയം കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം. 42 സീറ്റുകളിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. പാര്‍ട്ടിയുടെ പിന്തുണയോടെ വിജയിച്ചവര്‍ ഇതിന് പുറമെയാണ്. പ്രാദേശികമായി ഉയര്‍ന്നുവന്ന അഴിമതി മുക്ത, ജനപക്ഷ വികസന മുന്നേറ്റങ്ങൡ പങ്ക് വഹിച്ചു കൊണ്ടാണ് ഈ മുന്നേറ്റം വെല്‍ഫെയര്‍ പാര്‍ട്ടി സാധ്യമാക്കിയത്.
ജനകീയ സമര പ്രവര്‍ത്തകര്‍ മത്സരിച്ചിടങ്ങളില്‍ അവര്‍ക്ക് പിന്തുണ കൊടുക്കുകയാണ് വെല്‍ഫെയര്‍ പാര്‍ട്ടി ചെയ്തത്. ഫാഷിസ്റ്റ് ശക്തികള്‍ ജയിച്ചുവരാന്‍ സാധ്യതയുള്ളിടങ്ങളില്‍ തൊട്ടടുത്ത വിജയ സാധ്യതയുള്ള മതേതര സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതിനാവശ്യമായ നിലപാടുമാണ് വെല്‍ഫെയര്‍ പാര്‍ട്ടി സ്വീകരിച്ചത്. രാജ്യം പൊതുവില്‍ നേരിടുന്ന ഭീതിയിലധിഷ്ഠിതമായ ഫാഷിസ്റ്റ് ഭരണത്തിനെതിരായ പ്രചാരണങ്ങള്‍ കേരളത്തില്‍ ശക്തിപ്പെടുത്താന്‍ പാര്‍ട്ടിക്ക് സാധിച്ചു. രാജ്യത്തിന്റെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തില്‍ ജനപക്ഷ വികസനത്തിലൂന്നിയ വിശാലമായ ബദല്‍ രാഷ്ട്രീയ ചേരിയെ ശക്തിപ്പെടുത്താന്‍ സഹായകമാകുംവിധമുള്ള സമീപനമാണ് ഈ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്വീകരിച്ചത്. കേരളീയ സമൂഹം ഈ മുന്നേറ്റത്തിന് വര്‍ധിത സ്വീകാര്യതയാണ് നല്‍കിയത് എന്ന് ഫലം സൂചിപ്പിക്കുകയും ചെയ്യുന്നു. സംവരണ സീറ്റുകളിലും അല്ലാതെയും പിന്നാക്ക ജനവിഭാഗങ്ങളുടെയും ആദിവാസി സമൂഹത്തിന്റെയും പ്രതിനിധികള്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഈ ജനവിഭാഗത്തിന്റെ പുരോഗതിക്കും, ഇവര്‍ തിങ്ങി താമസിക്കുന്ന പ്രദേശങ്ങളുടെ പുരോഗതിക്കും വേണ്ടിയുള്ള സമീപനങ്ങള്‍ പ്രത്യേകമായി രൂപപ്പെടേണ്ടത് അനിവാര്യമാണ്.
എന്നാല്‍ രാജ്യത്തുടനീളം വലിയ പ്രതീക്ഷ നല്‍കി ദല്‍ഹിയില്‍ തുടക്കം കുറിച്ച ആം ആദ്മി പാര്‍ട്ടിക്ക് കേരളത്തില്‍ പ്രത്യേകിച്ച് ഒന്നും നേടാനായില്ല. പ്രമുഖ ആക്ടിവിസ്റ്റുകള്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയായിട്ടും ഈ തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് കേരളത്തില്‍ ഒരു മുന്നേറ്റം അവര്‍ക്ക് സാധ്യമായില്ല എന്നത് വിശകലനമര്‍ഹിക്കുന്നു. അധികാര മോഹവും പ്രാദേശിക വഴക്കുകളും ജന്മം നല്‍കുന്ന, 'വിമതര്‍' എന്ന് പേര്‍ വിളിക്കപ്പെടുന്ന നിരവധി സ്ഥാനാര്‍ഥികള്‍ ഇടത്, വലത് മുന്നണികളെ വെള്ളം കുടിപ്പിച്ച് വിജയ രഥത്തിലേറിയിട്ടുണ്ട് എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത. എറണാകുളം കിഴക്കമ്പലത്ത് രൂപപ്പെട്ട കോര്‍പ്പറേറ്റ് അരാഷ്ട്രീയ മുന്നേറ്റം ട്വന്റി ട്വന്റി നേടിയ വിജയം മറ്റൊരു സൂചനയാണ്. 19-ല്‍ 17-ഉം ഈ കോര്‍പ്പറേറ്റ് സ്‌പോണ്‍സേര്‍ഡ് ടീം നേടി. ഈ കൂട്ടായ്മയുടെ ബീജാവാപം നടന്നത് കിറ്റക്‌സ് കമ്പനിയുടെ മലിനീകരണത്തിന്റെയും അതിനെതിരായി രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ സമരത്തിന്റെയും പശ്ചാത്തലത്തിലാണ്. ശേഷം അത് ജനസേവന സംരംഭവും പൊതു വിതരണ സംവിധാനവും വിവാഹ സഹായ ഏജന്‍സിയും മറ്റുമായി വികസിച്ചു. ഒടുവില്‍ ഒരു പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുടെ ചിറകിനടിയില്‍ നിന്ന് കോര്‍പ്പറേറ്റ് ടീമിന്റെ കൂട്ടായ്മയിലേക്ക് കളം മാറ്റി ചവിട്ടി. ഈ അരാഷ്ട്രീയ മുന്നേറ്റത്തിന്റെ വിപത് സൂചനകള്‍ വിശകലം ചെയ്യപ്പെടേണ്ടതാണ്.
യഥാര്‍ഥത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സാധാരണക്കാരന്റെ വികസനം ലക്ഷ്യം വെക്കുന്ന പ്രാദേശിക ഗവണ്‍മെന്റുകളാണ്. രാഷ്ട്രീയത്തിന്റെ അതിപ്രസരവും സ്വജന പക്ഷപാതവും കാരണം കഴിഞ്ഞ 20 വര്‍ഷത്തെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കണ്ടിട്ടില്ല എന്നാണ് വിലയിരുത്തല്‍. അധികാര വികേന്ദ്രീകരണത്തിന്റെ ഗുണപരമായ സാധ്യതകള്‍ ഉപയോഗപ്പെടത്താന്‍ കഴിഞ്ഞിട്ടില്ല. ദരിദ്രരുടെ പക്ഷത്ത് നിലകൊള്ളുക എന്ന മൗലിക കാഴ്ചപ്പാട് പ്രയോഗവത്കരിക്കാനായിട്ടില്ല. സാധാരണക്കാരന്റെ വീട്, ഭൂമി, കുടിവെള്ളം, വൈദ്യുതി, വിദ്യാഭ്യാസം, റോഡ് തുടങ്ങിയ കാര്യങ്ങളിലേക്ക് ഇനിയും ശ്രദ്ധ വന്നിട്ടില്ല. തദ്ദേശ സ്വയം ഭരണ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവയുടെ ലക്ഷ്യം നേടാന്‍ കഴിയും വിധം പുനഃസംവിധാനിക്കണം. പുതുതായി അധികാരത്തിലേറുന്ന ഭരണ സമിതികള്‍ക്ക് അതിന് സാധിക്കണം. ഗ്രാമസഭകള്‍ കൃത്യതയോടെ പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും, ആ സംവിധാനത്തെ അഴിമതിമുക്തമാക്കുകയും വേണം. അര്‍ഹര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പഞ്ചായത്ത് ഭരണത്തില്‍ എല്ലാ പൗര സമൂഹത്തിനും പങ്കുണ്ട്. അത് ഉറപ്പുവരുത്താനാണ് ഗ്രാമസഭകളും വാര്‍ഡ് സഭകളും അയല്‍ക്കൂട്ടങ്ങളും മറ്റും. ഈ സംവിധാനങ്ങളില്‍ സ്ഥിരമായി സാന്നിധ്യമറിയിച്ചും ഇടപെട്ടും പൗരസമൂഹത്തിന് അവരുടെ ദൗത്യം നിറവേറ്റാന്‍ കഴിയണം. നാടിന്റെ വികസനത്തിന് ജാഗ്രതയോടെ ഇടപെടുന്ന പൗര സമൂഹത്തിനാണ് പഞ്ചായത്ത് - നഗരപാലിക ആക്ടിലൂടെ രൂപം കൊണ്ട ഈ സ്ഥാപനങ്ങളെ പൂര്‍ണതയിലേക്ക് എത്തിക്കാന്‍ കഴിയുക.
Comments