Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 23

മക്കളേ, നിങ്ങളെന്തിനിങ്ങനെ തല കുനിക്കണം?

മജീദ് കുട്ടമ്പൂര്‍ /ലൈക് പേജ്

         മുമ്പൊക്കെ കുട്ടികള്‍ ഏര്‍പ്പെട്ടിരുന്ന കളികള്‍ കേവലം കുട്ടിക്കളികളായിരുന്നില്ല. ഭാവനാ ലോകത്ത് യഥേഷ്ടം വിഹരിച്ചുകൊണ്ടുള്ള സര്‍ഗാത്മകവും നിര്‍മാണാത്മകവുമായ കളികളായിരുന്നു അവ.

നാടും നാട്ടുവഴികളും തൊടിയും പാടവും മുറ്റവും പുല്‍മേടും കുട്ടിക്കൂട്ടങ്ങളുടെ ആരവങ്ങളാല്‍ മുഖരിതമായിരുന്നു. കളിച്ചും ചിരിച്ചും തമ്മിലടിച്ചും ഇണങ്ങിയും പിണങ്ങിയും സ്‌നേഹം പങ്കുവെച്ചും പ്രകൃതിയെയും ചുറ്റുപാടിനെയും അറിഞ്ഞുമാണ് കുട്ടികള്‍ വളര്‍ന്നത്. കാല്‍പന്തുകളി, ഗോട്ടികളി, കബഡി, കളിവീട് നിര്‍മാണം,  ചട്ടിയും പന്തും, ഓലപ്പന്തുകളി, കള്ളനും പോലീസും, ചുള്ളിയും കോലും... തുടങ്ങി ഓരോ പ്രദേശത്തും പേരിലും ഘടനയിലും ചെറിയ മാറ്റങ്ങളോടെയാണെങ്കിലും കൂട്ടായ്മയിലൂന്നിയ കളികളും വിനോദങ്ങളുമായിരുന്നു പ്രകടമായിരുന്നത്. ഈ കളികളില്‍ നിന്ന് സര്‍ഗാത്മകവും നിര്‍മാണാത്മകവുമായ ധാരാളം പാഠങ്ങള്‍ അവര്‍ക്ക് കിട്ടിയിരുന്നു.

ഒരുമിച്ച് കളിക്കുമ്പോള്‍ ഒരുമ കൂടുമെന്നാണ് ചൊല്ല്. ബന്ധങ്ങള്‍ വികസിക്കാനും ഉത്തരവാദിത്തബോധം വളരാനും ഈ കളികള്‍ ഉപകരിച്ചു. ഭാവനയുടെയും ചിന്തയുടെയും ചക്രവാളങ്ങള്‍ വികസിക്കാനും നേതൃപാടവവും സ്വഭാവ രൂപീകരണവും സാധ്യമാക്കാനും അവ സഹായിച്ചു. ചുറ്റുപാടുകളെയും സഹജീവികളെയും അനുഭവിച്ചറിയാനും പുറം ലോകവുമായി നിര്‍ഭയം ഇടപഴകാനും അവര്‍ക്ക് കഴിഞ്ഞു. മറ്റുള്ളവരെ കേള്‍ക്കാനും അവരുടെ അഭിപ്രായങ്ങള്‍ മാനിക്കാനുമുള്ള മാനസികാവസ്ഥ കൂട്ടായ്മകളിലൂടെ അങ്ങനെ രൂപം കൊണ്ടു.

കുട്ടിക്കൂട്ടങ്ങളുടെ ഓരോ കളിയിലും അവര്‍ ജീവിതത്തെ വായിച്ചെടുക്കുകയായിരുന്നു. ഏത് പ്രതിസന്ധിയുടെ കൊടുമുടികള്‍ കയറിയാലും കുട്ടിക്കാലത്തിന്റെ അനുഭവ പാഠത്തില്‍ നിന്നാണ് ഒരാള്‍ ജീവിതത്തെ നിര്‍മിക്കാന്‍ പ്രാപ്തനാകുന്നത്. കുട്ടിക്കാലത്തെ കാഴ്ചകളും വര്‍ണങ്ങളും അനുഭവങ്ങളുമാണ് അവര്‍ പകര്‍ത്തുന്നതും രൂപപ്പെടുത്തുന്നതും.

വ്യായാമങ്ങള്‍ പോലും വീട്ടിനകത്ത് ഒറ്റക്ക് യന്ത്ര സഹായത്തിലായ ഇക്കാലത്ത് ഇത്തരം കുട്ടിക്കൂട്ടങ്ങളുടെ നന്മയും മധുരവും പതിയെ അടര്‍ന്നുപോകുന്നുണ്ടോ? അന്തസ്സോടെ തലയുയര്‍ത്തി നില്‍ക്കണമെന്നാണ് തല മുതിര്‍ന്നവര്‍ പറയാറ്. എന്നാലോ നമ്മുടെ കുട്ടികളിന്ന് ഇരിപ്പിലും നടപ്പിലും മൊബൈല്‍ ഫോണില്‍ നോക്കി തലകുനിച്ചിരിക്കുകയാണ്. ബസ്സിലും ട്രെയിനിലും വീടകങ്ങളിലും മരച്ചുവട്ടിലും ഒറ്റക്കിങ്ങനെ കൂനിയിരിക്കുകയാണ്. സാങ്കേതിക ഉപകരണങ്ങള്‍ അവന്റെ സമയം അധികവും അപഹരിക്കുന്നു. ഡിജിറ്റല്‍ വിപ്ലവം കുട്ടികളുടെ സ്വഭാവത്തെയും രീതികളെയും ആകെ മാറ്റിപ്പണിതിരിക്കുന്നു. ടെലിവിഷനും കമ്പ്യൂട്ടര്‍ ഗെയിമും അതിലുപരി സ്മാര്‍ട്ട് ഫോണ്‍ ഗെയിമുകളുമാണ് ഇന്നത്തെ കുട്ടികളുടെ ആകെക്കൂടിയുള്ള കളിയും വിനോദവും. അതിന്റെ നിഷ്‌ക്രിയ ഇടങ്ങളില്‍ അവനൊറ്റക്ക് തളച്ചിടപ്പെടുന്നു. സ്മാര്‍ട്ട് ഫോണിന്റെ അരണ്ട വെളിച്ചത്തില്‍ വിരല്‍ തുമ്പിലൂടെ മിന്നിമറയുന്ന വിനോദത്തില്‍ മുഴുകി തലയും താഴ്ത്തിയിരിക്കുന്ന പുതിയ തലമുറ ഏതോ സ്വപ്നലോകത്തെ രാജകുമാരന്മാരെ പോലെ.

ഇന്റര്‍നെറ്റ് മുഖേന ഓണ്‍ലൈന്‍ ഗെയിമിംഗില്‍ വശംവദരാകുന്നവരില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയെന്നാണ് കണക്കുകള്‍. ഗെയിമിംഗിന് മാത്രമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികള്‍ ധാരാളം. യുദ്ധങ്ങളും മത്സരങ്ങളും കീഴ്‌പ്പെടുത്തലുകളുമൊക്കെയാണ് ഈ ഗെയിമുകളുടെ പ്രമേയം. എന്തിനും ഏതിനും പരിഹാരം അക്രമമാണെന്നാണീ ഗെയിമുകളുടെ മുഖ്യ പാഠവും. ഏത് പ്രേത പിശാചിന്റെ ഭാവചലനങ്ങള്‍ക്കൊത്താണ് കുട്ടികള്‍ ചരിക്കുന്നതെന്ന് രക്ഷിതാക്കള്‍ അന്വേഷിക്കാറില്ല. 'എന്റെ മോന്‍ മണ്ണിലിറങ്ങി ദേഹത്ത് ചെളിയാക്കില്ല. അവന് വീഡിയോ ഗെയിമാണ് താല്‍പര്യം. ടി.വി കണ്ട് കൊണ്ട് അവനെത്ര നേരം വേണമെങ്കിലും ഇരിക്കും' എന്നാണ് മാതാക്കളുടെ ആശ്വാസം. സമൂഹത്തിന്റെ സാംസ്‌കാരിക രൂപീകരണത്തിലും സര്‍ഗാത്മക ധാര്‍മിക വളര്‍ച്ചയിലും സക്രിയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ നേതൃത്വം നല്‍കേണ്ട കുട്ടികള്‍ ജീവിത യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ കെല്‍പില്ലാതെ പോകുന്നതില്‍ ഈ രംഗത്തെ നമ്മുടെ അശ്രദ്ധ കാരണമാകും.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /4-9
എ.വൈ.ആര്‍