Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 23

ദാദ്രിയില്‍ മുഴങ്ങുന്നത് മതേതരത്വത്തിന്റെ മരണമണി

ഹാരിസ് അരിക്കുളം /കുറിപ്പ്

         തീവ്രഹിന്ദുത്വ അജണ്ടയുടെ അസംഖ്യം ഇരകളില്‍ ഒരാള്‍ മാത്രമായിരിക്കാം ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖ് എന്ന കുടുംബനാഥന്‍. ആ അരുംകൊലയുടെ അപകടകരമായ ദുസ്സൂചനകളെ മുമ്പത്തെക്കാളേറെ ഇന്ത്യന്‍ മനസ്സുകള്‍ ഇന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. അതിന്റെ അനുരണനമെന്നോണം സാമൂഹിക മാധ്യമങ്ങളില്‍ ചാലുകീറിയ പ്രതിഷേധ പ്രകടനങ്ങള്‍ ഇപ്പോഴും മലവെള്ളം കണക്കെ കുത്തിയൊലിച്ച് കൊണ്ടിരിക്കുകയാണ്. മുഖ്യധാരാ മാധ്യമങ്ങളും തീവ്ര ഹിന്ദുത്വ ചിന്താധാരയും പണിത സവര്‍ണ പൊതുബോധത്തെ പൊതുസമൂഹം ഇവിടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ദാദ്രി അരുംകൊലക്ക് ശേഷമുള്ള ദിവസങ്ങളിലെ കേരളത്തിലെ മാധ്യമങ്ങളിലൂടെ കണ്ണോടിച്ചാല്‍ ഈ മാറ്റം എളുപ്പത്തില്‍ വ്യക്തമാവും. ദാദ്രി സംഭവത്തിന്റെ തൊട്ടടുത്ത ദിവസം കേരളത്തിലെ പ്രചാരമുള്ള രണ്ട് മുഖ്യധാരാ പത്രങ്ങള്‍ ഒരു പശു ചത്ത പ്രാധാന്യം പോലും കല്‍പിക്കാതെ വാര്‍ത്ത ഉള്‍പേജിലൊതുക്കി. പട്ടികടിയും പട്ടിപിടുത്തവും മുന്‍പേജില്‍ ഇടം പിടിച്ചുകൊണ്ടിരിക്കുന്ന ദിവസങ്ങളില്‍ തന്നെയാണ് ഇതെന്നത് ശ്രദ്ധേയമാണ്. ബീഫ് സൂക്ഷിച്ചെന്ന ജല്‍പനങ്ങള്‍ക്ക് മുമ്പില്‍ പിടഞ്ഞുവീണ ഒരു മനുഷ്യ ജീവന് പുല്ലുവില. ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന ഇത്തരം ക്രൂരതകളെ  കണ്ടില്ലെന്ന് നടിക്കുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതിന്റെ തുടര്‍ച്ച മാത്രമായിരുന്നു ദാദ്രിസംഭവത്തിന്റെ വാര്‍ത്താവിന്യാസത്തില്‍ മുത്തശ്ശിപത്രങ്ങളുടെ ഡെസ്‌കുകളില്‍ സംഭവിച്ചത്. സാറാ ജോസഫ്, സച്ചിദാനന്ദന്‍, പി.കെ പാറക്കടവ് തുടങ്ങിയ സാഹിത്യകാരന്മാരുടെ ഒറ്റപ്പെട്ട പ്രതികരണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ സാംസ്‌കാരിക നേതാക്കളുടെയും എഴുത്തുകാരുടെയും കുറ്റകരമായ മൗനവും മറ്റൊന്നായി കാണാന്‍ കഴിയില്ല. അതേസമയം സാമൂഹിക മാധ്യമങ്ങളില്‍ ഇന്ത്യയുടെ മതേതര മനസ്സാക്ഷി വാക്കിലും വരയിലുമായി സവര്‍ണനിര്‍മിത മനസ്സാക്ഷിക്ക് നേരെ ചോദ്യശരങ്ങള്‍ എയ്യുന്നുണ്ടായിരുന്നു. ആര്‍.എസ്.എസും അതിന്റെ രാഷ്ട്രീയ രൂപമായ ബി.ജെ.പിയും രൂപപ്പെടുത്താന്‍ ശ്രമിച്ച സവര്‍ണ ഹൈന്ദവ പൊതുബോധത്തിന് തങ്ങള്‍ അടിമപ്പെടില്ലെന്ന പ്രഖ്യാപനങ്ങളായിരുന്നു സാധാരണക്കാരുടെ അത്തരം പ്രതികരണങ്ങള്‍. 

സാംസ്‌കാരിക പ്രവര്‍ത്തനം കുത്തകാവകാശമാക്കിയ ഒരുത്തനെയും കാത്തിരുന്നില്ല എന്ന് മാത്രമല്ല കേരളവര്‍മ കോളേജിലെ അധ്യാപിക ദീപാ നിശാന്തിനെ കേരളത്തിന്റെ മതേതര മനസ്സ് ഏറ്റെടുക്കുകയും ചെയ്തു. കേരളവര്‍മ കോളേജില്‍ എസ്.എഫ്.ഐ നടത്തിയ ബീഫ് ഫെസ്റ്റിവെല്‍ ഉള്‍പ്പെടെയുള്ള സമരവും പ്രതിഷേധപ്രകടനങ്ങളും ഫാഷിസത്തിനെതിരെയുള്ള മലയാളി മനസ്സിന്റെ ഉജ്ജ്വല പ്രതിഫലനമാവുകയായിരുന്നു. തിരിച്ചറിവിനപ്പുറം ഫാഷിസത്തിന് നേരെയുള്ള പ്രതിരോധങ്ങളായിരുന്നു ഇവിടെ തീര്‍ത്തത്. ദാദ്രി സംഭവാനന്തരം ആര്‍.എസ്.എസ്സിന്റെ വര്‍ഗീയ അജണ്ടകള്‍ പച്ചയായി വെളിപ്പെടുമ്പോള്‍ പൊതുസമൂഹത്തിന്റെ ജാഗ്രതയും പ്രതികരണങ്ങളും ശ്രദ്ധേയമാണ്. സവര്‍ണ പൊതുബോധം ആവാഹിച്ച് കാര്യങ്ങളെ നോക്കിക്കണ്ട മാധ്യമങ്ങളില്‍ പോലും പിന്നീട് മാറ്റം പ്രകടമായി. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ വാര്‍ത്ത ഉള്‍പേജിലൊതുക്കിയ മുഖ്യധാരാ മാധ്യമങ്ങളും അല്ലാത്തവയും എഡിറ്റോറിയലെഴുതി സംഭവത്തെ വിശകലനം ചെയ്തു. വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന ആര്‍.എസ്.എസ്സിന്റെയും ബി.ജെ.പിയുടെയും ദുഷ്ടലാക്കുകളെ നഖശിഖാന്തം ചോദ്യം ചെയ്ത മാതൃഭൂമി പത്രത്തിന്റെ വൈകിവന്ന മുഖപ്രസംഗം ഈ ജാഗ്രതക്ക് അടിവരയിടുന്നുണ്ട്. ''നമ്മുടെ പാരമ്പര്യത്തിന്റെ അന്തസ്സത്തയായ ബഹുസ്വരതയും സഹിഷ്ണുതയും കാത്തുസൂക്ഷിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെടുന്നുവെന്നതുതന്നെയാണ് രാഷ്ട്രപതിയുടെ ആശങ്കയുടെ കാതല്‍. കാരണം, കേന്ദ്രസര്‍ക്കാറിനെ പ്രത്യയശാസ്ത്രപരമായി പിന്തുണക്കുന്ന തീവ്ര ഹിന്ദുസംഘടനകളാണ് രാജ്യത്തിന് പുതിയ വിഭജനത്തിന്റെ വൈറസിനെ തുറന്നുവിട്ടിരിക്കുന്നത്. അത് ഭൂതാവിഷ്ടരായി ഏറ്റെടുത്തു കൊണ്ടിരിക്കുന്നവരാകട്ടെ ശത്രുതയുടെ സംസ്‌കാരമാണ് രാജ്യത്ത് വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഗാന്ധിജിയെ വെടിവെച്ചുകൊന്ന ശക്തികള്‍ ഇങ്ങനെ ശക്തിയാര്‍ജിച്ച് എല്ലാ വിമത ജീവിതങ്ങളെയും ഇരുളിലാഴ്ത്താന്‍ ശ്രമിക്കുന്നത് ആപത്കരമാണ്'' (മുഖപ്രസംഗം, മാതൃഭൂമി 9-10-2015). 

ബദല്‍ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും സമ്മര്‍ദ ഗ്രൂപ്പുകളായി വളരുമ്പോഴുണ്ടാവുന്ന സ്വാഭാവിക മാറ്റം മാത്രമായി ഇതിനെ കാണാന്‍ കഴിയില്ല. അതിനപ്പുറത്ത് വര്‍ഗീയ ചേരിതിരിവിലൂടെ കേരളത്തിന്റെ മതേതര കെട്ടുറപ്പില്‍ വിള്ളല്‍ വീഴ്ത്താനുള്ള ഫാഷിസ അജണ്ടയുടെ ആപത്സൂചനകളെ മാധ്യമങ്ങളും ഗൗരവത്തിലെടുത്തു തുടങ്ങിയെന്നുവേണം മനസ്സിലാക്കാന്‍. ഭൂരിപക്ഷത്തിന്റെ മറവില്‍ ജനക്കൂട്ടമെന്ന പേരില്‍ എന്ത് തോന്നിവാസവും ചെയ്യാന്‍ ആര്‍.എസ്.എസ് മടിക്കില്ലെന്ന തിരിച്ചറിവിന് ദാദ്രി അരുംകൊല അടിവരയിടുകയായിരുന്നു. ഈ തിരിച്ചറിവിലും പ്രതികരണങ്ങളിലുമാണ് മതേതര ഇന്ത്യയുടെ നാളെയെ കുറിച്ച പ്രതീക്ഷകള്‍ ശുഭകരമാവുന്നത്. 

വികസന വാഗ്ദാനങ്ങളെ സ്വാഗതം ചെയ്ത മാധ്യമങ്ങളും പൗരന്മാരും കേന്ദ്രഭരണത്തില്‍ ഇന്ന് നിരാശരാണെന്ന് മാത്രമല്ല ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്ന ആര്‍.എസ്.എസിന്റെ വര്‍ഗീയ അജണ്ടകളില്‍ ഏറെ ആശങ്കാകുലരുമാണ്. ദാദ്രിയുടെയും ഗുജറാത്തിന്റെയും ആവര്‍ത്തനം ഇനി കേരളത്തിലാവുമോയെന്ന ആശങ്ക തന്നെയാവണം സവര്‍ണ പൊതുബോധത്തെ താലോലിക്കുന്ന മലയാള മാധ്യമങ്ങളെ പോലും മാറി ചിന്തിപ്പിക്കുന്നത്. സവര്‍ണപൊതുബോധം വേരുറക്കാനുള്ള വെള്ളവും വളവും തേടുമ്പോള്‍ത്തന്നെ വര്‍ഗീയ ഫാഷിസത്തെ പുറംകാല്‍ കൊണ്ട് ചവിട്ടി കേരളത്തില്‍ അതിനെ അപ്രസക്തമാക്കിയത് മലയാളിയുടെ ഇടത്‌ബോധമാണ്.  ആ ഇടത്‌ബോധത്തെ ശക്തിപ്പെടുത്തുന്ന പ്രവണതകള്‍ സമൂഹത്തില്‍ നിന്ന് മതാതീതമായി ഉണ്ടാവേണ്ടതുണ്ട്. മതമുള്ളവനും മതമില്ലാത്തവനും അവനവന്റെ വിശ്വാസം പുലര്‍ത്താനുള്ള മൗലികാവകാശം രാജ്യത്ത് നിലനില്‍ക്കണമെങ്കില്‍ ഇങ്ങനെയൊരു മുന്നേറ്റത്തിന്റെ അനിവാര്യത ഓരോ ദിവസവും നമ്മെ ബോധ്യപ്പെടുത്തുകയാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ആടിയുലയുന്ന മതേതരത്വ നെടുംതൂണിനെ താങ്ങിനിര്‍ത്താന്‍ ഓരോ ഇന്ത്യക്കാരനും ബാധ്യതയുണ്ട്. പക്ഷേ അത് നിലംപതിക്കുന്നതിന് മുമ്പ് വേണമെന്ന് മാത്രം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /4-9
എ.വൈ.ആര്‍