Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 23

ജാതി വിവേചനത്തെപ്പറ്റി ഒരനുഭവക്കുറിപ്പ്

കെ.കെ പരമേശ്വരന്‍ ആറങ്ങോട്ടുകര, ദേശമംഗലം

ജാതി വിവേചനത്തെപ്പറ്റി ഒരനുഭവക്കുറിപ്പ്

ന്നെ പോലുള്ള ഒരു പട്ടികജാതിക്കാരനെ സംബന്ധിച്ചേടത്തോളം ഹിന്ദു വിഭാഗത്തില്‍ തന്നെ അവന്‍ തൊട്ടുകൂടാത്തവനും അയിത്തക്കാരനുമാണ്. ഒരു പട്ടിക ജാതിക്കാരനെ പ്രമുഖ അമ്പലങ്ങളില്‍ കൊട്ടിക്കാനോ, അമ്പലക്കമ്മിറ്റികളുടെ ഭരണസമിതിയില്‍ ഉള്‍പ്പെടുത്താനോ ഇവിടത്തെ സവര്‍ണ വിഭാഗം ഇപ്പോഴും തയാറല്ല.

പട്ടിക ജാതിക്കാരന്‍ ഹിന്ദുക്കളില്‍ പെടുന്നവനാണെന്നാണ് വെപ്പ്. എന്നിട്ടാണ് ഈ വിവേചനം. ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് കാലങ്ങളായി തുടരുന്ന ആചാരത്തെയാണ്. പട്ടികജാതിക്കാരന് വഴിനടക്കാനും മാറ് മറയ്ക്കാനും മറ്റും സ്വാതന്ത്ര്യം നിഷേധിച്ചത് ഇവിടത്തെ മേല്‍ജാതിക്കാരാണ്. ഇവരാണ് ആദ്യകാലത്ത് പട്ടികജാതിക്കാരന് അക്ഷരാഭ്യാസം നിഷേധിച്ചതും.

ഇന്നും പല സംസ്ഥാനങ്ങളിലും പട്ടികജാതിക്കാരെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നതും കൂട്ടമായി കൊലപ്പെടുത്തുന്നതും മുതിര്‍ന്ന ജാതിക്കാരാണ്. ഇന്നും പട്ടികജാതിക്കാരായ എഴുത്തുകാരെയും മറ്റും വേട്ടയാടുന്നതും കൊലപ്പെടുത്തുന്നതും ഉയര്‍ന്ന ജാതിക്കാരാണ്. മറ്റു പല സംസ്ഥാനങ്ങളിലും പട്ടിക ജാതിക്കാരനും മുസല്‍മാനും മേല്‍ജാതിക്കാരന്റെ മുന്നില്‍ സമന്മാരാണ്.

ഇന്ന് സവര്‍ണരുടെ നേതൃത്വത്തില്‍ പല രാഷ്ട്രീയ പാര്‍ട്ടികളുമുണ്ട്. ഇവരിലൊക്കെ തന്നെ 'ദലിത് പോഷക സംഘടന'കളുമുണ്ട്. ഹിന്ദുക്കള്‍ ഒന്നാണെങ്കില്‍ പിന്നെ എന്തിന് ഹിന്ദുവില്‍ തന്നെ ദലിതന് മറ്റൊരു പോഷക സംഘടന? ചുരുക്കത്തില്‍ ദലിതനെ ഒപ്പം ഇരുത്താന്‍ മേല്‍ജാതിക്കാര്‍ തയാറല്ല എന്ന് തന്നെയാണ് ഇതിന്റെ സാരം. അതുകൊണ്ടുതന്നെ പട്ടികജാതിക്കാരായ എന്റെ വര്‍ഗം ഇന്നും വര്‍ണവിവേചനം നിലനില്‍ക്കുന്ന ഹിന്ദു വിഭാഗത്തിന് പുറത്തുതന്നെയാണ് എന്ന് പറയാതെ വയ്യ.

തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന കാലത്ത് പട്ടികജാതിക്കാര്‍ ഏറ്റവും കൂടുതല്‍ മതം മാറിയത് ക്രിസ്തു മതത്തിലേക്കാണ്. ആരെടാ എന്ന് ചോദിച്ചാല്‍ ഞാനാണെന്ന് പറയാനും അക്ഷരം പഠിക്കാനും ഇത് പ്രേരകമായെന്ന് സമ്മതിക്കുന്നു.

എന്നാല്‍ പിന്നീട് ഇത്തരക്കാര്‍ക്ക് ലഭിച്ചത് മരക്കുരിശും ശവമടക്കാന്‍ വേറെ കുഴിയും തന്നെ. ഇവിടെ മതം മാറിയ പട്ടിക ജാതിക്കാരന്‍ രണ്ടാം തരക്കാരനായി എന്നു മാത്രമല്ല, നിലവിലുണ്ടായിരുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പോലും ഇല്ലാതാവുകയും ചെയ്തു. ഇപ്പോള്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ ദലിത് ക്രിസ്ത്യാനികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. സ്വന്തം മതത്തില്‍ കൂട്ടാതെ മറ്റൊരു വര്‍ഗത്തെ വാര്‍ത്തെടുക്കുകയാണ് ഇവിടെയും.

ഇതിനിടയിലാണ് ഇത്തരത്തില്‍ മതം മാറിയവരില്‍ പലരും ഹിന്ദുക്കളായി തിരിച്ചെത്തുന്നത്. ഇവര്‍ എത്തുന്നതാവട്ടെ ചെകുത്താനും കടലിനും നടുവിലേക്കാണ്. കേരളം സാംസ്‌കാരികമായും മറ്റും വളരെയേറെ മുന്‍പന്തിയിലാണെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ചില ഭൗതിക നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സമ്മതിക്കുന്നു. പക്ഷേ, നേട്ടത്തേക്കാളേറെ ജാതീയതയും പക്ഷപാതവും എല്ലാ രംഗവും കൈടയടക്കിക്കൊണ്ടിരിക്കുകയാണിപ്പോള്‍. എന്തിനേറെ, വിപ്ലവ പാര്‍ട്ടികള്‍ പോലും പട്ടിക ജാതിക്കാര്‍ക്കായി പുതിയ പോഷക സംഘടനകളുണ്ടാക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഒരു മുസല്‍മാന്നാകട്ടെ, മാന്യനായ പട്ടിക ജാതിക്കാരന്‍ ഒരിക്കലും ഹറാമല്ല. അവര്‍ അവനെ ഒപ്പം ഇരുത്തുന്നു. ഒപ്പം നടത്തുന്നു. ഹിന്ദുവാകട്ടെ അവനെ ഇന്നും പുറത്ത് നിര്‍ത്തുന്നു. ഒരു പട്ടിക ജാതിക്കാരന്‍ ഇസ്‌ലാം മതത്തിലേക്ക് മതം മാറിയാല്‍ അവനെ പരമാവധി സഹായിക്കാനാണ് മുസ്‌ലിം സഹോദരങ്ങള്‍ ശ്രമിക്കുക. മതം മാറിയവനെ അവന്റെ സ്വന്തം മഹല്ലിലെ പള്ളി ഖബ്‌റിസ്ഥാനില്‍ തന്നെയാണ് അടക്കം ചെയ്യുക.

ചുരുക്കത്തില്‍ ഒപ്പം നിര്‍ത്തുകയും, കാര്യങ്ങളോട് അടുത്ത് വരുമ്പോള്‍ ഒഴിവാക്കുകയും ചെയ്യുന്ന ഹിന്ദുമതമോ, മതം മാറിയവന് മറ്റൊരു കുരിശും മരിച്ചാല്‍ മറ്റൊരു ഇടവും നല്‍കുന്ന ക്രിസ്തു മതമോ നടത്തുന്ന വിവേചനം ഇസ്‌ലാമിക സമൂഹത്തിലില്ല.

ഇന്ന് അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി ഹിന്ദു വിഭാഗത്തിലെ നാനാജാതിക്കാര്‍ കൊമ്പുകുലുക്കി പരക്കം പായുകയാണ്. അവര്‍ക്കൊന്നും തന്നെ കേരളത്തിലെ പട്ടികജാതിക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സമയമില്ല. കാരണം, ജാതിയില്‍ താഴ്ന്നവന്റെ ഒപ്പം നടക്കുന്നത് മാനക്കേടായാണ് ഇത്തരക്കാര്‍ കാണുന്നത്.

കെ.കെ പരമേശ്വരന്‍ ആറങ്ങോട്ടുകര, ദേശമംഗലം

പത്രങ്ങളുടെ അജണ്ടകള്‍ 
ഇനിയും മനസ്സിലാക്കാത്തവര്‍

വാരിക ലക്കം 2914-ല്‍ ബഷീര്‍ തൃപ്പനച്ചി എഴുതിയ 'ഐസിസിനെ ചെറുക്കാന്‍ ചില കുറുക്കു വഴികള്‍' എന്ന കുറിപ്പില്‍ പ്രമുഖ എഴുത്തുകാരി ജെ. ദേവിക സത്യം, സമത്വം, സ്വാതന്ത്ര്യം എന്നിവ മുഖമുദ്രയാക്കിയ, എന്നാല്‍ തീവ്ര ഹിന്ദുത്വ ചായ്‌വും മുസ്‌ലിം വിരുദ്ധതയും അതീവ സുന്ദരമായ ആശയമാക്കുന്ന മാതൃഭൂമി പത്രവുമായി വര്‍ഷങ്ങളോളമുള്ള ബന്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് പത്രാധിപര്‍ക്ക് തുറന്ന കത്തെഴുതിയത് പരാമര്‍ശിച്ചിരുന്നു. ഇന്നും നല്ലൊരു ശതമാനം മുസ്‌ലിം വീടുകളിലും ഇത്തരം പത്രങ്ങള്‍ക്ക് തന്നെയാണ് സ്ഥാനമുള്ളത്. മുസ്‌ലിംകളെ എങ്ങനെയൊക്കെ ഭീകരവാദികളാക്കാനും ഇസ്‌ലാമിനെ തരംതാഴ്ത്തിക്കാണിക്കാനും ഇത്തരം പത്രങ്ങള്‍ ശ്രമിച്ചാലും അത് തിരിച്ചറിയാന്‍ പോലുമുള്ള ശേഷി ഈ വായനക്കാര്‍ക്കില്ലെന്നതാണ് സത്യം.

ഉമ്മര്‍ മുസ്‌ലിയാരകത്ത്

തീന്മേശയിലേക്കെത്തുന്ന ഫാഷിസം

ന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ പ്രതിപാദിച്ചിട്ടുള്ള അടിസ്ഥാന തത്ത്വങ്ങളാണ് സാമൂഹിക നീതി, സമത്വം, സ്വാതന്ത്ര്യം തുടങ്ങിയവ. കൂടാതെ ഇന്ത്യ ഒരു ജനാധിപത്യ, മതേതരത്വ സോഷ്യലിസ്റ്റ് രാജ്യമാണ്. ചിലപ്പോഴെങ്കിലും ചില പരിക്കുകള്‍ ഏറ്റിട്ടുണ്ടെങ്കില്‍ പോലും ഇത്രയും കാലം ഇന്ത്യ അതിന്റെ ജനാധിപത്യ മതേതരത്വ സ്വഭാവം ഒരു പരിധിവരെ നിലനിര്‍ത്തിപ്പോന്നിട്ടുണ്ട്. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഈ ജനാധിപത്യ സ്വഭാവവും ചേരിചേരാ നയങ്ങളും ഒരു പരിധി വരെ ഇന്ത്യയുടെ യശസ്സുയര്‍ത്തിയിട്ടുമുണ്ട്. പക്ഷേ, ഫാഷിസ്റ്റുകള്‍ അധികാരം കൈയടക്കിയ സാഹചര്യത്തില്‍ ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും ഗുരുതരമായ ഭീഷണി നേരിടുന്നു എന്ന യാഥാര്‍ഥ്യം മറച്ചുവെച്ചിട്ട് കാര്യമില്ല. അടിസ്ഥാനപരമായി ഫാഷിസം ഒരു ആശയമോ ആദര്‍ശമോ അല്ല; മറിച്ച്  അധിനിവേശമാണ്. പൊതുസമൂഹത്തെ അത് മാനസികമായും ശാരീരികമായും സാംസ്‌കാരികമായും അധിനിവേശം നടത്തുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഫാഷിസം അതിന്റെ ഏറ്റവും മൂര്‍ത്തവും ഭീകരവുമായ ശൈലിയില്‍ കലാപങ്ങളും കൂട്ടക്കൊലകളും നടത്തിയപ്പോഴും കേരളത്തില്‍ ഫാഷിസ്റ്റുകള്‍ അത്ര വേരൂന്നിയിരുന്നില്ല. ഒരുപക്ഷേ കേരളത്തിന്റെ സാംസ്‌കാരിക തനിമയും സാക്ഷരതയും നന്മയും മതേതര പാര്‍ട്ടികളുടെ ശക്തമായ സാന്നിധ്യവും കാരണമാകാം അത്. പക്ഷേ, അടുത്ത കാലത്തായി ഫാഷിസം കേരള പൊതുമണ്ഡലത്തെയും പിടിമുറുക്കിക്കൊണ്ടിരിക്കുന്നു എന്നത് അവഗണിക്കാനാവാത്ത യാഥാര്‍ഥ്യമാണ്. നേരിട്ടുള്ള കലാപങ്ങള്‍ക്ക് പകരം ഫാഷിസത്തിന്റെ മറ്റൊരു മുഖമായ സാംസ്‌കാരിക ഫാഷിസത്തിനാണ് കേരളം ഇരയായിക്കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയ പരിശോധിച്ചാല്‍ തന്നെ അതിന്റെ ആഴം മനസ്സിലാക്കാനാവും. മുമ്പെങ്ങുമില്ലാത്ത വിധം വര്‍ഗീയത സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ആളിക്കത്തുകയാണ്. അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് നിലവിളക്ക് വിവാദം. വളരെ വിഷലിപ്തമായ, എന്നാല്‍ കേരള പൊതുസമൂഹത്തിന് യാതൊരു പ്രയോജനവും ചെയ്യാത്ത ചര്‍ച്ചകളാണ് ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലും ചാനലുകളിലും നിറഞ്ഞുനില്‍ക്കുന്നത്.ഒരാള്‍ക്ക് നിലവിളക്ക് കൊളുത്താനുള്ള അവകാശം പോലെത്തന്നെ മറ്റൊരാള്‍ക്ക് അത് കൊളുത്താതിരിക്കാനുള്ള സ്വാതന്ത്ര്യം കൂടിയുണ്ട് എന്ന് മനസ്സിലാക്കാനുള്ള സഹിഷ്ണുത പോലും മലയാളിക്കും മലയാള മാധ്യമങ്ങള്‍ക്കും നഷ്ടപ്പെട്ടിരിക്കുന്നു എന്നത് എത്രമാത്രം ആശങ്കാജനകമാണ്!

കേരളത്തില്‍ മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലും ഈ സാംസ്‌കാരിക ഫാഷിസം ഉറഞ്ഞുതുള്ളുക തന്നെയാണ്. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയെയും ഇത് പിടികൂടിയിരിക്കുന്നു എന്നത് സത്യമാണ്. ശിരോവസ്ത്ര വിവാദവുമായി ബന്ധപ്പെട്ട് ഒരു ജഡ്ജി നടത്തിയ പരാമര്‍ശം ഇതിന് തെളിവാണ്. ഏറ്റവും ചുരുങ്ങിയത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടികള്‍ 25 എങ്കിലും വായിച്ചു നോക്കേണ്ട ബാധ്യത ഇത്തരം ജഡ്ജിമാര്‍ കാണിക്കേണ്ടതായിരുന്നു. ഇവിടെയാണ് യാഖൂബ് മേമന്റെ വധശിക്ഷയും വിമര്‍ശന വിധേയമാകുന്നത്. മേമന്റെ ജാതിയോ സമുദായമോ അല്ല, ഒരു സാധാരണ ഇന്ത്യന്‍ പൗരന് കിട്ടേണ്ട സാമൂഹിക നീതി ഈ വിഷയത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നതാണ് ആലോചനാ വിഷയമാകേണ്ടത്. അല്ലെങ്കില്‍ അസീമാനന്ദക്കും ബാബു ബജ്‌റംഗിക്കും മായ കോട്‌നാനിക്കും ഒരു നിയമവും മേമന് വേറൊരു നിയമവും എന്നതാവും സ്ഥിതി. വര്‍ഷങ്ങളായി വിചാരണ പോലുമില്ലാതെ മഅ്ദനി ജയിലറകളില്‍ കഴിയുമ്പോള്‍ തന്നെയാണ് ശശികലയും തൊഗാഡിയയും അടങ്ങുന്ന സംഘ്പരിവാര്‍ നേതാക്കള്‍ വര്‍ഗീയ വിഷം തുപ്പി ഇന്ത്യയില്‍ സൈ്വര വിഹാരം നടത്തുന്നത്. ഇന്ത്യയിലെ ഭരണ-നിയമവ്യവസ്ഥകള്‍ ഫാഷിസ്റ്റുവത്കരിക്കപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യമാണ് ഇത് വിളിച്ചോതുന്നത്.

ഇതിനിടയിലാണ് ബീഫ് നിരോധനമെന്ന ഭക്ഷണ ഫാഷിസം കടന്നുവരുന്നത്. കുറച്ച് പേര്‍ ആഹരിക്കാനിഷ്ടപ്പെടാത്തത് ഭൂരിപക്ഷം വരുന്ന മറ്റുള്ളവരും കഴിക്കരുത് എന്ന് പറയുന്നത് വെറും ഫാഷിസത്തിനുമപ്പുറം ധാര്‍ഷ്ട്യവും കാടത്ത മനോഭാവവുമാണ്. ഒരു സമൂഹത്തോട് വല്ലതും കഴിക്കരുത് എന്ന് പറയുന്നതിന് മുമ്പ് ഭരണകൂടം ചെയ്യേണ്ടിയിരുന്നത് നാട്ടിലെ എല്ലാ ജനങ്ങളും വല്ലതും കഴിക്കുന്നുണ്ടോ എന്ന് പരിശോധിക്കലായിരുന്നു. ഇതിനിടയില്‍ തന്നെ പാകിസ്താനിലേക്ക് പോകൂ എന്ന ആക്രോശം പല കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്നുണ്ടായിരുന്നു. പാകിസ്താനിലേക്കോ അഫ്ഗാനിസ്താനിലേക്കോ പോകേണ്ടത് കുഞ്ഞാലി മരക്കാരുടെയും ആലി മുസ്‌ലിയാരുടെയും ടിപ്പു സുല്‍ത്താന്റെയും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയുമൊക്കെ പിന്‍മുറക്കാരാണോ, അതോ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി എന്തും ചെയ്യാമെന്ന ധാരണയോടെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സവര്‍ക്കറുടെയും, മഹാത്മാ ഗാന്ധിയെ കൊന്ന വര്‍ഗീയ ഫാഷിസ്റ്റ് തീവ്രവാദിയായ ഗോദ്‌സെയുടെയും പിന്‍മുറക്കാരാണോ?

നജീബ് കാഞ്ഞിരോട്

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /4-9
എ.വൈ.ആര്‍