Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 23

പഞ്ചായത്ത് ജനാധിപത്യത്തിന്റെ അടിമണ്ണാണ്

ടി. മുഹമ്മദ് വേളം /കവര്‍‌സ്റ്റോറി

''തലസ്ഥാനത്ത് നിന്ന് ഏതാനും നേതാക്കള്‍ നടത്തുന്ന ഭരണത്തേക്കാള്‍ എത്രയോ മെച്ചമായിരിക്കും ഗ്രാമങ്ങളിലെ കാര്യങ്ങള്‍ അവിടുത്തുകാര്‍ തന്നെ നോക്കി നടത്തുന്നത്'' - മഹാത്മാഗാന്ധി

പഞ്ചായത്ത് ജനങ്ങളുടെ പാര്‍ലമെന്റാണ്. ഓരോ പൗരനും നേര്‍ക്കുനേരെ തന്നെ പാര്‍ലമെന്റംഗമാകുന്ന ജനാധിപത്യസഭയാണത്. അവനെ/അവളെ ഒരു ഇടനിലക്കാരനുമില്ലാതെ അവന്‍/അവള്‍ തന്നെ പ്രതിനിധീകരിക്കുന്ന സങ്കല്‍പമാണത്. ഇന്ത്യ ഗ്രാമങ്ങളുടെ നാടാണ്. ലക്ഷക്കണക്കിന് ഗ്രാമങ്ങളും കുറേ നഗരങ്ങളും ചേരുന്ന ഒരു അനുഭവത്തിനാണ് നാം ഇന്ത്യ എന്ന് പറയുന്നത്. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന ഗാന്ധിജിയുടെ പ്രസ്താവന പ്രസിദ്ധമാണല്ലോ. ഇന്ത്യയുടെ സാധ്യതയും പരിമിതിയും ഗ്രാമങ്ങള്‍ തന്നെയാണ്. 

ഗ്രാമങ്ങള്‍ പലപ്പോഴും ഫ്യൂഡലിസത്തിന്റെയും ജാതി മേല്‍ക്കോയ്മയുടെയും പുരുഷാധിപത്യത്തിന്റെയും ചെളിക്കുണ്ടുകളായിരിക്കും. ഖാപ് പഞ്ചായത്തുകളുടെ സമാന്തര ഭരണം നിലനില്‍ക്കുന്ന രാജ്യം കൂടിയാണ് നമ്മുടേത്. അതുകൊണ്ടുതന്നെ ഗാന്ധിജിയുടെ സ്വാശ്രയ ഗ്രാമ സങ്കല്‍പത്തെ ഭരണഘടനാ ശില്‍പി ഡോ.  ബി.ആര്‍ അംബേദ്കര്‍ അന്നുതന്നെ നിശിതമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യന്‍ സമൂഹത്തിലെ ജാതിഘടനയുടെ അടിസ്ഥാനത്തിലുള്ള ഉച്ചനീചത്വത്തിന്റെ സാഹചര്യത്തില്‍ പഞ്ചായത്തുകള്‍ അധീശശക്തിയുടെ വേദിയാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. പഞ്ചായത്ത് സംവിധാനത്തെ 'പ്രാദേശികത്വത്തിന്റെ കുപ്പത്തൊട്ടി', 'സങ്കുചിതത്വത്തിന്റെ ചെളിക്കുണ്ട്' എന്നിങ്ങനെ വിശേഷിപ്പിച്ചുകൊണ്ടുള്ള അംബേദ്കറുടെ നിലപാടും പ്രസിദ്ധമാണ്. ഇങ്ങനെയുള്ള നിലപാടുള്ളതുകൊണ്ടാണ് ഭരണഘടനാ രൂപീകരണ ഘട്ടത്തില്‍ പഞ്ചായത്തീ രാജിന് പ്രായേണ അപ്രധാനമായ, നിര്‍ദേശകതത്വങ്ങളില്‍ മാത്രമൊതുങ്ങുന്ന സ്ഥാനം അദ്ദേഹം നല്‍കിയത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

വടക്കേ ഇന്ത്യയിലെ മിക്കപ്രദേശങ്ങളിലും ദക്ഷിണേന്ത്യയില്‍ കേരളമൊഴികെയുള്ള മിക്കയിടങ്ങളിലും ഇതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. ജാതി പഞ്ചായത്തുകളെ ജനകീയ പഞ്ചായത്തുകളാക്കി മാറ്റുക എന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സുപ്രധാനമായ ഒരു ദൗത്യമാണ്. ഈ ദൗത്യം നിറവേറ്റപ്പെടാതെ നിയമസഭയോ പാര്‍ലമെന്റോ മാത്രം ജാതിരഹിതവും ജനകീയവും ആയിത്തീര്‍ന്നാല്‍ അത് ഔപചാരികം മാത്രമായിരിക്കും. അടിത്തട്ടില്‍ മാറ്റങ്ങളുണ്ടാകാതെ ഈ ഔപചാരിക മാറ്റം പോലും അസാധ്യവുമാണ്.

പല കാരണങ്ങളാല്‍ കേരളം ഇക്കാര്യത്തില്‍ ഏറെ മുന്നില്‍ സഞ്ചരിച്ച സംസ്ഥാനമാണ്. പഞ്ചായത്തീ രാജ് സംവിധാനം നമ്മുടെ ജനാധിപത്യത്തിന് അടിത്തട്ടില്‍ ഉണര്‍വ്വുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഡോ. തോമസ് ഐസക് നിരീക്ഷിച്ചതു പോലെ 200 പഞ്ചായത്തുകളെങ്കിലും നമ്മുടെ സംസ്ഥാനത്ത് മാതൃകാ പഞ്ചായത്തുകളാണ്. സര്‍ക്കാര്‍ സംവിധാനം ഉപയോഗപ്പെടുത്തി ജനങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഒരു വാര്‍ഡ് ഭരണം പോലും മികച്ച സാധ്യതയാണ്. ജനകീയാസൂത്രണ പദ്ധതി ഈ മുന്നേറ്റത്തില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്. ധാരാളം കരുത്തുള്ള ജനസേവകര്‍ പഞ്ചായത്തീ രാജ് സംവിധാനത്തിലൂടെ വളര്‍ന്നുവന്നിട്ടുണ്ട്.

പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളുടെ ജീര്‍ണതയും സ്ഥാപിത താല്‍പര്യങ്ങളുമാണ് പഞ്ചായത്തീ രാജിന്റെ സാധ്യതകളെ പരിമിതപ്പെടുത്തുന്നത്. നിസ്വാര്‍ഥവും കാര്യക്ഷമവുമായി മുന്നോട്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ തങ്ങളുടെ തന്നെ പാര്‍ട്ടികളുടെ ഇടങ്കോലിടല്‍ കാരണം സഹികെട്ട് രാജിവെച്ച ജനപ്രതിനിധികളും കേരളത്തിലുണ്ട്. വികസനത്തില്‍ കക്ഷിരാഷ്ട്രീയത്തിനപ്പുറം സഹകരിക്കുക എന്നത് പഞ്ചായത്തീ രാജിന്റെ വലിയ സാധ്യതയാണ്. 

പാര്‍ലമെന്റില്‍ നിന്നും നിയമസഭയില്‍ നിന്നും വ്യത്യസ്തമായി പഞ്ചായത്ത് സംവിധാനത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവുമില്ല. എല്ലാവരും ഭരണപക്ഷമാണ്. ഭരിക്കുന്ന മുന്നണിയുടെ മെമ്പര്‍മാരും ഭരിക്കാത്ത മുന്നണിയുടെയും പാര്‍ട്ടിയുടെയും മെമ്പര്‍മാരും ഭരണപക്ഷത്തിന്റെ തന്നെ ഭാഗമാണ്. ഈ ആത്മാവ് ഗുണപരമായ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ നമ്മുടെ പഞ്ചായത്തീ രാജ് സംവിധാനത്തിന് ഇനിയും സാധിച്ചിട്ടില്ല. പക്ഷേ, ഇതിന്റെ ഒരു വികലാവിഷ്‌കാരം നമ്മുടെ പ്രാദേശിക സര്‍ക്കാറുകളിലുണ്ട്. അത് കേന്ദ്രഭരണത്തിലും സംസ്ഥാന ഭരണത്തിലുമൊക്കെയുള്ള ഒരു രീതിയാണ്. പഞ്ചായത്ത് തലത്തിലെത്തുമ്പോള്‍ ഈ ചീത്ത രീതിയുടെ സാന്ദ്രത വര്‍ദ്ധിക്കുന്നുവെന്ന് മാത്രം. അഴിമതിയിലും ജനവിരുദ്ധതയിലും ഇടത്-വലത്-ബി.ജെ.പി. മുന്നണികള്‍ പരസ്പരം സഹായ സഹകരണ സംഘമായി പ്രവര്‍ത്തിക്കുന്ന കാഴ്ചയാണത്. 

കഴിഞ്ഞ തെരഞ്ഞെടുപ്പോടുകൂടി നിലവില്‍വന്ന 50 ശതമാനം സ്ത്രീ സംവരണമാണ് കേരളത്തിലെ പഞ്ചായത്തീ രാജിന്റെ മറ്റൊരു സവിശേഷത. ഇതുമായി ബന്ധപ്പെട്ട് അഞ്ച് വര്‍ഷത്തെ അനുഭവം നമ്മുടെ മുന്നിലുണ്ട്. ഈ സംവരണവും അതുവഴിയുണ്ടാകുന്ന പ്രാതിനിധ്യവും നമ്മുടെ ജനാധിപത്യത്തെയും സമൂഹത്തെയും സംബന്ധിച്ചിടത്തോളം ഏറെ ആരോഗ്യകരമാണ്. സ്ത്രീകള്‍ക്ക് ഫലപ്രദമായി പങ്കുവഹിക്കാന്‍ കഴിയുന്ന ഭരണസംവിധാനമാണ് പ്രാദേശിക സര്‍ക്കാറുകള്‍. കുടുംബത്തെ പരിപാലിച്ചുകൊണ്ടുതന്നെ അവര്‍ക്ക് പങ്കുവഹിക്കാന്‍ കഴിയുന്ന ഭരണതലമാണിത്. വീട്ടില്‍ നിന്ന് പോയി വീട്ടില്‍ തിരിച്ചുവന്ന് നിര്‍വ്വഹിക്കാന്‍ കഴിയുന്ന ഒന്നാണ് ഇതിന്റെ ഭരണനിര്‍വ്വഹണം. പഞ്ചായത്തുകള്‍ കൈകാര്യം ചെയ്യുന്ന അടിസ്ഥാന ജീവിത പ്രശ്‌നങ്ങള്‍ പുരുഷന്മാരെക്കാള്‍ പലപ്പോഴും മനസ്സിലാക്കാന്‍ കഴിയുക സ്ത്രീകള്‍ക്കാണ്. സ്ത്രീ എന്ന നിലക്ക് ഇതിനോട് സവിശേഷമായ ഒരു പ്രതിബദ്ധത അവര്‍ക്കുണ്ടാകും. കുടിവെള്ളത്തോടും പ്രാദേശിക ഗതാഗതത്തോടും വീടില്ലാത്തവരുടെ വീടിനോടും ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളോടും പുരുഷന്‍മാര്‍ക്കുള്ളതിനേക്കാല്‍ വലിയ സംവേദനക്ഷമത സ്ത്രീകള്‍ക്കുണ്ടാവും. പട്ടികജാതി പട്ടികവര്‍ഗ സംവരണത്തിലൂടെ അവരെ സംഘടിപ്പിക്കാനും നേതൃനിരയിലേക്ക് കൊണ്ടുവരാനും എല്ലാ പാര്‍ട്ടികളും നിര്‍ബന്ധിതരാവുകയാണ്. ഇത് ക്രമേണ നമ്മുടെ ജനാധിപത്യത്തില്‍ ഗുണപരമായ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും.

ഈ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും പ്രകടന പത്രികകള്‍ ശ്രദ്ധേയമാണ്. സി.പി.എം സംസ്ഥാനതലത്തില്‍ മിനിമം കാര്യങ്ങള്‍ പറയുകയും പഞ്ചായത്ത് തലത്തില്‍ വികസന സെമിനാറുകള്‍ സംഘടിപ്പിച്ച് പ്രകടന പത്രികകള്‍ തയാറാക്കുകയുമാണ് ചെയ്യുന്നത്. തങ്ങള്‍ പറയുന്ന കാര്യങ്ങളോടെങ്കിലും ഈ പാര്‍ട്ടികള്‍ പ്രതിബദ്ധത കാണിച്ചാല്‍ തന്നെ കേരളത്തില്‍ വമ്പിച്ച മാറ്റങ്ങളുണ്ടാകുമായിരുന്നു. പക്ഷേ, ഏട്ടിലെ ഈ പശുക്കള്‍ പുല്ല് തിന്ന ചരിത്രം നമുക്ക് ഏറെയൊന്നുമില്ല.

അഞ്ച് വര്‍ഷത്തോളം കേരളം ഭരിച്ച കോണ്‍ഗ്രസ്സ് 'വിശപ്പ് രഹിത കേരള'ത്തെക്കുറിച്ചാണ് പ്രകടന പത്രികയില്‍ പ്രധാനമായും പറയുന്നത്. ജനങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യമാണ് ഭക്ഷണം. ഒരു ഭരണം അഞ്ച് വര്‍ഷം പിന്നിടുമ്പോഴും ഭരിക്കുന്ന പാര്‍ട്ടിക്ക് അതൊരു വാഗ്ദാനം മാത്രമാണ്! ജനങ്ങള്‍ക്ക് ഇവര്‍ മറ്റെന്തിനേക്കാളും കൂടുതല്‍ നല്‍കാറുള്ളത് വാഗ്ദാനങ്ങളാണല്ലോ! യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഭക്ഷണം സംഘടിപ്പിച്ചുകൊടുക്കുകയല്ല ചെയ്യേണ്ടത്. ഭക്ഷണസാധനങ്ങള്‍ വാങ്ങാനുള്ള ക്രയശേഷി ഉണ്ടാക്കിക്കൊടുക്കുകയാണ്. ഇത് ജയലളിതയുടെ സൗജന്യ പദ്ധതികള്‍ പോലുള്ള ഒന്നാണ്. ജനങ്ങളെ സ്വാശ്രയരാക്കാതെ ആശ്രിതരാക്കുന്ന തെറ്റായ ഭരണരീതിയാണിത്. വില്ലേജ് ഓഫീസര്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ട ഫയല്‍ പഴയ ദര്‍ബാറിലെ രാജാവിനെപ്പോലെ മുഖ്യമന്ത്രി തീര്‍പ്പ് കല്‍പ്പിച്ചുകൊടുക്കുന്ന, കൊട്ടിഘോഷിച്ചുനടന്ന ജനസമ്പര്‍ക്ക പരിപാടിയുടെ അതേ രാഷ്ട്രീയമാണ് ഈ 'വിശപ്പ് രഹിത കേരള'ത്തിനുമുള്ളത്. ഭാവനയുള്ള പദ്ധതികളും കാര്യക്ഷമമായ നടത്തിപ്പുമുണ്ടെങ്കില്‍ ജനങ്ങളെ സ്വാശ്രയരാക്കാന്‍ കഴിയുന്ന ഏറ്റവും നല്ല ഭരണസംവിധാനമാണ് പ്രാദേശിക സര്‍ക്കാറുകള്‍.

ഈ പഞ്ചായത്ത് - നഗരസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് ഒരു പ്രകടന പത്രിക വേണം. ഒരു പ്രകടന പത്രികയല്ല, ഒരുപാട് പ്രകടന പത്രികകള്‍. തങ്ങളുടെ നാടിനുവേണ്ടി  തയാറാക്കുന്ന പ്രകടന പത്രികകള്‍. അത് നടപ്പിലാക്കാന്‍ സന്നദ്ധമാകുന്നവരെയാണ് ജനം വിജയിപ്പിക്കേണ്ടത്. വിജയിച്ചവര്‍ അതു നടപ്പിലാക്കുന്നുണ്ടോയെന്ന് ജനം പരിശോധിക്കണം. അഴിമതി ജനാധിപത്യത്തിന്റെ അര്‍ബുദമാണ്. പൊതുപണവും പ്രകൃതിവിഭവങ്ങളും അപഹരിച്ചു കൊഴുക്കുന്നവരാണ് പൊതുവില്‍ നമ്മുടെ ഭരണാധികാരികള്‍. ആ പണത്തിന്റെ അധികാരമുപയോഗിച്ച് അവര്‍ വോട്ട് വിലയ്ക്കു വാങ്ങും. അതേ പണമുപയോഗിച്ച് ഗുണ്ടകളെ പോറ്റിവളര്‍ത്തി എതിര്‍ക്കുന്നവരെ നിശ്ശബ്ദരാക്കും. തിന്മയുടെ ഈ ചാക്രികതയെ തടയണമെങ്കില്‍ അഴിമതി നടത്തില്ലെന്നുറപ്പുള്ളവരെ നാം ജയിപ്പിക്കണം. അഴിമതി അനീതിയുടെ താക്കോലാണ്. അന്യായമായ പ്രകൃതി ചൂഷണമാണ് പലപ്പോഴും സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കും മറ്റും  പശ്ചാത്തലമാകുന്നത്. ഏറെ അധ്വാനമൊന്നുമില്ലാതെ പെട്ടെന്ന് കുന്നുകൂടുന്ന പണം  മനുഷ്യവിരുദ്ധമായാണ് പ്രവര്‍ത്തിക്കുക. അതുകൊണ്ടുതന്നെ പ്രകൃതിക്കെതിരായ ആക്രമണങ്ങള്‍ മനുഷ്യര്‍ക്കെതിരായ ആക്രമണങ്ങളിലേക്കാണ് വളര്‍ന്നു വികസിക്കുക. 

ലഹരി, കേരളം കൈവരിച്ച വികസന നേട്ടങ്ങളെയും ജീവിത ഗുണമേന്മയെയും മുഴുവന്‍ അട്ടിമറിക്കുന്നതാണ്. ലഹരിക്കെതിരെ ഫലപ്രദമായ പ്രതിരോധം പടുത്തുയര്‍ത്താതെ നമുക്ക് ഇനി നമ്മുടെ ജീവിത ഗുണമേന്മയെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല. ലഹരിയെ തടയുന്നതില്‍ പ്രാദേശിക സര്‍ക്കാറുകള്‍ക്ക് വലിയ അധികാരങ്ങളുണ്ട്. ഒരുനാട്ടില്‍ മദ്യഷാപ്പ് വേണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അധികാരം ഭരണഘടനയുടെ 73, 74 വകുപ്പുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നല്‍കുന്നുണ്ട്. ലഹരി മുക്ത ഗ്രാമം/നഗരം എന്നത് ജനങ്ങളുടെ  സ്വപ്‌നവും മുദ്രാവാക്യവുമായി മാറണം. പ്ലാസ്റ്റിക് മുക്തമായ മണ്ണും വിഷരഹിതമായ ഭക്ഷണവും നേടിയെടുക്കുന്നതില്‍ പ്രാദേശിക ഭരണാധികാരികള്‍ക്ക് പലതും ചെയ്യാന്‍ കഴിയും. വിശപ്പില്‍ നിന്നുള്ള മോചനത്തോടൊപ്പം വിഷത്തില്‍ നിന്നുള്ള മോചനവും മുദ്രാവാക്യമാകേണ്ട സന്ദര്‍ഭമാണിത്. എത്ര സുതാര്യമാവാന്‍ കഴിയുമോ അത്ര അളവില്‍ ഒരു ഗവണ്‍മെന്റ് നല്ല ഗവണ്‍മെന്റായിരിക്കും. വിവരാവകാശത്തിലൂടെ ലഭ്യമാകുന്ന മുഴുവന്‍ വിവരങ്ങളും അത്തരമൊരു അപേക്ഷയുമില്ലാതെ തന്നെ അധികാരികള്‍ക്ക് ലഭ്യമാക്കാവുന്നതാണ്. ഗ്രാമസഭക്ക് ആത്മാവൂതിയാല്‍ അത് നമ്മുടെ ജനാധിപത്യത്തില്‍ അത്ഭുതങ്ങള്‍ സൃഷ്്ടിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ എന്‍.ജി.ഒകളിലൊന്നാണ് നമ്മുടെ നാട്ടിലെ കുടുംബശ്രീ. തീര്‍ച്ചയായും സ്ത്രീകളുടെ ജീവിതത്തില്‍ ഗുണപരമായ പല മാറ്റങ്ങളും ആ പ്രസ്ഥാനം വരുത്തിയിട്ടുണ്ട്. പക്ഷേ ആ കുടുംബശ്രീ പോലും ഇടപാടിന്റെ കാര്യത്തില്‍ പലിശക്കെണിയാണ്. പലിശ രഹിത ചെറുകിട സാമ്പത്തിക ഇടപാടുകള്‍ക്ക് പഞ്ചായത്തുകള്‍ മുന്‍കൈ എടുക്കണം. ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തെയും വിശ്വസാത്തെയും അതിന്റെ സെക്യൂരിറ്റിയാക്കി ഉപയോഗപ്പെടുത്തണം. കോടതിക്കും പോലീസ് സ്റ്റേഷനും പുറത്ത് തര്‍ക്കങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ പ്രാദേശിക ജനപ്രതിനിധികള്‍ മുന്‍കൈ എടുക്കണം.  പഞ്ചായത്ത് എന്ന വാക്കിനു തന്നെ മലയാളത്തില്‍ മാധ്യസ്ഥം എന്ന അര്‍ഥമുണ്ടല്ലോ. പ്രശ്‌നങ്ങള്‍ പഞ്ചായത്താക്കുക എന്നാണല്ലോ മലയാളി പറയാറുള്ളത്.

ഇങ്ങനെ ജനങ്ങള്‍ക്ക് ഒരുപാട് സ്വപ്‌നങ്ങളുണ്ട്, ഉണ്ടാവണം. അവയെ ഏറ്റെടുക്കുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും ഉണ്ടാവുമ്പോള്‍ അത് യാഥാര്‍ഥ്യമായിത്തീരും. പഞ്ചായത്തീ രാജിന്റെ പൂര്‍ണത എന്നതുതന്നെ ഒരു രാഷ്ട്രീയ മുദ്രാവാക്യമാണ്. ജനങ്ങളുടെ ആവശ്യങ്ങളെയും സ്വപ്‌നങ്ങളെയും ഏറ്റെടുക്കുന്ന ഒരു നവരാഷ്ട്രീയത്തിനു മാത്രമേ പഞ്ചായത്തീരാജ് എന്ന സങ്കല്‍പ്പത്തിനു നിറം കൊടുക്കാനാവൂ. അത്തരം പ്രസ്ഥാനങ്ങളുടെ ഇടപെടലുകളിലൂടെയും ഇടപഴകലിലൂടെയും  മാത്രമേ യാഥാസ്ഥിതിക രാഷ്ട്രീയത്തെ എത്രയെങ്കിലും അളവില്‍ നവീകരിക്കാനും സാധിക്കുകയുള്ളൂ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /4-9
എ.വൈ.ആര്‍