Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 23

നീതിയുടെ സാക്ഷികളാവുക

മാലിക്ക് ശബാസ്.കെ /ലേഖനം

        മനുഷ്യ ജീവിതത്തിന്റെ നിലനില്‍പ്പിന്നാധാരമായി വര്‍ത്തിക്കേണ്ട ഘടകമാണ് നീതി. അല്ലാഹുവിന്റെ സ്വഭാവമായി വിശുദ്ധ ഖുര്‍ആന്‍ നീതിയെ പരിചയപ്പെടുത്തുന്നു. അല്ലാഹു നീതിമാന്‍ ആണ്. ഈ ദൈവിക നീതിയുടെ അനിവാര്യ താല്‍പര്യവും പൂര്‍ത്തീകരണവുമാണ് പാരത്രിക ജീവിതം. പാരത്രിക  ജീവിതത്തില്‍ മനുഷ്യന്റെ ഭാഗധേയം തീരുമാനിക്കപ്പെടുന്നത് നിഷ്‌കൃഷ്ടമായ നീതിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും നീതിക്ക് തുരങ്കം വെക്കുന്ന ഒരു പ്രവര്‍ത്തനവും അവിടെ സ്വീകാര്യമാവുകയില്ലെന്നും വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിരിക്കുന്നു. ''ഉയര്‍ത്തെഴുന്നേല്‍പ്പുനാളില്‍ നാം കൃത്യമയി തൂക്കുന്ന ത്രാസുകള്‍ (മീസാന്‍) സ്ഥാപിക്കുന്നു. പിന്നെ ആരുടെയും നേരെ അണുത്തൂക്കം അനീതിയുണ്ടാവുന്നതല്ല'' (അല്‍അമ്പിയാഅ് 47). ''യാതൊരാളും മറ്റൊരാള്‍ക്ക് ഉപകാരപ്പെടാത്ത, ഒരാളുടെയും ശിപാര്‍ശ സ്വീകരിക്കപ്പെടാത്ത, ഒരുത്തനും മോചനദ്രവ്യം സ്വീകരിച്ച് വിട്ടയക്കപ്പെടാത്ത,  ആര് മുഖേനയും സഹായിക്കപ്പെടാത്ത, ആ ദിനത്തെ നിങ്ങള്‍ സൂക്ഷിക്കുക''”(അല്‍ബഖറ 48). 

അല്ലാഹുവന്റെ സൃഷ്ടിപ്പിലും ഈ നീതിയും സന്തുലിതത്വവുമുണ്ട്. മീസാന്‍’(ത്രാസ്) നീതിയുടെ പ്രതീകമാണ്. പ്രബഞ്ചസൃഷ്ടിപ്പില്‍ 'മീസാന്‍'’ഉണ്ട് എന്ന് അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. ''അവന്‍ ആകാശത്തെ ഉയര്‍ത്തി, മീസാന്‍’(ത്രാസ്) സ്ഥാപിക്കുകയും ചെയ്തു'' (അര്‍റഹ്മാന്‍ 7). പ്രപഞ്ചത്തിലെ നിയമങ്ങളഖിലം നീതിയിലധിഷ്ഠിതമായിട്ടാണ് അല്ലാഹു സംവിധാനിച്ചത് എന്നര്‍ഥം.

മനുഷ്യന്റെ വ്യക്തി-സാമൂഹിക ജീവിതങ്ങളഖിലം നീതിയിലൂന്നി നിലനില്‍ക്കണമെന്നത് ഈ പ്രാപഞ്ചിക ഘടനയുടെ താല്‍പര്യമാണ്. ''അവന്‍ ആകാശത്തെ ഉയര്‍ത്തി, ത്രാസ് സ്ഥാപിച്ചു. നിങ്ങള്‍ ത്രാസില്‍ കൃത്രിമം കാണിച്ചു കൂടാ എന്നതത്രെ അതിന്റെ താല്‍പര്യം. നീതിപൂര്‍വം ശരിയാംവണ്ണം തൂക്കുക. ത്രാസില്‍ കുറവ് അരുത്'' (അര്‍റഹ്മാന്‍ 7-9). അതിനാല്‍ മാര്‍ഗദര്‍ശകരായ പ്രവാചകന്മാര്‍ക്ക് അല്ലാഹു 'മീസാന്‍' നല്‍കിയിരിക്കുന്നു. ''തെളിഞ്ഞ ദൃഷ്ടാന്തങ്ങളും മാര്‍ഗദര്‍ശനങ്ങളുമായി നാം നമ്മുടെ ദൂതന്മാരെ നിയോഗിച്ചിരിക്കുന്നു. അവരോടൊപ്പം വേദവും ത്രാസും അവതരിപ്പിച്ചിട്ടുണ്ട്.  മനുഷ്യര്‍ നീതിപൂര്‍വം നിലക്കൊള്ളാന്‍'' (അല്‍ഹദീദ് 25). 

നീതിയുമായി ബന്ധപ്പെട്ട ബാധ്യതകള്‍ പൂര്‍ത്തീകരിക്കപ്പെടുന്നത് ദൈവിക സ്‌നേഹത്തിന് (ഹുബ്ബുല്ലാഹ്) അര്‍ഹരാക്കിത്തീര്‍ക്കുന്നു. 'അല്ലാഹു നീതിമാന്മാരെ ഇഷ്ടപ്പെടുന്നു'’ എന്ന പ്രസ്താവന ഖുര്‍ആന്‍ പല തവണ ആവര്‍ത്തിച്ചിരിക്കുന്നു. 'ഹുബ്ബുല്ലാഹ്'ക്ക് അര്‍ഹനാവുന്നത് ആത്മീയ പുരോഗതിയുടെ അത്യുന്നതിയാണ്. അഥവാ, നീതി കേവല ഭൗതിക ജീവിതവുമായി മാത്രം ബന്ധപ്പെട്ട വിഷയമല്ല, മറിച്ച് ആത്മീയോല്‍കര്‍ഷത്തിന്റെ വഴിയാണ്. ദൈവത്തിന്റെ 'അദ്ല്‍' എന്ന ഗുണത്തെ പ്രതിനിധീകരിക്കുകയാണല്ലോ നീതിമാന്‍ ചെയ്യുന്നത്. 

സ്വന്തത്തില്‍ നിന്ന് ആരംഭിച്ച് സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിക്കേണ്ടതാണ് നീതി. സംസാരം (അല്‍അന്‍ആം 152), സാക്ഷ്യം (അത്ത്വലാഖ് 2), വ്യക്തി (അന്നഹ്ല്‍ 76,90), കുടുംബം (അന്നിസാഅ് 3), സമ്പത്ത് (ഹൂദ് 85), സമൂഹം (അല്‍ മുംത്തഹിന 8, അല്‍ ഹുജ്‌റാത്ത് 9), രാഷ്ട്രം (അന്നിസാഅ് 58) തുടങ്ങി വിവിധ മേഖലകളുമായി ചേര്‍ത്ത് ഖുര്‍ആന്‍ നീതിയെ പരാമര്‍ശിച്ചിരിക്കുന്നു. ഭദ്രമായ ഒരു സമൂഹ നിര്‍മിതിയില്‍ സര്‍വവ്യാപിയായ സാംസ്‌കാരിക അന്തഃസത്തയാണ് നീതി. 

നീതിയുടെ കാര്യത്തില്‍ ഓരോ വ്യക്തിയിലും വന്നു ചേരുന്നു ബാധ്യതകള്‍ ഇസ്‌ലാം വിശദീകരിക്കുന്നു. തങ്ങളോട് ഇടപഴകുന്ന എല്ലാവരുമായും നീതിയോടെ വര്‍ത്തിക്കുകയാണ് ഒന്നാമത്തേത്. 'നിങ്ങളോട് നീതിയോടെ വര്‍ത്തിക്കാനത്രെ ഞാന്‍ കല്‍പിക്കപ്പെട്ടത്'‘എന്ന് പ്രഖ്യാപിക്കാനായി ഖുര്‍ആന്‍ പ്രവാചകനോട് ആവശ്യപ്പെടുന്നത് കാണാം. നീതിമാനായിത്തീരുകയെന്നത് ദൈവിക സന്നിധിയില്‍ ഉന്നതസ്ഥാനീയനാവാനുള്ള ഉപാധിയാണ്. നീതിമാനായ ഭരണാധികാരി ദൈവിക സിംഹാസനത്തിന്റെ തണലിന് അര്‍ഹനാണെന്ന് പ്രവാചകന്‍(സ) പഠിപ്പിച്ചിരിക്കുന്നു.

''നീതിയോടും നന്മയോടും വര്‍ത്തിക്കാനും കുടുംബബന്ധം പുലര്‍ത്താനും അല്ലാഹു നിങ്ങളോട് കല്‍പ്പിച്ചിരിക്കുന്നു''”(അന്നഹ്ല്‍ 90) എന്ന് ഖുര്‍ആനും പ്രഖ്യാപിക്കുന്നു.

നീതി എന്നര്‍ഥം വരുന്ന 'അദ്ല്‍', 'ഖിസ്ത്വ്'’ എന്നിവയും അവയുടെ രൂപഭേദങ്ങളും ഖുര്‍ആനില്‍ അമ്പതില്‍പരം സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തിച്ചിരിക്കുന്നു. അക്രമം, അനീതി എന്നീ ആശയങ്ങള്‍ പ്രകടിപ്പിക്കുന്ന ഇതിന്റെ വിപരീത ശബ്ദങ്ങളായ 'ളുല്‍മ്', 'ബഗ്‌യ്', 'ജൗര്‍' തുടങ്ങിയ പദങ്ങളുടെ വ്യത്യസ്ത രൂപങ്ങള്‍ മുന്നൂറോളം തവണയാണ് പ്രയോഗിച്ചിരിക്കുന്നത്. ഭൂതകാല സമൂഹങ്ങളിലും നാഗരികതകളിലും നീതി നിഷേധവും ലംഘനവും എങ്ങനെയാണ് സ്വാധീനം ചെലുത്തിയതെന്നും അതിന്റെ അനന്തരഫലം എന്തായിരുന്നുവെന്നും ഈ ഭാഗങ്ങളില്‍ ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്.

നീതി പാലിക്കണമെന്ന് മാത്രമല്ല. നിഷ്‌കൃഷ്ടമായ നീതിയില്‍ നിന്ന് വ്യതിചലിപ്പിക്കുന്ന ഘടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരിക്കുന്നു ഇസ്‌ലാം. താല്‍പര്യങ്ങള്‍ കലര്‍ന്നാല്‍ കൃത്യമായ നീതി നടപ്പിലാക്കാന്‍ സാധ്യമല്ല. 'നീതി നടപ്പിലാക്കുന്നതില്‍ നിന്ന് താല്‍പര്യങ്ങള്‍ നിങ്ങളെ തടയരുതെന്ന്' ഖുര്‍ആന്‍ ആവശ്യപ്പെടുന്നു.

താല്‍പര്യങ്ങള്‍ ശത്രുതയുടെയും സ്‌നേഹത്തിന്റെയും സമ്മര്‍ദത്തിന്റെയും ഭാവത്തില്‍ കടന്നുവരും. ഏത് തരത്തിലാണെങ്കിലും ഖുര്‍ആന്‍ അതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.

വിഭാഗീയത, വര്‍ഗീയത തുടങ്ങിയ വികാരങ്ങളില്‍ നിന്നും മറ്റും രൂപപ്പെടുന്ന ശത്രുത നീതിയുടെ ലംഘനത്തിന് കാരണമാകരുതെന്ന് അല്ലാഹു ഉദ്‌ബോധിപ്പിക്കുന്നത് ഇങ്ങനെയാണ്. ''വിശ്വസിച്ചവരേ, അല്ലാഹുവിന് വേണ്ടി നേര്‍മാര്‍ഗത്തില്‍ ഉറച്ച് നിലക്കൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമാകുവിന്‍. ഒരു ജനത്തോടുള്ള വിരോധം നിങ്ങളെ നീതിയില്‍ നിന്ന് വ്യതിചലിപ്പിക്കാന്‍ പാടില്ലാത്തതാകുന്നു. നീതി പാലിക്കുവിന്‍ അതാണ് ദൈവഭക്തിയോട് ഏറ്റം ഇണങ്ങുന്നത്''(അല്‍മാഇദ 8). 

സ്‌നേഹബന്ധവും പക്ഷപാതിത്വവും നീതിക്ക് തടസ്സമാകരുതെന്ന ദൈവിക നിര്‍ദേശവുമുണ്ട്. ''വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് സാക്ഷ്യം വഹിക്കുന്നവരായി നീതിക്ക് വേണ്ടി നിലക്കൊള്ളുക. നിങ്ങളുടെ നീതിനിഷ്ഠയുടെ ഫലം നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ ബന്ധുമിത്രാദികള്‍ക്കോ എതിരാണെങ്കിലും ശരി. കക്ഷി ധനികനാവട്ടെ, ദരിദ്രനാവട്ടെ, അല്ലാഹുവാണ് നിങ്ങളിലേറെ അവരോട് ഗുണകാംക്ഷയുള്ളവന്‍. അതിനാല്‍ ഇഛകളെ പിന്‍പറ്റി നീതിയില്‍നിന്ന് അകന്ന് പോകാതിരിക്കുവിന്‍. വളച്ചൊടിച്ച് സംസാരിക്കുകയോ സത്യത്തില്‍നിന്ന് അകന്ന് പോവുകയോ ചെയ്യുകയാണെങ്കില്‍ അറിയുക, അല്ലാഹു നിങ്ങള്‍ ചെയ്യുന്നതിനെ കുറിച്ച് നന്നായി അറിയുന്നവനാകുന്നു''(അന്നിസാഅ് 135).

തീര്‍പ്പ് കല്‍പ്പിക്കുന്നവരുടെ മാത്രമല്ല മറ്റാരുടെയും താല്‍പര്യങ്ങള്‍ക്ക് വിധേയമായിട്ടാവരുത് നീതിന്യായ സംവിധാനമെന്നും ഖുര്‍ആന്‍ വ്യവസ്ഥ ചെയ്യുന്നു. ''അതിനാല്‍, അല്ലാഹു ഇറക്കിയതുകൊണ്ട് നീ വിധി കല്‍പ്പിക്കുക. നിനക്ക് അവതരിപ്പിക്കപ്പെട്ട സത്യത്തില്‍ നിന്ന് പുറംതിരിഞ്ഞ് നില്‍ക്കുന്നവരുടെ ഇഛകളെ പിന്‍പറ്റാതിരിക്കുക'' (അല്‍മാഇദ 48).

നീതിവിരുദ്ധരായ തല്‍പര കക്ഷികളുടെ ഇംഗിതങ്ങള്‍ക്ക് വിധേയമാവാതിരിക്കുക എന്നതും പ്രസക്തമായ നിര്‍ദേശമാണ്. ഇതാണ് പ്രീണനമായും ഭീഷണിയായും സമ്മര്‍ദമായും രൂപപ്പെട്ട് വരുന്നത്. വിവിധ മാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് തങ്ങള്‍ക്കനുകൂലമായ സാമൂഹിക സാഹചര്യം സൃഷ്ടിച്ചെടുക്കുന്നതിലൂടെയാണ് ഇക്കാലത്ത് ഈ സമ്മര്‍ദം രൂപപ്പെടുന്നത്. വ്യാജ ഏറ്റുമുട്ടലുകളും സ്‌ഫോടനങ്ങളും ഗൂഢസംഘങ്ങളും വരെ ഈ സാമൂഹിക പൊതുബോധം സൃഷ്ടിക്കുന്നതിനുള്ള മാധ്യമമായി അവലംബിക്കപ്പെടുന്നു എന്നത് പരിഷ്‌കൃത സമൂഹത്തിന്റെ പ്രാകൃത മനോഭാവം വിളിച്ചോതുന്നതാണ്. ആ സാമൂഹിക ഘടനയുടെ സ്വഭാവം തന്നെ നീതിവിരുദ്ധതയായിരിക്കും. പൊതു താല്‍പര്യങ്ങളും മാനവിക മൂല്യങ്ങളും പൂര്‍ണമായും അവഗണിക്കപ്പെടുകയും പൗരന്മാര്‍ക്കിടയില്‍ സ്വാര്‍ഥത ആധിപത്യം സ്ഥാപിക്കുകയും ചെയ്യും. തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിധേയമായി മാത്രമേ പൊതുനന്മ പിന്തുണക്കപ്പെടുകയുള്ളൂ. നീതിനിഷേധത്തിന് വിധേയമാവുന്ന വിഭാഗം പോലും ക്ഷമാപണ മനോഭാവം വെച്ച് പുലര്‍ത്തുന്നവരായിരിക്കും. വിശ്വാസവും ആദര്‍ശവും അടിയറവ് പറയേണ്ടുന്ന ആഴമേറിയ സ്വത്വപ്രതിസന്ധിക്ക് അവര്‍ വിധേയരാവും. 

ഈ മൂന്ന് കാര്യങ്ങള്‍ നീതിന്യായത്തെ സ്വാധീനിക്കുമ്പോഴാണ് നീതി സംശയിക്കപ്പെടുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ ചില സമുദായങ്ങള്‍ നീതി വ്യവസ്ഥയില്‍ അവഗണിക്കപ്പെടും. അതിനാലാണ് നിഷ്‌കൃഷ്ടമായ നീതിയെ പ്രതിനിധീകരിക്കാന്‍ മാനവവിരുദ്ധ വികാരങ്ങളാല്‍ സ്വാധീനിക്കപ്പെടരുതെന്ന് ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്നത്.

അത് ലംഘിക്കപ്പെടുന്നത് തകര്‍ച്ചക്ക് കാരണമായിത്തീരുമെന്ന മുന്നറിയിപ്പും ചരിത്രം നമുക്ക് നല്‍കുന്നുണ്ട്. ഖുര്‍ആനിക വീക്ഷണത്തില്‍ നീതിയും അനീതിയും സമൂഹത്തിന്റെ ഉത്ഥാനപതനങ്ങളെ സ്വാധീനിക്കുന്ന ഘടകമാണ്. വര്‍ഗീയ ഫാഷിസ്റ്റ് നടപടികളും തത്ഫലമായുള്ള അവകാശ നിഷേധവും ശക്തിപ്രാപിച്ചതോടെയാണ് ഫറോവയുടെ ആധിപത്യത്തിന്റെ അന്ത്യഘട്ടം ആരംഭിക്കുന്നതെന്ന് ഖുര്‍ആനില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാം. ''ഫറോവ നാട്ടില്‍  ഗര്‍വിഷ്ഠനായി വാണു. അവന്‍ പ്രജകളെ കക്ഷികളായി വര്‍ഗീകരിച്ചു, അതിലൊരു വിഭാഗത്തെ അടിച്ചമര്‍ത്തി നിന്ദിച്ചു. അവരിലെ ആണ്‍ സന്തതികളെ കൊന്നുകളയുകയും പെണ്‍ സന്തതികളെ ജീവിക്കാന്‍ വിടുകയും ചെയ്യുകയുമായിരുന്നു. തീര്‍ച്ചയായും അവന്‍ നാശകാരികളില്‍ പെട്ടവനത്രെ. പക്ഷേ നാം ഉദ്ദേശിച്ചതോ, ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ഈ വിഭാഗത്തോട് ഔദാര്യം കാണിക്കാനും അവരെ നായകന്മാരും അനന്തരവകാശികളുമാക്കാനും അവര്‍ക്ക് ഭൂമിയില്‍ അധികാരം നല്‍കാനും അങ്ങനെ ഫറോവയും ഹാമാനും അവരുടെ പടകളും തങ്ങള്‍ അടിച്ചമര്‍ത്തിയവരില്‍നിന്ന്‘ഭയപ്പെട്ടിരുന്ന തിരിച്ചടി യാഥാര്‍ഥ്യമാക്കി കാണിച്ചു കൊടുക്കാനുമത്രെ''(അല്‍ ഖസ്വസ്വ് 4-6). വിവേചനപരമായ നീതി (നീതിയെന്ന് അതിനെ വിളിക്കാന്‍ കഴിയില്ല) മുന്‍ഗാമികളുടെ നാശത്തിന് കാരണമായിരുന്നുവെന്ന് പ്രവാചകന്‍(സ) വ്യക്തമാക്കിയിരിക്കുന്നു. “ദുര്‍ബലര്‍ ശിക്ഷിക്കപ്പെടുകയും ഉന്നതര്‍ രക്ഷപ്പെടുകയും ചെയ്യുന്ന നിലപാടാണ് മുന്‍ സമുദായങ്ങളെ നശിപ്പിച്ചത്. ഖുര്‍ആന്‍ പഠിപ്പിക്കുകയും ചരിത്രം സാക്ഷ്യം വഹിക്കുകയും ചെയ്യുന്ന  ഇസ്‌ലാമിന്റെ സാമൂഹിക ശാസ്ത്ര നിരീക്ഷണമാണിത്. 

നിഷേധിക്കപ്പെട്ട നീതി തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ഇക്കാര്യത്തില്‍ നിര്‍വഹിക്കാനുള്ള രണ്ടാമത്തെ ദൗത്യം. ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു സംഭവം പ്രവാചക ചരിത്രത്തിലുണ്ട്. “ഒരാള്‍ നബി(സ)യോട് ചോദിച്ചു: ''ദൈവദൂതരേ! എന്റെ സമ്പത്ത് അനര്‍ഹമായി തട്ടിയെടുക്കാന്‍ വരുന്നവനെക്കുറിച്ച് താങ്കള്‍ എന്തു പറയുന്നു?'' തിരുദുതര്‍ പറഞ്ഞു: ''നിന്റെ സമ്പത്ത് നീ അദ്ദേഹത്തിന് നല്‍കരുത്.'' അയാള്‍ വീണ്ടും ചോദിച്ചു: ''അവന്‍ എന്നോട് ഏറ്റുമുട്ടിയാല്‍?'' നബി(സ) പറഞ്ഞു: ''നീ അവനുമായി യുദ്ധം ചെയ്യണം.'' അയാള്‍ ചോദിച്ചു: ''അവന്‍ എന്നെ വധിച്ചാല്‍?'' നബി ആശ്വസിപ്പിച്ചു: ''നീ രക്തസാക്ഷിയാണ്.'' അയാള്‍ വീണ്ടും ചോദിച്ചു: ''ഞാന്‍ അവനെ വധിച്ചാലോ?'' പ്രവാചകന്‍ പറഞ്ഞു: ''അയാള്‍ നരകത്തിലാണ്.'' തങ്ങള്‍ക്കും തങ്ങളുടെ സമുദായത്തിനും നീതി നിഷേധിക്കപ്പെടുന്നതിനെതിരെ പ്രതികരിക്കണമെന്നും അത് ദൈവിക സരണിയിലുള്ള സമരമാണെന്നും വ്യക്തമാക്കുന്നതാണ് ഈ സംഭവം.

മൂന്നാമതായി, തങ്ങളുടേത് മാത്രമല്ല, നീതി നിഷേധിക്കപ്പെടുന്ന ഇതരര്‍ക്കും നീതി നേടിക്കൊടുക്കുകയെന്നത് മുസ്‌ലിം ഉമ്മത്തിന്റെ ബാധ്യതയാണെന്ന് ഇസ്‌ലാം അനുശാസിക്കുന്നു.  അക്രമിയായ ഭരണാധികാരിയുടെ മുമ്പില്‍ നീതിയുടെ വാക്ക് പറയലാണ് ഏറ്റവും ശ്രേഷ്ഠമായ ജിഹാദ്. ''ജനങ്ങള്‍ ഒരു അക്രമം കാണുകയും എന്നിട്ട് അക്രമിയുടെ കരങ്ങള്‍ പിടിക്കാതിരിക്കുകയും ചെയ്താല്‍ അവരെ അല്ലാഹുവിന്റെ ശിക്ഷ പിടികൂടുക തന്നെ ചെയ്യും.'' ''എനിക്ക് ശേഷം ചില നേതാക്കന്മാരുണ്ടാവും, ആരാണോ അവരുടെ കളവിനെ സത്യപ്പെടുത്തുകയും അനീതിയില്‍ അവരെ സഹായിക്കുകയും ചെയ്യുന്നത് അവരുമായി എനിക്കോ അവര്‍ക്ക് ഞാനുമായോ യാതൊരു ബന്ധവുമില്ല.''”

നിഷ്‌കൃഷ്ടമായ നീതി ദൈവിക വ്യവസ്ഥയില്‍ മാത്രം സാധ്യമാകുന്ന കാര്യമാണ്. ഭൗതിക വ്യവസ്ഥകള്‍ ദാഹിക്കുന്നവന് മരീചിക നല്‍കുന്ന വ്യാജ പ്രതീക്ഷകള്‍ പോലെയാണ്. ''ദാഹാര്‍ത്തന്‍ അതിനെ വെള്ളമെന്ന് മോഹിച്ചു, അവിടെ ചെന്ന് നോക്കിയപ്പോഴോ, ഒന്നും കണ്ടില്ല'' (അന്നൂര്‍ 38). നീതിയുടെ കാര്യത്തില്‍ അവ വെറും മരീചികയാണെന്ന് ചരിത്ര യാഥാര്‍ഥ്യമാണ്. മനുഷ്യ നിര്‍മിത വ്യവസ്ഥകള്‍ അവ രൂപംകൊള്ളുന്ന സാഹചര്യത്തോടുള്ള പ്രതികരണം മാത്രമാണ്, മനുഷ്യ പ്രകൃതത്തെയോ പ്രതിസന്ധിയുടെ അടിവേര് അറിഞ്ഞോ ഉള്ള പോംവഴികളല്ല. അവ അടിസ്ഥാനപരമായി മനുഷ്യ പ്രകൃതിയോടും സന്തുലിതത്വത്തോടും പുറംതിരിഞ്ഞ് നില്‍ക്കുന്ന, അനീതിയുടെ വ്യവസ്ഥയായിരിക്കും. ജീവിതത്തെ ഒരു ഏകകമായി പരിഗണിക്കുന്നവയല്ല അവയൊന്നും. ഓരോ വ്യവസ്ഥയിലും വിഷയീഭവിക്കുന്നവയൊഴിച്ചുള്ള മറ്റു ജീവിത രംഗങ്ങളോട് അനീതി ചെയ്തുകൊണ്ടു മാത്രമേ അവക്ക് പ്രായോഗികതയുണ്ടാവൂ. അതാവട്ടെ ആത്യന്തികമായി മനുഷ്യനെ പുതിയ പ്രതിസന്ധിയിലേക്ക് നയിക്കുകയും ചെയ്യും. അതിനാല്‍ വ്യവസ്ഥയുടെ ആമൂലമാറ്റത്തിലൂടെയാണ് പരിപൂര്‍ണ നീതി പുലരുന്നത്. 

ഈ മേഖലകളെല്ലാം ഉള്‍ക്കൊള്ളുന്ന വിശുദ്ധ ഖുര്‍ആനിലെ പ്രയോഗമാണ് 'നീതിയുടെ സാക്ഷികളാവുക'യെന്നത്. വിശുദ്ധ വേദഗ്രന്ഥം അതാണ് മുസ്‌ലിം ഉമ്മത്തിനെ ഏല്‍പിക്കുന്ന ഉത്തരവാദിത്തം. ''വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് സാക്ഷ്യം വഹിക്കുന്നവരായി നീതിക്ക് വേണ്ടി നിലക്കൊള്ളുക'' (അന്നിസാഅ് 135). 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /4-9
എ.വൈ.ആര്‍