Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 23

ലിബറലിസത്തില്‍ ഇസ്‌ലാമിന്റെ പ്രതിനിധാനം

കെ. അഷ്‌റഫ് /പുസ്തകം

         ലബനാനിലെ ഒരു അറബ്-ക്രൈസ്തവ കുടുംബത്തില്‍ ജനിച്ച ജോസഫ് മസദ്, എഡ്വേര്‍ഡ് സൈദിന്റെ കീഴില്‍ പഠിക്കുകയും ഫലസ്ത്വീന്‍, പശ്ചിമേഷ്യ, ഓറിയന്റലിസം തുടങ്ങിയ മേഖലകളില്‍ ഏറെ സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്ത അക്കാദമിക പണ്ഡിതനാണ്. രണ്ടായിരത്തിയാറില്‍ പുറത്തിറങ്ങിയ മസദിന്റെ ഡിസയറിംഗ് അറബ്‌സ് എന്ന പുസ്തകം അക്കാദമിക ലോകത്ത് മാത്രമല്ല, നവ രാഷ്ട്രീയത്തിന്റെ മേഖലയിലും ഏറെ ഒച്ചപ്പാടുകള്‍ ഉണ്ടാക്കിയിരുന്നു. ആ പുസ്തകത്തില്‍ മസദ് ഉന്നയിച്ച പ്രധാന ചോദ്യങ്ങള്‍, പാശ്ചാത്യ ലൈംഗിക രാഷ്ട്രീയം എങ്ങനെയാണ് അറബ്  മുസ്‌ലിം ലോകത്ത് പ്രവര്‍ത്തിക്കുന്നത്, അതിനോട് അറബ് മുസ്‌ലിം ലോകത്തെ വരേണ്യര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നായിരുന്നു. ഈ വര്‍ഷം  പുറത്തിറങ്ങിയ ഇസ്‌ലാം ഇന്‍ ലിബറലിസം നേരത്തേ പുറത്തിറങ്ങിയ ഡിസയറിംഗ് അറബ്‌സ്‌ന്റെ  തുടര്‍ച്ചയായാണ് വായിക്കാന്‍ ശ്രമിക്കേണ്ടത് എന്ന് തോന്നുന്നു. അഞ്ചു അധ്യായങ്ങളുള്ള പുസ്തകം മുസ്‌ലിം  പ്രതിനിധാന രാഷ്ട്രീയത്തിലും സംവാദത്തിലും ഏര്‍പ്പെട്ടവരെ സംബന്ധിച്ചേടത്തോളം നല്‍കുന്ന പാഠങ്ങള്‍ വളരെ പ്രധാനമാണ്. 

മസദിന്റെ  പുസ്തകം ആലോചിക്കുന്ന പ്രധാന കാര്യങ്ങള്‍ ശീതയുദ്ധം അവസാനിച്ച കാലത്ത് ഇസ്‌ലാം എന്നത് ഒരു പുതുലോക രാഷ്ട്രീയ പ്രശ്‌നമാകുന്നതെങ്ങനെ എന്നും, ഇന്നത്തെ അധീശ ലോക ക്രമവും ഇസ്‌ലാമും തമ്മില്‍ നടക്കുന്ന സവിശേഷ ആശയ വിനിമയത്തിന്റെ പ്രത്യേകത എന്ത് എന്നുമാണ്. ഇസ്‌ലാം എന്ന വാക്കിനു പാശ്ചാത്യ ലിബറല്‍ ചിന്തയിലും രാഷ്ട്രീയത്തിലും പതിനെട്ടാം നുറ്റാണ്ട് മുതല്‍ സംഭവിക്കുന്ന ഭാഷാ ശാസ്ത്രപരവും ചരിത്രപരവുമായ പരിണാമങ്ങള്‍ മസദ്  ഈ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു. അങ്ങനെ ഇസ്‌ലാം എന്നത് യൂറോപ്പ്, ലിബറലിസം, െ്രെകസ്തവത തുടങ്ങിയവയുടെ എതിര്‍പദമായി മാറുന്നതിന്റെ കാരണങ്ങള്‍, അതിലേക്ക് എത്തിപ്പെട്ട സാമൂഹിക സാഹചര്യങ്ങള്‍ ഒക്കെ മസദ് വിശദികരിക്കുന്നു.

എന്നാല്‍ ഇത് പതിവ് പോലെയുള്ള ഒരു ലിബറല്‍ വിമര്‍ശന പുസ്തകമല്ല താനും. മസദിന്റെ ലിബറല്‍ വിമര്‍ശനത്തിന്റെയും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിന്റെയും സൂക്ഷ്മമായ തലം ഇവിടെയാണ് വായനക്കാര്‍ തിരിച്ചറിയേണ്ടത്. മൂന്ന് പ്രധാന കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഒന്ന്, ചരിത്രപരമായി പരിശോധിച്ചാല്‍ പാശ്ചാത്യ ലിബറലിസം പതിനെട്ടാം നൂറ്റാണ്ട് മുതല്‍ ജോണ്‍ ലോക്ക്, ആദം സ്മിത്ത്, മോണ്ടസ്‌ക്യു, തോമസ് ഹോബ്‌സ് തുടങ്ങി ഇക്കാലത്ത് ജീവിച്ച് മരിച്ച ഇസയ  ബെര്‍ലിന്‍, ജോണ്‍ റോള്‍സ് തുടങ്ങിയവരുടെ ആലോചനകളുടെ ഭാഗമായി വികസിച്ചതാണ്. പക്ഷേ, ഈ പുസ്തകം ലിബറലിസത്തെ കുറിച്ച് എഴുതിയവരുടെ ഇസ്‌ലാം സമീപനത്തെ കുറിച്ചുള്ളതല്ല.

രണ്ട്, മസദിന്റെ പുസ്തകം ലിബറലിസത്തിന് ഒരു പ്രത്യേക നിര്‍വചനം മാത്രം നല്‍കുന്നതിനെ കുറിച്ചും ബഹുസ്വരമായ നിര്‍വചനം നല്‍കുന്നതിനെ കുറിച്ചും നടക്കുന്ന സംവാദങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നു. ഉദാഹരണമായി, ലിബറല്‍ ആശയത്തിന്റെ കേന്ദ്ര സ്ഥാനത്ത് നില്‍ക്കുന്ന സങ്കല്‍പമാണ് വ്യക്തി സ്വാതന്ത്ര്യം. ലിബറല്‍ വ്യക്തി സ്വാതന്ത്ര്യത്തിന്റെ നിര്‍വചനം, ലക്ഷ്യം ഇവയെ കുറിച്ചൊക്കെ ലിബറല്‍ പണ്ഡിതന്മാര്‍ക്കിടയില്‍ തന്നെ അനേകം ആശയ ഭിന്നതകളുണ്ട്. ഈ അര്‍ഥത്തില്‍ 'ലിബറലിസം' എന്നതിനേക്കാള്‍ 'ലിബറലിസങ്ങള്‍' എന്ന വാക്കാണ് ഇവിടെ കൂടുതല്‍ ചേരുക. എന്നാല്‍ മസദ് ഇവിടെ ലിബറലിസത്തെ കുറിച്ച്, അതിന്റെ നിര്‍വചനത്തിന്റെ പ്രശ്‌നത്തെ കുറിച്ച്, അതിനകത്തെ ആശയ കലഹങ്ങളെ കുറിച്ച്, അതിന്റെ തത്ത്വചിന്താപരമായ വേരുകളെ കുറിച്ച് പഠിച്ചുകൊണ്ട് ഇസ്‌ലാമിന്റെ ലിബറല്‍ പ്രതിനിധാനത്തെ പ്രശ്‌നവത്ക്കരിക്കുന്ന ഒരു പഠനമല്ല ഉദ്ദേശിക്കുന്നത്. 

മൂന്ന്, ഇസ്‌ലാമും ലിബറലിസവും തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള താരതമ്യ പഠനവും അല്ല അദ്ദേഹം ഉദ്ദേശിക്കുന്നത്. ചാള്‍സ് കുര്‍സ്മാന്‍ തന്റെ ലിബറല്‍ ഇസ്‌ലാം: എ സോഴ്‌സ് ബുക്ക് എന്ന പുസ്തകത്തില്‍ ചെയ്ത പോലെ ഇസ്‌ലാമിന്റെ ലിബറല്‍ പ്രതിനിധാനം കണ്ടെത്താനുമല്ല ഈ പുസ്തകം ശ്രമിക്കുന്നത്. 

ജോസഫ് മസദ് അന്വേഷിക്കുന്നത്, ലിബറല്‍ ചിന്തയിലും രാഷ്ട്രീയത്തിലും ഇസ്‌ലാം എങ്ങനെയാണ് പ്രതിനിധാനം ചെയ്യപ്പെടുന്നത്, അതെങ്ങനെയാണ് ലോക രാഷ്ട്രീയത്തെ സ്വാധീനിക്കുന്നത് എന്നാണ്. ഇങ്ങനെ ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യുന്നതിലൂടെ യൂറോപ്പിനു ഭൂത കാലത്ത് ഉണ്ടെന്നു ലിബറല്‍ രാഷ്ട്രീയം അസ്വസ്ഥപ്പെട്ടിരുന്ന ഹിംസ, സ്ത്രീ വിരുദ്ധത, ആവിഷ്‌കാര വിരുദ്ധത തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഇസ്‌ലാമിന്റെ മേല്‍ ചാര്‍ത്തി രക്ഷപ്പെടുന്ന സവിശേഷമായ പാശ്ചാത്യ ലിബറല്‍ പദ്ധതിയെ തുറന്നു കാട്ടാനും അതിന്റെ പാര്‍ശ്വഫലങ്ങള്‍ കാണാനുമാണ് മസദ് പുസ്തകത്തില്‍ ശ്രമിക്കുന്നത്. 

മസദ് ഏറെ പ്രാധാന്യത്തോടെ പഠിക്കുന്ന  ഒരു കാലഘട്ടമാണ് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകള്‍ക്ക് ശേഷമുള്ള ലോക രാഷ്ട്രീയം. ശീത യുദ്ധം അവസാനിച്ചതിനു ശേഷം സാമുവല്‍ ഹണ്ടിങ്ടണ്‍ 'സംസ്‌കാരങ്ങളുടെ സംഘട്ടനം' പ്രവചിച്ച  ആ കാലത്തിനു ശേഷം ഇസ്‌ലാം എന്നത് പാശ്ചാത്യ മൂല്യങ്ങളുടെ  അപരം (Other), എതിര്‍  (Anti) ഒക്കെ ആയി വരുന്നതിന്റെ രാഷ്ട്രീയവും അതിനു പാശ്ചാത്യ ലിബറല്‍ രാഷ്ട്രീയവുമായി ഉള്ള  ബന്ധവും  മസദ്  പരിശോധിക്കുന്നത് നമ്മുടെ പല വര്‍ത്തമാന സമസ്യകളുടെയും കുരുക്കഴിക്കാന്‍ ഏറെ ഉപകരിക്കുന്നുണ്ട്.  

മുസ്‌ലിം സ്ത്രീ അടിച്ചമര്‍ത്തപ്പെട്ടവളാണ്, എന്നാല്‍ പാശ്ചാത്യ ലോകത്തെ സ്ത്രീകള്‍ വിമോചിക്കപ്പെട്ടവരാണ് എന്ന രീതിയിലുള്ള സമവാക്യ നിര്‍മിതി മസദിന്റെ പഠനമനുസരിച്ച് കൊളോണിയല്‍ കാലം മുതലേ ഇസ്‌ലാമിനെ കുറിച്ചുള്ള ഒരു ലിബറല്‍ നിര്‍മിതിയാണ്. ശീതയുദ്ധാനന്തരം ശക്തിയും  പ്രചാരവും   നേടിയ ഒരു ലിബറല്‍ നിര്‍മിതിയാണിത്. അതോടെ മുസ്‌ലിം ലോകത്തെ ലിംഗബന്ധങ്ങളുടെ വൈവിധ്യത്തെ നിഷേധിക്കാനും  സ്വാതന്ത്ര്യവും മാനുഷികപദവിയും നിരാകരിക്കപ്പെട്ട് അടിച്ചമര്‍ത്തപ്പെട്ട മുസ്‌ലിം സ്ത്രീയെ സങ്കല്‍പിക്കാനും ലോകത്തിനു  കഴിയുന്നു. ഇതിലൂടെ  അക്രമികളും അമിത ലൈംഗികവത്കരിക്കപ്പെട്ടവരുമായ മുസ്‌ലിം ആണുങ്ങളില്‍ നിന്ന് സംരക്ഷണം കിട്ടാന്‍ കാത്തിരിക്കുന്ന ഒരു മുസ്‌ലിം സ്ത്രീ ഉണ്ടായിവരുന്നു. അങ്ങനെ പാശ്ചാത്യ സമൂഹം എന്നത് സ്വാതന്ത്ര്യത്തിന്റെ ചിഹ്നമായും ഇസ്‌ലാം എന്നത് അടിച്ചമര്‍ത്തലിന്റെ ചിഹ്നമായും മാറുന്നു. അതിലൂടെ യുദ്ധങ്ങള്‍, സാമ്പത്തിക ഉപരോധങ്ങള്‍ ഒക്കെ  സ്ത്രീ  സ്വാതന്ത്ര്യവും വിമോചനവും കൊണ്ടുവരുന്നു എന്ന പ്രതീതി സൃഷ്ടിച്ച് മുസ്‌ലിം ജന വിഭാഗങ്ങള്‍ക്ക് മേല്‍ അധിനിവേശം നടത്താന്‍ എളുപ്പം  കഴിയുന്നു.  രണ്ടായിരത്തി രണ്ടില്‍ നടന്ന അഫ്ഗാന്‍ അധിനിവേശം ഈ ലിബറല്‍ നിര്‍മിതിയുടെ ഏറ്റവും തികവുറ്റ അധിനിവേശ പ്രയോഗമായിരുന്നുവെന്ന് കാണാം. പക്ഷേ അതില്‍ കൊല്ലപ്പെട്ട രണ്ടു മില്യന്‍  മനുഷ്യരില്‍ എഴുപത്തഞ്ചു ശതമാനം സ്ത്രീകളും കുട്ടികളുമായിരുന്നു. എന്നാല്‍ ഈ മനുഷ്യക്കുരുതി ലിബറല്‍ ലിംഗരാഷ്ട്രീയത്തിന്റെ ഭാഗമായി കാണാന്‍ കഴിയാത്തവിധം സാമൂഹിക ചിന്തയെ അടക്കി ഭരിക്കാന്‍ ലിബറല്‍  ആധിപത്യചിന്തക്ക്  കഴിഞ്ഞിരിക്കുന്നു.

എന്താണ്  മുസ്‌ലിം സ്ത്രീകളെ  കുറിച്ച നേരത്തെ സൂചിപ്പിച്ച ലിബറല്‍ നിര്‍മിതികളില്‍ മസദ്  കാണുന്ന പ്രശ്‌നങ്ങള്‍? ഈയൊരു ചര്‍ച്ചയെ ലിബറലിസത്തന്റെ പ്രത്യയശാസ്ത്രം (Ideology of Liberalism) എന്നാണ് മസദ് വിളിക്കുന്നത്. ലിബറലിസത്തിലൂടെ  സവിശേഷമായ ഒരു പാശ്ചാത്യ സ്വത്വ നിര്‍മിതിയാണ് നടക്കുന്നത്. പാശ്ചാത്യ ലോകത്തെ സ്ത്രീകള്‍ സ്വാതന്ത്ര്യത്തിന്റെ ഉന്നതങ്ങളില്‍ ജീവിക്കുന്നവരായും മുസ്‌ലിം ലോകത്തെ സ്ത്രീകള്‍ അടിച്ചമര്‍ത്തലിന്റെ ആഴങ്ങളില്‍ പെട്ടവരായും സമീകരിച്ചു നടക്കുന്ന പ്രത്യയശാസ്ത്ര നിര്‍മിതിയില്‍ രണ്ടു കാര്യങ്ങളാണ് സംഭവിക്കുന്നത്. 

ഒന്ന്, നിയോ ലിബറല്‍  രാഷ്ട്രീയത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ സാംസ്‌കാരിക പ്രശ്‌നമായി ചുരുക്കപ്പെടുന്നു.   അതായത്  പാശ്ചാത്യ സമൂഹങ്ങളില്‍ നടക്കുന്ന  മുസ്‌ലിം സ്ത്രീയെ കുറിച്ചുള്ള സംവാദങ്ങള്‍ വസ്ത്രം ധരിക്കാനുള്ള അവകാശത്തെ വിലക്കുന്നതിന്റെയും വ്യത്യസ്ത വസ്ത്ര മാതൃകകളിലേക്ക് അവളെ വിമോചിപ്പിക്കുന്നതിന്റെയും സംവാദമായി മാറുന്നു. പക്ഷേ  കഴിഞ്ഞ കാലങ്ങളില്‍ പാശ്ചാത്യ ലോകം നടത്തിയ അധിനിവേശത്തിന്റെ ഭാഗമായി നടക്കുന്ന കുടിയേറ്റങ്ങളും കൂട്ടപലായനങ്ങളും സൃഷ്ടിക്കുന്ന തൊഴില്‍ പ്രതിസന്ധിയും തൊഴിലാളി ചൂഷണവും ലിബറല്‍ രാഷ്ട്രീയത്തിന്റെ  ഭാഗമായുള്ള വസ്ത്ര ചര്‍ച്ച മറച്ചുപിടിക്കുന്നു. അതേസമയം സവിശേഷമായ ഒരു തൊഴില്‍ ശക്തി എന്ന നിലയില്‍ മുസ്‌ലിം  സ്ത്രീകള്‍  പാശ്ചാത്യ ലോകത്തെ തൊഴിലിടങ്ങളില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും ലിബറല്‍ രാഷ്ട്രീയത്തിന്റെ സാംസ്‌കാരിക യുക്തിയില്‍ മുങ്ങിപ്പോവുന്നു.  അതോടെ പാശ്ചാത്യരുടെ മുന്‍കൈയോടെ നടക്കുന്ന നിയോ ലിബറല്‍ സാമ്പത്തിക രാഷ്ട്രീയം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ തൊഴിലിടത്തിലെ പ്രതിസന്ധി എന്നതില്‍ നിന്ന് മാറ്റി, തൊഴിലാളിയുടെ വസ്ത്രത്തിന്റെ  പ്രതിസന്ധി എന്നതിലേക്കു  വഴിതിരിച്ചു വിടാന്‍ ലിബറല്‍ രാഷ്ട്രീയത്തിനാവുന്നു.  

രണ്ടാമതായി, ഇസ്‌ലാമിനെ സ്ത്രീവിരുദ്ധ മതമായി ചിത്രികരിക്കുന്നതിലൂടെ സ്ത്രീവിരുദ്ധത എന്നത് പാശ്ചാത്യ ലോകത്തിനു പുറത്തു സംഭവിക്കുന്ന കാര്യവും തങ്ങളുടെ ഉത്തരവാദിത്തത്തിന്റെ ഭാഗമല്ലാത്തതും ആയി കണ്ട് പുറംതള്ളാന്‍ ലിബറല്‍ പ്രത്യയശാസ്ത്രത്തിനു സാധിക്കുന്നു. അതോടെ സംഭവിക്കുന്നത് പാശ്ചാത്യ ലോകത്ത്  വര്‍ധിച്ചുവരുന്ന ഗാര്‍ഹിക പീഡനങ്ങള്‍ അടക്കമുള്ള സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളെ മൊത്തം സമൂഹത്തിന്റെയോ സംസ്‌കാരത്തിന്റെയോ മതത്തിന്റെയോ ഉത്തരവാദിത്തത്തില്‍ നിന്ന് മാറ്റി വ്യക്തിപരവും വൈദ്യശാസ്ത്രപരവുമായ പ്രശ്‌നങ്ങളാക്കി മാറ്റുന്നു. അങ്ങനെ മുസ്‌ലിം ലോകത്തെ സ്ത്രീ പ്രശ്‌നങ്ങള്‍ ഇസ്‌ലാമിന്റെയും മുസ്‌ലിമിന്റെയും  പ്രശ്‌നം ആയി മാറുമ്പോള്‍, പാശ്ചാത്യ ലോകത്തെ സ്ത്രീ പ്രശ്‌നങ്ങള്‍ക്ക് അവരുടെ സംസ്‌കാരമോ മതമോ ഒന്നും ഉത്തരവാദിയാകുന്നില്ല എന്നൊരു സമീപനം വികസിച്ചു വരുന്നു.  

മേലെ സൂചിപ്പിച്ച ഈ രണ്ടു പ്രക്രിയകള്‍ അപ്രത്യക്ഷമാക്കി നില നിര്‍ത്താനും അവയെ പൊതു  ചര്‍ച്ചകളില്‍ നിന്ന് മാറ്റി നിര്‍ത്താനും സാധിക്കുന്നതിലൂടെ ലിബറല്‍ രാഷ്ട്രീയം ഇസ്‌ലാമിനെ അപരമായി നിര്‍മിച്ചെടുത്തുകൊണ്ട് ഒരു പ്രത്യേക രീതിയിലുള്ള സ്വത്വനിര്‍മാണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.  അതിലൂടെ പാശ്ചാത്യ ലോകം അധികാരത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ഒന്നും കുഴപ്പമില്ലാത്ത, എല്ലാവരും ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഇടങ്ങളായി സ്ഥാപിക്കപ്പെടുന്നു. അങ്ങനെ, അധികാരത്തിന്റെ പ്രശ്‌നങ്ങളും  അക്രമവും നിറഞ്ഞ ദേശങ്ങളായി പാശ്ചാത്യ ലോകത്തിനു പുറത്തെ ജനസമൂഹങ്ങള്‍ സങ്കല്‍പിക്കപ്പെടുന്നു . അതില്‍തന്നെ ഇസ്‌ലാം സവിശേഷമായ 'നരകലോകത്തെ' പ്രതിനിധാനം ചെയ്യുന്നു. ഇതാണ് മസദ് സംസാരിക്കുന്ന ലിബറലിസത്തിന്റെ പ്രത്യയശാസ്ത്രം. 

മസദ് സൂചിപ്പിച്ച ലിബറല്‍  പ്രത്യയശാസ്ത്രം ഇന്ന് ഇന്ത്യയടക്കമുള്ള  ലിബറല്‍ ജാനാധിപത്യ രാഷ്ട്രങ്ങളിലെ വലതുപക്ഷ/മതേതര വരേണ്യരുടെ മുന്‍കൈയില്‍ മുസ്‌ലിംവിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമാവുകയും മുസ്‌ലിമിന്റെ ആഗോള അപരത്വത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ മസദ് നടത്തുന്ന ലിബറല്‍ വിമര്‍ശം അതിന്റെ ഗൗരവത്തില്‍ തന്നെ  നമ്മുടെ പ്രാദേശിക സാഹചര്യങ്ങളില്‍ പുനര്‍വായനക്ക് വിധേയമാക്കേണ്ടതുണ്ട്. 

Joseph Massad- Islam in Liberalism, 2015, Universtiy of Chicago Press.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /4-9
എ.വൈ.ആര്‍