Prabodhanm Weekly

Pages

Search

2015 നവംബര്‍ 20

വറുതിയുടെ എരിതീയില്‍ മദീന

പി.കെ.ജെ. /ഉമര്‍ സ്മൃതികള്‍

         ഹിജ്‌റ 18ാം വര്‍ഷം മദീനയും ഹിജാസും കൊടിയ ക്ഷാമത്തിന്റെ പിടിയിലായി. ഒമ്പത് മാസം നീണ്ടു നിന്ന ക്ഷാമം മദീനയെ പിടിച്ചുലച്ചു. കൊടും പട്ടിണിയുടെയും വറുതിയുടെയും ഭീകരദൃശ്യങ്ങള്‍ എങ്ങും. ആടുമാടുകള്‍ ചത്തൊടുങ്ങി. മനുഷ്യരും മൃഗങ്ങളും ഒരുപോലെ കെടുതികള്‍ക്കിരയായി. ഒരു നേരത്തെ ആഹാരത്തിനുള്ള വകപോലും കിട്ടാതെ കുഞ്ഞുങ്ങളും സ്ത്രീകളും അലമുറയിട്ടു കരഞ്ഞു. വിശപ്പിന്റെ ആര്‍ത്ത നാദങ്ങളാല്‍ വിശുദ്ധ നഗരി തേങ്ങി.

തന്റെ അധീനതയിലുള്ള രാജ്യങ്ങളിലേക്ക് ഉമറിന്റെ സന്ദേശം പറന്നു. വറുതിയുടെ എരിതീയില്‍ വെന്തെരിയുന്ന മദീനയെയും പരിസര പ്രദേശങ്ങളെയും സഹായിക്കാന്‍ അഭ്യര്‍ഥിക്കുന്ന കത്തുകളുമായി ദൂതന്മാര്‍ യാത്ര തിരിച്ചു. അംറുബ്‌നുല്‍ ആസ്വിന് എഴുതിയ കത്ത് ഇങ്ങനെ: ''ബിസ്മില്ലാഹിര്‍ റഹ്മാനിര്‍റഹീം. അല്ലാഹുവിന്റെ ദാസനായ അമീറുല്‍ മുഅ്മിനീന്‍ ഉമര്‍, അംറുബ്‌നുല്‍ ആസ്വിന് എഴുതുന്നത്. നിങ്ങള്‍ക്ക് സലാം. നിങ്ങളും നിങ്ങളുടെ ആളുകളും സുഖമായി ജീവിക്കുമ്പോള്‍ ഞാനും എന്റെ ആളുകളും നശിച്ചൊടുങ്ങണമെന്നാണോ നിങ്ങളുടെ വിചാരം? സഹായിക്കൂ! സഹായിക്കൂ! സഹായിക്കൂ!'' അംറുബ്‌നുല്‍ ആസ്വ് മറുപടി അയച്ചു: ''അമീറുല്‍ മുഅ്മിനീന്‍ ഉമറിന്, അംറുബ്‌നുല്‍ ആസ്വ്. അങ്ങേയ്ക്ക് അഭിവാദ്യങ്ങള്‍, സലാം. സഹായം എത്തിക്കഴിഞ്ഞു. കാത്തിരുന്ന് കൊള്ളുക. ഭക്ഷ്യ വിഭവങ്ങളും ധാന്യവും ചുമന്ന ഒട്ടകങ്ങള്‍ മദീനയില്‍ എത്തിക്കഴിഞ്ഞു. ഒട്ടകങ്ങളുടെ ഒരു തല അവിടെയെത്തുമ്പോള്‍ മറുതല ഇവിടെ നിന്ന് നീങ്ങിയിട്ടുണ്ടാവില്ല. കടല്‍ മാര്‍ഗവും ഭക്ഷ്യവിഭവങ്ങള്‍ എത്തിക്കാന്‍ ആവുമോ എന്ന് പരിശോധിക്കട്ടെ. കരമാര്‍ഗം ആയിരം ഒട്ടകങ്ങളും കടല്‍മാര്‍ഗം ഇരുപത് കപ്പലുകളും ഭക്ഷ്യവിഭവങ്ങളുമായി മദീനയെ ലക്ഷ്യമാക്കി നീങ്ങി. അയ്യായിരം വസ്ത്രക്കെട്ടുകള്‍ വേറെയും.''

മുആവിയക്ക് ഉമര്‍ എഴുതി: ''കത്ത് കിട്ടിയാല്‍ ആവുന്നത്ര ഭക്ഷ്യവിഭവങ്ങള്‍ ഇങ്ങോട്ടയക്കുക. ജനങ്ങള്‍ പട്ടിണി തിന്ന് മരിച്ചുവീഴുകയാണ്.'' സഅദുബ്‌നു അബീ വഖാസിന്നും എഴുതി ഇത് പോലെ. ഇരുവരും നൂറുകണക്കില്‍ ഒട്ടകക്കൂട്ടങ്ങളെ ഭക്ഷ്യവിഭവങ്ങളുമായി മദീനയിലേക്കയച്ചു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /24-26
എ.വൈ.ആര്‍