പ്രതീക്ഷ നല്‍കുന്ന ജനപക്ഷ രാഷ്ട്രീയം
ഭരണത്തിന്റെ വിലയിരുത്തലുണ്ടാവുമെന്നാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നത്. അരുവിക്കരയായിരിക്കും അപ്പോള്‍ അദ്ദേഹം മനസ്സില്‍ കണ്ടിട്ടുണ്ടാവുക. എന്നാല്‍ എല്ലാം കണ്ട് സഹികെട്ട ജനത കാര്യത്തോടടുത്തപ്പോള്‍ ഉണര്‍ന്നു. ഫലം യു.ഡി.എഫ് പിന്നാക്കം പോയി. സ്വാഭാവികമായും അതിന്റെ ഗുണം എല്‍.ഡി.എഫിന് ലഭിച്ചു.
എന്നാല്‍, വോട്ടുകളുടെയും സീറ്റുകളുടെയും താരതമ്യത്തില്‍ ഇടതിന് അത്രകണ്ട് അഹങ്കരിക്കാന്‍ കഴിയില്ല. കാരണം, തദ്ദേശത്തില്‍ പരമ്പരാഗതമായി അവര്‍ നേടിയിരുന്ന കുതിപ്പിനെ 2010-ല്‍ യു.ഡി.എഫ് തടഞ്ഞിരുന്നു. അതുകൊണ്ട് തന്നെ 2005-ലേതില്‍ എത്താനവര്‍ക്ക് കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ട കണക്ക് പ്രകാരം 2010-ലേതിനേക്കാള്‍ എല്‍.ഡി.എഫിന് മൂന്നര ലക്ഷം വോട്ട് കുറഞ്ഞിട്ടുണ്ട്. യു.ഡി.എഫിന്റെ നഷ്ടം പത്ത് ലക്ഷമാണെന്ന് പറഞ്ഞ് ഇടതിനാശ്വസിക്കാം. സംഘ് മുന്നണിക്കാവട്ടെ അഭിമാനിക്കാന്‍ വകയുണ്ട്. കഴിഞ്ഞ തവണ നേടിയ 11,47,297-ല്‍ നിന്ന് ഇത്തവണ 26,31,271-ലേക്കുയര്‍ന്നു. കൃത്യമായി പറഞ്ഞാല്‍ 6.26 ശതമാനത്തില്‍ നിന്ന് 13.28 ശതമാനത്തിലേക്ക്. വിജയം വരിച്ച എല്‍.ഡി.എഫ് 42.36 ശതമാനത്തില്‍ നിന്ന് 37.36 ശതമാനത്തിലേക്ക് താഴ്ന്നു. യു.ഡി.എഫ് 46.09-ല്‍ നിന്ന് 37.23-ലേക്കും വന്നു. എന്നു പറഞ്ഞാല്‍ വര്‍ഗീയ വിരുദ്ധ, ന്യൂനപക്ഷ വോട്ടുകള്‍ ഇടതിനൊപ്പം നിന്നെന്ന് ചുരുക്കം.
വൈകിയാണെങ്കിലും കേരളത്തില്‍ ഉണര്‍ന്നു തുടങ്ങിയ ജനപക്ഷ രാഷ്ട്രീയത്തെ പല സ്ഥലങ്ങളിലും ഇടത്-വലതു മുന്നണികള്‍ കൂടെക്കൂട്ടാന്‍ തയാറായി. മുന്നണിയില്‍ കൂടെ നില്‍ക്കുന്നവരുടെ എണ്ണമെടുക്കുമ്പോള്‍ എണ്ണത്തിലും നയപരമായ വികാസത്തിലും എടുപ്പു പുലര്‍ത്തുന്നവരായതാണ് അതിന് കാരണം. അതിന്റെ ഫലം കാണുകയും ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി ഈ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ടുകള്‍ കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. പ്രായം കുറഞ്ഞൊരു പാര്‍ട്ടി പരമ്പരാഗതരെ കവച്ച് വെക്കുന്ന മുന്നൊരുക്കങ്ങളും നിലപാടുകളും സ്വീകരിച്ചുവെന്ന് വേണം കരുതാന്‍. നേടിയ സീറ്റെണ്ണത്തിലേക്ക് നോക്കി ചിഹ്നം തിരയുന്നവരുണ്ട്. അവരോട് സഹതപിക്കാനേ കഴിയൂ. കാരണം കേരളത്തിലെ സവിശേഷ രാഷ്ട്രീയത്തില്‍, ഇടപെടലിന്റെ കൃത്യമായ മൂല്യം ഉയര്‍ത്തിയാണ് കളത്തില്‍ ഈ പാര്‍ട്ടി പോരാട്ടം കനപ്പിച്ചത്. സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന ജനപക്ഷ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കേണ്ട ബാധ്യത പരമ്പരാഗതര്‍ക്ക് ചെറിയ തോതിലെങ്കിലുമുണ്ടാവേണ്ടതുണ്ട്. മുന്നണികളുടെ അടവു നയങ്ങളുടെ കാപട്യത്തിനപ്പുറം ജനാധിപത്യ ബോധത്തിന്റെ ഉയര്‍ന്ന തലങ്ങളെ തുറന്നിടുകയാണ് വേണ്ടത്.
കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമായ രാഷ്ട്രീയത്തെ അരാഷ്ട്രീയവത്കരിക്കുന്നതില്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ മുന്നണികളും പാര്‍ട്ടികളും പങ്കുവഹിക്കുന്നുണ്ട്. ഭരിക്കുന്ന ഒരു പാര്‍ട്ടി മാനിഫെസ്റ്റോയില്‍ വിശപ്പില്ലാത്ത കേരളം എന്നെഴുതി വെക്കുമ്പോള്‍ ഇതുവരെ ഒരു വിഭാഗം പട്ടിണിയിലായിരുന്നു എന്ന് മറുവശത്ത് സമ്മതിക്കുകയായിരുന്നു എന്ന കാര്യം വിസ്മരിക്കരുത്.
Comments