പടക്കം പൊട്ടിയത് പാറ്റ്‌നയില്‍ തന്നെ!
മത നിരേപക്ഷ ജനാധിപത്യ സ്വതന്ത്ര ഇന്ത്യയുടെ ഭാഗധേയം തിരുത്തിക്കുറിച്ചുകൊണ്ട് പതിനേഴ് മാസങ്ങള്‍ മുമ്പ് ഇന്ദ്രപ്രസ്ഥത്തില്‍ കുടിയിരുത്തപ്പെട്ട ഹിന്ദുത്വ സര്‍ക്കാറിന്റെ അഥവാ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യ ഭരണകൂടത്തിന്റെ ഭാവിയെ സംബന്ധിച്ചേടത്തോളം വ്യക്തമായ സൂചനകള്‍ നല്‍കുന്നതാണ് ബിഹാര്‍ സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍. ഇന്ത്യയുടെ ഒരു പ്രധാനമന്ത്രിയും ഒരുകാലത്തും ഏതെങ്കിലും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ശക്തിപകരാന്‍ 31 വേദികളില്‍ പ്രസംഗിച്ചിട്ടുണ്ടാവില്ല. പ്രസംഗങ്ങളിലുടനീളം അനേകായിരം കോടികളുടെ വികസന പാക്കേജുകളാണ് പ്രധാനമന്ത്രി ബിഹാറിന്റെ വികസനത്തിനായി ഓഫര്‍ ചെയ്തത് (ആഗസ്റ്റില്‍ അദ്ദേഹം ഒന്നേകാല്‍ ലക്ഷം കോടിയുടെ പ്രത്യേക വികസന പാക്കേജ് വാഗ്ദാനം ചെയ്തിരുന്നു). വികസനപരമായി ഏറെ പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനമെന്ന നിലയില്‍ ബിഹാറിന് ശാപമോക്ഷം ലഭിക്കാന്‍ പോകുന്ന പ്രതീതിയാണ് മോദിയുടെ പ്രചാരണത്തിന് മാധ്യമങ്ങള്‍ നല്‍കിയിരുന്ന കവറേജ്. പക്ഷേ, വോട്ടെടുപ്പിന്റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ പിന്നിട്ടപ്പോള്‍ ബാഹര്‍വാലയേക്കാള്‍ ബിഹാരികള്‍ ഇഷ്ടപ്പെടുന്നത് ബിഹാരികളെത്തന്നെയാണെന്ന തിരിച്ചറിവ് ബി.ജെ.പിയെ മാറ്റി ചിന്തിപ്പിച്ചു. അവര്‍ മോദിയുടെ പടുകൂറ്റന്‍ കട്ടൗട്ടുകള്‍ എടുത്തുമാറ്റി. പകരം പ്രാദേശിക നേതാക്കളെ അവതരിപ്പിക്കാന്‍ വിഫല ശ്രമം നടത്തി. അതും ഫലിക്കുന്നില്ലെന്ന് തോന്നിയപ്പോഴാണ് സംഘ്പരിവാറിന്റെ ഒടുവിലത്തെ കാര്‍ഡ് എടുത്ത് പ്രയോഗിക്കാന്‍ ചാണക്യന്റെ നവാവതാരമായ അമിത് ഷാ ഉദ്യുക്തനായത്. 'ബിഹാറില്‍ എന്‍.ഡി.എ പരാജയപ്പെട്ടാല്‍ പടക്കം പൊട്ടുക പാകിസ്താനിലാവും' എന്ന വിഷലിപ്തമായ ജല്‍പനത്തിലൂടെ ബിഹാറികളെ ഒന്നടങ്കം അപമാനിക്കുകയായിരുന്നു കാവിപ്പടയുടെ നായകന്‍. മഹാ സഖ്യത്തെ വോട്ട് ചെയ്ത് അധികാരത്തിലേറ്റിയാല്‍ അത് പാകിസ്താനിലെ ഇന്ത്യാ വിരുദ്ധ ശക്തികളെയാവും സന്തോഷിപ്പിക്കുക എന്നാണല്ലോ നേര്‍ക്കുനേരെ ഇതിനര്‍ഥം. അത്യന്തം പ്രകോപനപരമായ ഈ പരാമര്‍ശം തിരുത്താന്‍ പോലും അമിത് ഷാ തയാറായില്ല. നരേന്ദ്രമോദി അതിനാവശ്യപ്പെട്ടതുമില്ല. ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെ 'കാലിത്തീറ്റക്കള്ളന്‍' എന്നു വിളിച്ച അമിത് ഷായെ നരഭക്ഷി (നരഭോജി) എന്ന് പേരിട്ടാണ് ലാലു തിരിച്ചടിച്ചത്. അവസാന ഘട്ടമാവുമ്പോഴേക്ക് ഹിന്ദുത്വ ബ്രിഗേഡിന് സമനില തെറ്റിയിരുന്നുവെന്നതിന്റെ വ്യക്തമായ സൂചനകളാണിത്. അറ്റകൈക്ക് പ്രമുഖ പത്രങ്ങളില്‍ ഒരു പടുകൂറ്റന്‍ പരസ്യവും അവര്‍ നല്‍കി. മാട്ടിറച്ചി വിഷയത്തില്‍ നിതീഷ് കുമാറിന്റെ മൗനം ചോദ്യം ചെയ്തുകൊണ്ടുള്ളതായിരുന്നു പരസ്യം. നേരത്തെ, 'ഞാന്‍ കാളയിറച്ചി തിന്നും' എന്ന ലാലുവിന്റെ അഭിപ്രായ പ്രകടനത്തിന്മേല്‍ കയറിപ്പിടിച്ച് ബ്രാഹ്മണരുടെ വികാരം ആളിക്കത്തിക്കാനും സംഘ്പരിവാര്‍ ശ്രമിച്ചിരുന്നു. 120 കോടി ജനങ്ങള്‍ താമസിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ എല്ലാ അര്‍ഥത്തിലും ലോകത്തേറ്റവും ശക്തമായ രാഷ്ട്രമാക്കുമെന്ന് വീരവാദം മുഴക്കി ഇറങ്ങിപ്പുറപ്പെട്ടവരുടെ തനിനിറം മാലോകര്‍ക്ക് മുമ്പാകെ അനാവരണം ചെയ്യുന്നതായി തരംതാണ ഈ പ്രചാരണ തന്ത്രങ്ങള്‍.
മറുവശത്ത് മതേതര ഐക്യം ഊട്ടിയുറപ്പിച്ചും, ബിഹാറിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിപ്പിക്കുമെന്ന് പ്രഖ്യാപിച്ചും നിതീഷ്-ലാലു -കോണ്‍ഗ്രസ് മഹാ സഖ്യം ആവേശകരമായ പ്രചാരണ പ്രയാണം തുടര്‍ന്നുകൊണ്ടിരുന്നു. അഞ്ചു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ നവംബര്‍ എട്ടിന് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ചാനലുകളുടെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെയത്രയും നിരര്‍ഥകമാക്കി മഹാസഖ്യം മഹാ വിജയം കൈവരിക്കുന്നതാണ് രാജ്യം കണ്ടത്. മൊത്തം 243 സീറ്റുകളില്‍ 178-ഉം പിടിച്ചെടുത്ത് ജനതാ ദള്‍(യു)-രാഷ്ട്രീയ ജനതാ ദള്‍- കോണ്‍ഗ്രസ് സഖ്യം മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കി. ജനതാ ദള്‍(യു) 71, ആര്‍.ജെ.ഡി 80, കോണ്‍ഗ്രസ് 27 എന്നിങ്ങനെയാണ് കക്ഷി നില. എന്‍.ഡി.എയുടെ മുഖ്യ പങ്കാളി ബി.ജെ.പി വെറും 53 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നപ്പോള്‍ രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തിക്ക് രണ്ടും രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിക്ക് രണ്ടും മുന്‍ മുഖ്യമന്ത്രിയും വാല്‍മീകി സമുദായ നേതാവുമായ ജിതന്‍ റാം മഞ്ജിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചക്ക് ഒരേയൊരു സീറ്റുമാണ് ലഭിച്ചത്. അങ്ങനെ മൊത്തം 58. മഹാസഖ്യത്തെ കൈയൊഴിഞ്ഞ് ഇടത് മതേതര ഐക്യമുന്നണി രൂപീകരിച്ച സി.പി.ഐ, സി.പി.എം പാര്‍ട്ടികളെയും ജനം കുടഞ്ഞെറിഞ്ഞു. സി.പി.ഐ.എം.എല്ലിന് മാത്രം മൂന്ന് സീറ്റ് നേടാനായി. ഒരുകാലത്ത് സി.പി.ഐക്ക് ശ്രദ്ധേയമായ സ്വാധീനവും എം.പിമാരും എം.എല്‍.എമാരും ഉണ്ടായിരുന്ന സംസ്ഥാനമാണ് ബിഹാര്‍ എന്നോര്‍ക്കണം.
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അവലോകനം ചെയ്യുമ്പോള്‍ വ്യക്തമാവുന്ന രണ്ട് സുപ്രധാന വസ്തുതകളുണ്ട്. 2014-ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മതേതര പാര്‍ട്ടികളുടെ ഭിന്നിപ്പ് മുതലെടുത്താണ് കാവിപ്പട സീറ്റുകള്‍ മുഴുവന്‍ കീശയിലാക്കിയതെന്നതാണ് ഒന്നാമത്തേത്. ആര്‍.ജെ.ഡിക്കും ജനതാ ദള്‍(യു)വിനും മൊത്തം 45.3 ശതമാനം വോട്ട് കിട്ടിയപ്പോള്‍ എന്‍.ഡി.എയുടെ വിഹിതം 38.8 ശതമാനം മാത്രമായിരുന്നു. എന്നിട്ടും ലോക് സഭാ സീറ്റുകള്‍ അവര്‍ തൂത്തുവാരി. ഇത്തവണ മതേതര, ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നടന്നപ്പോള്‍ 49 ശതമാനത്തിലധികം വോട്ടുകളോടെ മഹാസഖ്യം മഹാ വിജയം കൊയ്തു.
ലാലു പ്രസാദ് യാദവിന്റെ എം-വൈ (മുസ്‌ലിം-യാദവ്) ഫോര്‍മുല നിര്‍ണായകമായി. ഇലക്ഷന്‍ ഫലങ്ങളെ സ്വാധീനിച്ചുവെന്നതാണ് രണ്ടാമത്തെ കാര്യം. ലാലുവിന്റെ 49 യാദവ സ്ഥാനാര്‍ഥികളില്‍ 42-ഉം ജയിച്ചുകയറിയപ്പോള്‍ 16 മുസ്‌ലിം സ്ഥാനാര്‍ഥികളില്‍ 12-ഉം വിജയം കണ്ടു. ജനതാ ദള്‍(യു)വിന്റെ 13 യാദവരില്‍ 11-ഉം ഏഴ് മുസ്‌ലിംകളില്‍ അഞ്ചും തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് കളത്തിലിറക്കിയ 10 മുസ്‌ലിം സ്ഥാനാര്‍ഥികളില്‍ ആറ് പേര്‍ വിജയം കൈവരിച്ചു. പിന്നാക്ക സമുദായ-മുസ്‌ലിം ന്യൂനപക്ഷ ഐക്യത്തിന് സംസ്ഥാനത്തിന്റെ ഭാഗധേയം നിര്‍ണയിക്കാന്‍ മാത്രം ശക്തിയുണ്ടെന്നും, ഫാഷിസത്തിനെതിരെ മത നിരപേക്ഷ ജനാധിപത്യത്തെ താങ്ങിനിര്‍ത്താന്‍ അവര്‍ക്കാവുമെന്നും തെളിയിക്കുന്നതാണ് ഈ കണക്കുകള്‍. ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ അസദുദ്ദീന്‍ ഉവൈസി എന്ന തീപ്പൊരി പ്രസംഗകന്‍ രംഗത്തിറക്കിയ ആറ് സ്ഥാനാര്‍ഥികളെ മുസ്‌ലിംകള്‍ തന്നെ നിലം തൊടുവിച്ചില്ലെന്നതും ശ്രദ്ധേയം.
മഹാസഖ്യം നേടിയ അഭൂതപൂര്‍വമായ ജനവിധി ദേശത്തിലെ ജനങ്ങളുടെ മൊത്തം മനോഭാവമാണ് പ്രതിഫലിപ്പിക്കുന്നതെന്ന നിതീഷ് കുമാറിന്റെ പ്രതികരണം ശ്രദ്ധേയമാണ്. തീവ്ര ഹിന്ദുത്വ നായകനായി ഇന്ത്യ ഭരിക്കുന്ന നരേന്ദ്ര മോദിയെ, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ബിഹാറില്‍ ഇലക്ഷന്‍ പ്രചാരണത്തിന് കൊണ്ടുവരരുതെന്ന് അന്നത്തെ സഖ്യ കക്ഷിയായ ബി.ജെ.പിക്ക് താക്കീത് നല്‍കിയ നിതീഷ് തന്റെ മതേതര പ്രതിഛായക്ക് കോട്ടം തട്ടിക്കാതിരിക്കാന്‍ അതീവ ശ്രദ്ധ ചെലുത്തിയിരുന്നു. സംസ്ഥാനത്തെ 16 ശതമാനം വരുന്ന മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പിന്തുണ നഷ്ടപ്പെടുമന്ന തിരിച്ചറിവായിരുന്നു പ്രധാന കാരണമെന്ന് പറയാമെങ്കിലും അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് പാരമ്പര്യവും ഒരു പ്രധാന ഘടകമാണ്. അദ്ദേഹവും ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവും ഒന്നിച്ചു നിന്നിരുന്നെങ്കില്‍ ബി.ജെ.പിക്ക് ബിഹാറില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമായിരുന്നില്ല എന്നതാണ് വാസ്തവം. അവരുടെ ഭിന്നിപ്പില്‍ നിന്ന് മുതലെടുത്താണ് 2014-ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ബിഹാര്‍ തൂത്തുവാരിയത്. വീണ്ടും അവര്‍ ഒന്നിച്ചപ്പോള്‍ അപ്രതീക്ഷിത വിജയമാണ് കൊയ്യാനായത്. അതിന് കാരണം രാജ്യത്ത് അധികാരത്തിലേറിയ നരേന്ദ്ര മോദിയുടെ തനിനിറം ജനങ്ങള്‍ക്ക് നേര്‍ക്കു നേരെ കാണാനായതാണ്. പലരും പ്രവചിച്ചതില്‍ നിന്ന് വ്യത്യസ്തമായി, അധികാരമേറ്റത് മുതല്‍ തീവ്ര ഹിന്ദുത്വ അജണ്ട നടപ്പാക്കാനാണ് മോദി-അമിത് ഷാ-അരുണ്‍ ജെയ്റ്റ്‌ലി ടീം ഉദ്യുക്തമായത്. മനുഷ്യ ജീവനേക്കാള്‍ പശുവിന് പരിഗണന നല്‍കുന്നതും അനേകമായിരങ്ങളെ തൊഴില്‍രഹിതരാക്കിക്കൊണ്ട് മാട്ടിറച്ചി കര്‍ക്കശമായി നിരോധിച്ചതും വിദ്യാലയങ്ങളില്‍ സരസ്വതി പൂജയും യോഗയും അടിച്ചേല്‍പിച്ചതും സാംസ്‌കാരിക സ്ഥാപനങ്ങളാകെ ആര്‍.എസ്.എസ് കാഡറുകള്‍ക്ക് തീറെഴുതി കൊടുത്തതും മൂഢ വിശ്വാസങ്ങള്‍ക്ക് ശാസ്ത്രത്തിന്റെ പരിവേഷം നല്‍കിയതുമെല്ലാം ഒരുവക നേരെ ചിന്തിക്കുന്നവരിലെല്ലാം ആശങ്ക ഉളവാക്കിയിരിക്കുകയാണ്. തന്മൂലം മോദി സ്തുതിക്ക് തടയിടാന്‍ ദേശീയ മാധ്യമങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നു. വികസനത്തിന്റെ മഹാ കുതിപ്പിനെക്കുറിച്ച് വാചാലരായിക്കൊണ്ട് തന്നെ റിലയന്‍സ്, അദാനി പോലുള്ള കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മലര്‍ക്കെ തുറന്നു കൊടുത്തപ്പോള്‍ സാധാരണക്കാരെ വീര്‍പ്പ് മുട്ടിക്കുന്ന വിലക്കയറ്റം നിയന്ത്രിക്കാനോ അവര്‍ക്കാശ്വാസം നല്‍കുന്ന നടപടികള്‍ ഫലപ്രദമായി നടപ്പാക്കാനോ ആത്മാര്‍ഥ ശ്രമം ഉണ്ടായില്ല. വര്‍ഗീയ ധ്രുവീകരണത്തിലൂടെ ഭിന്നിപ്പിച്ചു ഭരിക്കാനുള്ള സാമ്രാജ്യത്വ പാരമ്പര്യമാണ് മോദി സ്വായത്തമാക്കിയത്. സത്യ പ്രതിജ്ഞാ ചടങ്ങിന് സാര്‍ക്ക് രാഷ്ട്രത്തലവന്മാരെ മുഴുവന്‍ ക്ഷണിച്ചുവരുത്തി തുടക്കം ഗംഭീരമാക്കിയ മോദിയെ പിന്നെ കാണുന്നത് പാകിസ്താനുമായും നേപ്പാളുമായും തീര്‍ത്തും അകലുന്നതായാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ സര്‍വ കവാടങ്ങളും ബലപ്രയോഗത്തിലൂടെ കൊട്ടിയടക്കാന്‍ തുനിഞ്ഞിറങ്ങിയ വര്‍ഗീയ ഭ്രാന്തമാരെ നിലക്ക് നിര്‍ത്താനോ സംയമനം പാലിപ്പിക്കാന്‍ പോലുമോ സര്‍ക്കാനാവുന്നില്ല. ഇതുകൊണ്ടൊക്കെ എന്തു സംഭവിക്കുന്നു എന്നു ചോദിച്ചാല്‍ ഉലകം ചുറ്റും വാലിബനായ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രതിഛായ ഉലകത്തിന്റെ മുന്നില്‍ തകര്‍ത്തിരിക്കുന്നതാണ്. രാജേന്ദ്ര പ്രസാദ് മുതല്‍ പ്രതിഭാ പാട്ടീല്‍ വരെയുള്ള രാഷ്ട്രപതിമാര്‍ നേരിടേണ്ടിവന്നിട്ടില്ലാത്ത സ്ഥിതിവിശേഷത്തിന്റെ മുമ്പില്‍ ആശങ്കാകുലനായ പ്രണബ് മുഖര്‍ജി രണ്ടാഴ്ചക്കകം നാലു തവണയാണ്, രാജ്യത്ത് വളരുന്ന അസഹിഷ്ണുതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കേണ്ടിവന്നത്. ഈ അസഹിഷ്ണുത പൊറുപ്പിക്കാനാവില്ല എന്ന സന്ദേശമാണ് ബിഹാറിലെ അസന്ദിഗ്ധമായ ജനവിധി നല്‍കുന്നത്. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നേ മൂന്ന് സീറ്റിന് ബി.ജെ.പിയെ ഒതുക്കിയ ജനവിധി തന്നെ ചൂണ്ടുപലകയായിരുന്നെങ്കില്‍ ബിഹാറിലേത് കൂടുതല്‍ ശക്തവും വ്യക്തവുമാണ്. പക്ഷേ, പാഠം പഠിക്കാന്‍ തീവ്ര ഹിന്ദുത്വ ശക്തികള്‍ നരേന്ദ്ര മോദിയെ അനുവദിക്കുമെന്ന് തോന്നുന്നില്ല.
പിന്നെയുള്ള പോംവഴി മതേതര ശക്തികളുടെ ഏകീഭാവവും കൂട്ടായ ചെറുത്ത് നില്‍പും തന്നെ. സങ്കുചിത കുടുംബ-ജാതീയ-വിഭാഗീയ താല്‍പര്യങ്ങള്‍ക്കവധി കൊടുക്കുമെങ്കില്‍ നിശ്ചയമായും മതേതര പാര്‍ട്ടികള്‍ക്ക് ഐക്യപ്പെടാന്‍ തടസ്സമൊന്നുമില്ല. ജനതാ പരിവാറിന്റെ പുനരേകീകരണ നീക്കങ്ങള്‍ ആ ദിശയിലേക്കുള്ള ശുഭ സൂചനയായിരുന്നെങ്കിലും ഐക്യത്തിന് നേതൃത്വം നല്‍കിയ സമാജ് വാദി സുപ്രീമോ മുലായം സിംഗിന്റെ ഈഗോ ആ ശ്രമങ്ങള്‍ക്ക് തടയിട്ടു. ബിഹാറില്‍ മുലായം ഒറ്റക്ക് മത്സരിച്ചപ്പോള്‍ തോറ്റു തൊപ്പിയിടുകയും ചെയ്തു. 2017-ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിശാല മതേതര സഖ്യം സാക്ഷാത്കരിക്കാന്‍ മുലായം-നിതീഷ്-ലാലു-മായാവതി പ്രഭൃതികള്‍ക്ക് സാധിക്കുമെങ്കില്‍ നരേന്ദ്ര മോദി, ഊതി വീര്‍പ്പിക്കപ്പെട്ട ബലൂണ്‍ കണക്കെ പൊട്ടിത്തെറിക്കുക തന്നെ ചെയ്യും. കണ്ടാലറിയാത്തവര്‍ കൊണ്ടാലെങ്കിലും അറിയുമോ എന്നതാണ് പക്ഷേ, ബാക്കിയാവുന്ന ചോദ്യം.
Comments