ആത്മാര്‍ഥത ജീവിതത്തിന്റെ അടയാളമാവണം
'ഏതുകാര്യവും ആത്മാര്‍ഥതയോടെ ചെയ്യുകയെന്നതാണ് ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത്' -മാലികുബ്‌നുദീനാര്‍.
ജീവിതത്തിലുടനീളം ഉറപ്പുവരുത്തേണ്ട അധ്യാത്മിക ഗുണമാണ് ആത്മാര്‍ഥത. അറബി ഭാഷയിലതിന് ഇഖ്‌ലാസ്വ് എന്ന് പറയും. ഇഖ്‌ലാസ്വ് ജീവിതത്തിന്റെ അടയാളമാവണം. എന്തിലും ഏതിലും ദൈവപ്രീതി മാത്രം കൊതിക്കലാണ് അത്. സാധകന്റെ അകവും പുറവും ഒരുപോലെയാവലാണത്. ആരാധനകളിലും വ്യവഹാരങ്ങളിലും ആത്മാര്‍ഥത നിര്‍ബന്ധമാണ്. കാരണം അവയുടെ സത്തയാണ് അത്. ആത്മാര്‍ഥതയില്ലെങ്കില്‍ ദൈവത്തിന്റെ അടുത്ത് അവയൊന്നും സ്വീകാര്യമാവില്ല. കേവലം രൂപങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി അവ ചുരുങ്ങും. ഹരിതകമില്ലാത്ത ഉണങ്ങിയ വൃക്ഷം പോലിരിക്കും പിന്നീടവ. അതിനാല്‍ ആത്മാര്‍ഥത കൊണ്ട് ജീവിതത്തെ പ്രകാശപൂരിതമാക്കണം. ആത്മാര്‍ഥതയാണ് ജീവിതത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ നവീകരിക്കുന്നത്. വിശ്വാസികളുടെ ഉദ്ദേശ്യങ്ങളാണ് പ്രവര്‍ത്തനങ്ങളെക്കാള്‍ ഉത്തമമെന്നും, കര്‍മങ്ങള്‍ ഉദ്ദേശ്യാടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെടുന്നതെന്നും പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്.
ജീവിതത്തില്‍ ഇഖ്‌ലാസ്വ് ഉറപ്പാക്കണമെന്ന് വിശുദ്ധവേദവും തിരുചര്യയും ആഹ്വാനം ചെയ്യുന്നുണ്ട്. വിശുദ്ധവേദം പറയുന്നു: ''വഴക്കം ദൈവത്തിന് മാത്രമാക്കി അവനെ വഴിപ്പെട്ട് നേര്‍വഴിയില്‍ ജീവിക്കാനല്ലാതെ അവര്‍ ആജ്ഞാപിക്കപ്പെട്ടിട്ടില്ല''(അല്‍ബയ്യിന:5). പ്രവാചകന്‍ പറയുന്നു: ''ആത്മാര്‍ഥമായ മനസ്സോടെ അല്ലാഹുവല്ലാതെ മറ്റൊരു ദൈവമേയില്ലെന്ന് പ്രഖ്യാപിച്ചവനാണ് അന്ത്യദിനത്തില്‍ എന്റെ ശിപാര്‍ശയിലൂടെ കൂടുതല്‍ സൗഭാഗ്യവാനാവുക''(ബുഖാരി).
'അല്ലാഹുവല്ലാതെ മറ്റൊരു ദൈവവുമില്ല, മുഹമ്മദ് (സ) അല്ലാഹുവിന്റെ ദൂതനാകുന്നു' എന്ന ഇസ്‌ലാമിക ദര്‍ശനത്തിന്റെ ആദര്‍ശവുമായിട്ടാണ് ഇഖ്‌ലാസ്വിന്റെ ബന്ധം. ആദര്‍ശത്തിന് രചനാത്മകവും നിഷേധാത്മകവുമായ രണ്ട് വശങ്ങളുണ്ടല്ലോ. രചനാത്മക വശത്തെ അംഗീകരിക്കുകയും നിഷേധാത്മകവശത്തെ തിരസ്‌കരിക്കുകയും ചെയ്യണം. കേവലമായ അംഗീകാരവും തിരസ്‌കാരവും പോരാ. കറകളഞ്ഞ മനസ്സോടെ പൂര്‍ണാര്‍ഥത്തില്‍ ആയിരിക്കണം അംഗീകാരവും തിരസ്‌കാരവും. തുടര്‍ന്ന് ദൈവത്തിനുള്ള സമര്‍പ്പണബോധത്തോടെ ജീവിതം ആദര്‍ശത്തിന് ചുറ്റും കറങ്ങണം. സമര്‍പ്പണത്തില്‍ ആദര്‍ശത്തിന് വിരുദ്ധമായ ഒന്നും കലരാന്‍ പാടില്ല. ആദര്‍ശബോധത്തിന്റെ വഴിത്താരയില്‍ ചലിക്കുമ്പോള്‍ വികസിക്കുന്ന ഈ മനോഭാവമാണ് യഥാര്‍ഥ ഇഖ്‌ലാസ്വ്. ഏകദൈവവിശ്വാസത്തിന്റെ ആത്മാവാണിത്. ജീവിതത്തിലെ ചെറുതും വലുതുമായ ഓരോന്നും ഈ മനോഭാവത്തോടെയാണ് വിശ്വാസി നിര്‍വ്വഹിക്കേണ്ടത്. ഉദാഹരണത്തിന് പ്രാര്‍ഥന എങ്ങനെയാകണമെന്നതിനെക്കുറിച്ച് വിശുദ്ധ വേദം പറയുന്നത് നോക്കുക:''അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. അവനല്ലാതെ ദൈവമില്ല. അതിനാല്‍ ആത്മാര്‍ഥതയോടെ അവനു മാത്രം കീഴ്‌പ്പെടുക. അവനോട് മാത്രം പ്രാര്‍ഥിക്കുക. പ്രപഞ്ചനാഥനായ ദൈവത്തിനാണ് സര്‍വ്വസ്തുതിയും'' (അല്‍മുഅ്മിന്‍: 65).
ആത്മീയ ലോകവുമായിട്ടാണ് ഇഖ്‌ലാസ്വിന്റെ ബന്ധം. ഇഖ്‌ലാസ്വ് തന്റെ പൊരുളുകളില്‍ ഒരു പൊരുളാണെന്നും, താന്‍ സ്‌നേഹിക്കുന്ന ദാസന്റെ ആത്മാവില്‍ അതിനെ നിക്ഷേപിക്കുമെന്നും ഖുദ്‌സിയ്യായ ഒരു ഹദീസില്‍ അല്ലാഹു പറഞ്ഞിട്ടുണ്ട്. ബാഹ്യകര്‍മങ്ങളിലേക്കോ രൂപങ്ങളിലേക്കോ അല്ല,ആത്മാവിലേക്കും അതിന്റെ പ്രചോദനത്തിലേക്കുമാണ് ദൈവത്തിന്റെ നോട്ടമെന്ന് പ്രവാചകനും പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ ആത്മാവിനെ ഇഖ്‌ലാസ്വ് ത്രസിപ്പിക്കുന്നു. സ്വത്വത്തെ ദൈവത്തില്‍ കേന്ദ്രീകരിക്കാാന്‍ സാധകനെ സഹായിക്കുന്നു അത്. അപ്പോള്‍ ദൈവം മാത്രമായിരിക്കും തന്റെ പ്രണയഭാജനം. ദൈവം അപ്പോള്‍ ആത്മാവിന്റെ സൗന്ദര്യമായിത്തീരുന്നു. ദൈവസ്‌നേഹവും ദൈവസാമീപ്യവും ദൈവസംതൃപ്തിയുമാണ് ഇഖ്‌ലാസ്വിന്റെ അടിത്തട്ടില്‍ വര്‍ത്തിക്കുന്നത്.
ആത്മാര്‍ഥപൂര്‍ണമായ ജീവിതത്തിന് വലിയ പ്രാധാന്യമാണ് പൂര്‍വ്വസുരികള്‍ നല്‍കിപ്പോന്നത്. ജീവിതത്തിന്റെ ഒരു നിര്‍ണായക സന്ദര്‍ഭത്തില്‍ ഇമാം ഗസ്സാലി തന്റെ ജീവിതത്തെ ആത്മപരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ആത്മാര്‍ഥമായ ദൈവപ്രീതിക്ക് പകരം ഭൗതിക പ്രലോഭനവും ഐഹികപ്രശസ്തിയുമാണ് ബഗ്ദാദിലെ തന്റെ അധ്യാപനവൃത്തിക്ക് പിന്നിലെ പ്രചോദനമെന്ന് ഇമാം തിരിച്ചറിയുന്നു. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സ്വത്വത്തെ സ്ഫുടം ചെയ്യുന്നതിന് ഗസ്സാലി ദീര്‍ഘകാലം നീണ്ട ഏകാന്തയാത്രക്ക് തുടക്കം കുറിക്കുന്നത്. തുടക്കം സിറിയയിലേക്കായിരുന്നു. ദമസ്‌കസിലെ ഉമവീ മസ്ജിദില്‍ രണ്ടുവര്‍ഷത്തോളം ധ്യാനനിരതനായി കഴിച്ചുകൂട്ടി. സ്വത്വശുദ്ധീകരണാര്‍ഥം പ്രാര്‍ഥനയിലും ധ്യാനത്തിലും ദൈവസ്മരണയിലും നിമഗ്നനായി. തുടര്‍ന്നുള്ള തന്റെ ജീവിതം ആത്മാര്‍ഥപൂര്‍ണമായിരിക്കുമെന്ന് പ്രതിജ്ഞയെടുത്തു.
ആത്മാര്‍ഥമായ ജീവിതത്തിന് ഭംഗം വരുത്തുന്ന അഹംഭാവം, പൊങ്ങച്ചം, പ്രദര്‍ശനപരത എന്നിവയെ കരുതിയിരിക്കണം നാം. ഒരുനിലക്കും ദൈവഭക്തന്മാര്‍ക്ക് ചേരാത്ത, ചെറിയ മനുഷ്യര്‍ക്ക് മാത്രം ചേരുന്ന അധമസ്വഭാവങ്ങളാണവ. മനുഷ്യനെ പിശാചിന്റെ നിലവാരത്തിലേക്ക് താഴ്ത്തുന്നു അത്തരം അധമവികാരങ്ങള്‍. അപരര്‍ കാണുന്നതിനു വേണ്ടി ആരാധനകളും കര്‍മങ്ങളും നിര്‍വ്വഹിക്കലാണ് അവയുടെ പ്രചോദനം. ഈ അധമ വികാരങ്ങള്‍ പേറി ജീവിക്കുന്നവന് നിത്യനാശമായിരിക്കും ഫലമെന്ന് വിശുദ്ധവേദം ഓര്‍മപ്പെടുത്തുന്നുണ്ട്. അധമ വികാരങ്ങളുടെ അടിസ്ഥാനത്തില്‍ ജീവിതം നയിക്കല്‍ ദൈവത്തിന് പങ്കാളികളെ ചേര്‍ക്കലാണെന്ന് പ്രവാചകനും പഠിപ്പിക്കുന്നു. മറ്റുള്ളവരുടെ അംഗീകാരമല്ല, ദൈവത്തിന്റെ അംഗീകാരമാണ് പ്രധാനം എന്ന ബോധത്തിന്റെയും ബോധ്യത്തിന്റയും അടിസ്ഥാനത്തിലാണ് വിശ്വാസി തന്റെ ജീവിതത്തെ ചിട്ടപ്പെടുത്തേണ്ടത്.
Comments