Prabodhanm Weekly

Pages

Search

2015 നവംബര്‍ 20

പിഴച്ച ചിന്താഗതിക്കാര്‍ നുഴഞ്ഞുകയറുന്ന വിധം

എ.ആര്‍ അഹ്മദ്ഹസന്‍ പെരിങ്ങാടി

പിഴച്ച ചിന്താഗതിക്കാര്‍ 
നുഴഞ്ഞുകയറുന്ന വിധം

''ഖാദിയാനികളുടെ കുതന്ത്രങ്ങളെ കരുതിയിരിക്കുക'' (ലക്കം 2920) എന്ന കുറിപ്പിന്നനുബന്ധമായി ചില കാര്യങ്ങള്‍ കൂടി സൂചിപ്പിക്കുകയാണ്. ഇന്ന് പലര്‍ക്കും ദീനി വിദ്യാഭ്യാസം തീരെ കിട്ടുന്നില്ല. അത് കൊണ്ട് തന്നെ പല വിധ കെണികളിലും കുടുങ്ങി ഫലത്തില്‍ മതപരിത്യാഗികളായി മാറുന്നവര്‍ ഏറെയുണ്ട്. ദീനില്‍ അവഗാഹമില്ലാത്ത ശുദ്ധന്മാര്‍ ഖാദിയാനിസം പോലുള്ള ധാരകളില്‍ കുടുങ്ങി പിഴച്ചു പോകുമ്പോള്‍ അവരെ മുദ്രയടിച്ച് പുറത്താക്കുകയല്ല, മറിച്ച് രചനാത്മക ശൈലിയില്‍ അവരെ തിരിച്ചു കൊണ്ടുവരാന്‍ പ്രാര്‍ഥനാപൂര്‍വം ഉല്‍സാഹിക്കുകയാണ് വേണ്ടത്. മൗലികമായി ദീന്‍ പഠിക്കാത്തവര്‍ക്ക്, വഴിതെറ്റി പുറത്തായി പോകുന്നതിന്റെ അതിര്‍വരമ്പുകള്‍ സംബന്ധിച്ച് കൃത്യമായ ധാരണയില്ല. ഇവര്‍ ഗുരുതരമാംവിധം വഴിതെറ്റിയിരിക്കുന്നുവെന്നത് ഇവരോ ഇവരുടെ കുടുംബമോ സമുദായമോ അറിയുന്നില്ല. ബാഹ്യാര്‍ഥത്തില്‍ ഇവര്‍ സമുദായത്തിന്റെ ഭാഗമാണ്. ഇവര്‍ക്ക് ദീനീചിട്ടയുള്ള പെണ്‍മക്കളെ കെട്ടിച്ചു കൊടുക്കുകയും ചെയ്യുന്നു. കുറെ മുന്നോട്ട് നീങ്ങുമ്പോള്‍ ഒരുപക്ഷേ കുറച്ചൊക്കെ തിരിച്ചറിഞ്ഞെന്ന് വരും. അപ്പോഴേക്കും പക്ഷേ തിരുത്തോ തിരിച്ചുവരവോ സാധ്യമല്ലാത്തവിധം സങ്കീര്‍ണാവസ്ഥയിലായിക്കഴിഞ്ഞിരിക്കും.

ബാഹ്യമാത്രമായ താരതമ്യത്തില്‍ ഖാദിയാനികളുടെ മഹത്വം പറയുന്ന ചിലരെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഖാദിയാനികളുടെ ബാഹ്യപ്രകടനവും മതകീയ രീതികളും നിഷ്ഠകളും മാത്രം പരിഗണിക്കുകയും, 'അഖീദ' ചിന്താവിഷയമാകാതിരിക്കുകയും ചെയ്യുന്ന ദുരവസ്ഥ സമുദായത്തിന്റെ കൂട്ടായ ഗൗരവ ചിന്തക്ക് വിഷയീഭവിക്കേണ്ടതുണ്ട്. കണ്ണൂര്‍ ജില്ലയിലെ ഒറ്റപ്പെട്ട ചില കുടുംബങ്ങളില്‍ നമസ്‌കരിക്കാത്ത 'സുന്നി' പുതിയാപ്പിളയേക്കാളും ഭേദപ്പെട്ട 'മുത്തഖി'കളായി ഖാദിയാനികള്‍ സസുഖം കഴിഞ്ഞുകൂടുന്നുണ്ടെന്ന് പറയപ്പെടുന്നു. ഖാദിയാനികള്‍ മാത്രമല്ല വേറെയും ചില പിഴച്ച ചിന്താഗതിക്കാര്‍ ഇങ്ങനെ സമുദായത്തിനകത്ത് ആര്‍ക്കും തിരിച്ചറിയാനാവാത്ത വിധം കഴിഞ്ഞുകൂടുന്നുണ്ട്. 

ഹദീസ്-സുന്നത്ത്-നിഷേധ പ്രവണത സംക്രമിച്ച് തികഞ്ഞ മതപരിത്യാഗ(രിദ്ദത്ത്)ത്തിലേക്കെത്തുന്ന പ്രവണതകളും, യുക്തിചിന്തയും യുക്തിവാദവും മൂത്ത് ഫലത്തില്‍ മതപരിത്യാഗികളായി മാറുന്ന സങ്കടകരമായ അവസ്ഥയും, ദീനിയായി ശരിയായ അടിത്തറയില്ലാത്തവരുടെ സ്വതന്ത്രചിന്ത വഴിമാറി വഴികേടിലേക്ക് കൂപ്പുകുത്തുന്ന അവസ്ഥയും യുവതലമുറയില്‍ കണ്ടുവരുന്നുണ്ട്. കാടുകേറിയ 'സ്വൂഫിസ'ത്തില്‍ നീന്തിക്കുളിച്ച് ആശയക്കുഴപ്പത്തിന്റെ ആഴക്കടലില്‍ ആപതിച്ച് ഉഴലുന്നവരും ഏറെയുണ്ട്. സ്വൂഫിസത്തിലും മിസ്റ്റിസിസത്തിലും മയങ്ങി മുസ്‌ലിം യുവാക്കളില്‍ പലരും പരമപ്രധാനമായ രിസാലത്തിനെയും (പ്രവാചകന്മാര്‍ വഴിയുള്ള ദൈവിക മാര്‍ഗദര്‍ശനം) മുഹമ്മദ് നബി(സ)യുടെ അന്ത്യപ്രവാചകത്വത്തെയും ഫലത്തില്‍ നിരാകരിക്കുന്നേടത്തോളം എത്തിപ്പെടുന്നു. വേറെ ചിലര്‍ സര്‍വമത സത്യവാദമെന്ന അര്‍ഥശൂന്യവും അനര്‍ഥകരവുമായ പരിണതിയിലെത്തിച്ചേരുന്നു.

സ്വന്തമായി എത്തിച്ചേര്‍ന്ന പലതരം അബദ്ധ നിഗമനങ്ങള്‍ കൊണ്ടുനടക്കുന്ന ചില അഭ്യസ്ത വിദ്യരെയും പലയിടത്തും കണ്ടുവരുന്നു. ഇവരിലധിക പേരും ഇസ്‌ലാമിക പ്രമാണങ്ങളെ മൂലഭാഷയില്‍ ആധികാരികമായി പഠിച്ചവരല്ല. പലപ്പോഴും ഇംഗ്ലീഷ് സാഹിത്യങ്ങളെയാണ് ഇവര്‍ അവലംബിക്കുന്നത്. വേറെ ചിലര്‍ക്ക് ഇന്റര്‍നെറ്റില്‍ നിന്നും മറ്റും കിട്ടിയ കുറെ നുറുങ്ങുകളാണ് മൊത്തം കൈമുതല്‍.  ഇത്തരക്കാരില്‍ പലരും സോഷ്യല്‍ മീഡിയയിലും മറ്റും നടത്തുന്ന പ്രസരണങ്ങളിലേറെയും ആശയക്കുഴപ്പങ്ങളുണ്ടാക്കുന്നതാണ്. 

ഖാദിയാനികള്‍, യുക്തിവാദികള്‍, സുന്നത്ത് നിഷേധികള്‍, സര്‍വമത സത്യവാദികള്‍, മിസ്റ്റിസിസത്തിന്റെ വക്താക്കള്‍ തുടങ്ങിയവര്‍ ഫലത്തില്‍ പരസ്പരം സഹായികളോ മിത്രങ്ങളോ ആയി മാറുന്നുണ്ടെന്നതാണനുഭവം. ചിലത് ബോധപൂര്‍വമല്ല; മറ്റ് ചിലത് ഉദ്ദേശ്യപൂര്‍വം തന്നെയാവാനാണിട. മുഹമ്മദ് നബി(സ)യുടെ അന്ത്യപ്രവാചകത്വം, വിശുദ്ധ ഖുര്‍ആനിന്റെ അമാനുഷികത, ഇസ്‌ലാമിന്റെ സാര്‍വകാലിക പ്രസക്തി തുടങ്ങിയ കാര്യങ്ങളില്‍ വസ്‌വാസ് ഉണ്ടാക്കി ആശയക്കുഴപ്പം വളര്‍ത്തുന്നതില്‍ ഇവരെല്ലാം ഫലത്തില്‍ ഒറ്റക്കെട്ടാണ്. 

മതസംഘടനകളുടെ തമ്മിലടി മുസ്‌ലിം യുവാക്കളില്‍ വലിയ മടുപ്പും മുഷിപ്പും അതിലുപരി ആശയക്കുഴപ്പങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇതിനെ മേല്‍പറഞ്ഞവര്‍ ഉപയോഗപ്പെടുത്തുന്നുമുണ്ട്. വളരെ അപ്രസക്തവും കാലഹരണപ്പെട്ടതുമായ വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള നിലവാരമില്ലാത്ത വാദകോലാഹങ്ങള്‍ (ഉദാ: തിരുകേശം, ജിന്ന് മുതലായവ) ഒരുപാട് കുഴപ്പങ്ങളാണുണ്ടാക്കിയതും ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതും. മതസംഘടനകള്‍ പരസ്പരം ഉപയോഗിക്കുന്ന ഭാഷയും ശൈലിയും മറ്റും മടുപ്പും മുഷിപ്പും വര്‍ധിപ്പിക്കുന്നു. മതസംഘടനകള്‍ കാലോചിതമായ മുന്‍ഗണനാക്രമമോ ഔചിത്യമോ തീരെ ദീക്ഷിക്കുന്നില്ല; യഥാര്‍ഥത്തില്‍ ആകെ മുസ്‌ലിംകളില്‍ പകുതിയേ സംഘടനാ വൃത്തങ്ങളിലുള്ളൂ. ബാക്കിയുള്ളവരില്‍  40 ശതമാനത്തോളവും മതസംഘടനാവൃത്തത്തിന് പുറത്താണ്. ഇവരില്‍ സിംഹഭാഗവും പുതുതലമുറയുമാണ്. 

എ.ആര്‍ അഹ്മദ്ഹസന്‍ പെരിങ്ങാടി

എതിര്‍ക്കുന്നവരോട് അയല്‍രാജ്യം ചൂണ്ടിക്കാണിക്കുന്നവര്‍

ഴിമതിയുടെ കൂടാരത്തില്‍ നിന്ന് മോചനം ആഗ്രഹിച്ചിരുന്ന ഇന്ത്യന്‍ ജനതക്ക് വികസനത്തിന്റെ വിസ്‌ഫോടനം വാഗ്ദാനം ചെയ്താണ് മോദിയുടെ സംഘപരിവാരം 33 ശതമാനം വരുന്ന വോട്ടര്‍മാരുടെ പിന്തുണയോടെ പാര്‍ലമെന്റ് പിടിച്ചടക്കുന്നത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ എല്ലാം സൗജന്യമായിരിക്കും, സ്വാതന്ത്ര്യത്തിന്റെ പറുദീസയായിരിക്കും എന്നെല്ലാം ദിവാസ്വപ്നം കണ്ടവര്‍ പിന്നീട് വിരല്‍കടിച്ചിട്ടുണ്ട് എന്നത് ചരിത്രം. ഗതികെട്ട പാമരന്മാര്‍ കരുതിയതും മോദി വരുന്നതോടെ ഇന്ത്യ മൊത്തത്തില്‍ മാറുന്ന കാലം വന്നെത്തും എന്നൊക്കെയാണ്. അധികാരം കിട്ടിയ മോദി പരലോകമൊഴിച്ച് എല്ലാ രാജ്യങ്ങളും കറങ്ങിയടിക്കാന്‍  നേരം കണ്ടപ്പോള്‍  അമിത്ഷായും ശിഷ്യഗണങ്ങളും മദം പൊട്ടിയ ആനകളെപ്പോലെ ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വം എന്ന സുന്ദരമുഖം ചവിട്ടി മെതിക്കുകയായിരുന്നു. പാര്‍ലമെന്റ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട സ്വാമിമാര്‍ വരെ പോര്കാളയെപ്പോലെ ഇന്ത്യന്‍ മതേതരത്വത്തെ കുത്തി മറിച്ചിടുകയായിരുന്നു. വിദേശ വിസ്മയങ്ങള്‍ക്ക് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ തിരക്കുകൂട്ടിയ പ്രധാനമന്ത്രിയുടെ കാമറയില്‍  സ്വന്തം രാജ്യത്തെ അസഹിഷ്ണുതയുടെ മുഖം പതിയാതെ പോയി. ദലിതരും ന്യൂനപക്ഷങ്ങളും പാര്‍ശ്വവത്കരിക്കപ്പെടുന്നത് കാണാതെ പോയി. രാജാവ് നഗ്നനാണ് എന്ന് പറയാന്‍  നാവനക്കിയവരെ കൊലക്കത്തിക്ക് ഇരയാക്കുന്നു. വിദ്യാഭ്യാസ-സാംസ്‌കാരിക കേന്ദ്രങ്ങളില്‍ സംഘ ബന്ധം യോഗ്യതയാക്കി സ്വന്തം ആളുകള്‍ നിയമിക്കപ്പെടുന്നു. ആരെന്ത് പറയണമെന്നും ഭക്ഷിക്കണമെന്നും, ഭരണകൂടത്തെയും മറികടന്ന് ചിലര്‍ തീരുമാനിക്കുന്നു. ഊഹാപോഹങ്ങള്‍ ഉയര്‍ത്തിവിട്ട് അധികാരത്തിന്റെ പിന്‍ബലത്തില്‍ നിയമം കൈയിലെടുത്ത് നിരപരാധികളെ തല്ലിക്കൊല്ലുന്നു. സഹികെട്ട് പ്രതികരിക്കുന്നവര്‍ക്ക്  പാകിസ്താനിലേക്കുള്ള വഴികാട്ടുന്നു മന്ത്രിമാരും സ്വാമിമാരും! പ്രധാനമന്ത്രിയോടൊപ്പം സര്‍ക്കാര്‍ ചെലവില്‍ വിദേശയാത്ര നടത്തുന്ന കുത്തക മുതലാളിമാര്‍ വന്‍ പദ്ധതികളും വിദേശത്ത് നിക്ഷേപ സൗകര്യവും നേടിയെടുത്ത് തങ്ങളുടെ ഭാവി 'ശോഭനമാക്കുന്നു.' ഇലക്ഷന് മുമ്പ് നിക്ഷേപിച്ചതിന്റെ കൊള്ള ലാഭം വാരിയെടുക്കുകയാണ് ഇപ്പോഴവര്‍. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ജന്മദിനം ചികഞ്ഞെടുത്ത് ട്വീറ്റ് ചെയ്ത് ആശംസിക്കുന്ന മോദി, സ്വന്തം രാജ്യത്ത് മനുഷ്യര്‍ വംശീയമായി കൊലചെയ്യപ്പെടുമ്പോള്‍ മൗനം നടിക്കുന്നു. മനുഷ്യരേക്കാള്‍ നാല്‍ക്കാലികള്‍ക്കാണിവിടെ വില. മറക്കിരിക്കാന്‍  അന്തിയുടെ ഇരുള്‍ തേടി നടക്കുന്ന ഇന്ത്യക്കാര്‍ക്ക് മുന്നില്‍ പേരു തുന്നിയ ആഡംബര വസ്ത്രം അണിഞ്ഞു അഭിരമിച്ച മോദി, ഒന്നര വര്‍ഷത്തെ ഭരണനേട്ടം പറയുമ്പോള്‍ സമൂഹം എട്ടുകാലി മമ്മൂഞ്ഞിനെ അനുസ്മരിക്കുന്നു. വികസനം കുത്തകകളുടേത് മാത്രമായി പരിണമിക്കുന്നു. വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് എടുത്തെറിയപ്പെടുകയാണ് സാമാന്യജനം. ബുദ്ധി ജീവികളുടെ വിലാപത്തെക്കാള്‍  സദാചാര പോലീസുകാരുടെ അട്ടഹാസങ്ങള്‍ പരിഗണിക്കപ്പെടുന്നു. പകല്‍ രാത്രിയല്ലെന്നു പറയുന്നവരെ ഭ്രാന്തരായി മുദ്രകുത്തുന്നു. ഇവിടെ ഇപ്പോള്‍ ആരുടേതാണ് ഭാരതം? ശരാശരി ഇന്ത്യക്കാരന്റെയോ അതോ മനസ്സില്‍ വിദ്വേഷവും പകയും കുടികൊള്ളുന്നവരുടെതോ? വിശ്വാസ വൈവിധ്യത്തിന്റെ പേരില്‍ പൗരന്മാര്‍ ആട്ടിയോടിക്കപ്പെടുമ്പോള്‍  'മാനിഷാദ' പറയേണ്ട മഹര്‍ഷിമാര്‍ ഉറഞ്ഞു തുള്ളുന്ന നാട്ടില്‍ സാധാരണ പൗരന്‍ ചിന്തിക്കുന്ന ഒരു വിഷയമുണ്ട്- അയല്‍രാജ്യത്തേക്ക് ആളുകളെ ആട്ടിയോടിച്ച് ആര്‍ക്കാണ് ഇവിടെ പരവതാനി ഒരുക്കുന്നത്.

സലീം നൂര്‍ ഒരുമനയൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /24-26
എ.വൈ.ആര്‍