Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 23

പ്രാദേശിക ഭരണകൂടങ്ങള്‍ ജനസേവനയിടങ്ങളാവട്ടെ

ബഷീര്‍ തൃപ്പനച്ചി /കവര്‍‌സ്റ്റോറി

         രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും സ്വയം പര്യാപ്തതയും സമ്പൂര്‍ണമായി നേടിയെടുക്കാന്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി നിര്‍ദേശിച്ച പരിപാടിയാണ് ഗ്രാമസ്വരാജ്. ഓരോ ഗ്രാമവും അതിന്റെ ആഗ്രഹാഭിലാഷങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും യോജിക്കുന്ന സാമൂഹിക സംവിധാനവും ഉല്‍പാദന സമ്പ്രദായവും ആവിഷ്‌കരിച്ചു സ്വയം പര്യാപ്തമായി വളരുകയും, പൗരന്മാര്‍ക്ക് സാമൂഹിക സംവിധാനങ്ങളുടെ നടത്തിപ്പില്‍ ക്രിയാത്മകമായ പങ്കുവഹിക്കാന്‍ അധികാരവും അവസരവും ലഭിക്കുകയും ചെയ്യുന്നൂവെന്നതാണിതിന്റെ ഏറ്റവും ശ്രദ്ധേയമായ നേട്ടം. ഗ്രാമസ്വരാജ് എന്ന ഈ സ്വപ്ന പദ്ധതി പ്രായോഗികമാക്കാനാണ് ത്രിതല പഞ്ചായത്ത് നിയമം കൊണ്ടുവന്നതും ജനകീയാസൂത്രണം നടപ്പിലാക്കിയതും. നേരത്തെ രാജ്യത്തിന്റെ വികസനത്തില്‍ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് മാത്രമുണ്ടായിരുന്ന അധികാരവും അവകാശവും ഇതുവഴി ത്രിതലപഞ്ചായത്തുകള്‍ക്കും ലഭിച്ചു.  ഇന്ന് സംസ്ഥാന വികസന ബജറ്റിന്റെ 40 ശതമാനം വിതരണം ചെയ്യപ്പെടുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയാണ്. പ്രാഥമികാരോഗ്യം, വിദ്യാഭ്യാസം, ജലവിതരണം, അടിസ്ഥാന വികസനം തുടങ്ങിയവയുടെയെല്ലാം അവസാന വാക്ക് പഞ്ചായത്തിന്റെതും ഗ്രാമസഭയുടേതുമൊക്കെയായി മാറിയിരിക്കുന്നു. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഏറ്റവും അധികാരമുള്ള വേദി ഗ്രാമസഭയാണ്. ഓരോ വാര്‍ഡിലെയും വോട്ടവകാശമുള്ള മുഴുവന്‍ പൗരന്മാരുടെയും വേദിയാണിത്. ആ വാര്‍ഡില്‍ എന്ത് നടപ്പാക്കണം, നടപ്പാക്കേണ്ടതില്ല എന്ന് തീരുമാനിക്കുന്നത് ഗ്രാമസഭയിലാണ്. തെരഞ്ഞെടുക്കപ്പെട്ട ഓരോ പഞ്ചായത്ത് മെമ്പറും ഗ്രാമസഭ വിളിച്ചു ചേര്‍ത്ത് ആ വാര്‍ഡിലെ ജനങ്ങളുടെ ആവശ്യങ്ങളറിയുകയും അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയും ചെയ്ത് തദനുസൃതമാണ് പദ്ധതികള്‍ നടപ്പിലാക്കേണ്ടത്. ഭരണഘടനാ സാധുതയുള്ള, സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും സ്വജനപക്ഷപാതിത്വത്തിനും അതീതമായ സുസ്ഥിര സഭയായിട്ടാണ് ഗ്രാമസഭകള്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ഓരോ പദ്ധതിയും ആ വാര്‍ഡിലെ ഏറ്റവും അര്‍ഹര്‍ക്കാണ് ലഭിക്കുന്നതെന്ന് ഉറപ്പ് വരുത്താനുള്ള വേദി കൂടിയാണ് ഗ്രാമസഭ. 

ഏതൊരു സമത്വസുന്ദര പദ്ധതിയും അത് നടപ്പാക്കുന്നവരുടെ കാഴ്ചപ്പാടും ധാര്‍മികതയുമനുസരിച്ചാണ് വിജയിക്കുക എന്നത് പ്രാപഞ്ചിക സത്യമാണ്. പഞ്ചായത്തീ രാജും ജനകീയാസൂത്രണവും അതിന്റെ തുടക്കത്തില്‍ ചില ഉണര്‍വുകളും പ്രതീക്ഷകളും നല്‍കിയെന്നത് ചരിത്രമാണ്.  മുമ്പുണ്ടായിരുന്നതിനേക്കാള്‍ മികച്ചൊരു മാറ്റം അതുവഴി സംഭവിക്കുകയും ചെയ്തു. നാട്ടില്‍പുറങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കൃഷിഭവനുകളുമെല്ലാം ജീവന്‍ വെച്ചതും മോടി കൈവരിച്ചതും ഇതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. പ്രൈവറ്റ് സ്ഥാപനങ്ങളില്‍ മാത്രം കണ്ടിരുന്ന വെടിപ്പും ശുചിത്വവും സൗകര്യങ്ങളുമെല്ലാം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വന്നു തുടങ്ങിയത് പ്രാദേശിക ഫണ്ടുകളുടെ സഹായത്താലായിരുന്നു. എന്നാല്‍ ത്രിതല പഞ്ചായത്ത് വഴിയുള്ള ഫണ്ടുകള്‍ തന്നെ ഗ്രാമസ്വരാജ് സ്വപ്ന പദ്ധതിയെ തകര്‍ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പ്രാദേശിക വികസനത്തിന് വേണ്ടി വ്യത്യസ്ത പദ്ധതികളുടെ പേരില്‍ കോടിക്കണക്കിന് രൂപ ഓരോ വര്‍ഷവും പഞ്ചായത്തിലേക്ക് ഫണ്ടായി വരാന്‍ തുടങ്ങിയതോടെ പണത്തോട് ആര്‍ത്തിയുള്ളവര്‍ അധികാരത്തിന് വേണ്ടി മത്സരിച്ചുതുടങ്ങി. അതോടെ ഫണ്ടുകള്‍ വഴിമാറി. നാടിന്റെ ആവശ്യത്തിനും വികസനത്തിനുമെന്നതിനപ്പുറം  സ്വന്തം പോക്കറ്റിന്റെ കനം കൂട്ടാന്‍ സാധ്യതയുള്ള പദ്ധതികള്‍ രൂപം കൊണ്ടു. അതില്‍ പലതും നോക്കുകുത്തികളായി. ഒരു പദ്ധതിക്ക് ആവശ്യമായതിലും അനേകം മടങ്ങ് തുകക്ക് കരാറുകള്‍ നല്‍കി അതിന്റെ കമ്മീഷന്‍, മെമ്പര്‍മാരും ഉദ്യോഗസ്ഥരുമെല്ലാം വീതിച്ചെടുക്കുക എന്നതിലേക്ക് പഞ്ചായത്തു ഭരണം വഴി മാറി. ഭരണ-പ്രതിപക്ഷ ഭേദമന്യേയുള്ള ഈ 'സമത്വ സുന്ദര' പങ്കുവെയ്പ്പുകള്‍ സാര്‍വത്രികമായതോടെ ഗാന്ധി സ്വപ്നം കണ്ട ഗ്രാമസ്വരാജ് പേരില്‍ മാത്രമൊതുങ്ങി. നിലവില്‍ അനുവദിക്കപ്പെടുന്ന വികസനഫണ്ടുകളില്‍ 40 ശതമാനം മാത്രമേ കേരളത്തില്‍ ചെലവഴിക്കപ്പെടുന്നുള്ളൂ. പല ഫണ്ടുകളും ലാപ്‌സായി പോവുന്നു. നടപ്പിലാകുന്ന പദ്ധതികളാവട്ടെ പാസാക്കിയ ഫണ്ടിന്റെ പത്തിലൊന്ന് പോലും ചെലവഴിക്കാത്ത രൂപത്തിലുമാണ്. തദ്ദേശ വികസന രംഗത്തെ ഈ അഴിമതിയും കെടുകാര്യസ്ഥതയും തടയാനുള്ള സംവിധാനമായ ഗ്രാമസഭകളെ രാഷ്ട്രീയ അതിപ്രസരത്തില്‍ മുക്കി നിര്‍ജീവമാക്കുകയും ചെയ്തു. പലയിടത്തും ഗ്രാമസഭ, വാര്‍ഡ് മെമ്പറുടെ പാര്‍ട്ടിക്കാരുടെ സ്വകാര്യ പരിപാടിയായി ചുരുങ്ങി. അപൂര്‍വമായി ഉയരുന്ന എതിര്‍ ശബ്ദങ്ങളെ പാര്‍ട്ടിക്കെതിരെയുള്ള വിമത സ്വരങ്ങളായി കണ്ട് കൈകാര്യം ചെയ്യാന്‍ തുടങ്ങുകയും ചെയ്തതോടെ ഒരു മഹത്തായ സംരംഭം ഏതാനും ചിലയാളുകള്‍ മാത്രം ഒരുമിച്ചുകൂടി പിരിയുന്ന വേദിയായി മാറി. 

പഞ്ചായത്തീരാജിന്റെ വര്‍ത്തമാനം ഇങ്ങനെയൊക്കെയാണെങ്കിലും അതിന്റെ നിയമങ്ങളും വേദികളുമെല്ലാം ഒരു മഹത്തായ സ്വപ്നം സാക്ഷാത്കരിക്കാന്‍ പോന്നവയാണ്. അത് നടപ്പാക്കിയവരുടെ ലക്ഷ്യം മാറിയപ്പോള്‍ പദ്ധതിയുടെ ചിത്രവും മാറിയെന്ന് മാത്രം. അഴിമതിയുടെയും സ്വജനപക്ഷപാതിത്വത്തിന്റെയും കറ പുരളാത്തവര്‍ പഞ്ചായത്തീരാജിന്റെ അധികാരങ്ങളും പദ്ധതികളും ഉപയോഗപ്പെടുത്തിയാല്‍ ഗ്രാമസ്വരാജിന്റെ നേട്ടങ്ങള്‍ താഴെ തട്ടില്‍ വരെ എത്തിക്കാമെന്നതിന് ഒറ്റപ്പെട്ട ഉദാഹരണങ്ങള്‍ കേരളത്തില്‍ തന്നെയുണ്ട്. മൂല്യബോധവും ധര്‍മബോധവും ഉളളതോടൊപ്പം ആസൂത്രണബോധവും ഭാവനയും ഉള്ളവര്‍ ഈ രംഗത്തേക്ക് വന്നാല്‍ ഗുണപരമായ മാറ്റം വിദൂരമല്ലെന്നാണ് ഇത് തെളിയിക്കുന്നത്. 

യഥാര്‍ഥത്തില്‍ ജനസേവനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വേദിയായി ഉപയോഗപ്പെടുത്താവുന്ന ഇടമാണ് പ്രാദേശിക ഭരണ സംവിധാനം. സ്വന്തം പോക്കറ്റില്‍ നിന്ന് കാശെടുത്തോ ഉദാരമതികളായ വ്യക്തികളില്‍ നിന്ന് സംഖ്യ കണ്ടെത്തിയോ ആളുകളുടെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുക എന്നതാണ് നാം പരിചയിച്ച ജനസേവനത്തിന്റെ രീതി. തീര്‍ച്ചയായും അത് പുണ്യകരവും തുടരേണ്ടതുമായ ജനസേവനം തന്നെയാണ്. പക്ഷെ, അതല്ലാത്ത, ജനസേവനത്തിന്റെ വലിയൊരു തുരുത്ത് നമുക്ക് മുന്നിലുണ്ട്. അതാണ് സമൂഹത്തിലെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ ത്രിതല പഞ്ചായത്തുകള്‍ വഴി നല്‍കുന്ന ഫണ്ടുകള്‍. ജനങ്ങളുടെ തന്നെ നികുതിയില്‍ നിന്നും രാജ്യത്തിന്റെ മറ്റ് വരുമാനമാര്‍ഗങ്ങളില്‍ നിന്നുമാണ് ഇതിനുള്ള തുക കണ്ടെത്തുന്നത്. അത് അര്‍ഹരായവര്‍ക്ക് ലഭ്യമാക്കിക്കൊടുക്കുകയും അവരുടെ സ്വപ്നങ്ങള്‍ പൂവണിയാന്‍ ത്യാഗസന്നദ്ധരായി ഒപ്പം നില്‍ക്കുകയും ചെയ്യുമ്പോഴാണ് ജനസേവനം ദൈവാരാധനയുടെ ഭാഗമാകുന്നത്.

ജനകീയാസൂത്രണത്തിന്റെയും ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെയും മറവില്‍ നടക്കുന്നത് ഫണ്ടുകളുടെ വീതം വെപ്പാണെന്ന ആരോപണം ഏറ്റുപറയുന്നതിനപ്പുറം ശരിയായ ജനകീയാസൂത്രണത്തിന്റെയും പക്ഷപാത രഹിത സമീപനത്തിന്റെയും മുഖം കാണിച്ചുകൊടുക്കാന്‍ മുന്നോട്ട് വരികയാണ് വേണ്ടത്. അങ്ങനെ തയാറായി വരുന്നവരെ ജയിപ്പിച്ച് അവരര്‍ഹിക്കുന്ന അധികാര കേന്ദ്രങ്ങളിലെത്തിക്കുകയെന്നത് കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്. ഫണ്ടുകളുടെ പരിമിതിയല്ല, അഴിമതിയുടെ പെരുപ്പമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശാപം. നമ്മുടെ ജനാധിപത്യത്തിന്റെ തന്നെ വലിയ ദൗര്‍ബല്യമാണ് അഴിമതി. ഗവണ്‍മെന്റിന്റെ ഏത് ഇനത്തില്‍ കിട്ടുന്ന ധനസഹായത്തിന്റെയും ഒരു വിഹിതം കമ്മീഷനായി മെമ്പര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും പാര്‍ട്ടി ഇടനിലക്കാര്‍ക്കും നല്‍കല്‍ നാട്ടുനടപ്പായി മാറിയ ഒരു വ്യവസ്ഥിതിയില്‍ പൊതുഫണ്ടില്‍ നിന്നുള്ള ഓരോ ചില്ലിക്കാശിനും നാളെ ദൈവിക കോടതിയില്‍ കണക്കു പറയേണ്ടിവരും എന്ന ബോധമുള്ളവര്‍ അധികാരത്തില്‍ വന്നാല്‍ ഗ്രാമസ്വരാജ് കൊണ്ട് ഗാന്ധി എന്താണോ ലക്ഷ്യം വെച്ചത് അത് നേടാന്‍ സാധിക്കും. അല്ലെങ്കിലും, ജനങ്ങളുടെ നികുതിയും രാജ്യത്തിന്റെ പൊതുമുതലും ഉള്‍പ്പെടുന്ന നിരവധി ഫണ്ടുകള്‍ അതിന്റെ യഥാര്‍ഥ അവകാശികള്‍ക്ക് പൂര്‍ണമായി നല്‍കാതെ ഒരു വരേണ്യവര്‍ഗം അത് വീതം വെച്ചെടുക്കുമ്പോള്‍ നിശ്ശബ്ദരായി നോക്കിനില്‍ക്കാന്‍ നമുക്കെന്ത് അവകാശമാണുള്ളത്? 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /4-9
എ.വൈ.ആര്‍