Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 23

ഇന്ത്യയെ കണ്ടിട്ട്

ഇഗ്‌നേഷ്യസ് കിത്തോളസ്

ഇന്ത്യയെ കണ്ടിട്ട്

തൂക്കിലേറ്റും മുമ്പ്
ഒടുക്കത്തെയഭിലാഷം ചോദിച്ചു, ജഡ്ജ്.
വീടുവിട്ടൊരിടത്തും പോയിട്ടില്ലിതു വരെ
പത്തുനാള്‍ ചുറ്റിക്കറങ്ങണം സ്വതന്ത്രനായ്.
കീഴടക്കുന്നവര്‍ സുഷുപ്തിയിലാഴുന്ന ദില്ലിയെ
നോക്കി അകലത്തിലെങ്കിലും പ്രണയിക്കണം
 
ചിരികളെ തോക്കിന്‍ മുനകളാല്‍ കുത്തിക്കെടുത്തുന്ന 
രക്ഷകരാളുന്ന കശ്മീരികളുടെ നിസ്സഹായതയില്‍ തളരണം
പട്ടിണി തടഞ്ഞ് വയറ് കരിഞ്ഞ കുട്ടികളുടെ 
ആര്‍ത്തിയുടളവറിയണം കൊല്‍ക്കത്തേലേ 
കൂട്ടത്തിലെടുക്കാത്ത വടക്കുകിഴക്കരുടെ
ആയുധപ്പുരയിലിരുന്നത്താഴമുണ്ണണം
മക്കെളെക്കൊന്നഭിമാനം കാക്കുന്ന മധ്യേന്ത്യയിലെ
ജാതിപ്പഞ്ചായത്തുകളിലതിഥിയായ് ചെല്ലണം
വഴിമുടക്കിപ്പശുവെ അഴിച്ചുകെട്ടിയാല്‍ 
കഴുത്തറുക്കുന്ന ഗുജറാത്തിലെ പകുത്തെടുപ്പിന്റെ പൊരുളറിയണം.
അമേദ്ധ്യമുണക്കി അപ്പം ചുടാന്‍ വെയ്ക്കുന്ന
ഒറിയകളുടെ നിസ്സംഗതയില്‍ കൂടണം
പ്രാദേശികത്വം ആളെക്കത്തിക്കുന്ന
കര്‍ണാടകത്തില്‍ കാലു കുത്തേണ്ട
വിഷം തീറ്റിച്ച് അപരരെ കൊല്ലുന്ന
തമിഴരെയും കാണേണ്ട
ഒടുവില്‍, കാലങ്ങളായി കരുതിയ കണ്ണീരും തുപ്പലും 
ആരും കാണാതിറ്റിക്കണം മഹാത്മാവിന്റെ കുടീരത്തില്‍.  

ഇഗ്‌നേഷ്യസ് കിത്തോളസ്  

 

ഡിജിറ്റല്‍ ഇന്ത്യ

വിദ്യാര്‍ഥികള്‍ക്കിനി 
ഫെയ്‌സ്ബുക്ക് നോക്കി പഠിക്കാം, 
തൊഴിലില്ലായ്മ പരിഹരിക്കാന്‍ 
ഓണ്‍ലൈന്‍ ഡാറ്റാഎന്‍ട്രി,
കൃഷിക്കാരന് ഫാംവില്ലെ,
പട്ടിണിപ്പാവങ്ങള്‍ക്കു ഭക്ഷണം 
ഡൗണ്‍ലോഡിംഗ് ഫ്രീ,
പങ്കുവെക്കുന്നവനെന്തും
അപ്‌ലോഡിംഗ് ഫ്രീ,
മാറാരോഗികള്‍ക്ക് കണ്ടും കേട്ടും
യൂടൂബ് മ്യൂസിക്ക് തെറാപ്പി,
തലചായ്ക്കാന്‍ കൂര തേടുന്നവര്‍ക്ക്
ഒരു നൂറു ജീബി  സ്‌പെയ്‌സ്,
കണ്ണുതെളിയാത്തവര്‍ക്കു
ഗൂഗിള്‍ ഗ്‌ളാസ്,
കുത്തിനടക്കാന്‍ സെല്‍ഫി സ്റ്റിക്ക്,
അഴിമതികള്‍ വെബ്കാമറ 
നോക്കി കണ്ടുപിടിക്കാം,
കാണാതെ പോയവരെ തിരയാന്‍ 
സെര്‍ച്ച് എന്‍ജിന്‍സ്,
അയല്‍പക്കബന്ധം ഊട്ടിയുറപ്പിക്കാന്‍
സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്,
അക്രമങ്ങള്‍ക്കെതിരെ കമന്റിംഗ്
ബാന്നിംഗ് ബ്‌ളോക്കിംഗ് റിപ്പോര്‍ട്ടിംഗ്,
ലോകത്തിലെവിടെയോ ഉള്ള രാജാവിനു
പ്രജകളെ ധൃതിപിടിച്ചു മുഖം കാണിക്കാനും
വേണം ഒരു 'ഡിജിറ്റല്‍ ഇന്ത്യ'. 

ഷരീഫ് അകലാട്  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /4-9
എ.വൈ.ആര്‍