Prabodhanm Weekly

Pages

Search

2015 ജൂലൈ 31

മോര്‍ച്ചറി

സീനോ ജോണ്‍ നെറ്റോ, കൊല്ലം

മോര്‍ച്ചറി

ഉപേക്ഷിക്കപ്പെട്ടപ്പോഴാണ്
അവര്‍ വൃദ്ധരായി 
എന്നു തിരിച്ചറിഞ്ഞത്
വൃദ്ധസദനത്തില്‍
കടന്നുവരാത്ത 
ഇന്നലെകളില്‍ 
മനസ്സുകള്‍ മരവിച്ചു 
പോയിരിക്കുന്നു 
കണ്ണുകള്‍ക്കു മീതെ 
കനത്ത കണ്ണടകള്‍ 
കാഴ്ചകള്‍ 
കാണുവാനല്ല, 
ഇടറും മനസ്സിന്റെ,
ഇടര്‍ച്ചകള്‍ ഇമകളില്‍ 
ഇടറിവീഴുന്നത്
മറ്റാരും
കാണാതിരിക്കാനാണ്
ആ കണ്ണീരുപ്പില്‍
മക്കളുടെ ബാല്യമുണ്ട്
അവരുടെ വളര്‍ച്ചയുടെ
പടവുകളുണ്ട് 
 
വാര്‍ധക്യം 
അണഞ്ഞ വെയിലിന്നൊപ്പം
അന്തിവരുന്നതും  
കാത്തിരിക്കുന്നു
അവരെ തേടി 
ഇനിയാരും വരാനില്ല
നിന്ദിതരുടെ ശവങ്ങള്‍
മക്കളെയും കാത്ത്
മോര്‍ച്ചറിയില്‍  
മരവിച്ചിരിക്കും വരെ.

സീനോ ജോണ്‍ നെറ്റോ, കൊല്ലം

വീട്

കിടപ്പ് മുറിയുടെ വിസ്താരം
കൂടെ കൂടെ
കുറഞ്ഞുവരുന്നു
ഇന്നലെത്തേക്കാള്‍
ഇന്ന് വീണ്ടും കുറഞ്ഞു
ഉറക്കം വരുന്നില്ല
അടുക്കളയും ചുരുങ്ങുന്നെന്ന്
അവളും പറയുന്നു
ആകെപ്പാടെ ഒരു ഇടുക്കം
മൂന്നാമത്തെ വീടാണിത്
ഇന്നിപ്പൊ തൊട്ടപ്പുറത്ത്
പണി തീര്‍ന്നുകൊണ്ടിരിക്കുന്ന
വീട്ടിലാണ് നാടിന്റെ
കണ്ണും കാതും നാവും.
ബ്ലാക് ബോര്‍ഡില്‍ ഒരു
വടിവൊത്ത വരവരച്ച്
ടീച്ചറ് ചോദിച്ചു
തൊടാതെ മായിക്കാതെ
ഈ വരയെ എങ്ങനെ 
ചെറുതാക്കാമെന്ന്, ചോദ്യം
കേട്ട് അന്തം വിട്ടിരിക്കുമ്പം
അതിനടുത്ത് അതിനേക്കാള്‍
വലിയൊരു വര വരച്ച്
ഇങ്ങനെയെന്ന് ടീച്ചര്‍
കാണിച്ചപ്പൊ ആ വര
ജീവിതത്തില്‍ മുഴുനീളം
പിന്തുടരുമെന്നറിഞ്ഞില്ല.

കെ.ടി അസീസ്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /42-46
എ.വൈ.ആര്‍