Prabodhanm Weekly

Pages

Search

2015 നവംബര്‍ 20

വിലങ്ങുകള്‍ പണിയുന്നവര്‍

എന്‍. ഖാലിദ്, ചെറിയകുമ്പളം/കുറിപ്പ്

         മത-സാംസ്‌കാരിക രംഗത്ത് ഒരുണര്‍വ് എങ്ങും പ്രകടമാണിന്ന്. കേരളത്തില്‍ മാത്രമല്ല, ലോകത്ത് എവിടെയും ഇത് ദൃശ്യമാണ്. ജനസേവനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളും എന്‍.ജി.ഒ കളും സ്തുത്യര്‍ഹമായ സേവനങ്ങള്‍ നടത്തി വരുന്നു. ഏറ്റവും നല്ല സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന സംഘടനകളെയും സ്ഥാപനങ്ങളെയും  കണ്ടെത്തി അനുമോദിക്കാനും അവാര്‍ഡുകള്‍ നല്‍കി ആദരിക്കാനും സംവിധാനങ്ങളുണ്ട്. മുന്‍കാലങ്ങളില്‍ ജനസേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നത്തെ പോലെ അവാര്‍ഡുകളും ആദരവുകളും ലഭിച്ചിരുന്നില്ല. അംഗീകാരത്തിനായി ജനസേവകര്‍ അധികൃതരുടെ  മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചു കാത്തിരിക്കുന്ന പതിവും അന്ന് ഇല്ലായിരുന്നു.

ദീര്‍ഘയാത്ര ചെയ്തു ക്ഷീണിച്ചു വരുന്നവര്‍ക്ക് വിശ്രമിക്കാനും ക്ഷീണമകറ്റാനും വഴിയോരങ്ങളില്‍ തണല്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുക, കുടിവെള്ളത്തിനായി പൊതുകിണര്‍ കുഴിക്കുക, വഴിയമ്പലങ്ങള്‍ നിര്‍മിക്കുക, വന്‍ചുമടുമെടുത്ത് നടന്നു നീങ്ങുന്ന തൊഴിലാളികള്‍ക്ക് പരസഹായമില്ലാതെ ചുമട് ഇറക്കിവെക്കാനും വീണ്ടും തലയിലേറ്റാനും സഹായകമാവുന്ന അത്താണികള്‍ പണിയുക, കുളം കുഴിക്കുക, തോട് വെട്ടുക എന്നിങ്ങനെയുള്ള മഹദ്പ്രവര്‍ത്തനങ്ങളായിരുന്നു മുന്‍തലമുറകള്‍ ചെയ്തു വന്നത്. പ്രചാരണ കോലാഹലങ്ങളോ സ്വാര്‍ഥ താല്‍പര്യങ്ങളോ  ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദകമായിരുന്നില്ല. ജനസേവനവും അതുവഴിയുള്ള ദൈവ പ്രീതിയും മാത്രമായിരുന്നു അവരുടെ ലക്ഷ്യം.

പൊന്നും വില കിട്ടുന്ന ഭൂമി വഖ്ഫ് ചെയ്തുകൊണ്ടാണ്  പല മഹത്തുക്കളും പൊതുജന സേവനം നടത്തി വന്നത്. ഈ മഹത്തുക്കള്‍ വഖ്ഫ് ചെയ്ത ഭൂമികളില്‍ ഇന്ന് പുതുതലമുറ പടുത്തുയര്‍ത്തിയ മദ്‌റസാ കെട്ടിടങ്ങളും പള്ളികളും വഖ്ഫിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കൊത്തുയര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് സമൂഹം സന്ദേഹിക്കുന്നു. ലക്ഷങ്ങള്‍ ചെലവാക്കി പണിതുയര്‍ത്തുന്ന മദ്‌റസാ കെട്ടിടങ്ങള്‍ രണ്ട് മണിക്കൂര്‍ മാത്രമേ ഉപയോഗപ്പെടുത്തുന്നുള്ളൂ. പത്തു മണിയാകുമ്പോഴേക്ക് മദ്‌റസകള്‍ പൂട്ടി അധ്യാപകര്‍ സ്ഥലം വിടുന്നു. ലക്ഷങ്ങള്‍ ചെലവിട്ട് പള്ളികള്‍ പണിതുയര്‍ത്തുന്നു. ഏതു പിശുക്കന്റെയും കൈകള്‍ തുറക്കപ്പെടും വിധം വാഗ്വിലാസം നടത്തുന്ന പ്രശസ്ത വാഗ്മികളെ വിലയ്‌ക്കെടുത്ത് ജനത്തെ ത്രസിപ്പിച്ച് പണപ്പിരിവുകള്‍ നടത്തി വന്‍ സൗധങ്ങള്‍ പണിയുന്നു. 'അവരുടെ പള്ളികള്‍ അമ്പരപ്പിക്കുന്നതാണ്, പക്ഷേ സന്മാര്‍ഗത്തില്‍ നിന്ന് അത് ഏറെ അകലെയായിരിക്കും' എന്ന നബി വചനത്തെ ഓര്‍മ്മിപ്പിക്കുമാറ് ഈ സൗധങ്ങള്‍ ആകാശങ്ങള്‍ മുട്ടി നില്‍ക്കുന്നു.

വിലപിടിപ്പുള്ള ബാത്ത്‌റൂം ഫിറ്റിംഗുകള്‍ കൊണ്ടും ടൈല്‍സുകള്‍ കൊണ്ടും അലങ്കരിച്ച ടോയ്‌ലറ്റുകള്‍ നിരവധി. ആരും നോക്കിപ്പോകുന്ന പെയിന്റിംഗ് ഏറെ മഹത്തരം!

സമയം തെറ്റി ട്രെയ്‌നില്‍ നിന്നോ ബസ്സില്‍ നിന്നോ ഇറങ്ങിയ യാത്രക്കാരന് രാത്രി നമസ്‌കാരം നിര്‍വഹിക്കണമെന്ന് കരുതി പള്ളിയെ ലക്ഷ്യമാക്കി നടന്നെത്തിയാലോ, അത് പൂട്ടി സീല്‍ വെച്ചത് കണ്ട് മടങ്ങേണ്ടിവരുന്നു. പട്ടണ പ്രദേശങ്ങളിലാണ് ഇത്തരം ആവശ്യക്കാര്‍ അധികവും; അവിടെ തന്നെയാണ് നമസ്‌കാര സൗകര്യം തടയുന്ന പ്രവണതയും കൂടുതല്‍ കണ്ടുവരുന്നത്. നാട്ടിന്‍പുറങ്ങളിലും ഇമാം പള്ളി പൂട്ടി സ്ഥലം വിടുക ഇന്ന് സാധാരണമായിട്ടുണ്ട്. 'അല്ലാഹുവിന്റെ ഭവനങ്ങളില്‍ ആരാധന നടത്തുന്നത് വിലക്കുന്നവനെക്കാള്‍ അക്രമി മറ്റാരുണ്ട്' എന്ന വിശുദ്ധ ഖുര്‍ആന്റെ താക്കീത് എല്ലാവരും മറക്കുന്നു. എല്ലാ സംഘടനകളും മത്സരിച്ച് തങ്ങളുടെ അധീനതയില്‍ പള്ളി പണിയുന്നു. എന്നാല്‍ പള്ളി പൂട്ടിയിടുന്നതില്‍ എല്ലാവരും യോജിച്ചും പ്രവര്‍ത്തിക്കുന്നു!

അഞ്ചു നേരത്തെ നമസ്‌കാരത്തിന് ആര്‍ക്കും വരാം. പക്ഷേ ഓരോ സമയം കഴിഞ്ഞാലും പള്ളി മാത്രമല്ല, പള്ളിയോടനുബന്ധിച്ച് നിര്‍മിച്ച ശുചീകരണ സംവിധാനങ്ങളും ശൗച്യാലയങ്ങളും പൂട്ടിയിടപ്പെടുന്നതാണ് ഏറെ ദുഖഃകരം.

ജലാംശം വലിച്ചെടുക്കുന്ന കടലാസ് തുണ്ടോ മറ്റോ കിട്ടിയാല്‍ അനായാസം എവിടെയും നിര്‍വഹിക്കാന്‍ കഴിയുന്ന മൂത്ര വിസര്‍ജനത്തിന് പള്ളിയോടുനുബന്ധിച്ച് നിരവധി സൗകര്യങ്ങള്‍! എന്നാല്‍ പ്രത്യേക മറകളില്ലാതെ ഒഴിഞ്ഞിരിക്കാന്‍ കഴിയാത്ത രണ്ടാമത്തെ ആവശ്യം നിര്‍വഹിക്കാന്‍ വളരെ കുറഞ്ഞ സൗകര്യം. അതു തന്നെ ആവശ്യക്കാരന് ഉപയോഗിക്കാന്‍ കഴിയണമെങ്കില്‍ ഇമാമിനെ കണ്ട് കാര്യം ബോധ്യപ്പെടുത്തി അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച്, ഒടുവില്‍ താക്കോല്‍ കിട്ടിയിട്ട് വേണം. അപ്പോഴേക്കും ആഗതന്‍ തന്റെ ആവശ്യം പിടിച്ചു നിര്‍ത്താന്‍ പാടുപെട്ട് ഒരു പരുവത്തിലായിട്ടുണ്ടാകും. എന്തിനീ സൗകര്യം വിലക്കുന്നു? ആവശ്യക്കാരനല്ലേ ഇതുപയോഗിക്കുകയുള്ളൂ. നിയന്ത്രണമില്ലാതെ ഇതു തുറന്നിട്ടാല്‍ ആകെ മലിനമാകുന്നു എന്നതാണ് ന്യായം. വരുന്നവരും മലിനമാക്കുന്നതിനെ ഭയക്കുന്നവരാണല്ലോ. അവര്‍ക്കും നമസ്‌കരിക്കണമല്ലോ. അതിനുള്ള നിര്‍ദേശങ്ങള്‍ കൂടി നല്‍കിയാല്‍ പോരേ.

എന്തിനാണ് ഇത്തരം വിലക്കുകള്‍? പള്ളിയില്‍ കിടക്കരുത്, ഉറങ്ങരുത്! തന്റെ ദാസന്‍മാരെ അവരനുഭവിക്കുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കുന്നവരോട് ദൈവം കോപിക്കുമോ? ക്ഷീണിച്ചവശരായി വരുന്നവന്‍ തന്റെ ഭവനത്തില്‍ കയറി അല്‍പം വിശ്രമിച്ചാല്‍ ദൈവശിക്ഷ കിട്ടുമോ? നേരം തെറ്റിയെത്തിയ യാത്രക്കാരന് നമസ്‌കാരത്തിനായി പള്ളി തുറന്നിട്ടാല്‍ കുറ്റമായിത്തീരുമോ?  പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സമൂഹത്തിന് അവസരം കൊടുക്കുന്നതിലൂടെ വന്നുചേരുന്ന സാമ്പത്തിക ബാധ്യതക്കുള്ള തുക കൂടി ബജറ്റില്‍ പള്ളി ഭരണസമിതിക്ക് വകയിരുത്തിക്കൂടേ?

പള്ളിയെ അനാദരിക്കരുത് എന്നറിയാവുന്ന ഏതൊരാള്‍ക്കും പള്ളി ഉപയോഗപ്പെടണം. ഏതു സമയവും തന്റെ ദാസന്‍മാര്‍ക്ക് തന്നെ വണങ്ങാന്‍ സൗകര്യം ലഭിക്കേണ്ടതുണ്ട്. സദ്ഗുണങ്ങള്‍ സമൂഹത്തില്‍ നട്ടു വളര്‍ത്തുക. നന്മ വിളയാത്ത മനസ്സിനുടമകളുടെ നമസ്‌കാരം നാശമല്ലാതെ വരുത്തില്ല.

'ചെറിയ ഉപകാരങ്ങള്‍ തടയുകയും മറ്റുള്ളവരുടെ മുമ്പില്‍ ഭക്തി നടിക്കുകയും അശ്രദ്ധമായി നമസ്‌കരിക്കുകയും ചെയ്യുന്നവര്‍ക്ക് നാശം' എന്ന വിശുദ്ധ ഖുര്‍ആന്‍ വചനം ഓര്‍ക്കുക. പള്ളിയും മറ്റു അനുബന്ധ സൗകര്യങ്ങളും സമൂഹത്തിന് ഉപകരിക്കട്ടെ. പൂര്‍വികര്‍ വെട്ടിയ പാതയിലൂടെ സഞ്ചരിച്ച് ദൈവഹിതം സാധിച്ചെടുക്കുക; അതുവഴി സ്വര്‍ഗീയ സുഖങ്ങളും. നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ വഴിനടത്തേണമേ എന്ന സൂറഃ അല്‍ഫാതിഹയിലെ പ്രാര്‍ഥന ഫലവത്താകുന്നത് അപ്പോഴാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /24-26
എ.വൈ.ആര്‍