ഇമാം ബൂസ്വുരിയും വള്ളത്തോളും
രാജകൊട്ടാരത്തിലെ ആനന്ദങ്ങളിലും അനുഭൂതികളിലും കാലം കഴിച്ച കവിയായിരുന്നു മുഹമ്മദ് ഇബ്‌നു സഈദ് ബൂസ്വുരി. വഴിവിട്ട ജീവിതവും അധര്‍മത്തിലേക്ക് നീങ്ങിയ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തെ വിശ്വാസത്തിന്റെ നന്മയില്‍ നിന്ന് അകറ്റി. ജീവിത സായാഹ്നത്തില്‍ എത്തിയപ്പോഴാണ് അപഥസഞ്ചാരത്തെപ്പറ്റിയുള്ള ചിന്ത മനസ്സില്‍ അസ്വസ്ഥതയുടെ കനലുകള്‍ വിതറിയത്. അത്തരം ഒരു സന്ദര്‍ഭത്തെ ഓര്‍ത്ത് പശ്ചാത്താപ വിവശനായി അദ്ദേഹം പാടിയ വരികള്‍ സദാചാര ജീവിതത്തിന്റെ ഉന്നതങ്ങളിലുള്ളവരെ പോലും ആകര്‍ഷിക്കുകയുണ്ടായി.
കാവ്യരചനയുമുദ്യോഗവുമായ്പ്പറന്ന് പോയ്-കാലം പാഴിലായെന്‍ കരുത്തുറ്റ യൗവനം
പാടേയിന്നാ പാപബോധ ചിന്തകള്‍തന്‍ തീപ്പൊരികള്‍
പാറിവീണ് വീണെരിഞ്ഞിടുന്നു മന്മനം!
(വിവ: എ.കെ ഹമീദ്)
യൗവനകാലത്തെ ആഡംബര ജീവിതം അല്ലാഹുവിന്റെയും പ്രവാചകന്റെയും സാന്നിധ്യം മനസ്സില്‍ നിന്ന് മായ്ച്ചതായി കവിക്ക് അനുഭവപ്പെട്ടത് വൈകിയാണ്. അത് പശ്ചാത്താപത്തിന്റെ അഗ്നിസ്ഫുലിംഗങ്ങളായി മനസ്സില്‍ എരിഞ്ഞ് കൊണ്ടിരുന്നു. അത്തരം ഒരു നിമിഷത്തിന്റെ വേദനയില്‍ പാടിയ വരികളാണ് 'ഖസ്വീദതുല്‍ ബുര്‍ദഃ.' ബൂസ്വുരിക്ക് ബുര്‍ദാകാവ്യം കാവ്യാവിഷ്‌കാരത്തിന്റെ ഭാഗമായി ലഭിച്ചതല്ല. പൂര്‍വജീവിതത്തെ പറ്റിയുള്ള പശ്ചാത്താപത്തിന്റെയും ഹൃദയത്തില്‍ അലയടിച്ചിരുന്ന വിശ്വാസത്തിന്റെയും ഫലമായിരുന്നു. രാജകൊട്ടാരത്തിലെ ആനന്ദവും അനുഭൂതിയും നുകര്‍ന്ന് വിശ്വാസത്തില്‍ നിന്ന് വഴുതിപ്പോയ കാലത്തെ സല്‍ക്കര്‍മങ്ങളിലൂടെ തിരിച്ച്പിടിക്കാനുള്ള ശ്രമമാണ് കവി നടത്തുന്നത്. കഴിഞ്ഞ ജീവിതത്തെ ഓര്‍ത്ത് അല്ലാഹുവിനോട് പശ്ചാത്തപിച്ചും പ്രവാചകചര്യയുടെ കീര്‍ത്തി ഉദ്‌ഘോഷിച്ചും ജീവിതത്തിന്റെ ഇരുണ്ട കാലത്തെ അദ്ദേഹം നിഷ്‌കാസനം ചെയ്യുകയാണ്.
യൗവനത്തിലെ അപഥ സഞ്ചാരം ചുടുനിണം കണക്കെ അശ്രുപൊഴിക്കാന്‍ മാത്രം കവിയെ വേദനിപ്പിച്ചു. വഴിവിട്ട ആഹ്ലാദങ്ങള്‍ ഏല്‍പ്പിച്ച വേദനയായിരുന്നു അതിന് കവിയെ പ്രേരിപ്പിച്ചത്.
ദുരന്തങ്ങളെയും ദുരിതങ്ങളെയും അറ്റമില്ലാത്ത വേദനകളെയും പ്രതിപാദിക്കുന്ന എത്രയോ വിലാപ കാവ്യങ്ങള്‍ നമ്മുടെ കര്‍ണപുടങ്ങളില്‍ അലയടിക്കുന്നു. അവയിലൊന്നും ആനന്ദത്തിലാറാടിയ കാലമോ വര്‍ണശബളമായ ജീവിതമോ ഉന്നതപദവികളോ ആരുടെയും മനസ്സിനെ മുറിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ബൂസ്വുരിയുടെ ജീവിതത്തില്‍ അവയെല്ലാം പശ്ചാത്താപത്തിന്റെ വിത്തുകളാണ് പാകിയത്. മതിവോളം ആസ്വദിച്ച ആനന്ദങ്ങള്‍ ഹൃദയത്തില്‍ നിന്ന് വിശ്വാസത്തിന്റെ സുഗന്ധം നിര്‍വീര്യമാക്കിയതായി അദ്ദേഹം അറിഞ്ഞു. മക്കയിലെ 'ദീസലം' നിവാസിയായ ആത്മാവിന്റെ അയല്‍ക്കാരനെപ്പറ്റിയുള്ള ഓര്‍മ ഹൃദയത്തിലില്ലെന്ന് വിലപിക്കുന്നത് ഗദ്ഗദത്തോടെയാണ്. കവിയുടെ വേദനകള്‍ ആസ്വാദകനിലും തരംഗങ്ങളാവുന്നു. പ്രവാചകനെ വിസ്മരിച്ചവരുടെ ഹൃദയത്തിലേക്ക് ബുര്‍ദാകാവ്യം പുതുമഴപോലെ പെയ്തിറങ്ങുമെന്ന കവിയുടെ സങ്കല്‍പം ഇന്നും തുടരുകയാണ്.
മാറിവരുന്ന ജീവിതസന്ദര്‍ഭങ്ങളില്‍ നിന്ന് ആത്മാവിന്റെ അയല്‍ക്കാരനെപ്പറ്റിയുള്ള സ്മരണകള്‍ വഴുതിപ്പോയത് കവിയെ ഖിന്നനാക്കി. ജീവിതത്തിലേക്ക് ഭൗതികതയുടെ മധുരം വര്‍ഷിച്ച് കൊണ്ടിരുന്നപ്പോള്‍ മുന്നോട്ട് ഗമിക്കാനുള്ള വെളിച്ചമാണ് ചോര്‍ന്ന് പോയതെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്. അടുത്ത ലോകത്തിലേക്ക് കരുതിവെക്കേണ്ടിയിരുന്ന ഭൂതകാലത്തിന്റെ അടരുകള്‍ തന്റെ പാഥേയത്തിലില്ലെന്ന അറിവ് പ്രവാചകന്റെ ജീവിത നിഴല്‍പാടുകളിലേക്ക് അദ്ദേഹത്തെ തള്ളിവിടുന്നുണ്ട്.
നിരങ്കുശമടരാടുകിഛയോടും പിശാചോടുംനിരസിച്ചുകൊള്കവര് തന്നാജ്ഞകള്‍ തീര്‍ത്തും
നിരതന്തരമവരേകുമുപദേശങ്ങളിലവ
നിരവദ്യമാകിലും, ശങ്കിക്കുക പേര്‍ത്തും!
കവിതയിലെ കര്‍മശാസ്ത്രപരമായ സാരോപദേശമല്ലിത്. കവിയുടെ വിശ്വാസത്തില്‍ നിന്ന് വിടര്‍ന്ന ആത്മീയദര്‍ശനമാണ്. ദീസലമിലെ അയല്‍ക്കാരന്‍ ഹൃദയത്തില്‍ നിന്ന് വഴുതിപ്പോയ നിമിഷങ്ങളുടെ സര്‍ഗാത്മക സ്പര്‍ശനമാണ് ബൂസ്വുരി ചിത്രീകരിക്കുന്നത്. സ്‌നേഹിച്ചും ആരാധിച്ചും വാഴ്‌ത്തേണ്ട നാഥനെ ഹൃദയത്തിന്‍ വാതില്‍പ്പുറത്ത് നിര്‍ത്തിയ ഇരുണ്ട യൗവനത്തിന്റെ ഓര്‍മകള്‍ ബൂസ്വുരിയെ അസ്വസ്ഥനാക്കി. പശ്ചാത്താപ ബോധത്തിന്റെ കണികപോലും ഇല്ലാത്ത വിധം ദൃഷ്ടിയിലൂടെ നിഷിദ്ധമായ കാഴ്ചകളാണ് കവിയുടെ ഹൃദയത്തിലേക്ക് ഒഴുകിയത്. ഒപ്പം പിശാചിന്റെ കാവലില്‍ വന്ന ദേഹേഛകളും. അതോടെ ഹൃദയത്തിലെ നിത്യസാന്നിധ്യമായിരുന്ന അല്ലാഹുവും പ്രവാചകനും വിസ്മരിക്കപ്പെട്ടു. ആഗ്രഹങ്ങളുടെ വെള്ളപ്പൊക്കത്തില്‍ ജീവിതം ഗതിമാറുന്നത് പൈശാചിക പ്രേരണ നിമിത്തം അവഗണിച്ചു. മനസ്സില്‍ വിശ്വാസത്തിന്റെ വിളക്ക് അണഞ്ഞതും ദേഹേഛകള്‍ ആധിപത്യമുറപ്പിച്ചതും അറിഞ്ഞതേയില്ല. കാരണം ദൃഷ്ടി നിറയെ നിഷിദ്ധമായ ദൃശ്യങ്ങളായിരുന്നു. അവയുടെ മറവില്‍ ഉയര്‍ന്ന അധര്‍മത്തിന്റെ കൂടാരങ്ങളും മനംമയക്കുന്ന വാക്കുകളും പ്രവാചകനോടുള്ള സ്‌നേഹത്തെ അപഹരിച്ചതായി ഒടുവില്‍ കവി കണ്ടെത്തി.
എന്നാല്‍ ആ വേദന ഏകാന്തതയിലേക്കോ വിഷാദത്തിലേക്കോ കവിയെ തള്ളിവിടുന്നില്ല. മനസ്സിനെ ദുരന്തത്തിന്റെ കാര്‍മേഘങ്ങളില്‍ അഭയം തേടാന്‍ പ്രേരിപ്പിക്കുകയുമല്ല. പ്രവാചകന്റെ സാരോപദേശം ജീവിതത്തില്‍ പകര്‍ത്തി അവിടുത്തെ സ്‌നേഹം നേടാന്‍ പ്രയത്‌നിക്കുകയാണ്. അതിലൂടെ, അല്ലാഹുവിനെ വിസ്മരിച്ച് ജീവിച്ച കാലത്തെ ആധികളെ മറികടക്കാനും ഭാവിയെപ്പറ്റി ധന്യമായ പ്രതീക്ഷകള്‍ താലോലിക്കാനും ശ്രമിക്കുന്നു.
സല്‍ക്കര്‍മങ്ങള്‍ ചെയ്തിടാനുമകര്‍മങ്ങള്‍ ത്യജിപ്പാനുംസര്വോപരിയരുളിയ സല്‍ഗുണനിധി
അവരണ്ടും വകതിരിച്ചധികാരപൂര്‍വമോതാ-
നവിടുത്തെപ്പോലൊരാളുമില്ലാഗമാം ബുധി!
എന്ന് പാടുമ്പോള്‍ പുതിയ ജീവിതം കവിയില്‍ സൃഷ്ടിച്ച പരിവര്‍ത്തനം കാണാതിരുന്നു കൂടാ. മനസ്സിന്റെ ചിറ്റോളങ്ങളില്‍ കൂട് കൂട്ടിയിരുന്ന പിശാചിനെയും ദേഹേഛകളെയും വെടിഞ്ഞ ആശ്വാസവും, അദൃശ്യനായ ശത്രുവിനെ കീഴടക്കിയ അഭിമാനവും ആ വരികളിലുണ്ട്. കുറ്റങ്ങള്‍ ത്യജിക്കാനും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കാനും ഉല്‍ബോധിപ്പിക്കാന്‍ നബിയെപ്പോലെ ഒരാളുമില്ലെന്ന് പാടുമ്പോള്‍ ധര്‍മാധര്‍മങ്ങളുടെ പോര്‍നിലങ്ങള്‍ താണ്ടിവന്ന ജേതാവിന്റെ കരുത്താണ് അനാവൃതമാകുന്നത്. പ്രവാചകന്റെ ഗുണഗണങ്ങളാണ് ആവിഷ്‌കരിക്കുന്നതെങ്കിലും ജീവിതത്തിന് മേല്‍ വിശ്വാസം ചെലുത്തുന്ന സ്വാധീനത്തെ അടയാളപ്പെടുത്തുകയാണ്. മനുഷ്യന്റെ ബാഹ്യജീവിതത്തെയും ആന്തരികമായ അനുഭവങ്ങളെയും ബലഹീനതകളില്‍ നിന്ന് മുക്തമാക്കുവാന്‍ വിശ്വാസത്തിന് കഴിയുമെന്നാണ് ബുര്‍ദയിലൂടെ കവി ഉണര്‍ത്തുന്നത്. ഒപ്പം ദൈവികസാന്നിധ്യത്തെപ്പറ്റിയുള്ള ബോധം ജീവിതത്തിന്റെ ഇരുള്‍മൂടിയ നിമിഷങ്ങളെ പ്രകാശ പൂരിതമാക്കുമെന്നും.
വിശ്വാസത്തെപ്പറ്റിയുള്ള സാംസ്‌കാരിക വിശകലനത്തില്‍ ബൂസ്വുരിയുടേത് അപൂര്‍വമായ രചനയാണെങ്കിലും ചരിത്രപരമായ വിശകലനത്തില്‍ മറ്റ് ഉദാഹരണങ്ങള്‍ കണ്ടെത്താനാവും. വള്ളത്തോള്‍ നാരായണമേനോന്റെ 'ജാതകം തിരുത്തി' അത്തരത്തില്‍ പെട്ട ഒന്നാണ്. വിശ്വാസം സ്വീകരിക്കാനോ പ്രവാചകനെ പിന്തുടരാനോ സന്നദ്ധനാവാതിരുന്ന ഉമറിന്റെ മനംമാറ്റത്തെയാണ് വള്ളത്തോള്‍ ആവിഷ്‌കരിച്ചത്. വിശ്വാസത്തെപ്പറ്റിയുള്ള അതിര്‍കവിഞ്ഞ അഭിമാനവും ഉമറിനെ പ്രവാചകന്റെ ശത്രുവാക്കി. അതിനാല്‍ പ്രവാചകനെയും അനുയായികളെയും വകവരുത്താന്‍ തന്നെ അദ്ദേഹം തുനിഞ്ഞു. ഉദ്വേഗജനകമായ ആ പുറപ്പാടാണ് 'ജാതകം തിരുത്തി' എന്ന കവിത.
ഉമര്‍, പ്രവാചകനെ വധിക്കാന്‍ കുതിക്കുന്ന രംഗം കവി ഭാവനയില്‍ കാണുകയാണ്. ആ ക്ഷുഭിതഹൃദയനെ പിന്തിരിപ്പിക്കാന്‍ സമാധാന വചസ്സുകള്‍ ഉരുവിടുന്ന രംഗചിത്രീകരണത്തോടെയാണ് കവിതയുടെ തുടക്കം. ഒരു നിര്‍ണായക രംഗത്തിന്റെ സര്‍ഗാത്മക നിമിഷമാണ് 'ജാതകം തിരുത്തി' യിലൂടെ വള്ളത്തോള്‍ കാണുന്നതും കാണിക്കുന്നതും. ചുവന്ന കല്ലരച്ചുതേച്ച മര്‍ക്കടന്റെ മുഖം പോലെ അദ്ദേഹത്തിന്റെ മുഖം കോപത്താല്‍ ചുവന്നതായി കവി ചിത്രീകരിക്കുന്നു. വിളറിപിടിച്ചോടുന്ന ഉമറിന്റെ ചെയ്തിയെ പൈശാചിക കൃത്യമായി കാണുന്നു:
പരസ്യമാക്കുന്നു പിശാചധര്മമീനരന് നടന്നെന്നസഹിഷ്ണു നീയഹോ
പരന്റെ ചോരയ്ക്കസി നാവുനീട്ടിനിര്‍-
ഭരം കുതിക്കുന്നു പിശാചിനൊപ്പമേ!
പ്രവാചകനെ വധിക്കാനുള്ള ഉമറിന്റെ കുതിപ്പ് പിശാചിനോടൊപ്പമാണെന്ന നിരീക്ഷണം വിശ്വാസത്തിന്റെ അടിസ്ഥാന ദര്‍ശനം കൂടിയാണ്. 'പിശാച് ദുര്‍വൃത്തിയെ നിങ്ങള്‍ക്ക് അലങ്കാരമാക്കിയിരിക്കുന്നു.' എന്ന ഖുര്‍ആന്‍ വചനം (അല്‍അന്‍ആം: 43) സൗന്ദര്യശാസ്ത്രത്തിന്റെ പ്രത്യയശാസ്ത്രപരമായ ഘടകമായി കവി കണ്ടെത്തിയിരിക്കുന്നു. ഭാവനയെ പ്രമേയത്തിന്റെ ആത്മാവുമായി ചേര്‍ത്ത് നിര്‍ത്തുന്ന വള്ളത്തോളിന്റെ വര്‍ണന മറ്റ് കവിതകളില്‍ എന്നപോലെ ഇവിടെയും കാണാം. രാശികള്‍ നിറഞ്ഞ ആകാശത്തിന് താഴെ ഗമിക്കുന്ന ഉമറിനെ അല്ലാഹു വീക്ഷിക്കുന്നതായി കവിക്ക് അനുഭവപ്പെടുന്നുണ്ട്. 'സര്‍വസാക്ഷിതന്‍ വിരിഞ്ഞ രാക്കണ്ണുകള്‍' എന്ന പരികല്‍പനയിലൂടെ അല്ലാഹുവിന്റെ അദൃശ്യസാന്നിധ്യം അടയാളപ്പെടുത്തുന്ന (അല്‍ഫജ്ര്‍: 14) ചിത്രീകരണം, സൗന്ദര്യശാസ്ത്രം ഉല്‍പാദിപ്പിക്കുന്ന അനുഭൂതിയെ വിശ്വാസത്തിന്റെ ഭാഗമായി കാണാനുള്ള ശ്രമമാണ്. ആകാശത്ത് ഉദിച്ച് നില്‍ക്കുന്ന നക്ഷത്രങ്ങളെ അല്ലാഹുവിന്റെ ദൃഷ്ടിയായി വിഭാവന ചെയ്ത്‌കൊണ്ടാണ് ആ രംഗം അവതരിപ്പിക്കുന്നത്.
എന്നാല്‍ സഹോദരിയും ഭര്‍ത്താവും വിശ്വാസികളായതറിഞ്ഞ ഉമര്‍ അവരുടെ വീട്ടിലേക്ക് തിരിച്ചു. ഉമര്‍ അവിടെ എത്തുമ്പോള്‍ സഹോദരിയും ഭര്‍ത്താവും ഖുര്‍ആന്‍ പഠിക്കുകയായിരുന്നു. കോപത്താല്‍ ജ്വലിച്ച ഉമര്‍ അവരെ മര്‍ദ്ദിച്ചു. പ്രവാചകനെ വധിക്കാനുള്ള ഈ വാള്‍ നിങ്ങളുടെ രക്തം കൊണ്ട് ശുദ്ധീകരിക്കണമെന്നായിരുന്നു ഉമറിന്റെ പ്രഖ്യാപനം. എന്നാല്‍ ഉമറിനെ പോലെ തന്നെ ധീരയായ സഹോദരി അദ്ദേഹത്തെ പ്രതിരോധിക്കുകയും തുടര്‍ന്ന് മുറിവേല്‍ക്കുകയും ചെയ്തു.
പ്രാണന്‍ പോയാലുമിസ്‌ലാം മതമിതു വെടിയാഞങ്ങളെന്നാള് മണിപ്പൊന്‍-
വീണക്കൊക്കും സ്വരത്തോടവള്‍: സഹജനതാ,
മറ്റൊരാളായ്ച്ചമഞ്ഞു.
പ്രാണന്‍ പോയാലും ഇസ്‌ലാമില്‍ നിന്ന് പിന്തിരിയില്ലെന്ന സഹോദരിയുടെ പ്രഖ്യാപനം ഉമറിനെ പരാജയപ്പെടുത്തി. കരുത്ത്‌കൊണ്ട് സഹോദരിയെ കീഴ്‌പ്പെടുത്താന്‍ ഉമറിന് കഴിഞ്ഞെങ്കിലും അവരുടെ വിശ്വാസം ഉമറിനെ മലര്‍ത്തിയടിച്ചു. അങ്ങനെ ഫാത്വിമയുടെ സഹജന്‍ മറ്റൊരാളായ് മാറിയതായി കവി പ്രഖ്യാപിക്കുന്നു. പ്രവാചകന്റെ ഘാതകനാവാന്‍ പുറപ്പെട്ട ഉമറിന്റെ 'ജാതകം' ശിഷ്യന്റേതായി തിരുത്തപ്പെട്ട സംഭ്രമജനകമായ നിമിഷങ്ങളാണ് വള്ളത്തോള്‍ വികസിപ്പിച്ചത്.
പ്രവാചകനെപ്പറ്റിയുള്ള ഓര്‍മകള്‍ പുതിയ ജീവിതത്തിന് പ്രേരിപ്പിച്ചത് അനുഭവിപ്പിക്കുന്ന കാവ്യമാണ് ബുര്‍ദ. അത് ആസ്വദിക്കുമ്പോള്‍ ജീവിതത്തിലെ നിഴലും വെളിച്ചവും വിശ്വാസത്തിന് അഭിമുഖമായി നില്‍ക്കുന്നത് കാണാം. പ്രവാചകന്റെ കര്‍മങ്ങളോട് സ്വന്തം കര്‍മത്തെ താരതമ്യം ചെയ്ത് കുറവുകള്‍ കണ്ടെത്തുകയാണ് കവി. കാലില്‍ നീര്‍കെട്ട് വരുവോളം നബി പാതിരാവില്‍ നമസ്‌കാരത്തില്‍ മുഴുകി. വിശപ്പിന്റെ കാഠിന്യമകറ്റാന്‍ വയറിന് മേല്‍ കല്ല് കെട്ടി. കൈയെത്തും ദൂരത്ത് സമ്പത്തിന്റെ കൂമ്പാരങ്ങള്‍ ഉയര്‍ന്നെങ്കിലും അവ സ്വന്തമാക്കാന്‍ കൂട്ടാക്കിയില്ല. അത്തരത്തിലുള്ള ഒട്ടേറെ ഐഹിക സമൃദ്ധികളില്‍ നിന്ന് തിരിഞ്ഞ് നടക്കുന്ന പ്രവാചകന്‍ തനിക്ക് മാതൃകയാവുന്നില്ലല്ലോ എന്ന ചിന്ത കവിയെ അസ്വസ്ഥനാക്കുന്നു. അതില്‍ നിന്നെല്ലാം ഉരവം കൊണ്ട പശ്ചാത്താപമാണ് ഖസ്വീദതുല്‍ ബുര്‍ദ. എന്നാല്‍ പ്രതികൂല സാഹചര്യത്തില്‍ ജീവിച്ച് വിശ്വാസത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഒരാള്‍, വിശ്വാസത്തിന്റ സുഗന്ധം അനുഭവിക്കുന്നതാണ് 'ജാതകം തിരുത്തി'. വിശ്വാസത്തെപ്പറ്റിയുള്ള സങ്കല്‍പവും അനുഭവവും ശത്രുക്കളില്‍ പോലും വരുത്തുന്ന പരിവര്‍ത്തനത്തിന്റെ നേര്‍ചിത്രമാണിത്. മനസ്സില്‍ നന്മയുടെ കണികയുള്ളവര്‍ക്ക് ഏത് സാഹചര്യത്തിലും വിശ്വാസത്തിന്റെ സുഗന്ധം അനുഭവിക്കാന്‍ കഴിയുമെന്നതിന്റെ സാക്ഷ്യം കൂടിയാണ് 'ജാതകം തിരുത്തി'.
മുഹമ്മദ് നബി പരിചയപ്പെടുത്തിയ വിശ്വാസം ഉമര്‍ നിരസിച്ചപ്പോഴും ബൂസ്വുരി അവഗണിച്ചപ്പോഴും അവര്‍ക്ക് പോലും ഉറച്ച്‌നില്‍ക്കാന്‍ കഴിയാതെ പോയത്, ഹൃദയത്തിലുറങ്ങിക്കിടക്കുന്ന നന്മയോട് വിശ്വാസത്തിനുള്ള ആത്മബന്ധം കൊണ്ടാണ്. അതാണ് ബൂസ്വുരിയും വള്ളത്തോളും ഓര്‍മിപ്പിക്കുന്നത്. നന്മ നിറഞ്ഞ ഹൃദയത്തിലേക്ക് വിശ്വാസത്തിന്റെ പരിമളം വീശിയാല്‍ വസന്തങ്ങളുടെയും വിപ്ലവങ്ങളുടെയും യുഗം സമാഗതമാവും. ഏറിയോ കുറഞ്ഞോ അത് ജനതയെ സ്വാധീനിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്നു. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ഘടകങ്ങള്‍ ജനങ്ങളില്‍ വരുത്തുന്ന പരിവര്‍ത്തനത്തെപ്പറ്റി നരവംശശാസ്ത്രജ്ഞന്‍മാര്‍ പഠനം നടത്തിയിട്ടുണ്ട്. എന്നാല്‍ അതിലും പതിന്മടങ്ങ് ശക്തമാണ് വിശ്വാസം വരുത്തുന്ന പരിവര്‍ത്തനമെന്ന് അധികമാരും കാണുന്നില്ല. ഉമറിലോ ബൂസ്വുരിയിലോ വന്ന മാറ്റങ്ങള്‍ മധ്യകാലത്തെ ഒറ്റപ്പെട്ട ഉദാഹരങ്ങളല്ലെന്നതില്‍ പക്ഷാന്തരമില്ല.
പ്രവാചകന്നും അദ്ദേഹത്തിന്റെ സന്ദേശത്തിനുമെതിരെ ത്യാഗമനുഷ്ഠിച്ച പ്രതിഭകള്‍ വിശ്വാസത്തിന്റെ പരിമളം ആസ്വദിച്ച് മുമ്പേ ഗമിക്കുകയുണ്ടായി. മുഹമ്മദ് മാര്‍മഡ്യൂക്ക് പിക്താള്‍ മുതല്‍ ജെഫ്രി ലാംഗ് വരെയും, മറിയം ജമീല മുതല്‍ യുവോണ്‍ റിഡ്‌ലി വരെയുമുള്ള ആ പട്ടിക അവസാനിച്ചിട്ടില്ല. എന്നാല്‍ അസഹിഷ്ണുതയും സാമ്പത്തികമോ സാംസ്‌കാരികമോ ആയ ഔന്നത്യവും കൊതിച്ച് പ്രവാചകനെതിരെ ഭര്‍ത്സനവുമായി നടക്കുന്നവരുമുണ്ട്. അറബി സാഹിത്യകാരനായ ജോര്‍ജ് സൈദാന്‍ മുതല്‍ സല്‍മാന്‍ റുഷ്ദി വരെയുള്ളവരുടെ കൃതികളും യൂറോപ്പിലെ സമീപകാല കാര്‍ട്ടൂണ്‍ വിവാദങ്ങളും ഉയര്‍ത്തുന്നത് മനുഷ്യ വിമോചനമോ സാംസ്‌കാരിക നിര്‍മിതിയോ അല്ല; അരാജകത്വവും അപരവല്‍ക്കരണവും, വംശീയവും വര്‍ഗീയവുമായ ശിഥിലീകരണവുമാണ്. അത്തരം പ്രതിലോമകാരികളുടെ ആദര്‍ശത്തെപ്പറ്റി പഠിക്കുമ്പോഴാണ് വള്ളത്തോളും ബൂസ്വുരിയും നടത്തിയ ഇടപെടലുകള്‍ പൗരസ്ത്യ സാംസ്‌കാരിക പാരമ്പര്യത്തിലൂടെയുള്ള സഞ്ചാരം മാത്രമല്ലെന്നും, പാശ്ചാത്യ കൊളോണിയല്‍ വരേണ്യതയോടുള്ള കലഹം കൂടിയാണെന്നും കാണാന്‍ കഴിയുക.
Comments