Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 23

വികസനത്തിന്റെ പ്രാദേശിക മാതൃകകള്‍

ഫസല്‍ കാതിക്കോട്, മുസാഫിര്‍ /കവര്‍‌സ്റ്റോറി

ഇടതു വലതു മുന്നണികള്‍ക്കതീതമായ ജനകീയ കൂട്ടായ്മകള്‍ കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നു വന്നിരുന്നു. എണ്ണത്തില്‍ കുറവെങ്കിലും ആ കൂട്ടായ്മകളിലെ ചില പ്രതിനിധികള്‍ പഞ്ചായത്ത് മെമ്പര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അവരിലധികവും സ്ത്രീകളായിരുന്നു. വീടും കുടുംബവും താളപ്പിഴയില്ലാതെ മുന്നോട്ടു കൊണ്ടുപോയതോടൊപ്പം ഒരു നാടിന്റെ വികസനക്കുതിപ്പിന് നേതൃത്വം നല്‍കാനും അവര്‍ക്ക് സാധിച്ചു. അവരില്‍ ചിലരുടെ വികസന വര്‍ത്തമാനമാണ് ഇവിടെ പങ്കുവെക്കുന്നത്. 

നെഹ്‌റാബി എന്ന മാതൃകാ ജനസേവക

ജീവിത പ്രയാസങ്ങള്‍ക്കിടയിലും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാനായതിന്റെ സംതൃപ്തിയിലാണ് തൃശൂര്‍ എടവിലങ്ങ് രണ്ടാം വാര്‍ഡ് മെമ്പറായ നെഹ്‌റാബി. കുടുംബത്തിന്റെ ഭാരം തലയിലേറ്റേണ്ടി വന്ന സാഹചര്യത്തിലും ഏല്‍പിച്ച ഉത്തരവാദിത്തത്തിന്റെ ഗൗരവം മനസ്സിലാക്കി കഠിനാധ്വാനത്തിലൂടെ അതിനെ മറികടക്കാന്‍ അവര്‍ക്കായി. 

വര്‍ഷങ്ങളായി തകര്‍ന്നുകിടന്ന റോഡുകള്‍ നന്നാക്കുന്നതില്‍ മെമ്പര്‍ക്ക് പ്രത്യേക പങ്കുണ്ടായിരുന്നു. പഞ്ചായത്തില്‍ നിന്ന് മാത്രമല്ല മറ്റെല്ലാ ഭരണ കേന്ദ്രങ്ങളില്‍ നിന്നും വാര്‍ഡിനുള്ള വിഹിതങ്ങള്‍ നേടിയെടുക്കാന്‍ ആദ്യം മുതലേ ശ്രമിച്ചതിനാലാണ് ഇത് സാധ്യമായത്. റവന്യൂ മന്ത്രിയായിരുന്ന  കെ.പി രാജേന്ദ്രന്‍, മറ്റു മന്ത്രിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ക്കും, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് തുടങ്ങിയവയിലും ആദ്യം മുതലേ ഓരോ പദ്ധതിയും അന്വേഷിച്ചറിഞ്ഞ് അവര്‍ അപേക്ഷകള്‍ സമര്‍പ്പിക്കുമായിരുന്നു. വാര്‍ഡിലെ ആറ് റോഡുകള്‍ക്കായി പഞ്ചായത്ത് ഫണ്ടിനു പുറമെ എം.എല്‍.എയുടെയും ജില്ലാ പഞ്ചായത്തിന്റെയും ഫണ്ടുകള്‍ കൂടി ലഭിച്ചത് ഇതുമൂലമാണ്. ഓരോ പദ്ധതിയും നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും മെമ്പര്‍ ശ്രദ്ധിച്ചു. എം.എല്‍.എ റോഡിന് കോണ്‍ട്രാക്ടറെ കണ്ടെത്തി പണി നടക്കുമെന്ന് ഉറപ്പാക്കി. ജില്ലാ പഞ്ചായത്ത് റോഡ് ലഭിക്കുമെന്ന് മനസ്സിലായപ്പോള്‍ ഇതേ റോഡിന് പഞ്ചായത്ത് അനുവദിച്ച തുക ജില്ലാ പഞ്ചായത്ത് മെമ്പറുടെ ആവശ്യ പ്രകാരം മറ്റൊരു വാര്‍ഡിന് നല്‍കി. അങ്ങനെ പഞ്ചായത്തില്‍ രണ്ട് റോഡുകളായി. 20 വര്‍ഷമായി പൊളിഞ്ഞു കിടന്നിരുന്ന കോളനി റോഡ്, മുഹമ്മദ് അബ്ദുറഹ്മാന്‍ റോഡ് എന്നിവ പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കാനുമവര്‍ക്ക് സാധിച്ചു.  മുഹമ്മദ് അബ്ദുറഹ്മാന്‍ റോഡ് അടുത്ത പഞ്ചായത്തുമായി ചേരുന്നിടത്ത് പലവിധ തടസ്സങ്ങളാല്‍ പണി സ്തംഭിച്ചു നില്‍ക്കുകയായിരുന്നു. അല്‍പം കൂടി സ്ഥലം വാങ്ങിയാല്‍ അത് പൂര്‍ത്തിയാക്കാം. അതിനായി അനേകം പേരെ സമീപിക്കുകയും അവരുടെ സഹായത്തോടെ സ്ഥലം വാങ്ങി റോഡ് പൂര്‍ത്തിയാക്കുകയും ചെയ്തത് എന്നും ഓര്‍മിക്കത്തക്ക പ്രവര്‍ത്തനമാണ്.

ഏഴു പേര്‍ക്ക് പുതിയ വീടുകള്‍ പണിയാന്‍ സാധിച്ചു. മറ്റു വാര്‍ഡുകളില്‍ അനുവദിച്ച വീടുകള്‍ രേഖകള്‍ ശരിയാക്കാനും നടപടികള്‍ പുര്‍ത്തിയാക്കാനും ബന്ധപ്പെട്ടവര്‍ക്ക് സാധിക്കാതെ വന്നപ്പോള്‍ സ്വന്തം വാര്‍ഡിലേക്ക് കൊണ്ടുവരാനും സാധിച്ചു. രണ്ട് അംഗന്‍വാടികള്‍ക്ക് മതിലും, ഒന്നിന് സ്വന്തം കെട്ടിടവും ഉണ്ടാക്കിയത് ഇക്കാലയളവിലാണ്.  സ്വന്തം പണം മുടക്കി അംഗന്‍വാടികള്‍ക്ക് കസേരയടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ആഘോഷാവസരങ്ങളില്‍ വസ്ത്രം, ഭക്ഷണ കിറ്റുകള്‍ തുടങ്ങിയവ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ വിതരണം ചെയ്തു. കൃഷി ഭവനില്‍ നിന്നുള്ള സഹായങ്ങള്‍ എല്ലാ അര്‍ഹരായവര്‍ക്കും നല്‍കി. ക്ഷേമ പെന്‍ഷനുകള്‍ 100 ശതമാനവും നല്‍കാന്‍ സാധിച്ചു. പ്രയാസപ്പെടുന്നവരുടെ വീടുകളില്‍ ചെന്ന് രേഖകള്‍ ശരിയാക്കി യഥാസമയം സമര്‍പ്പിക്കാനായത് കൊണ്ടാണ് ഇത് സാധിച്ചത്. കുടുംബപരവും വ്യക്തിപരവുമായ പ്രശ്‌നങ്ങളില്‍ ഇടപെടുകയും പരിഹാരങ്ങളുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. 

കോളനി നിലവില്‍ വന്നിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും പട്ടികജാതി കോളനിയാണെന്ന സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെ പോവുകയായിരുന്നു. നിരന്തര പരിശ്രമങ്ങള്‍ക്കൊടുവില്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതും പട്ടികജാതി പദ്ധതികള്‍ അനുവദിക്കാന്‍ തുടങ്ങിയതും എടുത്തു പറയേണ്ട നേട്ടമാണ്. 

നഫീസ പതിച്ചത് 

സേവനത്തിന്റെ മായാമുദ്രകള്‍

സേവനം കൊണ്ട് ഗ്രാമഹൃദയത്തില്‍ മായാത്ത മുദ്ര പതിച്ച് നാടിന്റെ ചരിത്രത്തില്‍ തന്നെ ഇടം നേടിയ വിസ്മയ കഥയാണ് കൊടുങ്ങല്ലൂര്‍ എറിയാട്  ഏഴാം വാര്‍ഡിലെ മെമ്പറായ നഫീസാ അബ്ദുല്‍ കരീമിന് പറയാനുള്ളത്.  ജനകീയ മുന്നണിയുടെ ഏക മെമ്പറായതിനാല്‍ മുഖ്യധാരാ പാര്‍ട്ടികള്‍ തുടക്കം മുതലേ അവഗണിക്കാന്‍ ശ്രമിച്ചു. സാധാരണ മെമ്പര്‍മാര്‍ക്ക് വേണ്ടി സംസാരിക്കാന്‍ നേതാക്കന്മാരുണ്ടായിരുന്നു. നേതാവും അനുയായിയും താന്‍ തന്നെ ആയതിനാല്‍ നേതാവായി വളരാന്‍ അവര്‍ക്ക് അവസരമൊരുങ്ങുകയായിരുന്നു. സാധാരണ മെമ്പര്‍മാരിലൊരാളായി ഒതുങ്ങുകയല്ല, പഞ്ചായത്തിന്റെ നേതാക്കള്‍ക്കിടയില്‍ തന്നെ അനിഷേധ്യ സ്ഥാനം നേടിയെടുക്കുകയായിരുന്നു അവര്‍.

തെരഞ്ഞെടുക്കപ്പെട്ട ഉടനെ ധനപാലന്‍ എം.പി പഞ്ചായത്തംഗങ്ങളെ പരിചയപ്പെടാന്‍ ഒരു യോഗം വിളിച്ചു. ഹെല്‍ത്ത് സബ് സെന്റര്‍ ആവശ്യമുള്ള വാര്‍ഡുകളുടെ മെമ്പര്‍മാര്‍ ഉടനെ അപേക്ഷിക്കണം എന്നാവശ്യപ്പെട്ടു. തന്റെ കാര്യത്തിന് താനല്ലാതെ മറ്റാരുമില്ല എന്നറിയാവുന്ന നഫീസ അപ്പോള്‍ തന്നെ കൈയില്‍ സൂക്ഷിച്ചിരുന്ന ലെറ്റര്‍പാഡില്‍ ഒരപേക്ഷ കൊടുത്തു. മറ്റാരും ഇതറിഞ്ഞില്ല. എല്ലാവരും വിഷയം തന്നെ മറന്നു തുടങ്ങിയപ്പോള്‍ നഫീസയുടെ വാര്‍ഡില്‍ ഹെല്‍ത്ത് സബ് സെന്റര്‍ അനുവദിച്ചു. അമ്പരന്നു പോയ മറ്റുള്ളവര്‍ അതിനെതിരെ നീക്കങ്ങള്‍ തുടങ്ങി. നഫീസക്കൊപ്പം എം.പി കൂടി ഉറച്ചു നിന്നതോടെ എതിര്‍വാദങ്ങളെ നിഷ്പ്രഭമാക്കി സബ് സെന്റര്‍ യാഥാര്‍ഥ്യമായി. മൂന്ന് പതിറ്റാണ്ടായി വാര്‍ഡിലെ വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് അംഗന്‍വാടികള്‍ക്ക് സ്ഥലം തരപ്പെടുത്താനായതും നഫീസയുടെ പോരാട്ടത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമാണ്. ഒരെണ്ണത്തിന് സ്ഥലം നല്‍കാമെന്നേറ്റ സംഘടന പിന്മാറാന്‍ ശ്രമിച്ചപ്പോള്‍, നിരന്തര ശ്രമങ്ങളിലൂടെ തടസ്സവാദങ്ങളെ അതിജീവിച്ച് സ്ഥലം നേടിയെടുക്കുകയായിരുന്നു. രണ്ടാമത്തേതിന് സ്ഥലം നല്‍കാമെന്നേറ്റവരും പിന്മാറിയപ്പോള്‍ നഫീസ സ്വന്തം സ്ഥലം നല്‍കി അത് യാഥാര്‍ഥ്യമാക്കി. സ്ഥലം കിട്ടിയപ്പോള്‍ അത് രജിസ്റ്റര്‍ ചെയ്യാന്‍ പഞ്ചായത്തിന് പണമില്ല. ആരെയും കാത്തുനില്‍ക്കാതെ സ്വന്തം കൈയില്‍ നിന്ന് പണമെടുത്ത് അതും പൂര്‍ത്തിയാക്കി.

ഉപഭോക്താവ് പണമിറക്കി പണി നടത്തിക്കഴിഞ്ഞാല്‍ മാത്രമേ പഞ്ചായത്തില്‍ നിന്ന് പണം അനുവദിക്കൂ. അങ്ങനെ പണം കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് വേണ്ടി അവര്‍ തന്നെ ധനസമാഹരണവും നടത്തി. നിരവധി വീടുകള്‍ക്ക് ഇതുപോലെ അഡ്വാന്‍സ് പണം നല്‍കിയത് മെമ്പര്‍ തന്നെയാണ്. വീടു പണി പൂര്‍ത്തിയായപ്പോള്‍ ഫര്‍ണിച്ചറടക്കമുള്ള  അനുബന്ധ വസ്തുക്കള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്കും മെമ്പറുടെ സഹായഹസ്തം തുണയായി. ഇരുപത് വീടുകള്‍ പാസാക്കുകയും പതിനഞ്ചെണ്ണത്തിന്റെ പണി പൂര്‍ത്തിയാക്കുകയും ചെയ്തു. 

ക്ഷേമപദ്ധതി സഹായങ്ങളും പെന്‍ഷനുകളും നൂറ് ശതമാനവും അര്‍ഹര്‍ക്കെത്തിക്കാനായത് ഓരോ വീട്ടിലും കടന്നുചെന്ന് അപേക്ഷകള്‍ സ്വീകരിച്ച് സമര്‍പ്പിച്ചതുകൊണ്ടാണ്. അര്‍ഹരായവരെ സര്‍വേയിലൂടെ കണ്ടെത്തുകയും അവരുടെ അപേക്ഷകള്‍ പൂരിപ്പിക്കുകയും അതിനു വേണ്ട രേഖകള്‍ ഉണ്ടാക്കുകയും പിന്നീട് അക്കൗണ്ട് തുറക്കാന്‍ സഹായിക്കുകയും പോസ്റ്റോഫീസില്‍ രജിസ്റ്റര്‍ ചെയ്യുകയും വരെയുള്ള ജോലികള്‍ ചെയ്തു കൊടുത്തുകൊണ്ടാണ് ഇത് സാധിച്ചത്. 

കാര്‍ഷിക രംഗത്തെ വളര്‍ച്ച എടുത്തു പറയേണ്ടതാണ്. സ്വയം തന്നെ മികച്ച കര്‍ഷകയായ മെമ്പറെ, മികച്ച അടുക്കളത്തോട്ടത്തിനുള്ള അവാര്‍ഡ് തേടിയെത്തി. മികച്ച യുവകര്‍ഷക, ക്ഷീരകര്‍ഷക, പച്ചക്കറി കൃഷി  തുടങ്ങി പലയിനം അവാര്‍ഡുകള്‍ വാര്‍ഡിന് വാങ്ങിക്കൊടുക്കാനും കഴിഞ്ഞു. മികച്ച തൊഴിലുറപ്പ് സേനക്കുള്ള മഹാത്മാഗാന്ധി അവാര്‍ഡും അവര്‍ക്ക് ലഭിക്കുകയുണ്ടായി.

വികസനത്തില്‍ ജനകീയ പങ്കാളിത്തം 

ഉറപ്പാക്കി സാബിറ

മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ മേലേ അരിപ്രയെ പ്രതിനിധീകരിക്കുന്ന വാര്‍ഡ്‌മെമ്പറാണ് സാബിറ വി. പഞ്ചായത്ത് ഫണ്ടിനൊപ്പം വാര്‍ഡിലെ ജനകീയ പങ്കാളിത്തവും യുവാക്കളുടെ സേവനവും ഉറപ്പ് വരുത്തുന്ന പ്രവര്‍ത്തന രീതിയാണ് സാബിറയുടെ നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നടന്നത്. നാട്ടിലെ ക്ലബുകളും മഹല്ല് സംവിധാനവുമായി സഹകരിച്ചായിരുന്നു പല പദ്ധതികളും വാര്‍ഡ് മെമ്പര്‍ വിജയിപ്പിച്ചെടുത്തത്. വാര്‍ഡിന്റെ വിവിധ ഭാഗങ്ങളിലായി 13 റോഡുകളുടെ പുനര്‍ നിര്‍മാണത്തിന് ഇരുപത് ലക്ഷം രൂപയുടെ ഫണ്ടാണ് അവര്‍ ഉപയോഗിച്ചത്. വാര്‍ഡിലെ  കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ 9 പൊതു കിണറുകള്‍ കുഴിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി 3 കുടുംബശ്രീ യൂനിറ്റുകള്‍ക്കും രണ്ട് അംഗന്‍വാടിക്കും തുടക്കമിട്ടു. വേനല്‍ രൂക്ഷമായപ്പോള്‍ വാര്‍ഡിലെ മഹല്ലിന്റെ പിന്തുണയോടെ നടപ്പിലാക്കിയ കുടിവെള്ള പദ്ധതി സഹകരണത്തിന്റെ പുതിയ മാതൃകകള്‍ തീര്‍ക്കുന്നതായിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് കിഡ്‌നി രോഗികളെ സഹായിക്കുന്നതിന് ഏര്‍പ്പെടുത്തിയ ധനശേഖരണത്തിന് മെമ്പര്‍ മുന്നില്‍ നിന്നപ്പോള്‍ ജില്ലയില്‍ തന്നെ ഏറ്റവുമധികം സംഖ്യ ലഭിച്ച രണ്ടാമത്തെ വാര്‍ഡായി അരിപ്ര മാറി. 

യു.ടി ഫാത്വിമ വെട്ടത്തൂര്‍ 

പഞ്ചായത്തിലെ ശ്രദ്ധേയ സാന്നിധ്യം

പെരിന്തല്‍മണ്ണക്കടുത്ത വെട്ടത്തൂര്‍ ഒന്നാം വാര്‍ഡ് ശ്രദ്ധേയമാകുന്നത് യു.ടി ഫാത്വിമയെന്ന വാര്‍ഡ് മെമ്പറുടെ ചടുലതയും ആസൂത്രണത്തികവുള്ള പദ്ധതികളും മൂലമാണ്. വിദ്യാഭ്യാസ, തൊഴില്‍, ജനസേവന കേന്ദ്രങ്ങളില്‍ നിരവധി പേര്‍ക്ക് കൗണ്‍സലിംഗ് നടത്താനും ഗൈഡന്‍സ് നല്‍കാനും അവര്‍ക്ക് കഴിഞ്ഞു. 

പതിനൊന്ന് റോഡുകള്‍ക്ക് കോണ്‍ക്രീറ്റ്, റീടാറിംഗ്, സോളിംഗ്, അഴുക്കുചാല്‍ നിര്‍മാണം, നടപ്പാത നിര്‍മാണം എന്നിവക്കായി 25 ലക്ഷത്തോളം രൂപ ചെലവ് വരുന്ന പദ്ധതികള്‍ക്ക് മെമ്പര്‍ നേതൃത്വം നല്‍കി. അംഗന്‍വാടിക്ക് വൈദ്യുതി കണക്ഷന്‍, ടോയ്‌ലറ്റ്, എല്‍.പി സ്‌കൂളിന് അധിക സൗകര്യം, ബയോഗ്യാസ് പോര്‍ട്ടബിള്‍ എന്നിവ ലഭ്യമാക്കി.  സാമൂഹിക ക്ഷേമ പെന്‍ഷന്‍, വാര്‍ധക്യ-വിധവ പെന്‍ഷന്‍, അംഗപരിമിതര്‍, 50 വയസ്സ് കഴിഞ്ഞ അവിവാഹിതര്‍ തുടങ്ങിയവര്‍ക്കുള്ള സഹായം എന്നീ ഇനങ്ങളിലായി 200 ഓളം പേര്‍ക്ക് 5 വര്‍ഷത്തിനിടയില്‍ 40 ലക്ഷത്തോളം രൂപ നല്‍കി. ആഴ്ചയില്‍ 5 ദിവസം പ്രവര്‍ത്തിക്കുന്ന മെമ്പറുടെ ഓഫീസ് വഴി സ്വന്തം അധ്വാനവും പണവും ചെലവാക്കി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇതിനും പുറമെയാണ്. പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന വേതനവും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്ന അവരെ 'നോ കമീഷന്‍ മെമ്പര്‍' എന്നാണ് കോണ്‍ട്രാക്ടര്‍മാര്‍ വിളിക്കുന്നത്. വീട്, ഓഫീസ് റിപ്പയറിംഗ്, മഴവെള്ളസംഭരണി, ബയോഗ്യാസ് പോര്‍ട്ടബ്ള്‍ പൈപ്പ് കമ്പോസ്റ്റ്, മൃഗസംരക്ഷണം, സാമൂഹിക ക്ഷേമ പെന്‍ഷന്‍ എന്നിവയില്‍ അഞ്ച് വര്‍ഷത്തിനിടയില്‍ ഒന്നര കോടിയിലധികം രൂപയുടെ സഹായങ്ങള്‍ എത്തിക്കാനും പദ്ധതികള്‍ നടപ്പിലാക്കാനും കഴിഞ്ഞു. 

പിന്നാക്ക ശാക്തീകരണത്തില്‍ 

മുന്നില്‍ നിന്ന് റംല എം.എസ്

പിന്നാക്ക വിഭാഗങ്ങള്‍ ഏറെ അധിവസിക്കുന്ന വയനാട് ജില്ലയിലെ വെങ്ങപ്പള്ളി പഞ്ചായത്തിലെ പത്താം വാര്‍ഡിനെയാണ് റംല എം.എസ് പ്രതിനിധീകരിക്കുന്നത്. തന്റെ വാര്‍ഡിന്റെ ഭൂമിശാസ്ത്രവും അതില്‍ താമസിക്കുന്നവരുടെ പിന്നാക്കാവസ്ഥയും ആഴത്തില്‍ പഠിച്ച് മുന്‍ഗണനാക്രമമനുസരിച്ച് സാധ്യമാവുന്ന പരിഹാരങ്ങള്‍ നടപ്പാക്കി എന്നതാണ് റംലയെ വ്യതിരിക്തയാക്കുന്നത്. 21.16 ചതുരശ്ര കി.മീ വിസ്തീര്‍ണമുള്ള വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തില്‍  ആകെ ജനസംഖ്യ 12000 (2001-ലെ കണക്ക്) ആണ്. 30 ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ എസ്.സി/എസ്.ടി വിഭാഗത്തില്‍ പെട്ടവരാണ്. റംല പ്രതിനിധീകരിക്കുന്ന പത്താം വാര്‍ഡില്‍ 200 ഓളം വീടുകളിലായി 900 അംഗങ്ങളാണ് താമസിക്കുന്നത്. 500 വോട്ടര്‍മാരുണ്ട്.വാര്‍ഡിലെ ജനങ്ങളില്‍ അധികവും തൊഴിലാളികളാണ്. ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഫണ്ട് പഞ്ചായത്തിലും വാര്‍ഡിലും വിതരണം ചെയ്യപ്പെടുന്നത്. അതിനാല്‍ കുറഞ്ഞ ഫണ്ടാണ് പഞ്ചായത്തിനും റംലയുടെ വാര്‍ഡിനും ലഭിക്കുന്നത്. പഞ്ചായത്ത് തലത്തില്‍ വീടിന് പോലും ഫണ്ടില്ല. ഇത്തരം പരിമിതികളും തടസ്സങ്ങളുമുണ്ടായിട്ടും കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ലഭ്യമായ മുഴുവന്‍ പദ്ധതികളും ജനകീയ കമ്മിറ്റി രൂപീകരിച്ച് ഒരു പൈസ പോലും ചോര്‍ന്നു പോകാതെ നടപ്പാക്കാന്‍ അവര്‍ക്ക് സാധിച്ചു. ബ്ലോക് പഞ്ചായത്ത് അനുവദിക്കുന്ന ഇന്ദിരാ ആവാസ് യോജന പദ്ധതികളിലൂടെ വീടുകള്‍ നല്‍കി. വാര്‍ഡില്‍ കാലങ്ങളായി തീരാ ദുരിതമായിരുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ പഞ്ചായത്തില്‍ നിന്ന് ലഭിച്ച ഫണ്ടും എം.ഐ ഷാനവാസ് എം.പിയുടെ ഫണ്ടും ഉപയോഗിച്ച് 40 ലക്ഷം രൂപയുടെ പ്രോജക്ട് തയാറാക്കി അത് പ്രയോഗത്തില്‍ വരുത്തി. അതോടെ വര്‍ഷങ്ങളായി വാര്‍ഡ് നിവാസികളെ അലട്ടിക്കൊണ്ടിരുന്ന ദുരിതത്തിന് അറുതിയായി. ഗ്രാമസഭയില്‍ വരുന്ന അപേക്ഷകള്‍ മെമ്പര്‍ ചെയര്‍മാനായ ജനകീയ കമ്മിറ്റി മാര്‍ക്കിട്ട് വളരെ സുതാര്യമായി ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതെന്ന് ഉറപ്പുവരുത്തിയാണ് ഓരോ പദ്ധതിയും നടപ്പാക്കിയത് എന്നതും റംലയെ ശ്രദ്ധേയയാക്കി. 

പ്രകൃതി സൗഹൃദ വികസനത്തിന് നേതൃത്വം നല്‍കിയ ഫാത്തിമ കൊടപ്പന

ഇരുവഴിഞ്ഞിപ്പുഴയുടെ സാന്നിധ്യം കൊണ്ട് പച്ചയണിഞ്ഞ് നില്‍ക്കുന്ന ഗ്രാമീണ പ്രദേശമാണ് മുക്കം പഞ്ചായത്ത്. ദൈവാനുഗ്രഹമായ ആ പച്ചപ്പും സൗന്ദര്യവും നഷ്ടപ്പെടാതെയുള്ള പരിസ്ഥിതി സൗഹൃദ വികസനത്തിന് നേതൃത്വം നല്‍കുകയും മുഴുവന്‍ പ്രകൃതി ചൂഷക സംരംഭങ്ങളെയും എതിര്‍ത്ത് തോല്‍പ്പിക്കാന്‍ മുന്നില്‍ നില്‍ക്കുകയും ചെയ്ത വാര്‍ഡ് മെമ്പറാണ് മുക്കം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡായ ചേന്ദംഗല്ലൂരിനെ പ്രതിനിധീകരിക്കുന്ന ഫാത്തിമ കൊടപ്പന. പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ചു ചേര്‍ന്ന് മുക്കം ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചപ്പോള്‍, ബാര്‍ വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കി ഫാത്തിമ കൊടപ്പന വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഒമ്പത് സീറ്റ് എല്‍.ഡി.എഫിനും ഒമ്പത് സീറ്റ് യു.ഡി.എഫിനും ഉള്ള പഞ്ചായത്തില്‍ അവരില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന തന്റെ നിര്‍ണായക റോള്‍ തിരിച്ചറിഞ്ഞ് അത് ഉപയോഗപ്പെടുത്തുകയായിരുന്നു ഫാത്തിമ. ജനവാസ മേഖലയില്‍ പരിസ്ഥിതി വിരുദ്ധമായ ക്വാറികള്‍ക്ക് അനുവാദം നല്‍കാന്‍ ഭരണ-പ്രതിപക്ഷങ്ങള്‍ ഒരുമിച്ച് ശ്രമിച്ചപ്പോഴെല്ലാം അത് ജനസമക്ഷം തുറന്നുകാട്ടി ഈ നിര്‍ണായക സ്ഥാനം ഉപയോഗിച്ച് അവരതിനെയെല്ലാം ചെറുത്തുതോല്‍പിച്ചു. 

നദീ സംരക്ഷണത്തിനും അടിസ്ഥാന വികസനത്തിനുമാണവര്‍ വാര്‍ഡില്‍ പ്രാമുഖ്യം നല്‍കിയത്. ഓരോ വര്‍ഷവും ഒരു വാര്‍ഡിനനുവദിക്കുന്ന ഫണ്ട് 100 ശതമാനവും ഉപയോഗപ്പെടുത്തിയ മുക്കം പഞ്ചായത്തിലെ ഏക വാര്‍ഡ് മെമ്പറായിരുന്നു അവര്‍. വാര്‍ഡിലെ മുഴുവന്‍ റോഡുകളും കൃത്യസമയത്ത് റീടാറിംഗ് നടത്തുകയും ആവശ്യമായ പുതിയ റോഡുകള്‍ ഉണ്ടാക്കുകയും ചെയ്തു. അംഗന്‍വാടിക്ക് കെട്ടിടം നിര്‍മിച്ചതും, കുടിവെള്ളപദ്ധതി നടപ്പിലാക്കിയതും എടുത്തുപറയേണ്ട സേവനങ്ങളാണ്. തെരഞ്ഞെടുക്കപ്പെട്ട ഉടനെ തന്നെ പഞ്ചായത്തിന്റെ അധികാരങ്ങളും അവ പൗരന്മാര്‍ക്ക് നല്‍കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും അവര്‍ സമഗ്രമായി പഠിച്ചു. വാര്‍ഡിലെ ജനങ്ങളെ അവര്‍ പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന അവകാശങ്ങളെ കുറിച്ച് ബോധവത്കരിക്കുകയും കൃത്യമായി പഠിപ്പിക്കുകയും ചെയ്തു. അതോടെ നാട്ടിലെ സാധാരണക്കാരടക്കം തങ്ങള്‍ക്ക് ലഭിക്കാവുന്ന വ്യക്തിഗത ആനുകൂല്യങ്ങളെക്കുറിച്ച് ബോധവാന്മാരാവുകയും കൃത്യസമയത്ത് അതിന് അപേക്ഷ നല്‍കാന്‍ തുടങ്ങുകയും ചെയ്തു. ഈ ഉണര്‍വോടെ ഗ്രാമസഭയും സജീവമായി. വാര്‍ധക്യകാല-വിധവാ- വികലാംഗ- കാര്‍ഷിക പെന്‍ഷനുകള്‍ അര്‍ഹര്‍ക്ക് നേടിക്കൊടുക്കാന്‍ ഗ്രാമസഭയുടെ സജീവത അവരെ സഹായിച്ചു. 

ഫുള്‍ടൈം ജനസേവകയായി മാറിയ റംലാ ഉസ്മാന്‍

പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പഞ്ചായത്തില്‍ പതിനാറാം വാര്‍ഡില്‍ വികസനമുന്നണി ബാനറില്‍ തെരഞ്ഞെടുക്കപ്പെട്ട റംലാ ഉസ്മാന്‍ നടത്തിയ വ്യവസ്ഥാപിത പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ക്കും മാതൃകയാണ്. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കൂടിയായിരുന്നു അവര്‍. അധികാരം അലങ്കാരമല്ലെന്നും ജനങ്ങളെ സേവിക്കുവാനുള്ള അവസരമാണെന്നും അത് ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കേണ്ടതുണ്ടെന്നും സമൂഹത്തെ ബോധ്യപ്പെടുത്തുക കൂടിചെയ്യുന്ന പ്രവര്‍ത്തനങ്ങളായിരുന്നു അവയെല്ലാം. 

സര്‍ക്കാര്‍ സേവനം ഉള്‍പ്പെടെ ജനങ്ങള്‍ക്കാവശ്യമായ എല്ലാ സേവനങ്ങളും ലഭ്യമാകുന്ന കേന്ദ്രം നിര്‍മിക്കുമെന്നത് റംലാ ഉസ്മാന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. വാര്‍ഡ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ഉടനെ തന്നെ പ്രസ്തുത സേവന കേന്ദ്രം ആരംഭിച്ചു. പഞ്ചായത്തില്‍ നിന്നും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് ലഭ്യമാകേണ്ട ആനുകൂല്യങ്ങളും സഹായങ്ങളും സമയബന്ധിതമായി അര്‍ഹമായ കൈകളില്‍ എത്തിക്കുന്നതില്‍ ഈ കേന്ദ്രം സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച് വരുന്നു. എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ ഉച്ച 1 മണി വരെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുക. നിരവധിയാളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഈ ഓഫീസിനെ ആശ്രയിക്കുന്നുണ്ട്. 

100 വര്‍ഷത്തിലധികം പഴക്കമുള്ള പ്രദേശത്തെ മാപ്പിള സ്‌കൂള്‍ ജുമുഅത്ത് പള്ളി വക സ്ഥലത്താണ് പ്രവര്‍ത്തിച്ച് വരുന്നത്. ആലത്തൂര്‍ പട്ടണ മധ്യത്തിലുള്ള പ്രസ്തുത സ്‌കൂളിന്റെ വികസനത്തിന് തടസ്സം ആവശ്യമായ ഭൂമി ലഭിക്കാത്തതായിരുന്നു. സ്ഥാപനത്തിന്റെ നൂറാം വാര്‍ഷിക വേളയില്‍, ഭൂമി ലഭ്യമാക്കിയാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കാമെന്ന് ജനനായകര്‍ വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. പട്ടണ മധ്യത്തില്‍ സ്ഥലം ലഭ്യമാക്കുക വിദൂര സ്വപ്‌നം മാത്രമായി അവശേഷിക്കുന്ന സന്ദര്‍ഭത്തില്‍ വാര്‍ഡ് മെമ്പര്‍ മുന്‍കൈയെടുത്ത് 30 സെന്റ് സ്ഥലം സ്വന്തം കുടുംബ സ്വത്തില്‍ നിന്ന് ലഭ്യമാക്കി. താമസംവിനാ പഞ്ചായത്തില്‍ നിന്ന് 50 ലക്ഷം രൂപ കെട്ടിട നിര്‍മാണത്തിനായി അനുവദിക്കുകയും ചെയ്തു. 

ഈ അഞ്ചുവര്‍ഷക്കാലയളവില്‍ വാര്‍ഡിലെ മുഴുവന്‍ പോക്കറ്റ് റോഡുകളും റീടാര്‍ ചെയ്യുവാന്‍ അവര്‍ക്ക് സാധിച്ചു. പുതിയ റോഡു നിര്‍മാണത്തിന് തുടക്കമിടുകയും ചെയ്തു. വെള്ള ശുദ്ധീകരണ പ്ലാന്റിന് ആവശ്യമായ സ്ഥലം കൈമാറുകയും കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തു. പഞ്ചായത്തില്‍ ലഭ്യമാവുന്ന മുഴുവന്‍ വ്യക്തിഗത ആനുകൂല്യങ്ങളും അര്‍ഹര്‍ക്കെത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്താന്‍ അവര്‍ തന്റെ ഓഫീസ് സംവിധാനം ഉപയോഗിച്ചു. തെരഞ്ഞെടുപ്പു വേളയില്‍ എതിര്‍ത്തവര്‍ പോലും അവരുടെ വികസന പദ്ധതികളെ മുക്തകണ്ഠം പ്രശംസിക്കേണ്ടി വന്നുവെന്നത് അവരുടെ സേവന സമര്‍പ്പണത്തിന് ലഭിച്ച അംഗീകാരമാണ്. 

വികസനം ജനകീയവും സുതാര്യവുമാക്കി താര റഹീം

കോഴിക്കോട് ജില്ലയിലെ വേളം ഗ്രാമപഞ്ചായത്തില്‍ ജനകീയ വികസന മുന്നണിയുടെ ബാനറില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണ് താര റഹിം. കുന്നുകളും ഉയര്‍ന്ന പ്രദേശങ്ങളും അധികമുള്ള ഈ വാര്‍ഡില്‍ കുടിവെള്ള പ്രശ്‌നം തീരാ ശാപമായിരുന്നു. ഇതുവരെ മാറിമാറി വന്ന പഞ്ചായത്ത് അംഗങ്ങള്‍ക്ക് സാധിക്കാതെ പോയ ഒരു നേട്ടമാണ് വാര്‍ഡിലെ കുടിവെള്ളപ്രശ്‌നം ഏറക്കുറെ പൂര്‍ണമായി പരിഹരിക്കുക വഴി മെമ്പര്‍ കൈവരിച്ചത്. പഞ്ചായത്ത് അനുവദിച്ച പരിമിതമായ 4 ലക്ഷം രൂപയുടെ ഫണ്ടുകൊണ്ട് പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത കുടിവെള്ള പദ്ധതിക്ക് എം.എല്‍.എ വഴി ജില്ലാപഞ്ചായത്ത് പ്രസിഡന്റിനെ കണ്ട് 16 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്ന് ലഭ്യമാക്കിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. കോണ്‍ട്രാക്ടര്‍മാരെ ഒഴിവാക്കി ജനകീയ സ്വഭാവത്തില്‍ ഈ പദ്ധതി പൂര്‍ത്തീകരിക്കുകയും ചെയ്തു. 

സന്നദ്ധ സംഘടനകളുടെ കൂടി സഹായത്തോടെ വാര്‍ഡിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണും  എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചുകൊണ്ട്, സോളിഡാരിറ്റിയുടെ സഹായത്തോടെ പ്രദേശത്ത് രണ്ട് കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കി. അങ്ങനെ വാര്‍ഡിലെ കുടിവെള്ളം പ്രശ്‌നം പരിഹരിച്ചു.

കാന്‍സര്‍ ബോധവത്കരണ-പരിശോധനാ പരിപാടിയായ 'സഞ്ജീവനി' ക്യാമ്പ്, ആരോഗ്യ-ബോധവത്കരണ പരിപാടി തുടങ്ങിയവ സംഘടിപ്പിക്കാനും മെമ്പര്‍ മുമ്പില്‍ നിന്നു. കുറ്റിയാടി താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് ജനകീയ സ്വഭാവത്തില്‍ തുടങ്ങിയ ഡയാലിസിസ് യൂനിറ്റിന് ഏറ്റവുമധികം തുക പഞ്ചായത്തില്‍ നിന്ന് സമാഹരിക്കാനായതും ഈ വാര്‍ഡില്‍ നിന്നാണ്. 

ഇതര മെമ്പര്‍മാരില്‍ നിന്ന് താര റഹീമിനെ വ്യത്യസ്തനാക്കുന്നത് പദ്ധതി നടത്തിപ്പിലെ ജനകീയ സ്വഭാവമാണ്. ഉദ്യോഗസ്ഥരും കോണ്‍ട്രാക്ടര്‍മാരും രാഷ്ട്രീയക്കാരും വീതംവെച്ചെടുക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും ജനങ്ങള്‍ക്ക് ഉപകാരപ്പെടാതെയോ നാമമാത്ര രീതിയില്‍ മാത്രം ഉപകാരപ്പെടുകയോ ആണ് ചെയ്യാറ്. ഇതിനെ സുതാര്യമാക്കിക്കൊണ്ട് പുതിയ ഒരു മാതൃകയാണ് ഈ മെമ്പര്‍ വാര്‍ഡില്‍ കാഴ്ചവെച്ചത്.

ടി. ജാഫര്‍ വേളം

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /4-9
എ.വൈ.ആര്‍