ഖിലാഫത്ത് സ്വീകരിക്കേണ്ടതും തള്ളേണ്ടതും
മദീനാ ഹറമില്‍-മസ്ജിദുന്നബവിയില്‍-നിന്ന് അല്‍പം മാറി ചെറുവൃക്ഷങ്ങള്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന ഒരു തോട്ടമുണ്ട്. പ്രവാചക വിയോഗത്തിന്റെ ദുഃഖം കടിച്ചമര്‍ത്തി നില്‍ക്കുന്നത് കൊണ്ടാകാം ഇളം തെന്നലില്‍ ചില്ലകള്‍ ആടിയുലയുമ്പോഴും ആ പച്ചിലകള്‍ക്കൊരു മൗനം. സഖീഫാ ബനീ സാഇദ എങ്ങിനെ ദുഃഖിക്കാതിരിക്കും? മുഹമ്മദ് നബി(സ)യുടെ വിശുദ്ധാത്മാവ് മഹോന്നതനായ നാഥന്റെ സവിധത്തില്‍ അണഞ്ഞു. പ്രവാചകന്റെ ഭൗതിക ശരീരം ഹദ്‌റത്ത് ആഇശയുടെ വീട്ടില്‍. ദിവസം മൂന്നോടടുത്തിട്ടും മറവു ചെയ്തിട്ടില്ല. 23 വര്‍ഷത്തെ പ്രവാചകത്വ കാലഘട്ടത്തില്‍ ശിക്ഷണം സിദ്ധിച്ച് നബിയുടെ നിഴലായി ജീവിച്ച ഒരു സമൂഹം. ശരീരത്തില്‍ നിന്ന് റൂഹ് പിരിഞ്ഞാല്‍ അതിവേഗം തന്നെ മറമാടണമെന്ന അധ്യാപനം പകര്‍ന്ന അതേ പ്രവാചകന്റെ ഭൗതിക ശരീരമാണ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഖബ്‌റടക്കം ചെയ്യാത്തത്. മുഹമ്മദ് നബി(സ)യുടെ ശരീരം മണ്ണിനടിയില്‍ വെക്കുന്നതിനു മുമ്പെ മണ്ണിനു മുകളില്‍ മുസ്‌ലിം ഉമ്മത്തിനെ ആദര്‍ശപരമായി നയിക്കുന്ന ഒരു ആഗോള നേതൃത്വം അനിവാര്യമാണ് എന്ന വിശുദ്ധ പാഠം ആ സ്വഹാബത്ത് ഐകകണ്‌ഠ്യേന നമുക്ക് പഠിപ്പിച്ച് തരുകയായിരുന്നു. പ്രവാചകനെ മറമാടിയിട്ടാകാം ഖലീഫയുടെ തെരഞ്ഞെടുപ്പ് എന്ന് ഒരു സ്വഹാബി പോലും അഭിപ്രായപ്പെട്ടില്ല. മദീന നഗരി തിരുനബിയുടെ വിയോഗത്താല്‍ ദുഃഖം തളംകെട്ടി നില്‍ക്കെ സഖീഫ ബനീ സാഇദയിലെ കൂടിയാലോചന പുരോഗമിച്ചു. അവസാനം അബൂബക്ര്‍ സ്വിദ്ദീഖിന്റെ കരം ഗ്രഹിച്ച് ആദര്‍ശസമുഹം അനുസരണ പ്രതിജ്ഞ (ബൈഅത്ത്) ചെയ്തു.
ഏത് സന്ദര്‍ഭത്തിലും ഇസ്‌ലാമിക സമൂഹത്തിന് ഒരു നേതൃത്വമുണ്ടാകണമെന്ന് ഖുര്‍ആനും പ്രവാചകചര്യയും ആ സ്വഹാബത്തിനെ പഠിപ്പിച്ചിരുന്നു. ഉലുല്‍ അംറ് എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയ മഹദ്പദവി ഖിലാഫത്തിലൂടെ നടപ്പിലാകണമെന്നും പ്രവാചകന്‍ ദീര്‍ഘ ദര്‍ശനം ചെയ്തിരുന്നു.
മുഹമ്മദ് നബി(സ) പ്രവാചകത്വ പരമ്പരയില്‍ തന്റെ സ്ഥാനം ഒരു വര്‍ണ ഭംഗിയുള്ള വീടിനോടുപമിച്ചു. മഹാത്ഭുതത്തോടെ ജനം പ്രദക്ഷിണം ചെയ്തിരുന്ന ഭവനത്തിന്റെ മുന്‍ഭാഗത്ത് ഒരു കല്ല് മാത്രം വിട്ട് കളഞ്ഞിരിക്കുന്നു. മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വ പരമ്പര പരിസമാപ്തി കുറിക്കപ്പട്ടു എന്നും, ഇനി ഖിലാഫത്തായിരിക്കും ആദര്‍ശ സമൂഹത്തിന്റെ നേതൃത്വമെന്നും പ്രവാചകന്‍ വിളംബരം ചെയ്തു.
നബി(സ) പറഞ്ഞു: ''ഇസ്‌റാഈല്‍ സമൂഹത്തെ പ്രവാചകന്മാരാണ് ഭരിച്ചിരുന്നത്. ഓരോ പ്രവാചകനും മരിക്കുമ്പോള്‍ തല്‍സ്ഥാനത്ത് മറ്റൊരു പ്രവാചകന്‍ പ്രതിനിധിയായി വരും. എന്റെ ശേഷം പ്രവാചകന്മാരില്ല തന്നെ. എന്നാല്‍ ഖലീഫമാര്‍ ഉണ്ടായിരിക്കും.'' (ബുഖാരി)
ഖുര്‍ആന്റെ വെളിച്ചത്തില്‍ പ്രവാചകന്‍ പകര്‍ന്ന് നല്‍കിയത് സമ്പൂര്‍ണവും സമഗ്രവുമായ ഒരു ജീവിത ദര്‍ശനമായിരുന്നു. വിധി നിര്‍ണയ രാവില്‍ ഹിറാഗുഹയില്‍ തുടങ്ങി ദുല്‍ഹജ്ജ് ഒമ്പതിന്റെ അറഫാ സംഗമത്തിന്റെ പകല്‍ വെളിച്ചത്തില്‍ ഖുര്‍ആന്‍ സമ്പൂര്‍ണമാകുമ്പോള്‍ പൂര്‍ത്തീകരിക്കപ്പെട്ടത് നാഥന്റെ അനുഗ്രഹവും, നാഥന്‍ സംതൃപ്തമായി നല്‍കിയ ഒരു ജീവിത വ്യവസ്ഥയും. പ്രവാചക നിയോഗത്താല്‍ നിലവില്‍ വന്ന സമ്പൂര്‍ണ സാമൂഹിക ക്രമത്തിന്റെ നിര്‍മാണത്തില്‍ ബഹിഷ്‌കൃതമായതും പലായനത്തിന് വിധേയരായതും യുദ്ധവും കെടുതികളും അനുഭവിക്കേണ്ടി വന്നതും ആ പ്രവാചകന്നും അനുയായികള്‍ക്കും തന്നെ. അപ്പോഴും അശാന്തി നിറഞ്ഞ അഗ്‌നി പരീക്ഷണത്തിനു ശേഷം ശാന്തി നിറഞ്ഞ ഒരു സാമൂഹിക ക്രമം അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്.
നിങ്ങളില്‍ നിന്ന് സത്യ വിശ്വാസം സ്വീകരിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു: ''അവന്‍ അവരെ ഭൂമിയിലെ പ്രതിനിധികളാക്കും; അവരുടെ മുമ്പുള്ളവരെ പ്രതിനിധികളാക്കിയ പോലെ തന്നെ. അവര്‍ക്കായി അല്ലാഹു തൃപ്തിപ്പെട്ടു നല്‍കിയ ജീവിത വ്യവസ്ഥ സ്ഥാപിച്ചുകൊടുക്കും. നിലവിലുള്ള അവരുടെ ഭയാവസ്ഥക്കു പകരം നിര്‍ഭയാവസ്ഥ ഉണ്ടാക്കിക്കൊടുക്കും. അവര്‍ എനിക്ക് മാത്രമാണ് വഴിപ്പെടുക. എന്നിലൊന്നും പങ്ക് ചേര്‍ക്കുകയില്ല. അതിനുശേഷം ആരെങ്കിലും സത്യത്തെ നിഷേധിക്കുന്നുവെങ്കില്‍ അവര്‍ തന്നെയാണ് ധിക്കാരികള്‍.'' (അന്നൂര്‍ 55)
പത്ത് വര്‍ഷത്തെ ബഹിഷ്‌കൃത ജീവിതത്തിനൊടുവില്‍ ഖുര്‍ആന്റെ വാഗ്ദാനം പുലര്‍ന്നു. ആട്ടിയോടിക്കപ്പെട്ടവര്‍ മക്കയിലേക്ക് തിരിച്ച് വന്നു. തലയോട്ടികള്‍ ചവിട്ടി മെതിക്കാതെയും രക്തപ്പുഴകള്‍ നീന്തിക്കടക്കാതെയും പ്രവാചക പ്രയത്‌നത്താല്‍ ഒരു ലോകക്രമം നിലവില്‍ വന്നു. തദ്ദേശീയരും അയല്‍രാജ്യനിവാസികളും അതിന്റെ ശാന്തിയും സുഭിക്ഷതയും അനുഭവിച്ചു. പണക്കാര്‍ ഉദാരന്മാരായി. പാവങ്ങള്‍ ധന്യരായി. സ്ത്രീകള്‍ സുരക്ഷിതരായി. മദ്യമുതലാളിമാരുടെ മനസ്സുമാറി. ആര്‍ത്തിയുടെ പലിശ പിരിവുകാര്‍ ഔദാര്യത്തിന്റെ പ്രതീകങ്ങളായി. മണ്ണും വിണ്ണും-പ്രവാചക നഗരിയിലെ പച്ചിലകള്‍ പോലും-പുതിയ പരിവര്‍ത്തനത്തിന്റെ കാറ്റില്‍ മന്ദഹസിച്ചു. ആള്‍ക്കൂട്ടങ്ങള്‍ ആദര്‍ശത്തിലേക്ക് പ്രവാഹമായി ഒഴുകി. ചരിത്രം വിജയികളുടെ പുതിയ സംസ്‌കാരം പഠിച്ചു. പ്രതിയോഗികളോട് പോലും പ്രതിക്രിയ ഇല്ലെന്ന് പ്രഖ്യാപിച്ചു. എല്ലാവരും സ്വതന്ത്രന്മാരാണെന്ന പ്രവാചക പ്രഖ്യാപനം ശത്രുക്കളെ പോലും അത്ഭുതപ്പെടുത്തി. അടിമയായിരുന്ന ബിലാല്‍ കഅ്ബാലയത്തിന്റെ മുകളില്‍ കയറി നിന്ന് വിജയ പ്രഖ്യാപനം മുഴക്കുമ്പോള്‍ പ്രവാചകന്റെ അധരങ്ങള്‍ ദൈവ പ്രകീര്‍ത്തനങ്ങളാല്‍ സജീവമായി. മര്‍ദ്ദിതരുടെ വിജയവേളയില്‍ ശത്രുവിനോട് പ്രതികാരം തീര്‍ക്കേണ്ട കരങ്ങള്‍ പാപമോചനത്തിനായി ആകാശത്തേക്കുയര്‍ന്നു. ഖിലാഫത്തിന്റെ വിജയാഘോഷവും പുതിയ സംഭവമാകണമെന്ന് ഖുര്‍ആന്‍ നിഷ്‌കര്‍ഷിച്ചു.
''അല്ലാഹുവിന്റെ സഹായവും വിജയവും വന്നുകഴിഞ്ഞാല്‍; ജനം കൂട്ടം കൂട്ടമായി ദൈവിക ദര്‍ശനത്തില്‍ കടന്നുവരുന്നത് നീ കാണുകയും ചെയ്താല്‍; നിന്റെ നാഥനെ നീ സ്തുതിക്കുകയും പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാണ്.'' (110:1-3)
പ്രവാചക പൗര്‍ണമി അസ്തമിച്ചു. നുബുവ്വത്തിന്റെ നിഴലായി വരേണ്ട ഖിലാഫത്തിന്റെ നായകനെ തെരഞ്ഞെടുക്കാന്‍ മൂന്നു ദിവസമെടുത്തപ്പോഴും സ്വയം അവരോധിതനായി ഒരു സ്വഹാബിയും രംഗപ്രവേശം ചെയ്തില്ല. കൂടിയോലോചനയിലൂടെ തന്നെയാണ് ഖലീഫ നിലവില്‍ വരേണ്ടത് എന്ന വേദപാഠം ഖുര്‍ആന്റെ തണലില്‍ ജീവിച്ച സ്വഹാബത്തിനറിയാമായിരുന്നു.
''അവര്‍ തങ്ങളുടെ നാഥന്റെ വിളിക്കുത്തരം നല്‍കുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും തങ്ങളുടെ കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് തീരുമാനിക്കുകയും നാം നല്‍കിയതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവരാണ്.'' (42-38)
മുസ്‌ലിം ഉമ്മത്തിന്റെ സാര്‍വത്രിക നേതൃത്വമാണ് ഖിലാഫത്ത്. ഇസ്‌ലാമിക നിയമങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കുകയും ഇസ്‌ലാമിക പ്രബോധന ദൗത്യം ലോകത്ത് നിറവേറ്റുകയുമാണ് അതിന്റെ ഉത്തരവാദിത്തം. ഒരു നേതൃത്വത്തിലൂടെ മാത്രമേ അത് നിര്‍വഹിക്കാന്‍ സാധിക്കുകയുള്ളൂ. പ്രസ്തുത ദൗത്യം നിര്‍വഹിക്കുന്ന ലോക നേതൃത്വപദവി 'ഖിലാഫത്ത്' എന്നും 'ഇമാമത്ത്' എന്നും വിവക്ഷിക്കപ്പെടുന്നു.
ഇമാം അബുല്‍ഹസന്‍ അല്‍ മാവര്‍ദി എഴുതുന്നു: ''ദീനിന്റെ സംരക്ഷണ ദൗത്യം നിര്‍വഹിക്കുന്ന പ്രവാചക പ്രാതിനിധ്യമാണ് ഖിലാഫത്ത്.'' (അല്‍ അഹ്കാമുസ്സുല്‍ ത്വാനിയ്യ)
ഇസ്‌ലാമിക സമൂഹത്തിന്റെ നേതൃപദവിക്ക് ഖിലാഫത്ത് എന്ന് നാമകരണം ചെയ്യാന്‍ കാരണം മഹാനായ ഈ ഭരണാധികാരി മുസ്‌ലിം സമുദായത്തിന്റെ മുഴുവന്‍ പ്രശ്‌നങ്ങളിലും അവര്‍ക്ക് അവലംബമാകുന്നത് കൊണ്ടും മുഹമ്മദ് നബി(സ)യുടെ പ്രതിനിധി എന്ന നിലക്കുമാണ്. ഖലീഫയെ ചിലപ്പോള്‍ ഇമാം എന്നും വിളിക്കും. ആ ഖലീഫയില്‍ നിന്ന് ദൈവ ധിക്കാരം പ്രകടമാകാത്തിടത്തോളം അദ്ദേഹത്തിനെ അനുസരിക്കല്‍ സലഫീ മന്‍ഹജ് അനുസരിച്ച് നിര്‍ബന്ധമാണ് (അഖീദത്തു ശൈഖ് മുഹമ്മദ്ബ്‌നു അബ്ദില്‍ വഹാബ്).
ഇസ്‌ലാമിക ഖിലാഫത്തിന്റെ ആഗോള മാതൃകയായി പണ്ഡിതന്മാര്‍ പരിഗണിക്കുന്നത് ഖിലാഫത്തുര്‍റാഷിദയെ ആണ്. അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി (റ) എന്നിവരുടെ ഭരണകാലമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉമറുബ്‌നു അബ്ദില്‍ അസീസിനെയും മാതൃകാ യോഗ്യനായ ഭരണാധികാരിയായി പരിഗണിക്കുന്നുണ്ട്. ഖിലാഫത്തുര്‍റാശിദക്കു ശേഷം, ആത്മാവ് നഷ്ടപ്പെട്ട ആഗോള സംവിധാനം രൂപ പരിണാമങ്ങളോടെ ഇരുപതാം നൂറ്റാണ്ട് വരെയും നിലനിന്നു. ഏറ്റവുമൊടുവില്‍ തുര്‍ക്കി കേന്ദ്രമായി നിലനിന്ന ഉസ്മാനി ഖിലാഫത്ത് കൊളോണിയല്‍ ശക്തികളാല്‍ തകര്‍ക്കപ്പെട്ടപ്പോള്‍ ലോകമുസ്‌ലിം സമൂഹത്തെ നാമമാത്രമായെങ്കിലും വിളക്കിച്ചേര്‍ത്തിരുന്ന ഏക കണ്ണിയും നഷ്ടപ്പെട്ടു. അതിലുള്ള പ്രതിഷേധം മുസ്‌ലിം രാജ്യങ്ങളില്‍ ശക്തമായി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷ് വിരുദ്ധ നിലപാടിന് ഊര്‍ജ്ജം പകരാന്‍ ഖിലാഫത്തിന്റെ തകര്‍ച്ച കാരണമായി. മലബാറിന്റെ മണ്ണിലും മനസ്സിലും പ്രതിഷേധത്തിന്റെ രോഷാഗ്നി ആളിക്കത്തി.
ഖിലാഫത്തും അഹ്‌ലുസ്സുന്നത്തും
അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ നിര്‍ബന്ധ ബാധ്യതയാണ് ഖിലാഫത്തിന്റെ സ്ഥാപനം. സാമൂഹിക നിര്‍മിതിക്കാവശ്യമായ ഇസ്‌ലാമിന്റെ അടിസ്ഥാന ഘടകമാണിത്. പ്രപഞ്ചനാഥന്‍ ഉദ്ദേശിക്കുന്ന നീതിയുക്തമായ ലോകത്തിന്റെ അനിവാര്യ താല്‍പര്യമാണത്. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ അടിസ്ഥാന പ്രമാണവും ഇസ്‌ലാമിക കലാലയങ്ങളിലെ പാഠ്യ പദ്ധതിയിലെ സുപ്രധാന ഗ്രന്ഥവുമായ ശറഹുല്‍ അഖാഇദില്‍ ഇപ്രകാരം വ്യക്തമാക്കുന്നു:
''ഇസ്‌ലാമിക സമൂഹത്തിന് അവരുടെ വിധിവിലിക്കുകള്‍ നടപ്പിലാക്കുന്ന നേതൃത്വം അനിവാര്യമാണ്. രാജ്യാതിര്‍ത്തികള്‍ സംരക്ഷിക്കാനും സൈന്യത്തെ സജ്ജമാക്കാനും സകാത്ത് സംഭരിക്കാനും പ്രതിലോമ ശക്തികളെയും കൊള്ളക്കാരെയും കുഴപ്പക്കാരെയും അമര്‍ച്ച ചെയ്യാനും രഞ്ജിപ്പും ഐക്യവുമുണ്ടാക്കാനും മുസ്‌ലിം സമുദായത്തിനിടയിലെ അനൈക്യം പരിഹരിക്കാനും സാക്ഷ്യങ്ങള്‍ സ്വീകരിക്കാനും... ഇത് അത്യന്താപേക്ഷിതമത്രെ.'' (ശറഹുല്‍ അഖാഇദ് 152-153)
ഇമാം ഇബ്‌നു തൈമിയ വ്യക്തമാക്കുന്നു: ''ഖിലാഫത്ത് ദീനിന്റെ നിര്‍ബന്ധ ബാധ്യതയില്‍ പെട്ടതാണ്. അതില്ലാതെ ദീനിന്ന് നിലനില്‍പ്പില്ല. നന്മ കല്‍പിക്കുക, തിന്മ വിരോധിക്കുക, നീതി നിലനിര്‍ത്തുക, ശിക്ഷാവിധികള്‍ നടപ്പിലാക്കുക എല്ലാം ഇസ്‌ലാം നിര്‍ബന്ധമാക്കിയതാണ്. ശക്തമായ നേതൃത്വത്തിന്റെ സാന്നിദ്ധ്യമില്ലാതെ അത് സമ്പൂര്‍ണമാവുകയില്ല.'' (അസ്സിയാസത്തുശ്ശറഇയ്യ 172,173)
ഇസ്‌ലാമിനെയും ഇസ്‌ലാമിക നവോത്ഥാനത്തെയും അന്ധമായി എതിര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയവര്‍ക്ക് കുഴലൂത്തുകാരാകാന്‍ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ സാമുദായിക ധാരയിലും ആളുണ്ടാകുന്നു എന്നതാണ് ഏറെ വിചിത്രം! ഖിലാഫത്തിന്റെ പുനഃസ്ഥാപനത്തിന് ജീവന്‍ ബലിയര്‍പ്പിച്ച പ്രവാചക പൗത്രന്‍ ഹുസൈന്‍(റ)ന്റെ തല അറുത്ത യസീദിന്റെയും, അബൂബക്ര്‍ സ്വിദ്ദീഖിന്റെ പേരക്കുട്ടി അബ്ദുല്ലാഹിബ്‌നു സുബൈറിനെ കെട്ടിത്തൂക്കിയ ഹജ്ജാജ്ബ്‌നു യൂസുഫിന്റെയും ഖിലാഫത്ത് ഗളഛേദ രാഷ്ട്രീയം ആര് തെരഞ്ഞെടുത്താലും, അത് അപകടകരമാണ്. കേരളത്തിലെ ഇസ്‌ലാം വിരുദ്ധ അള്‍ട്രാ സെക്യുലരിസ്റ്റ് ചേരി ഇസ്‌ലാമിക രാഷ്ട്ര സങ്കല്‍പത്തിന്റെ പിതൃത്വം മൗദുദി, ബന്ന, ഖുത്വ്ബ് ത്രയത്തിനാണ് നല്‍കിയിരുന്നതെങ്കില്‍, ആക്രമണത്തിന്റെ കുന്തമുന ഇപ്പോള്‍ ഇമാം ഇബ്‌നു തൈമിയയിലേക്കും ഇബ്‌നു അബ്ദില്‍ വഹാബിലേക്കുമാണ് അവര്‍ തിരിച്ച് വെച്ചിരിക്കുന്നുവെന്നത് കേരളത്തിലെ ഉത്പതിഷ്ണു വിഭാഗത്തെയും ഗൗരവത്തില്‍ ചിന്തിപ്പിക്കേണ്ടതാണ്.
ഇറാഖിലെയും സിറിയയിലെയും ജനസമൂഹത്തെ നാട്ടില്‍ നിന്ന് ആട്ടിപ്പായിച്ച് അന്യനാടുകളിലേക്ക് അഭയാര്‍ഥികളാക്കി അയക്കുന്ന അബൂബക്ര്‍ ബാഗ്ദാദിയുടെ സ്വയം അവരോധിത ഖിലാഫത്ത് ഖുര്‍ആനിന്റെയും പ്രവാചക ചര്യയുടെയും നേര്‍വിപരീതമാണ്. അതുകൊണ്ട് തന്നെയാണ് ഇസ്‌ലാമിന്റെ പേരില്‍ വളര്‍ന്ന് പന്തലിക്കുന്ന ഇത്തിക്കണ്ണിയാണ് പ്രസ്തുത ഖിലാഫത്തെന്ന് നവോത്ഥാന പ്രസ്ഥാനങ്ങള്‍ വിലയിരുത്തിയതും. പക്ഷെ പറിച്ച് കളയേണ്ടത് കളകളാകണം. സെക്യുലറിസത്തിന്റെ കാവലാളാകാനും പൊതുസമൂഹത്തിന്റെ കൈയടി കിട്ടാനും ഇസ്‌ലാമിക ഖിലാഫത്തിനെ മതരാഷ്ട്രവാദമായി അവതരിപ്പിച്ച് നവോത്ഥാന പ്രസ്ഥാനങ്ങളെ തച്ചൊതുക്കാന്‍ ശ്രമിക്കുന്നവര്‍ ഊതിക്കെടുത്തുന്നത് ഇസ്‌ലാമിന്റെ പ്രകാശത്തെയാണ്. കള പറിക്കാം, പക്ഷ വിള പറിക്കരുത്.
Comments