Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 23

സിറിയയില്‍ റഷ്യ ഇടപെടുമ്പോള്‍

ഹകീം പെരുമ്പിലാവ് /അന്താരാഷ്ട്രീയം

സിറിയയിലെ ദമസ്‌കസിലാണ് മുഹമ്മദ് അനസിന്റെ സ്വദേശം. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തെക്കന്‍ ഇറാഖിലെ കുര്‍ദിസ്താനില്‍ വെച്ച് കണ്ടപ്പോള്‍ സിറിയയിലെ ആഭ്യന്തര പ്രശ്‌നങ്ങളെ കുറിച്ച് അനസ് വാചാലനായി. നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് നാട് വിട്ടതാണ്. ജര്‍മനിയിലേക്കാണ് ആദ്യം കുടിയേറ്റക്കാരനായി പോയത്. ജര്‍മ്മനിക്ക് വേണ്ടത് നന്നായി അധ്വാനിക്കുന്ന യുവാക്കളെ മാത്രമാണ്. ഭാരമുള്ള ജോലിക്ക് വേണ്ടിയാണ് അവര്‍ അഭയാര്‍ഥികളെ ഉപയോഗിക്കുന്നത്.  അടിമകളെ പോലെ അവരെ പണിയെടുപ്പിക്കും. മറുത്തു പറയാനോ വിശ്രമിക്കാനോ അനുവദിക്കില്ല. ആറു മാസമാണ് അവിടെ നിന്നത്. അവിടെ നിന്ന് രക്ഷപ്പെട്ടെത്തിയത് ആസ്ട്രിയയിലാണ്. അവിടെയും കുടിയേറ്റക്കാരന്‍ എന്ന ലേബലുള്ളതിനാല്‍ നഗരത്തില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെ അടച്ചുപൂട്ടിയ ഒരിടത്തായിരുന്നു അവന് വാസസ്ഥലം അനുവദിച്ചത്. ശരിക്കും ജയില്‍ ജീവിതം പോലെ. അവര്‍ക്ക് ആവശ്യമുള്ളേടത്തൊക്കെ കൊണ്ടുപോകും. എല്ല് മുറിയെ പണിയെടുപ്പിക്കും. തിരിച്ച് അതേ 'ജയിലി'ലേക്ക്... അധ്വാനിക്കുന്നത് വളരെ തുച്ചം കൂലിക്ക് വേണ്ടിയാണെങ്കിലും അതും കൃത്യമായി ലഭിക്കാതെ വന്നാല്‍ ആര്‍ക്കാണ് അവിടെ നില്‍ക്കാന്‍ സാധിക്കുക.

'ജയില്‍' ജീവിതം മടുത്തതിനാല്‍ രണ്ടു മാസത്തിനു ശേഷം അവിടെ നിന്ന് സ്‌പെയിനിലേക്ക് പോയി. ഒരു കുടുംബക്കാരനാണ് അവിടെയെത്താന്‍ സഹായിച്ചത്. പക്ഷെ തന്റെ കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന ഒരു ജോലിക്കും അവിടത്തെ ഭരണകൂടം അനുവാദം നല്‍കിയില്ല. സിറിയന്‍ സ്വദേശിയാണ് എന്ന് പറയുമ്പോള്‍ എല്ലാം വിലക്കപ്പെടുന്നത് മനഃപ്രയാസമുണ്ടാക്കി. തങ്ങള്‍ക്കും തങ്ങളുടെ നാട്ടുകാര്‍ക്കും ഒരു വിലയും കല്‍പ്പിക്കാത്തവരോടോപ്പം അധികകാലം തുടരാനായില്ല. മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആയ മുപ്പതുകാരന്‍ അനസിന് ഇരന്ന് ജീവിക്കാന്‍ യാതൊരു താല്‍പര്യവുമില്ല, തന്റെ അറിവും കഴിവും ഉപയോഗിച്ച് അധ്വാനിക്കണം എന്ന് കരുതിയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഉപേക്ഷിച്ച്  മൂന്നു വര്‍ഷം മുമ്പ് ഇറാഖിലെ കുര്‍ദിസ്താനിലെത്തിയത്. ഇപ്പോള്‍ സന്തുഷ്ടനാണെന്ന് പറയുന്ന അനസ്, തന്റെ കീഴില്‍ നാല് പണിക്കാരുണ്ടെന്നും ജോലി ചെയ്യുന്ന കമ്പനിയില്‍ സൂപര്‍വൈസറാണെന്നും സന്തോഷപൂര്‍വ്വം പറയുന്നു. കുടുംബത്തിലെ മറ്റുള്ളവരെല്ലാം ഇപ്പോഴും സിറിയയില്‍ ഉണ്ടെന്നും തന്റെ മാതാപിതാക്കള്‍ അവസാന ശ്വാസം വരെയും സിറിയ വിടാന്‍ താല്‍പര്യമില്ലാത്തവരാണെന്നും അവരിന്നും ദമസ്‌കസില്‍ ജീവിക്കുന്നുവെന്നും അനസ്. 

സിറിയ ജീവിക്കാന്‍ കൊള്ളുന്ന നാടായിരുന്നു. പക്ഷേ ഭരണകൂടവും അധിനിവേശ ശക്തികളും സിറിയയെ കുട്ടിച്ചോറാക്കി.  നല്ല ഭരണവും ദീര്‍ഘ വീക്ഷണവും ഉണ്ടെങ്കില്‍ ഇനിയും തിരിച്ച് വരാനാകുമെന്ന് അനസിന് അഭിപ്രായമുണ്ട്. അനസിനെ പോലെ ആയിരക്കണക്കിന് സിറിയക്കാര്‍ കുര്‍ദിസ്താനിലുണ്ട്. ഒന്നുകില്‍ സ്വന്തമായി എന്തെങ്കിലും ജോലിയെടുത്ത്, അല്ലെങ്കില്‍ ഏതെങ്കിലും കമ്പനികളില്‍ ജോലി ചെയ്ത് ജീവിക്കുന്നവര്‍. സിറിയയുടെ പുതിയ അവസ്ഥകള്‍ കരളലിയിപ്പിക്കുന്നതിനാലാകാം ആര്‍ക്കും അത് പറയാന്‍ താല്‍പര്യമില്ലാത്തത്.  അനസ് ഒരു ഉദാഹരണം മാത്രം. അനസിനെ പോലെ കഴിവുള്ളവരും ഇല്ലാത്തവരും ഒരുപാടുണ്ട്. തങ്ങളുടെ രാജ്യമുപേക്ഷിച്ച് പോരാന്‍ നിര്‍ബന്ധിതരായവര്‍, രാജ്യം തന്നെ മറക്കാന്‍ വിധിക്കപ്പെട്ടവര്‍, എല്ലാം ഉപേക്ഷിച്ച് നാടുവിട്ടവര്‍... എല്ലാവരും ദൂരെ എവിടെയോ നിന്ന് തങ്ങളുടെ രാജ്യത്തേക്ക് കണ്ണും നട്ടിരിക്കുകയാണ്. പ്രതിസന്ധികള്‍ അവസാനിച്ച് സമാധാനമായി തിരിച്ചു പോകാന്‍....

റഷ്യന്‍ ഇടപെടല്‍

സിറിയന്‍ ഏകാധിപതി ബശ്ശാറുല്‍ അസദ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും കൊന്നും കൊലവിളിച്ചും  ലോകത്തിനു മുന്നില്‍ ചോദ്യ ചിഹ്നമായി തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ എതിര്‍പ്പുകള്‍ വകവെക്കാതെ റഷ്യ സിറിയയില്‍ ഇടപെട്ട് പരിഹാരത്തിന് ശ്രമിക്കുന്നത്. ഐസിസ് ഉള്‍പ്പെടെയുള്ള തീവ്രവാദികളെ ഇല്ലായ്മ ചെയ്യാനും ഭരണകൂടത്തെ സഹായിക്കാനുമാണ് സൈന്യത്തെ അയച്ചിരിക്കുന്നതെന്നാണ് റഷ്യ അവകാശപ്പെടുന്നത്. എന്നാല്‍ ഒടിഞ്ഞു തൂങ്ങാറായ ഭരണകൂടത്തെ താങ്ങി നിര്‍ത്താനാണോ അതോ ചതി പ്രയോഗിച്ച് താഴെയിറക്കാനാണോ എന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

രാജ്യത്ത് കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് മൂന്ന് ലക്ഷത്തോളം  പേരെങ്കിലും മരണത്തിനു കീഴടങ്ങി. 40 ലക്ഷം പേരാണ് അഭയാര്‍ഥികളായി നാടുവിട്ടത്. ലോകത്ത് ഏറ്റവും കൂടുതല്‍  അഭയാര്‍ഥികളെ സൃഷ്ടിക്കുന്ന രാജ്യമായി സിറിയ മാറിക്കഴിഞ്ഞു. അതിലേറെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ലക്ഷക്കണക്കിന് ആളുകള്‍ രോഗം പിടിപെട്ടും വൈകല്യങ്ങള്‍ ബാധിച്ചും നിത്യ ദുരിതത്തിലായി. ആയിരക്കണക്കിന് കുഞ്ഞുങ്ങളും വയോജനങ്ങളും ക്രൂരമായി കുരുതി ചെയ്യപ്പെട്ടു. ജോലിക്ക് പോയ കുടുംബ നാഥന്മാരും സ്‌കൂളിലേക്കു പോയ കുരുന്നുകളും പലരും തിരിച്ചു വന്നില്ല. ആഭ്യന്തര യുദ്ധം മുതലെടുത്തത് പാശ്ചാത്യ ശക്തികളും അവരുടെ കൂടെ വന്ന ഐസിസ് പോലുള്ള സംഘടനകളുമാണ്. അതേസമയം സിറിയയില്‍ നടക്കുന്നത് ആഭ്യന്തര യുദ്ധമല്ല എന്ന് വാദിക്കുന്ന വലിയൊരു സമൂഹം സിറിയയില്‍ തന്നെയുണ്ട്. സിറിയയില്‍ നടക്കുന്നത് 'ഇറക്കുമതി ചെയ്ത' നിര്‍മിത അരാജകത്വമാണെന്നാണ് അവരുടെ ഭാഷ്യം.  അഥവാ, കൃത്യമായി പദ്ധതി തയ്യാറാക്കിയ ഉന്മൂല നാശം; തങ്ങളുടെ സംസകാരവും പൈതൃകവും നശിപ്പിക്കുന്നതിന് വേണ്ടിയുള്ള ബോധപൂര്‍വമായ ശ്രമം. സിറിയയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെ വിലയിരുത്തുമ്പോള്‍ അതില്‍ ശരിയുണ്ട് എന്ന് മനസ്സിലാവും.

സിറിയ പൂര്‍വസ്ഥിതി കൈവരിക്കുമോ, അസദ് യുഗം അവസാനിക്കുമോ, അതുമല്ല യുദ്ധവും അശാന്തിയും എന്നന്നേക്കുമായി തുടരുമോ? അന്താരാഷ്ട്ര സമൂഹം ഇപ്പോള്‍ സിറിയയെ കുറിച്ച് ഉയര്‍ത്തുന്ന ചോദ്യങ്ങളാണിത്. ഈ കഴിഞ്ഞ സെപ്തംബര്‍ രണ്ടാം വാരം യുദ്ധ സന്നാഹങ്ങളോടെ അസദിന്റെ സഹായത്തിനെത്തിയ റഷ്യയുടെ യഥാര്‍ഥ ലക്ഷ്യമെന്താണ് എന്നതും കാതലായ ചോദ്യമാണ്. 45 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മധ്യപൗരസ്ത്യ ദേശത്ത് റഷ്യ ഇടപെടുന്നത്. 1970-ലാണ് അവസാനമായി ഈജിപ്ഷ്യന്‍ പട്ടാളത്തെ സഹായിക്കാന്‍ സീനായിലേക്ക് സോവിയറ്റ് റഷ്യ യുദ്ധ സന്നാഹങ്ങളയച്ചത്. റഷ്യയുടെ പുതിയ നീക്കങ്ങള്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കിയിരിക്കുന്നു. അമേരിക്ക പരാജയപ്പെട്ട ഒരു അറബ് രാജ്യത്ത് കോളിളക്കമുണ്ടാക്കി  ലോകത്തെ തന്നെ ഒന്നാമത്തെ ശക്തിയായി മാറുകയെന്ന മോഹം റഷ്യക്കുണ്ട്.

പടിഞ്ഞാറ് തന്നെ സൃഷ്ടിച്ച ഒരവസരം മുതലാക്കിയാണ് റഷ്യ സിറിയയില്‍ എത്തുന്നത്. ഒന്നുകില്‍ അമേരിക്കയുടെ നേതൃപാടവത്തിലെ വീഴ്ച, അതുമല്ലെങ്കില്‍ തോറ്റുപിന്മാറിയ സാഹചര്യം മുതലെടുക്കുക. എന്തായിരുന്നാലും മേഖലയില്‍ അമേരിക്കക്ക് വെല്ലുവിളിയുയര്‍ത്തിയാണ് റഷ്യയുടെ വരവ്.ഐസിസിനെ തുരത്തുകയെന്ന അജണ്ട മാത്രമല്ല ഇക്കുറി റഷ്യയുടെ ഉന്നം. അസദിനെ സഹായിക്കുകയെന്നാല്‍ പ്രതിപക്ഷമായ ഫ്രീ സിറിയന്‍ ആര്‍മിയെയും, വഴിയെ കുര്‍ദുകളെയും അടിച്ചൊതുക്കകയെന്ന ലക്ഷ്യം കൂടി സാധിക്കുമ്പോഴേ അസദ് ഭരണകൂടത്തിനു സിറിയയില്‍ തുടര്‍ന്നും അധികാരത്തില്‍ വാഴാനാവൂ. പക്ഷേ അമേരിക്കയുടെ ശക്തമായ എതിര്‍പ്പുകള്‍ നിലനില്‍ക്കെ, അവിടേക്ക് കാര്യങ്ങള്‍ എത്തുമോ എന്ന് കണ്ടറിയണം. എന്തായിരുന്നാലും അറബ് രാജ്യത്ത് സ്ഥിരമായി തങ്ങളുടെ നാവികസൈന്യത്താവളം നിലനിര്‍ത്തണമെങ്കില്‍ റഷ്യക്ക് വിജയം അനിവാര്യമാണ്. അസദിനെ ഇറക്കിയാല്‍ ആ ലക്ഷ്യം ഈയടുത്തൊന്നും സാക്ഷാത്കരിക്കാന്‍ പോകുന്നില്ല.

ആഭ്യന്തര യുദ്ധം സങ്കീര്‍ണ്ണമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഇത് അറിഞ്ഞു കൊണ്ടുതന്നെയാണ് റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ യുദ്ധാനുമതി നല്‍കിയിരുക്കുന്നത്. സ്വന്തം താല്‍പര്യ സംരക്ഷണം പ്രധാനമാവുമ്പോള്‍ മധ്യധരണ്യാഴിയില്‍ തങ്ങളുടെ സൈനിക താവളം നിലനിര്‍ത്തുന്നതിന് സിറിയയെ കീറിമുറിക്കാന്‍ വരെ റഷ്യ കൂട്ട് നിന്നേക്കും. അവിടെയും ഇറാന്റെ അമേരിക്കയുമായുള്ള ചങ്ങാത്തം കാര്യങ്ങളെ ഏതു ദിശയിലേക്ക് നയിക്കുമെന്ന്  കാത്തിരുന്നു കാണേണ്ടതാണ്.

ഉപരോധങ്ങള്‍ വിതച്ചത്

അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിനാല്‍ വര്‍ഷങ്ങളായി അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുന്ന രാജ്യമാണ് സിറിയ. ഹിസ്ബുല്ല, ഹമാസ് തുടങ്ങിയവയെ സഹായിച്ചു എന്നതാണ് ഉപരോധ കാരണങ്ങളില്‍ ഏറ്റവും പ്രധാനം. സിറിയക്ക് നേരെ ഏര്‍പ്പെടുത്തിയിരുന്ന അന്താരാഷ്ട്ര ഉപരോധങ്ങള്‍  ആയുധോല്‍പാദനവും ഭീകരപ്രവര്‍ത്തനവും തടയിടാന്‍ വേണ്ടിയാണ് എന്ന് ഒരു ഭാഗത്ത് എഴുതി വെക്കുകയും മറുഭാഗത്ത് പടിഞ്ഞാറു തന്നെ ഭീകരതയെ വളര്‍ത്തുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. ഐസിസ് പോലും ഒരു പടിഞ്ഞാറന്‍ സൃഷ്ടിയാണ് എന്ന് പറയുന്നവര്‍ നിരത്തുന്ന ന്യായങ്ങള്‍ ഒട്ടേറെയുണ്ട്.  ഇത്തരം ഉപരോധങ്ങള്‍ രാജ്യത്തെ കുട്ടിച്ചോറാക്കി എന്നത് മാത്രമല്ല, അവര്‍ക്കുള്ള പുറം സഹായത്തെ തടയാനും ലക്ഷ്യമിട്ടതായിരുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ എഴുപതു ശതമാനം തകര്‍ന്നു. വലിയ ഫാക്ടറികളുടെയും ഓയില്‍ കമ്പനികളുടെയും പ്രവര്‍ത്തനം നിലച്ചു. ഇരുപത് മണിക്കൂറോളം വൈദ്യുതിയില്ലാതെ ഇരുട്ടിലാണ് ജനങ്ങള്‍ ജീവിച്ചു പോരുന്നത്.  അപ്പോഴും കുടുതല്‍ ഉപരോധങ്ങള്‍ കൊണ്ട് വരികയും, പ്രശ്‌നത്തെ കൂടുതല്‍ വൈകാരികമാക്കി തങ്ങളുടെ ഇടപെടലിന് ന്യായം കണ്ടെത്തുകയുമായിരുന്നു അമേരിക്ക പോലുള്ള പാശ്ചാത്യ ശക്തികള്‍. എന്നാല്‍ അത്തരത്തിലുള്ള ഉപരോധങ്ങളൊന്നും ഫലിച്ചില്ലെന്നതിനാലാവാം സ്ട്രാറ്റജി മാറ്റിനോക്കാനാണ് ഇപ്പോള്‍ പടിഞ്ഞാറൊരുങ്ങുന്നത്.

സിറിയയിലെ കുര്‍ദ് പ്രശ്‌നം

സിറിയയിലെ ഏറ്റവും വലിയ മത ന്യൂനപക്ഷമാണ് കുര്‍ദുകള്‍. രാജ്യത്തിന്റെ മൊത്തം ജനസംഖയുടെ 12 ശതമാനത്തോളം വരുന്ന കുര്‍ദുകള്‍ തെക്കന്‍ കുര്‍ദിസ്താനിലെ ഹസാക്ക, അല്‍ കാമിഷി, ഐനുല്‍ അറബ് എന്നറിയപ്പെടുന്ന കൊബാനി എന്നീ പ്രദേശങ്ങളിലാണ്  ഭൂരിപക്ഷമുള്ളത്. തുര്‍ക്കിയുടെ അതിര്‍ത്തിയിലുള്ള അഫ്രിന്‍ ആണ്  മറ്റൊരു പ്രദേശം. തെക്കന്‍ ഇറാഖി കുര്‍ദിസ്താന്‍ പോലെ സിറിയയിലെ പടിഞ്ഞാറന്‍ കുര്‍ദിസ്താന്‍ അഥവാ റോജാവ 2013 മുതല്‍ സ്വയം ഭരണാവകാശമുള്ള പ്രദേശമാണ്. ഭരണപക്ഷവും പ്രതിപക്ഷവും സിറിയന്‍ പ്രശ്‌നങ്ങള്‍ക്ക് ഐസിസിനെ മറയാക്കുമ്പോള്‍ ഐസിസിനെതിരെ ഇപ്പോഴും ശക്തമായി പോരാടിക്കൊണ്ടിരിക്കുന്ന ഏക ശക്തി കുര്‍ദുകളാണ്. 

അസദ് ഭരണകൂടത്തിനും പടിഞ്ഞാറിനും ഇത് നന്നായി അറിയാം. ചെറുത്ത്‌നില്‍പ്പിലൂടെയും ശക്തമായ പോരാട്ടങ്ങളിലൂടെയും കുര്‍ദ് സേനയായ 'പെഷമര്‍ഗ' ഐസിസില്‍ നിന്ന് അതിര്‍ത്തി പ്രദേശമായ കൊബാനി പിടിച്ചടക്കിയത് ഈയിടെയാണ്. കുര്‍ദിഷ്  പാര്‍ട്ടിയും മേഖലയിലെ ശക്തമായ സാന്നിധ്യവുമായ പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ പാര്‍ട്ടി(വൈ.പി.ജി)യാണ് ഇതിനു നേതൃത്വം നല്‍കുന്നത്. ഭരണകൂടത്തിനെതിരെ പ്രതിപക്ഷത്തോടൊപ്പം നിന്ന് പൊരുതുന്ന വൈ.പി.ജിക്ക് അമേരിക്കന്‍ സഹായം ലഭിച്ചിരുന്നുവെന്നതും തുര്‍ക്കിയില്‍ കുര്‍ദുകള്‍ക്കെതിരെ ആരംഭിച്ച പോരാട്ടത്തില്‍ അമേരിക്ക തുര്‍ക്കി ഭരണകൂടത്തോടോപ്പം ഉണ്ടെന്നതും വൈപരീത്യമാണ്. തുര്‍ക്കിയില്‍ നടക്കുന്നത് ഐസിസിനെതിരായ പോരാട്ടമാണ് എന്നതാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. അതേസമയം കുര്‍ദുകള്‍ തങ്ങളുടെ ശത്രുവല്ലെന്നും അവരുമായി ഏത് ചര്‍ച്ചക്കും തയ്യാറാണെന്നും അസദ് ഈയിടെ പ്രഖ്യാപിച്ചത് അവരെ കൂടെ നിര്‍ത്താനുള്ള അടവിന്റെ ഭാഗമായിരിക്കാനേ സാധ്യതയുള്ളൂ.

സിറിയയില്‍ അമേരിക്ക പരാജയപ്പെട്ടു പിറകോട്ടടിക്കുന്ന അവസ്ഥയിലാണ്  ഇറാനും റഷ്യയും കൂട്ടു ചേര്‍ന്ന് രാഷ്ട്രീയ കരുനീക്കങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞ മാസം റഷ്യയില്‍ നടന്ന വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി ചില സുപ്രധാന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. സിറിയയുടെ ശത്രുപക്ഷത്തുള്ള സുഊദിയെയും മിത്രമായ ഇറാനെയും കൂടെ നിര്‍ത്തി കൊണ്ടുള്ള ശ്രമത്തിനാണ് റഷ്യ തുടക്കമിട്ടിരിക്കുന്നത്. സുഊദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അസദ് ഭരണകൂടത്തെ താഴെയിറക്കാത്ത ഒരു പരിഹാരവും സ്വീകാര്യമായിരുന്നില്ല. എന്നാല്‍ റഷ്യയും സുഊദിയും തമ്മില്‍ നിലവിലുള്ള വ്യാപാര കരാറുകള്‍ മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ ചില നീക്കുപോക്കുകള്‍ വേണ്ടി വരും. സുന്നി ഭൂരിപക്ഷ രാജ്യമായ സിറിയയിലെ ശീഈകള്‍ക്ക് ആയുധം നല്‍കുന്നത് ഇറാനാണ് എന്ന് നേരെത്തെ ആക്ഷേപമുണ്ട്. അതേസമയം ശീഈ ഫാക്ടറിനെ അനുനയിപ്പിക്കാന്‍ ഇറാനുമായുള്ള കൂട്ടുകെട്ട് സഹായിച്ചേക്കുമെന്ന് റഷ്യ കരുതുന്നു.

(കുര്‍ദിസ്താനിലെ  ഇദ്‌ലിബില്‍ ജോലി ചെയ്യുകയാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /4-9
എ.വൈ.ആര്‍