Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 23

ഇരട്ടത്താപ്പ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിലും

ഫൈസല്‍ കൊച്ചി /കുറിപ്പ്

         അനുഗൃഹീതരായ എഴുത്തുകാരാല്‍ സമ്പന്നമാണ് മലയാളനാട്. അസൂയാര്‍ഹമായ പ്രതികരണശേഷി കൈവശമുള്ളവരാണ് മലയാളികള്‍. ലോകത്തെവിടെയും മലയാളിയുടെ സാന്നിധ്യമുണ്ടെന്നത് ഭംഗിവാക്കല്ല. ലോകത്തുള്ള ഒട്ടുമിക്ക പ്രശ്‌നങ്ങളും മലയാളികള്‍ക്ക് സംവാദവിഷയവുമാണ്. അപ്രകാരമുള്ള എഴുത്തുകൂട്ടങ്ങളില്‍ നിറസാന്നിധ്യമായ ചില മുസ്‌ലിം പേരുകാരുണ്ട്. ദേശീയ മുസ്‌ലിംകള്‍ എന്ന ഓമന നാമത്തിലാണ് പലരും അറിയപ്പെടുന്നത് തന്നെ. ഇസ്‌ലാമിനോടും മുസ്‌ലിംകളോടും സവിശേഷമായ ദേഷ്യം അവരുടെ രക്തത്തിലലിഞ്ഞു ചേര്‍ന്നതാണ്. കേരളത്തിലെ മതേതര-മതവിരുദ്ധവേദികളില്‍ സജീവ സാന്നിധ്യമാകാന്‍ അക്കാരണത്താല്‍ തന്നെ ഭാഗ്യം കടാക്ഷിച്ചവരാണവര്‍. തീവ്രവാദം, ആവിഷ്‌കാര സ്വാതന്ത്യം, സ്ത്രീ സമത്വം തുടങ്ങിയവയാണ് അവരുടെ ഇഷ്ടവിഷയങ്ങള്‍. മൂര്‍ച്ചയുള്ള വാക്കുകളിലൂടെയും തീവ്രമായ വരികളിലൂടെയും സമുദായത്തിന്റെ നെഞ്ചു പിളര്‍ക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരാണവര്‍.

അമേരിക്കയുടെ നേതൃത്വത്തിലരങ്ങു തകര്‍ക്കുന്ന ഇസ്‌ലാമോഫോബിയയും ഇറാഖ് അധിനിവേശം, ഇസ്രയേല്‍ അതിക്രമങ്ങള്‍ തുടങ്ങിയവയും ആഗോള മുസ്‌ലിം സമൂഹത്തിന് ഏല്‍പിച്ച മുറിവുകള്‍ ഏറെ വേദനയുളവാക്കുന്നതാണ്. അവ രുപപ്പെടുത്തുന്ന പ്രതികരണങ്ങളില്‍ ചിലത് വഴിതെറ്റിയ രീതിയിലുമാണ്. ലോകത്തുള്ള ഇസ്‌ലാമിക പണ്ഡിതന്മാരും മുസ്‌ലിം വേദികളും ഇത്തരം തെറ്റായ പ്രവണതകളെ തള്ളിപ്പറഞ്ഞിട്ടുണ്ട്. മനുഷ്യാവകാശ പ്രശ്‌നങ്ങള്‍, സ്ത്രീ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിലാകട്ടെ ആധുനിക മുസ്‌ലിം  സംഘടനകള്‍ക്ക് പുതിയ കാലത്തിനനുസരിച്ച ഭദ്രവും മികവുറ്റതുമായ കാഴ്ച്ചപ്പാടുകളുണ്ട്. ഖുര്‍ആനിന്റെയും നബിചര്യയുടേയും അടിസ്ഥാനത്തില്‍ നൂതനമായ ഗവേഷണങ്ങളിലൂടെ രൂപപ്പെടുത്തിയതാണ് ആ നിലപാടുകളത്രയും. അവ പ്രബന്ധങ്ങളായും പുസ്തകങ്ങളായും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത ആശയങ്ങളെ ജീവിതത്തില്‍ പകര്‍ത്തി മികച്ച പ്രായോഗിക മാതൃകകള്‍ സൃഷ്ടിക്കാന്‍, നവീന മുസ്‌ലിം പ്രസ്ഥാനങ്ങള്‍ പരിശ്രമിച്ചുവരികയാണ്. അവയൊന്നും മനസ്സിരുത്തി വായിക്കുവാനോ പഠിക്കുവാനോ ഈ എഴുത്തുസിങ്കങ്ങള്‍ തയ്യാറല്ല. പഴയകാലത്ത് മനപ്പാഠമാക്കിയ പഴമ്പുരാണങ്ങള്‍ പത്രങ്ങളിലും ചാനലുകളിലും നിരത്തുകയാണ് പതിവ്. സമാനമായ സംഭവങ്ങള്‍ (മുസ്‌ലിം സമൂഹവുമായി ബന്ധപ്പെടാത്തത്) വിവിധ സന്ദര്‍ഭങ്ങളിലുയര്‍ന്നുവരുമ്പോള്‍ അവയിലൊന്നും ഇത്തരക്കാര്‍ പ്രതികരിക്കാറുമില്ല. മറവിരോഗം ബാധിച്ചവരെ പോലെ അഭിനയിക്കുകയോ അസൂയാര്‍ഹമായ വിധം തൊലിക്കനം അനുഭവിപ്പിക്കുകയോ ചെയ്യുന്നതില്‍ യാതൊരു മടിയുമില്ല. അഭിപ്രായമാരായാനായി ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന അവരുടെ മൊബൈലിലേക്ക് വിളിച്ചാല്‍ പരിധിക്ക് പുറത്താണ് എന്ന ഉത്തരമാകും ലഭിക്കുക. ഇത്തരം പ്രശ്‌നസങ്കീര്‍ണതകള്‍ക്കിടയില്‍ ഇവര്‍ പുലര്‍ത്തുന്ന മൗനം കാണുമ്പോള്‍ 'കാണ്‍മാനില്ല' എന്ന പരസ്യങ്ങളില്‍ നാം ഈ എഴുത്തുകാരെ തെരഞ്ഞുപോകും!

സല്‍മാന്‍ റുഷ്ദിയുടെ സാത്താനിക് വേഴ്‌സസ് പുറത്തിറങ്ങിയ 1988 കാലം. അതൊരു നിലവാരമില്ലാത്ത കൃതിയാണെന്ന വിമര്‍ശം പൊതുമണ്ഡലങ്ങളില്‍ നിന്ന് നേരത്തെ തന്നെ ഉയര്‍ന്നുകഴിഞ്ഞിരുന്നു. മഹാന്മാരെ വിമര്‍ശിച്ച് കീര്‍ത്തി കരസ്ഥമാക്കാനും കമ്പോളം കീഴടക്കാനുമുള്ള കുടില തന്ത്രമായിരുന്നു റുഷ്ദിയുടേത്. സ്വാഭാവികമായും ഇസ്‌ലാം വിരുദ്ധര്‍ റുഷ്ദി പക്ഷത്ത് നിലയുറപ്പിച്ചു. സമാനവഴികളിലൂടെ തന്നെയായിരുന്നു ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലീമ നസ്‌റിന്റെയും സഞ്ചാരം. ആവിഷ്‌കാര സ്വാതന്ത്യത്തിന്റെ മറവില്‍ വെളിച്ചപ്പാടിനെപ്പോലെ ഉറഞ്ഞുതുള്ളുന്നവരായിരുന്നു ഈ സന്ദര്‍ഭത്തിലെല്ലാം പ്രസ്തുത ബുദ്ധിജീവികള്‍.

ആ വീറും വാശിയുമൊന്നും സംഘ്ഭീകരത ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേല്‍ കടന്നാക്രമണം നടത്തുമ്പോള്‍ കാണുന്നില്ലെന്നത് ആത്മവഞ്ചനയും കാപട്യവുമല്ലേ? ഇരട്ടത്താപ്പ് എന്ന പദം ഇപ്പോഴല്ലാതെ മറ്റേതുസന്ദര്‍ഭത്തിലാണ് നാം വാക്യത്തില്‍ പ്രയോഗിക്കുക! 2006 ല്‍ കാവിഭീകരര്‍ എം.എഫ് ഹുസൈന്‍ എന്ന ചിത്രകാരനെ ഇന്ത്യയില്‍ നിന്ന് നാടുകടത്തുകയുണ്ടായി. പിന്നീടദ്ദേഹം ഈ ആര്‍ഷഭാരതത്തിലേക്ക് തിരിച്ചുവന്നില്ല. അവസാന കാലയളവില്‍ ഖത്തറാണ് അദ്ദേഹത്തിന് അഭയം നല്‍കിയത്. ഇന്ത്യന്‍ ദേശീയ ഗാലറിയുടെ പ്രസിഡണ്ട് അബുദബിയില്‍ വെച്ചു അദ്ദേഹത്തെ കാണുകയും ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ അപേക്ഷിക്കുകയും ചെയ്തു. തന്റെ കൈകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ താങ്കള്‍ക്കാകുമോയെന്നാണ് ലോകം ആദരിച്ച ആ ചിത്രകാരന്‍ തിരിച്ചുചോദിച്ചത്. ഇംഗ്ലീഷില്‍ കവിതകളും കഥകളും എഴുതി ഇന്ത്യയുടെ യശസ്സ് വാനോളമുയര്‍ത്തിയ കമലാദാസ് തന്റെ പേരിന്റെ ഒരു ഭാഗത്ത് സുരയ്യ എന്നെഴുതിതുടങ്ങിയപ്പോഴേക്കും തന്റെ ഫോണിലേക്ക് പ്രവഹിച്ച (അശ്ലീല) സാഹിത്യംസഹിക്കവയ്യാതെ പൂനെയിലേക്ക് ഒളിച്ചോടുകയേ അവര്‍ക്ക് നിവൃത്തിയുണ്ടായിരുന്നുള്ളൂ. 

മോദിയുടെ സ്വയം ഭരണത്തില്‍ ആവിഷ്‌കാരത്തിന്റെ ഗതിയെന്തെന്ന് ഇന്ത്യാ പുത്രി എന്ന ഡോക്യുമെന്ററി നിരോധിച്ചതോടെ മാലോകര്‍ക്ക് വ്യക്തമായി. മറാത്താ ചാനലിലെ ഒരഭിമുഖത്തില്‍ അന്ധവിശ്വാസ വിരുദ്ധ ബില്‍ പാസാക്കണമെന്ന് അഭിപ്രായം പറഞ്ഞ നിഗില്‍ പാകല്‍ എന്ന സാമൂഹിക പ്രവര്‍ത്തകന്‍ അതിനു ശേഷം 'സനാതന്‍ സാന്‍സ്ഥ'യുടെ വധഭീഷണിയുടെ നിഴലിലാണ് അന്തിയുറങ്ങുന്നത്. പെരുമാള്‍ മുരുകന്‍ എന്ന തമിഴ് നോവലിസ്റ്റ് തന്നിലെ എഴുത്തുകാരനെ പടിയടച്ചു പിണ്ഡം വെച്ചു കഴിഞ്ഞു. യുക്തിവാദിയും മറാത്താ ചിന്തകനുമായ ഡോ. നരേന്ദ്രഭോല്‍കര്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ സമീപകാല രക്തസാക്ഷിയാണ്. 2013 ആഗസ്റ്റിലാണ് അദ്ദേഹത്തെ സംഘ്ഭീകരര്‍ കൊലപ്പെടുത്തിയത്. 2015 ഫെബ്രുവരിയില്‍ അതേ മാര്‍ഗത്തില്‍ അതേ കൈകളാല്‍ ഗോവിന്ദ്പന്‍സാരെയും ആഗസ്റ്റ് 30 ന് കന്നഡ എഴുത്തുകാരനായ എം.എം കുല്‍ബര്‍ഗിയും കൊല്ലപ്പെട്ടു. ഇതെഴുതുമ്പോള്‍ എഴുത്തുകാരന്‍ ഭഗവാന് നേരെയും  ഭീഷണി ഉയര്‍ന്നിരിക്കുകയാണ്. മോദിയുടെ നല്ല നാളുകളില്‍  (സാക്ഷാല്‍) ഭഗവാനുപോലും രക്ഷയില്ല എന്നുവന്നിരിക്കുന്നു. ഏറ്റവുമൊടുവില്‍ രജനികാന്തിന് ടിപ്പുസുല്‍ത്താനായി വേഷം കെട്ടരുതെന്ന നിരോധന ഉത്തരവും ലഭിച്ചുകഴിഞ്ഞു.

പശുവിറച്ചി തിന്നുന്നവരെ തല്ലിക്കൊന്ന് സംഘ്പരിവാര്‍ ഇന്ത്യയെ അസഹിഷ്ണുതയുടെ ദേശമാക്കാനുള്ള പുറപ്പാടിലാണ്. പട്ടാളത്തില്‍ സേവനമനുഷ്ഠിക്കുന്ന ഒരു ധീരജവാന്റെ കുടുംബത്തിനാണ് ഈ ദുര്‍ഗതി നേരിടേണ്ടിവന്നതെന്നോര്‍ക്കണം! 1857ലെ ഒന്നാം സ്വാതന്ത്യസമരകാലത്ത് ഹിന്ദുവും മുസല്‍മാനും തോളോടുതോള്‍ ചേര്‍ന്നു അടരാടിയതിന് പിന്നിലെ കാരണങ്ങള്‍ നാം അന്വേഷിച്ചറിയേണ്ടതുണ്ട്. ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് നല്‍കിയിരുന്ന റൈഫിളിലെ തിരകളില്‍ ഉപയോഗിച്ചിരുന്ന കൊഴുപ്പ് പന്നിയുടേയും പശുവിന്റെയും നെയ്യ് കൊണ്ടു നിര്‍മ്മിച്ചതായിരുന്നു. പശു ഹിന്ദു സമുദായത്തിന് വിശുദ്ധമൃഗവും പന്നി മുസ്‌ലിം സമുദായത്തിന് നിഷിദ്ധജീവിയുമായിരുന്നു. ബ്രിട്ടീഷുകാരെ വിറപ്പിച്ച വിപ്ലവത്തിനാണ് അതു കാരണമായത്. ഇന്നാകട്ടെ പരസ്പരം കലഹിക്കുന്നതിനുള്ള കാരണം കണ്ടുപിടിക്കുന്നതിന് മിണ്ടാപ്രാണികളായ ഈ മൃഗങ്ങള്‍ വഴിവെച്ചിരിക്കുകയാണ്. മുസ്‌ലിംകള്‍ക്ക് നിഷിദ്ധമായ പന്നി ഇന്ത്യയിലെമ്പാടും കച്ചവടം നടത്തുകയും ധാരാളമാളുകള്‍ അതു തിന്നുകയും ചെയ്യുമ്പോഴും ഏതെങ്കിലും മുസ്‌ലിം സംഘടന അതില്‍ ഇടപെടുകയോ പന്നിയെ രാജ്യത്ത് നിഷിദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുകയോ ചെയ്തിട്ടില്ല. എന്നിട്ടും അനാവശ്യമായ വിവാദം സൃഷ്ടിച്ചുകൊണ്ടു സമുദായികാന്തരീക്ഷം കലുഷിതമാക്കുകയാണ് സംഘ്പരിവാര്‍ ഫാഷിസം. ഈ യാഥാര്‍ഥ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു നമ്മുടെ 'ദേശീയ മുസ്‌ലിംകളാ'യ എഴുത്തുകാര്‍. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /4-9
എ.വൈ.ആര്‍