ചോദ്യോത്തരം
മതം മനുഷ്യരെ മനോരോഗികളാക്കി?
''പ്രതിബന്ധങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാനല്ല, വിധിക്കു കീഴടങ്ങാനാണ് മതം മനുഷ്യനെ പ്രേരിപ്പിച്ചത്. ഇത് മനുഷ്യന്റെ കര്‍മശേഷിയെയും അന്വേഷണ കൗതുകത്തെയും നിഷ്പ്രഭമാക്കി. സുഖവും സന്തോഷവും പാപമാണെന്ന തോന്നലാണ് വിശ്വാസികളെ മനോരോഗികളും പര പീഡന പ്രേമികളുമാക്കുന്നത്. വിധേയത്വവും മാനസികാടിമത്തവും ശീലിച്ച മഹാ ഭൂരിപക്ഷത്തെ മോക്ഷപ്രതീക്ഷയില്‍ മയക്കിക്കിടത്തി ചൂഷണം ചെയ്യാന്‍ അധികാരവും സമ്പത്തുമുള്ളവര്‍ക്ക് ക്ഷിപ്രസാധ്യമായി. ജീവിതത്തിലെ എല്ലാ ഉല്‍ക്കര്‍ഷ ചിന്തകളെയും മതം എതിര്‍ത്തു. നൈസര്‍ഗികമായ ചോദനകളെയും സഹജമായ നന്മകളെയും അത് കരിച്ചുകളഞ്ഞു. പ്രകൃതി വിരുദ്ധവും നിരര്‍ഥകവുമായ ഒട്ടേറെ ആചാരങ്ങള്‍ അത് മനുഷ്യന്റെ മേല്‍ കെട്ടിയേല്‍പ്പിച്ചു. പ്രയോജന രഹിതമായ കാര്യങ്ങള്‍ക്കായി സമ്പത്തും അധ്വാനവും ദുര്‍വ്യയം ചെയ്യാന്‍ അത് മനുഷ്യനെ നിര്‍ബന്ധിച്ചു.'' പ്രതികരണം?
യഥാര്‍ഥ ദൈവിക മതത്തെക്കുറിച്ച തികഞ്ഞ അജ്ഞതയും മുന്‍വിധിയും തെറ്റായ വായനയുമാണ് ഉദ്ധരിക്കപ്പെട്ട വിചാരഗതിക്കാധാരം. മനുഷ്യനിര്‍മിതമോ പുരോഹിതന്മാര്‍ യഥേഷ്ടം കൈകാര്യം ചെയ്തതോ ആയ മതങ്ങള്‍ ഇത്തരമൊരു ചിന്തയിലേക്ക് ആളുകളെ നയിക്കുന്നു എന്നു പറഞ്ഞാല്‍ ശരിയാണ്. എന്നുവെച്ച് മതത്തെ അപ്പാടെ നിരസിക്കാനും മതനിരാസത്തിന്റെ ഗുരുതര പ്രത്യാഘാതങ്ങള്‍ അവഗണിക്കാനും അത് കാരണമായിക്കൂടാ.
ത്രികാലജ്ഞാനിയും സര്‍വശക്തനും കാരുണ്യവാനുമായ സ്രഷ്ടാവ് സൃഷ്ടികളുടെ ഭാവി മുന്‍കൂട്ടി അറിയുകയും അതനുസരിച്ച് പ്രപഞ്ചത്തെ ഭരിക്കുകയും ചെയ്യുന്നു എന്ന സത്യം സാമാന്യബുദ്ധിക്ക് നിഷേധിക്കാനാവില്ല. എന്തുകൊണ്ടെന്നാല്‍ അങ്ങനെ സംഭവിച്ചിരുന്നില്ലെങ്കില്‍ ഒരു നിമിഷം പോലും ഈ പ്രപഞ്ചം നിലനില്‍ക്കുകയോ ചലിക്കുകയോ ചെയ്യുമായിരുന്നില്ല. സുസംഘടിതവും സുവ്യവസ്ഥിതവും കാര്യകാരണ ബന്ധങ്ങളാല്‍ നിയന്ത്രിതവുമാണ് ഈ പ്രപഞ്ചം എന്നത് തന്നെ സര്‍വജ്ഞനും സര്‍വശക്തനും കരുണാമയനുമായ സ്രഷ്ടാവിന്റെ ഉണ്മയിലേക്കും സാന്നിധ്യത്തിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്. തീര്‍ത്തും യുക്തിഭദ്രമായ ഈ വിശ്വാസമാണ് വിധിവിശ്വാസം എന്ന് വ്യവഹരിക്കപ്പെടുന്നത്. നന്മയും തിന്മയും സുഖവും ദുഃഖവും രോഗവും ആരോഗ്യവും ദാരിദ്ര്യവും സമ്പന്നതയും ദൈവദത്തമാണെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെ ചിന്തിക്കാനും പണിയെടുക്കാനും സ്വാഭാവികമായ പ്രതിസന്ധികളെ തരണം ചെയ്യാനും നല്ല നാളെയെക്കുറിച്ച പ്രതീക്ഷ കൈവെടിയാതെ ജീവിക്കാനും കാരുണ്യകടാക്ഷങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാനുമാണ് ദൈവം കല്‍പ്പിച്ചിരിക്കുന്നത്. 'താന്‍ അധ്വാനിച്ചതല്ലാതെ ഒന്നും മനുഷ്യനില്ല' എന്ന് വിശുദ്ധ ഖുര്‍ആന്‍ മൊഴിഞ്ഞത് വെറുതെയല്ല. 'ഒട്ടകത്തെ കെട്ടുക, ദൈവത്തെ ഭരമേല്‍പ്പിക്കുക' എന്ന് പ്രവാചകനും നിര്‍ദേശിച്ചു. താന്‍ പാതി ദൈവം പാതി എന്ന് പണ്ടേ പറയാറുള്ളതാണല്ലോ.
വിശേഷബുദ്ധി നല്‍കി മനുഷ്യനെ അനുഗ്രഹിച്ച ദൈവം, തന്നെക്കുറിച്ചും പ്രപഞ്ച സൃഷ്ടിയെക്കുറിച്ചും പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ചും നിരന്തരം ചിന്തിക്കാനും കൗതുകപൂര്‍വം അന്വേഷിക്കാനുമാണ് നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അപ്രകാരം ജീവിക്കുമ്പോള്‍ പുതിയ ലോകവും പുതിയ ചക്രവാളവും ദൈവം തുറന്ന് തരും. അതെത്തിപ്പിടിക്കാനുള്ള ശേഷിയും വഴികളും അവന്‍ പ്രദാനം ചെയ്യും. ഇത് വേണ്ട വിധം മനസ്സിലാക്കിയ വിശ്വാസികളാണ് ഉദാത്ത ചിന്തകളിലൂടെയും കഠിനാധ്വാനങ്ങളിലൂടെയും ശാസ്ത്ര, സാംസ്‌കാരിക, വൈജ്ഞാനിക, സാമ്പത്തിക മേഖലകളിലുടനീളം ചരിത്രത്തെ അമ്പരപ്പിച്ച നേട്ടങ്ങള്‍ കൊയ്തത്. അവരുടെ സംഭാവനകള്‍ ഇന്നും ലോകത്തിന് വെളിച്ചം നല്‍കുന്നു. മറിച്ച് ജീവിതത്തില്‍ നിന്ന് ഒളിച്ചോടാനും ആത്മീയതയുടെ പാരമ്യത്തില്‍ ദൈവത്തില്‍ വിലയം പ്രാപിക്കാനും പ്രേരിപ്പിക്കുന്ന മതദര്‍ശനങ്ങള്‍ ഇസ്‌ലാമികമല്ല. അക്രമത്തിനും അനീതിക്കും ചൂഷണത്തിനും അവകാശ നിഷേധത്തിനുമെതിരെ പോരാടാനാണ് ഇസ്‌ലാം ജിഹാദ് ഏര്‍പ്പെടുത്തിയത്. എന്നിരിക്കെ മതം മയക്കിക്കിടത്തി എന്ന ആരോപണത്തിന് എന്ത് പ്രസക്തി?
മതമല്ല, മതനിരാസപരവും അധാര്‍മികവുമായ ജീവിതശൈലിയാണ് മനുഷ്യരെ മാനസിക രോഗികളാക്കുന്നതെന്നത് തെളിയിക്കപ്പെട്ട സത്യമാണ്. തന്നെക്കൊണ്ട് എല്ലാം കഴിയില്ല, സ്രഷ്ടാവായ ദൈവമാണ് അവസാനത്തെ അവലംബം എന്ന് വിശ്വസിക്കാനും ആശ്വസിക്കാനും ശീലിച്ച വ്യക്തി പ്രതിസന്ധികളില്‍ മാനസികമായി തളരാനോ ആത്മഹത്യയില്‍ അഭയം തേടാനോ ഒരു സാധ്യതയുമില്ല. ലോകത്ത് ആത്മഹത്യയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന മതസമൂഹം മുസ്‌ലിംകളും കേരളത്തില്‍ മലപ്പുറം ജില്ലയും ആണെന്നത് യാദൃഛികമല്ലെന്നോര്‍ക്കുക. മറിച്ച്, വിശ്വാസം നഷ്ടപ്പെട്ടവര്‍ നിലയില്ലാക്കയത്തിലാണ് ചെന്നുപതിക്കുന്നത്. ലോകത്തെ വിറപ്പിച്ച ഹിറ്റ്‌ലര്‍ ഒടുവില്‍ ആത്മഹത്യയില്‍ അഭയം തേടി. സോവിയറ്റ് യൂനിയന്റെ ശില്‍പി ലെനിന്റെ രോഗം മൂര്‍ഛിച്ചപ്പോള്‍ സ്റ്റാലിനോട് വിഷം ആവശ്യപ്പെട്ടു. സി.പി.എം നേതാവ് ബി.ടി രണദിവെയും അത് തന്നെ ചെയ്തു. ആപല്‍ സന്ധികളില്‍ ഒന്നു വിളിച്ചു പ്രാര്‍ഥിക്കാന്‍ പോലും ഒരു ശക്തിയില്‍ വിശ്വസിക്കാത്ത മനുഷ്യന്‍ എത്ര നിര്‍ഭാഗ്യവാന്‍!
കെ.എം പുതുപൊന്നാനി
ഭിന്നലിംഗക്കാരുടെ പ്രശ്‌നങ്ങള്‍
ഭിന്നലിംഗക്കാരെ സിനിമയില്‍ നായകരാക്കുന്നതും മുഖ്യധാരയില്‍ ഉള്‍പ്പെടുത്തുന്നതും മാതൃകാ നടപടിയായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആണ്‍ പെണ്‍ അവകാശങ്ങളുടെ സാമ്പ്രദായിക രീതിയില്‍ നിന്ന് വ്യത്യസ്തമത്രേ ഭിന്ന ലിംഗക്കാരുടെ മൗലികാവകാശങ്ങള്‍. അതിജീവനത്തിനായുള്ള ഇവരുടെ പോരാട്ടം ദീര്‍ഘമേറിയതും പ്രതിസന്ധികള്‍ നിറഞ്ഞതുമാണ്. ഭിന്ന ലിംഗക്കാരെ പരിഗണിക്കേണ്ടത് അനിവാര്യമാണെന്ന് ചില സന്നദ്ധ സംഘടനകളും കരുതുന്നു. എന്നാല്‍, മനുഷ്യാവകാശങ്ങളെ കുറിച്ച് വാചാലമായ മതം ഭിന്ന ലിംഗക്കാരുടെ മൗലികാവകാശങ്ങളെ കുറിച്ച് പറയാതെ പോയത് എന്തുകൊണ്ട്?
ഭിന്ന ലിംഗക്കാര്‍ അഥവാ ആണോ പെണ്ണോ അല്ലാത്ത വര്‍ഗവും മനുഷ്യരാണ്. ആ നിലക്ക് എല്ലാ മനുഷ്യാവകാശങ്ങള്‍ക്കും അര്‍ഹരുമാണ്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, രോഗചികിത്സ, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ എല്ലാ അവകാശങ്ങളും അവര്‍ക്കും ലഭ്യമാക്കണം, അക്കാര്യത്തില്‍ നിയമപരമായ തടസ്സങ്ങളുണ്ടെങ്കില്‍ നീക്കുകയും വേണം. ശാസ്ത്രവും സാങ്കേതിക വിദ്യയും ഏറെ പുരോഗമിച്ച ഇക്കാലത്ത് മൂന്നാം ലിംഗക്കാരനെ ശാരീരികവും മാനസികവുമായ പരിശോധനക്ക് ശേഷം രണ്ടിലൊരു ലിംഗത്തിലേക്ക് മാറ്റാവുന്നതാണ്. എങ്കില്‍ ആ ലിംഗക്കാര്‍ക്കുള്ള എല്ലാ അവകാശങ്ങളും അവര്‍ക്കും ലഭ്യമാക്കാന്‍ തടസ്സങ്ങളില്ല. മാറ്റം സാധ്യമല്ലാത്തവരെ പ്രത്യേക ഗ്രൂപ്പായി പരിഗണിച്ച് മാന്യമായ ജീവിതത്തിനാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാറും സമൂഹവും വേണ്ടത്. ഇക്കാര്യത്തില്‍ മതം തടസ്സമല്ലെന്നിരിക്കെ പ്രമാണങ്ങളില്‍ രേഖപ്പെടുത്തിയില്ലെന്നത് പ്രശ്‌നമല്ല. മൂന്നാം ലിംഗക്കാരും മനുഷ്യരാണ് എന്നതാണ് മൗലികമായി പരിഗണിക്കേണ്ടത്.
സമദ് കല്ലടിക്കോട്
ചെറുപ്പക്കാരെ വഴിയാധാരമാക്കി?
ഒരു കാലത്ത് സര്‍ക്കാര്‍ ഉദ്യോഗം നേടുന്നതിനെതിരെയും കരിയറിസത്തിന് എതിരെയും ജമാഅത്തെ ഇസ്‌ലാമിയുടെ പോഷക വിഭാഗങ്ങള്‍ കാമ്പയിന്‍ നടത്തിയിരുന്നു. അതിന്റെ അജണ്ടയെന്നോണം പ്രബോധനത്തിലൂടെ എഴുതിവിടുകയും ചെയ്തതിന്റെ ഫലമായി എത്രയോ നല്ല ബുദ്ധിയുള്ള ചെറുപ്പക്കാരെ വഴിയാധാരമാക്കിയ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രബോധനം തന്നെയാണ് ഇന്ന് മുസ്‌ലിം സമുദായത്തിലെ മലയാളത്തിലെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ വഴികാട്ടി. പാശ്ചാത്യ രാജ്യത്തെ ഉന്നത പഠന സ്‌കോളര്‍ഷിപ്പുകളും അവസരങ്ങളടക്കം ഈ പ്രസിദ്ധീകരണത്തിലൂടെ തുറന്ന് കൊടുക്കുന്നു. അന്നത്തെ ആ നിലപാടില്‍ മുജീബിന് ഇപ്പോള്‍ ഖേദം തോന്നുന്നില്ലേ?
ബ്രിട്ടീഷ് ഭരണകാലത്ത് അതിനെതിരെ ജിഹാദ് ചെയ്യാന്‍ ബാധ്യസ്ഥരായ മുസ്‌ലിംകള്‍, ആ ഭരണയന്ത്രത്തിന്റെ സേവകരും ജീവനക്കാരുമാകുന്നത് ശരിയല്ലെന്ന അഭിപ്രായം പ്രമുഖ പണ്ഡിതന്മാര്‍ക്കുണ്ടായിരുന്നു. 1941-ല്‍ നിലവില്‍ വന്ന ജമാഅത്തെ ഇസ്‌ലാമിയും പൊതുവെ ആ നിലപാട് സ്വീകരിച്ചു. മര്‍മപ്രധാനമായ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നിന്ന് അംഗങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് നിര്‍ദേശിച്ചു. എല്ലാ കാലത്തും എല്ലാതരം സര്‍ക്കാറുദ്യോഗങ്ങളും ഉപേക്ഷിക്കണമെന്ന ശാഠ്യം അന്നേ ജമാഅത്തിനുണ്ടായിരുന്നില്ല. 1948-ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അന്നു മുതല്‍ ഇന്നുവരെ ആധുനിക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. വിദ്യാഭ്യാസം ഹറാമാണെന്നോ പള്ളിക്കൂടത്തില്‍ പോയിക്കൂടെന്നോ ഇംഗ്ലീഷ് നരകഭാഷയാണെന്നോ ഒരിക്കലും ജമാഅത്തെ ഇസ്‌ലാമി ഫത്‌വ നല്‍കിയിരുന്നില്ല. ജമാഅത്തിന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ ഗണ്യമായ വിഭാഗം സ്‌കൂള്‍ അധ്യാപകരായിരുന്നു താനും. ആധുനിക വിദ്യാഭ്യാസം തടഞ്ഞുകൊണ്ടുള്ള ലേഖനങ്ങള്‍ പ്രബോധനത്തില്‍ വന്നുവെന്ന് പറയുന്നത് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. മാത്രമല്ല, ആധുനിക കലാലയങ്ങളുടെ പാഠ്യവിഷയങ്ങള്‍ സ്വന്തം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാക്കിയ ആദ്യത്തെ പ്രസ്ഥാനം ജമാഅത്തെ ഇസ്‌ലാമിയാണ്. 1952-ല്‍ സ്ഥാപിതമായ ചേന്ദമംഗല്ലൂര്‍ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയുടെയും 1955-ല്‍ സ്ഥാപിതമായ ശാന്തപുരം ഇസ്‌ലാമിയ കോളേജിന്റെയും കുറ്റിയാടി ഇസ്‌ലാമിയ കോളേജിന്റെയും മറ്റും അന്നത്തെ പാഠ്യപദ്ധതി പരിശോധിച്ചാല്‍ ഇത് ബോധ്യമാകും. അതിനാല്‍ ഇക്കാര്യത്തില്‍ ഖേദം തോന്നേണ്ട കാര്യവുമില്ല. ബുദ്ധിയുള്ള മുസ്‌ലിം ചെറുപ്പക്കാരുടെ ഭാവി ഒരു ഘട്ടത്തിലും ജമാഅത്തെ ഇസ്‌ലാമി അവതാളത്തിലാക്കുകയോ അവരെ വഴിയാധാരമാക്കുകയോ ചെയ്തിട്ടില്ല. ഒരുദാഹരണം പോലും ഇവ്വിഷയകമായി ചൂണ്ടിക്കാട്ടാനുമാവില്ല. ഉന്നതവിദ്യാഭ്യാസത്തിന് വിദ്യാര്‍ഥികളെ വിദേശ യൂനിവേഴിസിറ്റികളിലേക്കയക്കുന്ന സമ്പ്രദായത്തിന് കേരള മുസ്‌ലിംകള്‍ക്കിടയില്‍ തുടക്കം കുറിച്ചത് ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപനങ്ങളാണെന്ന് മറക്കരുത്. ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു പോഷക സംഘടനയും ഒരു കാലത്തും സര്‍ക്കാര്‍ ഉദ്യോഗത്തിനെതിരെയോ, കരിയറിസത്തിനെതിരെയോ കാമ്പയിന്‍ നടത്തിയിട്ടില്ല.
മുഹമ്മദ് അജ്മല്‍ ഫൈസി, ആലുംചുവട്
Comments