Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 23

വോട്ട് സ്ഥാനാര്‍ഥികളെ നോക്കി

         ഗ്രാമസ്വരാജ് ഒരു ഗാന്ധിയന്‍ ആശയമാണ്. ഇന്ത്യ ഗ്രാമങ്ങളിലാണ്  ജീവിക്കുന്നത്/ ജീവിക്കേണ്ടത് എന്ന് മഹാത്മാഗാന്ധി വിശ്വസിച്ചു. ഇന്ത്യയുടെ സാമൂഹിക, രാഷ്ട്രീയ സംഘാടനത്തിന്റെ കേന്ദ്രബിന്ദു ഗ്രാമവും ഗ്രാമീണനും ആയിരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഓരോ ഗ്രാമത്തെയും ഏറക്കുറെ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി സങ്കല്‍പിച്ചുകൊണ്ടുള്ളതായിരുന്നു ഗാന്ധിജിയുടെ ഗ്രാമസ്വരാജ്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ശുദ്ധജലം, വിദ്യാഭ്യാസം തുടങ്ങി ജീവിതത്തിന്റെ അടിസ്ഥാനാവശ്യങ്ങള്‍ മാത്രമല്ല സ്വയം പ്രതിരോധം വരെ ജനകീയ ഗ്രാമസഭകളുടെ അധികാര പരിധിയില്‍ വരണം.

ജവഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഈ ഗാന്ധിയന്‍ ആശയത്തോട് യോജിപ്പുണ്ടായിരുന്നില്ല. ഗ്രാമങ്ങളെ 'റിപ്പബ്ലിക്കുകള്‍' ആക്കി ഉയര്‍ത്തുന്ന ഏത് നീക്കവും പരിധിവിട്ട വികേന്ദ്രീകരണത്തില്‍ ചെന്നെത്തുമെന്നും കോണ്‍ഗ്രസ്സിന്റെ നേതൃത്വപരമായ റോള്‍ അതില്ലാതാക്കുമെന്നും അവര്‍ സംശയിച്ചു. അതുകൊണ്ടാണ് കരട് ഇന്ത്യന്‍ ഭരണഘടനയില്‍ ഗ്രാമസ്വരാജ് എന്ന ആ രണ്ട് വാക്ക് എവിടെയും പ്രത്യക്ഷപ്പെടാതിരുന്നത്. ഭരണഘടനാ ശില്‍പി അംബേദ്കര്‍ക്കും ഗ്രാമസ്വരാജ് പഥ്യമായിരുന്നില്ല. ഉയര്‍ന്ന ജാതിക്കാരുടെ കൂട്ടായ്മയായി ഈ സംവിധാനം മാറുമെന്നും താഴ്ന്ന ജാതിക്കാര്‍ പുറത്ത് നിര്‍ത്തപ്പെടുമെന്നും അത് ജാതീയതയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ന്യായമായും ഭയപ്പെട്ടു. ഗാന്ധിയന്മാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ചില വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭരണകൂടം തയാറായി. അങ്ങനെയാണ് ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്ത്വങ്ങളില്‍ 40-ാം ഖണ്ഡികയായി ഗ്രാമസ്വരാജ് ഇടം പിടിക്കുന്നത്. 1959 മുതല്‍ പഞ്ചായത്തീ രാജ് സംവിധാനം ഇന്ത്യയില്‍ നിലവില്‍ വന്നു. ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജിന്റെ വെറും നിഴല്‍ മാത്രമായിരുന്നു അത്. ആ സംവിധാനം കാര്യക്ഷമമായി നടപ്പില്‍ വരുത്താന്‍ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ ശുഷ്‌കാന്തി കാണിച്ചതുമില്ല. ഗാന്ധിയന്‍ ആശയങ്ങളില്‍ ആകൃഷ്ടനായ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് പഞ്ചായത്തീ രാജിന് നവജീവന്‍ നല്‍കുന്ന ഭരണഘടനയുടെ 64-ാം ഭേദഗതി കൊണ്ടുവരുന്നത്. 1992-ല്‍ 73-ാം ഭരണഘടനാ ഭേദഗതിയോടെ അതിന് പ്രായോഗിക രൂപം കൈവരികയും ചെയ്തു.

എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഐക്കണുകളിലൊന്നായി പഞ്ചായത്തീ രാജിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ജനാധിപത്യ സംവിധാനങ്ങള്‍ ഇല്ലാത്ത നാടുകളുമായി തട്ടിച്ചു നോക്കുമ്പോഴാണ് ഇതിന്റെ പ്രസക്തിയും പ്രാധാന്യവും ബോധ്യപ്പെടുക. ഈജിപ്തിന്റെ കാര്യമെടുക്കാം. നമ്മുടെ നാട് സ്വാതന്ത്ര്യം നേടിയ കാലത്ത് തന്നെ ഈജിപ്ത് കൊളോണിയല്‍ ഭരണത്തില്‍ നിന്ന് മുക്തി നേടിയിട്ടുണ്ട്. പിന്നെ വന്നത് പട്ടാള ഭരണവും ഏകാധിപത്യവുമായിരുന്നു. ചരിത്രത്തിലാദ്യമായി ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റിനെ ആ രാജ്യത്തിന് ലഭിച്ചുവെങ്കിലും, പട്ടാള മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ സീസി ആ ഭരണത്തെ അട്ടിമറിച്ചു. അന്ന് സീസി നടത്തിയ ഒരു പ്രഖ്യാപനമുണ്ട്: ''എന്റെ ഭരണകാലത്ത് ഇനി ഈജിപ്തില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ എന്നൊരു സംഘം ഉണ്ടാവില്ല.'' തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഈജിപ്തിലെ ഏറ്റവും വലിയ ബഹുജന സംഘടനയാണ് ഇഖ്‌വാന്‍. അവരെയൊന്നാകെ കൊന്നൊടുക്കാനോ ആട്ടിപ്പുറത്താക്കാനോ സാധ്യമല്ല. പിന്നെ എന്താണ് സീസി ഉദ്ദേശിച്ചത്? സാധാരണക്കാരായ ഗ്രാമീണരെ സഹായിക്കുന്നതിനായി ഗ്രാമങ്ങളിലുടനീളം ഇഖ്‌വാന്‍ നിരവധി എന്‍.ജി.ഒകള്‍ സ്ഥാപിച്ചിരുന്നു. തൊള്ളായിരത്തി നാല്‍പതുകളില്‍ തന്നെ അതിന് തുടക്കം കുറിച്ചിരുന്നു. പഞ്ചായത്തീ രാജ് പോലുള്ള ഗവണ്‍മെന്റ് സംവിധാനങ്ങളൊന്നും ഇല്ലാതിരുന്ന ഈ ഏകാധിപത്യ ഭരണത്തില്‍ സാധാരണക്കാരുടെ ഏക ആശ്വാസം നിസ്വാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ഇത്തരം എന്‍.ജി.ഒകളായിരുന്നു. ഇഖ്‌വാന്റെ ബഹുജനാടിത്തറ രൂപപ്പെട്ട് വരുന്നത് അവിടെ നിന്നാണ്. ഇഖ്‌വാന്‍ വികസിപ്പിച്ചെടുത്ത ഈ സംവിധാനത്തെ 'രാഷ്ട്രമില്ലാത്ത രാഷ്ട്രം' (State without a State) എന്നാണ് പാശ്ചാത്യ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. ഈ നെറ്റ്‌വര്‍ക്കിനെ നശിപ്പിക്കും എന്നാണ് സീസി പറഞ്ഞത്; അതാണ് അയാള്‍ ചെയ്തുകൊണ്ടിരിക്കുന്നതും.

പഞ്ചായത്തീ രാജ് നിലനില്‍ക്കുന്ന നമ്മുടെ നാട്ടില്‍ ഇത്തരം സമാന്തര സംവിധാനങ്ങളില്ലാതെ തന്നെ ഗ്രാമീണ വികസനം സാധ്യമാവും. അതിന് വേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഫണ്ട് അനുവദിക്കുന്നുമുണ്ട്. അത് ഫലപ്രദമായി പ്രയോജനപ്പെടുത്തുകയേ വേണ്ടൂ. അത് ഉണ്ടാവുന്നില്ല എന്നതാണ് നമ്മുടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഏറ്റവും വലിയ പരാജയം. ഒന്നുകില്‍ അനുവദിക്കപ്പെടുന്ന ഫണ്ടിന്റെ പകുതിയും ഉപയോഗിക്കാതെ ലാപ്‌സായിപ്പോകുന്നു. അല്ലെങ്കില്‍ ഫണ്ട് വഴിമാറി ചെലവഴിക്കുന്നു. പുറമെ അഴിമതിയും സ്വജനപക്ഷപാതിത്വവും. വാര്‍ഡ് പ്രതിനിധികള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലമുള്ളത് കൊണ്ട് ചോദ്യം ചെയ്യപ്പെടാതെയും പിടിക്കപ്പെടാതെയും രക്ഷപ്പെടാനും കഴിയുന്നു. ഈ സംവിധാനത്തെയാകെ രാഷ്ട്രീയവത്കരിച്ചതാണ് അതിന് കാരണം. വരാന്‍ പോകുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ഇതിനൊരു മാറ്റമുണ്ടാക്കാന്‍ നമുക്ക് കഴിയണം. രാഷ്ട്രീയ ഭേദമന്യേ, ജനപക്ഷത്ത് നില്‍ക്കുന്ന കഴിവും യോഗ്യതയും ആത്മാര്‍ഥതയും സത്യസന്ധതയുമുള്ള സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കാനുള്ള വിവേചനബുദ്ധി നാം കാണിക്കണം. എങ്കില്‍, നല്ല സ്ഥാനാര്‍ഥികളെ തേടി രാഷ്ട്രീയ പാര്‍ട്ടികള്‍ വരും തെരഞ്ഞെടുപ്പുകളില്‍ നെട്ടോട്ടമോടും. ആ ക്രിയാത്മക മാറ്റത്തിനുള്ള തുടക്കമാവട്ടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഈ തെരഞ്ഞെടുപ്പ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /4-9
എ.വൈ.ആര്‍