പൂവിനു കോപം വന്നാല്‍
ഭര്‍ത്താവിനോട് എപ്പോഴും കയര്‍ത്തും ദേഷ്യപ്പെട്ടും സംസാരിക്കുന്ന ക്രുദ്ധയായ ഒരു ഭാര്യ. ഭര്‍ത്താവിനോട് അവര്‍ രോഷത്തോടെയും കോപത്തോടെയും മാത്രമേ പെരുമാറൂ. ക്ഷോഭിക്കാതെ ഒരു ദിവസവും കടന്നു പോകില്ല. അയാള്‍ അവളുടെ അടുത്തിരുന്ന് അവളെ അനുനയിപ്പിച്ച് അവളുടെ ദേഷ്യവും കോപവും ഒക്കെ ശമിപ്പിച്ചെടുക്കും. രണ്ടു ദിവസം ശാന്തമായി നീങ്ങും. മൂന്നാം നാള്‍ വീണ്ടും പൊട്ടിത്തെറിക്കും അവള്‍. എന്തെങ്കിലും ഒരു കാരണമുണ്ടാക്കി അയാളോട് കോപിക്കും. അയാളെ വെറുപ്പിക്കും. അങ്ങേയറ്റം അസ്വസ്ഥനായിത്തീര്‍ന്ന ആ ഭര്‍ത്താവ് തീരാത്ത മനഃക്ലേശത്തോടെ എന്നെ ബന്ധപ്പെട്ടു ചോദിച്ചു: ''ഈ സ്ത്രീയുടെ കാര്യത്തില്‍ എന്താണൊരു പരിഹാരം?''
ഞാന്‍ ഈ ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഇട്ടു. ഫെയ്‌സ് ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും. സ്ത്രീകളില്‍ നിന്ന് നിരവധി മറുപടികള്‍ എനിക്ക് വന്നു. പലതും ഒന്നിനൊന്ന് വ്യത്യസ്തം. അവയില്‍ നിന്ന് തെരഞ്ഞെടുത്തവ ഞാന്‍ എഴുതാം.
ഒന്നാമത്തെവള്‍: അയാള്‍ അവളെ അനുനയിപ്പിച്ചും അവളെ സന്തോഷിപ്പിച്ചും കൊണ്ടേയിരിക്കണം. അതിനെന്താണ് പ്രശ്‌നം?
രണ്ട്: എനിക്കുറപ്പുണ്ട് അവള്‍ ഈ ജീവിത യാത്രയില്‍ സംതൃപ്തയല്ല. അവളുടെ ഉള്ളില്‍ അസംതൃപ്തി കിടന്നു പുകയുന്നുണ്ട്. തുറന്നു പറയാന്‍ ഒരു സിറ്റിംഗ് നല്ലതാണ്.
മൂന്ന്: അവളുടെ പിറകെ കൂടി അവളെ അനുനയിപ്പിക്കാനും സന്തോഷിപ്പിക്കാനും മിനക്കെടാതെ ഒന്നോ രണ്ടോ നാള്‍ അവളെ അവളുടെ പാട്ടിന് വിട്ടേക്കണം. ആത്മ സംയമനം അവള്‍ താനേ പഠിച്ചുകൊള്ളും.
നാല്: കുടുംബത്തിലെ അരുമ സന്തതിയായി വളര്‍ന്ന അവള്‍ക്ക് ഒരു പക്ഷെ ഭര്‍തൃവീട്ടില്‍ വേണ്ടത്ര പരിഗണന കിട്ടുന്നുണ്ടാവില്ല, അല്ലാഹു കാക്കട്ടെ.
അഞ്ച്: ഒന്നോ രണ്ടോ തവണ ഭര്‍ത്താവ് അവളെ സന്തോഷിപ്പിക്കാന്‍ ഒരുമ്പെട്ടാല്‍ കൂടുതല്‍ കൂടുതല്‍ അവള്‍ ഈ അനുനയ രീതി ആഗ്രഹിക്കും. അയാളുടെ തലയില്‍ കയറി സവാരി തുടങ്ങും പിന്നെ അവള്‍.
ആറ്: പുരുഷന്‍ സ്ത്രീയെ മരണം വരെ സന്തോഷിപ്പിച്ചും പ്രീണിപ്പിച്ചും കൊണ്ടിരിക്കണം. അത് നിര്‍ബന്ധമാണ്.
ഏഴ്: ഇതാണ് അവളുടെ പ്രകൃതമെങ്കില്‍ അയാള്‍ അവളെ വിവാഹ മോചനം ചെയ്‌തേക്കട്ടെ. ഇല്ലെങ്കില്‍ ജീവിതം നരകമായിത്തീരും.
എട്ട്: ഞാനാണെങ്കില്‍ അവളെ പോലെ ലോകം അയാളുടെ മേല്‍ മറിച്ചിടും. അയാള്‍ എന്നെ തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ എനിക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തോന്നും. അയാള്‍ എന്നെ സ്‌നേഹിക്കുന്നുവല്ലോ. സന്തോഷം പകരുന്നുവല്ലോ.
ഒമ്പത്: അവളൊരു ചീത്ത സ്ത്രീയാണ്. എന്തോ ഒരു മാനസിക രോഗമുണ്ടവള്‍ക്ക്.
പത്ത്: അയാള്‍ രണ്ടാമതൊരു വിവാഹം കഴിക്കട്ടെ. അതോടെ ഇവളുടെ ദുഃസ്വഭാവം മാറി ഇവള്‍ നേരെയാവും.
പതിനൊന്ന്: ഇത് വിവാഹ ജീവിതത്തിന്റെ തുടക്കമല്ലേ? ദമ്പതിമാര്‍ക്കിടയില്‍ ചില രുചിഭേദങ്ങളൊക്കെ കാണും. കാലാന്തരത്തില്‍ ഇരുവരും അന്യോന്യം മനസ്സിലാക്കി പെരുമാറിക്കൊള്ളും.
പന്ത്രണ്ട്: എന്റെ കഥ അവളെ പോലെയാണ്. എന്റെ ജീവിതത്തിന്റെ മധുരമായിരുന്ന എന്റെ കുടുംബത്തില്‍ നിന്നും എന്റെ സഹോദരിമാരില്‍ നിന്നും അകന്ന് പോയി ഞാന്‍. എനിക്ക് ജീവിതത്തില്‍ ഒരു പുതിയ പങ്കാളിയെ തെരഞ്ഞേ പറ്റൂ. എന്റെ ജീവിതം എനിക്ക് തിരിച്ച് പിടിക്കണം.
പതിമൂന്ന്: അവള്‍ ഒരു വേള ഗര്‍ഭ നിരോധന ഗുളികകള്‍ കഴിക്കുന്നുണ്ടാവും. അതാണിങ്ങനെ.
പതിനാല്: അയാള്‍ അവളില്‍ നിന്ന് ഒരു മാസം വിട്ടു നില്‍ക്കട്ടെ. അവള്‍ വീഴ്ച തിരിച്ചറിഞ്ഞ് സ്വഭാവം മാറ്റി അയാളോട് ക്ഷമാപണം നടത്തും.
പതിനഞ്ച്: എന്റെ കഥയും ഏതാണ്ട് ഇതേപോലെയായിരുന്നു. കൗണ്‍സിലിംഗിലൂടെയും ഭര്‍ത്താവുമായുള്ള നിരന്തര സംഭാഷണത്തിലൂടെയും എന്റെ സ്വഭാവം ഒരുപാട് മാറ്റിയെടുത്തു. ഞാനിപ്പോള്‍ മുമ്പത്തെക്കാള്‍ നല്ലവളായി മാറിയിട്ടുണ്ട്.
പതിനാറ്: പടച്ചവന്‍ സത്യം. ആരും ഇങ്ങനെ വെറുതെ ദേഷ്യം പിടിക്കില്ല. ഭര്‍ത്താവ് എന്തോ അവള്‍ക്ക് പിടിക്കാത്തതോ അരുതാത്തതോ ചെയ്തിട്ടായിരിക്കും.
പതിനേഴ്: ദേഷ്യം ന്യായമായ കാരണത്താലാണെങ്കില്‍ അവളെ അനുനയിപ്പിച്ച് കോപം മാറ്റിയെടുക്കണം. കാരണമൊന്നുമില്ലെങ്കില്‍ അവഗണിക്കുകയാണ് ബുദ്ധി.
പതിനെട്ട്: നിങ്ങള്‍ പ്രശ്‌നം വീര്‍പ്പിച്ചു വലുതാക്കുകയാണ്.
പത്തൊമ്പത്: ചില പെണ്ണുങ്ങളില്‍ സ്വതവേ ഒരു വളവ് കാണും. ഞാനും ഏതാണ്ട് അത്തരക്കാരിയാണ്. കുറെ മുന്‍ശുണ്ഠി കാട്ടും. പിന്നെ ഒറ്റക്കിരുന്ന് കരയും.
ഇരുപത്: അയാള്‍ ഒരു നല്ല ഭര്‍ത്താവാണ്. അതിനാലാണ് കുറെ സഹിച്ച് ഒടുവില്‍ അങ്ങയെ പരിഹാരത്തിനായി സമീപിച്ചത്.
എനിക്ക് കിട്ടിയ 2000 കമന്റുകളില്‍ നിന്നാണ് ഇരുപതെണ്ണം ഞാന്‍ തെരഞ്ഞെടുത്തത്. ഈ വിഷയത്തില്‍ ഇനി എന്റെ അഭിപ്രായം പറയാം.
ഒന്ന്: ഇരുവരും പരസ്പരം മനസ്സിലാക്കാനുള്ള ഒന്നോ അതിലധികമോ സിറ്റിംഗ് നടത്തണം. അവളുടെ തെറ്റ് ചൂണ്ടിക്കാണിച്ചു കൊടുക്കാം. അയാളോ അവളോ ദേഷ്യപ്പെടുമ്പോള്‍ സന്ദര്‍ഭം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ക്ക് യോജിച്ചൊരു തീരുമാനത്തിലെത്താം.
രണ്ട്: തെറ്റ് അവളുടെ ഭാഗത്താണെങ്കില്‍ പോലും അവളെ അനുനയിപ്പിച്ച് ശാന്തയാക്കാന്‍ ചിലപ്പോഴൊക്കെ ശ്രമിക്കാം. അവള്‍ അതാണല്ലോ ആഗ്രഹിക്കുന്നത്.
മൂന്ന്: താനാണ് അതിരു കടന്നു പെരുമാറിയതെന്ന് അവള്‍ക്ക് തിരിച്ചറിയാന്‍ അവസരം കൊടുക്കുക.
നാല്: അവളെപ്പോലെ അങ്ങോട്ടും ദേഷ്യപ്പെടുക. ദേഷ്യം ജനിപ്പിക്കുന്ന വേദന അപ്പോള്‍ അവള്‍ക്ക് തിരിഞ്ഞ് കൊള്ളും.
അഞ്ച്: അവള്‍ അയാളോട് മാത്രമാണോ ദേഷ്യപ്പെടുന്നത്, അതോ മറ്റുള്ളവരോടും ഈവിധമാണോ പെരുമാറുന്നത് എന്ന് പരിശോധിക്കണം. ഓരോന്നിനും പ്രതിവിധി വ്യത്യസ്തമാണ്.
ആറ്: അല്ലാഹുവിന്റെ വചനം ഓര്‍ക്കുക. ''നിങ്ങള്‍ അവരോട് നല്ല വിധത്തില്‍ പെരുമാറുക. ഇനി നിങ്ങള്‍ അവരെ വെറുക്കുന്നുവെന്നിരിക്കട്ടെ, നിങ്ങള്‍ വെറുക്കുന്ന കാര്യത്തില്‍ അല്ലാഹു നിരവധി നന്മ നിക്ഷേപിച്ചിരിക്കാം.'' ക്ഷമിക്കുക. അതില്‍ നന്മ കാണും.
ഏഴ്: വിവാഹമോചനത്തെക്കുറിച്ച ചിന്ത ഇത്തരം കേസുകളില്‍ പ്രയോജനം ചെയ്യില്ല. ക്ഷമയോടെയുള്ള എല്ലാ വഴിയും അടയുമ്പോള്‍ ശിക്ഷണ നടപടിയെന്ന നിലയില്‍ ആദ്യത്തെ ഒരു ത്വലാഖിന്റെ സന്ദര്‍ഭം ഉപയോഗപ്പെടുത്തുന്നത് ചില സന്ദര്‍ഭങ്ങളില്‍ ഫലം ചെയ്‌തേക്കാം.
എട്ട്: ചില സ്ത്രീകള്‍ക്ക് തങ്ങളുടെ ഉള്ളിലുള്ള വിചാരങ്ങളും ചിന്തകളും പ്രകടിപ്പിക്കേണ്ടതെങ്ങനെയെന്നറിയില്ല. അത് പഠിപ്പിച്ചു കൊടുക്കണം.
ഒമ്പത്: ഭര്‍ത്താവ് തന്നെ അനുനയിപ്പിച്ച് തന്നെ സന്തോഷവതിയാക്കാന്‍ കൊതിക്കുന്ന ചില ഭാര്യമാരുണ്ട്. തങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടാന്‍ ദേഷ്യത്തിന്റെ വഴി തെരഞ്ഞെടുക്കുമവര്‍. ഭര്‍ത്താക്കന്മാര്‍ തങ്ങളെത്തേടിവരുമ്പോള്‍ അവര്‍ ഉള്ളാലെ സന്തോഷിക്കും. അകമേ ഊറിച്ചിരിക്കും.
പത്ത്: എല്ലാ പരിഹാര മാര്‍ഗവും അടഞ്ഞാല്‍ അവളുടെ സ്വഭാവത്തില്‍ മാറ്റം വരാന്‍ പടച്ചവനോട് പറയുക.
വിവ: പി.കെ ജമാല്‍
Comments