അസമത്വത്തിന്റെ ചതിക്കുഴികളില്‍ പെട്ടുഴലുന്ന സമുദായം
സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ഇടയ്ക്കിടെ മുസ്‌ലിം സ്ഥിതിവിശേഷങ്ങളെക്കുറിച്ച് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് രാഷ്ട്രീയ കള്ളക്കഥകള്‍ മാത്രമാണ്. ന്യൂനപക്ഷങ്ങള്‍ അതിവേഗം ഭൂരിപക്ഷമായി മാറിക്കൊണ്ടിരിക്കുന്നുവെന്ന പ്രചാരണം അവയിലൊന്ന് മാത്രം. 1991-ല്‍ 32 ശതമാനമായിരുന്നു മുസ്‌ലിം ജനസംഖ്യയിലെ വര്‍ധന. എന്നാല്‍ 2001-ല്‍ അത് 29 ശതമാനമായി കുറഞ്ഞു. 2011 ആയപ്പോള്‍ 24 ശതമാനമായി വീണ്ടും കുറഞ്ഞു. ഹിന്ദു ജനസംഖ്യയിലും ഈ കുറവ് പ്രകടമാണ്. 1991-ല്‍ 22 ശതമാനമായിരുന്ന ഹിന്ദു ജനസംഖ്യാ വര്‍ധനവ്, 2001-ല്‍ 19 ശതമാനമായി മാറി. 2011-ല്‍ 16.76 ശതമാനമായി കുറഞ്ഞു. മുസ്‌ലിംകള്‍ പെറ്റുപെരുകുകയാണെന്ന പ്രചാരണം മിഥ്യയാണെന്ന് അവരുടെ ജനസഖ്യാ വര്‍ധനവിലെ കുറവ് വ്യക്തമാക്കുന്നു. ഇന്ത്യയിലെ ആകെ ജനസംഖ്യാകണക്ക് കണക്കിലെടുക്കുമ്പോള്‍ ഹിന്ദുക്കള്‍ 80 ശതമാനം വരുമെന്ന യാഥാര്‍ഥ്യം ബന്ധപ്പെട്ടവര്‍ സൗകര്യപൂര്‍വം മറച്ചുപിടിക്കുകയാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുസ്‌ലിം-ക്രിസ്ത്യന്‍ ജനസംഖ്യ താരതമ്യേന നേരത്തെ തന്നെ കൂടുതലുള്ള സംസ്ഥാനമാണ് കേരളം. വിദ്യാ സമ്പന്നരായ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും ജനസംഖ്യാ വളര്‍ച്ചാ നിരക്ക് പൊതുവില്‍ കുറവായിരിക്കും. നിരക്ഷരരിലും ദരിദ്രരിലും ജനസംഖ്യാ വര്‍ധന സ്വാഭാവിക പ്രക്രിയയാണ്.
രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ അല്‍പം മെച്ചപ്പെട്ട നിലയിലുള്ള കേരളത്തെ കേന്ദ്രീകരിച്ച്, ഹിന്ദുത്വ ശക്തികള്‍ മുസ്‌ലിംകള്‍ക്കെതിരെ അവാസ്തവ കഥകള്‍ മെനയുകയാണ്. മുസ്‌ലിംകള്‍ ഇവിടെ ന്യൂനപക്ഷമല്ലെന്നും അവര്‍ ഇവിടെ തടിച്ചുകൊഴുത്തു സമ്പന്നരായി മാറിയിരിക്കുന്നുവെന്നും അവര്‍ തട്ടിവിടുന്നു. ഇവിടത്തെ ന്യൂനപക്ഷങ്ങളില്‍ വളരെ ചെറിയ ഒരു ജനവിഭാഗം മാത്രമാണ് ഗള്‍ഫുമായുള്ള ബന്ധം വഴി സമ്പന്നരായിട്ടുള്ളത്. പ്രവാസികളില്‍ ഭൂരിപക്ഷവും ഇപ്പോഴും പാവപ്പെട്ടവരായി തുടരുകയാണ്. കേരളത്തിലെ കടലോര മേഖല ഈ യാഥാര്‍ഥ്യം ഉറക്കെ വിളിച്ചു പറയുന്നുണ്ട്. മുസ്‌ലിം ഭൂരിപക്ഷമുള്ള മലപ്പുറം കേരളത്തില്‍ ആളോഹരി വരുമാനത്തില്‍ 14-ാം സ്ഥാനത്താണ് നിലകൊള്ളുന്നത്. ഒരു ചെറു സമ്പന്ന വിഭാഗത്തെ ഉയര്‍ത്തിക്കാട്ടി മുസ്‌ലിംകളാകെ സമ്പന്നരാണെന്ന് പ്രചരിപ്പിച്ച് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കലാണ് സംഘ്പരിവാരങ്ങളുടെ ദുഷ്ട ലാക്ക്.
ക്ഷേത്രങ്ങളുടെ വരുമാനം സര്‍ക്കാറിനും മുസ്‌ലിം പള്ളികളുടെ വരുമാനം പള്ളിക്കമ്മിറ്റികള്‍ക്കും എന്ന വിവേചനം ഇവിടെ നടക്കുന്നുവെന്ന പ്രചാരവേലയും ഇവര്‍ നടത്തുന്നു. ക്ഷേത്ര വരുമാനത്തില്‍ നിന്നുള്ള ഒരു തുകയും സര്‍ക്കാര്‍ ട്രഷറിയില്‍ എത്തുന്നില്ലെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍, ക്ഷേത്ര കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ പണം നല്‍കുന്നുവെന്ന കാര്യം നിയമസഭയില്‍ സമര്‍പ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. മലബാര്‍ ദേവസ്വത്തിലെ ശാന്തിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശമ്പളം നല്‍കാന്‍ 2014-ല്‍ 22 കോടി രൂപയോളം പൊതുഖജനാവില്‍ നിന്ന് നല്‍കിയതായി ആധികാരിക രേഖകള്‍ വ്യക്തമാക്കുന്നു. 1970-കള്‍ മുതല്‍, പത്മനാഭസ്വാമി ക്ഷേത്രത്തിന് മാത്രം നിത്യ ചെലവുകള്‍ക്കായി പ്രതിവര്‍ഷം 6 ലക്ഷം രൂപയോളം സര്‍ക്കാര്‍ കൊടുത്തുവരുന്നുണ്ട്. പത്മനാഭ സ്വാമി ക്ഷേത്രത്തിന് 250 കോടി രൂപ നല്‍കുമെന്ന കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം അടുത്ത ദിവസം വരികയുണ്ടായി. ക്ഷേത്ര വരുമാനങ്ങളില്‍ നിന്ന് ഒന്നും സ്വീകരിക്കാതെ തന്നെ, സര്‍ക്കാര്‍ ക്ഷേത്ര കാര്യങ്ങള്‍ക്കായി പൊതു മുതലില്‍ നിന്ന് യഥേഷ്ടം നല്‍കിയിട്ടും സംഘ്പരിവാര്‍ കള്ളം പ്രചരിപ്പിക്കുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
മുസ്‌ലിംകള്‍ക്ക് ഹജ്ജ് തീര്‍ഥാടനത്തിന് സര്‍ക്കാര്‍ സഹായം നല്‍കുന്നുവെന്നും ഹിന്ദുക്കള്‍ സ്വന്തം ചെലവിലാണ് തീര്‍ഥാടനങ്ങള്‍ക്കുള്ള വക കണ്ടെത്തുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍, തീര്‍ഥാടനത്തിന് എയര്‍ ഇന്ത്യ വഴി പോവുന്ന ഹജ്ജ് തീര്‍ഥാടകര്‍ക്ക് യാത്രാ ചെലവിന് സബ്‌സിഡി നല്‍കുന്നത് അവര്‍ക്കല്ല, വിമാനക്കമ്പനികള്‍ക്കാണ് എന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നത് ഇവര്‍ കാണാതെ പോകുന്നു. മാനസ സരോവര്‍ പോലുള്ള സ്ഥലങ്ങളിലേക്ക് തീര്‍ഥാടനത്തിന് പോകാനായി ഹിന്ദുക്കള്‍ക്കും ഇത്തരം സഹായം സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്ന കാര്യം ഇവര്‍ മറച്ചുപിടിക്കുകയും ചെയ്യുന്നു.
ഭൂരിപക്ഷത്തിന് ആധിപത്യമുള്ള സമൂഹങ്ങളില്‍, ന്യൂനപക്ഷ താല്‍പര്യം സംരക്ഷിക്കപ്പെടണമെങ്കില്‍ സംവരണം പോലുള്ള സംരക്ഷണ വ്യവസ്ഥകള്‍ അനിവാര്യമാണെന്ന യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന പ്രശസ്ത നിയമജ്ഞന്‍ വി.ആര്‍ കൃഷ്ണയ്യരുടെ നിരീക്ഷണം, മുസ്‌ലിംസമൂഹം അനുഭവിക്കുന്ന അവഗണനയുടെ, വര്‍ത്തമാന സ്ഥിതിവിശേഷങ്ങളുടെ തീക്ഷ്ണതയിലേക്കാണ് വെളിച്ചം വീശുന്നത്. അദ്ദേഹം എഴുതുന്നു: ''ഭാരതത്തിലെ ഏത് സംസ്ഥാനത്തും ഭൂരിപക്ഷ സമുദായത്തിന് ഭൂരിപക്ഷം ക്യാബിനറ്റിലും നിയമസഭയിലും കോടതിയിലും ഒരു ഭൂരിപക്ഷ പ്രാതിനിധ്യം പ്രത്യേക ആനുകൂല്യങ്ങളില്ലാതെ തന്നെ സ്വയം ശക്തികൊണ്ട് നിലനിര്‍ത്താന്‍ കഴിയുന്നു. അതുകൊണ്ടാണ് ജനാധിപത്യ സംസ്‌കാരത്തില്‍ പ്രത്യേക സംരക്ഷണ വ്യവസ്ഥകള്‍ ന്യൂനപക്ഷത്തിന് വേണ്ടി എഴുതിച്ചേര്‍ക്കുന്നത്. സര്‍വ സമത്വ സംസ്‌കാരം ഭൂരിപക്ഷത്തെ കാത്തുരക്ഷിക്കുന്നു. ന്യൂനപക്ഷമാവട്ടെ, സംഖ്യാബലം ഇല്ലാത്തതുകൊണ്ട്, ഭരണ ചക്രത്തില്‍ വേണ്ടത്ര പ്രാതിനിധ്യമില്ലാത്തത് കൊണ്ട് പ്രത്യേക സംരക്ഷണ വ്യവസ്ഥയില്ലെങ്കില്‍ സമത്വ സുന്ദരമായി വികസിക്കാന്‍ പരിതസ്ഥിതി അനുവദിക്കാത്ത നിലയില്‍ കഷ്ടപ്പെടുന്നു. ഭൂരിപക്ഷ മേധാവിത്തം ഭരണചക്രം ഉപയോഗിച്ചുകൊണ്ട് നടമാടുകയാണെങ്കില്‍ നമ്മള്‍ എത്തിച്ചേരുന്നത് ഏകാധിപത്യത്തിലേക്കാണ്'' (വി.ആര്‍ കൃഷ്ണയ്യര്‍, മാതൃഭൂമി ഏപ്രില്‍ 29, 2002).
Comments