വേറിട്ടൊരു മഹല്ല് സംഗമവും സ്വീകരണ പരിപാടിയും
ശാന്തപുരം: സാമ്പ്രദായിക രീതിയിലുള്ള മഹല്ല് സംഗമങ്ങളില്‍നിന്നും സ്വീകരണ പരിപാടികളില്‍നിന്നും വ്യത്യസ്തമായിരുന്നു അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശാന്തപുരം മഹല്ല് സംഗമവും ജമാഅത്ത് നേതാക്കള്‍ക്കുള്ള സ്വീകരണവും. മഹല്ലിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടോ കണക്കവതരണമോ ചര്‍ച്ചകളോ ഇല്ലാത്ത മഹല്ല് സംഗമം. ആറര പതിറ്റാണ്ടുകാലം പ്രസ്ഥാനത്തോടൊപ്പം സഞ്ചരിച്ച മഹല്ല് നിവാസികള്‍ ഒരു സായാഹ്നത്തില്‍ ഒരിടത്ത് സംഗമിച്ച് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പുതിയ ദേശീയ-സംസ്ഥാന-ജില്ലാ സാരഥികള്‍ക്ക് സ്വീകരണം നല്‍കുകയായിരുന്നു. നേതാക്കളില്‍നിന്ന് വിവിധ വിഷയങ്ങളില്‍ പുതിയ അറിവുകളും വഴിവെളിച്ചവും നുകരാനുള്ള ഒരസുലഭ സന്ദര്‍ഭമായിരുന്നു അത്. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അസിസ്റ്റന്റ് അമീര്‍ ടി. ആരിഫലി, സംസ്ഥാന അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, അസിസ്റ്റന്റ് അമീറുമാരായ ശൈഖ് മുഹമ്മദ് കാരകുന്ന്, പി. മുജീബുര്‍റഹ്മാന്‍, ജനറല്‍ സെക്രട്ടറി എം.കെ മുഹമ്മദലി, സെക്രട്ടറി കെ.കെ സുഹ്‌റ, ജില്ലാ പ്രസിഡന്റ് വി.ടി അബ്ദുല്ലകോയ തങ്ങള്‍ എന്നിവരുടെ സാന്നിധ്യം പരിപാടിയെ അവിസ്മരണീയമാക്കി.
അഖിലേന്ത്യാ അസി. അമീര്‍ ടി. ആരിഫലി നടത്തിയ ഉദ്ഘാടന പ്രസംഗം ഇന്ത്യന്‍ മുസ്‌ലിംകളുടെ സമകാലിക ദുരവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു. ദാദ്രി സംഭവത്തിനുശേഷം കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബാംഗങ്ങളുന്നയിച്ച ഒരു ചോദ്യത്തിന് മറുപടി പറയാന്‍ ഇന്ത്യയിലെ ദേശീയതയും ഇന്ത്യന്‍ സെക്യുലരിസവും ഇന്ത്യയിലെ ജനാധിപത്യവും അശക്തമായിത്തീര്‍ന്നിരിക്കുന്നു. വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നത് മാട്ടിറച്ചിയല്ല, ആട്ടിറച്ചിയായിരുന്നുവെങ്കില്‍ ഞങ്ങളുടെ പിതാവിനെ തിരിച്ചുതരാന്‍ സാധിക്കുമോ എന്ന് മക്കള്‍ ചോദിക്കുന്നു. പെരുന്നാള്‍ ദിവസം ഞങ്ങളോടൊപ്പം കളിച്ചുനടന്ന കുടുംബങ്ങളുടെ നായകന്മാരാണ് ഉപ്പയെ ഇഷ്ടികകൊണ്ട് ഇടിച്ച് കൊന്നുകളഞ്ഞത്. എത്ര ആഴത്തിലാണ് ഇന്ത്യന്‍ സമൂഹത്തില്‍ മുസ്‌ലിം വിരുദ്ധതയും ദലിത് വിരുദ്ധതയും വേരൂന്നിക്കൊണ്ടിരിക്കുന്നത്- ടി. ആരിഫലി ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി, വിഷന്‍-2016 എന്ന ബൃഹദ് പദ്ധതിക്ക് രൂപം നല്‍കിയതിന്റെ പശ്ചാതലം വിവരിച്ചുകൊണ്ട് അദ്ദേഹം തുടര്‍ന്നു: ''സിദ്ദീഖ് ഹസന്‍ സാഹിബിന്റെ നേതൃത്വത്തില്‍ വിഷനെ ഒരു നല്ല ബ്രാന്റായി വളര്‍ത്തിയെടുക്കാന്‍ നമുക്ക് കഴിഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ മുമ്പില്‍വച്ചുകൊണ്ടാണ് അടുത്ത പത്ത് വര്‍ഷത്തേക്കുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിം ഗ്രാമങ്ങളിലേക്കും ദലിത്-ആദിവാസി ഗ്രാമങ്ങളിലേക്കും ചെന്നെത്തണമെന്ന് നാം ആഗ്രഹിക്കുന്നു. എന്നും ഗ്രാമവാസികള്‍ക്ക് സഹായം നല്‍കുന്നതിനുപകരം ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കണമെന്നാണ് നമ്മുടെ തീരുമാനം. പുതിയ ഫോക്കസിലായിരിക്കും അടുത്ത പത്ത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍. ഗ്രാമവാസികള്‍ക്ക് ജീവിത മാര്‍ഗങ്ങള്‍ കാണിച്ചുകൊടുക്കുക, ഗവണ്‍മെന്റില്‍നിന്ന് വിവിധ സഹായങ്ങള്‍ നേടിയെടുക്കുന്നതിന് അവരെ പ്രാപ്തരാക്കുക, അതിന് സഹായകമാവുംവിധം എന്‍.ജി.ഒ കള്‍ സ്ഥാപിക്കുക, നിലവിലുള്ള എന്‍ജി.ഒ കളെ ശാക്തീകരിക്കുക, അവര്‍ക്ക് ഗൈഡന്‍സ് നല്‍കുക എന്നിങ്ങനെ ഗവണ്‍മെന്റ് ഏജന്‍സികളെയും ഗവണ്‍മെന്റിതര ഏജന്‍സികളെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.''
'മഹല്ല് നിവാസികളോട്'’ എന്ന ശീര്‍ഷകത്തില്‍ ഹല്‍ഖാ അമീര്‍ എം.ഐ അബ്ദുല്‍ അസീസ് മുഖ്യ പ്രഭാഷണം നടത്തി. 'ഇസ്‌ലാമിക പ്രസ്ഥാനം- പ്രസക്തി, വ്യതിരിക്തത' എന്ന വിഷയത്തില്‍ ശൈഖ് മുഹമ്മദ് കാരകുന്നും 'സമകാലിക സാഹചര്യത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനം' എന്ന തലക്കെട്ടില്‍ പി. മുജീബുര്‍റഹ്മാനും 'വിദ്യാഭ്യാസമേഖലയില്‍ പ്രസ്ഥാനത്തിന്റെ സംഭാവനകള്‍' എന്ന ശീര്‍ഷകത്തില്‍ എം.കെ മുഹമ്മദലിയും 'വനിതാരംഗത്ത് പ്രസ്ഥാനത്തിന്റെ ചുവടുവെപ്പുകള്‍' എന്ന ശീര്‍ഷകത്തില്‍ കെ.കെ സുഹ്‌റയും പ്രഭാഷണങ്ങള്‍ നടത്തി. വി.ടി. അബ്ദുല്ലകോയ തങ്ങള്‍ സമാപന പ്രസംഗം നിര്‍വഹിച്ചു. എം.ടി. മൊയ്തീന്‍ മൗലവി അധ്യക്ഷത വഹിച്ച സംഗമത്തില്‍ ഹൈദറലി ശാന്തപുരം സ്വാഗതമാശംസിച്ചു. ബിലാല്‍ നജീബ് ഖുര്‍ആന്‍ പാരായണവും ദിര്‍ബറും സംഘവും ഗാനാലാപനവും നടത്തി. എം.ടി. കുഞ്ഞലവി നന്ദി പറഞ്ഞു.
Comments