അനുസ്മരണം
ടി. മുഹമ്മദ് കുട്ടി ചെര്‍പ്പുളശ്ശേരി
വള്ളുവനാട്ടില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് തുടക്കമിട്ട പ്രമുഖരിലൊരാളായിരുന്നു ചെര്‍പ്പുളശ്ശേരി പൂക്കുന്നത്ത് കയ്യാലിക്കല്‍ ടി. മുഹമ്മദ് കുട്ടി (74).
കോഴിക്കോട് സഹകരണ കോഴ്‌സ് പഠിക്കവെ 1960-ല്‍ മൂഴിക്കലില്‍ നടന്ന ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തതാണ് അദ്ദേഹത്തിന്റെ ജീവിതപരിവര്‍ത്തനത്തിനും, ഞങ്ങളുടെ നാട്ടിലെ ഇസ്‌ലാമിക നവജാഗരണത്തിനും വഴിതെളിയിച്ചത്. നാട്ടിലെത്തിയതും ബന്ധുവും ഉറ്റമിത്രവുമായ പി. കുഞ്ഞാലി(പി.കെ ഷോപ്പ്)യുമായി ആ സമ്മേളന വിശേഷങ്ങള്‍ പങ്കുവെച്ചു. തുടര്‍ന്ന് നടന്ന മലപ്പുറം നൂറടി സമ്മേളനത്തില്‍ ഇരുവരും പങ്കെടുത്തു. അവിടന്ന് ലഭിച്ച സന്ദേശം നാടിനു കൂടി പകരാന്‍ അവര്‍ നിശ്ചയിച്ചു. അങ്ങനെ പാലക്കാട് ജില്ലയില്‍ ആദ്യത്തെ ജമാഅത്ത് അനുഭാവ പള്ളിക്കായി ശ്രമം തുടങ്ങി. നിരന്തരം ശാന്തപുരത്ത് ചെന്ന് അവിടത്തെ പണ്ഡിതന്മാരുമായി ബന്ധം സ്ഥാപിച്ചു. സരസമായ സംഭാഷണവും കര്‍മവ്യഗ്രതയും അര്‍പ്പണ മനസ്സും മുഹമ്മദ് കുട്ടിയെ അന്നത്തെ മുതിര്‍ന്ന ജമാഅത്ത് നേതാക്കള്‍ക്ക് പ്രിയങ്കരനാക്കി. പള്ളി യാഥാര്‍ഥ്യമായപ്പോള്‍ മുതിര്‍ന്ന പണ്ഡിതര്‍ ഊഴമിട്ടാണ് ഇവിടെ ഖുത്വ്ബ നിര്‍വഹിച്ചിരുന്നത്. ഇവിടെ തെളിഞ്ഞ പ്രകാശം ജില്ലയൊട്ടുക്കും പ്രസരിച്ചു.
അര്‍ബന്‍ ബാങ്കിന്റെ മാനേജറായി ജോലി നിര്‍വഹിക്കുമ്പോഴും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി പദം വഹിച്ചപ്പോഴും ഇസ്‌ലാമിക നേതൃ മര്യാദകള്‍ കൃത്യമായി പാലിക്കാനും ഇടപാടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അത് അനുഭവവേദ്യമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമിതിയംഗം, ഏരിയാ പ്രസിഡന്റ്, ഏരിയാ കോ-ഓര്‍ഡിനേറ്റര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ഷൊര്‍ണൂര്‍ മണ്ഡലം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നല്ലൊരു വായനക്കാരനായ അദ്ദേഹം ദഅ്‌വാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ടൗണ്‍ ജുമാ മസ്ജിദ് സെക്രട്ടറിയായിരിക്കെ ചെര്‍പ്പുളശ്ശേരി പാലിയേറ്റീവ് ക്ലിനിക്കിനും പള്ളിക്കു കീഴിലെ 'നന്മ സാംസ്‌കാരിക കേന്ദ്ര'ത്തിനും ചുക്കാന്‍ പിടിച്ചു. പി.വി ഷഹീനോടൊപ്പം 'നന്മ'യുടെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കെയാണ് അര്‍ബുദ രോഗം സ്ഥിരീകരിച്ചത്. രോഗം വല്ലാതെ തളര്‍ത്തിയപ്പോഴും പ്രസ്ഥാനാവേശം അദ്ദേഹത്തില്‍ ഒട്ടും ചോര്‍ന്നുപോയിരുന്നില്ല.
എഴുത്തുകാരനും ചരിത്രകാരനുമായ ഡോ. കമാല്‍ പാഷയുടെ സഹോദരി ഫാത്വിമത്ത് സുഹ്‌റയാണ് ഭാര്യ. മക്കള്‍: ആരിഫ, അബ്ദുസ്സലാം, മുഹമ്മദ് മുബാറക്, ജാബിര്‍.
പി. ഹംസ ചെര്‍പ്പുളശ്ശേരി
കേളോത്ത് മുഹമ്മദ് കോയ മാസ്റ്റര്‍
പ്രാദേശികമായി ഞങ്ങളുടെ നാട്ടില്‍ ഇസ്‌ലാമികപ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തികളിലൊരാളായിരുന്നു മുഹമ്മദ് കോയ മാസ്റ്റര്‍. കൂട്ടുകാരും ഗുരുശിഷ്യ ബന്ധമുള്ളവരുമായ ഞങ്ങള്‍ 'കേളോത്ത് ഇക്കാക്ക' എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്. ഞങ്ങളെയൊക്കെ പ്രസ്ഥാനവുമായി അടുപ്പിച്ചതില്‍ പ്രധാന പങ്കും അദ്ദേഹത്തിനായിരുന്നു. ഞങ്ങളുടെ നാട്ടില്‍ ജമാഅത്തെ ഇസ്‌ലാമി മുത്തഫിഖ് ഹല്‍ഖ രൂപീകരിച്ചത് 1980 കാലഘട്ടത്തില്‍ മര്‍ഹൂം മൊയ്തു മൗലവിയുടെ നേതൃത്വത്തിലായിരുന്നു. അവിടന്നിങ്ങോട്ട് നാട്ടില്‍ പ്രസ്ഥാന പ്രവര്‍ത്തനത്തിന് ഏറെക്കാലം നേതൃപരമായ പങ്ക് വഹിച്ചതും സാമ്പത്തിക ബാധ്യത നിര്‍വഹിച്ചതും മുഹമ്മദ് കോയ മാസ്റ്റര്‍ ആയിരുന്നു.
പ്രാഥമിക മദ്‌റസ സ്ഥാപിക്കാന്‍ വേണ്ടി സ്വന്തം സ്ഥലം അദ്ദേഹം വഖ്ഫ് ചെയ്യുകയും അവിടെ ദാറുസ്സലാമെന്ന പേരില്‍ മദ്‌റസ സ്ഥാപിക്കുകയും അദ്ദേഹം പ്രധാന അധ്യാപകനായി ദീനീ സേവനം നിര്‍വഹിച്ചുപോരുകയും ചെയ്തു. പ്രസ്തുത സ്ഥലത്താണ് ഇപ്പോള്‍ മസ്ജിദുല്‍ ഹമദ് എന്ന ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. അദ്ദേഹത്തിന്റെ ശ്രമഫലമായി മദ്‌റസ, ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍ മുതലായ സ്ഥാപനങ്ങള്‍ നടന്നുവരുന്നു.
എലത്തൂര്‍, പുതിയങ്ങാടി എന്നീ ഗവണ്‍മെന്റ് സ്‌കൂളുകളില്‍ അറബിക് അധ്യാപകനായിരുന്ന അദ്ദേഹത്തിന് ഏറെ ശിഷ്യഗണങ്ങളുണ്ട്. വളരെക്കാലം ഇസ്‌ലാമിക പ്രസ്ഥാനത്തിന് ഹല്‍ഖാ നാസിമായി നേതൃത്വം നല്‍കുകയും പ്രസ്ഥാനത്തിന്റെ കീഴില്‍ സ്ഥാപിച്ച ഇസ്‌ലാമിക് ട്രസ്റ്റിന്റെ ചെയര്‍മാനായി സേവനമനുഷ്ഠിക്കുകയും ചെയ്തു. ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ പറമ്പത്ത് മഹല്ല് ജുമുഅ മസ്ജിദിന്റെ പരിപാലന കമ്മിറ്റി സെക്രട്ടറിയായിരുന്നു അദ്ദേഹം.
മുഹമ്മദ് കോയ ഇടശ്ശേരി
Comments