Prabodhanm Weekly

Pages

Search

2015 നവംബര്‍ 20

ബാര്‍ക്കോഴയില്‍ നുരയുന്ന ജീര്‍ണതകള്‍

         അങ്ങനെ കെ.എം മാണി ധനകാര്യമന്ത്രി സ്ഥാനം രാജിവെച്ചു. ഒട്ടേറെ നാടകീയതകള്‍ക്കൊടുവിലാണ് രാജി പ്രഖ്യാപനം. ബാര്‍ ഉടമകളില്‍ നിന്ന് കോഴ വാങ്ങി എന്ന ആരോപണം കഴിഞ്ഞൊരു വര്‍ഷമായി കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ചുകൊണ്ടിരിക്കുകയായിരുന്നു. ബാര്‍ക്കോഴക്കേസില്‍ ധൃതിപിടിച്ച് അന്വേഷണം അവസാനിപ്പിച്ചത് ശരിയായില്ലെന്നും തുടരന്വേഷണം വേണമെന്നുമുള്ള വിജിലന്‍സ് കോടതിയുടെ നിരീക്ഷണമാണ് കേസില്‍ വഴിത്തിരിവായത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ മൂര്‍ധന്യത്തില്‍ നില്‍ക്കുമ്പോഴായിരുന്നു വിജിലന്‍സ് കോടതിയുടെ ഈ പരാമര്‍ശം. ഇടത് മുന്നണി അത് പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാന്‍ എല്‍.ഡി.എഫിനെ സഹായിച്ച ഒരു പ്രധാന ഘടകം ബാര്‍ക്കോഴക്കേസാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ല. വിജിലന്‍സ് കോടതിയുടെ പരാമര്‍ശം ഹൈക്കോടതിയും ശരിവെച്ചതോടെ കെ.എം മാണിയുടെ മുമ്പില്‍ മറ്റു മാര്‍ഗങ്ങളില്ലാതെയായി.

ഇത് തനിക്കെതിരെയുള്ള വ്യക്തിപരമായ ആരോപണമല്ലെന്നും കേരള കോണ്‍ഗ്രസ്സിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്നുമാണ് മാണി അവസാനം വരെ പറഞ്ഞുകൊണ്ടിരുന്നത്. ഇടതു മുന്നണിയിലേക്ക് ചേക്കേറാന്‍ അദ്ദേഹം രഹസ്യമായി കരുക്കള്‍ നീക്കുന്നു എന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിലാണ് ബാര്‍ക്കോഴക്കേസ് എടുത്തിട്ടത് എന്നാണ് മാണിപക്ഷം അതിന് നിരത്തുന്ന പ്രധാന തെളിവ്. മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയാണ് മാണിക്കെതിരെയുള്ള നീക്കം എന്നും അവര്‍ സംശയിക്കുന്നു. ഇങ്ങനെ സംശയിക്കുന്നതില്‍ തെറ്റ് പറയാനാവില്ല. കുതികാല്‍ വെട്ടലും കാലുവാരലും ഒട്ടേറെ ഉണ്ടായിട്ടുണ്ട് കേരള രാഷ്ട്രീയത്തില്‍. അതിനൊക്കെ നേതൃത്വം കൊടുത്തവര്‍ തന്നെയാണ് ഇപ്പോഴും കേരള രാഷ്ട്രീയം നിയന്ത്രിക്കുന്നത്. പക്ഷേ, ബാര്‍ക്കോഴക്കേസ് അതിലൊന്നാക്കി മാറ്റാനുള്ള ശ്രമം അമ്പേ പരാജയപ്പെടുകയാണ് ചെയ്തത്. ഗൂഢാലോചനാ തിയറി മാണി ഗ്രൂപ്പുകാര്‍ വരെ ഏറ്റെടുത്തില്ല. പി.ജെ ജോസഫ് താനെന്തിന് മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ചോദിച്ചത് അതുകൊണ്ടാണ്. 

ബാര്‍ക്കോഴ കേസിലെ ഹൈക്കോടതി പരാമര്‍ശം കേരളത്തിലെ മുന്നണി രാഷ്ട്രീയത്തില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്ന് തന്നെയാണ് കരുതേണ്ടത്. കോലാഹലങ്ങള്‍ ഏതാനും ദിവസങ്ങള്‍ കൊണ്ട് കെട്ടടങ്ങും. കേരള കോണ്‍ഗ്രസ് പിളരുകയോ പിളരാതിരിക്കുകയോ ചെയ്യാം. പിളര്‍ന്നില്ലെങ്കിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മാണി-ജോസഫ് ഗ്രൂപ്പുകള്‍ തമ്മില്‍ കാലുവാരുമെന്ന് ഉറപ്പ്. അത് യു.ഡി.എഫിന്റെ ജയസാധ്യതയെ തകിടം മറിക്കും. കേരള ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ ഭരണം എന്ന ദുഷ്‌പേര് വേറെയും. ഈ മുങ്ങുന്ന കപ്പലില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ആര്‍.എസ്.പി, ജനതാദള്‍ കക്ഷികള്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. അവരെ സ്വീകരിക്കാന്‍ ഇടതുപക്ഷം തയാറാണെന്നാണ് സൂചന.

ഈ രാഷ്ട്രീയക്കളിയില്‍ യഥാര്‍ഥ പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടുന്നുണ്ടെന്ന കാര്യവും വിസ്മരിച്ചുകൂടാ. അഴിമതിയും കോഴയും പൊതു സ്ഥാപനങ്ങളുടെ ദുരുപയോഗവുമാണ് യഥാര്‍ഥ പ്രശ്‌നങ്ങള്‍. അതൊന്നും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇടതും വലതും പക്ഷങ്ങള്‍ മാറി മാറി ഭരിച്ചപ്പോഴെല്ലാം അത്തരം ജീര്‍ണതകള്‍ ഏറിയോ കുറഞ്ഞോ അളവില്‍ രാഷ്ട്രീയത്തില്‍ അര്‍ബുദം കണക്കെ പിടിമുറുക്കിയിട്ടുണ്ട്. പരസ്പരം പഴിചാരുന്നതല്ലാതെ ഇത്തരം ജീര്‍ണതകള്‍ക്കെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ നാളിതുവരെ ഭരിച്ച സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞിട്ടില്ല.

വിജിലന്‍സ് ബ്യൂറോയുടെ ദുരുപയോഗമാണ് ബാര്‍ക്കോഴക്കേസിന്റെ നാള്‍വഴികള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും ഗൗരവപ്പെട്ടത്. 1967-ല്‍ ചില പ്രത്യേക സാഹചര്യങ്ങളിലാണ് പോലീസിന്റെ തന്നെ ഭാഗമായി വിജിലന്‍സ് ബ്യൂറോ രൂപീകരിക്കപ്പെടുന്നത്. ജനപ്രതിനിധികള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ സാരഥികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരായി ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ അന്വേഷിക്കുകയാണ് ഇതിന്റെ ചുമതല. പോലീസിനെ നിയന്ത്രിക്കുന്നത് ഭരണ മുന്നണിയിലെ രാഷ്ട്രീയക്കാരായതിനാലും വിജിലന്‍സ് ബ്യൂറോ പോലീസിന്റെ തന്നെ ഉപ വിഭാഗമായിരുന്നതിനാലും അഴിമതി നടത്തുന്നവര്‍ ഭരണകക്ഷികളിലെ സ്വാധീനമുള്ള രാഷ്ട്രീയ നേതാക്കളായതിനാലും വിജിലന്‍സ് സംവിധാനം തികഞ്ഞ പരാജയമാണെന്ന് നേരത്തേ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്. സര്‍ക്കാറിന്റെ കേവലം ചട്ടുകം മാത്രമാണത്. കൂട്ടിലടച്ച തത്തയെന്ന് ഹൈക്കോടതി തന്നെ ആ സംവിധാനത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. യു.ഡി.എഫ് ഭരണകാലത്തെ സോളാര്‍, ബാര്‍ക്കോഴ കേസുകള്‍ മാത്രമല്ല, എല്‍.ഡി.എഫ് ഭരണകാലത്തെ ചക്കിട്ടപ്പാറ ഖനനക്കേസ് പോലുള്ളവയും വിജിലന്‍സ് കൈകാര്യം ചെയ്ത രീതി രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. വിജിലന്‍സ് അന്വേഷിക്കുന്ന വളരെ കുറഞ്ഞ കേസുകള്‍ മാത്രമേ ഇപ്പോള്‍ കോടതിയില്‍ നിലനില്‍ക്കുന്നുള്ളൂ. ബാക്കിയൊക്കെ എഴുതിത്തള്ളി. ബാര്‍ക്കോഴക്കേസും എഴുതിത്തള്ളിയതായിരുന്നല്ലോ. അതിനെതിരെ വിജിലന്‍സ് കോടതി പരാമര്‍ശമുണ്ടായപ്പോള്‍, ഹൈക്കോടതിയില്‍ റിവ്യൂ ഹരജി കൊടുത്തതാണ് ഇപ്പോഴത്തെ പൊല്ലാപ്പിന് കാരണം. ഭരണ-രാഷ്ട്രീയ മേഖലകളെയാകെ ഗ്രസിച്ചിട്ടുള്ള ഈ ജീര്‍ണതകള്‍ അറുത്തു മാറ്റാന്‍ എന്തുണ്ട് വഴി എന്നതാണ് നാം ചോദിക്കേണ്ട ഒന്നാമത്തെ ചോദ്യം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /24-26
എ.വൈ.ആര്‍