Prabodhanm Weekly

Pages

Search

2015 നവംബര്‍ 20

അസഹിഷ്ണുതക്കും വര്‍ഗീയതക്കുമെതിരെ മഹാസഖ്യത്തിന്റെ മഹാ വിജയം

അഭയ് കുമാര്‍ /കവര്‍‌സ്റ്റോറി

         ബിഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച നവംബര്‍ എട്ടിന് തലേന്ന് രാത്രി വളരെ വൈകുവോളം ഉത്കണ്ഠ നിറഞ്ഞ നിരവധി ഫോണ്‍കോളുകള്‍ എനിക്ക് വന്നുകൊണ്ടിരുന്നു; അസ്വസ്ഥത സ്ഫുരിക്കുന്ന ഒട്ടേറെ മുഖങ്ങള്‍ എന്നെ സന്ദര്‍ശിച്ചുകൊണ്ടുമിരുന്നു. 'ബിഹാര്‍ മഹാ ഗട്ട്ബന്ധന്‍ (മഹാസഖ്യം) വിജയിക്കുമോ?', ബിഹാറിലെ സീതാമര്‍ഹിയില്‍ നിന്ന് വരുന്ന, ഇപ്പോള്‍ ദല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ സാമ്പത്തിക ശാസ്ത്രം പഠിപ്പിക്കുന്ന മുഹമ്മദ് ഉമര്‍ ഫാറൂഖ് ചോദിച്ചു. ചില എക്‌സിറ്റ് പോളുകള്‍ ബി.ജെ.പി മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിച്ചതിനെ തുടര്‍ന്നാണ് ഫാറൂഖിനെപ്പോലുള്ള ഒട്ടനവധിയാളുകളുടെ മനസ്സില്‍ ഇങ്ങനെയൊരു ഭയം നിഴലിട്ടത്. ബിഹാര്‍ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ രണ്ടാഴ്ച ഞാന്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ചുറ്റി സഞ്ചരിച്ചിരുന്നതുകൊണ്ടാണ് അവര്‍ എന്റെ അഭിപ്രായം തേടിയത്.

പിറ്റേന്ന് പുലര്‍ച്ചെ വോട്ടെണ്ണല്‍ ആരംഭിച്ച ഉടനെ ആദ്യ പ്രവണതകള്‍ ബി.ജെ.പിക്ക് അനുകൂലമായിരുന്നപ്പോള്‍, ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ എന്റെ സുഹൃത്ത് ഗൗതം ബുദ്ധറായ് ശ്വാസമടക്കിപ്പിടിച്ച് നില്‍ക്കുകയായിരുന്നു. പക്ഷേ, ആ കുമിള പൊട്ടിത്തകരാന്‍ അധിക സമയം വേണ്ടിവന്നില്ല. പിന്നിലായിരുന്ന മഹാസഖ്യം പെട്ടെന്ന് മുന്നോട്ട് കുതിക്കുകയും കേവല ഭൂരിപക്ഷം നേടുകയും ചെയ്തു. 'ഇപ്പോഴാണ് മാനസിക പിരിമുറുക്കം ഒന്നയഞ്ഞത്', ബിഹാറിലെ സെഗൂസറായില്‍ നിന്നുള്ള വസീം കൈയടിച്ചുകൊണ്ട് പറഞ്ഞു. ദല്‍ഹിയില്‍ രാവിലെ മുതല്‍ അവന്‍ ടി.വിയില്‍ കണ്ണും നട്ട് ഇരിക്കുകയായിരുന്നു.

പൊടിപടലമടങ്ങുകയും വോട്ടെണ്ണിത്തീരുകയും ചെയ്തപ്പോള്‍ ചിത്രം വ്യക്തമായി. ജെ.ഡി.യു, ആര്‍.ജെ.ഡി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ നയിച്ച മഹാസഖ്യത്തിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം. 243-ല്‍ 178 സീറ്റും സഖ്യം നേടി. ബി.ജെ.പി നയിച്ച എന്‍.ഡി.എ 58 സീറ്റുകളുമായി നിലംപരിശായി. ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിക്കാണ് ഏറ്റവും വലിയ നേട്ടമുണ്ടായത്. മത്സരിച്ച 101 സീറ്റില്‍ 80-ലും അവര്‍ വിജയിച്ചു. 101 സീറ്റില്‍ തന്നെ മത്സരിച്ച നിതീഷ് കുമാറിന്റെ ജെ.ഡി.യുവിന് 71 സീറ്റ് ലഭിച്ചു. ഇവരുമായി കൂട്ടുകൂടിയ കോണ്‍ഗ്രസ്സും ഒട്ടും മോശമാക്കിയില്ല. മത്സരിച്ച 41 സീറ്റില്‍ 27-ഉം അവര്‍ കൈക്കലാക്കി. ബി.ജെ.പിയും സവര്‍ണ മേല്‍ക്കോയ്മയുള്ള മീഡിയയും ലാലുവിനെ 'കാട്ടുനീതി' (ജംഗ്ള്‍ രാജ്)യുടെ അപ്പോസ്തലനായി ചിത്രീകരിച്ചുകൊണ്ടിരുന്നിട്ടും, ഫലം പുറത്ത് വന്നപ്പോള്‍ 'മാന്‍ ഓഫ് ദ മാച്ച്' പുരസ്‌കാരമാണ് ലാലുവിനെ കാത്തിരുന്നത്. പിന്നാക്ക- ന്യൂനപക്ഷ വോട്ടുകള്‍ മഹാസഖ്യത്തിന് അനുകൂലമായി സമാഹരിച്ചതും ബി.ജെ.പിയെ നേര്‍ക്കുനേര്‍ എതിരിട്ടതും ലാലുവായിരുന്നു. 'ബിഹാറിലെ സാമൂഹിക ശാക്തീകരണത്തിന്റെ ഏറ്റവും വലിയ ഹീറോ' എന്നാണ് ലാലുവിനെ പാറ്റ്‌നയിലെ ജഗ്ജീവന്‍ റാം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാര്‍ലമെന്ററി സ്റ്റഡീസിന്റെ ഡയറക്ടര്‍ ശ്രീകാന്ത് വിശേഷിപ്പിച്ചത്. ഫലപ്രഖ്യാപനത്തിന് മുമ്പ് അദ്ദേഹവുമായി അഭിമുഖം നടത്താന്‍ എനിക്ക് അവസരമുണ്ടായി. ലാലുവിനെതിരെയുള്ള ബി.ജെ.പിയുടെ 'അക്രമാസക്ത' പ്രചാരണവും ഒളിയമ്പുകളും അവര്‍ക്ക് തന്നെ വിനയാകുമെന്നും, പിന്നാക്ക- ന്യൂനപക്ഷ വോട്ടുകള്‍ ലാലുവിന് അനുകൂലമായി കേന്ദ്രീകരിക്കപ്പെടാന്‍ അത് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 'ലാലു ഭരണത്തെ കാട്ടിലെ ഭരണമായി കാണുന്നത് ഫ്യൂഡല്‍ ശക്തികളാണ്. അവര്‍ പിന്നാക്ക വിരുദ്ധരാണ്. അവരങ്ങനെ വിളിച്ചില്ലെങ്കിലാണ് അത്ഭുതം', അദ്ദേഹം തുടര്‍ന്നു.

ബി.ജെ.പി കളിച്ച പിന്നാക്ക വിരുദ്ധ, വര്‍ഗീയ കാര്‍ഡുകളാണ് അവര്‍ക്ക് വിനയായത് എന്ന് നിസ്സംശയം പറയാം. ബി.ജെ.പി എം.എല്‍.എമാരുടെ എണ്ണം 91 (കഴിഞ്ഞ അസംബ്ലിയിലേത്)ല്‍ നിന്ന് 53 ആയി കുറഞ്ഞു. 157 സീറ്റിലാണ് ബി.ജെ.പി ഇത്തവണ മത്സരിച്ചിരുന്നത്. ജിതന്‍ റാം മഞ്ജിയുടെ 'ഹം', രാം വിലാസ് പാസ്വാന്റെ എല്‍.ജെ.പി, ഉപേന്ദ്ര കുശ്‌വാഹയുടെ ആര്‍.എസ്.എന്‍.ഡി തുടങ്ങി ബി.ജെ.പി വഞ്ചിയില്‍ കയറിയ സകലരും മുങ്ങി. രണ്ടക്കത്തിന്റെ അടുത്തെങ്ങും ഇവരുടെ സീറ്റെണ്ണം എത്തിയില്ല.

ഈ നാണം കെടുത്തുന്ന തോല്‍വിയോടെ, പ്രധാനമന്ത്രി പദവിക്ക് നിരക്കാത്ത വിധത്തില്‍ വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തിയ നരേന്ദ്രമോദിയുടെ 'പ്രഭാവലയം' ഒട്ടൊക്കെ പൊലിഞ്ഞ മട്ടാണ്. 'വികസനം എല്ലാവര്‍ക്കും' (സബ്കാ വികാസ്) എന്ന വാചകമടി തുടരുമ്പോഴും മോദി ഗവണ്‍മെന്റ് പണക്കാര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. മറുവശത്ത്,ദലിത്-ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിഷം തുപ്പി അസഹിഷ്ണുതയും വെറുപ്പും ഭയവും സൃഷ്ടിച്ചുകൊണ്ടിരുന്ന ഹിന്ദുത്വ പരിവാര്‍ നേതാക്കളെ സംരക്ഷിക്കാനും മോദി മുമ്പിലുണ്ടായിരുന്നു.

ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ദിനം മുതല്‍ ബി.ജെ.പി പറഞ്ഞുകൊണ്ടിരുന്നത് തങ്ങളുടെ പ്രചാരണത്തിന്റെ 'മര്‍മപ്രധാന അജണ്ട' വികസനമായിരിക്കും എന്നാണ്. പക്ഷേ, അവര്‍ ശ്രമിച്ചുകൊണ്ടിരുന്നതോ? സാമുദായിക ധ്രുവീകരണമുണ്ടാക്കാനും! 'ബി.ജെ.പി തോറ്റാല്‍ പടക്കം പൊട്ടുന്നത് പാകിസ്താനിലായിരിക്കും' പോലുള്ള പരാമര്‍ശങ്ങള്‍ ഉദാഹരണം. ബീഫും മുഖ്യ പ്രചാരണായുധമായി. ഹിന്ദുക്കളും ബീഫ് തിന്നാറുണ്ട് എന്ന ലാലുവിന്റെ പരാമര്‍ശത്തെയും ബി.ജെ.പി കടന്നാക്രമിച്ചു; ബി.ജെ.പി അധികാരത്തിലെത്തിയാല്‍ സമ്പൂര്‍ണ ഗോവധ നിരോധം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. പ്രചാരണത്തിന് കൊടിയിറങ്ങുന്ന അവസാന ദിവസം വരെ ബീഫ് തന്നെയാണ് കത്തിനിന്നത്. അവസാന വട്ട വോട്ടെടുപ്പിന്റെ സന്ദര്‍ഭത്തില്‍ ബി.ജെ.പി പത്രങ്ങളില്‍ കൊടുത്ത ഒരു പരസ്യം വിവാദമാവുകയും ചെയ്തു. ഒരു പശുവിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന സ്ത്രീയുടെ ചിത്രമാണ് പരസ്യത്തില്‍. ഗോവധ വിഷയത്തില്‍ നിതീഷിന്റെ 'നിശ്ശബ്ദത'യെയാണ് ചോദ്യം ചെയ്യുന്നത്. പരസ്യത്തിലെ സ്ത്രീ പറയുന്നു: 'അല്ലയോ മുഖ്യമന്ത്രീ(നിതീഷ് കുമാര്‍), ഇന്ത്യയൊട്ടുക്കും ആരാധിക്കപ്പെടുന്ന പശുവിനെ താങ്കളുടെ കൂട്ടാളി അപമാനിക്കുമ്പോള്‍ താങ്കള്‍ മൗനം പാലിക്കുന്നു.' മതകീയമായി ജനങ്ങളെ ധ്രുവീകരിക്കുന്ന ഇത്തരം പരസ്യങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന്‍ തന്നെ രംഗത്ത് വരികയുണ്ടായി. ഈ മുന്നറിയിപ്പുകളൊന്നും വകവെക്കാതെ ഗണ്യമായ മുസ്‌ലിം ജനസംഖ്യയുള്ള സീമാചല്‍ മേഖലയില്‍ ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ തുടരുകയാണ് ബി.ജെ.പി ചെയ്തത്.

ബി.ജെ.പി നേതാക്കളുടെ ബീഫ് രാഷ്ട്രീയം മുസ്‌ലിംകള്‍ക്കിടയില്‍ ഭയത്തിന്റേതായ അന്തരീക്ഷം  സൃഷ്ടിച്ചു. ബിഹാറില്‍ പലയിടത്തും മുസ്‌ലിംകളുമായി സംവദിക്കാന്‍ അവസരം ലഭിച്ചപ്പോള്‍, ബീഫ് പ്രശ്‌നം ഊതിക്കത്തിക്കാനുള്ള ശ്രമങ്ങള്‍ അവര്‍ അങ്ങേയറ്റം ആശങ്കയോടെയാണ് കാണുന്നതെന്ന് വ്യക്തമായി. ''ഇതില്‍ നിന്ന് അന്യായമായ (നാജാഇസ്) നേട്ടങ്ങള്‍ കൊയ്യാനാണ് ബി.ജെ.പി ശ്രമിക്കുന്നത്-'' സമസ്തിപൂരിലെ ശബീര്‍ അഹ്മദ് പറഞ്ഞു. ബീഫ് പ്രശ്‌നത്തില്‍ ബി.ജെ.പിയുടെ ഇരട്ടത്താപ്പും അദ്ദേഹം ചൂണ്ടിക്കാട്ടി. ''ബീഫ് വ്യാപാരത്തില്‍ ഏര്‍പ്പെടുന്നവരില്‍ തൊണ്ണൂറ് ശതമാനവും ഹിന്ദുക്കളാണ്. ബി.ജെപി ജനത്തെ വിഡ്ഢികളാക്കുകയാണ്. നേരത്തേ അമ്പലത്തിന്റെ കാര്യത്തിലും ഇതു തന്നെയാണല്ലോ അവര്‍ ചെയ്തത്.''

ദാദ്രി സംഭവം എങ്ങനെയാണ് ബിഹാറിനെ ബാധിക്കുക എന്ന് ചോദിച്ചപ്പോള്‍ സമസ്തിപൂരിലെ ഹാജി മുഹമ്മദ് അസീം അന്‍സാരി പറഞ്ഞു: ''പ്രകോപനങ്ങളുണ്ടാവുമ്പോഴൊക്കെ മുസ്‌ലിംകള്‍ ക്ഷമ പാലിച്ചു. അതുകൊണ്ട് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. ക്രമസമാധാന പാലനത്തില്‍ സംസ്ഥാന ഗവണ്‍മെന്റും അതിന്റെ പങ്ക് നിര്‍വഹിച്ചു.'' ഹിന്ദു മനസ്സുകളില്‍ സംശയത്തിന്റെ വിത്തു വിതക്കാന്‍ ബീഫ് രാഷ്ട്രീയം കാരണമായിട്ടുണ്ടെന്നും അദ്ദേഹം സമ്മതിക്കുന്നു. ''മുസ്‌ലിംകള്‍ ഭക്ഷണ സാധനങ്ങള്‍ നല്‍കുമ്പോള്‍ ഹിന്ദു സഹോദരന്മാരില്‍ ചിലര്‍ സംശയത്തോടെ നോക്കുന്നത് അതിന്റെ തെളിവാണ്.''

പക്ഷേ, തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്, മുസ്‌ലിംകളും മുസ്‌ലിംകളല്ലാത്തവരും ബി.ജെ.പിയുടെ 'വിശുദ്ധ പശു' രാഷ്ട്രീയത്തെ കണക്കിന് പ്രഹരിച്ചു എന്നാണ്. 'പശു ബി.ജെ.പിക്ക് പാല്‍ (വിജയം) നല്‍കുന്നതിന് പകരം ചാണകമിട്ട് (പരാജയം) കൊടുത്തു' എന്ന മട്ടിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കമന്റുകള്‍.

തിരിച്ചടിയായ മറ്റൊരു വിഷയം സംവരണമാണ്. സംവരണ വിഷയത്തില്‍ പുനരാലോചന വേണമെന്ന ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവതിന്റെ പ്രസ്താവനയില്‍ ലാലു കയറിപ്പിടിച്ചു. ബി.ജെ.പി പിന്നാക്ക ജാതിക്കാര്‍ക്കെതിരാണെന്ന് സ്ഥാപിക്കാന്‍ ആ പ്രസ്താവന മതിയായിരുന്നു. അപകടം മണത്തറിഞ്ഞ് ബി.ജെ.പി വിഷയം വഴിമാറ്റാന്‍ ഒരു ശ്രമം നടത്തി നോക്കി. സംവരണത്തിന് മതകീയ ഛായ നല്‍കി. പിന്നാക്ക ജാതികളുടെ ഏകോപനം തടയുകയായിരുന്നു ലക്ഷ്യം. സംവരണത്തെ വര്‍ഗീയവത്കരിക്കാന്‍ മുമ്പില്‍ നിന്നതും പ്രധാനമന്ത്രി മോദി തന്നെ. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങളില്‍ മധുബാനിയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ലാലുവിനും നിതീഷിനുമെതിരെ മോദി ഒരു കാടടച്ച വെടി പാസാക്കി. 2005-ല്‍ ലാലുവും നിതീഷും, മുസ്‌ലിംകള്‍ക്ക് മതാടിസ്ഥാനത്തില്‍ സംവരണം നല്‍കാന്‍ സംവരണ തത്ത്വങ്ങള്‍ പുനപ്പരിശോധിക്കാന്‍ ആലോചിച്ചു എന്നായിരുന്നു ആരോപണം. സംവരണത്തിലെ 'ക്വാട്ട ഗൂഢാലോചന'യെക്കുറിച്ച് പ്രാദേശിക പത്രങ്ങളില്‍ ബി.ജെ.പി പരസ്യങ്ങള്‍ നല്‍കിക്കൊണ്ടുമിരുന്നു. 'ദലിതുകളില്‍ നിന്നും പിന്നാക്കക്കാരില്‍ നിന്നും സംവരണ ഓഹരികള്‍ പിടിച്ചെടുത്ത് ന്യൂനപക്ഷത്തിന് (മുസ്‌ലിംകള്‍ക്ക്) നല്‍കുന്നു' എന്നും പരസ്യത്തില്‍ എഴുതിച്ചേര്‍ത്തു.

ബി.ജെ.പിയുടെ ഈ തന്ത്രത്തിന് പിന്നിലുണ്ടായിരുന്നത്, മുസ്‌ലിംകളെ 'അപരരും' 'ശത്രുക്കളും' ആയി ചിത്രീകരിച്ച് മതകീയാടിസ്ഥാനത്തില്‍ ഹിന്ദുവോട്ട് ഏകീകരിക്കുക എന്നതായിരുന്നു. എന്നാല്‍, സാമൂഹിക നീതിയെക്കുറിച്ച വിചാരങ്ങളും മണ്ഡല്‍ രാഷ്ട്രീയവും ആഴത്തില്‍ വേരുകളൂന്നിയ ബിഹാറില്‍ ബഹുഭൂരിഭാഗം വോട്ടര്‍മാരും ബി.ജെ.പി ഒരുക്കിയ ഈ കെണിയില്‍ വീണില്ല. ബിഹാര്‍ പര്യടനത്തിനിടയില്‍ ദലിതുകളിലും പിന്നാക്കക്കാരിലും പെട്ട നിരവധിയാളുകളുമായി ആശയ വിനിയമം നടത്താന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. അവരൊക്കെയും പറഞ്ഞത്, തങ്ങള്‍ മഹാസഖ്യത്തിന് വോട്ട് ചെയ്യുമെന്നാണ്. കാരണം സവര്‍ണ താല്‍പര്യങ്ങളെയാണ് ബി.ജെ.പി സംരക്ഷിക്കുന്നതെന്ന് അവര്‍ക്ക് നല്ല ബോധ്യമുണ്ട്.

അര്‍വല്‍ ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് ലക്ഷ്മണ്‍പൂര്‍ ബത്തെ. ഒറ്റ രാത്രി കൊണ്ട് ഈ ഗ്രാമം ദേശീയ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. 1997 ഡിസംബര്‍ ഒന്നിന് 58 ദലിതുകളും പിന്നാക്കക്കാരുമാണ് ഇവിടെ കൂട്ടക്കൊല ചെയ്യപ്പെട്ടത്. ഉയര്‍ന്ന ജാതിക്കാരായ ഭൂമിഹാറിന്റെ സായുധ സംഘമായ രണ്‍വീര്‍ സേനയാണ് കൊലയാളികളെന്ന് പറയപ്പെടുന്നു. ലക്ഷ്മണ്‍പൂര്‍ ഗ്രാമനിവാസികളും ഒറ്റക്കെട്ടായി പറഞ്ഞത്, തങ്ങള്‍ മഹാസഖ്യത്തിന് വോട്ട് ചെയ്യുമെന്നാണ്. ''ബി.ജെ.പി വിജയിച്ചാല്‍ ഭൂമിഹാറുകളും രജ്പുതുക്കളും ഷേറുക(സിംഹങ്ങ)ളാകും.'' രവിദാസി ദലിതനായ മൃത്യുഞ്ജയ് കുമാര്‍ പറഞ്ഞു.

മുത്യുഞ്ജനെപ്പോലെ എഴുത്തുകാരന്‍ ശ്രീകാന്തും ബി.ജെ.പിയെ ബ്രാഹ്മണ പാര്‍ട്ടി എന്ന് വിശേഷിപ്പിക്കുന്നു. പിന്നാക്കക്കാരില്‍ നിന്ന് ചില സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് കൊണ്ട് മാത്രം അതിന് ബ്രാഹ്മണ പാര്‍ട്ടി എന്ന വിശേഷണം ഇല്ലാതാവുകയില്ല. ''ശരിയാണ്. ബി.ജെ.പി യാദവന്മാര്‍ക്ക് ടിക്കറ്റ് നല്‍കിയിട്ടുണ്ട്. പക്ഷേ, ഓരോ പാര്‍ട്ടിക്കും അതിന്റേതായ ഐഡന്റിറ്റി ഉണ്ടെന്ന കാര്യം നാം മറക്കരുത്. ബി.ജെ.പി ഒരു പിന്നാക്ക പാര്‍ട്ടിയാണെന്ന് ആരും പറയില്ല. അതൊരു ബ്രാഹ്മണ, മുന്നാക്ക പാര്‍ട്ടിയാണ്.''

ബീഫും സംവരണവും കഴിഞ്ഞാല്‍, വിലക്കയറ്റവും, ക്ഷേമ പ്രോജക്ടുകള്‍ക്ക് ഫണ്ട് വെട്ടിക്കുറച്ചതുമൊക്കെയാണ് ബി.ജെ.പിയെ പ്രതികൂലമായി ബാധിച്ച ഘടകങ്ങള്‍. ഖഗോളില്‍ നിന്ന് പാറ്റ്‌നയിലെ പ്രാന്ത നഗരമായ ഫൂല്‍വാരി ശരീഫിലേക്കുള്ള യാത്രയില്‍ മുച്ചക്ര വണ്ടിയിലെ യാത്രക്കാരിലധികവും സ്ത്രീകളായിരുന്നു. വില വര്‍ധനവിനെതിരെ മോദി ഗവണ്‍മെന്റിനോടുള്ള രോഷം അവര്‍ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ''ദാല്‍(പരിപ്പ്) ഇപ്പോള്‍ കയ്യെത്താ ഉയരത്തിലായി,'' എന്ന് ഒരു സ്ത്രീ പരിഭവിച്ചപ്പോള്‍ ഡ്രൈവര്‍ ഇടപെട്ടു: ''ഇനി ബി.ജെ.പിക്ക് വോട്ട് ചെയ്യരുത്. വോട്ട് ചെയ്താല്‍ വില ഇനിയും ഉയരും.'' സ്ത്രീകള്‍ വലിയ തോതില്‍ മഹാസഖ്യത്തിന് അനുകൂലമായി വോട്ട് ചെയ്തു എന്നു തന്നെയാണ് മനസ്സിലാവുന്നത്. തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കനുസരിച്ച്, 2015-ലെ ബിഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ 60.57 ശതമാനം സ്ത്രീകള്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍, പുരുഷന്മാരുടെ പോളിംഗ് 53.4 ശതമാനം മാത്രമാണ്. മഹാസഖ്യവും വിലവര്‍ധന തെരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്തിക്കൊണ്ട് വന്നിരുന്നു. വിലവര്‍ധന പറയുമ്പോഴെല്ലാം പെട്രോള്‍ വില കുറച്ചില്ലേ എന്ന് മോദി തിരിച്ചു ചോദിക്കുമായിരുന്നു. അതിനെക്കുറിച്ച് ലാലുവിന്റെ കമന്റ് ഇങ്ങനെ: ''പയര്‍ വര്‍ഗങ്ങള്‍ക്ക് വില കൂട്ടിക്കൊണ്ടിരിക്കുമ്പോള്‍ പെട്രോള്‍ വില കുറഞ്ഞതുകൊണ്ട് എന്തു കാര്യം? നിങ്ങള്‍ക്ക് പെട്രോളെടുത്ത് കുടിക്കാന്‍ പറ്റുമോ?''

ബിഹാറില്‍ മഹാസഖ്യം മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയതോടെ മോദിയെക്കുറിച്ച് പൊലിപ്പിച്ചെടുത്ത 'അജയ്യന്‍', 'ആര്‍ക്കും തടുത്തുനിര്‍ത്താനാവാത്തവന്‍' എന്ന മിത്താണ് ഒരു വര്‍ഷത്തിനകം രണ്ടാം തവണയും (ആദ്യത്തേത് ദല്‍ഹിയില്‍) തകര്‍ന്നു വീണത്. മോദി ഗവണ്‍മെന്റിന് എതിരെയുള്ള പ്രതിപക്ഷ ഏകോപനത്തിനും ഐക്യത്തിനും നവോന്മേഷം പകര്‍ന്നിരിക്കുകയാണ് നിതീഷിന്റെ വിജയം. അസഹിഷ്ണുത പടരുന്നതിനെതിരെ എഴുത്തുകാരും കലാകാരന്മാരും ചരിത്രകാരന്മാരും ബുദ്ധിജീവികളും മറ്റു പ്രമുഖരും നടത്തിവരുന്ന പ്രതിഷേധ സമരങ്ങള്‍ക്ക് ഈ വിജയം കൂടുതല്‍ വിശ്വാസ്യത നല്‍കുകയും ചെയ്തിരിക്കുന്നു. ബി.ജെ.പിയില്‍ മോദിയുടെയും പ്രസിഡന്റ് അമിത് ഷായുടെയും മേധാവിത്തം മറ്റു ഗ്രൂപ്പുകള്‍ ചോദ്യം ചെയ്യാനുള്ള സാധ്യതയും വര്‍ധിച്ചിരിക്കുന്നു.

ജെ.ഡി.യു, ആര്‍.ജെ.ഡി, കോണ്‍ഗ്രസ് സഖ്യം തിളക്കമാര്‍ന്ന വിജയം നേടിയെങ്കിലും അവര്‍ നേരിടുന്ന വെല്ലുവിളി അവസാനിച്ചിട്ടില്ല. ഈ വന്‍ ജനസമ്മതിയുടെ പ്രതീക്ഷകള്‍ക്കൊത്ത് അവര്‍ക്ക് ഉയരാനാകുമോ എന്നതാണ് യഥാര്‍ഥ വെല്ലുവിളി. പിന്നാക്കക്കാരും ദലിതുകളും മുസ്‌ലിംകളും മഹാസഖ്യത്തെ പിന്തുണക്കുമ്പോള്‍ത്തന്നെ ഇരുപത്തിയഞ്ചു വര്‍ഷം സംസ്ഥാനം ഭരിച്ച ഈ കക്ഷികള്‍ക്കെതിരെ അവര്‍ക്ക് ഒട്ടേറെ പരാതികളും പറയാനുണ്ട്. ഫൂല്‍വാരി ശരീഫില്‍ നിതീഷ് പങ്കെടുക്കുന്ന റാലിക്കെത്തിയതായിരുന്നു മധ്യ വയ്‌സകയായ ഇശ്‌റത്ത് പര്‍വീന്‍. അവരുടെ ഭര്‍ത്താവ് മരിച്ചുപോയി. ഇപ്പോള്‍ വീട്ടുവേലക്കാരിയായി ജോലി ചെയ്യുകയാണ്. അവര്‍ തന്റെ സങ്കടങ്ങള്‍ നിരത്തി. ''സ്ഥിരമായി ഒരു ജോലിയില്ല. ബി.പി.എല്‍ കാര്‍ഡില്ല. വീടോ ടോയ്‌ലറ്റ് സൗകര്യങ്ങളോ ഇല്ല.'' ദലിത് വിധവയായ മീനാകുമാരിയും ഇതുപോലുള്ള സങ്കടങ്ങള്‍ പങ്കുവെച്ചു. ഇത്തരം ജീവിത പ്രശ്‌നങ്ങളൊക്കെ ഉണ്ടെങ്കിലും, വോട്ട് നിതീഷിന് തന്നെ എന്നവര്‍ തറപ്പിച്ചു പറഞ്ഞു. മീനകുമാരിയെയും ഇശ്‌റത്ത് പര്‍വീനെയും പോലുള്ള അടിസ്ഥാന ജനവിഭാഗങ്ങളിലേക്ക് എത്രത്തോളം ഇറങ്ങിച്ചെല്ലാന്‍ കഴിയും എന്നിടത്താണ് മഹാസഖ്യത്തിന് നേരിടാനുള്ള യഥാര്‍ഥ പരീക്ഷണം. 

(ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ ചരിത്ര ഗവേഷണ വിദ്യാര്‍ഥിയാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /24-26
എ.വൈ.ആര്‍